Showing posts with label Google Earth. Show all posts
Showing posts with label Google Earth. Show all posts

Tuesday, December 25, 2012

Google Tricks

Zerg Rush

Zerg Rush എന്ന് ഗൂഗിളില്‍ വെറുതേ ഒന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ. ലഭിയ്ക്കുന്ന റിസല്‍ട്ടുകള്‍ എല്ലാം തന്നെ കുറേ O കള്‍ വന്നു തിന്നു തീര്‍ക്കുന്നത് കാണാം. ഈ അപകടകാരികളായ O കളെ ക്ലിക്ക് ചെയ്ത് ഇല്ലാതാക്കാന്‍ നമുക്ക് സാധിയ്ക്കും. നിങ്ങള്‍ കൊന്ന ശത്രുക്കളുടെ എണ്ണവും, അവയെ നശിപ്പിയ്ക്കാന്‍ നിങ്ങള്‍ ആകെ ചെയ്ത ക്ലിക്കുകളുടെ എണ്ണവും വലതു വശത്ത് കാണാന്‍ സാധിയ്ക്കും.നിങ്ങള്‍ പരാജയപ്പെട്ടാല്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള O കള്‍ നിങ്ങളുടെ സെര്‍ച്ച് റിസല്‍ട്ടുകള്‍ മുഴുവന്‍ തിന്നു തീര്‍ക്കും. എന്നിട്ട് അവയെല്ലാം ചേര്‍ന്ന് GG എന്ന രൂപത്തിലാകും. നിങ്ങള്‍ക്ക് ഈ സ്‌കോര്‍ ഗൂഗിള്‍ പ്ലസില്‍ പങ്കു വയ്ക്കുകയോ നിങ്ങളുടെ സെര്‍ച്ച് റിസല്‍ട്ടുകളിലേയ്ക്ക് പോകുകയോ ചെയ്യാം.

Flight Simulator

ഒരു യുദ്ധവിമാനം പറത്തിയാലോ? അതിനും ഗൂഗിളുണ്ട്. ഗൂഗിള്‍ എര്‍ത്ത് ഉപയോഗിയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ ജെറ്റ് വിമാനത്തിലേറി ഭൂമിയെ വലം വയ്ക്കാന്‍ സാധിയ്ക്കും. ഈ സൗകര്യം ഉപയോഗിയ്ക്കാനായി ടൂള്‍സ് മെനുവില്‍ കയറി എന്റര്‍ ഫ്‌ലൈറ്റ് സിമുലേറ്റര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. എവിടെ നിന്ന് പറന്നു തുടങ്ങണമെന്നും, ഏത് വിമാനം വേണമെന്നും ഒക്കെ നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം. മാത്രമല്ല ജോയ്‌സ്റ്റിക്ക് മോഡ് ഉപയോഗപ്പെടുത്തിയും വിമാനത്തെ നിയന്ത്രിയ്ക്കാനാകും.

Barrel Roll

ഗൂഗിളിന്റെ മറ്റൊരു രസികന്‍ ട്രിക്കാണിത്. do a barrel roll എന്ന് വെറുതെ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ സെര്‍ച്ച് റിസല്‍ട്ടുകളടക്കം പേജ് ഒരു 360 ഡിഗ്രി കറങ്ങി വന്ന് നേരെ നില്‍ക്കും. രസികന്‍ സംഗതിയാണ്. പേജ് റിഫ്രെഷ് ചെയ്താല്‍ വീണ്ടും വീണ്ടും ഈ പരിപാടി കാണാം.

Price range in search

നിങ്ങള്‍ക്ക് ഒരു ലാപ്‌ടോപ് വാങ്ങണം. പക്ഷെ നിങ്ങളുടെ ബജറ്റ് 25000 രൂപ വരെയാണ്. അത് കൊണ്ട് തന്നെ സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നതും ആ വിലനിലവാരത്തിലുള്ള റിസല്‍ട്ടുകളായിരിയ്്ക്കും. അതിനും ഗൂഗിളില്‍ വഴിയുണ്ട്. Laptop Rs 20000...25000 എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. നിങ്ങള്‍ ഉദ്ദേശിച്ച റിസല്‍ട്ടുകള്‍ തന്നെ കിട്ടും.ഇനി ഏത് വസ്തുവാണെങ്കിലും, അതിന്റെ പേരും വിലയുടെ ലെവലും, Product Rs X...Y എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മതി.

Snake

70കളില്‍ പ്രചാരത്തിലായ സ്‌നെയ്ക്ക് ഗെയിം നിങ്ങള്‍ക്ക് യൂട്യൂബില്‍ കളിയ്ക്കാമെന്ന കാര്യം അറിയാമോ? ഒരു വീഡിയോ ബഫര്‍ ചെയ്യുന്ന സമയത്ത് അതിനെ പോസ് ചെയ്ത് വച്ചിട്ട് മുകളിലോട്ടുള്ള ആരോ കീ അമര്‍ത്തുക. എന്നിട്ട് ഉടനെ തന്നെ വലത്തോട്ടോ, ഇടത്തോട്ടോ ,താഴോട്ടോ ഉള്ള ആരോ കീ അമര്‍ത്തുക. കളി തുടങ്ങും. ഴേണമെങ്കില്‍ ഫുള്‍ സ്‌ക്രീനിലും ഈ കളി കളിയ്ക്കാവുന്നതാണ്.

Sunday, February 6, 2011

ഗൂഗിള്‍ എര്‍ത്തില്‍ മരങ്ങളും !!!

Street View Google Earth
മരങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെന്ത് കാര്യം. പുതിയ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ചാല്‍ അക്കാര്യം മനസ്സിലാകും. ലോകത്തെ അതേപോലെ ഇന്റര്‍നെറ്റില്‍ പുനരവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത ഗൂഗിള്‍ എര്‍ത്ത് പുതിയ അത്ഭുതങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. ആദ്യം ഭൂമിയുടെ മൊത്തത്തിലുള്ള ചിത്രവും പിന്നീട് പാതയോരങ്ങളും സൃഷ്ടിച്ച ഗൂഗിള്‍ ഇത്തവണ അതാതു സ്ഥലങ്ങളിലെ മരങ്ങളെ അതേപോലെ ത്രീഡി ചിത്രങ്ങളായി പുനസൃഷ്ടിച്ചിരിക്കുന്നു. അതോടെ ഇത്രയും കാലം കെട്ടിടങ്ങളുടേയും പാതകളുടേയും അരികത്ത് വെറുതെ നിന്ന മരങ്ങള്‍ക്കും ഗൂഗിള്‍ എര്‍ത്ത് മോക്ഷം നല്‍കി. നമ്മള്‍ നടന്നുപോകുന്ന വഴി കാണുന്ന മരങ്ങള്‍ അതേപോലെ ഇനി ഗൂഗിള്‍ എര്‍ത്തിലും കണ്ടെടുക്കാമെന്നു സാരം.

ഭൂമിയിലുള്ള ഏതാണ്ട് എട്ടുകോടി മരങ്ങളുമായാണ് ഗൂഗിള്‍ എര്‍ത്തിന്റെ ആറാം പതിപ്പിന്റെ വരവ്. ആതന്‍സ്, ബെര്‍ലിന്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ എന്നിവിടങ്ങളിലെ മരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മരങ്ങള്‍ക്ക് തല്‍ക്കാലം അതിനുള്ള ഭാഗ്യമില്ല. ആമസോണ്‍ കണ്‍സര്‍വേഷന്‍ ടീമിന്റേയും, ഗ്രീന്‍ബെല്‍റ്റ് മൂവ്‌മെന്റിന്റെയും, കോണിബയോ തുടങ്ങിയ സംഘടനകളുടേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ പദ്ധതി തയ്യാറാക്കിയത്.

യാത്രക്കുള്ള മുന്നൊരുക്കങ്ങളിലും ഏതെങ്കിലും ഒരു സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാനുമൊക്കെ ഇന്ന് നിരവധിപേര്‍ ഉപയോഗിക്കുന്ന സര്‍വീസ് ആണ് ഗൂഗിള്‍ എര്‍ത്ത്. അതിന്റെ 6.0 പതിപ്പില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ മുഴുവനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റേതൊ ഒരു ലോകത്തുനിന്ന് ഭൂമിയിലെ ഒരു നഗരത്തിലെത്തി സ്ഥലങ്ങള്‍ ചുറ്റി നടന്ന് കാണുന്ന പ്രതീതിയായിരുന്നു സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചപ്പോള്‍ മുതല്‍ നമ്മള്‍ അനുഭവിച്ചു പോന്നത്.
Street View Google Earth

അതേ അമാനുഷിക അനുഭവം ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ പതിപ്പില്‍ അവതരിക്കുന്നതോടെ ഗൂഗിള്‍ എര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കരുതപ്പെടുന്നത്. സ്‌ക്രീനിന്റെ വലത്തു ഭാഗത്തുനിന്നും പെഗ്മാന്‍ (LINK : http://google-latlong.blogspot.com/2008/11/happier-travels-through-street-view.html) എടുത്ത് നീലനിറത്തില്‍ ഹൈലൈറ്റ് ചെയ്ത സ്ട്രീറ്റിലെവിടെയെങ്കിലും വച്ചാല്‍ മതി നമ്മള്‍ പറക്കും തളികയിലെന്ന പോലെ അവിടെയെത്തിച്ചേരും. പിന്നീട് മൗസ് പോയിന്ററും സ്‌ക്രോള്‍ വീലുമുപയോഗിച്ച് നഗരപ്രദക്ഷിണമാകാം.

ഹിസ്റ്റോറിക്കല്‍ ഇമേജറി എന്ന സംവിധാനം കൂടുതല്‍ ലളിതമാക്കിയിട്ടുമുണ്ട് ഈ പതിപ്പില്‍. 1945 ലെ ലണ്ടന്‍ നഗരമോ ന്യൂയോര്‍ക്കോ ആസ്വദിക്കണമെങ്കില്‍ സ്റ്റാറ്റസ് ബാറിലെ സ്‌കെയിലില്‍ ആവശ്യമുള്ള വര്‍ഷം തിരഞ്ഞെടുത്താല്‍ എളുപ്പത്തില്‍ അന്നത്തെ ചിത്രം ലഭിക്കുന്ന തരത്തിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് ചരിത്രത്തിലെ മഹാത്ഭുതമായ ഗൂഗിള്‍ എര്‍ത്തിന് ഒരു സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ജീവിതത്തില്‍ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട്. നമുക്ക് ഉപയോഗപ്രദമായ രീതിയില്‍ ഒരു വെര്‍ച്വല്‍ ലോകം തന്നെ സൃഷ്ടിച്ച ഗൂഗിള്‍ പരിസ്ഥിതിക്കുകൂടി പ്രാധാന്യം നല്‍കി അതിനെ യാഥാര്‍ത്ഥ ലോകത്തോട് കൂടുതല്‍ അടുപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെ 'അരയാലും ആല്‍ത്തറയുമായി'. ഇനി പുഴകളും കാട്ടരുവികളുമൊക്കെ വരാനായി കാത്തിരിക്കാം.