Showing posts with label Suryanelli. Show all posts
Showing posts with label Suryanelli. Show all posts

Wednesday, February 9, 2011

കൊളുക്കുമല

Kolukkumala, Munnar, Idukki, Kerala


നീണ്ട നാളത്തെ ആഗ്രഹമാണ് കൊളുക്കുമലയിലെക്കൊരു യാത്ര.മൂന്നാറിന്റെ സുന്ദരമായ ഉള്‍പ്രദേശങ്ങളില്‍ വന്നു പോകുമ്പോളൊക്കെ ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമല എന്നും ഒരു പ്രതീക്ഷയും ആവേശവുമായിരുന്നു.ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകള്‍ മാത്രം കയറാന്‍ പറ്റുന്ന ദുര്‍ഘടമായ വഴി..മുകളിലെ കാലാവസ്ഥ ഇവയൊക്കെയാണ് കൊളുക്ക് മലയിലേക്കുള്ള പ്രധാന മാര്‍ഗതടസ്സങ്ങള്‍. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്.അപ്പര്‍ സൂര്യനെല്ലിവരെ സോളിന്ഗ് ചെയ്ത വഴി ഉണ്ട് അതിനുശേഷം റോഡ് എന്ന് പറയാനാകാത്ത രീതിയിലുള്ളതാണ്‌ വഴി. ഒരു ജീപ്പിനു കഷ്ടി കടന്നു പോകാവുന്ന കുത്ത് കയറ്റം.സൂര്യനെല്ലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കിട്ടും.അവസരം പോലെ ആയിരം രൂപ മുതല്‍ മുകളിലേക്ക് വരെ ചാര്‍ജ് വാങ്ങാറുണ്ട്. പലയിടങ്ങളിലും വലിയ പാറകളും തിട്ടകളും ഹെയര്‍ പിന്‍ വളവുകളും നിറഞ്ഞ മലമ്പാത ചെന്നത്തുന്നത് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ്.കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം.ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന്‍ എന്ന് അറിയപ്പെടുന്ന ഈ തോട്ടം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സായിപ്പന്മാരുടെ ഇച്ഛാശക്തിയും തമിഴന്‍റെ വിയര്‍പ്പും ചേര്‍ന്നുന്ടയതാണ്.ഉയരം കൊണ്ട് ദക്ഷിണഭാരതത്തില്‍ രണ്ടാമതും ആനമുടിയെക്കള്‍ അമ്പതു മീടര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ്.തിപടിമല മീശപുലിമല തുടങ്ങി രണ്ടായിരം മീടറിലധികം ഉയരമുള്ള പലപര്‍വതങ്ങളിലായി കിടക്കുന്ന ഈ തോട്ടത്തിന്റെ അതിരുകള്‍ ആറായിരത്തി അഞ്ഞൂറ് മുതല്‍ എണ്ണായിരം അടി ഉയരംവരെയാണ്.കേരളത്തിലും തമിഴ്നട്ടിലുംയാണ് തോട്ടത്തിന്റെ കിടപ്പ്. ഇടുക്കിയില്‍ നിന്നും യാത്രതിരിച്ചത് കാലത്ത് എട്ടുമണിയോടെയാണ്.രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ നാലുപേര്‍.ബൈക്കില്‍ കൊളുക്കുമലയാത്ര നടത്തരുത് എന്നാണ് പലയിടത്തുനിന്നും കിട്ടിയ ഉപദേശം.ബൈക്കിന്റെ ത്രില്ലും സാമ്പത്തികലാഭവും(തെറ്റാണെന്ന് പിന്നീട് മനസിലായി)..ബൈക്കില്‍ തന്നെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മുന്നാര്‍ ദേവികുളം വഴി സൂര്യനെല്ലിയിലെത്താന്‍ രണ്ടര മണിക്കൂര്‍ .സൂര്യനെല്ലിയില്‍ നിന്നും ഹരിസന്‍സ് എസ്റ്റേറ്റിലൂടെ അപ്പര്‍ സൂര്യനെല്ലിയിലെത്താന്‍ വീണ്ടും അരമണകൂരിലധികം വേണം.തെളിഞ്ഞ നീലാകാശത്തിനു താഴെ പരന്നു കിടക്കുന്ന തേയിലതോട്ടങ്ങളും വളഞ്ഞു പുളഞ്ഞു പോകുന്ന അവയിക്കിടയിലെ നൂറുകണക്കിന് വഴികളും.നല്ല വെയിലും അരിച്ചിറങ്ങുന്ന ഇളംതണുത്ത കാറ്റ് .ഇടക്കിടക്കു കൊളുന്തു നുള്ളുന്നവരുടെ സംസാരവും പച്ചകൊളുന്തിന്റെ മണവും.ഏതു മനസികാവസ്തയിലുള്ളവരും സ്വയം മറക്കുന്ന പ്രകൃതിയുടെനേര്‍ കാഴ്ചകള്‍.
Kolukkumala, Munnar, Idukki, Kerala


സൂര്യനെല്ലിയെത്തുന്നത്തോടെ ടാര്‍ റോഡുകള്‍ അപ്രത്യക്ഷമാകുകയാണ്.തല ഉയര്‍ത്തി നോക്കിയാല്‍ അകലെ മേഘങ്ങളോടു സല്ലപിക്കുന്ന കൊളുക്കുമലയും മീശപുലിമലയുമൊക്കെ കാണാം. സോളിന്ഗ് നടന്ന വഴിയിലെ ഉരുളന്‍കല്ലുകള്‍ മുകളിലുടെ ബൈക്ക് തെന്നി നീങ്ങി.ഇനിയുള്ള വഴി ബൈക്ക് യാത്ര സഹസികമാണ്.മിക്കവാറും കയടറ്റ്ങ്ങളില് ഒരാള്‍ ഇറങ്ങി നടക്കേണ്ടി വരും.ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലുടെ ബാലന്‍സ് ചെയ്തു കൈകള്‍നന്നായി വേദനിച്ചു തുടങ്ങി.അപ്പര്‍ സൂര്യനെല്ലിയില്‍ നിന്നും മുകളിലേക്ക് പോകുന്ന വണ്ടികള്‍ക്ക് ഒരുചെറിയ ഫീസ് ഈടാക്കുന്നുണ്ട്.തൊട്ടടുത്തുള്ള ഫാക്ടറിയില്‍ നിന്നും വരുന്ന തേയിലയുടെ മണം ചായകുടിക്കുന്നതിനെക്കാള്‍ ഏറെ സുഖമുള്ളതാണ്‌.ഫാക്ടറിക്ക് ശേഷം റോഡിന്റെ സ്ഥിതി പരിതാപകരമാണ് .പാറകളും കുഴികളും നിറഞ്ഞ ഒന്‍പതു ഹെയര്‍പിന്‍ വളവുകളുള്ള വഴി.രണ്ടു മൂന്ന് സ്ഥലങ്ങളില്‍ വീണെങ്കിലും കാല്‍മുട്ടിലെയും ബൈക്കിന്റെയും കുറച്ചു പെയിന്റ് പോയതല്ലാതെ മറ്റുകേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. വളവുകള്‍ കയറി മുകളില്‍ ചെന്നാല്‍ കാണുന്ന കാഴ്ചകള്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റും.ഒരുഭാഗത്ത്‌ പരവതനിരകളും പച്ചപുതപ്പിട്ട താഴ്വാരങ്ങളും നിറഞ്ഞ കേരളം.മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്നാടിന്റെ തേനിജില്ല.വളരെ ശക്തിയേറിയ തണുത്ത കാറ്റിന്റെ ഹുന്കാരം സംസാരിക്കാന്‍ പോലും തടസമുണ്ടാക്കുന്നതയിരുന്നു. "now you are at 7130feet above msl."എന്നെഴുതിയ ബോര്‍ഡ് വ്യൂ പോയിന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. 
Kolukkumala, Munnar, Idukki, Kerala


തിപടി മലയുടെയും മീശപുലി മലയുടെയും ഉയരം എഴുതിയിരിക്കുന്നതി‌ല്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി. ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം.1935 സായിപ്പന്മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്.കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഈ ഫാക്ടറി കാലത്തേ വെല്ലുവിളിയോടെ അതിജീവിക്കുന്നു. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയന്റും ഉണ്ട്.ഇവിടെ നിന്നാല്‍ കട്ടുപോത്തുകളെയും മറ്റു ജീവികളെയും കാണാന്‍ കഴിയുമെന്ന് എഴുതിവെച്ചിട്ടുണ്ട്..പക്ഷെ താഴ്വാരങ്ങളില്‍ മഞ്ഞുമൂടിയതു മൂലം ഉയര്‍ന്ന മലകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ ടോപ്പ്സ്റ്റേഷന്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ കഴിയും.എസ്റ്റേറ്റ്‌ വാച്ചര്‍ വേലുസ്വമിയാണ് കാട്ടിത്തന്നത്.
"ഇന്കയിരുന്നു അന്കെ പോകമുടിയുമാ.." അറിയാവുന്ന തമിഴില്‍ മനേഷ് ചോദിച്ചു.

"റൊമ്പ കഷ്ടം സര്‍..ആനാ ഒരു നാളെയിലെ പോയി വരമുടിയും.."വേലുസ്വാമി പറഞ്ഞത് എനിക്ക് വിശ്വസിക്കാന് ബുദ്ധിമുട്ട് തോന്നി.മൂന്നാറില്‍ നിന്നും കൊടൈക്കനാല്‍വരെ ട്രെക്കിന്ഗ് തന്നെ മൂന്നു ദിവസം വേണം അപ്പോള്‍ പിന്നെ... 

Kolukkumala, Munnar, Idukki, Kerala


ഫാക്ടറിക്ക് ചുറ്റുമായി പത്തു പന്ത്രണ്ടു ലയങ്ങള്‍ ഉണ്ട് .തൊഴിലാളികള്‍ക്ക്‌ താമസിക്കാനുള്ള ഇവയുടെ അവസ്ഥ ദയനീയമാണ്. "കുളിര് സീസനിലെല്ലാം രേംബ കഷ്ടം സര്‍ " .. തലയിലെ ഷാള്‍ ഒന്ന് കൂടി ചുറ്റി കായ്കള്‍ കൂട്ടികെട്ടി വീലുസ്വമി കഥതുടങ്ങി.തലയിലെ കെട്ടിനിടയില്‍ നിന്നും എന്തോ ഒന്നെടുത്തു ബീഡിയില്‍ ചുരുട്ടി ആഞ്ഞു വലിച്ചു.ഒരു ജന്മത്തിന്റെ മുഴുവന്‍ ഭാരങ്ങളും ചുളിവ് വീഴ്ത്തി കരിവാളിച്ചമുഖം..ദൂരെ എവിടെയോ എന്തിലോ ഉടക്കിനില്‍ക്കുന്ന കണ്ണുകള്‍. മുന്‍പ് ഇവിടെ അറുപതിലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ എന്നും മനസിലായത് വേലുസ്വമിയുടെ കഥകളില്‍ നിന്നാണ്.നൂറു രൂപ കൂലിക്ക് ഈ മലമടക്കില്‍ പണിയെടുക്കുന്നവര്‍ മറ്റൊരു പോംവഴിയും ഇല്ലാത്തവരാണ്.ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ തമിള്‍നാട്ടിലാണ്.മാസത്തില്‍ ഒരിക്കല്‍ ആണുങ്ങള്‍ കൂടി പോയി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വരുന്നു.8 കിലോമീറെറോളം തലച്ചുമടയാണ് സാധനങ്ങള്‍ എത്തിക്കുക.രണ്ടു രൂപയ്ക്കു അരിയും നൂറു രൂപ കൂലിയും കിട്ടുന്ന തമിഴ്നാടന്‍ പ്രദേശങ്ങളിലേക്ക് ആളുകള്‍ പിന്‍വാങ്ങി പോയതില്‍ അല്‍ഭുതമില്ല.
Kolukkumala, Munnar, Idukki, Kerala




മലയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്ന കുരിശിനെ പറ്റിയും കേട്ടപ്പോള്‍ കെട്ടുകഥയാണെന്ന് തോന്നി.പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത ഒരു കുരിശ് പണ്ടെന്നോ ഒരു സായിപ്പു മലയുടെ ഏറ്റവും മുകളില്‍ കയറി അവിടെ വെച്ചിട്ടുണ്ടത്രെ..കേള്‍ക്കാന്‍ നല്ല രസം തോന്നി ഫാക്ടറി ഉള്ളില്‍ കയറി കാണുന്നതിനു 75 രൂപയാണ് ഫീസ്.തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാം.കൊളുക്കുമല തേയില ഗുണമേന്മയില്‍ മുന്തിയ ഇനമാണ്‌.വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യൂറിയ പ്രയോഗം ഒഴിച്ചാല്‍ മറ്റു രാസവളങ്ങള്‍ ഒന്നും തന്നെ ഇല്ല.മേഘങ്ങള്‍ തേയില ചെടികളെ തൊട്ടുരുമ്മി ഉമ്മവെക്കുന്ന ഇവിടെ കൊടിയ വേനലില്‍ പോലും ജലസേചനത്തിന്റെ ആവശ്യമില്ല.ആരെയും ഉണര്‍ത്തുന്ന മണമാണ് കൊളുക്കുമല ചായയുടെ പ്രത്യേകത.ഫാക്ടറി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവരെ ചൂട് ചായ കാത്തിരിപ്പുണ്ട്‌.ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല.കൊളുക്കുമല തേയിലക്ക് കിട്ടിയ പല അന്ഗീകരങ്ങളും പ്രദര്ശിപ്പിചിരിക്കുന്നതു കാണാന്‍ കഴിയും ."worlds highest grown tea" എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്കിലും ചായകുടിച്ച ആരും അതിലൊന്ന് വാങ്ങാതെ പോകില്ല.വരുന്ന എല്ലാ സഞ്ചാരികളേയും പോലെ വീണ്ടും വരും എന്ന് മനസ്സില്‍ ഉറപ്പിച്ചു താഴേക്ക്‌ ബൈക്കുമായി സാന്ഡ് സ്കെടിങ്ങിനു തുടങ്ങുമ്പോള്‍ വെയില്‍ താണിരുന്നു.തെയിലചെടികളെ മുട്ടിയുരുമ്മി മേഘങ്ങള്‍ കാഴ്ചമറക്കാന്‍ തുടങ്ങുന്ന സുന്ദരമായ സന്ധ്യതുടങ്ങുകയാണ്.തണുപ്പ് കൂടിതുടങ്ങുന്നു.മലമുകളിലെ സയന്തനതിനു വിട..


Kolukkumala, Munnar, Idukki, Kerala
കടപ്പാട് : beingstrange