Showing posts with label Agriculture. Show all posts
Showing posts with label Agriculture. Show all posts

Wednesday, August 8, 2018

ആടിനെ വളര്‍ത്താം, വരുമാനവും

ആടാണ് മെച്ചം. എളുപ്പവും.പശുക്കളെ അപേക്ഷിച്ച്ചെറിയ ശരീരഘടന, എത് പ്രതികൂല കാലാവസ്ഥയെയും തരണംചെയ്യാനുള്ള കഴിവ്, പോഷക ഗുണനിലവാരം വളരെ കുറഞ്ഞ പാഴ്ച്ചെടികള്‍ ഉപയോഗപ്പെടുത്തല്‍, വര്‍ഷത്തില്‍ 2-3 പ്രസവം, ഓരോ പ്രസവത്തിലും 2-3 കുട്ടികള്‍ വീതം എന്നിവയെല്ലാമാണ് പാവപ്പെട്ടവന്റെ പശു എന്ന വിശേഷണം ആടിന് നേടിക്കൊടുത്തത്.
അധക മൂലധനം ചെലവിടാതെ തന്നെപാവപ്പെട്ട ഒരു കര്‍ഷകന് ആടുവളര്‍ത്തി സാമാന്യം വരുമാനമുണ്ടാക്കാം.എന്നാല്‍ നല്ല ഇനങ്ങളെ നോക്കി തിരഞ്ഞെടുക്കാന്‍ അറിയാത്തതാണ് കര്‍ഷകന് തിരിച്ചടിയാകുന്നത്
∙ ഇനങ്ങള്‍ ഏറെ
ലോകത്തിലാകെയുള്ള ആടുകളില്‍19 % ഇന്ത്യയിലാണ്. എകദേശം ഇരുപതോളംഅംഗീകരിക്കപ്പെട്ട ജനുസുകള്‍ ഇവിടെയുണ്ട്. പ്രധാനമായുംആടകള്‍ മൂന്നു തരമേയുള്ളൂ. പാല്‍ഉല്‍പാദിപ്പിക്കുന്നവ, പാലും മാംസവുംഉല്‍പാദിപ്പിക്കുന്നവ, കമ്പിളി ഉല്‍പാദിപ്പിക്കുന്നവ. ജമുനാപാരി, ബീറ്റല്‍, സുര്‍ത്തി എന്നിവ ധാരാളം പാല്‍ ഉല്‍പാദിപ്പിക്കുന്നവയാണ്. ബ്ലാക്ക് ബംഗാള്‍, കച്ചി, ഗഞ്ചാം എന്നിവ കൂടുതല്‍ മാംസംഉല്‍പാദിപ്പിക്കുന്നവയാണ്. പാലിനുംമാംസത്തിനും വേണ്ടി വളര്‍ത്തുന്നവയാണ് ബാര്‍ബറി, മലബാറി, ഒസ്മാനാബാദി, പാഷ്മിന, ഗഡ്ഡി എന്നിവ. കമ്പിളി നൂല്‍ ഉല്‍പാദിപ്പിക്കാനുള്ളതാണ്പാഷ്മിന, ഗഡ്ഢി എന്നിവ.
∙ കേരളത്തിന്റെ ഇനം
കേളത്തിന്റെ ഒരേ ഒരു തനത് ജനുസാണ് മലബാറി ആടകള്‍. ഉത്തരകേരളത്തിലെ മലബാര്‍ മേഖലയില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഈ ജനുസ് കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഇണങ്ങിയവയാണ്. പലനിറങ്ങളിലുണ്ടെങ്കിലും വെളുത്ത ആടുകള്‍ക്കാണ് കൂടുതല്‍ പ്രിയം. നീണ്ട ചെവികള്‍ ഈ ജനുസിന്റെ പ്രത്യേകതകളാണ്. രണ്ടു വര്‍ഷത്തില്‍ മൂന്ന് പ്രസവവുംഓരോ പ്രസവത്തിലും രണ്ടുകുട്ടികള്‍ വീതവും നല്‍കുന്ന മുന്തിയ പ്രത്യുല്‍പാദന ശേഷിയുമാണ് ഇവയ്ക്കുള്ളത്.
കേരളത്തിലെ അട്ടപ്പാടി മേഖലയില്‍കണ്ടുവരുന്ന അട്ടപ്പാടി കരിയാടുകള്‍ ജനുസായി അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിലും മാംസാവശ്യത്തിനായി വളര്‍ത്തപ്പെടുന്നു. കറുത്ത നിറത്തിലുള്ള ഇവയുടെ മാംസം കൂടുതല്‍ രുചിയുംഗുണവുമുള്ളതായി കരുതപ്പെടുന്നു.
പ്രത്യുല്‍പാദനക്ഷമതയില്‍ കിടപിടിക്കുമെങ്കിലും ഇവയ്ക്ക് ശരീരഭാരംമലബാറിയെക്കാള്‍ കുറവാണ്.ആടുകളിലെ ഏറ്റവും വലിയഇന്ത്യന്‍ ജനുസാണ് ഉത്തരേന്ത്യക്കാരിയായ ജമുനാപാരി. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ 80 കിലോയോളം വരും. ജമുനാപാരിക്ക് മങ്ങിയ വെള്ള നിറവും നീളന്‍ ചെവികളും റോമന്‍ മൂക്ക് എന്നറിയപ്പെടുന്ന ഉയര്‍ന്ന നാസികയുമാണുള്ളത്. വര്‍ഷത്തില്‍ ഒരു പ്രസവവുംഅതില്‍ ഒരുകുട്ടിയുമെന്നതാണ് പ്രത്യുല്‍പാദന ശേഷി.
∙ ആടിനെനോക്കിയെടുക്കണം
ഉയര്‍ന്ന ഉല്‍പാദന-പ്രജനനക്ഷമതകള്‍ നോക്കിയായിരിക്കണം ആടകളെ തിരഞ്ഞെടുക്കേണ്ടത്. ആടകളുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍ നോക്കിയുംതിരഞ്ഞെടുക്കാം. വിരിഞ്ഞ നെഞ്ചും തിളങ്ങുന്ന കണ്ണുകളും നനവുള്ളനാസികയും മിനുസമുള്ള രോമവും പ്രസരിപ്പുള്ള സ്വഭാവവും ആടുകളുടെആരോഗ്യലക്ഷണങ്ങളാണ്. കറന്നുകഴിഞ്ഞാല്‍ വലുപ്പ വ്യത്യാസമില്ലാത്തഅകിടും നല്ല ആടിന്റെ ലക്ഷണങ്ങളാണ്.കറക്കുമ്പോള്‍ നിറവ്യത്യാസമില്ലാത്ത പാല്‍ തടസ്സംകൂടാതെ പുറത്തേക്ക്വരുന്നതും ഉറപ്പ് വരുത്തേണ്ടതാണ്.
∙ പെണ്ണാടുകളുടെ തിരഞ്ഞെടുപ്പ്
പെണ്ണാട് ആദ്യമായി മദിലക്ഷണങ്ങള്‍കാണിക്കുന്ന പ്രായം തിരഞ്ഞെടുപ്പില്‍പ്രാധാന്യമര്‍ഹിക്കുന്നു. 7-8 മാസം പ്രായത്തില്‍ ആദ്യമദി ലക്ഷണം കാണിക്കുന്ന പെണ്ണാടുകളെയാണ് വളര്‍ത്താന്‍തിരഞ്ഞെടുക്കേണ്ടത്. 15-20 കിലോഗ്രാം ശരീരഭാരവും 10-12 മാസംപ്രായമുള്ള പെണ്ണാടുകളെ പ്രജനനത്തിനായി തിരഞ്ഞെടുക്കാം. 15-17 മാസംപ്രായത്തില്‍ ആദ്യപ്രസവം നടന്നപെണ്ണാടകള്‍ക്കും പ്രത്യുല്‍പാദന മികവുള്ളതായി കണക്കാക്കാം.
രണ്ടുവര്‍ഷത്തില്‍ മൂന്ന് പ്രസവവും കുറഞ്ഞത് അഞ്ച്ആറ് കുട്ടികള്‍ വരെ ലഭിച്ചിട്ടുണ്ടെങ്കില്‍ പെണ്ണാടുകള്‍ക്ക് ഉയര്‍ന്നപ്രത്യുല്‍പാദന ശേഷിയുണ്ടെന്ന് കണക്കാക്കാം. പ്രസവ ഇടവേള എട്ടു മാസമാക്കുന്നതാണ് ഉത്തമം.
ആടിന്റെ ഒരു കറവക്കാലത്തിന്റെദൈര്‍ഘ്യം ശരാശരി 150 ദിവസമാണ്.ഈ കറവക്കാലത്തെ പാലുല്‍പാദനംആട്ടിന്‍കുട്ടികളുടെ വളര്‍ച്ചാനിരക്കിനെസ്വാധീനിക്കുന്ന ഘടകമായതിനാല്‍പ്രതിദിനം 1.5 ലീറ്ററില്‍ കുറയാതെപാലുള്ള പെണ്ണാടുകളെ വാങ്ങാം.പോഷകാഹാരക്കുറവോ പരാദരോഗങ്ങളോ പെണ്ണാടുകള്‍ക്ക് ഇല്ലെന്നും ഉറപ്പു വരുത്തണം. ആടുകള്‍ക്ക് 3-6 വയസുവരെയുള്ള കാലയളവിലാണ് എറ്റവുംകൂടുതല്‍ കുട്ടികളെ ലഭിക്കാനുള്ളസാധ്യതയെന്നറിയുക.
പ്രായം കുറയുമ്പോഴും ഏറുമ്പോഴും ഒരു പ്രസവത്തില്‍ നിന്ന് ലഭിക്കാവുന്ന കുട്ടികളുടെ എണ്ണവും കുറവായിരിക്കും. ആടുകളെ ബാധിക്കുന്ന പ്രധാനരോഗങ്ങളുടെ സാമാന്യ അറിവും തിരഞ്ഞെടുപ്പില്‍ ഉപയോഗപ്രദമാകും. പ്രത്യേകകാരണങ്ങളൊന്നുമില്ലാതെ പാലുല്‍പാദനം പെട്ടെന്ന് കുറയുന്നതും പാലിനു ദുസ്സ്വാദുണ്ടാകുന്നതും ലഘുവായതോതിലുള്ള അകിടുവീക്കത്തിന്റെ ലക്ഷണങ്ങളാണ്.
∙ മുട്ടനാടുകളുടെ തിരഞ്ഞെടുപ്പ്
20 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതോതിലാണ് ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ആറു മുതല്‍എട്ട് വര്‍ഷം വരെയുള്ള പ്രജനനത്തിനായി ഉപയോഗിക്കാനാണ് മുട്ടനാടുകളെ തിരഞ്ഞെടുക്കേണ്ടത്. തള്ളയുടെ പാലുല്‍പാദനശേഷിക്ക് മുട്ടനാടുകളുടെ തിരഞ്ഞെടുപ്പില്‍ അതീവപ്രാധാന്യമുണ്ട്. കുറഞ്ഞത് 1.5 കിലോഗ്രാം പാല്‍ എങ്കിലും പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന പെണ്ണാടുകളുടെ ഇരട്ടക്കുട്ടികളില്‍ നിന്നായിരിക്കണം ഇവയെ തിരഞ്ഞെടുക്കേണ്ടത്.
മാംസാവശ്യത്തിനായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന മുട്ടനാടുകള്‍ക്ക് രണ്ട് കിലോയില്‍ കുറയാതെയുള്ള ശരീരഭാരംആറുമാസം പ്രായത്തില്‍ ഉണ്ടാവേണ്ടതാണ്. ആട്ടിന്‍കൂട്ടത്തിലെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ഇണചേരലില്‍നിന്ന് ഉണ്ടാവുന്ന ആട്ടിന്‍കുട്ടികളെ കഴിവതും വാങ്ങാതിരിക്കാം. ഇവയില്‍ വന്ധ്യത, കുറഞ്ഞ വളര്‍ച്ചാ നിരക്ക്, രോഗപ്രതിരോധ ശേഷിക്കുറവ്, പ്രജനനക്ഷമത എന്നീ പ്രശ്നങ്ങളും കൂടുതലായികണ്ടുവരുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നല്ല പെണ്ണാടുകളെയും മുട്ടനാടുകളെയും തിരഞ്ഞെടുക്കുന്നതിനൊപ്പം ആടുവളര്‍ത്തല്‍ യൂണിറ്റ് തുടങ്ങുമ്പോള്‍ആടുകളില്‍ പകുതി കറവയുള്ള ആടകളും കുട്ടികളും ആയിരിക്കണം.ബാക്കി, ഒരു വയസ് പ്രായമുള്ളപ്രസവിക്കാത്ത ആടുകളും ആണാടുകളും ആയിരിക്കുന്നതാണ് അഭികാമ്യം.
ഡോ. ബിന്ദ്യാ ലിസ് ഏബ്രഹാം അസി. പ്രഫസര്‍ കേരേള വെറ്ററിനറി സര്‍വകലാശാല

Friday, March 13, 2015

ഗ്രോബാഗ്‌ കൃഷി

കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക് വില 2500 രൂപയാണ്

മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.

എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.
തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണം എന്നിവയുണ്ടാകാനും സഹായിക്കും
ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി
ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍ ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944
വിവരങ്ങള്‍ നല്‍കിയ മനോരമ ന്യൂസ്‌ ന് നന്ദി ..............

Thursday, April 4, 2013

നീലകുറിഞ്ഞിയുടെ ആതിഥേയനൊപ്പം



Vattavada, Munnar, Idukki, Kerala


ദേവലോകത്തുനിന്ന് ഇറങ്ങി വന്ന ഏതോ അനുഗ്രഹീത കലാകാരന്‍ ഭൂവില്‍ വരച്ചുചേര്‍ത്ത ചിത്രം പോലെ, പഴംപാട്ടുകളില്‍ കേട്ടു മധുരിച്ച ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുമായ് ഒരു ഗ്രാമം. വട്ടവടയിലെത്തുന്ന ഓരോ മനുഷ്യന്റെ മനസ്സിലും വ്യത്യസ്ത ചിത്രമായിട്ടായിരിക്കിക്കും ഈ ഗ്രാമം പതിയുക.

മൂന്നാറില്‍ നിന്ന് ഏകദേശം 42 കി. മി അകലെയായി നിര്‍ദ്ദിഷ്ട നെടുമ്പാശ്ശേരി കൊടൈക്കനാല്‍ റോഡില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനി പകര്‍പ്പ്. ചുവരുകള്‍ തമ്മില്‍ വേര്‍തിരിവില്ലാത്ത വീടുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മധുരയില്‍ നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂര്‍വ്വികര്‍. ഇടുക്കിയിലെ ആദ്യ കുടിയേറ്റക്കാര്‍. പഴയ തമിഴ് വാസ്തുവിദ്യയിലാണ് വീടുകള്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത്. പൊതുവെ എല്ലാ വീടുകള്‍ക്കും ഉയരം കുറവാണ്. കാട്ടുകമ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവ, കറുത്ത മണ്ണ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു. വാതിലുകളും ജനാലകളും കൊത്തുപണികളാല്‍ മനോഹരമാക്കിയിരിക്കുന്നു. മിക്ക വീടുകളും ഒരേ വലുപ്പത്തിലും ആകൃതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സദാ ഉച്ചത്തില്‍ സംസാരിച്ച് തിരക്കിട്ടു നീങ്ങുന്ന ജനസമൂഹം അന്തരീക്ഷം ശബ്ദ മുകരിതമാക്കുന്നു. വീടിനു മുന്‍പിലായി റോഡിന്റെ അരികു ചേര്‍ന്നിരുന്ന് പച്ചക്കറി വിത്തുകള്‍ വേര്‍തിരിക്കുന്ന മുതിര്‍ന്നവരും, നിരത്തിന്റെ ഒത്തനടുക്കായി നിന്ന് എന്തൊക്കെയോ പറഞ്ഞു കൂട്ടുന്ന യുവതീ യുവാക്കളും വട്ടവടയുടെ പ്രത്യേകതകളാണ്.

പൊതുവെ, നിരത്തില്‍ വാഹന ഗതാഗതം കുറവാണ്. ഗ്രാന്റീസ് തടികള്‍ കയറ്റി വരുന്ന പൊട്ടിപൊളിഞ്ഞ ജീപ്പുകളാണ് കൂടുതലായി കാണപ്പെടുന്ന വാഹനം. പച്ചക്കറി ചുമന്നുവരുന്ന കോവര്‍ കഴുതകളെ നിരത്തില്‍ എപ്പോഴും കാണാം. വളരെ ഉച്ചത്തില്‍ സിനിമാ ഗാനങ്ങള്‍ മുഴങ്ങുന്ന ചായ കടകളും രജനീകാന്തിന്റെയും കമലഹാസന്റെയുമൊക്കെ വലിയ പോസ്റ്ററുകള്‍ പതിപ്പിച്ച ബാര്‍ബര്‍ ഷോപ്പുകളും വട്ടവടയിലെ കൗതുക കാഴ്ചകളാണ്.


Vattavada, Munnar, Idukki, Kerala


12 വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നിനെത്തുന്ന നീലകുറിഞ്ഞിയുടെ ഈ സ്വന്തം ഗ്രാമത്തിന് പറയുവാന്‍ കഥകള്‍ ഏറെയുണ്ട്. കുറിഞ്ഞി മല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് വട്ടവടയിലാണ്. കുറിഞ്ഞിയുടെ പൂക്കാലം ഒരു ഉത്സവമായാണ് ഗ്രാമവാസികള്‍ കൊണ്ടാടുന്നത്. പൂജകളും ബലിയര്‍പ്പണവുമൊക്കെ ഗ്രാമീണര്‍ നടത്തുന്നു. കുറിഞ്ഞിയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം പച്ചക്കറി ഗ്രാമമെന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ച വട്ടവട കുറെ മലനിരകളാല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. താഴ്‌വാരത്തിനോടുചേര്‍ന്ന് അല്പം ഉയരത്തില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നു. . പഞ്ചായത്തിലെ കമ്പക്കല്‍, കടവരി പ്രദേശങ്ങള്‍ മുന്‍പ് കഞ്ചാവിന് പ്രശസ്തിയാര്‍ജിച്ച മേഖലകളായിരുന്നു.

അടുക്കടുക്കായി കാണപ്പെടുന്ന കൊച്ചു കൃഷിയിടങ്ങളാണ് ഗ്രാമത്തിന്റ ഏറ്റവും വലിയ പ്രത്യേകത. കാരറ്റും ബീറ്റ്‌റൂട്ടും കാബേജും ഉരുളക്കിഴങ്ങുമൊക്കെ വിളയുന്ന കൃഷിയിടങ്ങളാണവ. പച്ചക്കറിതോട്ടങ്ങളുടെയും കൃഷിക്കായി ഒരുക്കിയിരിക്കുന്ന ഭൂമിയുടെയുമൊക്കെ വിദൂരകാഴ്ച അതിമനോഹരമാണ്. ഗ്രാമവാസികള്‍ കൃഷി ചെയ്യുന്നതിനുമുണ്ട്് പ്രത്യേകത. അടുത്തടുത്ത തടങ്ങളില്‍ വ്യത്യസ്ത പച്ചക്കറികളാണ് ഇവര്‍ വിളയിക്കുന്നത്. ഒന്നില്‍ ഉരുളകിഴങ്ങാണെങ്കില്‍ മറ്റൊന്നില്‍ വെളുത്തുള്ളി. രാസവളങ്ങളുടെ ഉപയോഗം തീരെ കുറവാണ്. കൃഷിയിടങ്ങളിലൂടെ സര്‍വ്വസമയവും ജോലിയില്‍ വ്യാപൃതരായി നടക്കുന്ന പണിയാളര്‍ കേരളത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ച്ചയാണ്.


Vattavada, Munnar, Idukki, Kerala


വട്ടവടയിലെ പ്രധാന വ്യാരകേന്ദ്രങ്ങളിലൊന്നായ കൊട്ടക്കാമ്പൂര്‍ ഗ്രാമം അവസാനിക്കുന്ന കുന്നിന്‍ മുകളില്‍നിന്നുമുള്ള കൃഷിഭൂമിയുടെ കാഴ്ച വര്‍ണ്ണനാതീതമാണ്. കഥകളില്‍ കേട്ടു പരിചിതമായ ഏതോ അത്ഭുത ലോകത്ത് എത്തിയതു പോലെ. ചുറ്റിനും വളരെ ദൂരേയ്ക്ക് വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍, അവയ്ക്കിരുവശത്തും വന്‍കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. ലോകത്തിന്റെ എറ്റവും അറ്റത്തുള്ള മുനമ്പില്‍ നില്‍ക്കുന്ന അനുഭൂതിയാണ് ആ കാഴ്ചകള്‍ പകര്‍ന്നുനല്‍കിയത്. അങ്ങു ദൂരെ മലനിരകള്‍ ഒത്തുചേരുന്ന പ്രദേശത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന് വിശ്വവസിക്കുവാന്‍ പെട്ടന്നെന്തോ മടി തോന്നി. കൃഷിയിടങ്ങളും മലനിരകളും നീലാകാശവുമൊക്കെ ഒരു ചെറിയ കോണില്‍ ഒത്തുചേരുന്നു. ശരിക്കും പ്രകൃതി ഒരുക്കിയിരിക്കുന്ന വലിയൊരു കോട്ട.

വട്ടവടയിലേയ്ക്കുള്ള യാത്രയും അതിമനോഹരമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിന്റെ കുളിരുപറ്റി ഒരു യാത്ര. റോഡിനിരുവശവും കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ചിലയിടങ്ങളിലില്‍ പച്ച പരവതാനി വിരിച്ചതുപോലെ പുല്‍മേടുകള്‍ കാണാം. മാട്ടുപെട്ടി, കുണ്ടള ഡാമുകളുടെ ഭംഗിയും, എക്കോ പോയിന്റെന്ന അത്ഭുതവും, ചെത്തിയൊരിക്കിയതെന്ന് തോന്നലുളവാക്കുന്ന കുളുക്കുമലയുമൊക്കെ യാത്രയില്‍ കൂട്ടിനെത്തുന്നു. മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ വട്ടവടയ്ക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാന്റീസ് മരങ്ങള്‍ വെട്ടിയൊരുക്കി വാഹനത്തില്‍ കയറ്റുവാന്‍ ധൃതി കൂട്ടുന്ന പണിയാളര്‍ ഗ്രാമം അടുക്കാറായെന്ന് വിളിച്ചോതുന്നു. ഏകദേശം നാല് കിലോ മീറ്റര്‍ തമിഴ് നാട് അധീന പ്രദേശത്തുകൂടി സഞ്ചരിച്ചുവേണം വട്ടവടയിലെത്താന്‍.


Vattavada, Munnar, Idukki, Kerala


കൊച്ചുകൃഷിയിടങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന വരമ്പുകളിലൂടെ മണ്ണിന്റെ ഭംഗി ആസ്വദിച്ച് എത്ര സമയം നടന്നുവെന്ന് ഓര്‍മ്മയില്ല. സ്ത്രീകള്‍ വെളുത്തുള്ളികള്‍ വിളവെടുത്ത് ഭംഗിയായി അടുക്കി ഉയര്‍ത്തുന്നത് കുറേ സമയം നോക്കി നിന്നു. രാത്രിയില്‍ കൃഷി നശിപ്പിക്കുവാന്‍ എത്തുന്ന പന്നികളില്‍ നിന്ന് അധ്വാനത്തെ രക്ഷിയ്ക്കുന്നതിനായി കാവലു നില്‍ക്കുന്നവര്‍ക്കായി കാട്ടു കമ്പുകള്‍ ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയിരിക്കുന്ന കൊച്ചുകുടിലുകളില്‍ കയറിയിറങ്ങി.

വിളവെടുക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന്, മണ്ണില്‍ നിന്നുയര്‍ത്തിയ ഉടനെ കൈക്കലാക്കി കൃഷിയിടത്തില്‍ വെച്ചുതന്നെ വൃത്തിയാക്കിയ കാരറ്റിന്റെ രുചിയും ആസ്വദിച്ച് വട്ടവടയോട് വിടചൊല്ലുമ്പോള്‍ കുറിഞ്ഞിയ്ക്കുമപ്പുറം ഒരു കൊച്ചു ഗ്രാമത്തിന്റെ ഒരുപാട് പ്രത്യേകതകളില്‍ അല്പമെങ്കിലും സ്വന്തമാക്കുവാന്‍ സാധിച്ചു എന്ന ലഹരിയിലായിരുന്നു മനസ്സ്. ശരിക്കും ഭൂമിയിലെ പറുദീസ...

Travel Tips
തണുപ്പ് കുറവായതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടതില്ല.
ഗ്രാമത്തില്‍ കേരളാ രീതിയിലുള്ള ആഹാരം ലഭിക്കുവാന്‍ സാദ്ധ്യത കുറവായതിനാല്‍ ഭക്ഷണം കരുതുക.

Location
Vattavada is located in Idukki district near to munnar.

How to reach
Nearest railwaystation: Aluva
Nearest airport : Cochin

Distance chart (approx)
Munnar 42 km
Ernakulam 177 km
Thekkady 147


Text: പ്രിന്‍സ് ജെയിംസ്‌

Saturday, October 20, 2012

മറയൂര്‍ മലമുകളിലൂടെ...



Marayoor, Idukki, Kerala
ആനയും പോത്തും അട്ടയുമുള്ള കാടകങ്ങളിലൂടെയും പച്ചക്കറിപ്പാടങ്ങളിലൂടെയും മൂന്നുദിവസം നടന്നാല്‍ മാത്രമേ മറയൂരില്‍ നിന്നും കൊടൈക്കനനാലിലെത്തുകയുള്ളു. യാത്രയ്ക്കിടെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളുണ്ടെങ്കിലും താമസസൗകര്യം കിട്ടില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ചായപ്പീടികയിലോ കാവല്‍മാടത്തിലോ വേണം രാത്രി ചെലവഴിക്കാന്‍. എന്നാല്‍ തുളച്ചുകയറുന്ന ശൈത്യത്തില്‍ ഇങ്ങനെ കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടേണ്ടി വരും. മാത്രവുമല്ല മലമുകളില്‍ ശീതകാലം തീവ്രമായിക്കഴിഞ്ഞതിനനാല്‍ യാത്രയ്ക്ക് അനുയോജ്യമായ സമയമല്ലെന്ന് പലരും സൂചിപ്പിക്കുകയും ചെയ്തു. പക്ഷെ പരിഭ്രമം തോന്നിയില്ല. കാരണം ഈ കാട്ടുവഴികള്‍ മുന്‍പേ പരിചിതമാണ്. ആദിവാസികളും ഗ്രാമീണരും കഞ്ചാവ് തോട്ടത്തിലെ പണിക്കാരും സഞ്ചരിക്കുന്ന ഈ നടപ്പാതകളിലൂടെ നാലഞ്ചുതവണ വന്നുപോയിട്ടുണ്ട്.
മറയൂരിലെ വാടകമുറിയില്‍ നിന്നും പുലര്‍ച്ചെ തന്നെ കാല്‍നടയാത്രയ്ക്ക് തയ്യാറെടുത്ത് പുറത്തിറങ്ങി. കൊച്ചിയുടെ നഗരാരവങ്ങളില്‍ നിന്നും രണ്ടുദിവസം മുന്‍പാണ് കേരളത്തിന്റെ മഴനിഴല്‍ താഴ്‌വരയായ മറയൂരിലെത്തിയത്. ചന്ദനക്കാടിന്റെ ഗന്ധമറിഞ്ഞ് സമീപത്തെ മലനിരകളിലൂടെയും വെള്ളക്കാട്ടുപോത്തുകളെ കാണാന്‍ കൊതിച്ച് ചിന്നാര്‍ വനന്യജീവിസങ്കേതത്തിലൂടെയും കുറെ അലഞ്ഞു. മലഞ്ചെരിവിലൂടെയുള്ള നടപ്പാതകളിലേക്ക് കയറുംമുന്‍പ് ഒരു ദിവസം മറയൂരില്‍ തങ്ങണമെന്നേ കരുതിയുള്ളു. പക്ഷെ നിനച്ചിരിക്കാതെ വൈകുന്നേരമായപ്പോഴേക്കും താഴ്‌വരയ്ക്കുമീതെ മഴ വീണു. ചുറ്റുപാടുമുള്ള പര്‍വ്വതങ്ങളില്‍ നിന്നും കുതിച്ചെത്തിയ മലവെള്ളം പാമ്പാറിലൂടെ ഒഴുകി. കാലാവസ്ഥ മോശമാവുമോയെന്ന ആശങ്ക മൂലം ഒരുദിവസം കൂടി തങ്ങിയിട്ടാവാം യാത്രയെന്നു കരുതി.
Marayoor, Idukki, Keralaതമിഴ്‌നാടന്‍ കാലാവസ്ഥയാണ് മറയൂരില്‍ നിലനില്‍ക്കുന്നത്. കേരളത്തിന്റെ മറ്റെല്ലാ ഭാഗത്തും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ താഴ്‌വര മഴമേഘങ്ങളുടെ നിഴലിലമര്‍ന്നുകിടക്കും. ഇക്കാലത്ത് നേര്‍ത്ത മഴത്തൂവല്‍ മാത്രമുള്ള താഴ്‌വരയില്‍ ശീതക്കാറ്റ് ആഞ്ഞുവീശിക്കൊണ്ടേയിരിക്കുന്നു. രണ്ടുമാസത്തോളം ഇത് തുടരും. ഈ ഭൂപ്രദേശം പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ സ്ഥിതിചെയ്യുന്നുവെന്നതാണ് ഇതിനുകാരണം. തമിഴ്‌നാട്ടില്‍ മഴ തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷകാലത്ത് മറയൂരിന് മീതേയും കാര്‍മേഘങ്ങളെത്തി ശക്തമായി പെയ്‌തൊഴിയുന്നു. ഉദയത്തിന് മുന്‍പേ കാന്തല്ലൂരിലേക്കുള്ള വീതികുറഞ്ഞ ടാര്‍റോഡിലിറങ്ങി നടന്നു. വഴിയുടെ ഇരുവശങ്ങളിലും കരിമ്പുപാടങ്ങളാണ്. ചില തോട്ടങ്ങളില്‍ വളരെ നേരത്തെ തന്നെ പണിക്കാരെത്തിക്കഴിഞ്ഞിരിക്കുന്നു. പാടത്തുണ്ടാക്കിയിട്ടുള്ള താല്‍ക്കാലിക ഷെഡ്ഡുകളില്‍നനിന്നും ശര്‍ക്കരപ്പാവിന്റെ ഗന്ധം. തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരാണ് പലപ്പോഴും ഇവിടുത്തെ തോട്ടങ്ങളില്‍ ശര്‍ക്കരയുണ്ടാക്കുന്നത്. താഴ്‌വര മുറിച്ചുകടന്ന് കാന്തല്ലൂരിലേക്കുളള മലയടിവാരത്തെത്തി. ഇനിയങ്ങോട്ട് കയറ്റമാണ്. വളഞ്ഞും തിരിഞ്ഞും പാറ വെട്ടിയുണ്ടാക്കിയ റോഡിലൂടെ മുകളിലേക്ക് കയറി. ശിലായുഗകാലത്ത് ഇവിടെ ജീവിച്ചിരുന്ന പ്രാചീന ജനത തെറ്റുകാരായി കണ്ടെത്തുന്നവരെ ഈ പാറക്കെട്ടിലൂടെ താഴെയുള്ള കാട്ടിലേക്ക് ഉരുട്ടിവിട്ടിരുന്നതായി എവിടെയോ വായിച്ചതോര്‍മ്മ വന്നു. മുകളിലേക്ക് കയറുംതോറും തൊട്ടുപിന്നിലുള്ള താഴ്‌വര കൂടുതല്‍ വിശാലമായിക്കൊണ്ടിരുന്നു. കുറച്ചുദൂരം കൂടി മാത്രമേ വഴിപ്പുറങ്ങളില്‍ കരിമ്പുപാടങ്ങള്‍ കാണാന്‍ സാധിച്ചുള്ളു. അതുകഴിഞ്ഞപ്പോഴേക്കും പഴച്ചെടികള്‍ കണ്ടുതുടങ്ങി. പ്ലംസ്, പിച്ചീസ്, മരത്തക്കാളി, മെക്‌സിക്കന്‍ പാഷന്‍ഫ്രൂട്ട് തുടങ്ങിയവയെല്ലാം പഴുത്തുപാകമായി കിടക്കുന്നു. തണുപ്പിന് കട്ടി കൂടിക്കൂടി വരികയാണ്. അന്തരീക്ഷത്തിലെ വ്യതിയാനനത്തിനൊപ്പമാണ് കൃഷിരീതികളിലും മാറ്റമുണ്ടായിരിക്കുന്നത്. വീണ്ടും കുറച്ചുകൂടി മുന്നോട്ടുചെന്നതോടെ പച്ചക്കറിപ്പാടങ്ങള്‍ കണ്ടുതുടങ്ങി. മറയൂരില്‍നിന്നും യാത്രതിരിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കാന്തല്ലൂരിലെത്തി. പഴത്തോട്ടങ്ങളുടെ നാടാണ് കാന്തല്ലൂര്‍. സമീപത്തെ മലഞ്ചെരിവുകളില്‍ ആപ്പിള്‍, ഓറഞ്ച്, ഷെറിമോയ, സബര്‍ജെല്ലി, കിവി ഫ്രൂട്ട്, സ്‌ട്രോബറി, രാജപുളി തുടങ്ങിയവയെല്ലാം നട്ടുവളര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിലേറെയും വാണിജ്യാടിസ്ഥാനനത്തില്‍ കൃഷി ചെയ്യുന്നവയല്ല. ഗ്രാമീണരുടെ ഉപയോഗത്തിനുശേഷം ബാക്കിയുള്ളത് ടൂറിസ്റ്റുകള്‍ക്കും കച്ചവടക്കാര്‍ക്കും വില്‍ക്കുന്നുവെന്ന് മാത്രം. വഴിയോരത്തുകണ്ട കടയില്‍ക്കയറി കുറച്ച് പാഷന്‍ഫ്രൂട്ടും പ്ലംസും മരത്തക്കാളിയും വാങ്ങി തോള്‍സഞ്ചിയിലിട്ടു. ഇനി കുറെ ദൂരം കൂടിക്കഴിഞ്ഞാല്‍ യാത്ര കാട്ടിലൂടെയാണ്. കഴിക്കാനൊന്നും കിട്ടില്ല. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ പുത്തൂര്‍ എന്ന ഗ്രാമമായി. ഗ്രാമമാലിന്യങ്ങള്‍ നിറഞ്ഞ പാതയുടെ വശങ്ങളിലെല്ലാം തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളാണ്. കാരറ്റ്, ബീന്‍സ്, കാബേജ്, ഗ്രീന്‍പീസ്, ഉള്ളി, സവാള, വെളുത്തുള്ളി, കടുക്, മല്ലി തുടങ്ങിയവയെല്ലാം ധാരാളമായി വളര്‍ന്നു നില്‍ക്കുന്നു. പാടങ്ങളില്‍ കമ്പിളിത്തൊപ്പിയും സ്വെറ്ററും ധരിച്ച് നിരവധി പേര്‍ പണിയെടുക്കുന്നുണ്ട്. ഇവിടുത്തെ തൊണ്ണൂറ്റൊന്‍പത് ശതമാനം ഗ്രാമീണരുടെയും ഉപജീവനമാര്‍ഗം കൃഷിയാണ്. പുത്തൂര്‍ വരെ മാത്രമേ വീതിയുള്ള റോഡ് നിര്‍മ്മിച്ചിട്ടുള്ളു.
Marayoor, Idukki, Kerala ഇനിയങ്ങോട്ട് കാടാണ്. അതിനുള്ളിലൂടെ നടപ്പാതകളുണ്ട്. പക്ഷെ, വഴിതെറ്റരുത്. തെറ്റിയാല്‍ ചിലപ്പോള്‍ എത്തിപ്പെടുക കാട്ടിനുള്ളിലെ ഏതെങ്കിലുമൊരു കഞ്ചാവ് തോട്ടത്തിലാവാം. അങ്ങനെയെങ്കില്‍ പോയതുപോലെ മടങ്ങിവരില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു. അവര്‍ ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് നോക്കി. പശ്ചിമഘട്ടത്തിന്റെ ഒരു ശിഖരം മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്നു. അത് കയറിയിറങ്ങിവേണം യാത്ര തുടരാന്‍. ഗ്രാമീണരോട് എളുപ്പവഴികള്‍ ചോദിച്ചറിഞ്ഞശേഷം മുന്നോട്ടു നടന്നു. കാട്ടിനുള്ളിലൂടെ മല കയറിത്തുടങ്ങുമ്പോഴേക്കും കനത്ത മൂടല്‍മഞ്ഞ് വീണിരുന്നു. ശൈത്യകാലമായാല്‍ ഇവിടെയിങ്ങനെയാണ്. ചിലപ്പോള്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാല്‍ മാത്രമേ സൂര്യനെ കാണാനാവുകയുള്ളുവെന്ന് വഴിയ്‌ക്കൊരാള്‍ പറഞ്ഞതോര്‍മ്മിച്ചു. പക്ഷെ ചൂടില്ലാത്തതിനാല്‍ യാത്രയ്ക്ക് സുഖമുണ്ട്. ഇടയ്ക്കിടെ വഴിയോരത്ത് കാട്ടുമുന്തിരി പഴുത്തുനില്‍ക്കുന്നത് കണ്ടു. ഇരുവശത്തുമുള്ള വന്‍മരങ്ങളില്‍ നിന്നും മഞ്ഞുതുള്ളികള്‍ അടര്‍ന്നുവീഴുന്ന ശബ്ദം. മഴ കഴിഞ്ഞ് മരം പെയ്യുന്നതുപോലെ. മുകളിലേക്ക് കയറും തോറും മൂടല്‍മഞ്ഞിന്റെ കട്ടി കൂടിക്കൂടി വന്നു. മഞ്ഞുപെയ്ത്തില്‍ ധരിച്ചിരുന്ന സ്വെറ്റര്‍ നനഞ്ഞിറങ്ങുകയാണ്. മണിക്കൂറുകളായി തുടരുന്ന നടത്തംമൂലം ശരീരത്തിന് ചൂടുള്ളതിനാല്‍ ശൈത്യത്തിന്റെ തീവ്രത അറിയുന്നില്ലെന്നേയുള്ളു. ഒപ്പമുള്ള ചങ്ങാതിമാരും ക്ഷീണിതരല്ല. മഞ്ഞുവീഴ്ചയുടെ ശബ്ദംമാത്രം കേട്ടുകൊണ്ട് കാട്ടിലെ വഴിത്താരയിലൂടെ ജാഗ്രതയോടെയുള്ള മലകയറ്റമാണ്. നടക്കുംതോറും സമീപത്തെ വൃക്ഷങ്ങളുടെ ഉയരം കുറഞ്ഞുവരുന്നതായി കണ്ടു. ഒപ്പം ചെറിയ തോതില്‍ കാറ്റും വീശിത്തുടങ്ങി. അതിന്റെ ഏറ്റക്കുറച്ചിലനനുസരിച്ച് മഞ്ഞുപടലങ്ങള്‍ പൊടുന്നെന അപ്രത്യക്ഷമാവുകയും വീണ്ടും വന്നുമൂടുകയും ചെയ്തു. മരച്ചില്ലകളില്‍ കാറ്റിന്റെ ചൂളംവിളി. മഞ്ഞ് മാറിയ ഒരു നിമിഷത്തെ കാഴ്ചയില്‍, അല്പംകൂടി നടന്നാല്‍ മലമുകളിലെത്തുമെന്ന് മനസ്സിലായി. അന്തരീക്ഷത്തിന് വീണ്ടും കോടമഞ്ഞിന്റെ വെളുത്ത നിറം. ഇപ്പോള്‍ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിപ്പാടിലൂടെ മലയിറങ്ങുകയാണ്. ശരീരത്തിന് വല്ലാതെ ഭാരം കൂടിയതുപോലെ. കാലുകള്‍ വേച്ചുപോകുന്നു. കാറ്റിന്റെ ആരവം ശമിച്ചിട്ടില്ല. അങ്ങനെ നടക്കവെ ഒരു തിരിവിലെത്തിയപ്പോള്‍ മുന്നില്‍പോയ സുഹൃത്ത് പെട്ടെന്ന് നിന്നു. ഏതാണ്ട് അന്‍പതടി അകലെ മഞ്ഞിനനിടയില്‍ ഏതൊക്കെയോ നിഴലുകളനനങ്ങുന്നു. രൂപംവ്യക്തമല്ല. നടപ്പാത പോകുന്ന അതേ ദിശയിലാണ്. മഞ്ഞിന്റെ കനം കൂടിയതിനാല്‍ നിഴലുകള്‍ തീരെ കാണാന്‍ കഴിയാതായി. മുന്‍പൊരിക്കല്‍ ഇതുവഴി കടന്നുപോകുമ്പോള്‍ ഈ പരിസരത്തെവിടെയോ വച്ച് ഒരുകൂട്ടം കാട്ടാനകള്‍ക്ക് മുന്നില്‍പ്പെട്ടിരുന്നു. അന്നുപക്ഷെ, കുറെസമയം ഞങ്ങളെ നോക്കിനിന്ന ശേഷം അവ പുല്‍ക്കാട്ടിലൂടെ നടന്നുപോയി. മന്നവന്‍ചോല നാഷണല്‍പാര്‍ക്കുമായി ചേര്‍ന്നുകിടക്കുന്ന കാടാണ്. ആനയും പോത്തും പുലിയും പന്നിയുമെല്ലാമുണ്ട്. അതുകൊണ്ട് മുന്നോട്ടു നടക്കാന്‍ തോന്നിയില്ല. മഞ്ഞ് തൂത്തെറിയാന്‍ കരുത്തുള്ള ഒരു കാറ്റിന്റെ ശബ്ദം ശ്രവിച്ച് തൊട്ടടുത്തുള്ള പാറക്കൂട്ടത്തിന്റെ ചെരിവിലിരുന്നു.
Marayoor, Idukki, Keralaഎത്രവലിയ കാട്ടിലൂടെയും അപകടഭീതിയേതുമില്ലാതെ ധൈര്യമായി സഞ്ചരിക്കാമെന്ന് സുഹൃത്തും പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ നസീര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മ്മിച്ചു. മൃഗങ്ങള്‍ ഒരിക്കലും നമ്മെ ആക്രമിക്കുകയില്ലത്രെ. കാട്ടിലും നാട്ടിലുമെല്ലാം മനുഷ്യരെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നാണ് നസീറിന്റെ നിലപാട്. കാടനനുഭവങ്ങള്‍ ഒരുപാട് ഉള്ളയാളാണ്. വര്‍ഷത്തില്‍ കൂടുതല്‍ ദിവസങ്ങളിലും കാട്ടിനുള്ളിലായിരിക്കും. പറമ്പിക്കുളം, മസനനഗുഡി, തേക്കടി, ചിന്നാര്‍, ഇരവികുളം, നെല്ലിയാമ്പതി, വാഴച്ചാല്‍... അങ്ങനെ കാടുകളില്‍നിന്നും കാടുകളിലേക്ക് നസീര്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ തവണ കാടിറങ്ങുമ്പോഴും ആന, പോത്ത്, കരടി, കടുവ, പുലി, രാജവെമ്പാല തുടങ്ങിയവയുടെ അനേകം അപൂര്‍വ്വചിത്രങ്ങളുമുണ്ടാവും. നസീര്‍ കാട്ടില്‍ കയറിയാല്‍ മാജിക്ക് കാട്ടിയാണ് ചിത്രങ്ങളെടുക്കുന്നതെന്ന് മറ്റുചില ഫോട്ടോഗ്രാഫര്‍മാര്‍ പറയാറുണ്ട്. എന്തായാലും കാടിന്റെയും കാട്ടുമൃഗങ്ങളുടെയും മനസ്സറിയുന്നതിനും അവയുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള എന്തൊക്കെയോ സിദ്ധികള്‍ ഈ മനുഷ്യനുണ്ടെന്ന് അദ്ദേഹമെടുത്ത ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ തോന്നിപ്പോകും. പെട്ടെന്ന് ചുഴിതിരിഞ്ഞെത്തിയ ഒരു കാറ്റില്‍ പരിസരവും തൊട്ടപ്പുറത്തെ മലഞ്ചെരിവുകളുമെല്ലാം വ്യക്തമായി കണ്ടു. മുന്‍പ് നിഴലനനക്കം കണ്ട ഭാഗത്ത് നാലഞ്ച് ആദിവാസിസ്ത്രീകള്‍ നിശബ്ദരായിരുന്ന് വിറകടുക്കുന്നു. തൊട്ടടുത്തെവിടെയോ ആദിവാസിക്കുടിയുണ്ടാവണം. അവരുടെ പുറത്തുകെട്ടിയിരുന്ന മാറാപ്പില്‍ നിന്നും മുതുവാസമൂഹത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലായി. ഞങ്ങളെ കണ്ടതും വിറകുകെട്ടുകള്‍ ഉപേക്ഷിച്ച് തൊട്ടടുത്തുള്ള മരങ്ങള്‍ക്കിടയിലേക്ക് അവര്‍ ഓടിപ്പോയി. ഇതൊരു പുതിയ അനുഭവമല്ല. പുറംലോകവുമായി സമ്പര്‍ക്കമില്ലാത്ത ആദിവാസികളാണെങ്കില്‍ കാട്ടിനുള്ളില്‍വച്ച് അപരിചിതരെ കണ്ടാല്‍ അകന്നുപോവുകയാണ് പതിവ്. മലയിറങ്ങി നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ പാതയോരത്തു തന്നെ മുതുവാസങ്കേതം കണ്ടു. മണ്ണ് കുഴച്ചുണ്ടാക്കിയ ഭിത്തികളും പുല്ലുമേഞ്ഞ വീടുകളുമാണ് അധികവും. കൂടല്ലാര്‍കുടി എന്നാണ് ഇതിന്റെ പേര്. ഒരു കുടിലിനു മുന്നിലിരുന്ന് ഏതാനും പേര്‍ തീകായുന്നുണ്ട്. സൗഹൃദസംഭാഷണത്തിന് ശ്രമിച്ചെങ്കിലും അവര്‍ വലിയ താല്പര്യം കാട്ടിയില്ല. അല്പംകൂടി നടന്നപ്പോള്‍ താഴ്‌വരയിലെത്തി. അവിടെയുള്ള ഒരു കാട്ടുചോല മുറിച്ചുകടന്നു. വീണ്ടും കയറ്റം. ഇറക്കം. അങ്ങനെ നടക്കവെ വഴി പച്ചക്കറിപ്പാടങ്ങളിലേക്ക് പ്രവേശിച്ചു. വഴിയുടെ ഇരുപുറങ്ങളിലും നിറയെ വെളുത്തുള്ളിയും കാരറ്റും കാബേജും കോളിഫ്‌ളവറും പട്ടാണിയും ഗോതമ്പുമെല്ലാം വളര്‍ന്നു നില്‍ക്കുന്നു. ഇടയ്ക്കിടെ കര്‍ഷകരുടെ സാന്നിധ്യം. ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചിലന്തിയാര്‍, വട്ടവട എന്നീഗ്രാമങ്ങള്‍ കടന്ന് വൈകുന്നേരത്തോടെ കോവിലൂരെത്തി. വൃത്തിഹീനനമായ പാതയുടെ ഇരുപുറവും നിറയെ വീടുകള്‍. താമസിക്കാന്‍ ഹോട്ടലുകളില്ല. വേണമെങ്കില്‍ പഞ്ചായത്ത് ഓഫീസിന്റെയോ സ്‌കൂളിന്റെയോ തിണ്ണയില്‍ കിടന്നുറങ്ങാം. പക്ഷെ അസാധാരണമായ തണുപ്പാണ്. രാത്രി കഴിച്ചുകൂട്ടാന്‍ നന്നേ ക്ലേശിക്കേണ്ടി വരും. വഴിയോരത്തുകണ്ട പുല്ലുമേഞ്ഞ ചായപ്പീടിക ലക്ഷ്യമാക്കി നടന്നു. മുന്‍പ് പലതവണയും ഇതുവഴി വന്നപ്പോള്‍ അവിടെയാണ് കിടന്നുറങ്ങിയത്. താമസിക്കാന്‍ വാടക കൊടുക്കേണ്ടതില്ലെങ്കിലും നാലുപേരുടെ രണ്ടു നേരത്തെ ഭക്ഷണത്തിന് ലഭിക്കുന്ന വിലയാണ് അവരുടെ നേട്ടം. രാത്രിയെപ്പോഴോ കുറച്ചകലെയുള്ള കൃഷിയിടത്തിലെ കാവല്‍മാടത്തില്‍ നിന്നും തുകല്‍വാദ്യം കൊട്ടുന്ന ശബ്ദം കേട്ടു. കാട്ടുപന്നികള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങിയിട്ടുണ്ടാവണം. പുലര്‍ച്ചെ തന്നെ കടുംകാപ്പി കുടിച്ചശേഷം ആവശ്യത്തിന് ഭക്ഷണവും പൊതിഞ്ഞുവാങ്ങി നടന്നു. ഇന്ന് കൂടുതല്‍ മലമുകളിലൂടെയാണ് യാത്ര. ഗ്രാമത്തില്‍നിന്നും മുകളിലേക്കുള്ള ചെറിയ നടപ്പാത വ്യക്തമായി കാണാം. മഞ്ഞില്ലാത്തതിനാല്‍ താഴ്‌വരയും കുന്നിന്‍ചെരിവുകളും കൃഷിയിടങ്ങളുമെല്ലാം തെളിഞ്ഞുകിടക്കുയാണ്. അടുത്തുള്ള പാടങ്ങളില്‍ കമ്പിളിവസ്ത്രം ധരിച്ച ഏതാനും പേര്‍ ജോലിചെയ്യുന്നു. കുറെദൂരം ചെന്നപ്പോള്‍ യാത്ര ഗ്രാന്റിസ് മരങ്ങള്‍ക്കിടയിലൂടെയായി. പിന്നെ കാട്ടിലൂടെയും. കേരളത്തില്‍ ഏറ്റവുമധികം കഞ്ചാവുകൃഷി നടക്കുന്ന കമ്പക്കല്ലിലെ മലമുടികളിലേക്കുള്ള നടപ്പാതയാണ് ഇത്. ഇടയ്‌ക്കൊരു സ്ഥലത്തു നിന്നും തിരിഞ്ഞുവേണം ക്ലാവറയിലേക്ക് പോകാന്‍. സൂര്യനനുദിച്ചപ്പോഴേക്കും ആദ്യമല കയറിക്കഴിഞ്ഞിരുന്നു. പാമ്പാടുംചോല നാഷണല്‍പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന കാട്ടിലൂടെ നടക്കുമ്പോള്‍ കുറച്ചുമുന്നില്‍ ഒരുപറ്റം കാട്ടുപന്നികളെ കണ്ടു. വഴി മുറിച്ചുകടക്കുകയാണ്. തെല്ലകലെയുള്ള കുന്നിന്‍ചെരിവില്‍ ഏതാനും കാട്ടുപോത്തുകള്‍. എത്ര ദൂരം നടന്നുവെന്നറിയില്ല. രണ്ടോമൂന്നോ മലകള്‍കൂടി കയറിയിറങ്ങിയിട്ടുണ്ടാവണം. വഴിയില്‍ ഒരിടത്തിരുന്ന് ഭക്ഷണം കഴിച്ചു. ചോലയിലെ വെള്ളത്തിന് മരവിച്ചുപോകുന്ന തണുപ്പ്. ഒരുഘട്ടത്തില്‍ ഏറെദൂരത്തേക്ക് ഇറക്കം മാത്രമായി. ഇടയ്ക്ക് പരിസരത്തെ പൈന്‍മരക്കാട്ടിലിരുന്ന് അല്പസമയം വിശ്രമിച്ചു. തെല്ലപ്പുറത്തുള്ള കാട്ടില്‍ നിന്നും ആനച്ചൂരടിക്കുകയും ഞെരിയൊടിയുന്നതിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തപ്പോള്‍ തിരക്കിട്ട് എഴുന്നേറ്റു നടന്നു. ഇറക്കം അവസാനിക്കുന്നതിന് മുന്‍പുതന്നെ പച്ചക്കറിപ്പാടങ്ങളായി. കാട്ടിനുള്ളില്‍ എവിടെവച്ചോ തമിഴ്‌നാട്ടില്‍ പ്രവേശിച്ചിരുന്നു. മലയിറങ്ങിയെത്തിയത് താഴ്‌വരയിലുള്ള ക്ലാവറ എന്ന ഗ്രാമത്തിലേക്കാണ്. അതുകഴിഞ്ഞാല്‍ കവിഞ്ചി. രണ്ടിടത്തും പച്ചക്കറികൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണധികവും. ക്ലാവറ മുതല്‍, വാഹനങ്ങള്‍ ഓടുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുണ്ട്. പക്ഷെ ബസുകളില്ല. കുത്തനെയുള്ള കയറ്റിറക്കങ്ങളില്ലാത്ത വളഞ്ഞുതിരിഞ്ഞ റോഡിലൂടെ നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ മലമുകളില്‍ നിന്നും കനത്ത മൂടല്‍മഞ്ഞ് അടിവാരത്തേക്ക് ഇറങ്ങിവരുന്നത് കണ്ടു. താമസിയാതെ അത് കൃഷിയിടങ്ങളെയും മലമ്പാതകളെയുമെല്ലാം വന്നുമൂടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ മൂന്നുമണിയായപ്പോഴേക്കും പൂണ്ടി എന്ന ഗ്രാമത്തിലെത്തി. ഏറെസമയം കാത്തിരുന്നിട്ടും മഞ്ഞ് മാറുകയോ ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ കഴിയുകയോ ചെയ്തില്ല. ഒരു സുഹൃത്തിന്റെ ഫാംഹൗസിലായിരുന്നു പൂണ്ടിയിലെ രാത്രി കഴിച്ചുകൂട്ടിയത്. നടത്തത്തിന്റെ ക്ഷീണം മൂലം പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി. കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു. രാവിലെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ സമീപപ്രദേശങ്ങള്‍ വ്യക്തമായി കാണാം. മഞ്ഞിന്റെ നേര്‍ത്തൊരു മൂടല്‍ മാത്രമേയുള്ളു. കുന്നിന്‍ചെരിവുകളിലെല്ലാം തട്ടു തട്ടായി തിരിച്ച കൃഷിയിടങ്ങള്‍... താഴ്‌വരയില്‍ കാട്ടരുവിയും അതിന്റെ തീരത്ത് ചോലക്കാടുകളും... കണ്ണെത്താദൂരത്തോളം അനേകം മലനിരകള്‍... അതിന്റെ ഓരങ്ങളില്‍ പേരറിയാത്ത ഏതൊക്കെയോ ഗ്രാമങ്ങള്‍... തണുപ്പിനെ അതിജീവിക്കാന്‍ കട്ടിയുള്ള കുപ്പായമിട്ട് പാതയോരങ്ങളിലൂടെ കൃഷിസ്ഥലത്തേക്ക് പോകുന്നവര്‍... അവര്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍, ദൂരെ കിഴക്കന്‍മലകള്‍ക്ക് മീതേ ഉദയത്തിന്റെ നിറംമാറ്റം കണ്ടു. പൂണ്ടിയില്‍ നിന്നും കൊടൈക്കനാലിലേക്ക് ബസ് സര്‍വീസുണ്ട്. പക്ഷെ വേണ്ടെന്ന് തീരുമാനിച്ചു. കാട്ടുപുല്ലിന്റെയും പൂക്കളുടെയും കാറ്റിന്റെയും ഗന്ധമറിഞ്ഞുള്ള ഈ യാത്രയ്‌ക്കൊരു സുഖമുണ്ട്. മുഷിഞ്ഞുവാടിയ മനുഷ്യഗന്ധം നിറഞ്ഞ ബസിനുള്ളില്‍ നിന്നും അതൊരിക്കലും ലഭിക്കില്ല. കുറെക്കഴിഞ്ഞപ്പോള്‍ പ്രധാന പാതവിട്ട് കുറുക്കുവഴികളിലൂടെയായി യാത്ര. കൊളോണിയല്‍കാലത്ത് നട്ടുവളര്‍ത്തിയ പൈന്‍മരക്കാടുകളുടെ തണല്‍. പിന്നെ യൂക്കാലിപ്റ്റസ് പ്ലാന്റേഷനിലേക്ക് കടന്നു. ചില സ്ഥലങ്ങളില്‍ കൂറ്റന്‍മരങ്ങള്‍ വെട്ടി നീക്കുകയാണ്. അരിഞ്ഞുവീഴ്ത്തിയ മരത്തിന്റെ അവയവങ്ങള്‍ ഛേദിച്ച്, മുറിച്ചടുക്കി ലോറികളില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോകുന്നു. പണിക്കാരിലേറെയും മലയാളികളാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവര്‍. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ പോയി പണിയെടുക്കുന്നു. മലയാളികള്‍ തമിഴ്‌നാട്ടിലെത്തി തടിവലിക്കുന്നു. ഈ ദേശാന്തരയാത്രകള്‍ എന്തിനു വേണ്ടിയാവും. ആവോ, കാരണം അന്വേഷിക്കാന്‍ മെനക്കെട്ടില്ല. പ്രതീക്ഷിച്ചതിലും നേരത്തെതന്നെ കൊടൈക്കനാലിലെത്തി.
സീസണായതിനാല്‍ എല്ലായിടത്തും ടൂറിസ്റ്റുകളുടെ തിരക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്വസിച്ച വായുവിന്റെയും കണ്ട കാഴ്ചയുടെയും ശുദ്ധി എവിടെയോ നഷ്ടമായിരിക്കുന്നു. തൊപ്പിത്തൂക്കിപ്പാറയിലെ കാറ്റിന്റെ മുഴക്കത്തിനു വേണ്ടി കാതോര്‍ത്തും ഗുണാപോയിന്റിലെ ഇരുളടഞ്ഞ വഴികളിലൂടെ നടന്നും കുറെസമയം ചെലവഴിച്ചു. പിന്നെ, ആത്മഹത്യാമുനമ്പിന്റെ ഓരത്തിരുന്ന് കാഴ്ച കണ്ടു. പാറക്കെട്ടും മാമരങ്ങളും നിറഞ്ഞ താഴ്‌വരകള്‍. എത്രയോ പേര്‍ ഇവിടെ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. ആത്മഹത്യ ഭീരുത്വമാണെന്ന് പറഞ്ഞത് ആരാണ്. മരണം തുടിക്കുന്ന ഈ താഴ്‌വരയുടെ ശൂന്യതയിലേക്ക് ചാടാന്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും. അറിയില്ല. ഭക്ഷണം കഴിച്ചശേഷം ആത്മഹത്യാമുനമ്പിന്റെ ചെരിവിലൂടെ ഇറങ്ങിനടന്നു. താഴ്‌വരയിലെവിടെയോ ഉള്ള വെള്ളഗവി എന്ന ഗ്രാമമാണ് ലക്ഷ്യം. മുന്‍പ് പലതവണ മൂന്നാറില്‍ നിന്നും മറയൂരില്‍ നിന്നും കൊടൈക്കനാല്‍ വരെ നടന്നെത്തിയിട്ടുണ്ട്. പക്ഷെ വെള്ളഗവിയിലേക്ക് ഇതാദ്യമാണ്. കഴിഞ്ഞ യാത്രയില്‍ ഇവിടെ വച്ചുകണ്ട ഒരു സായ്പില്‍നിന്നാണ് വെള്ളഗവിയെകുറിച്ച് അറിഞ്ഞത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന ഗ്രാമം. അടുത്ത യാത്രയില്‍ ആ ഗ്രാമഭൂമിയിലൂടെ അലഞ്ഞു നടക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.

സ്വന്തം നാടിനെക്കുറിച്ച് പോലും നമ്മള്‍ വിദേശികളില്‍ നിന്നും അറിയുന്നു. അത്ഭുതം തന്നെ. കുറെദൂരം സബര്‍ജെല്ലിയും ആപ്പിള്‍മരങ്ങളും നിറഞ്ഞ തോട്ടത്തിലൂടെയായിരുന്നു യാത്ര. പിന്നെ കാടായി. കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ കുത്തിറക്കത്തിലൂടെ രണ്ടുമണിക്കൂറെങ്കിലും നടന്നിട്ടുണ്ടാവണം വെള്ളഗവിയിലെത്താന്‍. ഇവിടെ വീടുകളെല്ലാം അടുത്തടുത്താണ്. ഗ്രാമകവാടം കടന്നാല്‍ ചെരിപ്പിടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഊരിക്കയ്യില്‍ പിടിക്കണം. ഞങ്ങളുടെ അറിവില്ലായ്മയോട് ഗ്രാമവാസികള്‍ ക്ഷമിച്ചു. കരിങ്കല്‍ പാകിയ ഗ്രാമവഴിയുടെ ഇരുപുറങ്ങളിലൂമായി നൂറ്റൊന്നു വീടുകള്‍. എത്രയോ തലമുറകളായി ഇവരിവിടെ ജീവിക്കുന്നു. ഒരു ചായപ്പീടിക പോലുമില്ല. പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഒന്നുകില്‍ മലകയറി കൊടൈക്കനാലിലെത്തണം. അല്ലെങ്കില്‍ അടിവാരത്തുള്ള പെരിയകുളത്ത്. രണ്ടിടത്തേക്കും സമദൂരമാണ്. വഴിപോക്കരെങ്ങാനും അക്രമം കാട്ടിയാല്‍ ഗ്രാമകവാടത്തില്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറുകൊണ്ടടിക്കും. ഗ്രാമത്തിലാര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ മഞ്ചലിലിരുത്തി നടപ്പാതയിറങ്ങി പെരിയകുളത്തെ ആശുപത്രിയിലേക്ക് പോകും. പക്ഷെ ഓരോ വീട്ടില്‍ നിന്നും ഒരാള്‍വീതം ഇതിെനാപ്പം പോകണമെന്നാണ് വിശ്വാസം. അങ്ങനെ ചില രാത്രികളില്‍ വെള്ളഗവിയില്‍ നിന്നും മലയിറങ്ങിയെത്തുന്ന കൂറ്റന്‍ ജാഥകള്‍ പെരിയകുളത്തെ ആശുപത്രികളിലേക്കെത്തും. അന്നുരാത്രി വെള്ളഗവിയുടെ വിശ്വാസങ്ങളുടെയും ആചാരാനനുഷ്ഠാനങ്ങളുടെയും കഥകേട്ട് അവിടുത്തെ ആളൊഴിഞ്ഞ ഒരു വീട്ടിലുറങ്ങി. ഗ്രാമത്തിലെ ഒരുസംഘം ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയെണീറ്റ് പെരിയകുളത്തേക്ക് നടന്നു. ചൂടുവീണപ്പോഴേക്കും അടിവാരത്തെത്തി. കടന്നുപോന്ന ദിക്കിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു, പിന്നില്‍ പശ്ചിമഘട്ടത്തിന്റെ ഉത്തുംഗത. 


Text&Photos:Manoj Mathirappally