Sunday, February 10, 2013

ഗിരീഷ്‌ പുത്തഞ്ചേരി

ഫെബ്രുവരി 10,2013 - മലയാളസിനിമയിലെ അപൂര്‍വ്വപ്രതിഭ ഗിരീഷ്‌ പുത്തഞ്ചേരിഉടെ മൂന്നാം  ചരമവാര്‍ഷികം. ലാല്‍ ജോസ് 2010 ഇല്‍ എഴുതിയ ഒരു ഓര്‍മകുറിപ്പ്.

ഗിരീഷിനെ ഞനെന്നാണാദ്യം കണ്ടത്‌? കോടമ്പാക്കത്തെ ഉമാ ലോഡ്ജില്‍ ഏതോ സിനിമയ്‌ക്ക്‌ പാട്ടെഴുതാന്‍ വന്ന് താമസിച്ചിരുന്നപ്പോഴോ അതോ കമല്‍ സാറിനെ കാണാന്‍ മദിരാശിയിലെ റീറെക്കോര്‍ഡിങ്ങ്‌ നടക്കുന്ന ഏതോ സ്റ്റുഡിയോയില്‍ വന്നപ്പോഴോ? പരിചയപ്പെട്ടത്‌ എന്നാണ്‌, എവിടെ വെച്ചാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ഞാന്‍ അസ്സോസിയേറ്റ്‌ ആയി വര്‍ക്ക്‌ ചെയ്ത ഏതോ സിനിമയുടെ കമ്പോസിങ്ങ്‌ വേളയിലാണ്‌- ഒരു രംഗമെനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌ – കമ്പോസിംഗ്‌ ദിനങ്ങളിലെ ഒരു വൈകുന്നേരത്തെ ‘കൂടലില്‍’ താനെഴുതിയ ഒരു പുതിയ കവിതയാണെന്ന് പറഞ്ഞ്‌, കവിത ചൊല്ലി, കവി ചമഞ്ഞ ഒരുത്തനോട്‌, “ഇത്‌ കവിതയും താന്‍ കവിയുമാണെങ്കില്‍ ഞാന്‍ വാല്മീകിയാണ്‌” എന്നാക്രോശിച്ച ഗിരീഷിനെ! അത്‌ പരിചയപ്പെടലിന്റെ ആദ്യ നാളുകളാണ്‌. തനിക്കിഷ്‌ടമില്ലാത്തത്‌ കണ്ടാല്‍ അരാണെന്താണെന്ന് നോക്കാതെ പ്രതികരിക്കുന്ന അതേ ഗിരീഷിനെ, ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ വിനയത്തോടെ ഗ്രാമീണന്റെ നിഷ്കളങ്കതയോടെ, കമല്‍ സാറിന്റെ ‘ഈ പുഴയും കടന്നു’ എന്ന ചിത്രത്തിന്റെ കമ്പോസിംഗ്‌ വേളയില്‍ കണ്ടു.
Girish Puthenjery
ഗിരീഷിനെക്കാള്‍ നല്ല പാട്ടുകള്‍ എഴുതിയിട്ടുള്ളവരുണ്ടാകാം. പക്ഷെ ഗിരീഷിനെപ്പോലെ വ്യത്യസ്തങ്ങളായ ഗാനങ്ങളെഴുതിയിട്ടുള്ളവര്‍ അപൂര്‍വ്വം. ഗിരീഷിന്റെ ഭാഷയില്‍ ‘ഓരോ സംവിധായകനും വേറെ വേറെ പേന’. എനിക്കു മാത്രമായും ഗിരീഷ്‌ ഒരു പേന കരുതി വച്ചിരുന്നു. ആ പേനയില്‍ നിന്ന് മറവത്തൂര്‍ കനവു മുതല്‍ അഞ്ചു സിനിമകളിലായി ഇരുപതിലധികം മനോഹര ഗാനങ്ങളുണ്ടായി. ആ ഗാനങ്ങളുടെ മേന്മയെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. അവയെല്ലാം ശ്രോതാക്കളുടെ മനസ്സിലും നാവിന്‍ തുമ്പിലും ഇപ്പോഴുമുണ്ട്‌. ഈ ഗാനങ്ങളുടെയെല്ലാം കമ്പോസിങ്ങ്‌ റെക്കോര്‍ഡിങ്ങ്‌ സമയങ്ങളില്‍ ഒരുപാട്‌ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ക്ക്‌ ഞാന്‍ സാക്ഷിയായിട്ടുണ്ട്‌. ഗിരീഷിന്റെ ആരാധകര്‍ക്ക്‌ അറിയാത്ത ഒരു മുഖം ഗിരീഷിനുണ്ടായിരുന്നു.
Girish Puthenjery

മനോഹരമായി മറ്റുള്ളവരെ അനുകരിക്കുന്ന ഒരു മിമിക്‌ – പൊടിപ്പും തൊങ്ങലും വെച്ച്‌ കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും സരസമായിപ്പറയുന്ന കഥകള്‍ – കമ്പോസിങ്ങിന്റേയും ഗാനരചനയുടെയും ഇടവേളകള്‍ ഗിരീഷ്‌ രസകരമാക്കിയിരുന്നത്‌ അങ്ങനെയാണ്‌. ഉരുളയ്‌ക്കുപേരിപ്പോലെ ഗിരീഷ്‌ പറഞ്ഞിട്ടുള്ള മറുപടികള്‍ ശേഖരിച്ച്‌ വയ്‌ക്കണമായിരുന്നു എന്നെനിക്കു തോന്നാറുണ്ട്‌.എപ്പോഴാണ്‌ ഗിരീഷിന്‌ ഈ നര്‍മ്മം കൈമോശം വന്നതെന്ന് ഞാനാലോചിക്കാറുണ്ട്‌. ഗിരീഷൊരുപാട്‌ മധുരഗാനങ്ങളെഴുതി. ഒരുപാടാരാധാകരെ നേടി. പക്ഷെ ഗിരീഷിലെ നിഷ്കളങ്കനായ ഗ്രാമീണനും ഗിരീഷിനുള്ളിലെ സിനിമാക്കാരനും തമ്മിലെന്നും കലഹിച്ചിരുന്നിരിക്കണം. ആ കലഹം സൃഷ്‌ടിച്ച ചൂടും പുകയും തന്നെയായിരിക്കണം ആ ശരീരത്തെ ഇത്രവേഗം ദഹീപ്പിച്ചു കളഞ്ഞത്‌.
Girish Puthenjery

No comments: