Sunday, November 11, 2012

ചന്ദ്രനുദിക്കുന്ന ദിക്കില്‍

ലൊക്കേഷന്‍ തേടിയുള്ള യാത്രകളാണ് ലാല്‍ ജോസിന്റെ ജീവിതം.
തന്റെ പ്രിയ ലൊക്കേഷനുകളിലൊന്നായ കവയിലേക്ക് ലാല്‍ ജോസ് വീണ്ടും..
ഈ വഴി പലതവണ പിന്നിട്ടതാണെങ്കിലും ഓരോ യാത്രയും ഓരോ അനുഭവമാണെന്ന് ലാല്‍ജോസ്.

Lal Jose in Gundalpet
നേരം വെളുത്തിട്ടുണ്ടായിരുന്നില്ല. തലേന്ന് പെയ്ത മഴയൊരു കുളിരായിക്കിടപ്പുണ്ട്, മനസ്സിലും മാനത്തും. പത്തുമണിവരെ കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടക്കുന്നതിന്റെ സുഖമൊന്ന് വേറെ. പക്ഷേ, യാത്രയെന്ന് കേട്ടാല്‍ ഉറക്കം രണ്ടാമതാണ്. അഞ്ചുമണിക്ക് എഴുന്നേറ്റതും അതുകൊണ്ടുതന്നെ. പ്രിയപ്പെട്ട ലൊക്കേഷനിലേക്കാണീ യാത്ര. അവിടെ ഇനിയും ക്യാമറ വെച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. അതുകൂടി കാണണം. ക്യാമറയിലാക്കണം. അഞ്ചരയ്ക്ക് എത്താമെന്ന് പറഞ്ഞ വണ്ടി വൈകിയപ്പോഴാണ് അക്ഷമനായത്. അഞ്ചേമുക്കാലായി യാത്ര തുടങ്ങാന്‍.

ഒറ്റപ്പാലത്തെ തോട്ടക്കരയില്‍ നിന്ന് മലമ്പുഴയിലെ കവയിലേക്ക്. നേരിട്ടുള്ള വഴി. നല്ല റോഡ്- ഈ വഴി പലതവണ പിന്നിട്ടതാണെങ്കിലും ഓരോ യാത്രയും ഓരോ അനുഭവമാണ്. 


എന്താണെനിക്ക് യാത്ര? എന്നാണത് തുടങ്ങിയത്?

ഓര്‍മവെച്ച നാള്‍ മുതല്‍ ഞാന്‍ കൊച്ചുകൊച്ചു യാത്രകള്‍ ചെയ്യുന്നുണ്ട്. ലക്ഷ്യബോധമില്ലാതെ, ആദ്യം കാണുന്ന വണ്ടിപിടിച്ച്, അതെത്തു ന്ന സ്ഥലംവരെ പോയി തിരിച്ചുവന്ന യാത്രകള്‍. ഏകാന്ത യാത്രകള്‍.

ഒരിക്കല്‍ ഇവിടെനിന്ന് ഇന്‍ഡോറിലേക്കൊരു പ്രതിവാര വണ്ടി തുടങ്ങി. ഇന്‍ഡോര്‍; കേള്‍ക്കാന്‍ കൊള്ളാം. എവിടെയാണത്? മധ്യപ്രദേശിലാണെന്നും മൂന്നുദിവസം വണ്ടിയിലിരിക്കണമെന്നും മനസ്സിലായി. ആ കൗതുകത്തിന്റെ പുറത്താണ് ടിക്കറ്റെടുത്തതും വണ്ടികയറിയതും. മൂന്നാംനാള്‍ ഇന്‍ഡോറിലെത്തി.

വണ്ടി ഇറങ്ങിയതും പെട്ടുപോയി. വെടിവെച്ചാലും വരാത്ത ഭാഷയാണെനിക്ക് ഹിന്ദി. ഒന്നും മനസ്സിലാവുന്നില്ല. പൊട്ടന്‍ വെടിക്കെട്ട് കാണും പോലെ എന്തൊക്കെയോ കാഴ്ചകള്‍. തിരിച്ചുപോകാനുള്ള വണ്ടി രണ്ടുദിവസം കഴിഞ്ഞേയുള്ളൂ. പകല്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തൊന്ന് കറങ്ങും. രാത്രി റെയില്‍വേ വിശ്രമമുറിയിലെ സിമന്റ് ബെഞ്ചില്‍ ഉറക്കം. പ്രഭാതകൃത്യങ്ങളും സ്റ്റേഷന്‍ബാത്ത്‌റൂമില്‍. രണ്ടുദിവസം കഴിച്ചുകൂട്ടിയ പാട് എനിക്കുമാത്രം അറിയാം. എങ്കിലും അതിലൊരു അനുഭവമുണ്ടായിരുന്നു. ഇപ്പോള്‍ ഓര്‍ക്കാന്‍ രസംതരുന്ന എന്തോ ഒന്ന്.

Lal Jose in Gundalpetലൊക്കേഷന്‍ തേടിയുള്ള യാത്രയില്‍ മറക്കാനാവാത്തത് 'ചന്ദ്രനുദിക്കുന്ന ദിക്കിലേ'ക്ക് പോയതാണ്. ഏതാണ്ട് 2000 കിലോമീറ്ററോളം യാത്ര ചെയ്താണത് കണ്ടെത്തിയത്.

ഒരു കുന്ന്, കുന്നിനെച്ചുറ്റിയൊരു പുഴ, പൂക്കള്‍, പൊടിപറത്തി കുന്നിറങ്ങിവരുന്ന കാലിക്കൂട്ടം എന്നിവയുള്ള ഇടയഗ്രാമമായിരുന്നു മനസ്സില്‍. പൊള്ളാച്ചിയുടെ പ്രാന്തപ്രദേശങ്ങളിലൂടെയായിരുന്നു ആദ്യയാത്ര. കുന്നുണ്ടാവും, പുഴയുണ്ടാവില്ല, പൂക്കളുണ്ടാവും, കുന്നുണ്ടാവില്ല. ഒടുക്കം സേലത്തിനടുത്തുള്ള ശങ്കഗിരിയിലേക്ക് വിട്ടു. പൊള്ളാച്ചിയുടെ ഒരു എക്‌സ്‌റ്റെന്‍ഷന്‍ മാത്രമായിരുന്നു അത്. ഭരതേട്ടന്‍ 'ആരവം' ചെയ്ത ഹൊഗനക്കല്‍ നല്ല സ്ഥലമാണെന്ന് കേട്ട് അങ്ങോട്ടുപോയി. അവിടെ വെള്ളച്ചാട്ടവും പുഴയും ഉണ്ട്. പശുക്കളും പുക്കളുമില്ല.

ഇടയ്ക്ക് ശരത്ചന്ദ്രന്‍ വയനാടിനോട് ഞാന്‍ മനസ്സിലുള്ള ലൊക്കേഷനെപറ്റി പറഞ്ഞിരുന്നു. ഹൊഗനക്കലിലും സ്ഥലം കാണാനാവാതെ വിഷണ്ണനായി ഈ സിനിമതന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലായി. ആശ്വാസത്തിനാണ് വീട്ടിലേക്ക് വിളിച്ചത്. മറുതലയ്ക്കല്‍ ഭാര്യ ലീന. വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ അവള്‍ പറഞ്ഞു. ''ഇന്ന് ശരത്ചന്ദ്രന്‍ വയനാട് വിളിച്ചിരുന്നു. ഗുണ്ടല്‍പ്പേട്ടിനടുത്ത് 3000 കാലികളുള്ള ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞു.''

ഞാനുടനെ ശരത്തിനെ വിളിച്ചു. ''ഹൊഗനക്കലില്‍നിന്ന് സത്യമംഗലം കാട് വഴി വന്നാല്‍ വേഗമിങ്ങെത്താം. അല്ലെങ്കില്‍ കോയമ്പത്തൂര്‍വഴി ചുറ്റിക്കറങ്ങി വരണം.'', അവന്‍ വഴി പറഞ്ഞുതന്നു. സത്യമംഗലത്ത് വീരപ്പന്‍ വാഴും കാലമാണ്. വഴി കാടിന് നടുവിലൂടെയും. പെട്രോള്‍ തീര്‍ന്നാല്‍! മരം വീണ് പാത തടസ്സപ്പെട്ടാല്‍! എന്തു ചെയ്യണം? കൂടെ സുഹൃത്തുക്കളായ സുധീഷും സുബൈറുമുണ്ട്. ''ഇതുവഴിതന്നെ പോയേക്കാം, വരുന്നിടത്തുവെച്ച് കാണാം'', അവര്‍ ധൈര്യം പകര്‍ന്നു.

കൊടുംകാടിനുള്ളില്‍ നേരിയ രേഖപോലൊരു പാത. ടാറ്റാ സുമോ ഓടിക്കുന്നത് സുബൈര്‍. വഴിക്കൊരു കാനനഗ്രാമം കണ്ടു - മേച്ചേരി. എന്റെ വീട്ടുപേരും മേച്ചേരി. ഇത്തരം കൗതുകങ്ങളിലൂടെ മനസ്സും, കാടിന്റെ പച്ചത്തണുപ്പിലൂടെ ഞങ്ങളും യാത്ര തുടര്‍ന്നു. എതിരെ ആരും വരാനില്ലെന്ന ധാരണയില്‍ വണ്ടി കുതിക്കുകയാണ്. എതിരെ വരുന്നവരും അങ്ങനെത്തന്നെ കരുതിക്കാണണം. ഒരു കൊടുംവളവില്‍ ഞങ്ങള്‍ മുഖാമുഖം കണ്ടത് മരണത്തെയായിരുന്നു. സുബൈറിന്റെ ഡ്രൈവിങ് വൈദഗ്ധ്യം കൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Lal Jose in Gundalpetവൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ കാടുവിട്ട് ഗുണ്ടല്‍പേട്ട് ഗ്രാമത്തിലേക്ക്. കാട് തീര്‍ന്നപ്പോള്‍ മുന്നിലതാ സ്വപ്നഗ്രാമം! നോക്കെത്താ ദൂരത്തോളം സൂര്യകാന്തിപ്പൂക്കള്‍, ഗ്രാമപാതയിലൂടെ വണ്ടി മുന്നോട്ട്. അതാ അകലെ കുന്നിറങ്ങി പൊടിപറത്തിവരുന്ന കാലിക്കൂട്ടം. വണ്ടി നിര്‍ത്തി ഞാനിറങ്ങി. കുരിശുവരച്ചു: ഇതുതന്നെ 'ചന്ദ്രനുദിക്കുന്ന ദിക്ക്'. അതിനടുത്തൊരു വേണുഗോപാലസ്വാമി ക്ഷേത്രമുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ക്കൊന്നും അവിടംവിട്ട് പോരാന്‍ തോന്നില്ല.

മീശമാധവന്‍ ഏറ്റവും കൂടുതല്‍ ലൊക്കേഷന്‍ ഉപയോഗിച്ച ചിത്രമാണ്. അതിലെ 'കരിമിഴിക്കുരുവിയെ കണ്ടീല...' എന്ന പാട്ടില്‍ 21-ഓളം ലൊക്കേഷനുകള്‍ വരുന്നുണ്ട്. നമ്മളീ പോകുന്ന കവയിലും അതിന്റെ കുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. 'ബുഷും ബിന്‍ലാദനും' തമ്മിലുള്ള യുദ്ധരംഗം ഓര്‍മയില്ലേ. അതും ഇതിന്റെ പരിസരത്തായിരുന്നു. പക്ഷേ, മീശമാധവന്റെ കഥയിലേക്ക് ഞങ്ങള്‍ നടത്തിയ യാത്രയാണ് അതിലേറെ കൗതുകം.

രണ്ടാംഭാവം വ്യത്യസ്തമായൊരു സിനിമ എന്ന സങ്കല്പത്തോടെ, വളരെ പ്രതീക്ഷയോടെ ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ പ്രേക്ഷകരതിനെ നിരാകരിച്ചു. ഞാന്‍ വല്ലാതെ തകര്‍ന്നു. ഇനിയൊരു സിനിമ വേണോ എന്നുപോലും ചിന്തിച്ചു. സുഹൃത്തുക്കളാണ് പിടിച്ചുനിര്‍ത്തിയത്. അടുത്ത സിനിമയ്ക്ക് കഥ ആലോചിക്കാന്‍ ഞാനും രഞ്ജന്‍ പ്രമോദും ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ താമസിക്കുന്നു. ആലോചനകള്‍ ഒന്നും ശരിയാകുന്നില്ല. ചിന്തകള്‍ കറങ്ങിത്തിരിഞ്ഞ് രണ്ടാം ഭാവത്തില്‍ തന്നെ എത്തുന്നു.

കലുഷചിന്തകള്‍ കളഞ്ഞ് മനസ്സൊന്ന് ഫ്രഷാക്കാന്‍ നമുക്കൊരു യാത്ര പോകാമെന്ന് പറഞ്ഞത് ഞാനാണ്. അങ്ങനെ രഞ്ജന്റെ കാറില്‍ ഞങ്ങള്‍ നിലമ്പൂരിലേക്ക്....

നിലമ്പൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒരു ക്ലബില്‍ കൂടി. കൂട്ടത്തിലിരുന്ന ജയേഷ് ഒരു സംഭവം പറഞ്ഞു.

അവരുടെ നാട്ടിലൊരു കള്ളനുണ്ടായിരുന്നു. കുടുംബത്തിലെല്ലാവരും നല്ല നിലയില്‍. കോളേജ് പ്രൊഫസര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ, എല്ലാവരും ഈ നിലയിലെത്താന്‍ കാരണക്കാരനായത് കള്ളനും. പക്ഷേ, എല്ലാവരും ഓരോ നിലയിലെത്തിയപ്പോള്‍ കള്ളന്‍ ഇവര്‍ക്കൊരു അധികപ്പറ്റായി. ഒടുക്കം കള്ളന്‍ തന്റെ മോഷണപരിപാടി ഉപേക്ഷിച്ചു. നാട്ടിലൊരു പെട്ടിക്കട തുടങ്ങി. മര്യാദക്കാരനാവാന്‍ തീരുമാനിച്ചു.

ഒരുദിവസം നാട്ടിലൊരു മോഷണം. പോലീസ് ആദ്യമെത്തിയത് നമ്മുടെ കള്ളന്റെ കടയില്‍. മോഷണം നിര്‍ത്തി മര്യാദക്കാരനായെന്ന് പറഞ്ഞിട്ടൊന്നും അവര്‍ കേട്ടില്ല. കടയടയ്ക്കാന്‍ പോലും സമ്മതിക്കാതെ അവരവനെ ലോക്കപ്പിലേക്ക് കൊണ്ടുപോയി. പതിവ്മുറകള്‍ ആരംഭിച്ചു.

പക്ഷേ, മറ്റൊരു സ്റ്റേഷനില്‍ പിടിയിലായ കള്ളനില്‍ നിന്ന് ഈ മോഷണത്തിന്റെ ഉത്തരവാദിത്വം പോലീസ് തിരിച്ചറിഞ്ഞു. അങ്ങനെ അവന്‍ മോചിതനായി. പക്ഷേ, തിരിച്ച് കടയിലെത്തിയപ്പോള്‍ കള്ളന്‍ കണ്ടത് തന്റെ കടമുഴുവന്‍ ആരോ കൊള്ളയടിച്ചിരിക്കുന്നു. കിട്ടിയ തഞ്ചത്തിന് നാട്ടുകാരില്‍ ചിലര്‍ കൈയിട്ട് വാരിയതാണ്. അന്നുരാത്രി ഒരു മുഴം കയറില്‍ അയാള്‍ ജീവനൊടുക്കി. കഥ പറഞ്ഞതും ജയേഷിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. കഥകേട്ട ഞങ്ങളിലും കനിവിന്റെ നീരുറവപൊട്ടും പോലെ. ആരാണ് കള്ളന്‍? നാട്ടുകാരോ? പോലീസോ? പല ചോദ്യങ്ങളും മനസ്സിനെ അലട്ടാന്‍ തുടങ്ങി. ഉറക്കം തള്ളിമാറ്റി ആ രാത്രി മനസ്സില്‍ നിറഞ്ഞുനിന്നതും ആരോരുമല്ലാത്ത ആ കള്ളന്‍!

പിറ്റേ ദിവസം ഞങ്ങള്‍ ഗുണ്ടല്‍പ്പേട്ടിലേക്ക് യാത്ര തിരിച്ചു. വഴിക്കുവെച്ച് ഞാന്‍ രഞ്ജനോട് പറഞ്ഞു. നമുക്ക് കഥ കിട്ടി. ജയേഷ് പറഞ്ഞ സംഭവത്തില്‍ ഒരു സിനിമയുണ്ട്. അവന്‍ പറഞ്ഞ സംഭവങ്ങളൊന്നും കഥയാക്കാന്‍ പറ്റില്ല. പക്ഷേ, കഥ പറഞ്ഞപ്പോള്‍ അവന്റെ കണ്ണില്‍ പൊടിഞ്ഞ കണ്ണുനീരാണ് നമ്മുടെ കഥ. ആരോരുമല്ലാതിരുന്നിട്ടും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട കള്ളന്‍. നന്മ നിറഞ്ഞ കള്ളന്‍. അതിലാണ് കഥ.

ഗുണ്ടല്‍പ്പേട്ട് ടൗണില്‍നിന്ന് നാല് കിലോമീറ്റര്‍ മാറിയാണ് വേണുഗോപാലസ്വാമി ക്ഷേത്രം. ഞങ്ങളങ്ങോട്ട് കടന്നതും കണ്ടത് ഒരു മംഗളകര്‍മം. 50 വയസ്സുള്ള പുരുഷനും 40 കാരിയും വിവാഹിതരാവുന്നു. കാര്‍മികത്വം വഹിച്ചതൊരു പൂജാരി. സാക്ഷികളായി മൂന്നുപേര്‍. രഞ്ജനും ഞാനും അങ്ങോട്ട് കടന്നതും പൂജാരി എന്നെ നോക്കി ആ മണിയടിക്കാന്‍ പറഞ്ഞു. ഞാന്‍ മണിയടിച്ചു. മന്ത്രധ്വനിക്കും മണിയോശകള്‍ക്കുമിടയില്‍ താലിചാര്‍ത്തി. മാല കൈമാറി രണ്ട് പേര്‍ പുതിയ ജീവിതത്തിലേക്ക്....

ഈ കഥ നന്നായിവരും. നല്ല സിനിമയാവും. ഞാന്‍ ഉറപ്പിച്ചു. കാരണം ഈ യാത്ര. അതിന്റെ ക്ലൈമാക്‌സ്. വിജനമായൊരു കാനനത്തില്‍ അപരിചിതരായ മധ്യവയസ്സ് കഴിഞ്ഞ രണ്ടുപേര്‍ വിവാഹിതരാവുന്നു. ആ മംഗളകര്‍മത്തിന് അന്യമതസ്ഥനായ ഞാന്‍ ശ്രീകോവിലില്‍ മണിയടിക്കുന്നു. നിമിത്തങ്ങള്‍ എന്നെ അങ്ങനെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിച്ചു. അത് സത്യമായത് പിന്നീടുള്ള കഥ.

Lal Jose in Gundalpetമീശമാധവന്‍ ഷൂട്ട് ചെയ്ത മലമ്പുഴ ഡാമിന്റെ ക്യാച്ച്‌മെന്റ്ഏരിയയില്‍ ആണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത്. മഴപെയ്ത് അല്പം പച്ചപ്പുണ്ട്. അല്‍പ്പം കൂടി കഴിഞ്ഞ് വന്നുനോക്കൂ. ഇവിടം മറ്റൊരു ടോണായിരിക്കും. ബ്രൗണിഷ് കളര്‍. രണ്ടും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഓരോ സിനിമ കഴിയുമ്പോഴും എനിക്കൊരു യാത്ര പോയേ പറ്റൂ. കാരണം അത്രയ്ക്ക് ടെന്‍ഷനും മാനസികമായ പിരിമുറുക്കങ്ങളും കഴിഞ്ഞാണ് ഓരോ സിനിമയും പൂര്‍ത്തിയാവുന്നത്.

'മുല്ല'യുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ ദക്ഷിണാഫ്രിക്കയിലേക്കാണ് പോവുന്നത്. ഞാനൊറ്റയ്ക്കല്ല ഞങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചൊരു ക്ലബ് രൂപവത്കരിച്ചിട്ടുണ്ട്. ഒരു ട്രാവലേഴ്‌സ് ക്ലബ്. നാലംഗ സംഘം. അരുണ്‍, ലാല്‍ ജോസ്, ഇക്ബാല്‍ കുറ്റിപ്പുറം, സാഹിര്‍. ഞങ്ങളുടെ പേരിലെ അക്ഷരങ്ങളുപയോഗിച്ച് ക്ലബിന് പേരിട്ടിരിക്കുന്നത് 'ആലിസ്' എന്നാണ്. അംഗങ്ങളില്‍ ആര്‍ക്കെങ്കിലും പണമില്ലെങ്കില്‍ മറ്റുള്ളവര്‍ സഹായിക്കണമെന്നതാണ് ബൈലോ. ഓരോവര്‍ഷവും ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ പോവണമെന്നും ലക്ഷ്യമിടുന്നു. ഇത്തവണ നയ്‌റോബിയാണ് പ്രധാന സ്ഥലം. ആഫ്രിക്കന്‍ ജീവിതങ്ങള്‍ തൊട്ടറിഞ്ഞൊരു സഞ്ചാരം.തത്കാലം ഗുഡ്‌ബൈ. 

Lal Jose, Photos: N M Pradeep  

No comments: