Saturday, March 3, 2012

രവീന്ദ്രസംഗീതം: യേശുദാസ് എഴുതുന്നു

Yesudas and Raveendran


സംഗീതകോളേജില്‍ പഠിച്ചശേഷം നല്ലൊരു ഗായകനാകണമെന്ന ആഗ്രഹത്തോടെയാണ് കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മദ്രാസിലെത്തുന്നത്. അത്തരം സ്വപ്‌നങ്ങളുമായി പലരുമെത്താറുണ്ട്. അതുപോലൊരു സ്വപ്‌നവുമായാണ് ഞാനുമെത്തിയത്. സ്വന്തമായിട്ടുള്ള ആ സ്വപ്‌നങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കുമൊന്നും ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ഇവിടെ രവിയെക്കുറിച്ചാണല്ലോ പറയേണ്ടത്. ഞങ്ങള്‍ക്കു തമ്മില്‍ സാമ്യം ഏറെയുണ്ട്. ഇവിടെ എത്തിയശേഷം അവന്‍ വളരെയേറെ കഷ്ടപ്പെട്ടെന്നെനിക്കറിയാം. എനിക്കും അത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. തുടക്കത്തില്‍ മദ്രാസില്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. വാസ്തവത്തില്‍ കഷ്ടപ്പാടുകളുടെ കാര്യത്തില്‍ ഞാനും രവിയും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. സിനിമാരംഗത്ത് കഷ്ടപ്പാടുകള്‍ ഇല്ലാത്തവര്‍ ഉണ്ടായിരിക്കാം. പക്ഷേ, ബുദ്ധിമുട്ടുകള്‍ ഉള്ളവരാണ് ഏറെയും. രവി സിനിമയ്ക്ക് പാടാന്‍ ഒത്തിരി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ ആ ശ്രമങ്ങളൊന്നും ഫലപ്രദമായിട്ടില്ല.


ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. കുളത്തൂപ്പുഴ രവിയെന്നും രവീന്ദ്രന്‍മാഷെന്നുമൊക്കെ പലരും വിളിക്കുമെങ്കിലും അടുപ്പമുള്ളതിനാല്‍ ഞാന്‍ രവിയെന്നേ വിളിക്കാറുള്ളൂ. തമിഴ് സുഹൃത്തുക്കള്‍ ഞങ്ങളെ ഒന്നിച്ചുകാണുമ്പോള്‍ ചോദിക്കാറുണ്ട്: 'തമ്പിയാ?' അതായത് എന്റെ അനുജനാണോ എന്ന്. ഞങ്ങള്‍ തമ്മില്‍ എവിടെയൊക്കെയോ സാദൃശ്യമുണ്ടെന്ന് അവര്‍ കണ്ടെത്തിയിരിക്കണം. പലപ്പോഴും രവിയെ കാണുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു ഘടകമുണ്ട്. എന്റെ അനുജന്‍ ആന്റണിയുടെ ഒരുപാട് മാനറിസങ്ങള്‍ രവിക്കുണ്ടായിരുന്നു. പലരുടെയും ജന്മങ്ങള്‍ക്ക് നിരവധി ബന്ധങ്ങളുണ്ടായിരിക്കാം. ഇതൊക്കെ നാം കണക്കുകൂട്ടി നോക്കേണ്ട കാര്യങ്ങളാണ്.

ഞങ്ങള്‍ പരിചയപ്പെട്ടശേഷം രവി പലപ്പോഴും എന്നെ കാണാന്‍ വരാറുണ്ട്. പാട്ടുകള്‍ കേള്‍പ്പിക്കാറുമുണ്ട്. എന്നാല്‍ കുളത്തൂപ്പുഴ രവി എങ്ങനെ രവീന്ദ്രന്‍ ആയിത്തീര്‍ന്നു എന്നത് രസകരമാണ്. ഒരു ദിവസം അവന്‍ വന്നുപറഞ്ഞു: 'ദാസേട്ടാ, ഞാന്‍ കുറെ പാട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ദാസേട്ടന്‍ അതൊന്നു കേള്‍ക്കണം.' അന്ന് ഞാന്‍ ചെന്നൈയിലെ അഭിരാമപുരത്താണ് താമസം. രവിയുടെ കുറെ പാട്ടുകള്‍ ഞാന്‍ കേട്ടു. ആ പാട്ടുകള്‍ക്ക് എന്തോ വ്യത്യാസം ഉള്ളതായി എനിക്കു തോന്നി. പല സംഗീതസംവിധായകരും പാട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടുവന്നു കേള്‍പ്പിക്കാറുണ്ട്. പക്ഷേ, അവയൊക്കെ പരിചയമുള്ള, കേട്ട രാഗങ്ങളായിരിക്കും. അതിനാല്‍ അതൊന്നും അങ്ങനെ ഹൃദയത്തില്‍ തട്ടാറില്ല. അതു ചിലപ്പോള്‍ എന്റെ ദോഷമായിരിക്കാം, ഗുണമായിരിക്കാം. എന്നാല്‍ രവിയുടെ പാട്ടുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതൊക്കെ ഞാന്‍ മനസ്സില്‍ വെച്ചതേയുള്ളൂ, രവിയോടു പറഞ്ഞില്ല.

ഞങ്ങള്‍ ഇടയ്ക്കിടെ ഭരണി സ്റ്റുഡിയോയില്‍ കാണാറുണ്ട്. ധാരാളം മാവുകളൊക്കെ പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന സ്റ്റുഡിയോവളപ്പ് കാണുന്നതു തന്നെ സുഖമുള്ള കാര്യമാണ്. ഒരു ദിവസം വലിയ ശശിസാറിന്റെ (സംവിധായകന്‍ ശശികുമാര്‍) പടത്തിന്റെ റിക്കോര്‍ഡിങ് നടക്കുകയാണ്. അദ്ദേഹം വന്നിട്ടു പാട്ടെടുക്കണം. അങ്ങനെയൊക്കെയാണ് അന്നത്തെ നാട്ടുനടപ്പ്. അല്ലാതെ സംഗീതസംവിധായകന്‍ പാട്ടെടുത്തു കൊണ്ടുക്കൊടുക്കുന്ന പരിപാടിയൊന്നും അന്നില്ല. സംവിധായകന്‍കൂടെയിരുന്നാണ് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യുന്നത്. ചില മാറ്റങ്ങള്‍ വേണ്ടിവന്നാലോ. അതൊക്കെ സംവിധായകന്‍ തീരുമാനിക്കും. അന്നൊക്കെ സിനിമ ഒരു കൂട്ടായ്മയുടെ കലയായിരുന്നല്ലോ. ഇന്നത്തെപ്പോലെ റെഡിമെയ്ഡ് സാധനമായിരുന്നില്ല.
അന്ന് ഭരണി സ്റ്റുഡിയോയില്‍ ശശിസാറിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഞാന്‍ രവിയോടു ചോദിച്ചു. 'എടാ രവീ, നിന്റെ അച്ഛന്‍ നിനക്കിട്ട പേരെന്തായിരുന്നു?' എന്റെ അനുജന്‍ ആന്റണിയായിട്ടാണ് ഞാന്‍ അവനെ കാണുന്നത്. അതിനാല്‍ ഞാന്‍ എടാ പോടാ എന്നൊക്കെ അവനെ വിളിക്കും. രവി പറഞ്ഞു: 'അച്ഛനിട്ട പേര് രവീന്ദ്രന്‍.' ഞാന്‍ പറഞ്ഞു: 'ഈ കുളത്തിലെ പുഴേലെ രവിയെന്നു പറഞ്ഞാല്‍, കുളവും പുഴയും വെള്ളമാണ്. അതിനകത്തോട്ടു പോകുന്ന സൂര്യനെന്നു പറഞ്ഞാല്‍ ശരിയാവില്ല. നമുക്കൊരു കാര്യം ചെയ്യാം. ഇന്നുമുതല്‍ നീ രവീന്ദ്രനാണ്, രവീന്ദ്രന്‍.' അങ്ങനെ തമാശ പറഞ്ഞിരിക്കുമ്പോള്‍ അതാ, ശശിസാര്‍ കാറില്‍നിന്നിറങ്ങി വരുന്നു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: 'സാര്‍, ഞാന്‍ രവീന്ദ്രന്‍ ചെയ്ത കുറെ പാട്ടുകള്‍ കേട്ടിട്ടുണ്ട്. അതില്‍ ചിലതൊക്കെ എന്റെ മനസ്സില്‍ തട്ടിയിട്ടുണ്ട്. എന്തെങ്കിലും ഒരു ബ്രേക്ക് രവിക്ക് കിട്ടിയാല്‍ കൊള്ളാമായിരുന്നു.' അദ്ദേഹം പറഞ്ഞു: 'അതിനെന്താ, ദാസുമുണ്ടാവുമല്ലോ കൂടെ?' ഞാന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഞാനുണ്ടാവും.' അതാണ് രവീന്ദ്രന്റെ ആദ്യത്തെ ബ്രേക്ക്. ചിത്രം: ചൂള.

ജീവിതത്തില്‍ നിമിത്തമെന്നത് പ്രധാന ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ എവിടെനിന്നുണ്ടായി?
ഇത്രയും നല്ല ഗാനങ്ങള്‍ എങ്ങനെ ഉണ്ടായി? എന്തിന് രവി ജനിച്ചു? അതാണ് നിമിത്തമെന്ന് ഞാന്‍ പറയുന്നത്. എന്റെ ജീവിതത്തിലെ രണ്ടാംഘട്ടമാണ് അത്. എനിക്കു മറക്കാന്‍ പറ്റാത്ത സന്ദര്‍ഭമുണ്ട്. രവി പലപ്പോഴും പറയാറുണ്ട്, 'എനിക്കു മടുത്തു ദാസേട്ടാ. ഈ പണി മടുത്തു. ഞാന്‍ വല്ല മുറുക്കാന്‍കടയിട്ടെങ്കിലും ജീവിച്ചോളാം.' ഫ്രസ്‌ട്രേഷന്‍കൊണ്ടാണ് രവി അങ്ങനെ പറയാറുള്ളത് എന്ന് എനിക്കറിയാം. സര്‍ഗധനരായ എല്ലാ കലാകാരന്മാര്‍ക്കും ഇത്തരം ഫ്രസ്‌ട്രേഷന്‍ ഉണ്ടാകും. നല്ല എഴുത്തുകാരനാണെങ്കിലും, നല്ല പാട്ടെഴുത്തുകാരനാണെങ്കിലും, നല്ല സംഗീതസംവിധായകനാണെങ്കിലുമൊക്കെ ഫ്രസ്‌ട്രേഷനില്‍നിന്ന് രക്ഷപ്പെടാനാവില്ല. കാരണം തന്റെ സൃഷ്ടിയുടെ സ്വാതന്ത്ര്യത്തിനകത്ത് കൈകടത്തലുകള്‍ വരുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത ഒരു വേദനയുണ്ടാകും. അത് സ്വാഭാവികം. അവിടെയാണ് നമ്മുടെ ദേവരാജന്‍മാസ്റ്ററെക്കുറിച്ച് നാം ചിന്തിച്ചുപോകുന്നത്. ഒരു 'മൊരട്ടു'സ്വഭാവമാണ് ഈ മാസ്റ്ററുടേത് എന്ന് പലരും പറയാറുണ്ട്; ആണുതാനും. പക്ഷേ, ആ 'മൊരട്ടു'സ്വഭാവംകൊണ്ട് നിരവധി മഹത്തായ ഗാനങ്ങള്‍ പ്രദാനംചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട് എന്ന കാര്യം നമുക്ക് വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആരുടെയും കൈകടത്തല്‍ ഉണ്ടായിട്ടില്ല. വയലാര്‍സാറുണ്ടെങ്കിലും എഴുതിക്കൊടുക്കുകയല്ലാതെ അഭിപ്രായമൊന്നും പറയാറില്ല. താനും തന്റെ ഹാര്‍മോണിയവും ബുദ്ധിയും ജ്ഞാനവും വെച്ച് തന്റെ ചുറ്റുവട്ടത്തിലിരുന്നാണ് 'ചക്രവര്‍ത്തിനി'യും 'മാണിക്യവീണ'യും 'കായാമ്പൂ'വും 'ആയിരം പാദസര'ങ്ങളുമൊക്കെ അദ്ദേഹം വാര്‍ത്തെടുത്തത്. അവയൊക്കെ ഇന്നും നിലനില്ക്കുന്നത് ആ മഹത്തായ സപര്യയുടെ ഗുണംകൊണ്ടാണ്.

രവിക്കു വന്നപോലെയുള്ള ഒരുതരം ഫ്രസ്‌ട്രേഷന്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഏറെ വിഷമം വന്ന കാലം. ഞാന്‍ നിശ്ചയിച്ചു, ഇനി ശാസ്ത്രീയസംഗീതം മാത്രം മതി, സിനിമാപ്പാട്ട് വേണ്ട. കാരണം പലരും പിന്മാറുന്നത് ഞാന്‍ കാണുകയാണ്. എനിക്ക് നല്ല ഗാനങ്ങള്‍ തന്ന ആളുകളൊക്കെ മാറിമാറിപ്പോകുകയാണ്. ദേവരാജന്‍മാസ്റ്റര്‍ പടം ചെയ്യുന്നില്ല. രാഘവന്‍മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, അര്‍ജുനന്‍മാസ്റ്റര്‍ എന്നിവര്‍ക്കൊന്നും പടമില്ല. രവിയും ഇടയ്ക്കിടെ 'ഞാന്‍ പോണു, മുറുക്കാന്‍കടയിടും' എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങിപ്പോകും. കുറേ കഴിഞ്ഞു വീണ്ടും തിരിച്ചുവരും. ജോണ്‍സണുപോലും ആ ഫ്രസ്‌ട്രേഷന്‍ ഉണ്ടായിട്ടുണ്ട്. ഈ സമയത്താണ് എന്റെ പ്രതിഫലംപോലും വര്‍ധിച്ചതെന്ന് എനിക്കു തോന്നുന്നു. രവിയും ഞാനും തമ്മിലുള്ള ബന്ധത്തിന് ഒരു കാരണമുണ്ട്. രവി പറയും: 'ദാസേട്ടാ, ദാ ഇതങ്ങ് ഞാന്‍ ഏല്പിക്കുന്നു. ഇനി ഇത് ദാസേട്ടന്റെ കൈയിലാണ്.' ഇത്രയും പറഞ്ഞ് എന്നെ അവന്‍ ആകാശത്തോളം പറത്തും. അപ്പോള്‍ എന്റെ അതിര്‍ത്തി ആകാശമാണ്. നല്ലൊരു കമ്പാനിയനായിരുന്നു അവന്‍. ഒത്തൊരുമയുള്ള ഒരു കമ്പാനിയന് പലതും ചെയ്യാനായി. ദേവരാജന്‍മാഷ് എന്റെ ഗുരുതുല്യനാണ്. പഠിപ്പിക്കുന്ന ആള്‍ ഗുരുതന്നെയാണ്. പഠിപ്പിക്കുമ്പോള്‍ രവിയും എന്റെ ഗുരുതന്നെ. രവിയും ഞാനുമായുണ്ടായ സൗഹൃദത്തിലൂടെയാണ് മികച്ച ഗാനങ്ങള്‍ ഉണ്ടായത്. അവന്‍ ഇട്ടുതരുന്ന ഫ്രെയിമിനകത്തു നിന്നുകൊണ്ട് പലതും ചെയ്യാന്‍ ഏല്പിക്കുകയാണ്. ആ സ്‌നേഹത്തില്‍, വിശ്വാസത്തില്‍ നാമതു ചെയ്തുപോകും.

ശബ്ദങ്ങളെല്ലാം നല്ലതാണ്. പക്ഷേ, ആവര്‍ത്തനങ്ങളായാലോ? നമ്മുടെ ജ്ഞാനം വളരില്ല. അറിവു വളരില്ല. ഒരുതരം റെഡിമെയ്ഡുപോലെ. ഞാന്‍ സിനിമയില്‍നിന്ന് മാറിനില്ക്കുകയാണ്. വിരസങ്ങളായ അത്തരമൊരു സന്ദര്‍ഭത്തിലാണ് രവിയുടെ രംഗപ്രവേശം. രവി വന്നുപറഞ്ഞു:
'ദാസേട്ടാ, ഞാനൊരു പടം ചെയ്യുന്നു. ദാസേട്ടനില്ലെങ്കില്‍ ഞാന്‍ ആ പടം വേണ്ടെന്നു വെക്കും.' 'പ്രമദവനം' എന്ന പാട്ടിന്റെ തുടക്കം അതായിരുന്നു. 'ദാസേട്ടന്‍ ഒന്നു കേള്‍ക്ക്.' പിന്നെ എന്റെ എല്ലാ ചിന്തകളും അവന്‍ മാറ്റിയെടുത്തു. ഞാനും രവിയും തമ്മിലൊരു ധാരണയിലെത്തി. പാട്ടെടുക്കുന്ന സമയത്ത് റിക്കോര്‍ഡിങ് മുറിയില്‍ ആരെയും കയറ്റേണ്ടതില്ല. ഒരു സൃഷ്ടി നടക്കുമ്പോള്‍ ആരും അവിടെ ഒളിഞ്ഞുനോക്കാന്‍ പാടില്ല. അങ്ങനെയാണ് മുന്‍പു പറഞ്ഞ എന്റെ രണ്ടാമത്തെ ഘട്ടത്തിന്റെ ആവിര്‍ഭാവം. അതിന്റെ കാരണക്കാരന്‍ രവിയാണ്.

എന്റെ പ്രതിഫലം കൂട്ടിയതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായി. മലയാളത്തില്‍ ആദ്യം പ്രതിഫലം വളരെ കുറവായിരുന്നു. തമിഴിലും ഹിന്ദിയിലുമൊക്കെ കൂടുതല്‍ തരുമ്പോഴും ഞാന്‍ മലയാളത്തില്‍ കുറച്ചേ വാങ്ങിയിരുന്നുള്ളൂ. അങ്ങനെ പാടേണ്ടതില്ല എന്നു പറഞ്ഞത് രവിയായിരുന്നു. ഞാനും കരുതി, അവന്‍ പറയുന്നത് ശരിയാണെന്ന്. ഒരു പാട്ടിനു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നുണ്ട്. നമുക്കും ഒരു സ്റ്റാന്‍ഡേര്‍ഡ് വേണമല്ലോ. അങ്ങനെയാണ് എന്റെ പ്രതിഫലം കൂട്ടിയത്. ആ തിരുമാനത്തിനു കാരണക്കാരന്‍ രവിതന്നെയാണ്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ബന്ധമായിരുന്നു, വിശ്വാസമായിരുന്നു. ആ ബന്ധത്തിലൂടെ ഉണ്ടായ എത്രയെത്ര ഗാനങ്ങള്‍! ഞങ്ങളുടെ പാട്ടുകളെക്കുറിച്ച് ശ്രോതാക്കളോടു പറയേണ്ടതില്ല.

വര്‍ക്കിനിടയില്‍ അവന്‍ ഇടയ്ക്കിടെ പുറത്തു പോകും. ഞാന്‍ പറയും, 'നീയെന്തിനാണ് പുറത്തു പോകുന്നതെന്ന് എനിക്കറിയാം.' പുകവലിയുടെ കാര്യമാണ് ഞാന്‍ പറഞ്ഞതെന്ന് അവനറിയാം. പിന്നെ കുറേനേരം എന്റെ അടുത്തു വരില്ല. ജ്യേഷ്ഠാനുജബന്ധത്തിന്റെ പേരിലാണ് ഞാനീ പറയുന്നതെന്ന് അവനുമറിയാം. അതൊക്കെ മറ്റുള്ളവര്‍ക്കും ഒരു പാഠമാണ്. നാം എപ്പോള്‍ ജനിക്കുമെന്നോ എന്നു മരിക്കുമെന്നോ അറിയില്ല. പക്ഷേ, ഒരിക്കല്‍ മരിക്കുമെന്നറിയാം. എന്നാല്‍ മരിക്കാന്‍ വേണ്ടി ജീവിക്കുന്നത് ശരിയാണോ? നമ്മുടെ ക്രമക്കേടുകള്‍കൊണ്ടുണ്ടാകുന്ന ആയുസ്സുകുറവില്‍ ഞാന്‍ ദുഃഖിക്കുന്നു. ഇത്രയും സവിശേഷമായ ബന്ധങ്ങള്‍ ഉള്ളപ്പോള്‍ അവന്‍ പെട്ടെന്നിങ്ങനെ പോയി എന്നത് എനിക്കിപ്പോഴും ഉള്‍ക്കൊള്ളുവാനാകുന്നില്ല.

മലയാളസിനിമയില്‍ മഹാന്മാരായ പല സംഗീതസംവിധായകരും വന്നുപോയി. എങ്കിലും രവി സ്വന്തം വ്യക്തിത്വം എടുത്തുകാട്ടിയ സംഗീതസംവിധായകനായിരുന്നു. മലയാളിയുണ്ടെങ്കില്‍ രവി എന്നും അവരുടെ ഹൃദയത്തിലുണ്ടാകും. അതാണ് അവന്റെ സംഗീതത്തിന്റെ മുഖമുദ്ര. രവിക്ക് വളരെയധികം സൗഹൃദങ്ങളുണ്ടായിരുന്നു. ഞാനാകട്ടെ, എപ്പോഴും ഒതുങ്ങുന്ന സ്വഭാവക്കാരനാണ്. എല്ലാവരെയും ദൂരെ നിന്നു കണ്ടു സന്തോഷിക്കുന്ന പ്രകൃതക്കാരന്‍. രവി നേരേമറിച്ചായിരുന്നു. സുഹൃത്തുക്കളെ കണ്ടാല്‍ തമാശയും ബഹളവുമൊക്കെയായി മുന്നേറും.

രവിയെ സംബന്ധിച്ച് ഭാര്യ ശോഭ ഒരു പ്രധാന ഘടകമായിരുന്നു. ഭദ്രമായ കുടുംബം. അടുക്കളയില്‍ കയറി രവി സ്വയം പാചകം ചെയ്യുന്നതിനെപ്പറ്റി ശോഭ മുന്‍പൊക്കെ പറയുമായിരുന്നു. അവിടെയും സ്വന്തം ഇഷ്ടങ്ങളും രുചികളുമാണ് അവനു പ്രിയം. രവിയുടെ മൂന്നു മക്കളും സംഗീതത്തില്‍ ഏറെ ഡെഡിക്കേഷന്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. അവര്‍ക്കും ഉയര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാണ്. രവിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തി ഇത്തരത്തിലൊരു പുസ്തകം തയ്യാറാക്കാന്‍ ശോഭ മുന്നോട്ടു വന്നത് നല്ല കാര്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എനിക്കിതു വായിക്കാന്‍ സമയം കിട്ടിയിട്ടില്ല. എങ്കിലും രവിയുടെ സിനിമാസംഗീതത്തിനും ജീവിതത്തിനുമായിരിക്കും ഇതില്‍ കൂടുതല്‍ പ്രാധാന്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സംഗീതമില്ലാത്ത രവീന്ദ്രനെ നമുക്കു സങ്കല്പിക്കാനാവില്ല. ഈ പുസ്തകം വായിക്കുമ്പോള്‍ പുതിയൊരു സംഗീതസംവിധായകനെ ആയിരിക്കും വായനക്കാര്‍ കണ്ടെത്തുക എന്നെനിക്കറിയാം. അതുതന്നെയാണ് ശോഭയുടെ രചനയുടെ വിജയമെന്നും ഞാന്‍ വിശ്വസിക്കുന്നു.

(രവീന്ദ്രസംഗീതം: കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

No comments: