Showing posts with label 3D. Show all posts
Showing posts with label 3D. Show all posts

Sunday, February 6, 2011

ഗൂഗിള്‍ എര്‍ത്തില്‍ മരങ്ങളും !!!

Street View Google Earth
മരങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെന്ത് കാര്യം. പുതിയ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ചാല്‍ അക്കാര്യം മനസ്സിലാകും. ലോകത്തെ അതേപോലെ ഇന്റര്‍നെറ്റില്‍ പുനരവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത ഗൂഗിള്‍ എര്‍ത്ത് പുതിയ അത്ഭുതങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. ആദ്യം ഭൂമിയുടെ മൊത്തത്തിലുള്ള ചിത്രവും പിന്നീട് പാതയോരങ്ങളും സൃഷ്ടിച്ച ഗൂഗിള്‍ ഇത്തവണ അതാതു സ്ഥലങ്ങളിലെ മരങ്ങളെ അതേപോലെ ത്രീഡി ചിത്രങ്ങളായി പുനസൃഷ്ടിച്ചിരിക്കുന്നു. അതോടെ ഇത്രയും കാലം കെട്ടിടങ്ങളുടേയും പാതകളുടേയും അരികത്ത് വെറുതെ നിന്ന മരങ്ങള്‍ക്കും ഗൂഗിള്‍ എര്‍ത്ത് മോക്ഷം നല്‍കി. നമ്മള്‍ നടന്നുപോകുന്ന വഴി കാണുന്ന മരങ്ങള്‍ അതേപോലെ ഇനി ഗൂഗിള്‍ എര്‍ത്തിലും കണ്ടെടുക്കാമെന്നു സാരം.

ഭൂമിയിലുള്ള ഏതാണ്ട് എട്ടുകോടി മരങ്ങളുമായാണ് ഗൂഗിള്‍ എര്‍ത്തിന്റെ ആറാം പതിപ്പിന്റെ വരവ്. ആതന്‍സ്, ബെര്‍ലിന്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ എന്നിവിടങ്ങളിലെ മരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മരങ്ങള്‍ക്ക് തല്‍ക്കാലം അതിനുള്ള ഭാഗ്യമില്ല. ആമസോണ്‍ കണ്‍സര്‍വേഷന്‍ ടീമിന്റേയും, ഗ്രീന്‍ബെല്‍റ്റ് മൂവ്‌മെന്റിന്റെയും, കോണിബയോ തുടങ്ങിയ സംഘടനകളുടേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ പദ്ധതി തയ്യാറാക്കിയത്.

യാത്രക്കുള്ള മുന്നൊരുക്കങ്ങളിലും ഏതെങ്കിലും ഒരു സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാനുമൊക്കെ ഇന്ന് നിരവധിപേര്‍ ഉപയോഗിക്കുന്ന സര്‍വീസ് ആണ് ഗൂഗിള്‍ എര്‍ത്ത്. അതിന്റെ 6.0 പതിപ്പില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ മുഴുവനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റേതൊ ഒരു ലോകത്തുനിന്ന് ഭൂമിയിലെ ഒരു നഗരത്തിലെത്തി സ്ഥലങ്ങള്‍ ചുറ്റി നടന്ന് കാണുന്ന പ്രതീതിയായിരുന്നു സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചപ്പോള്‍ മുതല്‍ നമ്മള്‍ അനുഭവിച്ചു പോന്നത്.
Street View Google Earth

അതേ അമാനുഷിക അനുഭവം ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ പതിപ്പില്‍ അവതരിക്കുന്നതോടെ ഗൂഗിള്‍ എര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കരുതപ്പെടുന്നത്. സ്‌ക്രീനിന്റെ വലത്തു ഭാഗത്തുനിന്നും പെഗ്മാന്‍ (LINK : http://google-latlong.blogspot.com/2008/11/happier-travels-through-street-view.html) എടുത്ത് നീലനിറത്തില്‍ ഹൈലൈറ്റ് ചെയ്ത സ്ട്രീറ്റിലെവിടെയെങ്കിലും വച്ചാല്‍ മതി നമ്മള്‍ പറക്കും തളികയിലെന്ന പോലെ അവിടെയെത്തിച്ചേരും. പിന്നീട് മൗസ് പോയിന്ററും സ്‌ക്രോള്‍ വീലുമുപയോഗിച്ച് നഗരപ്രദക്ഷിണമാകാം.

ഹിസ്റ്റോറിക്കല്‍ ഇമേജറി എന്ന സംവിധാനം കൂടുതല്‍ ലളിതമാക്കിയിട്ടുമുണ്ട് ഈ പതിപ്പില്‍. 1945 ലെ ലണ്ടന്‍ നഗരമോ ന്യൂയോര്‍ക്കോ ആസ്വദിക്കണമെങ്കില്‍ സ്റ്റാറ്റസ് ബാറിലെ സ്‌കെയിലില്‍ ആവശ്യമുള്ള വര്‍ഷം തിരഞ്ഞെടുത്താല്‍ എളുപ്പത്തില്‍ അന്നത്തെ ചിത്രം ലഭിക്കുന്ന തരത്തിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് ചരിത്രത്തിലെ മഹാത്ഭുതമായ ഗൂഗിള്‍ എര്‍ത്തിന് ഒരു സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ജീവിതത്തില്‍ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട്. നമുക്ക് ഉപയോഗപ്രദമായ രീതിയില്‍ ഒരു വെര്‍ച്വല്‍ ലോകം തന്നെ സൃഷ്ടിച്ച ഗൂഗിള്‍ പരിസ്ഥിതിക്കുകൂടി പ്രാധാന്യം നല്‍കി അതിനെ യാഥാര്‍ത്ഥ ലോകത്തോട് കൂടുതല്‍ അടുപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെ 'അരയാലും ആല്‍ത്തറയുമായി'. ഇനി പുഴകളും കാട്ടരുവികളുമൊക്കെ വരാനായി കാത്തിരിക്കാം.