Sunday, May 5, 2013

'ന്റെ ങ്ങക്ക് ങ്ങടെ ഞാനെഴുതണത്...'

സത്യന്‍ അന്തിക്കാട്‌

ഇരട്ടക്കുട്ടികളെ കുറച്ചു ദൂരെയുള്ള കോളേജില്‍ ചേര്‍ത്ത് തിരിച്ചുപോരുമ്പോള്‍ ഞാനവരോടു പറഞ്ഞു:
''സാധിച്ചാല്‍ ദിവസവും വിളിക്കണം. വീട്ടിലെ ഫോണില്‍ കിട്ടുന്നില്ലെങ്കില്‍ എന്റെ മൊബൈലിലേക്ക്.''
അവരുടെ പ്രായത്തില്‍ ഒരു പരിചയവുമില്ലാത്ത മദ്രാസ് നഗരത്തിലേക്ക് ഞാന്‍ സിനിമ പഠിക്കാന്‍ വണ്ടി കയറി. അന്ന് ആഴ്ചയില്‍ ഒരു കത്തെങ്കിലും അയയ്ക്കണമെന്നായിരുന്നു വീട്ടില്‍നിന്നുള്ള നിര്‍ദേശം.

''നിന്റെ കത്തുവരാന്‍ വൈകുമ്പോള്‍ ഞാന്‍ തൃപ്രയാര്‍ ക്ഷേത്രത്തിലൊന്നു പോകും. തൊഴുത് തിരിച്ചെത്തിയാല്‍ ഉറപ്പാണ്, പിറ്റേന്ന് കത്തുമായി പോസ്റ്റുമാന്റെ വരവുണ്ടാകും.'' എന്റെ അച്ഛന്റെ വിശ്വാസമായിരുന്നു അത്. എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു പകല്‍നേരത്ത് പെട്ടെന്ന് അച്ഛനങ്ങു പോയി. വര്‍ഷങ്ങള്‍ക്കുശേഷം പഴയ പെട്ടികള്‍ ഒതുക്കിവെക്കുമ്പോള്‍ അച്ഛനെഴുതിയ കത്തുകളുടെ ഒരു കെട്ട്!
ഒരു കൗതുകത്തിനു ഞാനതൊക്കെ വീണ്ടുമെടുത്ത് വായിച്ചു.

ആദ്യം വായിക്കുമ്പോള്‍ തോന്നിയതിലും കൂടുതല്‍ സ്‌നേഹം ഓരോ വാക്കുകളിലും തുടിച്ചുനില്‍ക്കുന്നതായി തോന്നി.
വീട്ടിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങള്‍പോലും അച്ഛന്‍ എഴുതിയിരുന്നു.
വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി. അച്ഛന്റെ എഴുത്തിലെ വരികള്‍ ഇപ്പോഴും എന്റെ കണ്ണിലുണ്ട്. കണ്ണീര്‍ ഗ്രന്ഥികളില്‍ അത് പതുക്കെ തൊടുന്നുമുണ്ട്.

ഇന്നെന്റെ മക്കളോട് ഫോണിലൂടെ പ്രകടിപ്പിക്കുന്ന സ്‌നേഹവായ്പുകള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ പിന്നീട് അവര്‍ ഓര്‍ക്കുമോ?
എങ്ങനെ ഓര്‍ക്കാന്‍?
എന്റെ വാക്കുകള്‍ക്കു മീതെ എത്രയെത്ര കാര്യങ്ങള്‍ അവര്‍ കേള്‍ക്കാനിരിക്കുന്നു! മൊബൈല്‍ ഫോണിലെ received callന്റൈ വിധിതന്നെ അവയ്ക്കും. പുതിയ ശബ്ദങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക.

കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരു കാമുകന്റെ മൊബൈല്‍ ഞാന്‍ കൈവശം വെക്കാനിടയായി. കോളുകളുടേയും മെസ്സേജുകളുടേയും പെരുമഴ. ഒടുവില്‍ വന്ന SMS ഞാനൊന്നു വായിച്ചുനോക്കി-
What's happening? Why you are not responding to my call or mail...
പൊള്ളലേറ്റപോലെ ഫോണ്‍ തിരിച്ചേല്‍പ്പിച്ച് ഞാന്‍ ചോദിച്ചു:
''നിങ്ങള്‍ തമ്മില്‍ കത്തിടപാടൊന്നുമില്ലേ?''
''എന്തിന്? വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഇതുപോലെ sms അയയ്ക്കും. കാര്യം മനസ്സിലാവുമല്ലോ.''
എന്റെ തലമുറയുടെ സൗഭാഗ്യത്തെക്കുറിച്ച് ഞാനപ്പോള്‍ ഓര്‍ത്തുപോയി.
നീലക്കടലാസില്‍ കഴിയാവുന്നത്ര ഭംഗിയുള്ള അക്ഷരങ്ങളില്‍ പകര്‍ത്തിവെക്കുന്ന മനസ്സ്. കത്ത് പോസ്റ്റുചെയ്താല്‍ പിന്നെ മറുപടിക്കായി ദിവസങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ്.
ദൂരെ പോസ്റ്റുമാന്റെ നിഴലു കണ്ടാല്‍ ഉയരുന്ന ഹൃദയതാളം...
ഇതൊന്നും ഈ തലമുറയ്ക്കു മനസ്സിലാകുന്ന കാര്യങ്ങളല്ല.

'അപ്പുണ്ണി' എന്ന സിനിമ റിലീസായപ്പോള്‍ അതിന്റെ കഥാകൃത്തായ വി.കെ.എന്‍. എനിക്കെഴുതി: ''അപ്പുണ്ണി കണ്ടു. അഭ്രത്തില്‍ അവനൊരു കാവ്യമായി മാറി. പ്രൊഡ്യൂസറോടു പറഞ്ഞ് അല്പംകൂടി ദ്രവ്യം എത്തിച്ചാല്‍ നന്ന്.'' ഫോണിലൂടെ പറഞ്ഞതാണെങ്കില്‍ ഈ വരികള്‍ എന്റെ ഓര്‍മയില്‍ നില്‍ക്കില്ലായിരുന്നു. (വി.കെ.എന്‍. മാതൃഭൂമിക്കയച്ച ഒരു കത്തിലെ വിലാസത്തെപ്പറ്റി ഒരു കഥ പ്രചാരത്തിലുണ്ട്. കവറിന്റെ പുറത്ത് പത്രാധിപര്‍, മാതൃഭൂമി, കോഴിക്കോട് ഒന്ന് - ഏറിയാല്‍ രണ്ട് എന്നാണത്രെ എഴുതിയിരുന്നത്. രണ്ടിനപ്പുറം പോവില്ല എന്നര്‍ഥം. ഇരിക്കട്ടെ പോസ്റ്റുമാനും ഒരു നുറുങ്ങുതമാശ എന്ന് വി.കെ.എന്‍. കരുതിക്കാണും).

കത്തെഴുത്ത് ഒരു കലയാണ്. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ മറന്നുപോകാന്‍ പാടില്ലാത്ത കല. ഇത് ഒരുഭാഗത്തു മാത്രം നിന്നുള്ള കാഴ്ചയായി കാണരുത്. കീബോര്‍ഡില്‍ വിരലൊന്നമര്‍ത്തിയാല്‍ ലോകം മുഴുവന്‍ മുമ്പിലെത്തുന്ന ഇക്കാലത്ത് കത്തെഴുതി സമയം കളയുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. വേണമെന്ന് തോന്നുമ്പോള്‍ വേണ്ടപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കരികിലെത്താം. എല്ലാം ശരിതന്നെ. പക്ഷേ, ഓര്‍മിച്ചുവെക്കാവുന്ന വൈകാരികമായ ഒരനുഭവം കത്തുകള്‍ക്ക് നല്‍കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദുബായില്‍ കച്ചവടം ചെയ്യുന്ന പുയ്യാപ്ലയ്ക്ക് മലപ്പുറത്തുനിന്ന് ബീവി എഴുതി.
''ന്റെ ങ്ങക്ക് ങ്ങടെ ഞാനെഴുതണത്...''
അതിനെ വേണമെങ്കില്‍ to my beloved from your sweet heart എന്നൊക്കെ മൊഴിമാറ്റം ചെയ്ത് ഇ-മെയിലിലാക്കാം. എന്നാലും 'ന്റെ ങ്ങക്ക് ങ്ങടെ ഞാന്‍' എന്ന പ്രയോഗത്തിന് പകരമാകുമോ? അതിലൊരു ആത്മാവുണ്ട്. സ്‌നേഹസമ്പന്നയായ ഒരു ഭാര്യയുടെ നിറഞ്ഞുതുളുമ്പുന്ന ഹൃദയമുണ്ട്.
ഒരാളുടെ മനസ്സിലെ ഭാവങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി പകര്‍ത്തിവെക്കുന്നു എന്ന അര്‍ഥത്തില്‍ നോക്കിയാല്‍ ഓരോ കത്തും സാഹിത്യരചനകളാണ്. നിങ്ങളറിയാതെ നിങ്ങളിലെ എഴുത്തുകാരനോ എഴുത്തുകാരിയോ പുറത്തുവരുന്ന നിമിഷങ്ങള്‍.
കത്തുകളുടെ രൂപത്തില്‍ ചില വിഖ്യാത കഥകള്‍തന്നെ ഉണ്ടായിട്ടുണ്ട്. 'കാതല്‍കോട്ടൈ' എന്ന പ്രസിദ്ധമായ സിനിമയുടെ വിഷയം തൂലികാ സൗഹൃദമായിരുന്നു. കത്തുകള്‍ കാലഹരണപ്പെട്ടതോടെ അത്തരം സിനിമകളും കഥകളും ആരും ആലോചിക്കാതായി.
പുതിയ തലമുറയെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് ഒരു ഓര്‍മപ്പെടുത്തലായി ഇതിനെ കണ്ടാല്‍ മതി. ഈ കമ്പ്യൂട്ടര്‍യുഗത്തിലും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തയച്ചു നോക്കൂ. ദിവസവും ഫോണ്‍ ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ദൂരെയുള്ള അച്ഛനോ അമ്മയ്‌ക്കോ ഒന്നെഴുതിനോക്കൂ. അതിലൂടെ നിങ്ങളുടെ സ്‌നേഹത്തിന്റെ സ്​പര്‍ശം അവരറിയും.

രഘുനാഥ് പലേരി എന്റെ ഒരടുത്ത സുഹൃത്താണ്. പലേരിയുടെ പല കത്തുകളും ഞാന്‍ സൂക്ഷിച്ചുവെക്കും. ഗൃഹലക്ഷ്മിയിലെ അനുഭവക്കുറിപ്പുകള്‍ വായിക്കുന്നവര്‍ക്ക് പലേരിയുടെ ഭാഷയുടെ സൗന്ദര്യം മനസ്സിലാകും.

'പൊന്‍മുട്ടയിടുന്ന താറാവ്' എന്ന സിനിമയുടെ ആദ്യത്തെ പരസ്യം വന്നപ്പോള്‍ അതില്‍ തിരക്കഥാകൃത്തായ രഘുവിന്റെ പേര് ഇല്ല. മദ്രാസില്‍ സിനിമയുടെ അവസാന മിനുക്കുപണികളിലായിരുന്നതുകൊണ്ട് ഞാനത് ശ്രദ്ധിച്ചുമില്ല. മറന്നതോ മനപ്പൂര്‍വം ഒഴിവാക്കിയതോ എന്നറിയാന്‍ രഘു എനിക്കെഴുതി. ഞാനുടനെത്തന്നെ വിതരണക്കാരുടെ ഓഫീസില്‍ വിളിച്ചന്വേഷിച്ചു.

''കോമഡി ചിത്രമായതുകൊണ്ട് സാറിന്റെ പേരുമാത്രം വച്ചാല്‍ മതിയെന്നു വിചാരിച്ചു. രഘുനാഥ് പലേരി 'ഒന്നുമുതല്‍ പൂജ്യം വരെ' പോലുള്ള സീരിയസ് കഥകളെഴുതിയ ആളല്ലേ'' എന്ന് മാനേജരുടെ മറുപടി. തിരുത്താനുള്ള നിര്‍ദേശം കൊടുത്തതിനുശേഷം ആ വിവരം ഞാന്‍ രഘുവിനെ അറിയിച്ചപ്പോള്‍ രണ്ടുവരിയുള്ള രഘുവിന്റെ കത്ത് -
''നമ്മള്‍ ഒരുമിച്ച് ഇനിയൊരു സീരിയസ്സ് സിനിമ ചെയ്യും. അതില്‍ എഴുത്തുകാരനായ എന്റെ പേര് മാത്രമേ കാണൂ. കോമഡി സംവിധായകനായ സത്യന്റെ പേര് ഉണ്ടാവില്ല.''
യുവത്വത്തിന്റെ തിളക്കത്തില്‍ കത്തെഴുത്ത് ഒരു പഴഞ്ചന്‍ ശൈലിയല്ലേ എന്നു തോന്നുക സ്വാഭാവികം. പക്ഷേ, യൗവനം കാലത്തിനു കാഴ്ച വെച്ചു കടന്നുപോകുമ്പോള്‍ ജീവിതത്തിന്റെ താളുകളില്‍ ഓര്‍മിക്കാനെന്തെങ്കിലും കുറിച്ചു വെക്കേണ്ടേ?

സൗഹൃദത്തിനും സ്‌നേഹത്തിനും പ്രണയത്തിനുമൊക്കെ ഒരു ലിഖിതരേഖ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ പക്ഷം. പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലടിക്കായി നമുക്ക് ഇനിയും കാതോര്‍ക്കാം.
(ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ നിന്ന്)

No comments: