Tuesday, August 28, 2012

കത്തുകളെക്കുറിച്ച് ഒരോര്‍മ്മ


ഇ- മെയിലിന്റെ, സെല്‍ഫോണിന്റെ കാലത്ത്
കത്തുകളെക്കുറിച്ച് ഒരോര്‍മ്മ. ലേഖ എഴുതുന്നു
Remembrance about Post

കത്തുകളുടേതായിരുന്നു ആ കാലം. ഒരു പോസ്ററ്മാന്‍ ചുമലിലെ സഞ്ചി നിറയെയും പിന്നെ ഇടം കയ്യിലും കത്തുകളുമായി നടന്നു വരുന്ന ഒരു ചിത്രം മങ്ങാതെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.എനിക്കന്ന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഞങ്ങളുടെ പോസ്ററ്മാനായിരുന്നു.വഴിയരികില്‍ വന്നു നിന്ന് ‘മോളേ നിനക്കൊരു കത്തുണ്ട്’ എന്നു വിളിച്ച് ഒരു കത്ത് തരുമ്പോള്‍, ശ്ശൊ,ഒരു കത്തേയുള്ളൂ എന്നു സങ്കടം തോന്നിയിട്ടുണ്ട്…
സ്കൂള്‍കാലത്തെ മധ്യവേനലവധിക്കാലങ്ങളിലാണെന്നു തോന്നുന്നു ആദ്യം കത്തുകളെഴുതി തുടങ്ങിയത്. മാര്‍ച്ച് മുപ്പതിനു സ്കൂളടച്ചു കഴിഞ്ഞാല്‍ അരമണിക്കൂര്‍ നടന്നെത്താവുന്ന ദൂരത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഏപ്രില്‍ ഒന്നിനു തന്നെ കത്തെഴുതുമായിരുന്നു ഞാന്‍. മീനത്തിലേയും മേടത്തിലേയും ഉച്ചവെയിലില്‍ കണ്ണിമ വെട്ടാതെ കാത്തിരുന്നിട്ടുള്ളത് പോസ്ററ്മാനെയാണു.അയാള്‍ വരാതെ പോകുന്ന ദിവസങ്ങളിലെ നിരാശയെ വരച്ചിടാന്‍ വാക്കുകളില്ല തന്നെ
എത്ര കത്തു കിട്ടിയാലും വായിച്ചാലും എനിക്കു മതി വരില്ലായിരുന്നു.എത്ര കത്തുകളെഴുതിയിട്ടുണ്ടെന്ന് ഓര്‍മ്മയില്ല. ഇന്‍ലന്‍ഡിനു അടിക്കടി വില കൂട്ടുമ്പോള്‍ ഈ സര്‍ക്കാര്‍ ഇന്‍ലന്‍ഡിനു വിലകൂട്ടുന്നത് ലേഖേ നീ കാരണമാണെന്ന് ഒരു സുഹൃത്ത് കളിയാക്കിയിട്ടുണ്ട്. അലക്സാണ്ടറുടെ പടയോട്ടങ്ങളേക്കുറിച്ചും അശോകന്റെ തോല്‍വിയേക്കുറിച്ചും ഗൌതമബുദ്ധന്റെ ഒളിച്ചോട്ടത്തെക്കുറിച്ചും അധ്യാപകര്‍ ക്ളാസ്സെടുക്കുമ്പോള്‍ ഞാന്‍ ജനാലക്കരികിലെ പിന്‍ബഞ്ചിലിരുന്ന് കൂട്ടുകാര്‍ക്ക് കത്തുകളെഴുതി.
അല്ലെങ്കില്‍ വായിച്ച് മതിവരാത്ത കത്തുകള്‍ പുസ്തകത്തിലൊളിപ്പിച്ച് പിന്നെയും വായിച്ചു.എഴുത്തിനോടുള്ള ഇഷ്ടമെല്ലാം കത്തുകളെഴുതി തീര്‍ത്തു.മഴയെക്കുറിച്ച്,നിലാവിനെക്കുറിച്ച്, രാത്രി സ്വപ്നങ്ങളെക്കുറിച്ച്, ക്ലാസ്മുറിയുടെ ജനാലയിലൂടെ കാണുന്ന ഒരു കീറ് ആകാശത്തെക്കുറിച്ച് …അങ്ങനെ എന്റെ എല്ലാ പൈങ്കിളിത്തരങ്ങളും ഞാന്‍ കത്തുകളില്‍ എഴുതി നിറച്ചു.എന്റെ കത്ത്കുത്തുകള്‍ക്കിരയായ രക്തസാക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അന്ന് ചരിത്രത്തിന്റെ നോട്സ് എഴുതുന്നതിലും കൂടുതല്‍ എഴുതിയിട്ടുണ്ട്; കത്തുകള്‍. നിനക്കു സുഖമാണോ ലേഖേ എന്ന് സ്നേഹത്തിന്റെ വിരല്‍ നീട്ടി തൊട്ടവര്‍. സ്കൂളില്‍ ഒപ്പം പഠിച്ച് പിരിഞ്ഞു പോയവര്‍. കൌമാരത്തിന്റെ കൌതുകങ്ങളും വേവലാതികളും സ്വപ്നങ്ങളും പങ്കുവച്ച കത്തുകള്‍.
എത്ര ഉട്ടോപ്പിയകള്‍ ഒരു കത്തില്‍!
ഈയടുത്ത് ഒരുപാടു നാളുകള്‍ക്കു ശേഷം വിളിച്ച ഒരു സുഹൃത്ത് പറഞ്ഞു-അവധിക്ക് നാട്ടിലെത്തി പഴയ വാരികകളും പുസ്തകങ്ങളും മറ്റും പൊടിതട്ടിയെടുക്കുമ്പോള്‍ ഒരു മാതൃഭൂമിക്കുള്ളിലിരുന്നു എന്റെ കത്തു കിട്ടിയെന്ന്. ആ കത്ത് അയാള്‍ ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു. അയ്യേ എനിക്കു നാണം തോന്നി. എന്തു മാത്രം ഉട്ടോപ്പിയകള്‍, ആ ഒരൊറ്റ കത്തില്‍…!
ലോകത്തെ ആകെ കീഴ്മേല്‍ മറിക്കാന്‍ എനിക്ക് കഴിയും എന്നൊക്കെ ആയിരുന്നു എന്റെ ധാരണകള്‍.നീയിപ്പോഴും ഇങ്ങനൊക്കെയാണോ ലേഖേ എന്നു ആ സുഹൃത്ത് ചോദിച്ചപ്പോള്‍ എനിക്കെന്നോടു തന്നെ പാവം തോന്നി..ഞാനിപ്പോള്‍ അമ്മയാണു.അമ്മമാരോളം പാവങ്ങള്‍ ആരുണ്ട് ഈ ലോകത്ത്!
ആണ്‍പേരിലെ ഞാന്‍
അനിത എന്ന കൂട്ടുകാരി പറഞ്ഞിട്ടുണ്ട്, പഴയ കത്തുകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും നമുക്ക് അന്നെത്ര ജാഡയായിരുന്നെന്ന്…അനിതയും ഞാനും തമ്മില്‍ അയച്ച കത്തുകള്‍ക്ക് കണക്കില്ല.അവള്‍ തിരുവനന്തപുരത്ത് ഹോസ്ററലിലായിരുന്നു.ഇടതടവില്ലാതെ ചെല്ലുന്ന എന്റെ കത്തുകളേക്കുറിച്ച് വേവലാതിയായിരുന്നു അവളുടെ മേട്രന്. ലേഖ എന്നത് കള്ളപ്പേരില്‍ എഴുതുന്നത് ആണ്‍കുട്ടിയാണെന്നായിരുന്നു അവരുടെ ശങ്ക.
അവരെ പ്രകോപിപ്പിക്കാനായി ഞാന്‍ അവള്‍ക്ക് പിന്നെയും നിരന്തരം കത്തുകളെഴുതി. ഒരു ഇന്‍ലന്‍ഡിലെ ഒളിഞ്ഞുനോക്കാന്‍ പറ്റുന്നിടത്ത് എന്ന് നിന്റെ സ്വന്തം ലേ എന്നു മാത്രം എഴുതി . അന്നൊക്കെ വായിച്ചശേഷം കത്തുകള്‍ തരം തിരിച്ച് മാറ്റി സൂക്ഷിച്ചു വക്കുമായിരുന്നു. അനിതയുടെ, ബേനസീറിന്റെ, മോനിഷയുടെ, പ്രദീപിന്റെ, ആന്റണിയുടെ, അംബിയുടെ…ഇപ്പോഴും ഉണ്ടാകും ഇരട്ടവാലന്‍ തിന്ന പഴകിയ മണമുള്ള ആ കത്തുകള്‍ പുസ്തകക്കൂട്ടങ്ങള്‍ക്കിടയിലെവിടെയെങ്കിലും..
ഏറ്റവുമൊടുവില്‍ കത്തെഴുതിയത് സെറീനക്കാണ് .കുറേക്കാലം കൂടി പേനപിടിച്ച് എഴുതിയതും അവള്‍ക്കു വേണ്ടിയാണ്. എന്തൊക്കെ മണ്ടത്തരങ്ങള്‍ എഴുതി നിറച്ചെന്നോര്‍മ്മയില്ല. പക്ഷേ എനിക്കുറപ്പുണ്ട്, ഒരു മെയിലിനും ചാറ്റിനും തരാന്‍ പറ്റാത്തൊരു ഊഷ്മളത നല്‍കാന്‍ ഒരു കത്തിനാകും.
Remembrance about Post

പകല്‍ക്കിനാവ് കൊണ്ട് ഒരു ജീവിതം
അന്ന് ജീവിച്ചിരുന്നത് പകല്‍ക്കിനാവുകളിലായിരുന്നു.പരീക്ഷകളുടെ റിസല്‍ട്ടോ പ്രിയപ്പെട്ടവരുടെ മരണമോ മാത്രം യാഥാര്‍ഥ്യത്തിന്റെ കൊടും വെയിലിലേക്ക് വലിച്ചിറക്കും.ഇടക്കിടെ ഇതൊക്കെ കൂടിയാണു ജീവിതമെന്ന് ഓര്‍മ്മിപ്പിക്കാന്‍ പോലും പക്ഷേ അവയ്ക്കൊന്നുമായില്ല.ഏതു നേരവും സ്വപ്നങ്ങള്‍ കണ്ടു നടന്നു. കൂടെയില്ലാത്ത കൂട്ടുകാരോട് വാതോരാതെ വര്‍ത്തമാനം പറഞ്ഞു.
വീടിനു പിന്നിലെ കുന്നിന്‍ ചരിവില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപരാഹ്നങ്ങളുടെ ആ ഏകാന്ത സാമ്രാജ്യത്തില്‍ അപശ്രുതിയില്‍ പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും ഞാനെന്റെ കൌമാരം ആഘോഷിച്ചു.കൌമാരത്തില്‍ നിന്നും വളരാന്‍ മടിയായിരുന്നു.ഇപ്പോഴും അതേ..ഒരു ചെറിയ പെണ്‍കുട്ടിയുടെ പ്രസരിപ്പോടെ പറന്നു നടക്കാന്‍ തന്നെയാണിപ്പോഴുമിഷ്ടം.
വഴിയരികിലെ മഞ്ഞും മഴയും വെയിലും കൊണ്ട് നിറം മങ്ങി തുരുമ്പെടുത്ത തപാല്‍പെട്ടികള്‍ കാണുമ്പോള്‍ സങ്കടം തോന്നും. ഇപ്പോള്‍ വീടിനപ്പുറത്തെ വഴിയിലൂടെ പോകുന്ന പോസ്ററ്മാന്റെ ചുമലില്‍ ഭാരമുള്ള തോള്‍ സഞ്ചിയില്ല..വിരലിലെണ്ണാവുന്ന കത്തുകള്‍ സൈക്കിളിന്റെ കാരിയറില്‍ വച്ചിട്ടുണ്ടാകും.ഞാനിപ്പോള്‍ അയാളെ കാത്തിരിക്കാറേ ഇല്ല. എനിക്കാരുമെഴുതാറില്ല എന്നതുകൊണ്ട് തന്നെ. പ്രണയവും വിരഹവും പരിഭവവും തുടിക്കുന്ന കത്തുകള്‍ ചുമന്നു നടക്കാന്‍ ഇന്ന് പോസ്റ്മാന്റെ ആവശ്യമില്ല. കമ്പോസ് മെയില്‍ ക്ലിക്ക് ചെയ്ത് മെയില്‍ ഐഡി തെരഞ്ഞെടുത്ത് ടൈപ്പ് ചെയ്തയക്കാം എല്ലാം.ഒരു ക്ലിക്ക് വേഗത്തില്‍ പൂവിടുകയും കൊഴിഞ്ഞു പോവുകയും ചെയ്യുന്ന സൌഹൃദങ്ങള്‍. ഒരു ചാറ്റ് വിന്‍ഡോ അടക്കുന്നതിനൊപ്പം മറവിയിലാണ്ടു പോകുന്ന ചില സൌഹൃദങ്ങള്‍.
ആരാണിനി ഒരു കത്തയക്കുക?



1 comment:

Salim said...

Liked it 👌🏻