Showing posts with label info. Show all posts
Showing posts with label info. Show all posts

Sunday, April 14, 2013

ഇരിങ്ങാലക്കുട

ഇന്നസെന്റ്‌

ഒ.വി. വിജയന്‍ ഇരിങ്ങാലക്കുട എന്നപേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട് എന്ന് സത്യന്‍ അന്തിക്കാടാണ് എന്നോട് പറഞ്ഞത്. ഇരിങ്ങാലക്കുടയിലൂടെ ഞങ്ങള്‍ ഒന്നിച്ചുള്ള ഏതോ ഒരു യാത്രയ്ക്കിടയിലാണ് സത്യന്‍ ഇത് പറഞ്ഞത് എന്നാണ് എന്റെ ഓര്‍മ. ഞാന്‍ ആ കഥ വായിച്ചിട്ടില്ല. എന്റെ ഇരിങ്ങാലക്കുട ഒരു വലിയ കഥയായും അനുഭവമായും എനിക്കുമുന്നില്‍ നിറഞ്ഞുനില്ക്കുന്നു.

സിനിമാനടനായി അല്പസ്വല്പം സമ്പാദ്യമൊക്കെയായപ്പോള്‍ മുതല്‍ പലരും ചോദിക്കാറുള്ള ചോദ്യമാണ്: 'എന്താ നാട്ടില്‍ത്തന്നെ താമസിക്കുന്നത്?' സിനിമയില്‍ പച്ചപിടിച്ചാല്‍ മദിരാശിയിലൊരു വീട് എന്നത് പഴയകാലം തൊട്ടുള്ള പതിവായതുകൊണ്ടാണ് പലരും അങ്ങനെ ചോദിക്കുന്നത്. എന്നാല്‍, സൗജന്യമായി ഒരു ബംഗ്ലാവ് പണിതുതന്നാലും എനിക്ക് ഇരിങ്ങാലക്കുടയുടെ അതിരുകള്‍ വിട്ട് ഭൂമിയില്‍ ഒരിടത്തേക്കും എന്നന്നേക്കുമായി പോവാന്‍ സാധിക്കില്ല. കാരണം, ഞാന്‍ തോറ്റുതോറ്റിരുന്ന സ്‌കൂളുകള്‍ ഇവിടെയാണ്, തോല്ക്കാനായി മാത്രം അങ്ങോട്ടു ഞാന്‍ നടന്ന പലപല വഴികള്‍ ഇവിടെയാണ്. ജീവിതത്തിന്റെ ഗതിയെങ്ങോട്ട് എന്നറിയാതെ എന്റെ യൗവനം പിടച്ചിലോടെ അലഞ്ഞത് ഈ മണ്ണിലാണ്. പലപല വേഷങ്ങള്‍കെട്ടി പരാജയപ്പെട്ട് ഞാന്‍ തിരിച്ചുവന്നിറങ്ങി തലചായ്ച്ചത് ഇവിടെയാണ്. പിന്നെ, എന്റെ പ്രിയപ്പെട്ട അപ്പനും അമ്മയും ഉറങ്ങുന്നത് ഈ ദേശത്താണ്. പിന്നെ ഞാന്‍ എങ്ങോട്ടുപോകാന്‍? പോയാല്‍ത്തന്നെ എത്രദൂരം?

കാവുകളും കുളങ്ങളും കൂടല്‍മാണിക്യക്ഷേത്രവും കുരിശുചൂടി നില്ക്കുന്ന പള്ളികളും പൂരങ്ങളും പിണ്ടിപ്പെരുന്നാളും തഴച്ചുവളരുന്ന തൊടികളും കൃഷിനിറഞ്ഞ വയലുകളുമുള്ള ഒരു അദ്ഭുതദേശമായിരുന്നു എന്റെ കുട്ടിക്കാലത്തെ ഇരിങ്ങാലക്കുട. വീട്ടിലിരുന്ന് ചെവിയോര്‍ത്താല്‍ വയലില്‍ കന്നുപൂട്ടുന്നതിന്റെ ശബ്ദംകേള്‍ക്കാം. ഞാറ്റുപാട്ടിന്റെ നേരിയ ഈണം കേള്‍ക്കാം. പാടത്തെ ചെളിയുടെ മണം വരും. പച്ചനിറത്തിലുള്ള വരമ്പില്‍ വെള്ളക്കൊക്കുകള്‍ നിരന്നിരിക്കും. ഇരുകരയിലും തെങ്ങിന്‍നിരകള്‍. എല്ലാം ചേരുമ്പോള്‍ പാടത്ത് ഒരു നൃത്തമാണ് നടക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ നൃത്തം ആസ്വദിച്ചുകൊണ്ട് ഞാന്‍ കല്ലേലില്‍ത്തോട്ടില്‍പ്പോയി നീന്താന്‍ പഠിച്ചു. രാവിലെ ഏഴുമണിമുതല്‍ ഒമ്പതുവരെ കാഴ്ചകണ്ടാനന്ദിച്ചു.

എനിക്കോര്‍മവെക്കുമ്പോള്‍ മങ്ങാടിക്കുന്നിന്റെ തൊട്ടുതാഴെയായിരുന്നു ഞങ്ങളുടെ വീട്. അപ്പനും ഇളയപ്പനും പിന്നീട് ഭാഗം പിരിഞ്ഞു. അപ്പോള്‍ അപ്പന്‍ വീടുപണി തുടങ്ങി. കുറച്ചുകാലം ഞങ്ങള്‍ക്ക് വാടകപ്പുരയില്‍ താമസിക്കേണ്ടിവന്നു. ആ വീട്ടുമുറ്റത്ത് ചാഞ്ഞുകിടക്കുന്ന ഒരു പ്ലാവുണ്ടായിരുന്നു. വീട്ടിനകത്താകെ കുട്ടിക്കൂറ പൗഡറിന്റെ മണമായിരുന്നു. ഞായറാഴ്ച പള്ളിയില്‍ പോവുന്നതിന്റെ മണം. ഞാന്‍ എന്തുകൊണ്ടോ പലപ്പോഴും വീടിനു പിറകില്‍ ചെന്നിരിക്കും. അപ്പോള്‍, ഇരുട്ടിലൂടെ കുറുക്കന്മാര്‍ ഓരിയിട്ടുകൊണ്ട് ഓടിപ്പോകുന്നത് അമ്മ കാണിച്ചുതരും. നേരം വെളുക്കുന്നതോടെ കുറുക്കന്മാരെല്ലാം മങ്ങാടിക്കുന്നില്‍ കയറി ഒളിക്കും.

പിന്നെ ഞങ്ങള്‍ സ്വന്തം വീട്ടിലേക്കുമാറി. കോണ്‍വെന്റിലേക്കും സ്‌കൂളിലേക്കും ചേച്ചിയുടെ പാവാട പിടിച്ചു പോകും. അന്ന് സ്‌കൂളില്‍ എന്തു ചടങ്ങുണ്ടെങ്കിലും പ്രസംഗിക്കാന്‍ വരുന്നത് വികാരിയച്ചനായിരിക്കും. മാസത്തില്‍ ഒന്നോ രണ്ടോ തവണയുണ്ടാകും ഇത്. അറുബോറന്‍ പ്രസംഗം കാഴ്ചവെച്ചിട്ടേ അച്ചന്‍ പോകൂ. അച്ചന് വേദികിട്ടാന്‍ നല്ല ബുദ്ധിമുട്ടുണ്ട് എന്നകാര്യം എനിക്ക് അന്നേ മനസ്സിലായി. അവിടെപ്പഠിച്ച നാലുകൊല്ലം ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടു. ഒന്നും മനസ്സിലായില്ല. പിന്നീട് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴും ഞാന്‍ ഈ അച്ചനെ കണ്ടു. പള്ളീലെ പ്രസംഗങ്ങള്‍ കേട്ടു. പക്ഷേ, ഒന്നും മനസ്സിലായില്ല.

പ്രസംഗം കഴിഞ്ഞാല്‍ നാടകമുണ്ട്. സ്ത്രീകള്‍ മാത്രമായിരിക്കും അഭിനയിക്കുന്നത്. ചെറിയ പെട്ടിവെച്ച് തുണിയൊക്കെയിട്ട് തിരിച്ച് മതാവിന്റെ പാട്ടുപാടിയുള്ള ഡാന്‍സ് നാടകത്തിനിടയിലുണ്ടാകും. ക്രിസ്തു മരിച്ചുകഴിഞ്ഞ് മാതാവ് ഡാന്‍സ് ചെയ്യുന്ന രംഗം കണ്ട് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. ആ ഡാന്‍സിന്റെ ചലനങ്ങള്‍ മുഴുവന്‍ കൊഴപ്പമായിരുന്നു. വടക്കുമ്പാടന്‍ എന്ന് വീട്ടുപേരുള്ള സുന്ദരിയായ ഒരു സ്ത്രീയായിരുന്നു ആ ഡാന്‍സ് ചെയ്തിരുന്നത്. അവര്‍ ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. പെണ്ണുങ്ങള്‍ തന്നെ മണവാളനും മണവാട്ടിയുമായെത്തുന്ന ആ നാടകം കണ്ട ഒരാള്‍പോലും ഒരു സിനിമാനടനോ നാടകനടനോ ആയിട്ടുണ്ടാവില്ല, തീര്‍ച്ച. അഭിനയം എന്ന കലയെ അവര്‍ അത്ര വെറുത്തിരിക്കും.

നാടകം മൊത്തത്തില്‍ ബോറടിയായിരുന്നെങ്കിലും അതില്‍ പെണ്ണുകാണാന്‍ വരുന്ന ഒരു സീനുണ്ട്. അതെനിക്കിഷ്ടമായിരുന്നു. 'എന്നാല്‍ ഇനി ചെറുക്കന്‍ കാപ്പികുടിക്യാ' എന്നു പറഞ്ഞുകഴിയുമ്പോഴേക്കും ആവിപറക്കുന്ന പുട്ടിന്റെ ഒരട്ടി സ്റ്റേജില്‍ കൊണ്ടുവന്നുവെക്കും. നാടകരംഗത്തേക്കാള്‍ ഒരു ചായപ്പീടികപോലെയാണ് അപ്പോള്‍ എനിക്ക് വേദിയെ തോന്നിയിരുന്നത്. വിശന്ന് പൊരിഞ്ഞിരിക്കുകയായിരിക്കും ഞാന്‍. വീട്ടില്‍പ്പോയാലും വലുതായിട്ടൊന്നും ഉണ്ടാവില്ല. പുട്ടിന്റെ ആ കാഴ്ചകണ്ട് എന്റെ വായില്‍ വെള്ളംനിറയും.

ഓരോ തവണയും നാടകം കഴിഞ്ഞാല്‍ അല്പസമയം ഞാന്‍ അവിടെത്തന്നെ നില്ക്കും. ഈ പുട്ടൊക്കെ ഇവര്‍ എന്തുചെയ്യും ദൈവമേ? എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സംശയം. ഭക്ഷണത്തോട് അന്നും ഇന്നും എനിക്ക് അത്യാര്‍ത്തിയില്ല.

പക്ഷേ, പട്ടിണി വലിയൊരു പ്രശ്‌നംതന്നെയായിരുന്നു. ഹിന്ദുസംസ്‌കാരത്തില്‍ വളര്‍ന്നവരാണ് ഇരിങ്ങാലക്കുടയിലെ ക്രിസ്ത്യാനികള്‍ എന്ന് പൊതുവേ പറയാം. ക്ഷേത്രവുമായി ബന്ധപ്പെട്ട കാഴ്ചകളും ശബ്ദങ്ങളുമായിരുന്നു ചുറ്റും. തച്ചുടകൈമളെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്ന കാഴ്ച, കൂടല്‍മാണിക്യക്ഷേത്രത്തിലെ ശംഖുവിളിയും നേംവെടിയും പള്ളിവേട്ടയും ആറാട്ടും... നിരന്നു കത്തുന്ന പന്തങ്ങള്‍, അവയില്‍ എണ്ണപകരുമ്പോഴുള്ള മണം. പന്തത്തിന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടങ്ങള്‍... ഇവയെല്ലാം എന്നും ചുറ്റിലുമുണ്ടായിരുന്നു. കൂടല്‍മാണിക്യക്ഷേത്രത്തിന്റെ ഏറ്റവും അകത്ത് ക്രിസ്ത്യാനികള്‍ക്ക് കയറാന്‍ പാടില്ല. പക്ഷേ, ഞാനും എന്റെ സുഹൃത്തുംകൂടി ചിലപ്പോള്‍ പോകും. ക്ഷേത്രത്തില്‍ കടക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പേരുമാറ്റും. നീ രാമന്‍, ഞാന്‍ കൃഷ്ണന്‍. നിന്റച്ഛന്‍ പ്രഭാകരന്‍, എന്റച്ഛന്‍ രാഘവന്‍. അമ്പലത്തില്‍ കയറിയ ഉടന്‍ ഞങ്ങള്‍ പരസ്​പരം ചോദിക്കും:
'രാമാ നിനക്ക് സുഖല്ലേ?'
'അതേടാ കൃഷ്ണാ, നിന്റച്ഛന്‍ പ്രഭാകരനെ കാണാറില്ലല്ലോ.'
'നിന്റച്ഛന്‍ രാഘവനോ?'
ഒരിക്കല്‍ ഈ സംഭാഷണത്തിനിടെ ഇരുട്ടില്‍നിന്ന് ഒരു ചിരി കേട്ടു. കെ.വി. രാമനാഥന്‍ മാഷായിരുന്നു അത്. ഞങ്ങളുടെ സംസാരം കേട്ട് അദ്ദേഹത്തിന് ചിരിപൊട്ടിയതാണ്. ഇപ്പോഴും മാഷ് കാണുമ്പോള്‍ നേരിയ ചിരിയോടെ ചോദിക്കും:
'അച്ഛന്‍ പ്രഭാകരന് സുഖല്ലേ?'
ഇരിങ്ങാലക്കുടയിലെ ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ദൂരെനിന്ന് കാണാന്‍ മാത്രമേ എന്റെ കുട്ടിക്കാലത്ത് യോഗമുണ്ടായിരുന്നുള്ളൂ. കാശില്ലാത്തതുകൊണ്ട് ഒന്നും വാങ്ങിയ ഓര്‍മ എനിക്കില്ല. എല്ലാം കണ്ടുകണ്ടങ്ങനെ നടക്കും. കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവത്തിന്റെയും പടിഞ്ഞാറെപ്പള്ളിയും കിഴക്കെപ്പള്ളിയും ചേര്‍ന്ന പിണ്ടിപ്പെരുന്നാളിന്റെയും ചേലൂര്‍ പള്ളിയിലെയും കാട്ടൂര്‍ പള്ളിയിലെയും പെരുന്നാളിന്റെയും വഴികളെല്ലാം എനിക്ക് പരിചിതമായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ പാമ്പുകളിക്കാരനെക്കാണും, അവിടെ കുറേ നില്ക്കും. തൊട്ടപ്പുറത്ത് പാത്രം പൊട്ടിയാല്‍ ഒട്ടിക്കുന്ന സാധനം വില്ക്കുന്നയാള്‍. അവിടെയും കുറേ നില്ക്കും. ഇതില്‍പ്പലര്‍ക്കും എന്നെ കണ്ടുകണ്ട് പരിചയമായിരിക്കും. മിക്കവരും ചിരിക്കും. കാശുകൊടുക്കാന്‍ നേരത്ത് വലിയുന്നവനാണ് ഇവന്‍ എന്നറിഞ്ഞുകൊണ്ടാണ് ആ ചിരി.
അങ്ങനെ നടക്കുമ്പോള്‍ ഒരു സ്ഥലത്ത് തുണികൊണ്ട് മറച്ച ഒരു മുറി കണ്ടു. അതിനുള്ളില്‍ ഒരു പാട്ടവിളക്ക് കത്തിയിരുന്നു. പണക്കാരായവര്‍ പുറത്ത് കാത്തുനില്ക്കുന്നു. കൈരേഖനോക്കുന്ന സ്ഥലമാണ്. പെട്ടെന്നാണ് ഒരാള്‍ മറപൊളിച്ച് പുറത്തേക്കു തെറിച്ചുവീണത്. അയാള്‍ കൈരേഖക്കാരന്റെ കഴുത്തിന് കുത്തിപ്പിടിച്ചിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എനിക്ക് പരിചയമുള്ള മുഖമാണ്; വാസു. പൊര്‍ത്തുശ്ശേരിയിലെ കള്ള്ഷാപ്പില്‍ കൂട്ടാന്‍കച്ചവടം ചെയ്യുന്നയാള്‍. വാസു നിന്ന് കിതയ്ക്കുകയാണ്. രംഗം ഒന്നയഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. വാസു കൈരേഖനോക്കാന്‍ കയറിയതായിരുന്നു. രേഖ നോക്കിനോക്കി അയാള്‍ പറഞ്ഞു: 'ഈ രേഖയുള്ളയാള്‍ പെണ്ണുപിടിയനാണ്, പണം കടംവാങ്ങിയാല്‍ കൊടുക്കില്ല...' പറഞ്ഞുകഴിഞ്ഞതും വാസുവിന്റെ അടി കഴിഞ്ഞു. എസ്.ഐ. വന്നു. കൈരേഖക്കാരനെ വിളിച്ചുനിര്‍ത്തി ചോദിച്ചു: 'നീയെവിടുന്നാടാ കൈരേഖാശാസ്ത്രം പഠിച്ചത്?'

അയാള്‍ എന്തോ മറുപടി പറഞ്ഞു, പിന്നെ എസ്.ഐ.യുടെ പിറകേ ജീപ്പില്‍ കയറിപ്പോയി.

സ്വയം സുഖിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാനാണ് എപ്പോഴും മനുഷ്യനിഷ്ടം എന്ന് എനിക്ക് മനസ്സിലായത് അന്നാണ്. സത്യത്തെ നേരിടാന്‍ അവനു പേടിയും മടിയുമാണ്.
മാപ്രാണത്തെ കട പൂട്ടിയതിനുശേഷം അപ്പന്‍ ഇരിങ്ങാലക്കുടയില്‍ ബസ്റ്റാന്‍ഡിനടുത്ത് ഒരു കട തുടങ്ങിയിരുന്നു. 'സെന്റ് ത്രേസ്യാ സ്റ്റോഴ്‌സ് ' എന്നായിരുന്നു അതിന്റെ പേര്. അരി, പലചരക്ക് സാധനങ്ങള്‍ എന്നിവയായിരുന്നു വില്പനവസ്തുക്കള്‍. വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടുതുടങ്ങി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ മുതല്‍ അപ്പന്‍ എന്നെ കടയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. അപ്പന്റെ ആ കട പക്ഷേ, വിജയമായില്ല. കാരണം, ഞങ്ങളുടേത് വലിയ കുടുംബമായിരുന്നു. വീട്ടില്‍ നല്ല ചെലവുണ്ട്. കടയിലെ സാധനങ്ങള്‍ മിക്കതും വീട്ടിലേക്കുതന്നെയാണ് കൊണ്ടുപോവുക. ഒരു സ്ഥലത്ത് സ്റ്റോക്കുചെയ്തിട്ട് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു എന്നു മാത്രം. ഇത് മനസ്സിലായപ്പോള്‍ ഒരു ദിവസം ഞാന്‍ അപ്പനോടു ചോദിച്ചു:
'ഇങ്ങനെയൊരു കട എന്തിനാ അപ്പാ നമ്മക്ക്?' അപ്പോള്‍ അപ്പന്‍ പറഞ്ഞു:
'സാധനങ്ങള്‍ മുഴുവന്‍ വാങ്ങി വീട്ടില്‍ കൊണ്ടുവെച്ചാല്‍ പെട്ടെന്ന് തീരും. ഇതൊരു സ്റ്റോര്‍ റൂമായിട്ട് കണ്ടാ മതി.'

കട ശോഷിച്ചതാണെങ്കിലും അവിടത്തെ ഇരിപ്പ് എനിക്കുതന്ന സന്തോഷം ചില്ലറയല്ല. കട അടിച്ചുവാരാനും കുടിക്കാനുള്ള വെള്ളം കൊണ്ടുവെക്കാനുമായി അപ്പുക്കുട്ടന്‍നായര്‍ എന്നൊരാളുണ്ടായിരുന്നു. അയാള്‍ മറ്റേതോ നാട്ടുകാരനായിരുന്നു. അപ്പുക്കുട്ടന്‍ നായരുടെ ശരീരത്തില്‍ നിറയെ മസിലായിരുന്നു. അയാള്‍ ജിമ്മിന് പോകുന്നുണ്ടോ എന്നെനിക്ക് ഒരു സംശയമുണ്ടായിരുന്നു. പക്ഷേ, ചോദിക്കാന്‍ പേടിയും. ഒരു ദിവസം അപ്പനോട് ഞാനെന്റെ സംശയം ചോദിച്ചു. അപ്പോള്‍ അപ്പന്‍ പറഞ്ഞു: 'അപ്പുക്കുട്ടന്‍നായരെ മസിലോടുകൂടിയാടാ പ്രസവിച്ചത്!'

അപ്പന് ജീവിതത്തില്‍ ഒരു പണികൊടുത്തയാള്‍ അപ്പുക്കുട്ടന്‍നായരായിരിക്കും. അയാളെ ഒന്ന് കളിപ്പിക്കാന്‍ ഒരു ദിവസം അപ്പന്‍ ഒരു കത്തെഴുതി കൈയില്‍ കൊടുത്തു. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു: 'എന്റെ സ്വദേശം നെയ്യാറ്റിന്‍കരയാണ്.

ഞാന്‍ ഒരു മരംവെട്ടുകാരനായിരുന്നു. എനിക്ക് നാല് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളുമാണ്. ഒരിക്കല്‍ മരംവെട്ടുന്ന സമയത്ത് മരത്തിന്റെ കൊമ്പുവീണ് എന്റെ നടുവൊടിഞ്ഞു. ജോലിചെയ്യാന്‍ വയ്യാതായി. നിങ്ങളെപ്പോലുള്ളവരുടെ സഹായമാണ് എനിക്കാശ്രയം.'

തൊട്ടിപ്പുറത്ത് അപ്പന്റെ ഒപ്പുമുണ്ടാകും. ഈ കാര്‍ഡുമായി അപ്പുക്കുട്ടന്‍നായര്‍ വീടുകള്‍ കയറിയിറങ്ങും. ആളുകള്‍ അത് വായിച്ച് പൊട്ടിച്ചിരിക്കും. കാരണം, അയാള്‍ വളരെക്കാലമായി ഇരിങ്ങാലക്കുടയിലുള്ളയാളാണ്. മാത്രമല്ല, നല്ല ആരോഗ്യവാനും. ആ മനുഷ്യനാണ് ഈ സങ്കടക്കത്തുമായി വീട് കയറിയിറങ്ങുന്നത്.

നാടുമുഴുവന്‍, അപ്പനടക്കം അപ്പുക്കുട്ടന്‍നായരുടെ ഈ കത്ത് വായിച്ച് ചിരിച്ചുകൊണ്ടിരിക്കെ ഒരു ദിവസം അയാള്‍ ഈ കത്ത് അപ്പനുതന്നെ കൊണ്ടുചെന്നുകൊടുത്തു! എല്ലാ വീടുകളിലും കൊടുക്കുന്നപോലെ. താന്‍തന്നെ എഴുതിക്കൊടുത്ത കത്ത് തന്റെതന്നെ കൈയില്‍ തിരിച്ചെത്തിയതുകണ്ട് അപ്പന്‍ തരിച്ചിരുന്നുപോയി. ഇനി ഈ കത്തുമായി നടക്കേണ്ട കാര്യമില്ല എന്ന് അയാളെ താക്കീതുചെയ്യുകയും ചെയ്തു.

പഠനം നിര്‍ത്തി ഞാന്‍ അങ്ങാടി നിരങ്ങി നടക്കുന്നത് കാണുമ്പോള്‍ ഇടയ്ക്ക് അപ്പന്‍ പറയും:
'എടാ, ഈ അപ്പുക്കുട്ടന്‍നായര്‍ മിടുക്കനാ. ഒരു പണീം എട്ക്കാതെ ജീവിക്കണത് കണ്ടാ. നിനക്കൊരു മാതൃകാപുരുഷന്‍, ഒരു ഗുരു.' കമ്യൂണിസം കൈയിലുള്ളതുകൊണ്ട് അപ്പന് റഷ്യന്‍ പുസ്തകങ്ങള്‍ പലതും കിട്ടുമായിരുന്നു. നോവലും കഥകളും നിറഞ്ഞ പുസ്തകങ്ങള്‍. അവ മുഴുവന്‍ അരിച്ചുപെറുക്കി വായിച്ച് അപ്പന്‍ എനിക്കായി ചില കഥകള്‍ കൊത്തിയെടുക്കും. ഇരിങ്ങാലക്കുടയിലെ വഴികളിലൂടെ നടന്നും അയ്യങ്കാവ് മൈതാനത്തിന്റെ ഒരു മൂലയ്ക്ക് ചെന്നിരുന്നും ഇവ അപ്പന്‍ പറഞ്ഞുതരും. വീട്ടിലേക്കുള്ള സാധനം കൊടുത്തുകഴിഞ്ഞാല്‍പ്പിന്നെ കടകൊണ്ട് ഒരു കാര്യവുമില്ലാതായി. ഉച്ചയോടെ അപ്പന്‍ കട പൂട്ടും. അത് കഴിഞ്ഞുള്ള നടത്തത്തിനിടെയാണ് കഥപറച്ചില്‍. അങ്ങനെയൊരു നടത്തത്തിനിടെ അപ്പന്‍ പറഞ്ഞ ഒരു കഥ ഇപ്പോഴും എനിക്കോര്‍മയുണ്ട്: 'അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു റഷ്യന്‍ കുടുംബം. മകന്‍ ഒരു പണിയുമെടുക്കില്ല, മഹാ മടിയനാണ്...' ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ കഥ എന്റെ ചേട്ടന്മാര്‍ക്കൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ടോ?'
'ഇല്ല. ഇത് നിനക്ക് സ്‌പെഷലായിട്ടുള്ളതാ.' അപ്പന്‍ പറയും. എന്നിട്ട് കഥ തുടര്‍ന്നു-
'ഒറ്റ മകനേയുള്ളൂ. അവന്‍ പണിയെടുക്കാതെ നടക്കുന്നതില്‍ അപ്പന് വലിയ സങ്കടവും പ്രതിഷേധവുമുണ്ടായിരുന്നു. അതുകൊണ്ട് തന്റെ സമ്പാദ്യമെല്ലാം ഒരു അനാഥാലയത്തിന് എഴുതിവെക്കാന്‍ തീരുമാനിച്ചു. പണിയെടുത്ത് കാശുമായി വന്നാല്‍ മാത്രം തീരുമാനം മാറ്റാം...'
കഥ അവിടെ നിര്‍ത്തി അപ്പന്‍ ഒരു കടത്തിണ്ണയിലേക്ക് കയറിനിന്ന് എന്നോടു ചോദിച്ചു:
'ഇതില്‍ നീ ആരുടെ ഭാഗത്താ?'
'അവന്റെ', ഞാന്‍ പറഞ്ഞു.
'ഏ? അതെന്താ ഇന്നസെന്റേ അങ്ങനെ?' അപ്പന്‍ ഉള്ളില്‍ ഒരാളലോടെ ചോദിച്ചു-
'അയാള്‍ക്ക് ഒരു മോനല്ലേയുള്ളൂ അപ്പാ. നമ്മടെപോലെ എട്ടെണ്ണമൊന്നുമില്ലല്ലോ? വെറുതെ അനാഥാലയത്തിനു കൊടുക്കാതെ അവന് കൊടുത്തൂടേ? എന്നാല്‍ അവന് പണിയെടുക്കാതിരിക്കാലോ?' എന്റെ മറുപടികേട്ട അപ്പന്റെ ആവേശം പാതി തളര്‍ന്നു. എന്നാലും കഥ തുടര്‍ന്നു- 'അങ്ങനെ ആ മകന്‍ പണിക്കെന്നുപറഞ്ഞ് രാവിലെ പുറത്തുപോയിത്തുടങ്ങി. പോവുമ്പോള്‍ത്തന്നെ അമ്മ ഒരു റൂബിള്‍ മകന്റെ കൈയില്‍ കൊടുക്കും. വൈകുന്നേരം മകന്‍ അത് തിരിച്ച് അപ്പന് കൊണ്ടുചെന്ന് കൊടുക്കും. അപ്പനതു വാങ്ങി നേരെ മുന്നില്‍ ആളിക്കത്തുന്ന ഉലയിലേക്കിടും. മകന്‍ ഒന്നും മിണ്ടില്ല. പിറ്റേന്ന് അമ്മ മകന് രണ്ട് റൂബിള്‍ കൊടുത്തു. അതും വൈകുന്നേരം അപ്പന്‍ ഉലയിലിട്ടു. ഇനി പണം തരില്ല എന്ന് അമ്മ മകനോട് പറഞ്ഞു: 'അധ്വാനത്തിന്റെ വിയര്‍പ്പു പുരണ്ട പണത്തിന്റെ ഗന്ധം അപ്പന് വേഗം മനസ്സിലാകും.'
പിറ്റേന്ന് മകന്‍ ഒരു വീട്ടില്‍ച്ചെന്ന് വൈകുന്നേരംവരെ വിറകുവെട്ടി. അവര്‍ അവന് വൈകുന്നേരം മൂന്ന് റൂബിള്‍ കൊടുത്തു. അതുമായി അവന്‍ അപ്പന്റെ മുന്നിലെത്തി. അപ്പന്‍ അതുവാങ്ങി പതിവുപോലെ തീയിലേക്കിട്ടു. എന്നാല്‍ ഇത്തവണ മകന്‍ ആളിക്കത്തുന്ന തീയിലേക്ക് കൈയിട്ട് അത് എടുത്തു. അപ്പോള്‍ അപ്പന് മനസ്സിലായി ഇത് മകന്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്.'

കഥ പറഞ്ഞ്, അയ്യങ്കാവ് മൈതാനത്തിന്റെ ഒരു മൂലയിലിരുന്ന് അപ്പന്‍ എന്നോടു ചോദിച്ചു:
എങ്ങനെയുണ്ട് കഥ?'
എനിക്കിഷ്ടമായില്ല.- ഞാന്‍ പറഞ്ഞു. എന്റെ മറുപടി കേട്ട് അപ്പന്‍ മിഴിച്ചിരുന്നു.

എങ്കിലും പിന്നെയും പിന്നെയും അപ്പന്‍ എനിക്ക് കഥപറഞ്ഞുതന്നുകൊണ്ടേയിരുന്നു. ഇന്നും ഇരിങ്ങാലക്കുടയിലൂടെ നടക്കുമ്പോള്‍, ഞാന്‍ അപ്പന്റെ കാല്പാടുകള്‍ തേടാറുണ്ട്. അതിനു പിറകില്‍ എന്റെയും കാലടികള്‍ പതിഞ്ഞിട്ടുണ്ടായിരിക്കും. ചില ഉച്ചനേരങ്ങളില്‍ അയ്യങ്കാവ് മൈതാനത്തിനടുത്തൂടെ കടന്നുപോരുമ്പോള്‍ 'ഈ കഥ നിനക്കിഷ്ടായോ?' എന്ന അപ്പന്റെ ചോദ്യം കാറ്റിലെവിടെയോ കലര്‍ന്നുകിടക്കുന്നതുപോലെ തോന്നും.

(ചിരിക്കു പിന്നില്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, January 1, 2013

അപ്പനും കള്ളും കമ്യൂണിസവും

Memories by Innocent


എന്റെ ഓര്‍മകള്‍ മൂന്നാം വയസ്സില്‍ തുടങ്ങുന്നു. ആ ഓര്‍മകളുടെ മധ്യത്തില്‍ വണ്ണം കുറഞ്ഞ്, കഷണ്ടിയായി, ഇരുനിറത്തില്‍ ഒരാള്‍-തെക്കെത്തല വറീത്, എന്റെ അപ്പന്‍. തൈറോയ്ഡിന്റെ അസുഖമുള്ളതിനാല്‍ സംസാരിക്കുമ്പോള്‍ അപ്പന്റെ തൊണ്ടയില്‍ ഒരു മുഴ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കും. ആ ചലനം അത്ഭുതത്തോടെ ഞാന്‍ നോക്കിനില്‍ക്കും.


ഞാന്‍ ഉണരും മുന്‍പ് അപ്പന്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ല; ചോദിക്കാനുള്ള ശേഷിയുമായിട്ടില്ല. രാത്രി, ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നതിനു തൊട്ടുമുന്‍പ് അപ്പന്‍ പടികയറി വരും. അപ്പന്റെ കൂടെ ചില മണങ്ങളും വീട്ടിലേക്കെത്തും: ചിലപ്പോള്‍ ബീഡിയുടെ, മറ്റുചിലപ്പോള്‍ കള്ളിന്റെ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന പുതിയൊരു ഗന്ധം.

ആറു വയസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ രാത്രി അപ്പനെ കാത്തിരുന്നു തുടങ്ങി. അപ്പന്‍ തരുന്ന ഒരു ചോറുരുളയ്ക്ക് വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്. അപ്പന്‍ അത് ഉരുട്ടുന്നത് കാണാന്‍തന്നെ ഒരു ചന്തമുണ്ടായിരുന്നു. അങ്ങനെ ഉരുട്ടിയുണ്ടാക്കിയ ഉരുള എന്റെ ഉള്ളംകൈയില്‍ വെച്ചുതരും. ആ ഉരുളയ്ക്ക് ഞാന്‍ സ്വയം ഉണ്ണുന്ന ചോറിനേക്കാള്‍ സ്വാദുണ്ടായിരുന്നു. അപ്പന് മണം മാത്രമല്ല സ്വാദുമുണ്ട് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.

വയറുനിറച്ചുണ്ട് ഒരു ബീഡി വലിച്ചുകഴിഞ്ഞാല്‍ അപ്പനില്‍ പുതിയൊരു ഊര്‍ജം നിറയും. പിന്നെ സംസാരമാണ്. സംസാരം എന്നതിനേക്കാള്‍ അതിനെ പ്രസംഗം എന്നു പറയുന്നതായിരിക്കും ശരി.

റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, സോക്രട്ടീസ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവയെല്ലാമാണ് അപ്പന്റെ ഈ രാത്രിപ്രസംഗത്തിന്റെ വിഷയം. അമ്മയും ഞങ്ങള്‍ എട്ട് മക്കളും എല്ലാം കേട്ടിരിക്കും. എനിക്കൊന്നും മനസ്സിലായിരുന്നില്ല. അപരിചിതമായ കുറേ വാക്കുകള്‍. അവ പറയുമ്പോള്‍ അപ്പനുള്ള ആവേശം. അതെന്നെ അത്ഭുതപ്പെടുത്തി. സുഖമായി കിടന്നുറങ്ങേണ്ട സമയത്ത് അപ്പനിങ്ങനെ ആവേശപ്പെടുന്നതിലെ പൊരുള്‍ എനിക്ക് പിടികിട്ടിയതേയില്ല. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ മനസ്സിലായി-എന്റെ അപ്പന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്.

കള്ളുകുടിച്ചുവരുന്ന ദിവസം അപ്പന്റെ പ്രസംഗത്തിന് അല്പം വീര്യം കൂടും. ശുദ്ധമായ കമ്യൂണിസത്തില്‍ ശുദ്ധമായ കള്ള് കലര്‍ന്നാലുള്ള അവസ്ഥ അപ്പനിലൂടെ ഞാന്‍ നേരിട്ടുകണ്ടു. അതെനിക്കിഷ്ടവുമായിരുന്നു. കമ്യൂണിസ്റ്റ് മാത്രമായാല്‍ പോരാ, കള്ളുകുടിച്ച് മരനീരിന്റെ മണംകൂടിയായാലേ അപ്പന്‍ അപ്പനാവൂ എന്നെനിക്ക് ബോധ്യമായി.

അപ്പന്‍ എത്രവരെ പഠിച്ചു എന്ന കാര്യം പിന്നീട് ഞാന്‍ ചോദിച്ച് മനസ്സിലാക്കി. ആറാം ക്ലാസ് കഴിഞ്ഞിട്ടില്ല. എന്നിട്ടും അപ്പന്‍ വിപ്ലവങ്ങളെക്കുറിച്ചും വലിയ മനുഷ്യരെക്കുറിച്ചും സംസാരിക്കുന്നു! കവിതകള്‍ പലതും കാണാപ്പാഠം ചൊല്ലുന്നു! കൂടല്‍മാണിക്യ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പറഞ്ഞുതരുന്നു! ഗൗരവമുള്ള നാടകങ്ങള്‍ കണ്ടുവന്ന് കഥ പറഞ്ഞുതരുന്നു! ഇരിങ്ങാലക്കുടയിലെ 'മഹാത്മാ റീഡിങ്‌റൂം' ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസമില്ലാഞ്ഞിട്ടും അപ്പന് അറിവുകളും കമ്യൂണിസ്റ്റാവാനുള്ള കരുത്തും നല്‍കിയത്.

ഞായറാഴ്ച പോയി അപ്പന്‍ എല്ലാ പത്രങ്ങളും വായിക്കും. വായിച്ച കാര്യങ്ങള്‍ ഇരിങ്ങാലക്കുട പാര്‍ക്കില്‍ ചെന്നിരുന്ന് സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യും. ഈ ചര്‍ച്ച കൂടിയായപ്പോള്‍ സ്വത
വേതന്നെ സരസനായ അപ്പന് കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യവും അവ വെടിപ്പോടെ പറയാനുള്ള സംഭാഷണചാതുരിയുമുണ്ടായി.

ഒരുദിവസം ആദ്യമായി അപ്പന് ഉച്ചഭക്ഷണം കൊണ്ടുപോയിക്കൊടുക്കാന്‍ അമ്മ എന്നെ അയച്ചു. അന്നാണ് ഞാന്‍ അപ്പന്റെ കട ആദ്യമായി കാണുന്നത്. പലചരക്ക്, സാരി, ബ്ലൗസ് തുണി, സ്റ്റേഷനറി തുടങ്ങി ഒരു ഗ്രാമത്തിനുവേണ്ട അത്യാവശ്യ സാധനങ്ങളെല്ലാം അപ്പന്റെ കടയില്‍ കിട്ടുമായിരുന്നു. കടയുടെ പുറംതിണ്ണയില്‍ ബീഡിതെറുപ്പുകാര്‍ ഇരിപ്പുണ്ട്. കച്ചവടം കുറവാണ്. ഇനി ഉണ്ടെങ്കില്‍ത്തന്നെ അതില്‍ അപ്പന് വലിയ താത്പര്യവുമില്ലായിരുന്നുവെന്ന് എനിക്ക് ആദ്യ ദിവസം അവിടെ ചെന്നപ്പോള്‍തന്നെ മനസ്സിലായി. ബീഡിതെറുപ്പുകാരുമായുള്ള രാഷ്ട്രീയചര്‍ച്ചയാണ് അവിടത്തെ പ്രധാന കലാപരിപാടി. അപ്പനാണ് സംസാരിക്കുക. ബാക്കിയുള്ളവര്‍ 'സ്വന്തം ജോലിചെയ്തുകൊണ്ട്' കേട്ടിരിക്കും. ഇടയ്ക്കിടെ അപ്പന്‍ പറയും 'അമേരിക്ക ചെയ്തത് ശരിയായില്ല. റഷ്യയെ കണ്ടുപഠിക്കണം...' 'അത് വറീത് ചേട്ടന്‍ പറഞ്ഞതാ ശരി.' കേട്ടിരിക്കുന്നവര്‍ സമ്മതിക്കും. അതു കണ്ടുനിന്നപ്പോള്‍ അപ്പന്‍ കട നടത്തുന്നതുതന്നെ കുറേ കമ്യൂണിസ്റ്റുകാരെ ഉണ്ടാക്കാനാണ് എന്നെനിക്കു തോന്നി.

വൈകുന്നേരം അഞ്ചര കഴിയുന്നതോടെയാണ് കടയില്‍ തിരക്കു തുടങ്ങുക. ആ സമയത്താണ് ഞാന്‍ അപ്പനെ ഏറ്റവും വിഷാദവാനായി കണ്ടിട്ടുള്ളത്. കാരണം, കമ്യൂണിസപ്രസംഗം മുടങ്ങും. വാങ്ങാന്‍ വരുന്നവരെല്ലാം കൂട്ടത്തോടെ വരുന്നതുകൊണ്ട് അവരോട് ഒന്നും പറയാന്‍ പറ്റില്ല. 'ഇവര്‍ക്കൊക്കെ ഒന്ന് ഒറ്റയ്ക്ക് വന്നാലെന്താ?' എന്നായിരിക്കും അപ്പോള്‍ അപ്പന്റെ മുഖത്തെ ഭാവം.

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പീടികയുടെ പലക നിരത്തിയിട്ട് അപ്പനൊന്ന് മയങ്ങും. ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കും. വല്ലപ്പോഴും ഒരു ബസ് കടന്നുപോകും. ഒരുതവണ അങ്ങനെയിരിക്കുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കൊണ്ടുവെച്ച ഓലപ്പടക്കം എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'പതുക്കെ പൊട്ടണേ' എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അതില്‍ ഒന്നെടുത്ത് കത്തിച്ചു. അത് ഉറക്കെത്തന്നെ പൊട്ടി. അപ്പന്‍ ഉണര്‍ന്നു. എന്റെ ചെവിക്കു പിടിച്ച് പടക്കപ്പാക്കറ്റ് മാറ്റിവെച്ചു. സാധ്യമല്ലാത്ത കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചിട്ടും കാര്യമില്ല എന്നെനിക്ക് അന്ന് മനസ്സിലായി.
അന്ന് വൈകുന്നേരം വീട്ടില്‍വന്ന് അപ്പന്‍ ഈ സംഭവം പറഞ്ഞു. 'ഞാന്‍ ഉറങ്ങുമ്പോള്‍ ഇവന്‍ പടക്കം പൊട്ടിച്ചു' എന്നല്ല പറഞ്ഞത്. മറിച്ച്, 'കച്ചവടം നടത്തുമ്പോള്‍ പടക്കം പൊട്ടിച്ചു' എന്നാണ്. മറ്റെല്ലാ കാര്യവുമെന്നപോലെ അല്പം നുണപറയാനും ഞാന്‍ അപ്പനില്‍നിന്നു തന്നെയാണ് പഠിച്ചത്.

നിശ്ശബ്ദനായ കമ്യൂണിസ്റ്റുകാരനായിരുന്നു അപ്പന്‍. ജാഥകള്‍ക്കൊന്നും പോവില്ല. സമ്മേളനങ്ങള്‍ക്ക് പോയി ദൂരെനിന്ന് പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കും, തിരിച്ചുപോരും. കേട്ട പ്രസംഗത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം വീട്ടിലും സുഹൃത്തുക്കളോടും പറയും. അവിടെത്തീര്‍ന്നു. രാഷ്ട്രീയജ്വരമുണ്ടായിരുന്നെങ്കിലും അപ്പന് ഒരിക്കലും വിവേകം നഷ്ടപ്പെട്ടിരുന്നില്ല. പള്ളിയില്‍ പോവും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുരിശുവരയ്ക്കും.

റഷ്യ അപ്പനെന്നും ഒരു ആവേശമായിരുന്നു. റഷ്യയിലെ കമ്യൂണിസത്തെയും പള്ളിയെയും ബന്ധിപ്പിച്ച് അപ്പന്‍ പല കഥകളും പറയും. അതില്‍ ഒന്നിതായിരുന്നു: സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് അച്ചന്മാരെ കൊന്ന് തള്ളിയിരുന്നു. വീഞ്ഞ് നിരോധിച്ചതോടെ ശേഷിച്ച അച്ചന്മാര്‍ക്ക് കുര്‍ബാന മുടങ്ങി. അപ്പോള്‍ യൂറോപ്പില്‍ നിന്ന് വലിയ മത്തങ്ങയില്‍ വീഞ്ഞ് നിറച്ച് റഷ്യയിലേക്ക് കടത്തിയിരുന്നുവത്രേ. വീഞ്ഞുള്ള മത്തനുമേല്‍ ഒരു അടയാളമുണ്ടാകും. അച്ചന്മാര്‍ അത് നോക്കി വാങ്ങും; കുര്‍ബാന കൂടും. നാട്ടിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ഒരച്ചന്‍ ഇതു പറഞ്ഞപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: എന്തിനാണച്ചോ തിരുരൂപത്തിനു മുന്നില്‍ നിന്ന് ഇങ്ങനെ നുണ പറയുന്നത്?' അതുപറഞ്ഞ് അപ്പന്‍ പൊട്ടിച്ചിരിക്കും. ഇത് ഞാനൊരു പരീക്ഷാ പേപ്പറിലെഴുതി. അങ്ങനെ എല്ലാ തരത്തിലും അപ്പന്‍ എനിക്കൊരു പാഠപുസ്തകമായി.

ട്രാക്ടര്‍ നാട്ടില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ അതിനെ എതിര്‍ത്തിരുന്നു. 'നിങ്ങളിപ്പറയുന്നത് ശരിയല്ല' എന്ന് അന്ന് അപ്പന്‍ സഖാക്കളോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആര് പറയുന്നതും അപ്പന്‍ കേള്‍ക്കുമായിരുന്നു. ആരെഴുതിയതും വായിക്കുമായിരുന്നു. പക്ഷേ, അഭിപ്രായങ്ങളും തീരുമാനങ്ങളും സ്വന്തമായിരുന്നു.
ചില ദിവസങ്ങളില്‍ രാത്രിഭക്ഷണം കഴിഞ്ഞാല്‍ അടുത്ത വീട്ടിലെ കുട്ടാപ്പുമൂശാരി, നാരായണന്‍കുട്ടി മൂശാരി, ചാത്തുമാഷ് എന്നിവരെയുംകൂട്ടി ഒരു അരിക്കന്‍ ലാംപിന്റെ വെളിച്ചത്തില്‍ അപ്പന്‍ എങ്ങോട്ടോ പോകും. ആ ദിവസങ്ങളിലൊക്കെ അമ്മയുടെ നെഞ്ചില്‍നിന്നും ഒരു നേര്‍ത്ത വിതുമ്പല്‍ അടുത്തുകിടക്കുന്ന എനിക്കു കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. ഒരുദിവസം ഞാന്‍ ചോദിച്ചു:
എന്തിനാ കരയണെ?
ഒന്നൂല്യ. ഒന്നൂല്യ. ഒരു വേദന
അമ്മ പറഞ്ഞു. പിന്നീട് പലതവണ ഞാന്‍ ആ കരച്ചില്‍ കേട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസുകളിലേക്കായിരുന്നു ആ രാത്രികളില്‍ അപ്പന്‍ പോയിരുന്നത് എന്ന് വളര്‍ന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.

സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തിലെ കഷ്ടകാലം തുടങ്ങിയത്. ആ കഷ്ടകാലത്താണ് അപ്പന്‍ എന്ന വലിയ മനുഷ്യനെ ഞാന്‍ ഏറ്റവുമധികം തിരിച്ചറിഞ്ഞതും അടുത്തറിഞ്ഞതും.

ഞങ്ങള്‍ എട്ട് മക്കളായിരുന്നു: കുര്യാക്കോസ്, സെലീന, പൗളീന്‍, സ്റ്റാനി സിലാവോസ്, ഇന്നസെന്റ്, വെല്‍സ്, ലിന്‍ഡ, ലീന. ഇതില്‍ ഞാനൊഴിച്ച് എല്ലാവരും നന്നായി പഠിക്കുന്നവരും, പഠിച്ച് വലിയവരാകണമെന്ന മോഹവും വാശിയുമുള്ളവരുമായിരുന്നു. പ്രത്യേകിച്ച് കുര്യാക്കോസും വെല്‍സും. വീട്ടിലാവുമ്പോഴും കൂട്ടുകൂടുമ്പോഴും അവര്‍ക്ക് നിറയെ പഠനകാര്യങ്ങള്‍ സംസാരിക്കാനുണ്ടാകും. എന്നാല്‍ എപ്പോഴും പിന്‍ബെഞ്ചിലായിരുന്ന, ഓരോ ക്ലാസിലും പലതവണ തോറ്റിരിക്കുന്ന എനിക്കു മാത്രം ഒന്നും പറയാനുണ്ടാവില്ല. ആ തരത്തില്‍ ഒരു ഒറ്റപ്പെടല്‍ ചെറുപ്പത്തിലേ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ തോറ്റുപോകുന്നതില്‍ അമ്മ വല്ലാതെ സങ്കടപ്പെട്ടു. ചിലപ്പോള്‍ ദേഷ്യപ്പെട്ടു. അപ്പന്‍ മാത്രം എന്തുകൊണ്ടോ ഒന്നും പറഞ്ഞില്ല. ഈ മൗനം കാരണം പലപ്പോഴും അപ്പനും അമ്മയുടെ വഴക്കു കേള്‍ക്കേണ്ടിവന്നു.

ക്ലാസില്‍ പഠിപ്പിക്കുന്നതെല്ലാം ഏതൊരു വിദ്യാര്‍ഥിയേയുംപോലെ എനിക്കും മനസ്സിലായിരുന്നു. പക്ഷേ, അവ എന്റെ തൊലിപ്പുറത്ത് തൊട്ടുനിന്നതേയുള്ളൂ. എന്തുകൊണ്ടോ അവയൊന്നും വലിയ ഗൗരവമുള്ള കാര്യമായി എനിക്ക് തോന്നിയതുമില്ല. അതിനു കാരണമെന്താണെന്ന് പലതരത്തില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്. പരിഹാരം കാണാന്‍ പറ്റുന്നതാണെങ്കില്‍ അമ്മയുടെ സങ്കടവും അപ്പന്റെ നാണക്കേടും മാറ്റാമല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇന്നും എനിക്കതിന് ഉത്തരം ലഭിച്ചിട്ടില്ല.
നിരന്തരമായി ഞാന്‍ തോറ്റുകൊണ്ടിരുന്നു. കൂടപ്പിറപ്പുകളും കൂടെയുള്ളവരും തിരിഞ്ഞുനോക്കാതെ മുന്നോട്ടുപോയി, ഏറെദൂരമെത്തി. അമ്മയുടെ കരച്ചില്‍ കനത്തു.
ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് ബീഡി വലിച്ചുകൊണ്ട് അപ്പന്‍ മുറ്റത്ത് നടക്കുകയാണ്. പാതി ബീഡി പുകഞ്ഞുതീര്‍ന്നപ്പോള്‍ അപ്പന്‍ പറഞ്ഞു:
ഇന്നസെന്റേ, ഇനി നീ പഠിക്കണ്ട.
ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പന്‍ തുടര്‍ന്നു.
ഇത്രയും കാലമായില്ലേ നീ പഠിക്കുന്നു. ഇനിയും നീ പഠിപ്പ് തുടര്‍ന്നാല്‍ നിന്റെ താഴെയുള്ള അനിയന്‍ നിന്റെ ക്ലാസില്‍ വരും. നിങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ട്. അത് നിനക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?
അതിനെന്താ അപ്പാ, ഒരു വീട്ടില്‍ ഒന്നിച്ചുജീവിക്കുന്നവര്‍ക്ക് ക്ലാസില്‍ ഇത്തിരിനേരം ഒരുമിച്ചിരിക്കാന്‍ എന്താ വിഷമം?
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അപ്പന്‍ ചിരിച്ചു. പിറ്റേന്ന് അത് കൂട്ടുകാരോട് പറഞ്ഞു. അവര്‍ എന്നെ അഭിനന്ദിച്ചു. പക്ഷേ, ആ തമാശയ്ക്കപ്പുറം എന്റെ പഠിപ്പ് നിന്നു.
സ്‌കൂള്‍ പഠിപ്പ് നിലച്ചതില്‍ എനിക്ക് വലിയ സങ്കടമൊന്നും തോന്നിയില്ല. പുതിയ പ്രഭാതങ്ങളും പകലുകളുമായിരുന്നു എന്നെ കാത്തിരുന്നത്. സഹോദരങ്ങളെല്ലാം രാവിലെ സ്‌കൂളില്‍ പോകാനുള്ള തിരക്കിലായിരിക്കും. അമ്മ അടുക്കളയില്‍ അവര്‍ക്ക് ഭക്ഷണമൊരുക്കി സമയത്തിന് പറഞ്ഞയയ്ക്കാന്‍വേണ്ടി പുകഞ്ഞുകൊണ്ടിരിക്കും. ഇക്കൂട്ടത്തില്‍ എനിക്കൊരു റോളുമുണ്ടായിരുന്നില്ല. എനിക്കെങ്ങോട്ടും പോവാനില്ല. എന്നെയാരും കാത്തുനില്‍ക്കുന്നില്ല. ആരോടും ഒന്നും പറയാനുമില്ല.
പഠനം നിര്‍ത്തിയതിന്റെ പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഞ്ഞി കുടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. എന്റെ ചുറ്റുമിരിക്കുന്നവരെല്ലാം വീടിന് ഇന്നല്ലെങ്കില്‍ നാളെ ഗുണം ചെയ്യുന്നവരാണ്. എന്നെക്കൊണ്ടെന്താണ് കാര്യം? അതോര്‍ത്തപ്പോള്‍ എനിക്ക് കഞ്ഞി കയ്ച്ചു.

പിന്നെപ്പിന്നെ ഒന്നിച്ചുള്ള പ്രഭാതഭക്ഷണത്തില്‍നിന്നും ഞാന്‍ പതുക്കെപ്പതുക്കെ ഒഴിഞ്ഞുമാറി. എല്ലാവരും പോയി തിരക്കൊഴിഞ്ഞ ഏതെങ്കിലും സമയത്ത് ചെന്നിരുന്ന് കഴിക്കും. എന്റെ ഒറ്റപ്പെടല്‍ തീവ്രമാകുകയായിരുന്നു.

അപ്പോഴേക്കും അപ്പന്‍ മാപ്രാണത്തെ കട വിറ്റിരുന്നു. കഷ്ടിച്ച് ജീവിച്ചുപോന്നിരുന്ന ഞങ്ങളുടെ വലിയ കുടുംബത്തിലേക്ക് പതുക്കെ പട്ടിണി ഇടയ്ക്കിടെ വന്നുപൊയ്‌ക്കൊണ്ടിരുന്നു. മൂത്ത ജ്യേഷ്ഠന്‍ കുര്യാക്കോസിന്റെ മെഡിസിന്‍ പഠനം ഒരു കസിന്‍ ഏറ്റെടുത്തു. വീട്ടില്‍ അവിടവിടെ ഇരുട്ട് വീണുതുടങ്ങി.

പകല്‍ എനിക്ക് എങ്ങോട്ടും പോവാനില്ല. ഒന്നും ചെയ്യാനുമില്ല. വിരുന്നുവരുന്ന ബന്ധുക്കളോടും അയല്‍ക്കാരോടുമെല്ലാം അമ്മയ്ക്ക് എന്റെ അവസ്ഥമാത്രമേ പറയാനുള്ളൂ. പറഞ്ഞുതുടങ്ങുന്നത് മറ്റെന്തെങ്കിലും കാര്യമാണെങ്കിലും അത് ചെന്ന് അവസാനിക്കുക എന്നിലായിരിക്കും. ഇതുകാരണം അമ്മ മറ്റെന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാനിരിക്കും. എന്റെ കാര്യത്തിലെത്തുമ്പോഴേക്കും കഴിച്ചെഴുന്നേല്‍ക്കുകയും ചെയ്യും. പക്ഷേ, ഇത് അമ്മയ്ക്ക് മനസ്സിലായി. പിന്നെ എന്തുകാര്യം പറഞ്ഞുതുടങ്ങിയാലും അമ്മ പെട്ടെന്ന് എന്റെ കാര്യത്തിലേക്കെത്തും. അവിടെയും ഞാന്‍ തോറ്റു.

ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പകല്‍സമയങ്ങളില്‍ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിത്തുടങ്ങി. ഏതെങ്കിലും കടത്തിണ്ണയില്‍ ചെന്നിരിക്കും. എന്തെങ്കിലുമൊക്കെ പറയും. പതുക്കെപ്പതുക്കെ എനിക്കൊരു കാര്യം മനസ്സിലായി. സ്‌കൂളിനും വീട്ടിനും ആവശ്യമില്ലെങ്കിലും ഈ അങ്ങാടിക്ക് എന്നെ വേണം. എന്റെ സംസാരം കേള്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു. പിന്നെപ്പിന്നെ ഞാന്‍ അങ്ങാടിയിലെത്തുമ്പോഴേക്കും ഓരോ കടക്കാരനും വിളിച്ചുതുടങ്ങും: ഇന്നസെന്റേ ഇങ്ങോട്ടുവാ, ഇവിടെ... പറയുന്ന തമാശയ്ക്കു പകരമായി അവര്‍ എനിക്ക് ചായയും സിഗരറ്റും വാങ്ങിത്തരും. മറ്റൊന്നുമില്ലെങ്കിലും എന്റെ കൈയില്‍ ഫലിതമുണ്ട് എന്നും അതിന് ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കും എന്നും എനിക്ക് മനസ്സിലായത് ഇരിങ്ങാലക്കുടയിലെ ഈ കടത്തിണ്ണകളിലും സദസ്സുകളിലും വെച്ചായിരുന്നു.

പകല്‍ അങ്ങാടി തണലും താവളവുമായെങ്കിലും ഉച്ചയ്ക്ക് വീണ്ടും ഞാന്‍ ഉഷ്ണിച്ചു തുടങ്ങും. ഊണു കഴിക്കണം; വീടേ ഗതിയുള്ളൂ. ഒറ്റപ്പെട്ടു നടക്കുന്ന എനിക്ക് ഒന്നിച്ചിരുന്നുണ്ണാന്‍ മനസ്സുവന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഞാന്‍ അടുക്കളയില്‍ നിന്നും വലിയും. എല്ലാവരും ഉണ്ടുകഴിഞ്ഞാല്‍ വന്നിരുന്ന് കഴിക്കും.
അപ്പന് മാത്രമേ എന്റെ അവസ്ഥ മനസ്സിലായുള്ളൂ. ഊണുകഴിക്കാറായാല്‍ അപ്പന്‍ ചോദിക്കും:
ഇന്നസെന്റെവിടെ?
ഇവിടെവിടെയോ ഉണ്ട്, അമ്മ പറയും.
അവന്‍ വരട്ടെ, എനിക്ക് പറമ്പില്‍ ഇത്തിരി പണിയുണ്ട്.
അപ്പന്‍ എഴുന്നേറ്റുകൊണ്ട് പറയും. പിന്നെ കയറിവരിക, ഞാന്‍ തനിച്ച് ഊണുകഴിക്കാനിരിക്കുമ്പോഴാണ്. പഠിപ്പില്ലെങ്കിലും ഞാന്‍ അങ്ങനെ ഒതുങ്ങിപ്പോകരുത് എന്ന് അപ്പന് നിര്‍ബന്ധമായിരുന്നു. ഒരു പിതാവ് ആരാണെന്നും ജനിപ്പിച്ചാല്‍ മാത്രം പിതാവാകില്ലെന്നുമുള്ള സത്യം അപ്പന്‍ എനിക്ക് മനസ്സിലാക്കിത്തരികയായിരുന്നു.
എന്റെ പഠനം നിലച്ചത് കുടുംബസദസ്സുകളിലും ചര്‍ച്ചാവിഷയമായിത്തുടങ്ങി. ഒരു പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ ആരോ ചോദിച്ചു:
ഇന്നസെന്റേ പഠിപ്പു നിര്‍ത്തിയതില്‍ നിനക്ക് സങ്കടമില്ലേ?
എന്തിനാ സങ്കടപ്പെടണേ? ഒരുവിധമെല്ലാം പഠിച്ചുകഴിഞ്ഞു എന്ന് എനിക്ക് തോന്നിയപ്പോഴാണ് ഞാന്‍ പഠിപ്പു നിര്‍ത്തിയത്. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നാത്തതുകൊണ്ട് അവര്‍ പഠനം തുടരുന്നു. എന്റെ മറുപടി കേട്ടപ്പോള്‍ അപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു:
ഇവനാ എന്റെ മോന്‍. നിങ്ങളാരെങ്കിലുമാണ് ഇങ്ങനെ പഠിക്കാതായതെങ്കില്‍ ഈ മറുപടി വരില്ല. അന്ന് അപ്പന്‍ അല്‍പ്പം കൂടുതല്‍ മദ്യപിച്ചിരുന്നു. പക്ഷേ, ആ വാക്കുകളിലെ സ്‌നേഹത്തിനും വിശ്വാസത്തിനും കഴിച്ച മദ്യത്തേക്കാള്‍ പതിന്മടങ്ങ് ലഹരിയായിരുന്നു.

ഒന്നും ചെയ്യാനില്ലാതിരിക്കുന്ന ഈ കാലത്താണ് എന്നില്‍ നാടകക്കമ്പം കത്തിപ്പിടിക്കുന്നത്. അപ്പന്റെ കൂടെ പാര്‍ട്ടിനാടകങ്ങള്‍ കാണാന്‍ പോയതിന്റെ സ്വാധീനമാകാം ഇതിനു കാരണം. പകല്‍ മുഴുവന്‍ വീട്ടിലും അങ്ങാടിയിലുമായി കഴിയുന്ന ഞാന്‍ രാത്രി നാടകം കാണാന്‍ പോകും. പാതിരാത്രികഴിഞ്ഞാണ് തിരിച്ചുവരിക. ഒരു കള്ളനെപ്പോലെ പിന്‍വാതിലിലൂടെ കയറിക്കിടന്നുറങ്ങും. ആരും എന്നെക്കാണില്ല. ഇരുട്ടിന്റെ സുഖവും സൗഹൃദവും ഞാന്‍ അന്ന് അറിഞ്ഞു, അനുഭവിച്ചു.

ഒരു ദിവസം രാത്രി ഞാന്‍ നാടകം കഴിഞ്ഞ് വരികയാണ്. ഇരുട്ടിന്റെ മറപിടിച്ച് പതുക്കെ പിന്‍വശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂമുഖത്ത് ഒരു നിഴല്‍ കണ്ടത്. അപ്പനാണ്. ചാരുകസേരയില്‍ കിടക്കുന്നു. ഇത്രവൈകിയിട്ടും അപ്പന്‍ ഉറങ്ങാതെയിരിക്കുന്നതില്‍ എനിക്കെന്തോ പിശകുതോന്നി. ഇവിടെത്തന്നെയുണ്ടായിരുന്നു എന്ന് തോന്നിക്കോട്ടെ എന്നു കരുതി ഞാന്‍ ഷര്‍ട്ടൂരി മുണ്ടിന്റെ മടിക്കുത്തിലിട്ട്, പതുങ്ങി നിന്നു.

ഡോ മാഷേ, ഒന്നിവടെ വര്ാ പെട്ടെന്നായിരുന്നു അപ്പന്‍ വിളിച്ചത്. ഞാന്‍ ഞെട്ടിപ്പോയി. പതുങ്ങിപ്പതുങ്ങി മുന്നിലേക്കുചെന്നുനിന്നു. അപ്പന്റെ മുന്നിലെത്തിയതും മടിക്കുത്തഴിഞ്ഞ് ചുരുട്ടിവെച്ചിരുന്ന ഷര്‍ട്ട് നിലത്തുവീണു. ഞാന്‍ വിയര്‍ത്തു. അപ്പോള്‍ അപ്പന്‍ പറഞ്ഞു:

പേടിക്കേണ്ട, വേറൊന്നിനുമല്ല, വല്ലപ്പോഴുമെങ്കിലും നിന്റെ മുഖം കണ്ടില്ലെങ്കില്‍ ഞാന്‍ അത് മറന്നുപോകും.
അത് പറഞ്ഞുകഴിഞ്ഞ അടുത്ത നിമിഷം അപ്പന്‍ അകത്തേക്ക് കയറിപ്പോയി വാതിലടച്ചു. എനിക്കുറപ്പാണ് ആ അടഞ്ഞ വാതിലിനപ്പുറം നിന്ന് ആരും കാണാതെ അപ്പന്‍ കരഞ്ഞിരിക്കും. അന്ന് രാത്രി ഞാനും കരഞ്ഞു.

ഞാന്‍ അപ്പനെ കരയിച്ചു; അപ്പന്‍ എന്നെയും.
(ചിരിക്ക് പിന്നില്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, December 12, 2012

സുന്ദരി ലങ്കാലക്ഷ്മി


Mukesh in Sri Lanka
കൊളംബോയിലെ കാഴ്ച്ചകളും കൊച്ചുവര്‍ത്തമാനങ്ങളുമായി മുകേഷ്

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകുന്നത് എനിക്കെന്നും ഹരമായിരുന്നു. പരിചയമില്ലാത്ത സ്ഥലങ്ങള്‍, ജീവിതങ്ങള്‍ ആചാരങ്ങള്‍, കീഴ്്‌വഴക്കങ്ങള്‍.. അങ്ങിനെ അറിവിന്റെ മേച്ചില്‍പുറങ്ങള്‍ തേടിയുള്ളയാത്രകള്‍. അതോടൊപ്പം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സൗഹൃദത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങളും.. ജീവിതം മാറി, യാത്രകളുടെ ദൈര്‍ഘ്യം മാറി, യാത്രയിലെ സുഖസൗകര്യങ്ങളുടെ രീതി മാറി. പക്ഷേ കഷ്ടപ്പെട്ട് യാത്ര ചെയ്ത കാലങ്ങള്‍ പോലും മനസില്‍ ഇന്നലത്തേതെന്ന പോലെയാണ്.

അതുകൊണ്ട് തന്നെയാണ് യാത്രയെക്കുറിച്ചെഴുതുമ്പോള്‍ ആ ഏഴിമല യാത്ര ഇപ്പോഴും മനസിലെത്തുന്നത്. കോളേജില്‍ പഠിക്കുന്ന കാലം. അവിചാരിതമായി, സുഹൃദ്‌സദസില്‍ ഒരു കൂട്ടുകാരന്‍-ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥിയായ വിജയശേഖരന്‍ ചോദിക്കുന്നു
'ഏഴിമല പോയിട്ടുണ്ടോ? ഗംഭീര സ്ഥലമാ, നേവല്‍ അക്കാദമി വരാന്‍ പോകുവാ അവിടെ. മല, പുഴ, പുഴ കഴിഞ്ഞാല്‍ കടല്‍. പുഴ വറ്റുമ്പോള്‍ മലയില്‍ നിന്ന് മാനുകള്‍ ഇറങ്ങി കടലില്‍ വെള്ളം കുടിക്കും.'' അവന്റെ വിവരണപാഠം നീളവെ ഞാന്‍ ചോദിച്ചു
'എങ്ങിനെയാ പോവുക ?'


Mukesh in Sri Lanka


കണ്ണുര് വരെ ട്രെയിനില്‍ പോകാം. അവിടുന്ന് തളിപ്പറമ്പിലേക്ക് ബസ്സ് പിടിക്കാം. വീണ്ടും അവിടുന്നൊരു ബസ്സ് പിടിക്കണം. പിന്നെ കൂറെ നടക്കണം.'പഴയ ക്യാംപിന്റെ പരിചയത്തില്‍ റൂട്ടും തയാര്‍. ആ യാത്രാവിവരണവും കേട്ട് കൈയില്‍ കാശില്ലല്ലോ എന്ന ദൂ:ഖത്തോടെയിരിക്കുന്ന ഞങ്ങള്‍ക്കു മുമ്പില്‍ പ്രലോഭനത്തിന്റെ പുതിയ വാതായനങ്ങളുമായി അവന്‍ വീണ്ടും
'ഇതിനെല്ലാം പുറമെ ഒരു കാര്യം കൂടിയുണ്ടവിടെ''

'അതെന്തുവാ?''

'ആദിവാസികളെ കാണാം.''

' ഓ അതെന്നാ കാണാനാ? ''

'മാറുമറയ്ക്കാത്ത ആദിവാസി സ്ത്രീകളാണ്.''- അവന്‍ ഞങ്ങളുടെ മര്‍മ്മത്തില്‍ തന്നെ തൊട്ടു.

എന്നാല്‍ പിന്നെ കൊക്കില്‍ ജീവന്‍ ഉണ്ടെങ്കില്‍ ഏഴിമല പോയിട്ടു തന്നെ കാര്യം.

'അവര്‍ വെള്ളം എടുക്കാന്‍ പുറത്തേക്കു വരും. അപ്പോ ഒരു രുപ കൊടുത്താല്‍ നമ്മളോട് സംസാരിക്കും. ഫോട്ടോയെടുക്കാം.''
അവന്‍ ആഗ്രഹാഗ്നിക്കുമീതെ വീണ്ടും നെയ്യൊഴിക്കാന്‍ തുടങ്ങി. പക്ഷേ എങ്ങിനെ പണം ഒപ്പിക്കും. നാലഞ്ചു സുഹൃത്തുക്കളുണ്ട്. ഫീസല്ലാതെ ഒരുത്തനും വീട്ടീന്ന് നയാപൈസ കിട്ടാറില്ല. പോക്കറ്റുമണിയുടെ ഇടപാടൊന്നും അന്നായിട്ടില്ല.

അപ്പോഴാണ് ഞങ്ങളുടെ പരിചയത്തില്‍പ്പെട്ട ഒരു ഗള്‍ഫുകാരന്‍ നാട്ടിലെത്തിയത്. ഗള്‍ഫ് എന്നുവെച്ചാല്‍ അന്ന് പൂത്തപണമാണ്. ലാവിഷ്. ഏഴിമലയെ കുറിച്ച് ഞങ്ങള്‍ അയാളോട് പറഞ്ഞു. 'ഓ അതിലും വലിയ മലകള്‍ എത്ര ഞാന്‍ കണ്ടിരിക്കുന്നു. ''

ഗള്‍ഫുകാരന്‍ അലിയുന്നില്ല. അവസാനം മാറുമറയ്ക്കാത്ത ആദിവാസികളുടെ കഥയും ആവനാഴിയില്‍ നിന്ന്് പുറത്തെടുത്തു. അതിലയാള്‍ തലയും കുത്തി വീണു. പിന്നെ ആവേശം കക്ഷിക്കായി. എനിക്ക് ലീവ് കുറവാണ്. അടുത്ത ദിവസം തന്നെ പോയിക്കളയാം. അയാള്‍ പ്ലാന്‍ ചെയ്തു. സ്‌പോണ്‍സര്‍ ആയതുകൊണ്ട് പുള്ളിക്കാരന് പ്രത്യേക പരിഗണന നല്‍കാന്‍ ഞങ്ങള്‍ മറന്നില്ല.

ഞങ്ങളെ ഏഴിമല എന്ന മോഹത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ വിജയശേഖരന്‍ തന്നെ വഴികാട്ടി.

കളിയും ചിരിയും തമാശകളുമൊക്കെയായി കണ്ണുരിലെത്തിയതറിഞ്ഞില്ല. തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടയില്‍ വിജയശേഖരന് മാത്രം എന്തോ ഒരു ഉത്സാഹക്കുറവ്. അവന്റെ ഊര്‍ജം ഡൗണായി ഡൗണായി വരുന്നു. ഇത്ര പെട്ടെന്നൊരു യാത്ര യാഥാര്‍ഥ്യമാവുമെന്നവന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലേ. ഒന്നാളാവാന്‍ ഇറക്കിയ നമ്പറുകള്‍ മാത്രമോ?

സംശയം ഉയരാന്‍ തുടങ്ങിയിരുന്നെങ്കിലും ബസ്സിറങ്ങി മലകയറുമ്പോള്‍ ഞങ്ങളുടെ മനസില്‍ നിറയെ മാറുമറയ്ക്കാത്ത ആദിവാസി സ്ത്രീകളുടെ സംഘ നൃത്തമായിരുന്നു. 'എവിടെടാ ആദിവാസികള്‍''

'അവരൊക്കെ... കാടാറുമാസം നാടാറുമാസം എന്നാണല്ലോ...''

വിജയശേഖരന്‍ ഉരുളാന്‍ തുടങ്ങി. 'ഏയ് അത് നാടോടികള്‍. ആദിവാസികള്‍ അങ്ങിനെയല്ല.''

'ശരിയാ ശരിയാ.... ''

എല്ലാവരും എന്റെ അഭിപ്രായത്തെ പിന്തുണച്ചു. ഞങ്ങള്‍ നോക്കിയിട്ട് ആദിവാസി മേഖലയുടെ ഒരു ലക്ഷണവും കാണുന്നില്ല. നല്ല വീടൊക്കെ വെച്ച് താമസിക്കുന്ന സാധാരണക്കാരായ നാട്ടുകാരെ കാണുന്നുമുണ്ട്.

'എന്തു മനോഹരമായ സ്ഥലം, പെയ്ന്റ് ചെയ്ത് വെച്ച പോലെയല്ലെ പ്രകൃതി ''

വിജയശേഖരന്‍ ആദിവാസികളില്‍ നിന്ന് ഞങ്ങളുടെ മനസിനെ മോചിപ്പിക്കാനുള്ള ശ്രമമാണ്.

'അത് കറക്ട് അത് കറക്ട്. ''-ഞങ്ങള്‍ പിന്തുണച്ചു.

'ഇനി ആദിവാസികളെ കണ്ടില്ലെങ്കിലെന്താ ''

വിജയശേഖരന്റെ പ്രകൃതിസ്നേഹത്തിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തുവരാന്‍ തുടങ്ങി.

'അത് വേറെ ഇത് വേറെ നീ വിഷയം മാറ്റണ്ട.''

പോക്കറ്റില്‍ നിന്ന് ഒരു രൂപാ നാണയങ്ങളെടുത്ത് കിലുകിലാ ശബ്ദമുണ്ടാക്കി ഞാന്‍ പറഞ്ഞു. നാണയം കൊണ്ട് അമ്മാനമാടുമ്പോള്‍ വിജയശേഖരന്റെ ഹൃദയമെടുത്തിട്ട് അമ്മാനമാടുന്നപോലായിരുന്നു. അത് മറച്ചുവെക്കാന്‍ അവന്‍ പെടാപാട് പെടുന്നതുമറിയാം.
'ഓ അപ്പോഴേക്കും ചില്ലറയും മാററിവെച്ചോ.ഇവന്റെയൊക്കെ ഒരു കാര്യം.''

'പിന്നേ 10 രൂപാ കൊടുത്ത് ആദിവാസികളില്‍ നിന്ന് 9 രൂപ ബാക്കി മേടിക്കാന്‍ പറ്റ്വോ ''-ചില്ലറ കിലുക്കികൊണ്ട് തന്നെ ഞാന്‍ പറഞ്ഞു.
ഗള്‍ഫുകാരനും അക്ഷമനാവുന്നുണ്ടായിരുന്നു, കക്ഷി വലിയൊരു ക്യാമറയും തൂക്കിയാണ് വന്നിരിക്കുന്നത്. മാറുമറയ്ക്കാത്ത ഫോട്ടോകള്‍ എവിടെ കൊടുത്ത് ഡവലപ്പ് ചെയ്യും എന്നൊക്കെയായിരുന്നു പുള്ളിക്കാരന്റെ ടെന്‍ഷന്‍.

അപ്പോഴതാ എതിരെ ഒരാള്‍. ആ നാട്ടുകാരന്‍. അപരിചിതരെ കണ്ടതുകൊണ്ടാവാം അയാള്‍ നിന്നു.

'എവിടുന്നാ ''

'ഞങ്ങള്‍ കൊല്ലം തിരുവനന്തപുരം ജില്ലയിലുള്ളവരാ.''

'ഇവിടെ ഏതു വീട്ടില്‍ വന്നതാ.''

'അങ്ങിനെയൊരു വീട്ടിലേക്കൊന്നും വന്നതല്ല.''

' ഓ അപ്പം ടൂറിസ്റ്റുകളാണോ.''

'വേണമെങ്കില്‍ അങ്ങിനെ പറയാം''.

'അതു ശരി ഇവിടെ എവിടെയാണ് തങ്ങാനുദ്ദേശിക്കുന്നത്.''

'ലാസ്റ്റ് ബസ്സിലങ്ങ് തിരിച്ചുപോകാനാണ് പ്ലാന്‍.''

' ലാസ്റ്റ് ബസ്സോ അത് നാലുമണിക്ക് പോയില്ലേ. ഇനി നാളെ രാവിലെയെ ബസ്സുള്ളു.''

എല്ലാവരും വിജയശേഖരനെ ഒന്നു നോക്കി. അവന്‍ ദഹിച്ച് പോയില്ലെന്നേയുള്ളു.

'എന്തായാലും ശരി ഇനി അധികം ഉള്ളോട്ട് പോകണ്ട. ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്.''

അതെന്താ ചേട്ടാ.''

'കഴിഞ്ഞിടയ്ക്ക് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നാണെന്ന് പറഞ്ഞ് കുറച്ച് പിള്ളേരിവിടെ വന്നിരുന്നു. അവന്‍മാര് ചിത്രംവര ശില്പ്പം എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ തോന്ന്യാസങ്ങളൊക്കെയാണ് കാട്ടിയത്. ഇവിടുത്തെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ചെയ്തു. അവന്‍മാര് വല്ലോം ആണെന്ന് കരുതി നാട്ടുകാര് നിങ്ങളെ കൈകാര്യം ചെയ്‌തെന്നിരിക്കും.''

ഇതു പറയുന്നതിനിടയില്‍ വിജയശേഖരന്‍ മുഖം ഒളിപ്പിക്കാനൊരു ശ്രമം നടത്തുന്നുണ്ടായിരുന്നു. നേരം ഇരുണ്ട് തുടങ്ങിയത് ഭാഗ്യം. പക്ഷേ അപരിചിതനായ ആ മനുഷ്യന്‍ ഞങ്ങള്‍ക്ക് ഒരു കുടിലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി തന്നു. രാത്രി ഭക്ഷണവും ഏര്‍പ്പാടാക്കി. അദ്ദേഹം അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നെന്ന് പിന്നെയാണ് മനസിലായത്. ആദിവാസികള്‍ സ്വപ്‌നമായവശേഷിച്ചെങ്കിലും ആ യാത്ര ഓര്‍മകളിലിന്നുമുണ്ട്.


പിന്നീട് യാത്ര മടുത്തുപോകുന്ന ഒരു കാലമുണ്ടായിരുന്നു. കാളിദാസകലാകേന്ദ്രത്തില്‍ നാടകനടനായ കാലം. ദിവസവും രണ്ടും മൂന്നും സ്‌റ്റേജുകള്‍, രാത്രി ഉറക്കമൊഴിച്ചുള്ള അഭിനയം. പകല്‍ നാടകവാനില്‍ ഉറക്കംതൂങ്ങിയുള്ള യാത്രകള്‍.

സിനിമയില്‍ വന്ന ആദ്യ സമയങ്ങളില്‍ ലൊക്കേഷന്‍ കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെയായിരുന്നതു കൊണ്ട് അധികം യാത്രകളില്ലായിരുന്നു. ആദ്യമായൊരു ചെന്നൈ യാത്ര വരുന്നത് 'അക്കരെ നിന്നൊരു മാരനു' വേണ്ടിയായിരുന്നു. സിനിമയില്‍ ഏതാണ്ട് എന്റെ കാലത്തുതന്നെ വന്ന നടനാണ് സന്തോഷ്. 'ഇതു ഞങ്ങളുടെ കഥ'യില്‍ 5 നായകന്‍മാരില്‍ പെട്ടവരായിരുന്നു ഞാനും സന്തോഷും. ആ ചിത്രത്തോടെ ശരീരപുഷ്ടിയും മസിലുമൊക്കെ വെച്ച് നിരവധി വില്ലന്‍ വേഷങ്ങള്‍ സന്തോഷിന് കിട്ടി തുടങ്ങി. 2 ദിവസം ഇവിടെ 2 ദിവസം അവിടെ എന്ന മട്ടില്‍. അവന്‍ ബിസിയായി പറന്നുനടക്കുകയാണ്. ഞാനാണെങ്കില്‍ ബിസിയാവുന്നതും സ്വപ്‌നം കണ്ടിരിക്കുകയാണ്. ചെന്നെയില്‍ അക്കരെനിന്നൊരു മാരന്റെ ഡബ്ബിംഗ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരുക്കുകയായിരുന്നു ഞാന്‍. അങ്ങിനെയിരിക്കെ ഹോട്ടല്‍ പാംഗ്രൂവില്‍ വെച്ച് അക്കരെ നിന്നൊരുമാരന്റെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ സന്തോഷിനെ കാണുന്നു. സംസാരമധ്യെ സന്തോഷ് പറഞ്ഞു 'ഞാനിന്ന് വൈകീട്ട തിരുവനന്തപുരത്തേക്ക് പോവുകയാണ്.''

'ആണോ എന്നാ പിന്നെ മുകേഷുമുണ്ടല്ലോ. നിങ്ങള്‍ക്ക് ഒന്നിച്ച് പോവാലോ''

'ഇല്ല ഞാന്‍ ഫ്‌ളൈറ്റിലാ. നാളെ എനിക്കവിടെ ഷുട്ടിങ്ങുണ്ട്.''

'അവനും ഫ്‌ളൈറ്റിലാ''

'ആണോ'

'അതെ അവനും ഫ്‌ളൈറ്റിലാ'' സുരേഷ് തറപ്പിച്ചു പറഞ്ഞു.

കുറച്ചുകഴിഞ്ഞ് സുരേഷ് എന്റെ റൂമില്‍ വന്നു.

'എടാ നീ ഫ്‌ളൈറ്റിലാ പോകുന്നത്.''

'ങ്‌ഹേ ട്രെയിന്‍ ടിക്കറ്റല്ലേ ഇത്.''

' അതിങ്ങ് തന്നേര് ഇതു പിടിച്ചോ ''

ഫ്‌ളൈറ്റ് ടിക്കറ്റ് തന്ന് ട്രയിന്‍ ടിക്കറ്റുമായി സുരേഷ് മുറി വിട്ടിറങ്ങുമ്പോള്‍ എനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിലേക്കുളള വഴിയില്‍ വെച്ചാണ് സുരേഷ്‌കുമാര്‍ കാര്യം പറയുന്നത്. സന്തോഷ് ഫ്‌ളൈറ്റിലാ പോകുന്നതെന്ന് പറഞ്ഞപ്പോ അതിലൊരു ധ്വനിയുണ്ടായിരുന്നു. എനിക്കവിടെ ചെന്ന് ഷൂട്ടിങ്ങ് ഉള്ളതാ. അവനൊക്കെ പിന്നെ ചെന്നാലും മതി എന്നൊരു മട്ട്. അതെനിക്ക് സഹിച്ചില്ല. അതാണ് യാത്രയില്‍ ഇങ്ങിനെയൊരു മാറ്റം.''

സൂഹൃത്തുക്കള്‍ക്കു വേണ്ടി എന്തും ചെയ്യുന്ന ആ മനസിന്റെ നന്‍മയെ കുറിച്ചാണ് ഞാന്‍ ഓര്‍ത്തുപോയത്. അതൊരു വലിയ മുഹൂര്‍ത്തവുമായിരുന്നു. പിന്നീടങ്ങോട്ട് ഫ്‌ളൈറ്റ് യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി. യാത്രാദൂരങ്ങള്‍ക്ക് വിമാനവേഗവുമായി. ചൈനയും ജപ്പാനുമൊഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നാടകമോ സ്‌റ്റേജ്‌ഷോയൊ ഒക്കെയായി സഞ്ചരിക്കുകയും ചെയ്തു.

പക്ഷേ ഇതൊക്കെ ഓരോ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള യാത്രകളായിരുന്നു. യഥാര്‍ഥ യാത്രയുടെ ത്രില്ല് സുഹൃത്തുക്കള്‍ക്കൊപ്പം പോവുമ്പോള്‍ തന്നെ. റിലാക്‌സാവുന്നത് അവര്‍ക്കൊപ്പം കളിയും ചിരിയും കുസൃതികളുമായി യാത്ര പങ്കിടുമ്പോള്‍ മാത്രം.

************************************************

കൊച്ചിയില്‍ തിരക്കുള്ള ട്രാഫിക്കിലൂടെ വണ്ടിയോടിക്കുകയായിരുന്നു ഞാന്‍. മുന്‍സീറ്റില്‍ സുഹൃത്ത് സുനില്‍ ഏലിയാസുണ്ട്. പിറകില്‍ സിബിയും. ട്രാഫിക് ഐലന്റില്‍ ചുവപ്പു കണ്ട് നിര്‍ത്തിയ സമയം. ഒരു ബോര്‍ഡ്. 'ദൈവം ആറു ദിവസം ജോലി ചെയ്ത് ഏഴാം നാള്‍ വിശ്രമിച്ചു. നിങ്ങള്‍ വിശ്രമിച്ചിട്ടെത്ര കാലമായി.' മൂന്നു പേരും ഒരു പോലത് വായിച്ചു. കുറച്ചുസമയത്തെ നിശബ്ദത ഭജ്ഞിച്ചത് ഞാന്‍ തന്നെ. ''ശരിയാ നമ്മള്‍ ദൈവത്തേക്കാള്‍ വല്യ ആളാവരുത്.''

ഉടനെ സുനില്‍ ഏറ്റുപിടിച്ചു. നിന്റെ കയ്യിലെത്ര ദിവസമുണ്ട്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ലീവെടുക്കാം.

'എന്റെ കാര്യം ഇപ്പ പറയാനൊക്കത്തില്ല. എന്തായാലും വൈകീട്ട പറയാം.''

ആ പരസ്യം ഒരു സ്​പാര്‍ക്കായി മനസില്‍ കിടന്നു. ഞാന്‍ പലരേയും വിളിച്ചു അഡ്ജസ്റ്റ് ചെയ്ത് ഒരു നാലു ദിവസം ഒപ്പിച്ചു.

ഇനി സ്ഥലമാണ് .ഭക്ഷണവും താമസവുമൊന്നും കിട്ടാത്ത പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനൊന്നുമല്ല ഈ യാത്ര. ടൂറിസ്റ്റ് സങ്കേതമായിരിക്കണം, ഒരുപാട് ദൂരം വേണ്ട, അന്യരാജ്യമായിരിക്കണം, ഇന്‍ഫര്‍മേറ്റീവും ആയിരിക്കണം. ഇതൊക്കെയായിരുന്നു ആലോചനയില്‍ വന്ന വിഷയങ്ങള്‍. പിന്നെ വിസ കിട്ടാന്‍ എളുപ്പമുള്ള സ്ഥലവുമായിക്കോട്ടെ.

'അങ്ങിനെയെങ്കില്‍ ശ്രീലങ്ക ''


Mukesh in Sri Lanka


സിബി പറഞ്ഞു ഓണ്‍ എറൈവല്‍ വിസയാണ്. ബാങ്കോക്കും ഓണ്‍ എറൈവല്‍ വിസയാണ്. പക്ഷേ കേരളത്തില്‍ നിന്ന് നേരിട്ട് ഫ്‌ളൈറ്റില്ല. ചെന്നൈയില്‍ പോവണം. അപ്പോ ഒരു ദിവസം അങ്ങിനെയും പോവും. ഇതാവുമ്പോ തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് കാറില്‍ പോകുന്ന സമയം പോലും വേണ്ട.''

അങ്ങിനെ ശ്രീലങ്ക ഉറപ്പിച്ചു. യാത്രയ്ക്കു വേണ്ട ഏര്‍പ്പാടുകളെല്ലാം സിബി ഏറ്റു. ഒഫീഷ്യല്‍ ടൂറുകള്‍ ധാരാളം നടത്തി പരിചയ സമ്പന്നന്നാണ് സിബി.

അങ്ങിനെ മറ്റന്നാളാണ് യാത്രയെങ്കില്‍ ഇന്നുണ്ട് ജയപ്രകാശ് അവിചാരിതമായി വിളിക്കുന്നു. മസ്‌ക്കറ്റിലെ ഞങ്ങളുടെ കോമണ്‍ഫ്രണ്ടാണ്.

'ഓ നീ ഇന്നു വിളിച്ചത് നന്നായി മറ്റന്നാളായിരുന്നെങ്കില്‍ ഞങ്ങള്‍ ലങ്കയിലായേനെ''

'ങ്‌ഹേ ലങ്കയിലോ''

'എന്താ കാര്യം.''

'നീ അറിഞ്ഞില്ലേ ഇപ്പോ കാണേണ്ട സ്ഥലമല്ലേ ലങ്ക. യുദ്ധം കഴിഞ്ഞ് സമാധാനം വന്ന് ടൂറിസ്റ്റുകളുടെ പറുദീസയായിരിക്കുകയല്ലേ അവിടം. കാശിനാണെങ്കില്‍ ഒരു വിലയുമില്ല. നമ്മുടെ നൂറു രൂപ അവിടെ ഇരുനൂറുരുപയാണ്.''ഞാനല്‍പ്പം കേറ്റി അടിച്ചു.

'ഞാന്‍ ഒരു പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാം കേട്ടോ.'' ജയന്‍ പറഞ്ഞു.

വണ്ടിയോടിക്കുകയായിരിക്കും. അല്ലെങ്കിലും വളരെ തിരക്കുപിടിച്ച് ,സക്‌സസ്ഫുള്ളായ ബിസിനസ്മാനാണ് ജയന്‍. ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

10 മിനിട്ട് ആയോ എന്നറിയില്ല. ജയപ്രകാശിന്റെ കോള്‍. ''നിങ്ങള്‍ മൂന്നും ശ്രീലങ്കയിലേക്ക് പോകുന്നു. ഞാനിവിടെ ബിസിനസ് തിരക്കുമായി മസ്‌ക്കറ്റിലും. എനിക്കത് ഓര്‍ത്തിട്ട് സഹിക്കുന്നില്ലെടെ. നിങ്ങള്‍ മൂന്നും ചേരുമ്പോഴുണ്ടാകുന്ന തമാശകളും സന്തോഷവും അതു നല്‍കുന്ന എനര്‍ജിയും ഇനി അടുത്ത കാലത്തൊന്നും ഉണ്ടാവുമെന്നും തോന്നുന്നില്ല. ഞാന്‍ നാളെ അവിടെയത്തും. മറ്റന്നാളത്തേക്ക് എനിക്കുമൊരു ടിക്കറ്റ് പറഞ്ഞേക്ക്.''

ഇത്രയുമൊരു ഷോട്ട് നോട്ടീസില്‍ ജയപ്രകാശ് ഒരു യാത്രയും ചെയ്തു കാണത്തില്ല. പുളളിക്കാരന്റെ ഭാര്യ ഞെട്ടി. ഓഫീസിലുള്ളവരും ഞെട്ടി. ഈ ട്രിപ്പിന്റെ ഊര്‍ജം എനിക്കൂഹിക്കാന്‍ പറ്റും. അത് രണ്ടോ മുന്നോ കൊല്ലം അധികം ജോലി ചെയ്യാനുള്ള കരുത്തെനിക്കു പകരും. അത് ഭാര്യയെ പറഞ്ഞ് മനസിലാക്കിച്ചാണ് ഞാന്‍ പോന്നത്. ജയപ്രകാശ് നാട്ടിലെത്തിയപ്പോള്‍ പറഞ്ഞു.

ശ്രീലങ്കയില്‍ കൊളാംബോ വിമാനത്താവളത്തില്‍ ഇറങ്ങി. പുറത്തുകടന്നു. എന്തീസിയാണ് കാര്യങ്ങള്‍. ഇവിടെ കേരളത്തിലാണെങ്കില്‍ പോലും എന്തെങ്കിലും കുനുഷ്ട് ഉണ്ടാവും. ടുറിസ്റ്റുകളെ അടിമുടി പ്രോത്സാഹിപ്പിക്കുകയാണവര്‍.നിങ്ങളെല്ലാം കൂടെ മനസ് വെച്ചിട്ടു വേണം ഈ നാടൊന്നു പച്ചപിടിക്കാന്‍ എന്ന മനോഭാവം.. സ്വീകരണത്തിന്റെ വിഭിന്ന ഭാവങ്ങള്‍ ചിരിയായും സഹായസന്നദ്ധതയായുമെല്ലാം ചുറ്റും നിറയുന്നു.

ട്രാവന്‍ ഏജന്‍സി വണ്ടി ഏര്‍പ്പാടാക്കിയിരുന്നു. ടെയോട്ടാ, ഹോണ്ടാ തുടങ്ങി വിദേശ നിര്‍മ്മിത കാറുകളാണ് റോഡിലെങ്ങും. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് ഒന്നര മണിക്കുര്‍ യാത്രയുണ്ടാവും. വഴിയോരകാഴ്ചകളില്‍ തെളിയുന്നത് നമ്മുടെ കേരളം തന്നെ. ആള്‍ക്കാരും കടകളും റോഡുകളുമെല്ലാം ഇവിടുത്തെ പോലെ. ചില സ്ഥലങ്ങള്‍ കാണുമ്പോള്‍ തമിഴ് നാടിന്റെ ചെറിയ ഛായയും. ''എടേ ഇതിവന്‍മാര് നമ്മെ പറ്റിച്ചതാണോ തിരുവന്തപുരത്തു നിന്ന് പുറപ്പെട്ട് ചുറ്റിക്കറങ്ങി നാഗര്‍കോവിലിലോ വല്ലോം കൊണ്ടിറക്കിയതാണോ'' ഞാന്‍ തമാശയ്ക്ക് പറഞ്ഞു. അതു കേട്ട് ഡ്രൈവറും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. മനസിലായിട്ടായിരിക്കില്ല. അയാള്‍ അങ്ങിനെയാണ്. എന്തെങ്കിലും പറഞ്ഞ് ചിരിച്ചോണ്ടിരിക്കും.മുറി ഇംഗ്ലീഷും സിംഹളയുമെല്ലാം കോര്‍ത്തിണക്കിയാണ് സംസാരം. എന്തു പറഞ്ഞാലും ചിരിക്കും.


Mukesh in Sri Lanka


കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ശ്രീലങ്കയുടെ മറ്റൊരു മുഖം കാണുന്നത്. ബങ്കറുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന പട്ടാളക്കാര്‍. ജാഗരൂകരായിരിക്കുന്ന പട്ടാളക്കാരില്‍ ഭൂരിഭാഗവും മീശ മുളയ്ക്കാത്ത കൊച്ചു പയ്യന്‍മാര്‍. എന്റെ ഇളയ മകന്റെ പ്രായമുള്ള കുട്ടികളെ കണ്ടപ്പോള്‍ സത്യത്തില്‍ വേദന തോന്നി. അവരുടെ മുഖങ്ങളില്‍ ഒരാശാന്തത. എന്തോ സംഭവിക്കാന്‍ പോവുന്നോ എന്നൊരാശങ്ക, എല്ലാം ശരിയായോ എന്നൊരു വിശ്വാസക്കുറവ്. അവര്‍ എപ്പോ വേണമെങ്കിലും വീണ്ടും വരാം എന്നൊരു സംശയം..കാറ് തടഞ്ഞു നിര്‍ത്തി ഉള്ള് പരിശോധിക്കാന്‍ തുടങ്ങി .ഇന്ത്യ എന്ന് ഡ്രൈവര്‍ പറഞ്ഞതും ഉടനെ വിടുകയും ചെയ്തു. അതിലൊരു അടയാളമുണ്ട്. നമ്മുടെ പിന്തുണയും സൗഹൃദവും ആഗ്രഹിക്കുന്ന ശ്രീലങ്കയുടെ മുഖം.

'ഏതെങ്കിലും അലുകുലുത്ത് ഹോട്ടലായിരുക്കുമോടെ ഇവന്‍മാര് ബുക്ക് ചെയ്തത്. എന്റെ അടുത്ത സംശയം അതായിരുന്നു.'' '' ഏയ് ഫൈവ്സ്റ്റാര്‍ ഹോട്ടലാ.''

'ഓ ഇവിടുത്തെ സ്റ്റാര്‍ ഹോട്ടലൊക്കെ എന്തായിരിക്കുമെ എന്തോ.''

എന്തായാലും നഗരം വൃത്തിയുള്ളതാണ് തിക്കും തിരക്കും ഇവിടുത്തെ പോലെയില്ല. ഹോട്ടലിലെത്തി. കൊള്ളാം സംശയിച്ച പോലെയല്ലെന്നു മാത്രമല്ല. പ്രതീക്ഷിച്ചതിനോക്കാള്‍ എത്രയോ അപ്പുറത്തായിരുന്നു അത്. തിരുവന്തപുരത്തൊന്നും ഇത്രയും നല്ല ഹോട്ടലില്ല.
ലങ്കയില്‍ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. അളിയന്‍ രാജേന്ദ്രന്റെ ഒരു ബന്ധു ഉണ്ടല്ലോ എന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. അദ്ദേഹം ശ്രീലങ്കന്‍ നയതന്ത്രജ്ഞനായി ചെന്നെയില്‍ ജോലി ചെയ്തിരുന്ന കാര്യം അറിയാം. ഞാനുടനെ പെങ്ങള്‍ സന്ധ്യയെ വിളിച്ചു. 'അയ്യോ അദ്ദേഹത്തെ കാണാതെ വരരുത്. നല്ല മനുഷ്യനാ. നിങ്ങള്‍ക്ക്് ഒരുപാട് ഗുണമുണ്ടാവും. എന്തായാലും പോയി കാണണം.'' സന്ധ്യ നമ്പറും തന്നു.

ഞങ്ങള്‍ക്ക് ഡൗട്ടടിക്കാന്‍ തുടങ്ങി. നയതന്ത്രജ്ഞനെന്നൊക്കെ പറയുമ്പോ ഗൗരവക്കാരനായിരിക്കുമോ. നമ്മുടെ നയവും തന്ത്രവുമൊന്നും അവിടെ വിലപ്പോവാതാവുമോ. രാവിലെ ഞങ്ങളേയും കുട്ടി. ഇതാണ് ഇവിടുത്തെ ബീച്ച് ഇതാണ് മ്യസിയം എന്നൊക്കെ പറഞ്ഞ് യാത്ര കുട്ടികളുടെ എസ്‌കര്‍ഷന്‍ മോഡലാക്കി കളയുമോ. അടിച്ചുപൊളിക്കാന്‍ വന്നവര്‍ നയതന്ത്രത്തിന്റെ ഇരകളാവുമോ. സംശയം പെരുകുമ്പോള്‍ സുഹൃത്തുക്കളെന്നെ കയ്യൊഴിയാന്‍ തുടങ്ങി. ''ആ ടൈപ്പ് സാധനം വല്ലോം ആണെങ്കില്‍ നീയായി നിന്റെ പാടായി. ഞങ്ങളെ വിട്ടേക്കണം.'' അവന്‍മാര് ഒറ്റക്കെട്ടായി പറഞ്ഞു. ''ഏതായാലും ഇന്ന് നമുക്ക് ഒറ്റയ്ക്ക് കറങ്ങാം. നാളെ വിളിച്ചു നോക്കാം.''അവസാനം തീരുമാനത്തിലെത്തി.

ഹോട്ടലിലെ ജിമ്മും നീന്തല്‍ക്കുളവും എല്ലാം ആസ്വദിച്ചു. വൈകീട്ട് ബീച്ചിലേക്കിറങ്ങി. ടാക്‌സിയിലായിരുന്നു യാത്ര. പ്രായം ചെന്ന ഒരാളാണ് വണ്ടിയോടിക്കുന്നത്. വിരമിച്ച് വിശ്രമജീവിതം തുടങ്ങേണ്ട കാലത്ത് ഇയാളെന്തിനാ വണ്ടിയോടിക്കുന്നത് എന്ന സംശയം തീര്‍ക്കാന്‍ ഞാനയാളോട് ജീവിതത്തെ പറ്റി ചോദിച്ചു. ''എനിക്ക് മുന്നുമക്കളുണ്ട്. എല്ലാവരും നല്ല നിലയിലെത്തി. ഇപ്പം ഞാനും എന്റെ കിഴവിയും മാത്രമേയുള്ളു. വെറുതെയിരിക്കേണ്ടല്ലോ എന്നു കരുതി ഈ ജോലിക്ക് വരുന്നു.''

'ദിവസം എന്ത് കിട്ടും'' 300 രൂപകിട്ടും. നമ്മുടെ 150 സിബി ഇടയ്ക്ക് കേറി പറഞ്ഞു. 24മണിക്കൂറാണ് ജോലി. ഒന്നരാടന്‍ പോവണം.''

'എത്ര വയസായി.''

കണ്ടിട്ടെന്ത് തോന്നുന്നു.

'ഒരമ്പത്തെട്ട് ''

'തെറ്റി 72 വയസുണ്ടെനിക്ക് ''

ഈ 72-ആം വയസിലും 24 മണിക്കൂര്‍ നമ്മുടെ 150 രൂപയ്ക്ക് വേണ്ടി ഒരാള്‍ സന്തോഷകരമായി ജോലി ചെയ്യുന്നു!

അയാള്‍ ഞങ്ങളെ ബീച്ചിലെത്തിച്ചു. ചില സ്ഥലങ്ങളെത്തുമ്പോള്‍ അയാള്‍ ചുണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ഇവിടെയാണ് 18 പേര്‍ മരിച്ചത്. ഇവിടെ വെച്ചാണ് പ്രൈംമിനിസ്റ്റര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. എന്നൊക്കെയാണ് വിശദീകരണങ്ങള്‍. ഇത് മ്യൂസിയം, ഇത് ആര്‍ട്ട് ഗ്യാലറി എന്നൊക്കെ പറയുന്ന് ഒരു ടൂറിസ്റ്റ് ഗൈഡിനെയല്ല നാമിവിടെ കാണുന്നത്. ആക്രമണങ്ങളുടെയും പൊട്ടിത്തെറികളുടെയും ലാന്റ്മാര്‍ക്കുകള്‍ ചോര ചിന്തിയ ദ്വീപിന്റെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ രക്തത്തുള്ളികളായി വീണു കിടക്കുന്നു. അതെന്നാണിനി ഉണങ്ങുക.

Mukesh in Sri Lanka, Sri Lankan Marriage

മനോഹരമായ ബീച്ച്. അവിടെയൊരു കല്യാണ ആഘോഷം പൊടിപൊടിക്കുന്നു. ചോര വീണ മണ്ണിലും ജീവിതം തളിര്‍ക്കുകയാണ്. ഞങ്ങളും കല്യാണത്തിനൊപ്പം കൂടി. വരന്റെ പാര്‍ട്ടിക്കാരായിരിക്കുമെന്ന് വധുവും വധുവിന്റെ പാര്‍ട്ടിക്കാരായിരിക്കുമെന്ന് വരനും കരുതിക്കാണണം. ഏതായാലും ഭക്ഷണം കഴിക്കാന്‍ നിന്നില്ല. അവിടന്ന് വല്ലോം പിടിക്കപ്പെട്ടാല്ലോ. നാണം കെടാന്‍ ശ്രീലങ്കയില്‍ വരണ്ടല്ലോ. എന്തായാലും ഗംഭീര സ്വീകരണം തന്നെയായിരുന്നു അവിടെ. ഹസ്തദാനം ചെയ്തും ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തും ശ്രീലങ്കന്‍ കല്യാണം ഞങ്ങളും ആഘോഷിച്ചു.

Mukesh in Sri Lanka, Sri Lankan Marriage

സന്ധ്യയായപ്പോ ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു. ഇനി വൈകണ്ട. രാത്രിയായാല്‍ ചെക്കിങ് കൂടും. എന്തെങ്കിലും സംശയം തോന്നി തടഞ്ഞുനിര്‍ത്തിയാല്‍ പിന്നെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ വരേണ്ടിവരും. അതൊക്കെ പൊല്ലാപ്പാ. ഞങ്ങള്‍ ഹോട്ടലിലേക്ക് വിട്ടു. വഴിക്കിറങ്ങി ഫോട്ടോകള്‍ എടുക്കണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അതും ഉപേക്ഷിച്ചു. ഫ്ഌഷ് മിന്നുന്നത് കണ്ട് പട്ടാളക്കാര്‍ ഓടിയെത്തി പിടിച്ചാലോ? ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞാലല്ലേ നമ്മള്‍ മുകേഷാണെങ്കിലും ഇന്നസെന്റാണെന്ന് അറിയൂ.

ഹോട്ടലില്‍ ചെന്നപ്പോ അവിടെ ചൈനീസ് ബൂഫേയുടെ അറിയിപ്പ് കണ്ടു. ''നമ്മള്‍ക്കു മുറിയിലേക്ക് വല്ലോം ഓര്‍ഡര്‍ ചെയ്യാം.'' ഞാന്‍ പറഞ്ഞു. എന്നാലും ഒന്നു നോക്കാമെന്ന് സിബി. ''എത്രയാ ചാര്‍ജ് ?

1000 രുപ ഒരാള്‍ക്ക്(നമ്മുടെ 500) ങ്‌ഹേ എന്നാ പിന്നെ ഒന്നു നോക്കിയിട്ടു തന്നെ. ഒരു ഫൈവ്സ്റ്റാര്‍ ബുഫേയ്ക്ക് 500 രുപ ഒട്ടും അധികമല്ല.


  ഇത്രയും വെറൈറ്റിയുള്ള ഒരു ബുഫെ ഇന്ത്യയില്‍ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല. നല്ല ടേസ്റ്റും. പക്ഷേ ഒരിടത്തും ഒരു മലയാളിയെ കാണുന്നില്ല. ആരെങ്കിലുമൊക്കെ വന്ന് എന്നെ തിരിച്ചറിഞ്ഞാലല്ലേ ഇവന്‍മാര്‍ക്കിടയില്‍ എന്റെ വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ പറ്റൂ.

പിറ്റേ ദിവസം 11 മണിയായപ്പോ വല്‍സന്‍ ഞങ്ങളെ കാണാന്‍ വന്നു. നമ്മുടെ നയതന്ത്ര വിദഗ്ദന്‍. നീ പോയി കണ്ടാല്‍ മതി. കുഴപ്പക്കാരനല്ലെങ്കില്‍ ഞങ്ങളെ പരിചയപ്പെടുത്തിയാല്‍ മതി. അങ്ങിനെ ഞാന്‍ കോഫീ ഹൗസിലേക്ക് ചെന്നു. ഞങ്ങള്‍ പരിചയപ്പെട്ടു. വല്‍സന്റെ അച്ഛന് 13 വയസുള്ളപ്പോള്‍ ശ്രീലങ്കയിലെത്തിയതാണ്. അവിടെ ബിസിനസിലൂടെ ജീവിതം കെട്ടിപ്പടുത്തു. ഐ.എഫ്. എസ് ഇല്ലെങ്കിലും വിദ്യാദ്യാസ യോഗ്യതയുള്ളതുകൊണ്ട് സ്വീഡനില്‍ അംബാസഡറായതാണ് വല്‍സന്‍. വളരെ ഫ്രണ്ട്‌ലിയായിട്ടുള്ള, നല്ല ആതിഥേയന്‍. മിനിട്ടുകള്‍ കൊണ്ടാണ് സംശയങ്ങളുടെ എല്ലാം മഞ്ഞുമുരുകി ഞങ്ങള്‍ സുഹൃത്തുക്കളായത്.

ഭാര്യയും മകനും നാട്ടില്‍ പോയിരിക്കുകയാണ്. നിങ്ങള്‍ വീട്ടിലേക്ക് വരണം. അവിടെ താനസിക്കാം. എന്റെ കൂടെ മുന്നു സുഹൃത്തുക്കള്‍ കൂടിയുള്ള കാര്യം ഞാന്‍ പറഞ്ഞു. ഓ.കെ സന്തോഷം. അപ്പം വൈകീട്ട് വീട്ടിലെത്തുന്നു.നിങ്ങളെ ഞാന്‍ വളരെ മനോഹരമായൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അദ്ദേഹം യാത്ര പറഞ്ഞിറങ്ങാന്‍ ഭാവിക്കവെ കോഫീഹൗസില്‍ കടന്നുവന്ന ഒരാള്‍ പരിചയ ഭാവത്തോടെ എന്റെ അരികിലേക്ക്് വന്നു.

''മുകേഷ് എന്താ ഇവിടെ.'' '' ഞാനൊരു പേഴ്‌സണല്‍ ടൂറുമായി വന്നതാണ്. ''ഒരു മലയാളികുടുംബത്തെ കണ്ടതിന്റെ സന്തോഷത്തോടെ ഞാന്‍ പറഞ്ഞു. പറഞ്ഞുവന്നപ്പോഴാണ് മനസിലായത്. മരടില്‍ എന്റെ വില്ല നില്‍ക്കുന്ന് അതേ കോംപൗണ്ടിലാണ് അദ്ദേഹത്തിന്റെ വീടും. ഒരാഴ്ചയെ അദ്ദേഹമവിടെ താമസിച്ചിട്ടുള്ളു. ക്രിക്കറ്റ് താരം ശ്രീശാന്ത് താമസിച്ചത് ആ വീട്ടിലായിരുന്നു. അവിടെവെച്ച് പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. അദ്ദേഹമിവിടെ ഗ്ലാസ്‌കോ കമ്പനിയുടെ മേധാവിയാണ്. ഇതെന്റെ അയല്‍വാസിയാണെന്നും പറഞ്ഞ് ഞാനദ്ദേഹത്തെ ഞാന്‍ വല്‍സന് പരിചയപ്പെടുത്തി. അങ്ങിനെ അവരും നിമിഷങ്ങള്‍ കൊണ്ട് സുഹൃത്തുക്കളാവുന്നതിന് സാക്ഷ്യം വഹിച്ചു. ഇരുവര്‍ക്കും ഗുണകരമായിരുന്നു ആ നിമിഷങ്ങള്‍.

ഞാന്‍ മുറിയിലേക്ക് കയറാന്‍ ലിഫ്റ്റിനടുത്തെത്തി. സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ട് ഓടി വരുന്നു. ''സാര്‍ ഒരു ഫോട്ടോയെടുത്തോട്ടെ.''

'' പിന്നെന്ത്.''

ശ്ശെടാ മലയാളികളെ കാണുമ്പോള്‍ കൂട്ടത്തോടെയാണോ കാണുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു പെണ്ണും ഇങ്ങിനെ ഒറ്റയ്ക്ക് വന്ന് ഒരു ഫോട്ടോയ്ക്ക് ചോദിക്കില്ല. ഉള്ളിലാഗ്രഹമുണ്ടെങ്കിലും അതടക്കി വെക്കും. അല്ലെങ്കില്‍ രണ്ട്മൂന്നു പേര്‍ ചേര്‍ന്നേ വരൂ. ഇവള് കൊള്ളാം. മനസില്‍ ചിന്തകളുടെ വേലിയേറ്റം. അവളെന്നെ ലിഫ്റ്റിന്‍ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുത്തു. താങ്ക്യൂ മൊഴിയാനും മറന്നില്ല.

''ലുക്ക് നിങ്ങളിങ്ങനെ ഫോട്ടോയെടുത്തിട്ടെന്താ, ക്യാമറ വേറെ വല്ലവരിടവും കൊടുത്ത് കൂടെ നിന്നൊരു പടമെടുത്തോളൂ.''

'' അത് വേണ്ട സാര്‍.''

'' എന്റെ പടം ഇങ്ങിനെ എടുത്തിട്ട് എന്തു കിട്ടാനാ. അതിന് വല്ല മാഗസിനില്‍ നിന്നും എടുത്താല്‍ പോരേ.'' ഞാന്‍ ചോദിച്ചു.
''സാര്‍ ഞാനിവിടുത്തെ ഗസ്റ്റ് റിലേഷന്‍ ഓഫീസറാണ്. സെക്യൂരിറ്റി നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഞങ്ങളിവിടെ വരുന്നവരുടെയെല്ലാം ഫോട്ടോ എടുത്തു വെക്കാറുണ്ട്. അതിനു വേണ്ടിയാണിത്.''

'' ഹോ അവന്‍മാര് കൂടെയില്ലാഞ്ഞത് എന്റെ ഭാഗ്യം. ഞാനൊന്നു ചമ്മി .അതവള്‍ക്കും മനസിലായതുകൊണ്ടാവണം വീണ്ടും വീണ്ടും താങ്ക്യൂ പറയാന്‍ തുടങ്ങി. മൂന്ന് സുഹൃത്തുക്കള്‍ കൂടെയുള്ള കാര്യം ഞാന്‍ പറഞ്ഞു.

'അതേ അവര് പുറത്തിറങ്ങു്ന്നതും കാത്തിരിക്കുകയാണ്. ഇന്നലെ നിങ്ങള്‍ ടയേഡായതുകൊണ്ടാണ് ബുദ്ധിമുട്ടിക്കാഞ്ഞത്.'' അവള്‍ പറഞ്ഞു.

റൂമിലെത്തിയ എനിക്ക് ഫോട്ടോയെടുത്ത കാര്യം പറയാതിരിക്കാന്‍ ആവുമായിരുന്നില്ല. എന്നാലും ചമ്മല്‍ സംഭവം മറച്ചുവെച്ചു.
'എടേ സുന്ദരിയായൊരു പെണ്ണു വന്നു എന്റെ ഫോട്ടോയെടുത്തു.'' '' ഓ നിനക്കു പിന്നെ എവിടെ ചെന്നാലും വിവരമില്ലാത്ത കൂറേ പെണ്ണുങ്ങളുണ്ടാവുമല്ലോ.''

'നിങ്ങളുടെ ഫോട്ടോയും എടുക്കാന്‍ ഞാനവളോട് റെക്കമെന്റ് ചെയ്തിട്ടുണ്ട് അവള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്.''

ഞങ്ങള്‍ പുറത്തിറങ്ങിയപ്പോല്‍ ആ സുന്ദരിയെത്തി.

'ഇവരുടെ കൂടെ ഫോട്ടോയൊന്ന് എടുത്തേര്.''

ഞാനവളോട് പറഞ്ഞു. മൂന്നു പേരുടെ ഫോട്ടോയും പകര്‍ത്തി താങ്ക്യു മൊഴിഞ്ഞവള്‍ പോകുമ്പോള്‍
'ഇതെന്താടേ ഇവള്‍ക്കെന്താ വട്ടോ? ''അവന്‍മാരുടെ സംശയം. ''എന്റെ സുഹൃത്തുക്കളെന്ന് പറയുമ്പോ നിങ്ങള്‍ക്കും ഒരു വിലയൊക്കെയുണ്ടെടെ ''ഞാനവിടെ ആളായി. പക്ഷേ സത്യത്തില്‍ അതിന്റെ ഗൂട്ടന്‍സ് അവന്‍മാര്‍ക്കിതുവരെ പിടികിട്ടിയിട്ടില്ല. ഇനി ഇതു വായിച്ചു വേണം അവരറിയാന്‍.

*****************************************************

വൈകീട്ട് വല്‍സന്റെ വീട്ടിലെത്തി. സത്യത്തില്‍ അതൊരു മ്യൂസിയം തന്നെ. അദ്ദേഹം ഏതൊക്കെ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ അവിടുത്തെ ക്ലോക്കുകള്‍ പുരാവസ്തുക്കള്‍ എന്നു വേണ്ട വിപുലമായൊരു ശേഖരം തന്നെ. ''ഇത് ഗ്രീസില്‍ നിന്ന്, ഇത് വെനീസില്‍ നിന്ന്'' എന്ന് ഓരോന്നും പരിചയപ്പെടുത്താനും അദ്ദേഹം മറന്നില്ല. അവിടുത്തെ പട്ടിയെയും ഒന്നു കാണേണ്ടതാണ്. വിവിധ തരം കിളികളേയും വളര്‍ത്തുന്നുണ്ട്. മദ്യത്തില്‍ ശേഖരം വേറെയും. വിവിധരാജ്യങ്ങളിലെ അപൂര്‍വ്വയിനം മദ്യങ്ങള്‍. അദ്ദേഹമാണെങ്ങില്‍ മദ്യം തൊടാറുമില്ല. ഗ്രീസിലെ ട്രൈബല്‍ ഏരിയയില്‍ പ്രത്യേകം മരത്തിന്റെ ഇലച്ചാറ് പിഴിഞ്ഞെടുത്ത് വാറ്റിയെടുക്കുന്ന മദ്യമാണിത്. ഇത് കുടിച്ചുനോക്കൂ. ആതിഥേയത്വത്തില്‍ അദ്ദേഹത്തിന് പിശുക്കില്ല. എല്ലാം കണ്ടും കേട്ടും എന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകരായി. നീ വേണമെങ്കില്‍ ഹോട്ടലില്‍ പോയ്‌ക്കോ ഞങ്ങളിവിടെ കൂടിക്കോളാം എന്നായി ഒടുക്കം.

അദ്ദേഹം ഞങ്ങളെ മനോഹരമായൊരു ഹോട്ടലിലേക്കാണ് കൊണ്ടു പോയത്. ശാന്തമായ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന ഇത്തിരി തുണ്ട് ഭൂമിയില്‍ ഒരു ഹോട്ടല്‍. ലോകത്തിലെ എല്ലാ തരം വൈനും കിട്ടുന്നയിടം. ഡ്രിങ്ക്‌സ് നിങ്ങള്‍ക്കെവിടെ നിന്നും കഴിക്കാം ഇവിടെ വന്നാല്‍ വൈന്‍ തന്നെ കഴിക്കണം. വല്‍സന്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ആ സായാഹ്നത്തിന് വൈനിന്റെ മധുരമായിരുന്നു.

Mukesh in Sri Lanka


വൈനിന്റെ ഇത്തിരി ലഹരിയില്‍ ശാന്തമായ കടലില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ഞാനോര്‍ത്തു പോയത്. ശ്രീലങ്കയുടെ ഭൂതകാലമാണ്. എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങല്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് ഒരു നാശത്തിന്റെ വക്കില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാത്തിരിക്കുന്നത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് പണ്ട് വലിയ പരിഗണന കൊടുക്കാറില്ലായിരുന്നു. ഇന്ത്യന്‍ടീമിനും പാകിസ്താന്‍ ടീമിനുമെല്ലാം മുന്തിയ സൗകര്യങ്ങള്‍ കൊടുക്കുമ്പോള്‍ ലങ്കയോടൊരു ചിറ്റമ്മനയമായിരുന്നു. പക്ഷേ കല്‍ക്കത്തയില്‍ വെച്ച് അവര്‍ ലോകചാമ്പ്യന്‍മാരായ മുഹൂര്‍ത്തം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. യുദ്ധം കൊണ്ട് മുറിവേറ്റ മനസുമായി അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന ഒരു ജനതയുടെ മറുപടിയായിരുന്നു അതെന്ന് ലങ്കയിലിരുന്ന് ഞാന്‍ മനസിലാക്കുന്നു. ഇനി സമാധാനത്തിന്റെ നാളുകളിലൂടെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

പ്രഭാകരന്‍ മരിച്ചു. പുലികള്‍ ഇല്ലാതായി. വിഷയം പ്രഭാകരനിലേക്ക് കടന്നപ്പോള്‍ പുലിപ്പേടിയടെ ലങ്കയില്‍ ജീവിച്ച വല്‍സന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പറയാന്‍ തുടങ്ങി. പ്രഭാകരനെ വെറുക്കുന്ന ഒരു ജനതയൊന്നുമായിരുന്നില്ല ഇവിടുത്തേത് പ്രഭാകരന്റെ ചില മണ്ടന്‍ തീരുമാനങ്ങളാണ് പുലികള്‍ക്കും അദ്ദേഹത്തിനും തന്നെ വിനയായത്. രാജീവ്ഗാന്ധിയെ കൊന്നതാണ് അതിലൊന്ന്. ലോകം മുഴുവന്‍ പുലികള്‍ക്കെതിരായത് അതോടെയാണ്. പ്രഭാകരന്റെ ഹീറോയിസത്തില്‍ ആകൃഷ്ടരായ അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്ന ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു. രാജീവ് ഗാന്ധി വധത്തോടെയാണത് തകര്‍ന്നത്. എല്‍.ടി.ടി.ഇയ്ക്ക ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ലങ്കന്‍ സര്‍ക്കാരിന്റെ ഈക്വല്‍ സ്റ്റാറ്റസ് കിട്ടിയിരുന്ന കാലവും ഉണ്ടായിരുന്നു.അങ്ങിനെ കിട്ടാത്തിടത്ത് ചോദിച്ച് വാങ്ങിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അവരായി തന്നെ കളഞ്ഞ് കുളിച്ചതാണ്.

അവസാനം രജപക്ഷെയും വിക്രമസിംഹയും തമ്മിലുള്ള ഇലക്ഷന്‍ പോരാട്ടത്തിലും പ്രഭാകരന്റെ തീരുമാനം മണ്ടത്തരത്തിലാണ് കലാശിച്ചത്. വിക്രമസിംഹ ബൂദ്ധിപരമായ തീരുമാനങ്ങളെടുക്കുന്ന നയതന്ത്രജ്ഞനായ ഭരണാധികാരിയാണ്.ചര്‍ച്ചയിലൂടെ സമാധാനം ആഗ്രഹിച്ചിരുന്നയാളാണ്. രജപക്ഷെ അടിയെടാ എന്ന രീതിയില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നയാളും നടപ്പിലാക്കുന്നയാളുമാണ്. തിരഞ്ഞെടുപ്പില്‍ വിക്രമസിംഹെ ജയിക്കുമെന്നായിരു്ന്നു പ്രതീക്ഷ. പക്ഷെ പ്രഭാകരന്‍ ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. ജാഫ്‌നമേഖലയിലുള്ള വിക്രമസിംഹയ്ക്ക് അനുകൂലമായ 90 ശതമാനം വോട്ടുകളും അങ്ങിനെ നഷ്ടപ്പെട്ടു. ഗ്രനേഡ് എറിഞ്ഞ് വോട്ടുചെയ്യാന്‍ വന്നവരെ പോലും ഓടിക്കുകയും ചെയ്തു. അങ്ങിനെ രജപക്ഷെയുടെ പക്ഷമാണ് ശരിയന്ന് വന്നു.

അവസാനം കീഴടങ്ങാന്‍ വന്നതായിരുന്നത്രെ പ്രഭാകരന്‍. വെടിവെച്ചു കഥ കഴിക്കുകയായിരു്ന്നത്രെ. ഇങ്ങനെ ശ്രീലങ്കയില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. കഥയും യാഥാര്‍ഥ്യവും കലര്‍ന്ന വാമൊഴി വാര്‍ത്തകള്‍.

തമിഴ് അഭയാര്‍ഥി ക്യാമ്പുകളും കണ്ടു. ആയിരക്കണക്കിന് ജനങ്ങളാണവിടെ. രജപക്ഷെ മൂന്നു ബാങ്കുകളെ ഇവിടേക്കയച്ചു. കയ്യിലുള്ള പണം ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാന്‍ അഭ്യര്‍ഥിച്ചു. കോന്തലകെട്ടിലും,ഇരുമ്പ് പെട്ടികളിലും, പായ് തെറുത്ത് കയറ്റിയതിലുമെല്ലാം പണം കൊണ്ട് നിറച്ചിരിക്കുകയായിരുന്നത്രെ പലരും. ഒടുക്കം ഒററ ദിവസം കൊണ്ട് 20 കോടി രൂപയാണ് ബാങ്കിലെത്തിയത്. എല്‍.ടി.ടി.ഇ ക്യാമ്പും ഉണ്ട്, മൂന്നു കൊല്ലത്തേക്കാണ് ഇത് നിലനിര്‍ത്താന്‍ പ്ലാന്‍ ചെയ്തിരുക്കുന്നത്. പക്ഷെ അവര്‍ക്കും മടുത്തു. ഞങ്ങളെ വിട്ടുകൂടെ എന്ന അഭ്യര്‍ഥന അവരുടെ ഭാഗത്തു നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടത്രെ. ഇങ്ങിനെ ശ്രീലങ്കയുടെ വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങള്‍ കണ്ടും കേട്ടും ഞങ്ങള്‍ മടങ്ങി.പൂര്‍ണ്ണ സമാധാനം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ. വീണ്ടും വരാമെന്ന് പറഞ്ഞ് ഒരു ഗുഡ്‌ബൈ.

സിനിമക്കാരനായതുകൊണ്ടാവാം ശ്രീലങ്കന്‍ സിനിമയെ കുറിച്ചാരായാനും ഞാന്‍ മറന്നില്ല. സിനിമയുണ്ട്. പക്ഷെ അതുകൊണ്ട് ജീവിക്കാന്‍ പറ്റുന്ന സാഹചര്യമൊന്നുമല്ല താരങ്ങള്‍ക്ക് അവിടുത്തെ സൂപ്പര്‍സ്റ്റാറിനു പോലും വേറെ തൊഴിലുണ്ട്. പക്ഷേ നാടകം ഇപ്പോഴും സജീവമാണത്രെ. അതു കാണാന്‍ ആളുമുണ്ട്.

തിരിക്കുന്നതിന് മുമ്പാണ് ഓര്‍ത്തത് ശ്രീലങ്കയുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങണ്ടെ. അവിടെ ചെന്നാല്‍ വാങ്ങേണ്ടത് ക്രോക്കറി ഐറ്റംസാണ്. ലോകോത്തര ക്രോക്കറി ഐറ്റംസാണ് ലങ്കയിലുണ്ടാക്കുന്നത്. നോറിടെക് എന്ന കമ്പനി ജപ്പാനീസ് ആണെങ്കിവും ശ്രീലങ്കയിലാണതിന്റെ ഫാക്ടറി. ഞങ്ങളൊരു ഷോപ്പില്‍ ചെന്നു. സത്യമാണ് ഗംഭീര സാധനങ്ങള്‍. സ്വര്‍ണ്ണനിറത്തിലുള്ള കപ്പും സോസറും കണ്ട് ഞാന്‍ അതിശയിച്ചുപോയി.

''ഇതിന്റെ കളറ് പോകുമോ? ''

മനസിലെ സംശയംവാസു പിന്നെയും.

''നോറിടെക്കിന്റേതോ, എന്നാ പിന്നെ എന്നേ ഈ കമ്പനി പൂട്ടിപ്പോയേനെ.''

പാക്കിങ്ങ് ആരംഭിച്ചപ്പോ ഞാന്‍ അല്‍പ്പം ധൃതി വെച്ചു ഫ്‌ളെറ്റിന്റെ സമയമടുത്തു 'ഒന്ന് വേഗം.'' ''വേഗം ചെയ്തുതരാം പക്ഷെ പൊട്ടും'' 'അയ്യോ പൊട്ടരുത്.''

'ആ എന്നാ അല്‍പ്പം താമസിക്കും.''

'പക്ഷേ ആ പാക്കിങ്ങിനെ പറ്റിയും പറയാതിരിക്കാന്‍ വയ്യ. എടുത്തെറിഞ്ഞാല്‍ പോലും പൊട്ടത്തില്ലെന്ന് പറയാം.
ഇത് കൊല്ലത്ത് കൊണ്ടുപോയി എനിക്കൊരു പണിയുണ്ട്. വീട്ടിനുമുമ്പില്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഒരു ഏറുമാടം കെട്ടും. വൈകീട്ട് അതിന്‍ മേല്‍ കയറിയിരുന്ന സ്വര്‍ണ്ണകപ്പില്‍ ചായ കുടിക്കും. അതു വഴി പോകുന്നവരൊക്കെ അതു കാണുമ്പം പറയണം. ഓ മുകേഷ് ഇപ്പം പഴയ ആളൊന്നുമല്ലെടെ,. അവനിപ്പം സ്വര്‍ണ്ണകപ്പിലല്ലിയൊ ചായ കുടിക്കുന്നേ എന്ന്. സന്ധ്യ പറയാറുമുണ്ടായിരുന്നു ഈ വീട്ടിലിപ്പം ഏറ്റവും കുറവുളളത് കപ്പും സോസറുമാണെന്ന് ആ ഒരോര്‍മ്മ വെച്ചു കൂടിയാണ് ഞാനത് വാങ്ങിയത്. അവള്‍ക്കൊരു സര്‍പ്രൈസായിക്കോട്ടെന്ന് കരുതി സംഗതി പറഞ്ഞില്ല. നിനക്ക് ഗംഭീരമായൊരു സമ്മാനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന്ു മാത്രം പറഞ്ഞു. മാലയാണോ വളയാണോ എന്നവള്‍. അത് നേരില്‍ കാണാം. എന്തായാലും കണ്ടു കഴിഞ്ഞാല്‍ ഓ ഞാനാഗ്രഹിച്ചിരുന്ന സാധനം എന്നു നീ പറയുമെന്ന് മാത്രം പറഞ്ഞു. അത് പോലെ തന്നെ പാക്കിങ് പൊളിച്ചു കഴിഞ്ഞതും എല്ലാ കണ്ണുകളിലും അത്ഭുതം വിടരുന്നത് ഞാന്‍ കണ്ടു. ശ്രീലങ്കയില്‍ പോകുന്ന സഞ്ചാരികളോട് എനിക്കു പറയാനുള്ളത് അതാണ. dont miss it.

തിരിച്ചെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തുള്ള എന്റെയൊരു സുഹൃത്തിനെ കണ്ടു. ശ്രീലങ്കന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ പറയുകയാണ്. സംഗതിയൊക്കെ ശരി തന്നെ അവിടെ എല്‍.ടി.ടി.ഇ പോയി, സമാധാനം വരും. പക്ഷെ ഭീഷണി മുഴുക്കെ കേരളത്തിനാണ്. ങേഹേ അതെന്തുപറ്റി വല്ല നുഴഞ്ഞു കയറ്റവും. ഹേയ് അതല്ല. നീ കൊളംബോയല്ലേ കണ്ടിട്ടുള്ളു. ജാഫ്‌നയിലും ട്രിങ്കോമാലിയിലും എലിഫന്റ് പാസിലുമൊന്നും പോയിട്ടില്ലല്ലോ. അതി മനോഹരമാണാ സ്ഥലങ്ങള്‍ പുലികളുടെ കയ്യിലായതുകൊണ്ട് കുറേക്കാലമായി ആരു എത്തുന്നില്ലവിടെ. ഇനിയിപ്പോ അധികം വൈകാതെ അങ്ങോട്ടായിരിക്കും സഞ്ചാരികളുടെ ഒഴുക്ക്. അതോടെ നമ്മള്‍ കോവളത്തും വര്‍ക്കലയുമെല്ലാം ഈച്ചയാട്ടിയിരിക്കേണ്ടി വരും...അതാണ് ഭീഷണി. നോക്കണേ ഓരോരുത്തര്‍ക്ക് ഓരോ താത്പര്യങ്ങള്‍. 

Wednesday, October 10, 2012

സൈക്കിള്‍ ചവിട്ടുന്നത് എന്തിന്?

Air pollution


കാറ് വാങ്ങാന്‍ മോഹിച്ചു നടക്കുന്നവനെ സൈക്കിള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിലും വലിയ അപരാധം വേറെയില്ല. പക്ഷെ കാര്യങ്ങളുടെ കിടപ്പുവശം പരിശോധിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്ക് ഇത് പറയാതിരിക്കാനും വയ്യ. പാല്‍പ്പായസം മോഹിച്ചു വന്നവന്‍ കരിങ്ങാലി വെള്ളം കൊണ്ട് തൃപ്തനാകുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. അതിനാല്‍ മറ്റൊരു ഓപ്ഷന്‍ മുന്നില്‍ക്കണ്ടാണ് ഇതു പറയുന്നതെന്ന് ആദ്യമേ തെര്യപ്പെടുത്തട്ടെ.

പാല്‍പ്പായസം കുടിച്ചതിനു ശേഷം അല്‍പം കരിങ്ങാലി വെള്ളം കുടിക്കുന്നതില്‍ പിഴവൊന്നുമില്ല. പായസത്തിന്‍റെ ചെടിപ്പ് മാറാന്‍ അത് സഹായിക്കും. ഒന്നുകൂടി മലയാളത്തില്‍ പറഞ്ഞാല്‍, കാര്‍ വാങ്ങുന്നതിനൊപ്പം ഒരു സൈക്കിള്‍ കൂടി വാങ്ങാം. വാട് ഏന്‍ ഐഡിയ സെര്‍ജീ......!

കരിമ്പുക പുറന്തള്ളല്‍ കാര്യങ്ങളില്‍ വളരെയേറെ ആശങ്ക പുറംനാടുകളില്‍ വളരുന്നുണ്ട്. ചൂട് നിമിത്തം വീട്ടിനകത്ത് ഇരിക്കാന്‍ പോലും കഴിയാതെ നാം ഞെരിപിരി കൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ആഗോളതാപനം എന്നുകേട്ടാല്‍ വന്‍ സിദ്ധാന്തങ്ങള്‍ പടച്ചുവിടാന്‍ ബുദ്ധിജീവികള്‍ ധാരാളം നമ്മുടെ നാട്ടിലുണ്ട്. അവര്‍ പോലും അടുത്ത വളവിലെ കടയില്‍ നിന്ന് ജീരകം വാങ്ങാന്‍ കാറെടുത്തേ പുറത്തിറങ്ങൂ എന്നതാണ് സ്ഥിതി. ഇവരെയാണ് നാം 'പ്രബുദ്ധമലയാളി' എന്ന് വിളിച്ച് കളിയാക്കാറുള്ളത്.

പറഞ്ഞുവന്നത് ഇതാണ്: കാറിനൊപ്പം ഒരു സൈക്കിള്‍ എന്നത് ഒരു മൂലമന്ത്രമാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇത് എന്തുകൊണ്ട് എന്നതിന് കൂടുതല്‍ യുക്തിയുക്തമായ കാരണങ്ങള്‍ ആവശ്യമാണ്.

'എന്തുകൊണ്ട് സൈക്കിള്‍?' എന്നതാണ് ഇവിടെ വിഷയം. ഇതുസംബന്ധിച്ച, 'സൈക്കിള്‍ മതമൗലിക വാദിക'ളുടെ ലഭ്യമായ അഭിപ്രായങ്ങളെ ആശ്രയിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ നിങ്ങള്‍ക്കുള്ളിലെ കാര്‍ പ്രണയിക്ക് വേദനിക്കുന്നുവെങ്കില്‍ ക്ഷമിക്കുക.

1) 'എന്തുകൊണ്ട് സൈക്കിള്‍' എന്ന ചോദ്യത്തിന്‍റെ ആദ്യ ഉത്തരം 'വിലക്കുറവ്' എന്നതാണ്. ഒരു പുതിയ കാര്‍ വാങ്ങുന്നതുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കാത്ത വിധം കുറഞ്ഞ വിലയില്‍ സൈക്കിള്‍ വിപണിയില്‍ ലഭിക്കുന്നു. അമേരിക്കയുടെ ഏഏഏ റേറ്റിംഗ് അന്തംവിട്ട് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എന്ത് വിശ്വസിച്ചാണ് ഒരാള്‍ വന്‍ തുക കടം വാങ്ങി കാറെടുക്കുക എന്നാണ് ചില സൈക്കിള്‍ മൗലിക വാദികള്‍ ചോദിക്കുന്നത്. നമുക്ക് അത്രത്തോളം പോകേണ്ട. നേരത്തെ പറഞ്ഞതു മാതിരി കാറിനൊപ്പം ഒരു സൈക്കിള്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം.

2) സൈക്കിള്‍ യാതൊരു വിധത്തിലുള്ള മലിനീകരണവും നടത്താത്ത വളരെ ശാന്തസ്വഭാവമുള്ള ഒരു ജീവിയാണ്. 

3) കാറുകളെയും മറ്റ് വാഹനങ്ങളെയും പോലെ പ്ലാസ്റ്റിക് ഉപയോഗം വളരെയില്ല എന്നതാണ് മറ്റൊരു ഗുണം. ഇക്കാരണത്താല്‍ ഒരു സൈക്കിള്‍ കൂടി വാങ്ങിയാല്‍ പ്ലാസ്റ്റിക് മലിനീകരണം കൂടുമല്ലോ എന്ന ആശങ്ക വേണ്ട.

4) ചെറിയ ദൂരത്തേക്ക് സൈക്കിളെടുത്ത് യാത്ര തിരിക്കുമ്പോള്‍ നികുതി അടയ്ക്കുന്ന മറ്റുള്ളവരെ ബഹുമാനിക്കുകയാണ് നാം ചെയ്യുന്നത്. നികുതി ദായകന്‍റെ പണമെടുത്തിട്ടാണല്ലോ റോഡ് നിര്‍മാണം നടത്തുന്നത്. ഈ റോഡിലൂടെ ഇടയ്ക്കിടെ വാഹനം വെറുതെ ഓടിച്ച് ഉള്ള ഗട്ടറുകളുടെ വലിപ്പം കൂട്ടുന്ന പ്രവൃത്തിക്ക് നമ്മളെന്തിന് കൂട്ടു നില്‍ക്കണം? ഇതിനെയാണ് പൗരബോധം, പൗരബോധം എന്നു പറയുന്നത്.

5) ചിലയാളുകള്‍ രണ്ടാമതൊരു വാഹനം കൂടി വാങ്ങി ഗാരേജിലിടാന്‍ ഉത്സാഹമുള്ളവരാണ്. രണ്ടാം വാഹനം എന്ന തോന്നല്‍ വരുമ്പോള്‍ അത് സൈക്കിളിനപ്പുറം പോകാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നമുക്കും നന്ന് നാട്ടാര്‍ക്കും നന്ന്.

നഗരങ്ങളില്‍ 'ഗുരുക്കന്മാ'രുടെ എണ്ണം കൂടി വരികയാണ്. ഇതിനുള്ള പ്രധാന കാരണം ശോധനക്കുറവാണ്. വിശദീകരണം ആവശ്യമാണല്ലേ? തരാം.

നഗരങ്ങളിലെ ഭക്ഷണരീതികള്‍ പലപ്പോഴും വയറിനെ നാശമാക്കാന്‍ പര്യാപ്തമായവയാണ്. ഭക്ഷണം അന്തമില്ലാതെ അടിച്ചുകയറ്റാന്‍ കെ എഫ് സി പോലുള്ള സ്ഥാപനങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ വയറിന് അസുഖം പിടിച്ചവരാണ് യോഗ ക്ലാസ്സുകളില്‍ ഇടിച്ചുകയറുന്നത്. ഇവരെയാണ് ചില ഗുരുക്കന്മാര്‍ വലയെറിഞ്ഞ് പിടിക്കുന്നത്. ഇവരെ 'ശോധനാഗുരുക്കന്മാര്‍' എന്ന് വിളിക്കുക. 

6) സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ, അത്ഭുതമേ, നമ്മുടെ വയറിന്‍റെ പ്രശ്നങ്ങള്‍ പോയൊഴിയുന്നു. ഇത് മറ്റൊരു സാമൂഹ്യ സേവനത്തിനു കൂടി കാരണമാകും. ശോധനാഗുരുക്കന്മാര്‍ ഉന്മൂലനാശം ചെയ്യപ്പെടും!

7) അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടാകുന്നതനുസരിച്ച് ആഭ്യന്തര വിലയില്‍ മാറ്റം വരുത്താന്‍ വേണ്ടിയാണ് പെട്രോള്‍ വിലയിടീല്‍ കര്‍മം കുത്തക കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അന്താരാഷ്ട്ര വില കൂടുമ്പോള്‍ മാത്രമാണ് ആഭ്യന്തര വിലയില്‍ മാറ്റമുണ്ടാകുന്നത് എന്നാണ്. ഇത് വാഹനം വാങ്ങുന്നവനെ ഇരുട്ടത്തിട്ട് പെരുമാറുന്നതിന് തുല്യമാണ്. ഡീസല്‍ കാറുകള്‍ വാങ്ങിയാല്‍ പ്രശ്നം ഒടുങ്ങുമെന്നാണ് ചിലര്‍ കരുതുന്നത്. ഡീസലിന്റെ വില വര്‍ധനവും ഡീസല്‍ കാറുകളുടെ അടിക്കടി ഉണ്ടാവുന്ന റിപെയര്‍ഉം നോക്കിയാല്‍ അതും വളരെ നഷ്ടമാണന്നു കാണാം. പറഞ്ഞു വന്നത്, ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കാനായി സാധ്യമായ സമയങ്ങളില്‍ സൈക്കിള്‍ ഉപയോഗിക്കുക എന്നതാണ്.

8) ഇന്നത്തെക്കാലത്ത് നഗരങ്ങളില്‍ ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ വാഹനം സൈക്കിള്‍ തന്നെയാണ്. ട്രാഫിക് കുരുക്കുകളില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാന്‍ സൈക്കിള്‍ സഹായിക്കുന്നു. അതിനാല്‍ ഓഫീസ് യാ‍ത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക.


Air pollution

Sunday, May 27, 2012

കുഞ്ഞാപ്പു എന്ന ഉണ്ണിയേട്ടന്‍


മെയ് 27,2012- മലയാളസിനിമയിലെ അപൂര്‍വ്വപ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ആറാം ചരമവാര്‍ഷികം. സത്യന്‍ അന്തിക്കാട് ഓര്‍മ്മിക്കുന്നു.
Oduvil Unnikrishnan


ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണിയേട്ടന്‍. അമിതമായ യാതൊരു മോഹങ്ങളും കൂടെകൊണ്ടുനടക്കാത്ത ഒരാള്‍. ബുദ്ധകഥയിലെ സംന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളെയും കടവില്‍ ഉപേക്ഷിച്ചു പോന്ന ഒരു ഗ്രാമീണന്‍. ആരോടും പരിഭവമില്ലാതെ പെരുമാറുന്ന വിനയാന്വിതന്‍. മേക്കപ്പ് പോലെ, പിന്നീട് തുടച്ചുകളയാവുന്ന, വിനയം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന എത്രയോ പേര്‍ ഈ രംഗത്തുണ്ട്. എന്നാല്‍, ജന്മപ്രകൃതമായിരുന്നു ഉണ്ണിയേട്ടന് വിനയം.

സിനിമയുടെ പുറംപറമ്പിലെവിടെയോ ആയിരുന്നു ആദ്യകാലങ്ങളില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍. വിസ്തൃതമായ ആ പറമ്പിലേക്ക് പ്രേക്ഷകരെത്തുംവരെ ഉണ്ണിയേട്ടന്‍ കാത്തിരുന്നു.

നെടുമുടി വേണുവും ഗോപിയും ഒരു പ്രത്യേക ക്ലാസില്‍ പെടുന്ന സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് ഞാന്‍ 'അപ്പുണ്ണി' എന്ന സിനിമയെടുക്കുന്നത്. വി.കെ.എന്‍ എഴുതിയ കഥയും തിരക്കഥയും ആധാരമാക്കി ഒരു സിനിമ എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. വേറൊരു മാധ്യമത്തിനും പിന്തുടരാന്‍ കഴിയാത്തവിധം മൗലികവും നിശിതവുമാണ് വി.കെ.എന്നിന്റെ ഭാഷയും ഘടനയും. സിനിമ എന്നത് വിട്ടുവീഴ്ചയുടെ കലയാണ്. മുതല്‍ മുടക്കുന്നയാളുടെ ലാഭമോഹങ്ങള്‍ക്ക് വലിയൊരു പരിധിവരെ ഈ കലാനിര്‍മാണവേളയില്‍ പല സംവിധായകരും വശംവദരാവാന്‍ നിര്‍ബന്ധിതമാകാറുണ്ട്. വലിയ എഴുത്തുകാരുടെ രചനകള്‍ ഈ വ്യാവസായിക കലയുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കിക്കൊണ്ടു വരുമ്പോഴുള്ള സ്വാഭാവികമായ ചില ആശങ്കകള്‍ ഉണ്ടായിരിക്കേത്തന്നെ, വി.കെ.എന്നിന്റെ കഥയുടെ അഭ്രാവിഷ്‌കാരം വലിയ സാധ്യതകള്‍ മുന്നില്‍ തുറന്നുവെച്ചു. 'അപ്പുണ്ണി'യിലെ കുറുപ്പുമാഷാണ് ഒടുവില്‍. കുറുപ്പുമാഷിനുണ്ടാവണം എന്ന് വി.കെ.എന്‍ ആഗ്രഹിച്ച നാടന്‍ ശരീരഭാഷ ഉണ്ണിയേട്ടനുണ്ടായിരുന്നു. കുറുപ്പുമാഷ് എന്ന കഥാപാത്രത്തിലൂടെയാണ് ഉണ്ണിയേട്ടന്‍ എന്റെ ജീവിതത്തിലേക്ക് സീരിയസ്സായി കടന്നുവരുന്നത്. 'അപ്പുണ്ണി'യിലെ അനായാസമായ അഭിനയവും ഒരു നാട്ടിന്‍പുറത്തുകാരന്റെ സ്വാഭാവികമായ രീതികളും ഉണ്ണിയേട്ടനെ പ്രിയപ്പെട്ട ഒരാളാക്കിത്തീര്‍ത്തു എന്നതായിരുന്നു സത്യം. ആ സിനിമതൊട്ട് എന്നോടൊപ്പം കൂടിയ രണ്ടുപേര്‍ മോഹന്‍ലാലും ഉണ്ണിയേട്ടനുമാണ്. മോഹന്‍ലാലും ഉണ്ണിയേട്ടനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെടുക്കുന്നത് ഒരു സംവിധായകന്‍ എന്ന നിലയില്‍ നര്‍മമാധുര്യത്തോടെ മാത്രം ഓര്‍മിക്കാവുന്ന കാര്യങ്ങളാണ്. ചില കൈയാംഗ്യങ്ങള്‍, ചില കാര്യങ്ങള്‍ പറയാന്‍ ക്ലേശിക്കുമ്പോഴുള്ള മുഖഭാവങ്ങള്‍, ചില നോട്ടങ്ങള്‍, ചുണ്ടിലെവിടെയോ ഒളിപ്പിച്ചുവെച്ച ചിരി- ഇതൊക്കെ ഉണ്ണിയേട്ടന്റെ അഭിനയത്തെ പലതലങ്ങളില്‍ മികവുറ്റതാക്കി. അപ്പുണ്ണിയില്‍ കുട്ട്യേടത്തി വിലാസിനി അവതരിപ്പിച്ച കല്യാണിയമ്മ എന്ന കഥാപാത്രത്തിന് ഒരു കുട്ടിയുണ്ട്. കല്യാണിയമ്മയുടെ വീടന്വേഷിച്ച് വരുന്ന മോഹന്‍ലാല്‍, അമ്മാളുഅമ്മയോട് 'കുട്ടിയുടെ അച്ഛന്‍ എന്തുചെയ്യുന്നു?' എന്ന് തിരക്കുന്നുണ്ട്. കല്യാണിയമ്മ അവിവാഹിതയായിരുന്നു. ജാരസന്തതിയാകയാല്‍ ആ സ്ത്രീ പരിഭ്രമിച്ചു നില്‍ക്കെ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മേലോട്ടു നോക്കി 'ഇപ്പോള്‍ നല്ല മഴപെയ്യുമെന്ന് തോന്നുന്നു. നല്ല കോളിനുള്ള ലക്ഷണമുണ്ട്' എന്ന് പറഞ്ഞ് തികച്ചും ഗ്രാമ്യമായ ഒരു ഭാവത്തോടെ കല്യാണിയമ്മയുടെ മുന്നില്‍ നിന്ന് മോഹന്‍ലാലിനെ വിളിച്ചുകൊണ്ടുപോകുന്ന ഒരു രംഗം അപ്പുണ്ണിയില്‍ ഉണ്ട്. കല്യാണിയമ്മയുടെ രഹസ്യങ്ങള്‍ അറിയാവുന്ന ഒരാളുടെ ഭാവം വളരെ റിയലിസ്റ്റിക്കായി ഒടുവില്‍ മുഖത്ത് പ്രകടിപ്പിച്ചു. നാട്ടിന്‍പുറത്തുകാരനായ ഒരാള്‍ നാഗരികനേക്കാള്‍ സൗമ്യമായി ജീവിതത്തോട് പെരുമാറുന്നു.

ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണിയേട്ടന്‍. അമിതമായ യാതൊരു മോഹങ്ങളും കൂടെകൊണ്ടുനടക്കാത്ത ഒരാള്‍. ബുദ്ധകഥയിലെ സംന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളെയും കടവില്‍ ഉപേക്ഷിച്ചു പോന്ന ഒരു ഗ്രാമീണന്‍. ആരോടും പരിഭവമില്ലാതെ പെരുമാറുന്ന വിനയാന്വിതന്‍. ചുണ്ടില്‍ ലിപ്‌സ്റ്റിക് തേച്ചതുപോലെയുള്ള ഒരു വിനയമായിരുന്നില്ല അത്. മേക്കപ്പ് പോലെ, പിന്നീട് തുടച്ചുകളയാവുന്ന, വിനയം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന എത്രയോ പേര്‍ ഈ രംഗത്തുണ്ട്. എന്നാല്‍, ജന്മപ്രകൃതമായിരുന്നു ഉണ്ണിയേട്ടന് വിനയം. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളോടെ പെരുമാറാന്‍ ഉണ്ണിയേട്ടന് സാധിച്ചു. അപ്പുണ്ണിയുടെ ലൊക്കേഷനില്‍ അക്കാലത്തെ പ്രശസ്തനായ ഒരു സിനിമാ റിപ്പോര്‍ട്ടര്‍ ഉണ്ണിയേട്ടനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. 'നിങ്ങളെയൊക്കെ ഞാനാണ് പ്രശസ്തനാക്കുന്നത്' എന്ന ധിക്കാരം കലര്‍ന്ന ഒരു ഭാവം ആ റിപ്പോര്‍ട്ടര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ അന്ന് അത്രയൊന്നും പ്രശസ്തനായിരുന്നില്ല. സംസാരത്തിനിടയിലെപ്പോഴോ പത്രലേഖകനുമായി ഒടുവില്‍ തെറ്റിപ്പിരിഞ്ഞു. പിന്നീട് പത്രലേഖകന്‍ ഒടുവിലിനോട് 'നിങ്ങള്‍ എന്നോട് സൂക്ഷിച്ചു കളിക്കണം. ഒരു നടനെ വളര്‍ത്താനും തളര്‍ത്താനും ഞങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും' എന്ന് പറഞ്ഞു. പിന്നീട് ഈ റിപ്പോര്‍ട്ടര്‍ അയാളുടെ മാഗസിനില്‍ ഉണ്ണിയേട്ടനെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ എഴുതുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടന് തുണയായിത്തീര്‍ന്നു എന്നുള്ളതായിരുന്നു രസകരം. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഓര്‍ക്കാവുന്ന ഒരു പേരായി ഉണ്ണിയേട്ടന്‍ മാറി. ഒരാളെ ബോധപൂര്‍വം ചെറുതാക്കാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരിക്കലും അത് ഉദ്ദേശിച്ച ഫലം ചെയ്തു എന്നുവരില്ല; സിനിമയില്‍ എത്രയോ ഉദാഹരണങ്ങള്‍ ഈ കാര്യത്തിനുണ്ട്.

അപ്പുണ്ണിക്കു ശേഷം 'വെറുതെ ഒരു പിണക്കം' എന്ന സിനിമ ഞാന്‍ ചെയ്തു. ആ സിനിമ സാമ്പത്തികമായി അത്ര വിജയിച്ചില്ല. ഉദ്ദേശിച്ച സാമ്പത്തികവിജയം കിട്ടാതെയായപ്പോള്‍ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്റെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ആക്ഷന്‍ ഒറിയന്റഡായിട്ടുള്ള ഒരു കൊമേഴ്‌സ്യല്‍ പടം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി. 'ലാല്‍ അമേരിക്കയില്‍' എന്ന പേരില്‍ പില്‍ക്കാലത്ത് റിലീസായ പടമായിരുന്നു അത്. ഞാന്‍ തുടങ്ങിവെക്കുകയും പലകാരണങ്ങളാല്‍ നീണ്ടുപോവുകയും സഹസംവിധായകര്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സിനിമ. ഈ സിനിമയുടെ ഷൂട്ടിങ്ങിനായി ഞങ്ങളോടൊപ്പം ഉണ്ണിയേട്ടനും അമേരിക്കയില്‍ വന്നു. അമേരിക്കയില്‍ ന്യൂജഴ്‌സിയിലാണ് ഞങ്ങള്‍ താമസിച്ചത്. 'ഗ്രെയ്റ്റ് അഡ്വഞ്ചര്‍' എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലമുണ്ടായിരുന്നു. അവിടെവെച്ച് ഒരു പാട്ട് ചിത്രീകരിച്ചു. സന്ധ്യയായപ്പോള്‍ ഞങ്ങള്‍ ഹോട്ടലുകളിലേക്ക് മടങ്ങി.

തിരിച്ചെത്തിയപ്പോഴാണറിയുന്നത്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മിസ്സിങ്ങാണ്. ഒടുവിലിനെ കാണ്മാനില്ല! ഇതെല്ലാവരെയും പരിഭ്രാന്തിയിലാഴ്ത്തി. പലയിടത്തും ഒടുവിലിനെ അന്വേഷിച്ച് ആളുകള്‍ പോയി. മധുനായര്‍ ന്യൂയോര്‍ക്കായിരുന്നു അന്ന് ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്നത്. മധുനായരുടെ വണ്ടിയില്‍ മോഹന്‍ലാലും ഞാനും ഗ്രെയ്റ്റ് അഡ്വഞ്ചറിലേക്ക് തിരിച്ചു. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും രണ്ടുമണിക്കൂര്‍വരെ ഓടിയാലെത്തുന്ന അകലെയായിരുന്നു ഗ്രെയ്റ്റ് അഡ്വഞ്ചര്‍. ഞങ്ങളവിടെയെത്തുമ്പോള്‍ കാര്‍ണിവല്‍ അവസാനിച്ചിരുന്നു. പരിഭ്രമത്തോടെ ഞങ്ങള്‍ അകത്തുകയറി. അപ്പോള്‍, ഒരു കോര്‍ണറില്‍ കുറേ നീഗ്രോകള്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ പൊട്ടിച്ചിരിയോടെ പലതും പറഞ്ഞിരിക്കുന്ന ഒടുവിലിനെ കണ്ട്, അസ്വസ്ഥതകള്‍ക്കിടയിലും ഞങ്ങള്‍ ചിരിച്ചു. വളരെ സരസമായിട്ട്, ഉണ്ണിയേട്ടന്‍ അവരോട് മലയാളം പറഞ്ഞ് ചിരിക്കുന്നു! ഒരു അന്യഗ്രഹജീവിയുടെ ഭാഷ കേട്ടിട്ടെന്നപോലെ ചുറ്റും കൂടിനിന്ന് മറ്റുള്ളവരും ചിരിക്കുന്നു. ശരിയായ കാര്‍ണിവല്‍.
കൂട്ടം തെറ്റി ഒറ്റപ്പെട്ടുപോയ ഉണ്ണിയേട്ടനെയും പൊക്കിയെടുത്ത് ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. മടങ്ങുമ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു: ''ഉണ്ണിയേട്ടന്‍ അവരോടെന്താണ് മലയാളത്തില്‍ പറഞ്ഞത്?''

''എന്തൊക്കെയോ പറഞ്ഞു. എന്റെ പേര് ഒടുവില്‍ ഉണ്ണികൃഷ്ണനാണെന്നും മലയാളിയാണ് എന്നുമൊക്കെ... എന്റെ ഭാഷ ചതിക്കില്ല എന്ന് മനസ്സിലായി. ആരും എന്റെ മുഖത്തു കൈവെച്ചില്ല.'' ഉണ്ണിയേട്ടന്റെ മറുപടി കേട്ട് മോഹന്‍ലാല്‍ തിരിച്ചുപറഞ്ഞു:

''ഗ്രെയ്റ്റ് അഡ്വഞ്ചര്‍!''

ഉണ്ണിയേട്ടന്‍ സ്ഥിരം പാടുന്ന ഒരു പാട്ടുണ്ട്. അദ്ദേഹം സംഗീതം നല്‍കിയ 'മണിനാഗങ്ങളേ' എന്നു തുടങ്ങുന്ന പാട്ട്. ഏതു സ്റ്റേജിലും ഉണ്ണിയേട്ടന്‍ ആ പാട്ടുപാടുമായിരുന്നു. അഭിനയത്തോടൊപ്പം സംഗീതവാസനയും ഉണ്ണിയേട്ടനുണ്ടായിരുന്നു.

ഉണ്ണിയേട്ടനെ ലൊക്കേഷനിലെത്തിക്കുക ബുദ്ധിമുട്ടാണ്. എത്തിക്കഴിഞ്ഞാല്‍ തിരിച്ചയയ്ക്കുന്നതും ബുദ്ധിമുട്ടായിരുന്നു. വൈകിവന്ന് വൈകിപോയിക്കൊണ്ടിരുന്ന ഒരാള്‍. സദ്യയ്ക്ക് വിളിക്കുന്നതുപോലെയാണ് ഞാന്‍ എന്റെ സെറ്റിലേക്ക് ഉണ്ണിയേട്ടനെ വിളിക്കാറ്. ''പടം തുടങ്ങ്വാണ്. നേരത്തെ വന്നേക്കുക'', ഔപചാരികമായ യാതൊരു കെട്ടുപാടുകളും ഞങ്ങള്‍ക്കിടയിലില്ലായിരുന്നു. സ്‌നേഹത്തിന്റെ ഒരു സ്വാതന്ത്ര്യം എനിക്കദ്ദേഹത്തോടും സൗഹൃദത്തിന്റെ ഒരു ഭയം തിരിച്ചുമുണ്ടായിരുന്നു.

പാതിരായ്ക്ക് പോലും ഉണ്ണിയേട്ടന്‍ ഫോണ്‍ ചെയ്യുമായിരുന്നു. രാത്രിയില്‍ ടെലിവിഷനില്‍ പടംകണ്ട് അപ്പോള്‍ മാത്രം നോട്ട്‌ചെയ്യുന്ന ഏതെങ്കിലും തമാശയില്‍ പിടിച്ചുകയറി വാചാലനായി ചിരിക്കാനായിരിക്കും ആ പാതിരാവിളി. നാടോടിക്കാറ്റ് എന്ന സിനിമയില്‍ ശ്രീനിവാസന്റെ ഒരു ഡയലോഗുണ്ട്: ''ജീവിക്കാന്‍ വേണ്ടി പോലീസാവാന്‍പോലും ഞങ്ങള്‍ക്ക് മടിയില്ല സാര്‍.'' ഒരു പോലീസുദ്യോഗസ്ഥനോടാണ് ശ്രീനിവാസന്‍ ഇത് പറയുന്നത്. ഈ സംഭാഷണം ടെലിവിഷനില്‍ കേട്ട മാത്രയില്‍ പാതിരായ്ക്ക് ഉണ്ണിയേട്ടന്‍ എന്നെ വിളിച്ചു. ദീര്‍ഘനേരം അതേക്കുറിച്ചു പറഞ്ഞു ചിരിച്ചു. ഉണ്ണിയേട്ടാ, നമുക്ക് രാവിലെ സംസാരിക്കാം; ചിലപ്പോള്‍ ഉറക്കച്ചടവോടെ ഞാന്‍ പറയും. ഓ, എന്നാല്‍ ഞാന്‍ അടൂരിനെ വിളിക്കാം- അങ്ങനെ പറഞ്ഞ് ഫോണ്‍ വെക്കും. അപ്പോള്‍ തന്നെ ഉണ്ണിയേട്ടന്‍ അടൂരിനെ വിളിച്ചിരിക്കും. പാതിരായ്ക്ക് അടൂര്‍ ഗോപാലകൃഷ്ണനുമായി തമാശപറഞ്ഞ് ചിരിക്കാനുള്ള സ്‌നേഹസ്വാതന്ത്ര്യം കിട്ടിയ ഒരേയൊരു നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനായിരിക്കുമെന്ന് തീര്‍ച്ച.

'പൊന്മുട്ടയിടുന്ന താറാവാ'ണ് കേരളത്തിന്റെ നാട്ടിന്‍പുറക്കാഴ്ചകള്‍ തന്മയത്വത്തോടെ ആവിഷ്‌കരിച്ച ഒരു സിനിമ. അതില്‍ 'പശുവിനെ കളഞ്ഞ പാപ്പി'യാണ് ഒടുവില്‍. മൂത്ത തട്ടാന്‍ മരിച്ചു എന്നു കേട്ടപ്പോള്‍ താന്‍ വാങ്ങിക്കൊണ്ടുപോരുകയായിരുന്ന പശുവിനെ കളഞ്ഞ് തട്ടാന്റെ വീട്ടിലേക്ക് ഓടിക്കയറിയ പാപ്പി. പിന്നീടൊരിക്കലും പാപ്പിക്ക് പശുവിനെ തിരിച്ചുകിട്ടുന്നില്ല. പിന്നീടയാള്‍ സ്വയം പരിചയപ്പെടുത്തുന്നതുപോലും 'ഞാന്‍ പശുവിനെ കളഞ്ഞ പാപ്പി' എന്നാണ്. തീവ്രമായ ആ നഷ്ടബോധം ഒരു നാട്ടിന്‍പുറത്തുകാരന്റേതാണ്. തന്റേതായ ഒരു 'മുതല്‍' വിട്ടുകൊണ്ട് നാഗരികനായ ഒരാള്‍ മരണവീട്ടിലേക്ക് പാഞ്ഞുകയറില്ല. സ്‌നേഹത്തിന്റെയും നന്മയുടെയും പുറമേയ്ക്ക് പതച്ചുയരാത്ത കൊച്ചുകൊച്ചു കുന്നായ്മകളുടെയും ഒരു ചുറ്റളവിനെയാണ് നമ്മള്‍ ഗ്രാമം എന്നു വിളിക്കുന്നത്. ഒരു ഗ്രാമീണന്റെ കറകളഞ്ഞ മനുഷ്യത്വമാണ് 'പശു'വിനെ കളഞ്ഞതിലൂടെ പാപ്പി പ്രദര്‍ശിപ്പിച്ചത്. മൂത്ത തട്ടാന്‍ മരിച്ചുപോയിരുന്നെങ്കില്‍ പാപ്പി പശുവിന്റെ കാര്യം അത്ര പെട്ടെന്ന് ഓര്‍ക്കുകപോലുമില്ലായിരുന്നു.

ഒരുപാട് മോശം സിനിമകളിലൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും നല്ല സിനിമയുടെ ഭാഗത്ത് നില്‍ക്കുന്ന നടനായിരുന്നു ഉണ്ണിയേട്ടന്‍. അതിനെപ്പറ്റി ഒരിക്കല്‍ ഉണ്ണിയേട്ടന്‍ പറഞ്ഞതിങ്ങനെയാണ്: നമ്മള്‍ പറയുന്നതൊന്നും ചില കൊമേഴ്‌സ്യല്‍ സംവിധായകര്‍ക്ക് മനസ്സിലാവില്ല. അവര്‍ പറയുന്നതൊക്കെ നമുക്കു മനസ്സിലാവുകയും ചെയ്യും. അതാണ് കഷ്ടം! നമ്മള്‍ പറയുന്നത് പരസ്​പരം മനസ്സിലായിരുന്നില്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ അവരുടെ വിഡ്ഢിത്തങ്ങള്‍ മുഴുവന്‍ നമുക്ക് മനസ്സിലാകും...

നമ്മുടെ പല സിനിമാനടന്മാരും സീരിയല്‍ലോകത്തേക്ക് ചേക്കേറിയപ്പോഴേക്കും ചിലര്‍ ഉണ്ണിയേട്ടനേയും സീരിയലിലഭിനയിപ്പിക്കാനൊന്നു ശ്രമിച്ചുനോക്കി. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ചില ശീലങ്ങള്‍ മരണം വരെ അദ്ദേഹം മുറുകെപ്പിടിച്ചു. 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയുടെ ഷൂട്ടിങ് കോയമ്പത്തൂരില്‍വെച്ച് നടക്കുമ്പോള്‍, അവിടത്തെ ഒരു സാംസ്‌കാരിക സംഘടന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ണിയേട്ടനെ ക്ഷണിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതം കാണിക്കാറുള്ള ഉണ്ണിയേട്ടന്‍ ആ ക്ഷണം നിരസിച്ചു. ''വെറുതെ വേണ്ട. ഇരുപതിനായിരം തരാം''- സംഘാടകര്‍ പറഞ്ഞു. ''എനിക്ക് നിങ്ങള്‍ വിലയിട്ട അവസ്ഥയ്ക്ക് തീരെ വരുന്നില്ല.'' ഉണ്ണിയേട്ടന്‍ തീര്‍ത്തുപറഞ്ഞു. ഇങ്ങനെ ചില മൂല്യങ്ങള്‍ ഉണ്ണിയേട്ടനുണ്ടായിരുന്നു. സാംസ്‌കാരിക പരിപാടികള്‍ക്ക് പോലും വലിയ 'വില' ഈടാക്കുന്ന താരമനോഭാവത്തോട് ഉണ്ണിയേട്ടന്‍ മുഖംതിരിച്ചുനിന്നു.
ഉണ്ണിയേട്ടനുമായി ബന്ധപ്പെട്ട ചിരിസന്ദര്‍ഭങ്ങള്‍ എന്റെ ഓര്‍മയില്‍ ഒരുപാടുണ്ട്. 'കളിക്കളം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അത്തരമൊരു സന്ദര്‍ഭം. ഉണ്ണിയേട്ടനെയും ഇന്നസെന്റിനെയും വെച്ച് ഒരു രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. വൈകുന്നേരമാണ് ആ സീന്‍ ചിത്രീകരിക്കേണ്ടത്. പഴയ ചില കൂട്ടുകാരുമായി മുറിയില്‍ സല്ലപിച്ചിരിക്കയായിരുന്നു ഉണ്ണിയേട്ടന്‍. മുന്‍പ് കെ.പി.എ.സിയിലായിരുന്നതുകൊണ്ട് നാടകരംഗത്തുള്ള പലരും അദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിലുണ്ടായിരുന്നു. വര്‍ത്തമാനവും മദ്യപാനവും ചിരിയുമൊക്കെയായി സംഭവം കൊഴുക്കുമ്പോഴാണ് സംവിധാനസഹായി ഉണ്ണിയേട്ടനെ തേടി അവിടെയെത്തുന്നത്. ബീര്‍ കുടിച്ചാല്‍പോലും ലഹരി പിടിക്കുന്ന പ്രകൃതമാണ്. 'എനിക്ക് തീരെ വയ്യ എന്ന് സത്യനോടു പറയൂ'- ഉണ്ണിയേട്ടന്‍ വലിയ ഉദാസീനതയോടെ പറഞ്ഞു.

ആ സീന്‍ ചിത്രീകരിച്ചില്ലെങ്കില്‍ ഷെഡ്യൂള്‍ മുഴുവന്‍ അവതാളത്തിലാകുമെന്ന് സംവിധാനസഹായി പറഞ്ഞപ്പോള്‍, ഉണ്ണിയേട്ടന്‍ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. മദ്യപിച്ച കാര്യം എനിക്ക് മനസ്സിലാകാതിരിക്കാന്‍ വേണ്ടി ശരീരം മുഴുവന്‍ അമൃതാഞ്ജന്‍ പുരട്ടിക്കൊണ്ടായിരുന്നു ഉണ്ണിയേട്ടന്‍ സെറ്റിലെത്തിയത്. അമൃതാഞ്ജന്റെ രൂക്ഷഗന്ധത്തേക്കാള്‍ മദ്യത്തിന്റെ ഗന്ധമാണ് എനിക്കിഷ്ടം എന്നു ഞാന്‍ പറഞ്ഞപ്പോള്‍, കാല്‍ച്ചുവട്ടില്‍ നോക്കി ഉണ്ണിയേട്ടന്‍ ഒരു ചിരി ചിരിച്ചു. പിടിക്കപ്പെട്ട ഒരാളുടെ ചിരി. ഒരു തൃശ്ശൂര്‍ക്കാരന്‍ ചിട്ടിക്കാരനായിട്ടാണ് ഉണ്ണിയേട്ടന്‍ അതിലഭിനയിച്ചത്. മദ്യപിച്ചതിന്റെ യാതൊരു ലാഞ്ഛനയുമില്ലാതെ ഉണ്ണിയേട്ടന്‍ അന്നഭിനയിച്ചു. അഭിനയകലയോട് അത്രയും തീവ്രമായ ഒരു സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു.

ഉണ്ണിയേട്ടന്‍ എന്ന മനുഷ്യന്റെ നന്മ വളരെ വലുതായിരുന്നു. എന്റെ യൂണിറ്റിലെ മെയ്ക്കപ്പ്‌മേന്‍ പാണ്ഡ്യന് വൃക്കരോഗം വന്ന്, രണ്ട് വൃക്കകളും തകരാറിലായി വളരെ ക്രിട്ടിക്കലായ ഒരവസ്ഥ. പണം കൊടുത്താല്‍ കിഡ്‌നി വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്. പാണ്ഡ്യന്റെ കൈയില്‍ ഒരു കിഡ്‌നിവാങ്ങാനുള്ള പണമില്ലായിരുന്നു. അങ്ങനെയൊരു സങ്കടാവസ്ഥയറിഞ്ഞാണ് ഞാന്‍ ഉണ്ണിയേട്ടനെ വിളിച്ചത്. പാണ്ഡ്യന്റെ രോഗവിവരം പറഞ്ഞു. ''ഞാനൊരു ഇരുപത്തയ്യായിരം രൂപ തരാം-'' ഉണ്ണിയേട്ടന്‍ പറഞ്ഞു. അത് ഉണ്ണിയേട്ടന് നല്‍കാവുന്ന വലിയൊരു തുകയായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ ശ്രീനിയേയും മോഹന്‍ലാലിനെയും വിളിച്ചു. പാണ്ഡ്യന്റെ രോഗവിവരം വിശദീകരിച്ചതിനു ശേഷം ഞാന്‍ പറഞ്ഞു: ''ഉണ്ണിയേട്ടന്‍ ഇരുപത്തയ്യായിരം രൂപ തരാമെന്നു പറഞ്ഞിട്ടുണ്ട്-'' ഉണ്ണിയേട്ടന്‍ തരുന്നതിനേക്കാള്‍ കുറഞ്ഞൊരു തുക അവര്‍ക്ക് ആലോചിക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെ പലരെയും വിളിച്ചു. ഉണ്ണിയേട്ടന്‍ നല്‍കുന്ന സഹായത്തുകയെപ്പറ്റി ആദ്യം സൂചിപ്പിച്ചു. എല്ലാവരും സംഭാവന നല്‍കി. പാണ്ഡ്യന്റെ കിഡ്‌നി മാറ്റിവെച്ചു. നടന്മാരില്‍ ദരിദ്രനായിരുന്നു ഉണ്ണിയേട്ടന്‍. സമ്പാദിച്ചത് ജീവിക്കാന്‍ വേണ്ടി മാത്രമായിരുന്നു. സുഖിച്ചു കഴിയാന്‍ വേണ്ടി അദ്ദേഹം ഒന്നും സമ്പാദിച്ചിരുന്നില്ല. ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ടി അദ്ദേഹം അഭിനയിച്ചു.


'രസതന്ത്രം' എന്ന സിനിമയില്‍ പുനര്‍ജന്മത്തിന്റെ ഉന്‍മേഷത്തോടെ പാണ്ഡ്യന്‍ വന്നു. വീര്‍ത്തു വിങ്ങിയ മുഖവുമായി ഉണ്ണിയേട്ടന്‍ പാണ്ഡ്യന് മുന്നില്‍ മെയ്ക്കപ്പിടാനിരുന്നു. അപ്പോഴേക്കും ഒരു കിഡ്‌നിരോഗിയായി മാറിക്കഴിഞ്ഞിരുന്നു ഉണ്ണിയേട്ടന്‍. ആ കാഴ്ച കണ്ടുനില്‍ക്കേ വിധിയുണ്ടാക്കുന്ന അപ്രതീക്ഷിതമായ ആഘാതങ്ങളെക്കുറിച്ചോര്‍ത്ത് എന്റെ മനസ്സ് പതറി. ഇതാ, നന്മയുള്ള ഒരു മനുഷ്യന്‍, ആരുടെ രോഗം ഭേദമാക്കാന്‍ മുന്നിട്ടിറങ്ങിയോ, രോഗാവസ്ഥയില്‍നിന്ന് മുക്തനായ ആ പാണ്ഡ്യന്റെ മുന്നില്‍ അതേ രോഗത്തിന്റെ ബലിയായി നിസ്സഹായതയോടെ ഇരിക്കുന്നു. ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മയുള്ള മനസ്സിനേക്കാള്‍ ദൈവത്തിന്റെ മനസ്സിന് നഗരവാസിയോടാണ് അടുപ്പമെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.

ദൈവം നാട്ടിന്‍പുറത്തുകാരനോ, അതോ നഗരവാസിയോ? ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മ ദൈവത്തില്‍ എത്രത്തോളമുണ്ട്?

വളരെ തീവ്രമായ വേറൊരു ജീവകാരുണ്യത്തിന്റെ ഓര്‍മയുമുണ്ട്. കിഡ്‌നി തകരാറിലായി, നിരന്തരമായ ഡയാലിസിസിന് വിധേയനായി ഉണ്ണിയേട്ടന്‍ ആകെ തളര്‍ന്നിരിക്കുന്ന സമയം. അപ്പോഴത്തെ അവസ്ഥയില്‍ അവനവന്റെ ജീവിതത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും വേറൊരാള്‍ക്ക് ആകുലപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു ദിവസം ഉണ്ണിയേട്ടന്റെ ഫോണ്‍കോള്‍ - ''സത്യാ, നമ്മുടെ ഫോട്ടോഗ്രാഫര്‍ ടോണിയ്ക്ക് സുഖമില്ല. അവന്റെ കിഡ്‌നി തകരാറിലാണ്. ഡയാലിസിസ് ചെയ്യാന്‍ പണമില്ല. ഒന്ന് സഹായിക്കൂ. എന്നാലാവുന്നത് ഞാന്‍ ചെയ്യുന്നുണ്ട്''- അസാധ്യമായ ഒരു മനുഷ്യത്വമായിരുന്നു അത്. ഒരു ഗ്രാമീണന്റെ ജീവകാരുണ്യപരമായ സ്​പന്ദനങ്ങള്‍ താരമായിരിക്കുമ്പോഴും ഉണ്ണിയേട്ടന്‍ ഉപേക്ഷിച്ചില്ല. ഉയരുമ്പോള്‍ ഉപേക്ഷിക്കേണ്ടവയല്ല ജീവിതത്തിന്റെ സനാതനമൂല്യം എന്ന ബോധം ഉണ്ണിയേട്ടനുണ്ടായിരുന്നു. ക്യാമറമാന്‍ ടോണി മരണത്തിന് വേഗം തന്നെ പിടികൊടുത്തു.

ഉണ്ണിയേട്ടന്റെ അസുഖം ഒരു ഇടിത്തീപോലെയാണ് ഞങ്ങള്‍ അറിഞ്ഞത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വെച്ച് കിഡ്‌നിരോഗമാണെന്ന് കണ്ടുപിടിക്കുംവരെ ഉണ്ണിയേട്ടന്‍ വിശ്വസിച്ചിരുന്നത് പ്രഷര്‍ അല്‍പം കൂടി എന്നു മാത്രമായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായയുടനെ ഉണ്ണിയേട്ടന്‍ പറഞ്ഞു: ''സൗകര്യപ്പെടുമെങ്കില്‍ ഈ വഴിയൊന്നു വരണം. എന്തെങ്കിലും പുസ്തകങ്ങള്‍ കൈയില്‍ കരുതിക്കോളൂ.'' കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും ചുള്ളിക്കാടിന്റെ ചിദംബരസ്മരണയുമായി ഞാന്‍ ആശുപത്രിയില്‍ ചെന്നു. തീരെ അവശനായിരുന്നു ഉണ്ണിയേട്ടന്‍.

''കുഴപ്പമൊന്നൂല്യ. പ്രഷറ് കൂടിയതാണ്''-

ചിരിയോടെ കട്ടിലില്‍ നിവര്‍ന്നിരിക്കാനുള്ള ശ്രമം വിഫലമായി. ഉണ്ണിയേട്ടനോട് കുറേ നാടന്‍ തമാശകള്‍ പറഞ്ഞു ചിരിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങി. രാത്രിയായപ്പോള്‍ ഉണ്ണിയേട്ടനെ ചികിത്സിക്കുന്ന ഡോ. ബാലഗോപാലന്റെ ഫോണ്‍:

''ബി.പി.യൊന്നുമല്ല. കിഡ്‌നിക്കെന്തൊക്കെയോ പ്രശ്‌നങ്ങള്‍.''

അതുവരെക്കുമുണ്ടായ ചിരി ദൈവം തിരിച്ചെടുക്കാന്‍ പോവുകയാണെന്ന ചിന്ത ആ രാത്രിയെ മാത്രമല്ല പിന്നീടുള്ള രാത്രികളെയും അശാന്തമാക്കി.

അച്ചുവിന്റെ അമ്മയുടെ സ്‌ക്രിപ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയം. ഉണ്ണിയേട്ടനെ കാണാന്‍ ഞാന്‍ അദ്ദേഹത്തിന്റെ ഗ്രാമമായ കേരളശ്ശേരിയിലേക്ക് ചെന്നു. ഒരു ഇരുട്ടുമുറിയില്‍ അദ്ദേഹം തനിച്ച് കിടക്കുകയായിരുന്നു. അപ്പോഴേക്കും ഡയാലിസിസ് തുടങ്ങിയിരുന്നു.

''ഇനിയെനിക്ക് സിനിമയില്‍ ആക്ടീവാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല''- വളരെ ദൈന്യതയോടെ ഉണ്ണിയേട്ടന്‍ പറഞ്ഞു.

''ഉണ്ണിയേട്ടന്‍ ഭയപ്പെടേണ്ട. ഡയാലിസിസ് തുടങ്ങിയിട്ടും എത്രയോ വര്‍ഷം ജീവിച്ചിരുന്ന ആളെ എനിക്കറിയാം. എല്ലാം ഭേദമായി ഉണ്ണിയേട്ടന്‍ എത്രയോ കാലം നമ്മോടൊപ്പമുണ്ടാവും.''

അച്ചുവിന്റെ അമ്മയില്‍ അബ്ദുള്ള എന്ന കഥാപാത്രത്തെ ഉണ്ണിയേട്ടന്‍ അവതരിപ്പിച്ചു. ആദ്യത്തെ ദിവസം ലൈറ്റ് മുഖത്തു തട്ടിയപ്പോള്‍ അല്‍പമൊന്ന് അവശനായി. പിന്നീടുള്ള ദിവസങ്ങളില്‍ ആ മുഖത്ത് ക്ഷീണത്തിന്റെ ചെറിയ കരുവാളിപ്പ്‌പോലുമുണ്ടായിരുന്നില്ല. ഒരു ജീവനൗഷധിപോലെ അഭിനയം ആ ശരീരത്തില്‍ പ്രവര്‍ത്തിച്ചു. ഡയാലിസിസ് ചെയ്യുന്നതിനിടയില്‍ എണീറ്റുവന്ന ഒരാളാണ് അബ്ദുള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

'രസതന്ത്ര'ത്തിന്റെ ഷൂട്ടിങ്ങിനു വന്നപ്പോള്‍ ഉണ്ണിയേട്ടന്റെ ജീവിതം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണെന്ന് എനിക്ക് ബോധ്യമായി. മുഖത്തെ നീരും നിരന്തരമായ പനിയും ആ ശരീരത്തെ കൂടുതല്‍ തളര്‍ത്തിക്കൊണ്ടിരുന്നു. ശരീരത്തിന്റെ നീര് കണ്ടപ്പോള്‍ ഉണ്ണിയേട്ടന്‍ വിശ്വസിക്കാന്‍ ശ്രമിച്ചത്, തന്റെ തടിയല്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നായിരുന്നു. ചെട്ട്യാര്‍ എന്ന വേഷമാണ് 'രസതന്ത്ര'ത്തില്‍ ചെയ്യേണ്ടത്. ആ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ നേരത്തെ പറയുകയും ചെയ്തിരുന്നു. പക്ഷേ, രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ആ വേഷം അവതരിപ്പിക്കാന്‍ ഉണ്ണിയേട്ടന് വിഷമമായിരിക്കുമെന്ന് എനിക്കു തോന്നി.

''ഒരു ഗസ്റ്റ്‌റോളില്‍ അഭിനയിക്കുന്നതല്ലേ ഈയവസ്ഥയില്‍ നല്ലത്. അടുത്ത സിനിമയില്‍ നല്ലൊരു...'' ഫോണില്‍ എന്നെ മുഴുമിക്കാന്‍ വിട്ടില്ല.

''വേണ്ട, വേണ്ട ഞാന്‍ ചെട്ട്യാരായിട്ട്തന്നെ അഭിനയിക്കും. ഞാന്‍ മുടിവെട്ടിയതും കടുക്കനിട്ടതും ഒരു കായസഞ്ചിപോലും സംഘടിപ്പിച്ചതും എന്തിനുവേണ്ടിയാ?''

മനസ്സ്‌കൊണ്ടും ഉണ്ണിയേട്ടന്‍ ചെട്ട്യാരായി മാറിയിരിക്കുന്നുവെന്ന് എനിക്ക് തീര്‍ച്ചയായി. വീല്‍ച്ചെയറിലാണ് ഉണ്ണിയേട്ടന്‍ ഡബ്ബിങ്ങിനു വന്നത്. ഉച്ചയ്ക്ക് ട്രിവാന്‍ഡ്രം ക്ലബ്ബിലെ മീന്‍കറിയോടൊപ്പം ചോറുണ്ണാനും തിരിച്ചു പോകുമ്പോള്‍ ഏതോ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കാനും ഉണ്ണിയേട്ടന്‍ ആഗ്രഹിച്ചു. ഭക്ഷണത്തിനൊക്കെ പ്രത്യേകം നിയന്ത്രണമുണ്ടായിരുന്നിട്ടും ഞങ്ങളാരും ഉണ്ണിയേട്ടന്റെ ആ ആഗ്രഹത്തിന് തടസ്സം നിന്നില്ല. ഉണ്ണിയേട്ടന്‍ ജീവിതത്തില്‍ നിന്ന് പോയിക്കൊണ്ടിരിക്കയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

'ഒടുവിലു'ണ്ടായിരുന്ന ഒരു സിനിമാകാലം ഗ്രാമ്യമായ ജീവിതത്തിന്റെ വേഷപ്പകര്‍ച്ചകളായി പ്രേക്ഷക മനസ്സിനു മുന്നിലുണ്ട്. 'മഴവില്‍ക്കാവടി'യിലെ കൊച്ചാപ്പു സജീവമായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. കൊച്ചാപ്പുവിന് പല തൊഴിലുകളുണ്ട്. കൊച്ചാപ്പു 'ബ്രോക്കര്‍ കൊച്ചാപ്പു'വാണ്. അതേ സമയം 'ചെത്തുകാരന്‍ കൊച്ചാപ്പു'വും 'വെടിക്കാരന്‍ കൊച്ചാപ്പു'വുമാണ്. ഇങ്ങനെ ഒരുപാട് നാട്ടിന്‍പുറത്തുകാരുടെ ഒരു പ്രതീകമാണ് കൊച്ചാപ്പു. നമ്മുടെ നാട്ടിലൊക്കെ സ്ഥിരം കണ്ടുപരിചയമുള്ള ഒരു കഥാപാത്രം. ഒരു മുണ്ടും മാടിക്കുത്തി അമ്പലങ്ങളില്‍ വെടിക്കാരനാവുന്നതും ചെത്തുകാരനായി തെങ്ങില്‍ കയറുന്നതും അതാതു മേഖലകളില്‍ കുറേക്കാലമായി വ്യാപരിക്കുന്ന ഒരാളുടെ സ്വാഭാവികതയോടെയാണ്. അന്തിക്കാട്ടെ ഷണ്മുഖന്‍ എന്ന ചെത്തുകാരന്റെ പണിയായുധങ്ങളാണ് ആ സിനിമയിലുപയോഗിച്ചിരിക്കുന്നത്. ഷണ്മുഖന്‍ ചെത്തുകാരനാണെങ്കിലും വായിക്കാറുള്ളത് കലാകൗമുദിയും മാതൃഭൂമിയുമൊക്കെയാണ്. വലിയ വായനക്കാരന്‍.

'വരവേല്പ്' എന്ന സിനിമയില്‍ ഒരു റസ്റ്റോറന്റ് നടത്തുന്ന നാട്ടിന്‍പുറത്തുകാരനാണ് ഉണ്ണിയേട്ടന്‍. മോഹന്‍ലാലിന്റെ ഏട്ടന്‍, നാരായണന്‍ എന്ന കഥാപാത്രം. അയാളുടെ മുണ്ടുടുക്കുന്ന രീതിയും ബാഗും ടോര്‍ച്ചും കക്ഷത്തില്‍വെച്ചുള്ള നടപ്പും ഗ്രാമത്തില്‍ പലരിലും കാണുന്നത് അതേപടി പകര്‍ത്തുകയാണ്. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ വരുമ്പോഴും ടോര്‍ച്ചും ബാഗും കക്ഷത്തിലുണ്ടാവും. ശരീരത്തിന്റെ കൂടെത്തന്നെയുള്ള അവയവം പോലെയാണ് ടോര്‍ച്ചും ബാഗും. ഇതൊരു ഗ്രാമചിത്രമാണ്.

'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ സരസനായ അച്ചന്‍ ശുദ്ധനായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. 'സന്ദേശ'ത്തിലെ അച്ചുവേട്ടന്‍ എന്ന കഥാപാത്രത്തില്‍ അഭിനയത്തിന്റെ വളരെ സൂക്ഷ്മമായ അംശങ്ങള്‍ കണ്ടെത്താം. അതിലൊരു സീനില്‍ മണ്ണ് പരിശോധിക്കാന്‍ വരുമ്പോള്‍ സിദ്ധിഖ് പറമ്പില്‍ വഴുതിവീഴുന്നു. അതുകണ്ട് മാതുവും ഉണ്ണിയേട്ടനും തിലകനും ചിരിക്കുന്നു. ചിരിച്ചതിന് സിദ്ധിഖ് മാതുവിനെ ശാസിക്കുമ്പോള്‍ 'ഒടുവില്‍' ചിരി മായ്ചുകളയുന്ന ഒരു രംഗമുണ്ട് വളരെ സൂക്ഷ്മമായ ഒരഭിനയമാണത്. കൈപ്പടം കൊണ്ടു മുഖം തുടച്ച് ചിരിയെ മായ്ച്ചു കളയുന്നു. തൊട്ടുമുന്നേ ആ മുഖത്ത് ചിരിയുണ്ടായിരുന്നു എന്നുപോലും ആ നിമിഷം തോന്നില്ല. അത്രയ്ക്കും സ്വാഭാവികമായ ഒരു ഭാവമാറ്റം.

'തലയണമന്ത്രം' എന്ന സിനിമയിലെ ഡാന്‍സ് ടീച്ചറുടെ വേഷം വളരെ തന്മയത്വത്തോടെയാണ് ഉണ്ണിയേട്ടന്‍ അഭിനയിച്ചത്. ആ വേഷമിട്ട് സെറ്റിലെത്തിയ ആദ്യ ദിവസം ഒരു ഷോട്ടുമെടുക്കാന്‍ ഉണ്ണിയേട്ടന്‍ സമ്മതിച്ചില്ല. 'ഡാന്‍സ് ടീച്ചര്‍ അത്രയ്ക്കങ്ങ് ഉള്ളില്‍ കയറിട്ടില്ല. നാളെ മതി''- ഉണ്ണിയേട്ടന്‍ പറഞ്ഞു. രാശിക്കു ദോഷം വരാതിരിക്കാന്‍, വേഷമിട്ടു വന്ന ദിവസം ഒരുഷോട്ടെങ്കിലും ചിത്രീകരിക്കണം എന്നൊരു വിശ്വാസം സെറ്റിലുണ്ട്. ഉണ്ണിയേട്ടന് അത്തരം വിശ്വാസങ്ങളൊന്നുമുണ്ടായിരുന്നില്ല. അടുത്ത ദിവസം ഉണ്ണിയേട്ടന്‍ സെറ്റിലെത്തിയപ്പോള്‍ ഭാവം കൊണ്ടും ചലനം കൊണ്ടും ശരിയായ ഒരു ഡാന്‍സ് ടീച്ചറായി മാറിക്കഴിഞ്ഞിരുന്നു. ഹരിഹരന്റെ 'സര്‍ഗം' എന്ന ചിത്രത്തില്‍ ഒരു മൂളല്‍കൊണ്ടുമാത്രം ഈ നടന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. 'നിഴല്‍ക്കുത്ത്' എന്ന സിനിമയില്‍ ഭാര്യ കുളിപ്പിക്കുമ്പോള്‍ ആരാച്ചാരുടെ ശരീരഭാഷയിലുണ്ടാക്കുന്ന വിറയല്‍ സൂക്ഷ്മാഭിനയത്തിനു ഉദാഹരണമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനു നല്‍കിയ സ്വാതന്ത്ര്യമാണ് ആ സിനിമയിലെ ആരാച്ചാര്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. അടൂരുമായും ഗായകന്‍ ജയചന്ദ്രനുമായും ഒരാത്മബന്ധം ഉണ്ണിയേട്ടനുണ്ടായിരുന്നു. ജീവിതം ജീവിക്കാന്‍വേണ്ടിത്തന്നെ തിരഞ്ഞെടുത്ത ഒരു നാട്ടിന്‍പുറത്തുകാരനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണിയേട്ടന്‍. ഭരതന്റെ 'ചെണ്ട' എന്ന സിനിമയിലെ ഒരൊറ്റരംഗം മാത്രം മതി ആ നടനെ എന്നേയ്ക്കുമായി ഓര്‍ക്കാന്‍. ആര്‍ക്കോ വഴി പറഞ്ഞുകൊടുക്കുന്ന ഒരു വഴിപോക്കന്‍.

ഒരു വഴിപോക്കനായിരുന്നു അവസാനം വരെയും ഉണ്ണിയേട്ടന്‍ . ഓര്‍മകളെ ഭൂമിയില്‍ മേയാന്‍ വിട്ട ഒരു യാത്രികന്‍. മനസ്സിന്റെ മഹത്ത്വമാണ് മനുഷ്യന്റെ മഹത്ത്വം എന്നോര്‍മിപ്പിച്ചുകൊണ്ടിരുന്ന ഒരാള്‍...
(മാതൃഭൂമി പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, March 20, 2012

Life Time Of Your Laptop’s Battery

Life Time Of Your Laptop’s Battery
Battery is becoming very important these days. Normally many people including me(before knowing this) used to charge and discharge the laptop’s battery frequently thinking that we are using it to maximum extend.But what the problem with this is, every battery has a lifetime which depends on the number of charging and discharging cycles.Normal laptop battery has around 300-400 cycles of lifetime.So we must not charge and discharge the battery frequently to get higher life time of the battery.We should connect the AC adapter to the laptop all the time so that the power is directly taken by the laptop once the battery is charged 100%.


The image is taken from the manual given by a leading computer manufacture company.
Life Time Of Your Laptop’s Battery
Also many Laptops provide options for making the life time of the battery to a maximum extend. Here is the screenshot of the battery care function in Sony VAIO laptops for windows 7. 
Life Time Of Your Laptop’s Battery
So keep the things in mind and use your laptop battery to the maximum...

Wednesday, June 1, 2011

ക്രെഡിറ്റ് കാര്‍ഡിന് ഗുണങ്ങളുമുണ്ട്‌

Benefits of Credit Cards
ണ്ട്, പണം ബാങ്കില്‍ പോയി പിന്‍വലിച്ചിരുന്ന കാലത്ത് ചെലവിന് കൃത്യമായ കണക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എടിഎമ്മുകളും ക്രെഡിറ്റ് കാര്‍ഡുമൊക്കെ രംഗത്തെത്തിയതോടെ പണം ചെലവഴിക്കുന്നതില്‍ പുതിയ തലമുറയ്ക്ക് ഒരു ലിമിറ്റുമില്ല. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഇല്ലാത്ത പണം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെലവഴിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ വിജയകരമായി ഫിനാന്‍ഷ്യല്‍ പ്ലാനിങ് നടത്തും? ഏതൊരു മധ്യവര്‍ഗ കുടുംബനാഥനും മക്കളുടെ ചെലവിനെക്കുറിച്ച് പറയുന്നാതാണിത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചിലവിനെ അത്രകണ്ട് പേടിക്കേണ്ടതുണ്ടോ?

ഒരവസരത്തില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യത കുറഞ്ഞു വരുന്ന അവസരമാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവ് കടബാധ്യതയില്‍ കൊണ്ടെത്തിച്ചേക്കുമോ എന്ന സംശയമാണ് ചെറുപ്പക്കാരെപ്പോലും കാര്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിര്‍ത്തുന്നത്. ഒട്ടേറെപ്പേര്‍ ക്രെഡിറ്റ് കാര്‍ഡ് ബോധപൂര്‍വം വേണ്ടെന്ന് വെയ്ക്കുന്നുണ്ട്. പക്ഷെ ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് തീരുമാനിക്കും മുന്‍പ് മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്.

വരവില്‍ കവിഞ്ഞ ചെലവ്, അത് കാര്‍ഡ് ഉപയോഗിച്ചായാലും മറ്റേത് രീതിയിലായാലും, ഉപഭോക്താവിനെ കടക്കെണിയിലാക്കുക തന്നെ ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ ഷോപ്പിങ്ങിനും മുന്‍പെ ആവശ്യമുള്ള സാധനമാണോ വാങ്ങുന്നതെന്ന് സ്വയം തീര്‍ച്ചപ്പെടുത്തുകയാണ് വേണ്ടത്. വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ചെലവാക്കിയാല്‍ അത് തിരിച്ചടക്കുക ദുഷ്‌ക്കരമായിരിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.

എതാണ്ട് അമ്പത് ദിവസം വരെ ക്രെഡിറ്റ് കാലാവധി ലഭിക്കുമെന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഷോപ്പിങ് മുഴുവനായി നടത്തുന്നതെങ്കില്‍ ഒരോ മാസത്തെയും ചെലവ് കൃത്യമായി കണക്കാക്കാന്‍ കഴിയും. ഇതുവഴി അനാവശ്യ ചെലവുകള്‍ ഒഴിവാക്കി കുടുംബ/ വ്യക്തിഗത ബ്ജറ്റ് ക്രമപ്പെടുത്താന്‍ ശ്രമിക്കണം.

കൈയിലുള്ള പൈസ ചെലവാക്കുന്നതിന് കണക്കുള്ളത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിനും കൃത്യമായ പരിധി നിശ്ചയിക്കുകയാണെങ്കില്‍ കാര്‍ഡ് ബുദ്ധിപൂര്‍വം ഉപയോഗിക്കാം. കൂടാതെ കൈയില്‍ ആവശ്യത്തിലധികം കാശ് കൊണ്ടുനടക്കേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. രാജ്യത്തിനകത്തും പുറത്തും ഒരുപാട് യാത്ര ചെയ്യുന്നവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വളരെ ഉപയോഗപ്രദമാണ്.

ക്രെഡിറ്റ് കാര്‍ഡായാലും ഡെബിറ്റ് കാര്‍ഡായാലും സംഗതി പ്ലാസ്റ്റിക്ക് മണി തന്നെയാണ്. ഉത്തരവാദിത്വത്തോടു കൂടി ഉപയോഗിച്ചില്ലെങ്കില്‍ കൈയിലെ കാശു തീരുമെന്നതില്‍ സംശയമില്ല. കടം വാങ്ങി ചെലവാക്കിയ തുക സമയപരിധിക്കുള്ളില്‍ ബാങ്കിന് നല്‍കിയില്ലെങ്കില്‍ കുരുക്കില്‍പ്പെട്ടത് തന്നെ.

ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നല്‍കുന്ന തുകയ്ക്ക് വലിയ പലിശയാണ് ഇടാക്കുക എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്്. വാഹന വായ്പയ്ക്ക് 9.25 - 15 ശതമാനവും വിദ്യാഭ്യാസ വായ്പയ്ക്ക് 10.50-14 ശതമാനവും സ്വര്‍ണ വായ്പയ്ക്ക് 11.25 - 24 ശതമാനവുമാണ് പലിശയെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലെ വാര്‍ഷിക പലിശ ഫലത്തില്‍ 33 മുതല്‍ 45 ശതമാനം വരെയാണ്. അതിനാല്‍ വായ്പാ ആവശ്യത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

അതേസമയം, ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഗുണങ്ങളും പോരായ്മകളുമുണ്ട്. അമിതമായ തുക കൈയില്‍ കൊണ്ട് നടക്കേണ്ടെന്ന സൗകര്യം ഡെബിറ്റ് കാര്‍ഡും നല്‍കുന്നുണ്ടെങ്കിലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഒരോ ഷോപ്പിങ്ങിലും തങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് കാലിയായി കൊണ്ടിരിക്കുകയാണെന്ന് ഉപയോക്താവ് മറക്കരുത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വ്യക്തമായ ഫിനാന്‍ഷ്യല്‍ പ്ലാനുള്ള വ്യക്തിക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാലും യാതൊരു പ്രശ്‌നവുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയും. അപ്പോള്‍ പ്രശ്‌നം കാര്‍ഡുകളുടേതല്ല, പ്ലാനിങ്ങിന്റെ തന്നെയാണ്. 

courtesy:mathrubhumi