Tuesday, February 15, 2011

മരുത്വാന്‍മലയിലെ രാത്രി.

Maruthuva Malai, Trivandrum, Kerala
നാഗര്‍കോവില്‍ കന്യാകുമാരി റൂട്ടില്‍ കന്യാകുമാരി എത്തുന്നതിനു 5കിലോമീറ്റര്‍ മുന്‍്പായാണ് സഹ്യപര്‍വതത്തിലെ അവസാനത്തെ മലയായ മരുത്വാന്‍മല.കരിമ്പാറകെട്ടുകള്‍് നിറഞ്ഞ ഔഷദസസ്യങ്ങളുടെ കേദാരമായ ഈ മല ഇപ്പോള്‍ തമിഴ്നാട് വനംവകുപ്പിന്റെ സംരക്ഷണയിലാണുളളത്.സമുദ്രനിരപ്പില്‍ നിന്നും 800 അടിയിലധികം ഉയരമില്ലാത്ത ഈ മലയ്ക്ക് ചരിത്ര പുരാണേതിഹാസ ബന്ധങ്ങളുണ്ട്.രാമ-രാവണ യുദ്ധത്തില്‍ ഇദ്രജിത്തിന്റെ ബാണമേറ്റു മോഹാലസ്യപെട്ട ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമന്‍ ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്ന മൃതസന്ജീവനി വളരുന്ന മേരു പര്‍വ്വതത്തിന്റെ ഭാഗമാണിതെന്നാണ് ഐതീഹ്യം.മലയുമായി ലങ്കയിലെതിയ ഹനുമാനോട് ഉദയത്തിനു മുന്‍പ് മേരു പൂര്‍വ്വ സ്ഥാനതെത്തിക്കാന്‍് രാമന്‍ ആജ്ഞാപിക്കുന്നു.ആജ്ഞ ശിരസാവഹിച്ച ആന്ജനെയന്‍് അകാശമാര്‍്ഗേ കന്യകുമാരിയിലെത്തിയപ്പോള്‍ നേരം പുലര്‍ന്നെന്നും തന്‍മൂലം മേരുവിനെ ഇവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്നാണ് കഥ.

അസുലഭങ്ങളായ മരുന്നുകളുടെ ഒരു കലവറയായി കരുതി പോരുന്ന ഈ മലയെ കുറിച്ച് പല പുരാതന ആയുര്‍വേദ സംബന്ധിയായ പുസ്തകങ്ങളിലും പരാമര്‍ശമുണ്ട്. ഇവിടെയുള്ള "പശിയടക്കി" എന്ന ചെടിയുടെ ഇലകഴിച്ചാല്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ കഴിയാമെന്നു കേട്ടിട്ടുണ്ട്.മാരുതി കൊണ്ടുവന്ന മലയായതിനാലാണ് ഇതിനു മരുത്വാന്‍മല എന്ന് പേര് വന്നതെന്നും അതല്ല "മരുന്തുകള്‍ വാഴും മലൈ" എന്ന തമിഴ്പേരില്‍ നിന്നാണെന്നും പറഞ്ഞുകേള്‍ക്കുന്നു.

പ്രശസ്തരായ പലരും തപസനുഷ്ടിച്ചിട്ടുള്ള ഈ മലമുകളില്‍ ഒരു ഗുഹയുണ്ട്.ഗുഹാമുഖം കടലുകളുടെ ത്രിവേണി സംഗമത്തിനഭിമുഖമായണ്.ഈ ഗുഹയില്‍ തപസനുഷ്ടിച്ചവരില്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും പെടും.ചില പഴയ ചരിത്രരേഖകളില്‍ "പിള്ളതടം " എന്നാണ് ഈ ഗുഹയെ പരാമര്‍ശിച്ചു കാണുന്നത്.പുറംലോകത്തുനിന്നും അകന്നു ഗുഹാവാസികളായി(ഗുഹകളില്‍ അല്പസ്വല്‍പം സിമന്റ്‌ കൊണ്ടുള്ള മിനുക്ക്‌പണികള്‍ ഉണ്ട്)കഴിയുന്ന സന്യാസിമാര്‍ ഇപ്പോഴുമുണ്ട്.മലയടിവാരത്തില്‍ ഒരാശ്രമവും(നായനാര്‍സ്വാമി ആശ്രമം) ഫോറസ്റ്റ് സ്റ്റേഷനും ഉണ്ട്.മലയുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിലേക്ക് പാറകളിലൂടെ വെള്ളചായം പൂശിയ പടിക്കെട്ടുകള്..കന്യാകുമാരി യാത്ര ചെയ്യുന്ന ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്‌.സാധാരണ ദിനങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ഭക്തര്‍ മാത്രമെത്തുന്ന ഇവിടുത്തെ ഉല്‍സവം ധനുമാസത്തിലെ കര്‍്ത്തികനാളിലാണ്.അന്നേദിവസം മരുത്വാന്‍മലയുടെ മുകളില്‍ പോകാനുള്ള പ്രത്യേകഅനുമതി വനംവകുപ്പ് നല്‍കിവരുന്നു.

കാര്‍ത്തികദിവസം രാവിലെ തന്നെ തിരുവന്തപുരത്ത് നിന്നും പുറപ്പെടുമ്പോള്‍ ചിതറാല്‍,പദ്മനാഭപുരം കൊട്ടാരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സന്ധ്യയോടെ മരുത്വാന്‍ മലയില്‍ എത്താനായിരുന്നു പ്ലാന്‍.നാഗര്കോവിലില് നിന്നും 17കിലോമീറ്റര്‍ അകലെ ശുചീന്ദ്രത്തിനു
സമീപമാണ് മര്ത്വാന്‍മല.കന്യാകുമാരി റോഡില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഉള്ളിലേക്ക് ചെന്നാല്‍ മലയടിവാരത്തിലെത്താം.കാര്‍ത്തിക ദിവസം സന്ധ്യയോടെ മലയുടെ മുകളില്‍ വലിയ ഒരു ജ്യോതി തെളിക്കുന്നത് ദൂരെ സ്ഥലങ്ങളില്‍നിന്നും കാണാവുന്നതാണ്‌.ചുവട്ടിലെ ആശ്രമത്തിലും അമ്പലത്തിലേക്കുള്ള വഴിയിലും സാമാന്യം തിരക്കുണ്ട്‌.തൊട്ടടുത്തെങ്ങും കടകള്‍ ഇല്ലയെന്നത്‌ മുന്‍പേ അറിയാവുന്നത് മൂലം ഒരു രാത്രി താങ്ങാനുള്ള കരുതലുകള്‍ നടത്തിയിട്ടുണ്ട്.പകല്‍ തന്നെ മുകളിലെ ഗുഹയുടെസ്ഥാനം കണ്ടു പിടിക്കാനും അതില്‍ കടക്കാനുള്ള വഴി(ഗുഹ ഒരു പാറക്കെട്ടിന്റെ അടിയിലാണ്) മനസിലാക്കാനും ബുദ്ധിമുട്ടാണെന്നതാണ് തദേശ്ശവാസിയുമായ മുന്‍പ് ഇവിടെ വന്നപ്പോള്‍ പരിചയപെട്ട രാജന്‍സ്വാമികളെ കൂടെകൂട്ടാന്‍ തീരുമാനിച്ചത്.ഭാഗ്യം..വീട്ടില്‍ചെന്ന് വിളിച്ചപ്പോള്‍ ഉറക്കച്ചടവോടെ
അദ്ദേഹം പുറത്തേക്കുവന്നു.പ്രായം അമ്പതുകഴിയുമെന്കിലും നല്ല ആരോഗ്യമുള്ള ശരീരം.അരയിലൊരു കൈലിയും കയ്യില്‍ തോര്‍ത്തുമാണ്‌ വേഷം.
തീപ്പെട്ടി,ലൈറ്റര്‍ മുതലായവ മുകളിലേക്ക് കൊണ്ട് പോകരുതെന്നും വൈകാതെ തിരിചെത്തണമെന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്തരുടെ നിര്ദേശങ്ങള്‍ക്ക് തലയാട്ടി സന്യാസിമാരുടെ കാലടികള്‍ പതിഞ്ഞ വഴികളിലൂടെ മുകളിലേക്ക് കയറിത്തുടങ്ങി.
ഇടയ്ക്കിടെ പാറകളും വേരുകളും നിറഞ്ഞവഴി.പാറയില്‍ മുകളിലേക്ക് പടികള്‍ വെട്ടിയിട്ടുണ്ട്.വഴിക്ക് തന്നെ ചില സന്യാസി മാര്‍ "ഇരിക്കുന്ന" സ്ഥലങ്ങള്‍ ഉണ്ട്.ഒരു വലിയ പാറയുടെ വശത്തു ചെറുതായി കെട്ടി മറച്ചതു പോലെ.മുന്നോട്ടു പോയപ്പോള്‍ പടര്‍ന്ന ആല്‍മരത്തിന്റെ ചോട്ടില്‍ വളരെ ചൈതന്യതോടും സുന്ദരമായും സംസാരിക്കുന്ന ഒരു സന്യാസി,ചുറ്റിലും ഇരിക്കുന്ന മൂന്നോ നാലോ പേരോട് സംസാരിക്കുന്നു.അല്പം കേട്ടപ്പോള്‍ "തക്ഷകന്റെ"കഥയാണെന്ന് മനസിലായ്‌.

Maruthuva Malai, Trivandrum, Kerala
ഇടയ്ക്കു വഴി കുറച്ചു ബുദ്ധിമുട്ടാണ്.വേരുകളിലും വള്ളികളിലും പിടിച്ചു കയറണം.വഴികളില്‍ ഇടയ്ക്കിടയ്ക്ക് കൊച്ചു ഗുഹകളുണ്ട്.ഇവയില്‍ ചിലതിനു മാര്‍്ത്താണ്ഡവര്‍മയുടെ ചരിത്രവുമായി ബന്ധമുണ്ടത്രേ.പാറയില്‍ തീര്ത്തതെന്നു തോന്നിക്കുന്ന ശിവക്ഷേത്രത്തിനു മുന്‍പ് വഴിയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്ന യുവസന്യാസി..സമാധിയായ മാധവസ്വാമികളുടെ ഗുഹയില്‍താമസിക്കുന്ന അദ്ധേഹത്തിന്റെ പേര് ബാലുസ്വാമി എന്നാണെന്നുമുള്ള വിവരങ്ങള്‍ രാജന്‍സ്വാമികള്‍ പറഞ്ഞറിഞ്ഞതാണ്.
ക്ഷേത്രത്തിന്റെ സമീപത്തുള്ള പാറയില്‍ തീര്‍ത്തിരിക്കുന്ന ചെറിയ കെട്ടിടത്തിനുള്ളില്‍ ആട്ടുകല്ലും അരകല്ലും പായും മറ്റും കാണാം.ഇപ്പോള്‍ അധികമായില്ലെന്കിലും മുന്‍പ് കാലങ്ങളില്‍ പലരും മരുന്നുകള്‍ക്കായി ഇവിടെ വരികയും ഇവിടെ നിന്നുതന്നെ മരുന്നുണ്ടാക്കുന്ന പതിവുണ്ടയിരുന്നത്രേ.

"മലയിലുരുന്തു എതെ കഴിച്ചാലും മരുന്തു..മലയിരങ്ങിയതുക്കപ്പുറം വിഷം".

രാജന്‍ സ്വാമി പറഞ്ഞ ചൊല്ലാണ്.ഈ വിശ്വാസമായിരിക്കാം ഇവിടെ വെച്ച് തന്നെ മരുന്നുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ക്ഷേത്രത്തിലെ ചെറുപ്പക്കാരനായ പൂജരിയുമായി റോസ്ബിന്‍ പരിചയം പുതുക്കി.കടലയും ഉള്ളിയും മലരും ചേര്‍ന്ന പ്രസാദം കിട്ടിയതുമായി കയറ്റം തുടര്‍ന്നു.ഇവിടം പിന്നിട്ടാല്‍ പടികാളൊ നല്ല വഴികളൊ ഇല്ല.കിഴുക്കാംതൂക്കായ വലിയ പാറയുടെ വശത്തുകൂടി വേണം മുകളിലേക്കുകയറാന്‍.മുക്കാല്‍ മണിക്കൂര്‍ കയറിയാല്‍ മുകളിലെത്താം.ഇടയ്ക്കു പാറയില്‍ വിശ്രമിക്കുന്ന ഞങ്ങള്‍ക്ക് മലമുകളെവിടെയോ ഉള്ള ഉറവയില്‍ നിന്നും രാജന്‍സ്വാമി വെള്ളം കൊണ്ടുതന്നു.നിലാവുദിച്ചപ്പൊള് പേരറിയാത്ത ഒരുപാട് ചെടികളുടെ തിളക്കം..നടക്കുമ്പോള്‍ ഞെരിയുന്ന മരുന്ന് ചെടികളുടെ സുഗന്ദം...തണുത്തകാറ്റും ആരെയും ഭാവഗായകനാക്കും.പേശി വലിവ് വകവെക്കാതെ സന്തോഷത്തോടെ കയറുന്ന രംഗരാജനെ പറ്റി പറയാതെവയ്യ.ഇതിനുശേഷം വളരെയധികം യാത്രകള്‍ ഇവിടെക്കുനടത്തിയ ഇദ്ദേഹത്തിനു മരുന്നുകളെപറ്റി അറിയാനും പല സന്യാസിമാരുമായും സംസാരിക്കാനും അവസരം കിട്ടിയിട്ടുണ്ട്.

കാര്‍ത്തികജ്യോതി കത്തുന്നതിന് കുറച്ചു മാറിയാണ് പ്രശസ്തമായ ഗുഹയുള്ളത്.പുറത്തുനിന്നു നോക്കിയാല്‍ ഒരു വലിയ പാറക്കൂട്ടമാണെന്നെ തോന്നൂ.പാറകള്‍്ക്കിടയിലുള്ള വിടവിലൂടെ താഴേക്ക്‌ നൂണിറങ്ങണം,ഒരാള്‍ക്ക്‌ ചെരിഞ്ഞിറങ്ങാന്‍ പറ്റുന്ന വിടവേ പാറക്കുള്ളു,മുന്നോട്ടു അല്പം മുട്ടില്‍ നീങ്ങിയാല്‍ ഗുഹാ മുഖത്തെത്തും.

Maruthuva Malai, Trivandrum, Kerala
ഇടതും വലതുമായി രണ്ടു ഗുഹകള്‍ അവയ്ക്ക് നടുവില്‍ ചെറിയ ഒരുതളം,അവിടെ നിന്നാല്‍ കന്യാകുമാരി തീരങ്ങള്‍ കാണാം..കടല്‍ കാറ്റിന്റെ ചൂളംവിളി ഒഴിച്ചാല്‍ എല്ലാം ശാന്തം.ഇവിടെ ശ്രീനാരായണഗുരു തപസനുഷ്ടിച്ച ഗുഹക്കുള്ളില്‍ കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്.ഗുഹയുടെ ഉള്‍വശം വെള്ളചായം പൂശിയിരിക്കുന്നതു വെളിച്ചത്തിന് വേണ്ടിയാവണം.വെള്ളം ഒഴുകി വന്നു നിറയാന്‍ കെട്ടിയ ചെറിയ ചാന്നലും ചെറിയകുഴിയും ഗുഹക്കുള്ളില്‍ കണ്ടത്തില്‍ നിന്നും നിന്നും പണ്ടു ഗുഹക്കുള്ളില്‍ വെള്ളം ലഭിക്കാനുള്ള മാര്‍ഗം ഉണ്ടയിരു‌നു എന്ന് മനസിലാക്കാം.അവിടുത്തെ ശാന്തതയും തണുപ്പും ഏറെ നേരം പിടിച്ചിരുത്തി.
Maruthuva Malai, Trivandrum, Kerala
പാറയില്‍ വെട്ടിയുണ്ടാക്കിയ വലിയ ഒരു കുഴി...അതില്‍ ഇറക്കി വെച്ചിരിക്കുന്ന വലിയ കുംഭത്തില്‍ നിറച്ചിരിക്കുന്ന വസ്തുക്കളാണ് ജ്യോതിയായി കത്തുന്നത്.തീപ്പൊരി പറന്നു കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള സംവിധാനമാണ്.തൊട്ടടുത്തുതന്നെയുള്ള ഹനുമാന്‍ പ്രതിഷ്ടയ്ക്കു മുന്‍പില്‍ കുറച്ചു നിവേദ്യങ്ങള്‍.രാത്രി പതിനൊന്നുമണിയോടെ ജ്യോതി അണഞ്ഞു.നിലവില്‍ കുളിച്ചുനില്‍ക്കുന്ന കടല്തീരങ്ങളുടെ കാഴ്ചയും കടല്‍ക്കാറ്റിന്റെ തലോടലും മോഹന്റെയും തോംസന്റെയും സംഗീതവും ..ഒരു രാത്രി മുഴുവന്‍ ഉറങ്ങതിരിന്നിട്ടും മതിവരാത്തത് പോലെ.ഉദയത്തിന്റെ ആദ്യരശ്മികള്‍ വഴികാണിച്ചപ്പോള്‍് മലയിറങ്ങി.ഇത്ര സുന്ദരമായി കടലിലെ ഉദയവും അസ്തമയവും കാണാന്‍ കഴിയുന്ന മലകള്‍ വേറെ ഉണ്ടാകുമോ ?


ഇനിയും പോകണം മരുത്വാന്‍ മലയിലേക്ക് ..മരുന്ന് ചെടികളെ അറിയാന്‍,സന്യസിമാരുമായി സംസാരിക്കാന്‍,സുന്ദരമായ ഒരു രാത്രി കൂടി അവിടെ കഴിയാന്‍ ...
ഫോട്ടോകള്‍ക്ക് കടപ്പാട് മോഹന്‍ എടപ്പാള്‍

കടപ്പാട് : beingstrange

No comments: