Saturday, February 26, 2011

ശക്തമായ പാസ്‌വേഡ് നിര്‍മിക്കാന്‍ ചില വഴികള്‍

ശക്തമായ പാസ്‌വേഡ് നിര്‍മിക്കാന്‍ ചില വഴികള്‍
Tips for strong password

പതിനഞ്ചിനുമുകളില്‍ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉള്ള പാസ്‌വേഡുകളെ അതിശക്തമെന്ന് കണക്കാക്കാം. പക്ഷേ ഇത്ര വലിയ പാസ്‌വേഡുകള്‍ പലപ്പോഴും അപ്രായോഗികം ആണ്. പല സൈറ്റുകളിലും പരമാവധി ഉപയോഗിക്കാവുന്ന പാസ്‌വേഡ് അക്ഷരങ്ങളുടെ എണ്ണത്തിനു പരിധിയുണ്ട്. സാധാരണയായി ചുരുങ്ങിയത് എട്ടും പരമാവധി 12 ഉം ആണ് കണ്ടു വരുന്നത്.
വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ത്തിയതും ചുരുങ്ങിയത് പത്ത് അക്ഷരങ്ങള്‍ എങ്കിലും ഉള്ളതും ഒരു ഭാഗവും നിഘണ്ടുവില്‍ കാണാത്തതും ആയ വാക്കിനെ നല്ല ഒരു പാസ്വേഡ് ആയി കണക്കാക്കാം. പക്ഷേ പ്രത്യേകിച്ച് അര്‍ഥമൊന്നും ഇല്ലാത്ത ഇത്തരം വാക്കുകള്‍ ഓര്‍ത്തുവക്കാന്‍ വളരെ പ്രയാസമാണ്. പിന്നെ എങ്ങിനെ ഒരു നല്ല പാസ്‌വേഡ്  തെരഞ്ഞെടുക്കും?
1. സ്വന്തമായി ഒരു പാസ്‌വേഡ് ഭാഷ
കേള്‍ക്കുമ്പോള്‍ അപ്രായോഗികം ആയി തോന്നുമെങ്കിലും ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ ഇത് വളരെ ഉപകാരപ്രദം ആണ്..ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ളതോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതോ ആയ ഒരു വാചകം തെരഞ്ഞെടുക്കുക. ഉദാഹരണമായി ‘If you tell the truth, you don’t have to remember anything.’
ഈ വാചകത്തിലെ ഓരോ വാക്കിലേയും ആദ്യാക്ഷരങ്ങള്‍ എടൂക്കുക. IYTTT, YDHTRA ഇതിനെ ചില അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഒരു പാസ്വേഡ് ആക്കി മാറ്റിയിരിക്കുന്നു. !y7tT,yDh7R@ ഇത് ഒരു നല്ല പാസ്‌വേര്‍ഡിന്റെ ഗുണങ്ങളെല്ലാം അടങ്ങുന്നതാണ്.അതായത് നിഘണ്ടുവിലുള്ള വാക്കോ അതിന്റെ വ്യതിയാനങ്ങളോ അല്ല, 11 അക്ഷരങ്ങള്‍ ഉണ്ട്. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചിരിക്കുന്നു.
ഇനി ഇത് ഓര്‍ത്തു വക്കുന്നതെങ്ങിനെ? അതാണ് ആദ്യം സൂചിപ്പിച്ച നിങ്ങളുടെ സ്വന്തമായ പാസ്‌വേഡ് ഭാഷ. ഞാന്‍ മൂന്നിനു പകരമായി ‘e’ യും 7നു പകരമായി ‘t’ യും പാസ്വേഡിനായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് 3 നു പകരമായി ‘M’ വേണമെങ്കില്‍ ഉപയോഗിക്കാം (മൂന്ന് എന്ന അര്‍ത്ഥത്തില്‍). ഇംഗ്ലീഷിനു പകരമായി മലയാളത്തില്‍ ഉള്ള ചൊല്ലുകളും വാചകങ്ങളും വേണ്ട രീതിയില്‍ മാറ്റി മറിച്ച് ഉപയോഗിച്ചാല്‍ പാസ്വേഡുകളെ കൂടൂതല്‍ സങ്കീര്‍ണ്ണമാക്കാം. ഓര്‍ത്തിരിക്കാനും എളുപ്പം ആകും
ഇനി കൂടുതല്‍ എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗം- അനുയോജ്യമായ ഒരു വാക്ക് തെരഞ്ഞെടുക്കുക. നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വാചകത്തിലെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാക്കായാല്‍ കൂടുതല്‍ നല്ലത്. MYBANKACCOUNT ആണ് ആ വാക്ക് (ഒരു ഉദാഹരണം മാത്രം) എങ്കില്‍ കീബോര്‍ഡില്‍ ഓരോ അക്ഷരത്തിനും പകരമായി അതിനു തൊട്ടു മുകളില്‍ ഉള്ള അക്ഷരമോ അക്കമോ ചിഹ്നമോ ഉപയോഗിക്കുക അപ്പോള്‍ ഇങ്ങനെ മാറ്റപ്പെടുന്നു ‘j^gqhiqdd9&h5′ ഇവിടെ അക്കങ്ങളും ചിഹ്നങ്ങളും ഒന്നിടവിട്ട് ഉപയോഗിച്ചിരിക്കുന്നു.
2. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുക
സാധാരണയായി ഇത് ഒരു സുരക്ഷിതമായ കാര്യമല്ലെന്നു പറയാറുണ്ടെങ്കിലും വളരെയധികം സ്ഥലങ്ങളില്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കേണ്ടിവരികയും അവ അടിക്കടി മാറ്റേണ്ടി വരികയും വരുമ്പോള്‍ മറവി പറ്റാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പാസ്‌വേഡുകള്‍ എഴുതി സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിലും തെറ്റൊന്നും ഇല്ല. നിങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ രേഖപ്പെടുത്തി വയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
3. പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍
നിരവധി പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. ഈ സോഫ്ട്‌വേറുകള്‍ ഒന്നിലധികം ഇടങ്ങളില്‍ ഉപയോഗിക്കേണ്ട പാസ്‌വേഡുകളെ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ചു പൂട്ടി വയ്ക്കുന്നു. ഈ മാസ്റ്റര്‍ പാസ്‌വേഡ് മാത്രം ഓര്‍ത്തു വച്ചാല്‍ മതി. സ്വതന്ത്ര സോഫ്ട്‌വേര്‍ ആയ കീ പാസ് പാസ്‌വേഡ് സേഫ് ഇത്തരത്തിലുള്ള ഒന്നാണ്. ഇതുപയോഗിച്ച് നിങ്ങളുടെ എല്ലാ പാസ്‌വേഡുകളും ഒരു ഡാറ്റാബേസില്‍ ഇട്ട് മാസ്റ്റര്‍ കീ കൊണ്ടു പൂട്ടി വയ്ക്കാന്‍ കഴിയുന്നു. പാസ്‌വേഡ് ഡാറ്റാബേസ് ആകട്ടെ അതി ശക്തമായ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ കൊണ്ടു സുരക്ഷിതമാക്കിയിരിക്കുന്നു. മാത്രമല്ല ഇത് കൊണ്ടുനടക്കാവുന്ന സോഫ്ട്‌വേറും ആണ്. അതായത് കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കുവാനുള്ള സംവിധാനവും ഉണ്ട്.
4.ഒന്നിലധികം സ്ഥലങ്ങളില്‍
എല്ലായിടങ്ങളിലും ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. പക്ഷേ സങ്കീര്‍ണ്ണങ്ങളായ അനേകം പാസ്‌വേഡുകള്‍ ഓര്‍ത്തു വക്കുന്നതും എളുപ്പമല്ല. അതിനായി പാസ്‌വേഡ് ഉപയോഗിക്കേണ്ട സൈറ്റുമായി ബന്ധമുള്ള എന്തെങ്കിലും ശൈലികളോ വാക്കുകളോ തെരഞ്ഞെടുക്കുക. അത് നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തവയും ആകണം. അതായത് ബാങ്കിംഗ് സൈറ്റ് ആണെങ്കില്‍ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും.
ഒരു സങ്കീര്‍ണമായ അടിസ്ഥാന പാസ്‌വേഡ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതിനോട് സൈറ്റുകള്‍ക്കനുസരിച്ച് വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എളുപ്പത്തില്‍ ഓര്‍ത്തു വയ്ക്കാം. ഉദാഹരണമായി നിങ്ങളുടെ ഒരു അടിസ്ഥാന പാസ്‌വേഡ് !8H^m:G$-:) ആണെന്നിരിക്കട്ടെ ഇത് ജിമെയിലില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)G3@1l (Gmail നെ കോഡ് ചെയ്തിരിക്കുന്നു) എന്നും യാഹൂവില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)y@h0O എന്നും വേണമെങ്കില്‍ മാറ്റാം.
അക്കൗണ്ടുകളുടെ പ്രാധാന്യമനുസരിച്ച് പാസ്‌വേഡുകളെ വര്‍ഗീകരിക്കുക. തികച്ചും അപ്രധാനമായ അക്കൗണ്ടുകള്‍ക്കായി അതിസങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണം എന്നില്ല. അതായത് നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടിനും എപ്പോഴെങ്കിലും ലോഗിന്‍ ചെയ്യുന്ന ഒരു ഫോറത്തിനും ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ ഒരേ രീതിയില്‍ സങ്കീര്‍ണമാകണം എന്നില്ല.
പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍
നേരെത്ത സൂചിപ്പിച്ച കീപാസ് പോലെയുള്ള പാസ്വേഡ് മാനേജര്‍ സോഫ്ട്‌വേറുകളില്‍ പാസ്‌വേഡുകളുടെ ശക്തി പരീക്ഷിക്കാനുള്ള സങ്കേതങ്ങളും സന്നിവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്ടിന്റെ ഈ പേജില്‍ പോയും നിങ്ങളുടെ പാസ്‌വേഡ് ശക്തമാണോ എന്നു പരിശോധിക്കാം
കടപ്പാട് : computric

No comments: