Saturday, October 20, 2012

മറയൂര്‍ മലമുകളിലൂടെ...



Marayoor, Idukki, Kerala
ആനയും പോത്തും അട്ടയുമുള്ള കാടകങ്ങളിലൂടെയും പച്ചക്കറിപ്പാടങ്ങളിലൂടെയും മൂന്നുദിവസം നടന്നാല്‍ മാത്രമേ മറയൂരില്‍ നിന്നും കൊടൈക്കനനാലിലെത്തുകയുള്ളു. യാത്രയ്ക്കിടെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളുണ്ടെങ്കിലും താമസസൗകര്യം കിട്ടില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ചായപ്പീടികയിലോ കാവല്‍മാടത്തിലോ വേണം രാത്രി ചെലവഴിക്കാന്‍. എന്നാല്‍ തുളച്ചുകയറുന്ന ശൈത്യത്തില്‍ ഇങ്ങനെ കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടേണ്ടി വരും. മാത്രവുമല്ല മലമുകളില്‍ ശീതകാലം തീവ്രമായിക്കഴിഞ്ഞതിനനാല്‍ യാത്രയ്ക്ക് അനുയോജ്യമായ സമയമല്ലെന്ന് പലരും സൂചിപ്പിക്കുകയും ചെയ്തു. പക്ഷെ പരിഭ്രമം തോന്നിയില്ല. കാരണം ഈ കാട്ടുവഴികള്‍ മുന്‍പേ പരിചിതമാണ്. ആദിവാസികളും ഗ്രാമീണരും കഞ്ചാവ് തോട്ടത്തിലെ പണിക്കാരും സഞ്ചരിക്കുന്ന ഈ നടപ്പാതകളിലൂടെ നാലഞ്ചുതവണ വന്നുപോയിട്ടുണ്ട്.
മറയൂരിലെ വാടകമുറിയില്‍ നിന്നും പുലര്‍ച്ചെ തന്നെ കാല്‍നടയാത്രയ്ക്ക് തയ്യാറെടുത്ത് പുറത്തിറങ്ങി. കൊച്ചിയുടെ നഗരാരവങ്ങളില്‍ നിന്നും രണ്ടുദിവസം മുന്‍പാണ് കേരളത്തിന്റെ മഴനിഴല്‍ താഴ്‌വരയായ മറയൂരിലെത്തിയത്. ചന്ദനക്കാടിന്റെ ഗന്ധമറിഞ്ഞ് സമീപത്തെ മലനിരകളിലൂടെയും വെള്ളക്കാട്ടുപോത്തുകളെ കാണാന്‍ കൊതിച്ച് ചിന്നാര്‍ വനന്യജീവിസങ്കേതത്തിലൂടെയും കുറെ അലഞ്ഞു. മലഞ്ചെരിവിലൂടെയുള്ള നടപ്പാതകളിലേക്ക് കയറുംമുന്‍പ് ഒരു ദിവസം മറയൂരില്‍ തങ്ങണമെന്നേ കരുതിയുള്ളു. പക്ഷെ നിനച്ചിരിക്കാതെ വൈകുന്നേരമായപ്പോഴേക്കും താഴ്‌വരയ്ക്കുമീതെ മഴ വീണു. ചുറ്റുപാടുമുള്ള പര്‍വ്വതങ്ങളില്‍ നിന്നും കുതിച്ചെത്തിയ മലവെള്ളം പാമ്പാറിലൂടെ ഒഴുകി. കാലാവസ്ഥ മോശമാവുമോയെന്ന ആശങ്ക മൂലം ഒരുദിവസം കൂടി തങ്ങിയിട്ടാവാം യാത്രയെന്നു കരുതി.
Marayoor, Idukki, Keralaതമിഴ്‌നാടന്‍ കാലാവസ്ഥയാണ് മറയൂരില്‍ നിലനില്‍ക്കുന്നത്. കേരളത്തിന്റെ മറ്റെല്ലാ ഭാഗത്തും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ താഴ്‌വര മഴമേഘങ്ങളുടെ നിഴലിലമര്‍ന്നുകിടക്കും. ഇക്കാലത്ത് നേര്‍ത്ത മഴത്തൂവല്‍ മാത്രമുള്ള താഴ്‌വരയില്‍ ശീതക്കാറ്റ് ആഞ്ഞുവീശിക്കൊണ്ടേയിരിക്കുന്നു. രണ്ടുമാസത്തോളം ഇത് തുടരും. ഈ ഭൂപ്രദേശം പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ സ്ഥിതിചെയ്യുന്നുവെന്നതാണ് ഇതിനുകാരണം. തമിഴ്‌നാട്ടില്‍ മഴ തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷകാലത്ത് മറയൂരിന് മീതേയും കാര്‍മേഘങ്ങളെത്തി ശക്തമായി പെയ്‌തൊഴിയുന്നു. ഉദയത്തിന് മുന്‍പേ കാന്തല്ലൂരിലേക്കുള്ള വീതികുറഞ്ഞ ടാര്‍റോഡിലിറങ്ങി നടന്നു. വഴിയുടെ ഇരുവശങ്ങളിലും കരിമ്പുപാടങ്ങളാണ്. ചില തോട്ടങ്ങളില്‍ വളരെ നേരത്തെ തന്നെ പണിക്കാരെത്തിക്കഴിഞ്ഞിരിക്കുന്നു. പാടത്തുണ്ടാക്കിയിട്ടുള്ള താല്‍ക്കാലിക ഷെഡ്ഡുകളില്‍നനിന്നും ശര്‍ക്കരപ്പാവിന്റെ ഗന്ധം. തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരാണ് പലപ്പോഴും ഇവിടുത്തെ തോട്ടങ്ങളില്‍ ശര്‍ക്കരയുണ്ടാക്കുന്നത്. താഴ്‌വര മുറിച്ചുകടന്ന് കാന്തല്ലൂരിലേക്കുളള മലയടിവാരത്തെത്തി. ഇനിയങ്ങോട്ട് കയറ്റമാണ്. വളഞ്ഞും തിരിഞ്ഞും പാറ വെട്ടിയുണ്ടാക്കിയ റോഡിലൂടെ മുകളിലേക്ക് കയറി. ശിലായുഗകാലത്ത് ഇവിടെ ജീവിച്ചിരുന്ന പ്രാചീന ജനത തെറ്റുകാരായി കണ്ടെത്തുന്നവരെ ഈ പാറക്കെട്ടിലൂടെ താഴെയുള്ള കാട്ടിലേക്ക് ഉരുട്ടിവിട്ടിരുന്നതായി എവിടെയോ വായിച്ചതോര്‍മ്മ വന്നു. മുകളിലേക്ക് കയറുംതോറും തൊട്ടുപിന്നിലുള്ള താഴ്‌വര കൂടുതല്‍ വിശാലമായിക്കൊണ്ടിരുന്നു. കുറച്ചുദൂരം കൂടി മാത്രമേ വഴിപ്പുറങ്ങളില്‍ കരിമ്പുപാടങ്ങള്‍ കാണാന്‍ സാധിച്ചുള്ളു. അതുകഴിഞ്ഞപ്പോഴേക്കും പഴച്ചെടികള്‍ കണ്ടുതുടങ്ങി. പ്ലംസ്, പിച്ചീസ്, മരത്തക്കാളി, മെക്‌സിക്കന്‍ പാഷന്‍ഫ്രൂട്ട് തുടങ്ങിയവയെല്ലാം പഴുത്തുപാകമായി കിടക്കുന്നു. തണുപ്പിന് കട്ടി കൂടിക്കൂടി വരികയാണ്. അന്തരീക്ഷത്തിലെ വ്യതിയാനനത്തിനൊപ്പമാണ് കൃഷിരീതികളിലും മാറ്റമുണ്ടായിരിക്കുന്നത്. വീണ്ടും കുറച്ചുകൂടി മുന്നോട്ടുചെന്നതോടെ പച്ചക്കറിപ്പാടങ്ങള്‍ കണ്ടുതുടങ്ങി. മറയൂരില്‍നിന്നും യാത്രതിരിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കാന്തല്ലൂരിലെത്തി. പഴത്തോട്ടങ്ങളുടെ നാടാണ് കാന്തല്ലൂര്‍. സമീപത്തെ മലഞ്ചെരിവുകളില്‍ ആപ്പിള്‍, ഓറഞ്ച്, ഷെറിമോയ, സബര്‍ജെല്ലി, കിവി ഫ്രൂട്ട്, സ്‌ട്രോബറി, രാജപുളി തുടങ്ങിയവയെല്ലാം നട്ടുവളര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിലേറെയും വാണിജ്യാടിസ്ഥാനനത്തില്‍ കൃഷി ചെയ്യുന്നവയല്ല. ഗ്രാമീണരുടെ ഉപയോഗത്തിനുശേഷം ബാക്കിയുള്ളത് ടൂറിസ്റ്റുകള്‍ക്കും കച്ചവടക്കാര്‍ക്കും വില്‍ക്കുന്നുവെന്ന് മാത്രം. വഴിയോരത്തുകണ്ട കടയില്‍ക്കയറി കുറച്ച് പാഷന്‍ഫ്രൂട്ടും പ്ലംസും മരത്തക്കാളിയും വാങ്ങി തോള്‍സഞ്ചിയിലിട്ടു. ഇനി കുറെ ദൂരം കൂടിക്കഴിഞ്ഞാല്‍ യാത്ര കാട്ടിലൂടെയാണ്. കഴിക്കാനൊന്നും കിട്ടില്ല. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ പുത്തൂര്‍ എന്ന ഗ്രാമമായി. ഗ്രാമമാലിന്യങ്ങള്‍ നിറഞ്ഞ പാതയുടെ വശങ്ങളിലെല്ലാം തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളാണ്. കാരറ്റ്, ബീന്‍സ്, കാബേജ്, ഗ്രീന്‍പീസ്, ഉള്ളി, സവാള, വെളുത്തുള്ളി, കടുക്, മല്ലി തുടങ്ങിയവയെല്ലാം ധാരാളമായി വളര്‍ന്നു നില്‍ക്കുന്നു. പാടങ്ങളില്‍ കമ്പിളിത്തൊപ്പിയും സ്വെറ്ററും ധരിച്ച് നിരവധി പേര്‍ പണിയെടുക്കുന്നുണ്ട്. ഇവിടുത്തെ തൊണ്ണൂറ്റൊന്‍പത് ശതമാനം ഗ്രാമീണരുടെയും ഉപജീവനമാര്‍ഗം കൃഷിയാണ്. പുത്തൂര്‍ വരെ മാത്രമേ വീതിയുള്ള റോഡ് നിര്‍മ്മിച്ചിട്ടുള്ളു.
Marayoor, Idukki, Kerala ഇനിയങ്ങോട്ട് കാടാണ്. അതിനുള്ളിലൂടെ നടപ്പാതകളുണ്ട്. പക്ഷെ, വഴിതെറ്റരുത്. തെറ്റിയാല്‍ ചിലപ്പോള്‍ എത്തിപ്പെടുക കാട്ടിനുള്ളിലെ ഏതെങ്കിലുമൊരു കഞ്ചാവ് തോട്ടത്തിലാവാം. അങ്ങനെയെങ്കില്‍ പോയതുപോലെ മടങ്ങിവരില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു. അവര്‍ ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് നോക്കി. പശ്ചിമഘട്ടത്തിന്റെ ഒരു ശിഖരം മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്നു. അത് കയറിയിറങ്ങിവേണം യാത്ര തുടരാന്‍. ഗ്രാമീണരോട് എളുപ്പവഴികള്‍ ചോദിച്ചറിഞ്ഞശേഷം മുന്നോട്ടു നടന്നു. കാട്ടിനുള്ളിലൂടെ മല കയറിത്തുടങ്ങുമ്പോഴേക്കും കനത്ത മൂടല്‍മഞ്ഞ് വീണിരുന്നു. ശൈത്യകാലമായാല്‍ ഇവിടെയിങ്ങനെയാണ്. ചിലപ്പോള്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാല്‍ മാത്രമേ സൂര്യനെ കാണാനാവുകയുള്ളുവെന്ന് വഴിയ്‌ക്കൊരാള്‍ പറഞ്ഞതോര്‍മ്മിച്ചു. പക്ഷെ ചൂടില്ലാത്തതിനാല്‍ യാത്രയ്ക്ക് സുഖമുണ്ട്. ഇടയ്ക്കിടെ വഴിയോരത്ത് കാട്ടുമുന്തിരി പഴുത്തുനില്‍ക്കുന്നത് കണ്ടു. ഇരുവശത്തുമുള്ള വന്‍മരങ്ങളില്‍ നിന്നും മഞ്ഞുതുള്ളികള്‍ അടര്‍ന്നുവീഴുന്ന ശബ്ദം. മഴ കഴിഞ്ഞ് മരം പെയ്യുന്നതുപോലെ. മുകളിലേക്ക് കയറും തോറും മൂടല്‍മഞ്ഞിന്റെ കട്ടി കൂടിക്കൂടി വന്നു. മഞ്ഞുപെയ്ത്തില്‍ ധരിച്ചിരുന്ന സ്വെറ്റര്‍ നനഞ്ഞിറങ്ങുകയാണ്. മണിക്കൂറുകളായി തുടരുന്ന നടത്തംമൂലം ശരീരത്തിന് ചൂടുള്ളതിനാല്‍ ശൈത്യത്തിന്റെ തീവ്രത അറിയുന്നില്ലെന്നേയുള്ളു. ഒപ്പമുള്ള ചങ്ങാതിമാരും ക്ഷീണിതരല്ല. മഞ്ഞുവീഴ്ചയുടെ ശബ്ദംമാത്രം കേട്ടുകൊണ്ട് കാട്ടിലെ വഴിത്താരയിലൂടെ ജാഗ്രതയോടെയുള്ള മലകയറ്റമാണ്. നടക്കുംതോറും സമീപത്തെ വൃക്ഷങ്ങളുടെ ഉയരം കുറഞ്ഞുവരുന്നതായി കണ്ടു. ഒപ്പം ചെറിയ തോതില്‍ കാറ്റും വീശിത്തുടങ്ങി. അതിന്റെ ഏറ്റക്കുറച്ചിലനനുസരിച്ച് മഞ്ഞുപടലങ്ങള്‍ പൊടുന്നെന അപ്രത്യക്ഷമാവുകയും വീണ്ടും വന്നുമൂടുകയും ചെയ്തു. മരച്ചില്ലകളില്‍ കാറ്റിന്റെ ചൂളംവിളി. മഞ്ഞ് മാറിയ ഒരു നിമിഷത്തെ കാഴ്ചയില്‍, അല്പംകൂടി നടന്നാല്‍ മലമുകളിലെത്തുമെന്ന് മനസ്സിലായി. അന്തരീക്ഷത്തിന് വീണ്ടും കോടമഞ്ഞിന്റെ വെളുത്ത നിറം. ഇപ്പോള്‍ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിപ്പാടിലൂടെ മലയിറങ്ങുകയാണ്. ശരീരത്തിന് വല്ലാതെ ഭാരം കൂടിയതുപോലെ. കാലുകള്‍ വേച്ചുപോകുന്നു. കാറ്റിന്റെ ആരവം ശമിച്ചിട്ടില്ല. അങ്ങനെ നടക്കവെ ഒരു തിരിവിലെത്തിയപ്പോള്‍ മുന്നില്‍പോയ സുഹൃത്ത് പെട്ടെന്ന് നിന്നു. ഏതാണ്ട് അന്‍പതടി അകലെ മഞ്ഞിനനിടയില്‍ ഏതൊക്കെയോ നിഴലുകളനനങ്ങുന്നു. രൂപംവ്യക്തമല്ല. നടപ്പാത പോകുന്ന അതേ ദിശയിലാണ്. മഞ്ഞിന്റെ കനം കൂടിയതിനാല്‍ നിഴലുകള്‍ തീരെ കാണാന്‍ കഴിയാതായി. മുന്‍പൊരിക്കല്‍ ഇതുവഴി കടന്നുപോകുമ്പോള്‍ ഈ പരിസരത്തെവിടെയോ വച്ച് ഒരുകൂട്ടം കാട്ടാനകള്‍ക്ക് മുന്നില്‍പ്പെട്ടിരുന്നു. അന്നുപക്ഷെ, കുറെസമയം ഞങ്ങളെ നോക്കിനിന്ന ശേഷം അവ പുല്‍ക്കാട്ടിലൂടെ നടന്നുപോയി. മന്നവന്‍ചോല നാഷണല്‍പാര്‍ക്കുമായി ചേര്‍ന്നുകിടക്കുന്ന കാടാണ്. ആനയും പോത്തും പുലിയും പന്നിയുമെല്ലാമുണ്ട്. അതുകൊണ്ട് മുന്നോട്ടു നടക്കാന്‍ തോന്നിയില്ല. മഞ്ഞ് തൂത്തെറിയാന്‍ കരുത്തുള്ള ഒരു കാറ്റിന്റെ ശബ്ദം ശ്രവിച്ച് തൊട്ടടുത്തുള്ള പാറക്കൂട്ടത്തിന്റെ ചെരിവിലിരുന്നു.
Marayoor, Idukki, Keralaഎത്രവലിയ കാട്ടിലൂടെയും അപകടഭീതിയേതുമില്ലാതെ ധൈര്യമായി സഞ്ചരിക്കാമെന്ന് സുഹൃത്തും പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ നസീര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മ്മിച്ചു. മൃഗങ്ങള്‍ ഒരിക്കലും നമ്മെ ആക്രമിക്കുകയില്ലത്രെ. കാട്ടിലും നാട്ടിലുമെല്ലാം മനുഷ്യരെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നാണ് നസീറിന്റെ നിലപാട്. കാടനനുഭവങ്ങള്‍ ഒരുപാട് ഉള്ളയാളാണ്. വര്‍ഷത്തില്‍ കൂടുതല്‍ ദിവസങ്ങളിലും കാട്ടിനുള്ളിലായിരിക്കും. പറമ്പിക്കുളം, മസനനഗുഡി, തേക്കടി, ചിന്നാര്‍, ഇരവികുളം, നെല്ലിയാമ്പതി, വാഴച്ചാല്‍... അങ്ങനെ കാടുകളില്‍നിന്നും കാടുകളിലേക്ക് നസീര്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ തവണ കാടിറങ്ങുമ്പോഴും ആന, പോത്ത്, കരടി, കടുവ, പുലി, രാജവെമ്പാല തുടങ്ങിയവയുടെ അനേകം അപൂര്‍വ്വചിത്രങ്ങളുമുണ്ടാവും. നസീര്‍ കാട്ടില്‍ കയറിയാല്‍ മാജിക്ക് കാട്ടിയാണ് ചിത്രങ്ങളെടുക്കുന്നതെന്ന് മറ്റുചില ഫോട്ടോഗ്രാഫര്‍മാര്‍ പറയാറുണ്ട്. എന്തായാലും കാടിന്റെയും കാട്ടുമൃഗങ്ങളുടെയും മനസ്സറിയുന്നതിനും അവയുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള എന്തൊക്കെയോ സിദ്ധികള്‍ ഈ മനുഷ്യനുണ്ടെന്ന് അദ്ദേഹമെടുത്ത ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ തോന്നിപ്പോകും. പെട്ടെന്ന് ചുഴിതിരിഞ്ഞെത്തിയ ഒരു കാറ്റില്‍ പരിസരവും തൊട്ടപ്പുറത്തെ മലഞ്ചെരിവുകളുമെല്ലാം വ്യക്തമായി കണ്ടു. മുന്‍പ് നിഴലനനക്കം കണ്ട ഭാഗത്ത് നാലഞ്ച് ആദിവാസിസ്ത്രീകള്‍ നിശബ്ദരായിരുന്ന് വിറകടുക്കുന്നു. തൊട്ടടുത്തെവിടെയോ ആദിവാസിക്കുടിയുണ്ടാവണം. അവരുടെ പുറത്തുകെട്ടിയിരുന്ന മാറാപ്പില്‍ നിന്നും മുതുവാസമൂഹത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലായി. ഞങ്ങളെ കണ്ടതും വിറകുകെട്ടുകള്‍ ഉപേക്ഷിച്ച് തൊട്ടടുത്തുള്ള മരങ്ങള്‍ക്കിടയിലേക്ക് അവര്‍ ഓടിപ്പോയി. ഇതൊരു പുതിയ അനുഭവമല്ല. പുറംലോകവുമായി സമ്പര്‍ക്കമില്ലാത്ത ആദിവാസികളാണെങ്കില്‍ കാട്ടിനുള്ളില്‍വച്ച് അപരിചിതരെ കണ്ടാല്‍ അകന്നുപോവുകയാണ് പതിവ്. മലയിറങ്ങി നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ പാതയോരത്തു തന്നെ മുതുവാസങ്കേതം കണ്ടു. മണ്ണ് കുഴച്ചുണ്ടാക്കിയ ഭിത്തികളും പുല്ലുമേഞ്ഞ വീടുകളുമാണ് അധികവും. കൂടല്ലാര്‍കുടി എന്നാണ് ഇതിന്റെ പേര്. ഒരു കുടിലിനു മുന്നിലിരുന്ന് ഏതാനും പേര്‍ തീകായുന്നുണ്ട്. സൗഹൃദസംഭാഷണത്തിന് ശ്രമിച്ചെങ്കിലും അവര്‍ വലിയ താല്പര്യം കാട്ടിയില്ല. അല്പംകൂടി നടന്നപ്പോള്‍ താഴ്‌വരയിലെത്തി. അവിടെയുള്ള ഒരു കാട്ടുചോല മുറിച്ചുകടന്നു. വീണ്ടും കയറ്റം. ഇറക്കം. അങ്ങനെ നടക്കവെ വഴി പച്ചക്കറിപ്പാടങ്ങളിലേക്ക് പ്രവേശിച്ചു. വഴിയുടെ ഇരുപുറങ്ങളിലും നിറയെ വെളുത്തുള്ളിയും കാരറ്റും കാബേജും കോളിഫ്‌ളവറും പട്ടാണിയും ഗോതമ്പുമെല്ലാം വളര്‍ന്നു നില്‍ക്കുന്നു. ഇടയ്ക്കിടെ കര്‍ഷകരുടെ സാന്നിധ്യം. ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചിലന്തിയാര്‍, വട്ടവട എന്നീഗ്രാമങ്ങള്‍ കടന്ന് വൈകുന്നേരത്തോടെ കോവിലൂരെത്തി. വൃത്തിഹീനനമായ പാതയുടെ ഇരുപുറവും നിറയെ വീടുകള്‍. താമസിക്കാന്‍ ഹോട്ടലുകളില്ല. വേണമെങ്കില്‍ പഞ്ചായത്ത് ഓഫീസിന്റെയോ സ്‌കൂളിന്റെയോ തിണ്ണയില്‍ കിടന്നുറങ്ങാം. പക്ഷെ അസാധാരണമായ തണുപ്പാണ്. രാത്രി കഴിച്ചുകൂട്ടാന്‍ നന്നേ ക്ലേശിക്കേണ്ടി വരും. വഴിയോരത്തുകണ്ട പുല്ലുമേഞ്ഞ ചായപ്പീടിക ലക്ഷ്യമാക്കി നടന്നു. മുന്‍പ് പലതവണയും ഇതുവഴി വന്നപ്പോള്‍ അവിടെയാണ് കിടന്നുറങ്ങിയത്. താമസിക്കാന്‍ വാടക കൊടുക്കേണ്ടതില്ലെങ്കിലും നാലുപേരുടെ രണ്ടു നേരത്തെ ഭക്ഷണത്തിന് ലഭിക്കുന്ന വിലയാണ് അവരുടെ നേട്ടം. രാത്രിയെപ്പോഴോ കുറച്ചകലെയുള്ള കൃഷിയിടത്തിലെ കാവല്‍മാടത്തില്‍ നിന്നും തുകല്‍വാദ്യം കൊട്ടുന്ന ശബ്ദം കേട്ടു. കാട്ടുപന്നികള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങിയിട്ടുണ്ടാവണം. പുലര്‍ച്ചെ തന്നെ കടുംകാപ്പി കുടിച്ചശേഷം ആവശ്യത്തിന് ഭക്ഷണവും പൊതിഞ്ഞുവാങ്ങി നടന്നു. ഇന്ന് കൂടുതല്‍ മലമുകളിലൂടെയാണ് യാത്ര. ഗ്രാമത്തില്‍നിന്നും മുകളിലേക്കുള്ള ചെറിയ നടപ്പാത വ്യക്തമായി കാണാം. മഞ്ഞില്ലാത്തതിനാല്‍ താഴ്‌വരയും കുന്നിന്‍ചെരിവുകളും കൃഷിയിടങ്ങളുമെല്ലാം തെളിഞ്ഞുകിടക്കുയാണ്. അടുത്തുള്ള പാടങ്ങളില്‍ കമ്പിളിവസ്ത്രം ധരിച്ച ഏതാനും പേര്‍ ജോലിചെയ്യുന്നു. കുറെദൂരം ചെന്നപ്പോള്‍ യാത്ര ഗ്രാന്റിസ് മരങ്ങള്‍ക്കിടയിലൂടെയായി. പിന്നെ കാട്ടിലൂടെയും. കേരളത്തില്‍ ഏറ്റവുമധികം കഞ്ചാവുകൃഷി നടക്കുന്ന കമ്പക്കല്ലിലെ മലമുടികളിലേക്കുള്ള നടപ്പാതയാണ് ഇത്. ഇടയ്‌ക്കൊരു സ്ഥലത്തു നിന്നും തിരിഞ്ഞുവേണം ക്ലാവറയിലേക്ക് പോകാന്‍. സൂര്യനനുദിച്ചപ്പോഴേക്കും ആദ്യമല കയറിക്കഴിഞ്ഞിരുന്നു. പാമ്പാടുംചോല നാഷണല്‍പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന കാട്ടിലൂടെ നടക്കുമ്പോള്‍ കുറച്ചുമുന്നില്‍ ഒരുപറ്റം കാട്ടുപന്നികളെ കണ്ടു. വഴി മുറിച്ചുകടക്കുകയാണ്. തെല്ലകലെയുള്ള കുന്നിന്‍ചെരിവില്‍ ഏതാനും കാട്ടുപോത്തുകള്‍. എത്ര ദൂരം നടന്നുവെന്നറിയില്ല. രണ്ടോമൂന്നോ മലകള്‍കൂടി കയറിയിറങ്ങിയിട്ടുണ്ടാവണം. വഴിയില്‍ ഒരിടത്തിരുന്ന് ഭക്ഷണം കഴിച്ചു. ചോലയിലെ വെള്ളത്തിന് മരവിച്ചുപോകുന്ന തണുപ്പ്. ഒരുഘട്ടത്തില്‍ ഏറെദൂരത്തേക്ക് ഇറക്കം മാത്രമായി. ഇടയ്ക്ക് പരിസരത്തെ പൈന്‍മരക്കാട്ടിലിരുന്ന് അല്പസമയം വിശ്രമിച്ചു. തെല്ലപ്പുറത്തുള്ള കാട്ടില്‍ നിന്നും ആനച്ചൂരടിക്കുകയും ഞെരിയൊടിയുന്നതിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തപ്പോള്‍ തിരക്കിട്ട് എഴുന്നേറ്റു നടന്നു. ഇറക്കം അവസാനിക്കുന്നതിന് മുന്‍പുതന്നെ പച്ചക്കറിപ്പാടങ്ങളായി. കാട്ടിനുള്ളില്‍ എവിടെവച്ചോ തമിഴ്‌നാട്ടില്‍ പ്രവേശിച്ചിരുന്നു. മലയിറങ്ങിയെത്തിയത് താഴ്‌വരയിലുള്ള ക്ലാവറ എന്ന ഗ്രാമത്തിലേക്കാണ്. അതുകഴിഞ്ഞാല്‍ കവിഞ്ചി. രണ്ടിടത്തും പച്ചക്കറികൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണധികവും. ക്ലാവറ മുതല്‍, വാഹനങ്ങള്‍ ഓടുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുണ്ട്. പക്ഷെ ബസുകളില്ല. കുത്തനെയുള്ള കയറ്റിറക്കങ്ങളില്ലാത്ത വളഞ്ഞുതിരിഞ്ഞ റോഡിലൂടെ നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ മലമുകളില്‍ നിന്നും കനത്ത മൂടല്‍മഞ്ഞ് അടിവാരത്തേക്ക് ഇറങ്ങിവരുന്നത് കണ്ടു. താമസിയാതെ അത് കൃഷിയിടങ്ങളെയും മലമ്പാതകളെയുമെല്ലാം വന്നുമൂടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ മൂന്നുമണിയായപ്പോഴേക്കും പൂണ്ടി എന്ന ഗ്രാമത്തിലെത്തി. ഏറെസമയം കാത്തിരുന്നിട്ടും മഞ്ഞ് മാറുകയോ ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ കഴിയുകയോ ചെയ്തില്ല. ഒരു സുഹൃത്തിന്റെ ഫാംഹൗസിലായിരുന്നു പൂണ്ടിയിലെ രാത്രി കഴിച്ചുകൂട്ടിയത്. നടത്തത്തിന്റെ ക്ഷീണം മൂലം പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി. കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു. രാവിലെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ സമീപപ്രദേശങ്ങള്‍ വ്യക്തമായി കാണാം. മഞ്ഞിന്റെ നേര്‍ത്തൊരു മൂടല്‍ മാത്രമേയുള്ളു. കുന്നിന്‍ചെരിവുകളിലെല്ലാം തട്ടു തട്ടായി തിരിച്ച കൃഷിയിടങ്ങള്‍... താഴ്‌വരയില്‍ കാട്ടരുവിയും അതിന്റെ തീരത്ത് ചോലക്കാടുകളും... കണ്ണെത്താദൂരത്തോളം അനേകം മലനിരകള്‍... അതിന്റെ ഓരങ്ങളില്‍ പേരറിയാത്ത ഏതൊക്കെയോ ഗ്രാമങ്ങള്‍... തണുപ്പിനെ അതിജീവിക്കാന്‍ കട്ടിയുള്ള കുപ്പായമിട്ട് പാതയോരങ്ങളിലൂടെ കൃഷിസ്ഥലത്തേക്ക് പോകുന്നവര്‍... അവര്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍, ദൂരെ കിഴക്കന്‍മലകള്‍ക്ക് മീതേ ഉദയത്തിന്റെ നിറംമാറ്റം കണ്ടു. പൂണ്ടിയില്‍ നിന്നും കൊടൈക്കനാലിലേക്ക് ബസ് സര്‍വീസുണ്ട്. പക്ഷെ വേണ്ടെന്ന് തീരുമാനിച്ചു. കാട്ടുപുല്ലിന്റെയും പൂക്കളുടെയും കാറ്റിന്റെയും ഗന്ധമറിഞ്ഞുള്ള ഈ യാത്രയ്‌ക്കൊരു സുഖമുണ്ട്. മുഷിഞ്ഞുവാടിയ മനുഷ്യഗന്ധം നിറഞ്ഞ ബസിനുള്ളില്‍ നിന്നും അതൊരിക്കലും ലഭിക്കില്ല. കുറെക്കഴിഞ്ഞപ്പോള്‍ പ്രധാന പാതവിട്ട് കുറുക്കുവഴികളിലൂടെയായി യാത്ര. കൊളോണിയല്‍കാലത്ത് നട്ടുവളര്‍ത്തിയ പൈന്‍മരക്കാടുകളുടെ തണല്‍. പിന്നെ യൂക്കാലിപ്റ്റസ് പ്ലാന്റേഷനിലേക്ക് കടന്നു. ചില സ്ഥലങ്ങളില്‍ കൂറ്റന്‍മരങ്ങള്‍ വെട്ടി നീക്കുകയാണ്. അരിഞ്ഞുവീഴ്ത്തിയ മരത്തിന്റെ അവയവങ്ങള്‍ ഛേദിച്ച്, മുറിച്ചടുക്കി ലോറികളില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോകുന്നു. പണിക്കാരിലേറെയും മലയാളികളാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവര്‍. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ പോയി പണിയെടുക്കുന്നു. മലയാളികള്‍ തമിഴ്‌നാട്ടിലെത്തി തടിവലിക്കുന്നു. ഈ ദേശാന്തരയാത്രകള്‍ എന്തിനു വേണ്ടിയാവും. ആവോ, കാരണം അന്വേഷിക്കാന്‍ മെനക്കെട്ടില്ല. പ്രതീക്ഷിച്ചതിലും നേരത്തെതന്നെ കൊടൈക്കനാലിലെത്തി.
സീസണായതിനാല്‍ എല്ലായിടത്തും ടൂറിസ്റ്റുകളുടെ തിരക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്വസിച്ച വായുവിന്റെയും കണ്ട കാഴ്ചയുടെയും ശുദ്ധി എവിടെയോ നഷ്ടമായിരിക്കുന്നു. തൊപ്പിത്തൂക്കിപ്പാറയിലെ കാറ്റിന്റെ മുഴക്കത്തിനു വേണ്ടി കാതോര്‍ത്തും ഗുണാപോയിന്റിലെ ഇരുളടഞ്ഞ വഴികളിലൂടെ നടന്നും കുറെസമയം ചെലവഴിച്ചു. പിന്നെ, ആത്മഹത്യാമുനമ്പിന്റെ ഓരത്തിരുന്ന് കാഴ്ച കണ്ടു. പാറക്കെട്ടും മാമരങ്ങളും നിറഞ്ഞ താഴ്‌വരകള്‍. എത്രയോ പേര്‍ ഇവിടെ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. ആത്മഹത്യ ഭീരുത്വമാണെന്ന് പറഞ്ഞത് ആരാണ്. മരണം തുടിക്കുന്ന ഈ താഴ്‌വരയുടെ ശൂന്യതയിലേക്ക് ചാടാന്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും. അറിയില്ല. ഭക്ഷണം കഴിച്ചശേഷം ആത്മഹത്യാമുനമ്പിന്റെ ചെരിവിലൂടെ ഇറങ്ങിനടന്നു. താഴ്‌വരയിലെവിടെയോ ഉള്ള വെള്ളഗവി എന്ന ഗ്രാമമാണ് ലക്ഷ്യം. മുന്‍പ് പലതവണ മൂന്നാറില്‍ നിന്നും മറയൂരില്‍ നിന്നും കൊടൈക്കനാല്‍ വരെ നടന്നെത്തിയിട്ടുണ്ട്. പക്ഷെ വെള്ളഗവിയിലേക്ക് ഇതാദ്യമാണ്. കഴിഞ്ഞ യാത്രയില്‍ ഇവിടെ വച്ചുകണ്ട ഒരു സായ്പില്‍നിന്നാണ് വെള്ളഗവിയെകുറിച്ച് അറിഞ്ഞത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന ഗ്രാമം. അടുത്ത യാത്രയില്‍ ആ ഗ്രാമഭൂമിയിലൂടെ അലഞ്ഞു നടക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.

സ്വന്തം നാടിനെക്കുറിച്ച് പോലും നമ്മള്‍ വിദേശികളില്‍ നിന്നും അറിയുന്നു. അത്ഭുതം തന്നെ. കുറെദൂരം സബര്‍ജെല്ലിയും ആപ്പിള്‍മരങ്ങളും നിറഞ്ഞ തോട്ടത്തിലൂടെയായിരുന്നു യാത്ര. പിന്നെ കാടായി. കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ കുത്തിറക്കത്തിലൂടെ രണ്ടുമണിക്കൂറെങ്കിലും നടന്നിട്ടുണ്ടാവണം വെള്ളഗവിയിലെത്താന്‍. ഇവിടെ വീടുകളെല്ലാം അടുത്തടുത്താണ്. ഗ്രാമകവാടം കടന്നാല്‍ ചെരിപ്പിടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഊരിക്കയ്യില്‍ പിടിക്കണം. ഞങ്ങളുടെ അറിവില്ലായ്മയോട് ഗ്രാമവാസികള്‍ ക്ഷമിച്ചു. കരിങ്കല്‍ പാകിയ ഗ്രാമവഴിയുടെ ഇരുപുറങ്ങളിലൂമായി നൂറ്റൊന്നു വീടുകള്‍. എത്രയോ തലമുറകളായി ഇവരിവിടെ ജീവിക്കുന്നു. ഒരു ചായപ്പീടിക പോലുമില്ല. പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഒന്നുകില്‍ മലകയറി കൊടൈക്കനാലിലെത്തണം. അല്ലെങ്കില്‍ അടിവാരത്തുള്ള പെരിയകുളത്ത്. രണ്ടിടത്തേക്കും സമദൂരമാണ്. വഴിപോക്കരെങ്ങാനും അക്രമം കാട്ടിയാല്‍ ഗ്രാമകവാടത്തില്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറുകൊണ്ടടിക്കും. ഗ്രാമത്തിലാര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ മഞ്ചലിലിരുത്തി നടപ്പാതയിറങ്ങി പെരിയകുളത്തെ ആശുപത്രിയിലേക്ക് പോകും. പക്ഷെ ഓരോ വീട്ടില്‍ നിന്നും ഒരാള്‍വീതം ഇതിെനാപ്പം പോകണമെന്നാണ് വിശ്വാസം. അങ്ങനെ ചില രാത്രികളില്‍ വെള്ളഗവിയില്‍ നിന്നും മലയിറങ്ങിയെത്തുന്ന കൂറ്റന്‍ ജാഥകള്‍ പെരിയകുളത്തെ ആശുപത്രികളിലേക്കെത്തും. അന്നുരാത്രി വെള്ളഗവിയുടെ വിശ്വാസങ്ങളുടെയും ആചാരാനനുഷ്ഠാനങ്ങളുടെയും കഥകേട്ട് അവിടുത്തെ ആളൊഴിഞ്ഞ ഒരു വീട്ടിലുറങ്ങി. ഗ്രാമത്തിലെ ഒരുസംഘം ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയെണീറ്റ് പെരിയകുളത്തേക്ക് നടന്നു. ചൂടുവീണപ്പോഴേക്കും അടിവാരത്തെത്തി. കടന്നുപോന്ന ദിക്കിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു, പിന്നില്‍ പശ്ചിമഘട്ടത്തിന്റെ ഉത്തുംഗത. 


Text&Photos:Manoj Mathirappally 

No comments: