Wednesday, March 13, 2013

കാനനഛായയില്‍

Gavi, pathanamthitta, Kerala
പശ്ചിമഘട്ടത്തിലെ സുന്ദരവും സമ്പന്നവുമായ കാനനക്കാഴ്ചകളിലേയ്ക്കാണ് ഇനി നിങ്ങള്‍ കടക്കുന്നത്. ഈ ഹരിതവനങ്ങള്‍ക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്ന ശപഥം നിങ്ങളുടെ ഇനിയുള്ള ഓരോ ചുവടിലും ഉണ്ടാകണം.

ഗവി. നിത്യഹരിതവനങ്ങള്‍ ഒരുക്കിവെച്ച ഒരു തുരുത്ത്. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയിലേക്കുള്ള വഴിയില്‍ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടു തിരിഞ്ഞു വേണം ഗവിയിലേക്ക് പോകാന്‍. ഏതാണ്ട് 27 കിലോമീറ്റര്‍. വള്ളക്കടവ് ചെക്‌പോസ്റ്റ് വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരത്ത് വഴിവക്കില്‍ വീടുകളും കടകളുമൊക്കെ കാണാം. ചെക് പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ കൊടും കാട്. ആനകള്‍ സൈ്വരവിഹാരം നടത്തുന്ന സ്ഥലം. വഴിയരികില്‍ ഏതു നേരവും അവയെ കാണാം. ആന മാത്രമല്ല, കടുവയും കരടിയുമൊക്കെയുളള കാടാണിത്.

Gavi, pathanamthitta, Keralaവള്ളക്കടവ് ചെക്‌പോസ്റ്റില്‍ എത്തുമ്പോഴേക്കും അഞ്ചുമണിയോട് അടുത്തിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഈ ചെക്‌പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇവിടെ പണം കൊടുത്ത് പാസ്സെടുത്തു വേണം ഗവിയിലേക്ക് പോകാന്‍. ഗവിയിലെ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്ക് ചെയ്തിരുന്നത് കൊണ്ട് ചെക്‌പോസ്റ്റിലെ പ്രവേശനം എളുപ്പമായി. അവര്‍ വാഹന നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചെക്‌പോസ്റ്റില്‍ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളുമായി മുന്‍കൂര്‍ അനുമതിയോടെ വരുന്ന വാഹനങ്ങള്‍ക്കും നാട്ടുകാരുടെ വാഹനങ്ങള്‍ക്കും ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്കും അതിഥികള്‍ക്കും മാത്രമാണ് സാധാരണ ഈ ചെക്‌പോസ്റ്റ് കടന്നുപോകാന്‍ അനുമതിയുള്ളത്. ഇവിടെ ഗവിയില്‍ നിന്ന് മടങ്ങിവരുന്ന സഞ്ചാരികളെ കണ്ടു. വഴിയരികില്‍ പലയിടത്തും ആനകളെ കാണാനായെന്ന് അവര്‍ പറഞ്ഞു. ആന അവന്റെ കാട്ടില്‍ സൈ്വര്യ വിഹാരം നടത്തുന്നത് കാണാന്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ ആനപ്പേടിക്ക് പ്രസക്തിയില്ല.

Gavi, pathanamthitta, Keralaവളഞ്ഞു പുളഞ്ഞ് പോകുന്ന കാട്ടുവഴി. ഇലപടര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മങ്ങി വരുന്നു. പല തട്ടുകളില്‍ കയറിപ്പോകുന്ന കാട്. കാഴ്ചയുടെ അടരുകള്‍ അനുഭൂതിയായി മാറുന്നു. കാട് വേറൊരു ഇടം തന്നെ. പുല്‍മേട്ടിലോ പര്‍വ്വതങ്ങളിലോ നിന്നാല്‍ ഭൂവിതാനങ്ങളുടെ വിശാലതയിലേക്ക് എറിയപ്പെടുന്നതായി നമുക്ക് തോന്നും. കാട്ടിലോ, നമ്മള്‍ നമ്മളിലേക്ക് അരിച്ചിറങ്ങും. ചുറ്റിലുമുള്ള പച്ചപ്പ് ഉള്ളിലേക്ക് പടരും. അപരിചിതവും നിഗൂഢവുമായ കാട്, യാത്രയുടെ തുടക്കത്തില്‍ പകരുന്ന ആപത്ശങ്കകള്‍ ചിന്തയുടെ ഉന്‍മേഷത്തില്‍ അലിഞ്ഞില്ലാതാവും.

വഴിയില്‍, ഗവിയില്‍ നിന്നു മടങ്ങി വരുന്ന സഞ്ചാരികളെ കണ്ടു. അവരുടെ കണ്ണുകള്‍ കാട്ടിലാകെ കാഴ്്ചകള്‍ക്കായി പരതുന്നുണ്ടായിരുന്നു. പോര്‍ച്ചുഗലില്‍ നിന്നു വന്ന ഏയ്ഞ്ചലയ്ക്ക് നിധികിട്ടിയതുപോലെ. കുറച്ചകലെ അവരുടെ സംഘം മൂന്ന് ആനകളെ തൊട്ടടുത്ത് കണ്ടു. അവളുടെ കൂട്ടുകാരന്‍ വലിച്ചു തീര്‍ന്ന സിഗററ്റ് റോഡില്‍ കുത്തി കെടുത്തി ബാക്ക് പാക്കിന്റെ അറയിലേക്ക് തിരുകി. സിഗററ്റ് കൊളളി പോലും വലിച്ചെറിയാതെ കാടിനെ ബഹുമാനിക്കുന്ന ആ സഞ്ചാരികളോട് ആദരവ് തോന്നി. മുന്നോട്ടുള്ള യാത്രയില്‍ ആനയെക്കാണാനുള്ള സാധ്യതയെപ്പറ്റി മടക്ക വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കികൊണ്ടിരുന്നു. എന്നാല്‍ പച്ചക്കാനം ചെക്‌പോസ്റ്റില്‍ എത്തുന്നതുവരെ ഒരു വന്യജീവിയേപോലും ഞങ്ങള്‍ കണ്ടില്ല.

Gavi, pathanamthitta, Keralaനാലഞ്ച് കിലോമീറ്റര്‍ കഴിഞ്ഞു കാണും. വഴിയില്‍ ഒരു വാഹനത്തില്‍ നിന്ന് ഒരാള്‍ കൈകാണിച്ചു. ഗവിയിലെ ടൂറിസം മാനേജര്‍ ആര്‍.കെ. എന്ന ആര്‍. രാധാകൃഷ്ണനായിരുന്നു അദ്ദേഹം. ഫോണ്‍ചെയ്യാന്‍ വന്നതാണ്. അവിടം ഫോണ്‍പോയിന്റ് എന്നാണ് അറിയപ്പെടുന്നത്. കാട്ടില്‍ ഇതിനപ്പുറവും ഇപ്പുറവും ഫോണിന് റെയ്ഞ്ചില്ല. ഗവിയില്‍ ലാന്റ്‌ഫോണുമില്ല. ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്കിങ് സ്വീകരിക്കാനും സഞ്ചാരികളുടെ അന്വേഷണത്തിനു മറുപടി പറയാനും വൈകുന്നേരങ്ങളില്‍ ഒരു ഉദ്യോഗസ്ഥന്‍ മൊബൈലുമായി ഈ പോയിന്റില്‍ കാത്തുനില്‍ക്കും. ഗവിയെത്തുമ്പോഴേക്കും അന്തിനേരം. കാടിന്റെ കൈക്കുമ്പിള്‍ പോലെ സ്വച്ഛവും ശാന്തവുമായൊരു തടാകം. അതിനരികില്‍ പര്‍ണ്ണശാലപോലെ ഫോറസ്റ്റ് മാന്‍ഷന്‍.

Gavi, pathanamthitta, Keralaശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളില്‍ ഒന്നാണ് ഗവിയിലേത്. അണക്കെട്ട് പണിയുന്ന നേരത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടമാണ് ഫോറസ്റ്റ് മാന്‍ഷനായി മാറിയത്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാനുളള ഏക സങ്കേതമാണിത്. ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടത്തുന്ന മൂന്നു മുറികളുള്ള ഫോറസ്റ്റ് മാന്‍ഷനിലെ താമസം സുഖകരവും സൗകര്യപ്രദവുമാണ്. ഭക്ഷണവും ഒട്ടൊക്കെ രുചികരം.

കൃഷിയുടെയും അഭയാര്‍ത്ഥി പ്രവാഹത്തിന്റെയും വേറൊരു ചരിത്രമുണ്ട് ഗവിക്ക്. ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം ഇവിടെ കൃഷിചെയ്ത ഏലക്കാടുകള്‍ പിന്നീട് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇവര്‍ക്ക് ഏല ഫാക്ടറിയുമുണ്ട്. എണ്‍പതുകളുടെ ആദ്യം ശ്രീലങ്കയില്‍ നിന്ന് കുടിയിറക്കിയ തമിഴരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികള്‍. ഗവി ഇവരുടെ നാടാണ്. ഫോറസ്റ്റ് മാന്‍ഷനില്‍ നിന്ന് കുറെ മുന്നോട്ടു പോയാല്‍ ഇവരുടെ കോളനികളും സ്‌കൂളും അമ്പലവുമൊക്കെയുണ്ട്. ദിവസം ഒരു നേരം മാത്രമെത്തുന്ന സ്വകാര്യ ബസാണ് ഇവരെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത്. ടൂറിസം സാദ്ധ്യതകള്‍ മുതലെടുക്കാന്‍ ഈയിടെ പത്തനംതിട്ടയില്‍ നിന്ന്് ഗവിയിലൂടെ കുമളിയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട നിന്ന് വടശ്ശേരിക്കര, പെരിനാട്, പുതുക്കട, മണക്കയം വഴിയാണ് ഈ സര്‍വീസ്. ഇക്കോ ടൂറിസം പദ്ധതിയില്‍ ഗൈഡുകളായി സേവനമനുഷ്ടിക്കുന്നത് നാട്ടുകാര്‍ തന്നെ.

Gavi, pathanamthitta, Keralaഇവിടെ ഒരു കുന്നിന്‍ പുറത്ത് നിന്നാല്‍ ശബരിമലയുടെ വിദൂര ദൃശ്യം കാണാം. പാക്കേജിന്റെ ഭാഗമായി ഏലത്തോട്ടവും ഫാക്ടറിയും സന്ദര്‍ശിക്കാം. ബോട്ടുയാത്രക്കിടയില്‍ വെള്ളച്ചാട്ടം കാണാം. അതിസമ്പന്നമായ സസ്യ ജന്തുജാലമാണ് ഇവിടെയുള്ളത്. പുള്ളിപ്പുലി ഉള്‍പ്പടെ 63 തരം മൃഗങ്ങളും 323 തരം പക്ഷികളും 45 തരം ഉരഗങ്ങളും, എന്തിന് നോഹ പേടകം ഉണ്ടാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മരം പോലും ഇവിടെയുണ്ടെന്ന് ആര്‍.കെ. പറയും. ടൂറിസ്റ്റുകള്‍ക്ക് അദ്ദേഹത്തിന്റെ വക ചെറിയ പ്രകൃതി പഠന ക്ലാസ്സുണ്ട്.

രാത്രി താമസക്കാര്‍ക്ക് നൈറ്റ് സഫാരിയുണ്ട്. പച്ചക്കാനത്തേക്കുള്ള വഴിയില്‍ ഒരു മ്ലാവിന്റെ ഭയവിഹ്വലമായ രണ്ടു കണ്ണുകളാണ് ഞങ്ങള്‍ കണ്ടത്. കൊച്ചു പമ്പയിലേക്കുള്ള വഴിയില്‍ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു കൂരമാന്‍ തെന്നിമാറി. എലിയെപ്പോലെ നിലം പതുങ്ങി, മാനിനെ പോലെ പുള്ളികള്‍. എലിയില്‍ നിന്ന് പുറപ്പെട്ട് മാനിലെത്താതെ നടക്കുന്ന ഒരു ജീവി. ഞങ്ങളുടെ ഗൈഡായ വര്‍ഗീസ് നിറയെ ആനക്കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.

രാവിലെ തന്നെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ദമ്പതികള്‍ വന്നു. സെറയും വില്യവും. ഒരു സുന്ദരനും സുന്ദരിയും. അവര്‍ക്ക് മുന്നില്‍ ആര്‍.കെ കാടിനെക്കുറച്ച് വര്‍ണിച്ചു. പൊട്ടിച്ചിരിച്ചു തമാശപറഞ്ഞും അവരത് ആസ്വദിച്ചു. അവര്‍ കടുത്ത ട്രെക്കിങ് തിരഞ്ഞെടുത്തു. എന്നു വെച്ചാല്‍, രാവിലെ മുതല്‍ വൈകീട്ട്‌വരെ കാട്ടിലൂടെ നടപ്പ്. പ്രഭാത ഭക്ഷണം കഴിഞ്ഞ് അവര്‍ കാടുകയറി. പ്രണയത്തിന്റെ ഉന്മാദത്തിലായിരുന്നു അവര്‍. തടാകക്കരയിലൂടെ, ദൂരെ പുല്‍മേട്ടിലൂടെ നടന്ന് നടന്ന് അവര്‍ കാട്ടിലേക്ക് മറഞ്ഞു. പുല്‍മേട്ടില്‍ തുഷാരങ്ങള്‍ക്കൊപ്പം പ്രണയവും പൂത്തുനിന്നു.

Gavi, pathanamthitta, Keralaവൈകീട്ട് ഞങ്ങളുടെ മടങ്ങിപ്പോക്ക് അവിസ്മരണീയമായിരുന്നു. തലേദിവസം മറച്ചുവെച്ച കാഴ്ച്ചകളൊക്കെ ഞങ്ങള്‍ക്കു മുന്നില്‍ കാട് തുറന്നു. ഒരിടത്ത് റോഡിന് തൊട്ടുതാഴെ രണ്ടാനകള്‍. മറ്റൊരിടത്ത് കുന്നിന്‍ചെരുവിലൂടെ കയറിപോകുന്ന ഒരു സംഘം. പിന്നെ, ഒരു പുല്‍മേട്ടില്‍ കുട്ടിക്കുറുമ്പനുമായി ചിലര്‍.

Travel Info
How to Reach
By air :
kochi-200 km, Thiruvanthapuram-250km, Madurai-195km.
By rail : Nearest railhead Theni-70 km. kottayam-120km
By road : Kottayam- Vandiperiyar: 95km. Vandiperiyar –Gavi: 27km

Locaiton: District-Pathanamthitta

Contact Numbers: KFDC Head office, kottayam 0481-2581204, 205 aTourist Reception centre at kumaly-04869-223270 a Vallakkadavu check post: 04869-252515
Website: www.greenmansions.co.in
Email: mail@ greenmansions.co.in

Best Season: November to March
Attitude: 3150-3400ft

Local Conveyance
*
Daily trips from Kumali and Thekkady organized by travel agents and hotels.
*Private bus service from Vandiperiyar to Gavi at 4.30 pm.
*KSRTC service from Pathanamthitta to Kumily via Gavi from 12.30 pm. Reaches Gavi at 5.15 pm. From Gavi to Pathanamthitta at 7 am. (- 74.50)
*Pathanamthitta KSRTC bus station Ph. 04868 222366

Stay
Forest Mansion, Gavi-Day time package: trekking and boating (including breakfast, lunch and evening tea)- Rs.850/person
Overnight package: (stay at Gavi mansion, trekking and boating etc):-1750/person
Jungle camps (stay at tents, trekking, boating,night safari) : Rs-2000/person. For booking Mob: 9947492399 (4pm to 5pm)

Map
Map of Gavi, pathanamthitta, Kerala




















Text: S N Jayaprakash, Photos: Vivek.R.Nair

No comments: