
ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളുടെ പുത്തന്‍ പറുദീസയായി മാറിയിരിയ്ക്കുന്നു . . . . . . . .
ഒരു ഒഴിവു ദിനം ചിലവിടുന്നതിനായി രാമക്കല്‍മേടില്‍ എത്തിയപ്പോള്‍ ആദ്യം വരവേറ്റത് ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന വന്‍ കാറ്റാടികളായിരുന്നു. കേരളത്തിന്റെ പുത്തന്‍ ഊര്‍ജ്ജ സ്രോതസ്. . .
രാമക്കല്‍മേടിന്റെ സൗന്ദര്യത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്ന കൊച്ചു കാട്ടു പാതയും അതിമനോഹരമായിരുന്നു. ഇല്ലി കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു കൊച്ചു പാത. പാതയുടെ അരികില്‍ വിവിധ നിറങ്ങളിലുളള കൊങ്ങിണി ചെടികള്‍ പൂത്തു നില്‍ക്കുന്നുണ്ടായിരുന്നു. മലമുകളിലേയ്ക്കുളള യാത്ര തടസ്സെപ്പെടുത്തുവാന്‍ ശക്തിയായ കാറ്റ് ശ്രമിച്ചു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ചുവടുകള്‍ പിന്നോട്ടാണു വെയ്ക്കുന്നതെന്ന് തോന്നി..

പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മലയുടെ ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ ലോകത്തിന്റെ തന്നെ നെറുകയിലാണ് നില്ക്കുന്നതെന്ന് തോന്നി. താഴെ അങ്ങു ദൂരെയായി കാണപ്പെട്ട തമിഴ് നാടന്‍ ഗ്രാമങ്ങളുടെ ദൃശ്യം പ്രകൃതി തന്റെ കാന്‍വാസില്‍ ഒരുക്കിയിരിയ്ക്കുന്ന മനോഹര ചിത്രം. കൊച്ചു വളപ്പൊട്ടുകള്‍ വാരി വിതറിയിരിയ്ക്കുന്നതുപോലെ തമിഴ്‌നാടന്‍ പട്ടണങ്ങള്‍. കറുത്ത നേര്‍വരകളായ് റോഡുകള്‍ . അതിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍. കമ്പവും തേനിയും കോമ്പയും തേവാരവുമൊക്കെ നിശബ്ദമായ് രാമക്കല്‍മേടിന്റെ മനോഹാരിത നോക്കി നില്ക്കുകയാണ്.
മണ്ണില്‍ വരച്ചു ചേര്‍ത്തതു പോലെ ഒരുക്കിയിരിയ്ക്കുന്ന കൃഷിയിടങ്ങള്‍. മുന്തിരിയും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും ഒക്കെ കേരളത്തിനായ് ഒരുങ്ങുകയാണെന്ന് ആരോ പറഞ്ഞു. ഒപ്പം തെങ്ങിന്‍ തോപ്പുകളും പുളിമരക്കൂട്ടങ്ങളും. മനുഷ്യന്‍ കൊത്തി ഇളക്കി കൃഷിയ്ക്കായ് ഒരുക്കിയിരിയ്ക്കുന്ന മണ്ണിന് ഇത്രയും മനോഹാരിത ഉണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. . . .
പാറക്കെട്ടുകള്‍ ഏതോ പേരറിയാത്ത ശില്പ്പി ശ്രദ്ധാ പൂര്‍വ്വം ചേര്‍ത്തു വെച്ച ശില്പ്പം പോലെ. ഒന്നിനുമുകളില്‍ മറ്റൊന്ന്. അതിനു മുകളില്‍ ഒന്നിലധികം. . അങ്ങനെ. . .തമ്മില്‍ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് അവയുടെ ഇരുപ്പ്. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നപോലെ. മലമുകളിലേയ്ക്ക് സാഹസികമായ് കയറാന്‍ ശ്രമിക്കുന്നവര്‍ ഇവയെങ്ങാനും ഒന്നു തെന്നി പോയാലോ എന്ന് ചിന്തിയ്ക്കാതിരിയ്ക്കില്ല. ഒന്ന് ഉത്‌സാഹിച്ചു തളളിയാല്‍ അവ താഴെ പോകും എന്ന് നമുക്ക് തോന്നും, തീര്‍ച്ച. കിഴക്കാംതൂക്കായ് കിടക്കുന്ന വലിയ പാറയില്‍ പലയിടങ്ങളിലായ് വന്‍ തേനീച്ച കൂടുകള്‍ തൂങ്ങി കിടക്കുന്നു. ഏതോ നാട്ടുകാരന്‍ തന്റെ അറിവ് പങ്കുവെച്ചു, ചിലസമയങ്ങളില്‍ തേന്‍ എടുക്കുവാന്‍ ആദിവാസികള്‍ എത്താറുണ്ടത്രെ. അതെന്തായാലും പൂര്‍ണ്ണമായ് ഉള്‍ക്കൊളളുവാന്‍ മനസനുവദിച്ചില്ല. എങ്കിലും മനസില്‍ അറിയാത്ത സാഹസികര്‍ക്കായ് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.. . .
പാറക്കൂട്ടങ്ങളിലും പുല്‍മേടുകളിലുമൊക്കെയായ് കുറെ സഞ്ചാരികള്‍ രാമക്കല്‍മേടിന്റെ സൗന്ദര്യം ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പാറക്കൂട്ടങ്ങള്‍ മിക്കവയും യുവജനത കൈയടക്കിയിരുന്നു. ചിലരൊക്കെ അതിസാഹസികമായ് പാറകള്‍ക്കിടയിലൂടെ നടക്കുന്നു.

രാമക്കല്‍മേടിന്റെ പേരിലുമുണ്ട് പ്രത്യേകത, രാവണന്‍ സീതാദേവിയെ അപഹരിച്ചു കൊണ്ടു പോയപ്പോള്‍ ശ്രീരാമന്‍ ഈ മലമുകളി ല്‍ നിന്ന് ലങ്കയെ നോക്കി എന്നാണ് വിശ്വാസം. അങ്ങനെ ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞ സ്ഥലം രാമക്കല്‍മേട് ആയി.

വലിയ കാര്യമായല്ലെങ്കിലും ഇപ്പോഴും പാത ഉപയോഗിക്കുന്നുണ്ടെന്ന് തോന്നി. കുറെ കഴിഞ്ഞപ്പോള്‍ യാത്രയുടെ വേഗത കൂട്ടേണ്ടി വന്നു. കാരണം കല്ലുകള്‍ പാകിയ പാത വളരെ മിനുസമുളളതായിരുന്നു. ഒപ്പം വന്‍ ഇറക്കവും. ചിലപ്പോഴൊക്കെ പുതിയ പാത ഉണ്ടാക്കിയായിരുന്നു യാത്ര. അടിവാരത്തെത്തിയപ്പോഴേയ്ക്കും യാത്ര അമിത വേഗത്തിലായി. കാരണം നടക്കാന്‍ പറ്റുന്ന ഒരവസാഥയിലായിരുന്നില്ല വഴി. അല്ല വഴി എന്നെ നടക്കാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാണ് ശരി. . .


Travel Tips…
രാമക്കല്‍മേട്ടിലേയ്ക്ക് കുടുംബവുമൊത്തൊരു യാത്രയാണുദേശിക്കുന്നതെങ്കില്‍ കഴിവതും സന്ധ്യയ്ക്കു മുന്‍പ് തിരികെ പോരാന്‍ ശ്രമിയ്ക്കുക, കാരണം രാമക്കല്‍മേട്ടില്‍ ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍മറോ ഗാര്‍ഡോ ഇല്ല. അതുപോലെ മദ്യം യാതൊരു തടസവുമില്ലാതെ ലഭ്യമാണെന്നത് ഈ പ്രദേശത്തിന്റെ വലിയ പോരായ്മയാണ്. മദ്യപാനികളുടെ സംഘങ്ങളെ തന്നെ ഇവിടെ കാണാം. കുപ്പിച്ചില്ലുകള്‍ എവിടെയും പ്രതീക്ഷിയ്ക്കാം.
പരമ്പരാഗത വസ്ത്രമായ മുണ്ട്., ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ എന്നിവ ഒഴിവാക്കുക.
ശരാശരി കാറ്റിന്റെ വേഗത : 30km/hr
How to Reach:
Nearest railway station: Kottayam (135km)
Nearest airport Madurai (145km) and Cochin (185km)
Distance chart(aprox):
Nedumkandam to Ramakkalmedu 13km
Kattappana to Ramakkalmedu 20km
Thekkady to Ramakkalmedu 40km
Munnar to Ramakkalmedu 70km
Ernakulam to Ramakkalmedu 150km
Location:
Ramakkalmedu is located in idukki district near to Nedumkandam and can be reached from Thekkady- munnar road.
കടപ്പാട്: പ്രിന്‍സ് ജെയിംസ്
No comments:
Post a Comment