Showing posts with label Interest. Show all posts
Showing posts with label Interest. Show all posts

Wednesday, June 1, 2011

ക്രെഡിറ്റ് കാര്‍ഡിന് ഗുണങ്ങളുമുണ്ട്‌

Benefits of Credit Cards
ണ്ട്, പണം ബാങ്കില്‍ പോയി പിന്‍വലിച്ചിരുന്ന കാലത്ത് ചെലവിന് കൃത്യമായ കണക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എടിഎമ്മുകളും ക്രെഡിറ്റ് കാര്‍ഡുമൊക്കെ രംഗത്തെത്തിയതോടെ പണം ചെലവഴിക്കുന്നതില്‍ പുതിയ തലമുറയ്ക്ക് ഒരു ലിമിറ്റുമില്ല. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഇല്ലാത്ത പണം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെലവഴിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ വിജയകരമായി ഫിനാന്‍ഷ്യല്‍ പ്ലാനിങ് നടത്തും? ഏതൊരു മധ്യവര്‍ഗ കുടുംബനാഥനും മക്കളുടെ ചെലവിനെക്കുറിച്ച് പറയുന്നാതാണിത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചിലവിനെ അത്രകണ്ട് പേടിക്കേണ്ടതുണ്ടോ?

ഒരവസരത്തില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യത കുറഞ്ഞു വരുന്ന അവസരമാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവ് കടബാധ്യതയില്‍ കൊണ്ടെത്തിച്ചേക്കുമോ എന്ന സംശയമാണ് ചെറുപ്പക്കാരെപ്പോലും കാര്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിര്‍ത്തുന്നത്. ഒട്ടേറെപ്പേര്‍ ക്രെഡിറ്റ് കാര്‍ഡ് ബോധപൂര്‍വം വേണ്ടെന്ന് വെയ്ക്കുന്നുണ്ട്. പക്ഷെ ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് തീരുമാനിക്കും മുന്‍പ് മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്.

വരവില്‍ കവിഞ്ഞ ചെലവ്, അത് കാര്‍ഡ് ഉപയോഗിച്ചായാലും മറ്റേത് രീതിയിലായാലും, ഉപഭോക്താവിനെ കടക്കെണിയിലാക്കുക തന്നെ ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ ഷോപ്പിങ്ങിനും മുന്‍പെ ആവശ്യമുള്ള സാധനമാണോ വാങ്ങുന്നതെന്ന് സ്വയം തീര്‍ച്ചപ്പെടുത്തുകയാണ് വേണ്ടത്. വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ചെലവാക്കിയാല്‍ അത് തിരിച്ചടക്കുക ദുഷ്‌ക്കരമായിരിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.

എതാണ്ട് അമ്പത് ദിവസം വരെ ക്രെഡിറ്റ് കാലാവധി ലഭിക്കുമെന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഷോപ്പിങ് മുഴുവനായി നടത്തുന്നതെങ്കില്‍ ഒരോ മാസത്തെയും ചെലവ് കൃത്യമായി കണക്കാക്കാന്‍ കഴിയും. ഇതുവഴി അനാവശ്യ ചെലവുകള്‍ ഒഴിവാക്കി കുടുംബ/ വ്യക്തിഗത ബ്ജറ്റ് ക്രമപ്പെടുത്താന്‍ ശ്രമിക്കണം.

കൈയിലുള്ള പൈസ ചെലവാക്കുന്നതിന് കണക്കുള്ളത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിനും കൃത്യമായ പരിധി നിശ്ചയിക്കുകയാണെങ്കില്‍ കാര്‍ഡ് ബുദ്ധിപൂര്‍വം ഉപയോഗിക്കാം. കൂടാതെ കൈയില്‍ ആവശ്യത്തിലധികം കാശ് കൊണ്ടുനടക്കേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. രാജ്യത്തിനകത്തും പുറത്തും ഒരുപാട് യാത്ര ചെയ്യുന്നവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വളരെ ഉപയോഗപ്രദമാണ്.

ക്രെഡിറ്റ് കാര്‍ഡായാലും ഡെബിറ്റ് കാര്‍ഡായാലും സംഗതി പ്ലാസ്റ്റിക്ക് മണി തന്നെയാണ്. ഉത്തരവാദിത്വത്തോടു കൂടി ഉപയോഗിച്ചില്ലെങ്കില്‍ കൈയിലെ കാശു തീരുമെന്നതില്‍ സംശയമില്ല. കടം വാങ്ങി ചെലവാക്കിയ തുക സമയപരിധിക്കുള്ളില്‍ ബാങ്കിന് നല്‍കിയില്ലെങ്കില്‍ കുരുക്കില്‍പ്പെട്ടത് തന്നെ.

ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നല്‍കുന്ന തുകയ്ക്ക് വലിയ പലിശയാണ് ഇടാക്കുക എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്്. വാഹന വായ്പയ്ക്ക് 9.25 - 15 ശതമാനവും വിദ്യാഭ്യാസ വായ്പയ്ക്ക് 10.50-14 ശതമാനവും സ്വര്‍ണ വായ്പയ്ക്ക് 11.25 - 24 ശതമാനവുമാണ് പലിശയെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലെ വാര്‍ഷിക പലിശ ഫലത്തില്‍ 33 മുതല്‍ 45 ശതമാനം വരെയാണ്. അതിനാല്‍ വായ്പാ ആവശ്യത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

അതേസമയം, ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഗുണങ്ങളും പോരായ്മകളുമുണ്ട്. അമിതമായ തുക കൈയില്‍ കൊണ്ട് നടക്കേണ്ടെന്ന സൗകര്യം ഡെബിറ്റ് കാര്‍ഡും നല്‍കുന്നുണ്ടെങ്കിലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഒരോ ഷോപ്പിങ്ങിലും തങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് കാലിയായി കൊണ്ടിരിക്കുകയാണെന്ന് ഉപയോക്താവ് മറക്കരുത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വ്യക്തമായ ഫിനാന്‍ഷ്യല്‍ പ്ലാനുള്ള വ്യക്തിക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാലും യാതൊരു പ്രശ്‌നവുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയും. അപ്പോള്‍ പ്രശ്‌നം കാര്‍ഡുകളുടേതല്ല, പ്ലാനിങ്ങിന്റെ തന്നെയാണ്. 

courtesy:mathrubhumi