Sunday, March 3, 2013

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു...

രവിമേനോന്‍

Yesudas, Raveendran

'കഴിയുമെങ്കില്‍ യേശുദാസിനെ ഫീല്‍ഡില്‍നിന്നുതന്നെ ഔട്ടാക്കി മലയാളസിനിമയിലെ ഒന്നാംനമ്പര്‍ പിന്നണിഗായകനായി ഞെളിയാം എന്നു മോഹിച്ചു മദ്രാസിലേക്കു വണ്ടികയറിയ ആളാണ് ഞാന്‍.' -ഒരു കൂടിക്കാഴ്ചയ്ക്കിടെ തമാശ കലര്‍ത്തി രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു.
'അത് നടക്കില്ലെന്നു മനസ്സിലായപ്പോള്‍ യേശുദാസിനെ പാടിച്ചു ബുദ്ധിമുട്ടിക്കാനായി എന്റെ ശ്രമം. കുറച്ചു കടുപ്പമുള്ള ട്യൂണ്‍ ഇട്ടുകൊടുത്തശേഷം ഞാന്‍ മനസ്സില്‍ പറയും. ഇത് ഇയാള്‍ക്ക് തൊടാന്‍ പറ്റില്ല.'
'പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാന്‍പോലും മനസ്സില്‍ കാണാത്ത മാനം ആ പാട്ടിനു നല്കി ആ മനുഷ്യന്‍ അതെനിക്കു തിരിച്ചുതരും. അതാണ് യേശുദാസ്.'
പ്രമദവനവും രാമകഥാഗാനലയവും ഹരിമുരളീരവവും ഒറ്റക്കമ്പിനാദവും ഏഴു സ്വരങ്ങളുമെല്ലാം മറ്റാരുടെയെങ്കിലും ശബ്ദത്തില്‍ നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ എന്നോരു ചോദ്യം എനിക്ക് എറിഞ്ഞുതരികകൂടി ചെയ്തു മാസ്റ്റര്‍ - ഒരു വെല്ലുവിളി കണക്കെ.

ഒരു സംശയം എന്നിട്ടും ബാക്കിനിന്നു. എന്തുകൊണ്ട് രവീന്ദ്രന്‍ ഏറ്റവും മികച്ച ഈണങ്ങള്‍ യേശുദാസിനു മാത്രം നല്കി? ഗന്ധര്‍വനാദം മാത്രം മനസ്സില്‍ക്കണ്ട് എന്തുകൊണ്ട് അദ്ദേഹം ഗാനങ്ങള്‍ സൃഷ്ടിച്ചു? ഒരൊറ്റ ഗായകന്റെ ശബ്ദത്തിന്റെ ചുറ്റുവട്ടത്ത് പ്രതിഭയെ തളച്ചിടുകവഴി തന്റെ സര്‍ഗാത്മകതയുടെ അതിരുകള്‍ അറിഞ്ഞുകൊണ്ടുതന്നെ പരിമിതപ്പെടുത്തുകയല്ലേ രവീന്ദ്രന്‍ ചെയ്തത്?
ഹൃദയം തുറന്നുള്ള ചിരിക്കുപകരം മാസ്റ്ററുടെ മുഖത്ത് ഗൗരവം പടര്‍ന്നുകണ്ടത് അപ്പോഴാണ്. 'നിങ്ങള്‍ നൗഷാദിനോടു ചോദിച്ചുനോക്കൂ. എന്തുകൊണ്ട് അദ്ദേഹം റഫിസാഹിബിനുവേണ്ടി തന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ നീക്കിവച്ചൂ എന്ന്. ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും സലില്‍ ചൗധരിയുമൊക്കെ അവരുടെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ പാടാന്‍ ഏല്പിച്ചത് യേശുദാസിനെ അല്ലേ? അവരാരും ജീനിയസുകളല്ല എന്ന് നമുക്കു പറയാനാകുമോ?' വെണ്ണ കൈയിലുള്ളപ്പോള്‍ നറുനെയ്യ് വേറിട്ടു കരുതേണ്ടതുണ്ടോ. എന്നായിരുന്നു മാസ്റ്ററുടെ മറുചോദ്യത്തിന്റെ ധ്വനി.

ആദ്യമായി മാസ്റ്ററുടെ വടപളനിയിലെ വീട്ടില്‍ ചെന്നതോര്‍മയുണ്ട്. ഗായകന്‍ ജയചന്ദ്രനോടൊപ്പമായിരുന്നു ആ യാത്ര. യേശുദാസിന്റെ അറുപതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മലയാളം വാരിക പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിനുവേണ്ടി ഒരു അഭിമുഖം തരപ്പെടുത്തണം. അതാണുദ്ദേശ്യം. നഗരാതിര്‍ത്തിയിലെ ആ വാടകവീട്ടിലെത്താന്‍ ദീര്‍ഘനേരത്തെ ഡ്രൈവ് വേണം.

മദ്രാസ്സില്‍ വന്നിറങ്ങി സിനിമയില്‍ അവസരം തേടി സ്വാമീസ് ലോഡ്ജില്‍ താമസിക്കുന്ന കാലംമുതലേ കുളത്തൂപ്പുഴ രവിയെ ജയചന്ദ്രന് അറിയാം. രവീന്ദ്രന്റെ ആദ്യനാളുകളില്‍ സിനിമാനഗരത്തില്‍ അദ്ദേഹത്തിനു താങ്ങുംതണലുമായി നിന്ന അപൂര്‍വം പേരിലൊരാളാണ് ജയേട്ടന്‍. അച്ഛന്‍ മരിച്ച വിവരവുമായി ടെലഗ്രാം വന്നപ്പോള്‍, നാട്ടില്‍ പോകാന്‍ പണമില്ലാതെ അന്തംവിട്ടുനിന്ന തനിക്ക് താന്‍ പോലും ആവശ്യപ്പെടാതെ യാത്രയ്ക്കുള്ള എയര്‍ടിക്കറ്റ് ജയചന്ദ്രന്‍ എത്തിച്ചുതന്ന കഥ രവീന്ദ്രന്‍ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ വികാരനിര്‍ഭരമായി വിവരിച്ചിട്ടുണ്ട്. അത് വായിച്ചനാള്‍മുതല്‍ മനസ്സിലുറപ്പിച്ചിരുന്നു എന്നെങ്കിലും മാസ്റ്ററെ നേരില്‍ കാണുമ്പോള്‍ ചോദിക്കണം. - ജീവിതത്തിലെ പ്രതിസന്ധികളില്‍ തണലായിനിന്ന സുഹൃത്തുകൂടിയായ ഒരു ഗായകനെ എന്തുകൊണ്ട് തന്റെ ആദ്യചിത്രത്തില്‍ സഹകരിപ്പിച്ചില്ലായെന്ന്. തീര്‍ച്ചയായും അതിനൊരു കാരണമുണ്ടാകുമല്ലോ. വന്ന വഴി മറന്നയാളല്ല രവീന്ദ്രന്‍മാസ്റ്റര്‍ എന്നു വ്യക്തമായും അറിയുന്നതിനാല്‍ ഉത്തരമറിയാന്‍ കൗതുകമുണ്ടായിരുന്നു.

കൂടിക്കാഴ്ചയില്‍ തന്റെ പഴയ നാളുകളെക്കുറിച്ചും യേശുദാസുമായുള്ള അടുപ്പെത്തക്കുറിച്ചും പുതിയ തലമുറയുടെ അധികപ്രസംഗങ്ങളെക്കുറിച്ചുമൊക്കെ രവീന്ദ്രന്‍ വാചാലനാകുമ്പോള്‍, തൊട്ടപ്പുറത്ത് ഒരു സോഫയില്‍ സുദീര്‍ഘമായ ഡ്രൈവിംഗിന്റെ ക്ഷീണത്തില്‍ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു ജയേട്ടന്‍., ചോദിക്കാതിരിക്കാനായില്ല. 'ജയചന്ദ്രന്‍ എന്ന ഗായകന്റെ പ്രതിഭ താങ്കള്‍ വേണ്ടവിധം ഗാനങ്ങളില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന അഭിപ്രായം എനിക്കുണ്ട്. ഇതേ അഭിപ്രായമുള്ള മറ്റു പലരും കണ്ടേക്കാം. എന്തായിരുന്നു അതിന്റെ കാരണം?'
ഉറങ്ങിക്കിടന്ന ഗായകനെ നിമിഷങ്ങളോളം നിശ്ശബ്ദനായി വീക്ഷിച്ചശേഷം രവീന്ദ്രന്‍മാസ്റ്റര്‍ നല്കിയ മറുപടി കാതില്‍ മുഴങ്ങുന്നു: 'എനിക്കൊരിക്കലും മറക്കാനാവാത്ത മനുഷ്യനാണ് ഈ കിടക്കുന്നത്. ആ കടപ്പാട് പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോള്‍ അതിലെ മുഖ്യഗാനങ്ങള്‍ പാടുന്നത് യേശുദാസായിരിക്കണമെന്ന് ഞാന്‍ എത്രയോ മുമ്പേ തീരുമാനിച്ചിരുന്ന കാര്യമാണ്. യേശുദാസില്ലായിരുന്നുവെങ്കില്‍ നിങ്ങളീ കാണുന്ന രവീന്ദ്രന്‍ എന്ന സംഗീതസംവിധായകനും ഉണ്ടാകില്ലായിരുന്നു. 'ചൂള'യുടെ നിര്‍മാതാവും സംവിധായകനുമാഗ്രഹിച്ചത് ദാസ് ആ പാട്ടുകള്‍ പാടണമെന്നായിരുന്നു. മറിച്ചുപറയാവുന്ന അവസ്ഥയിലായിരുന്നില്ല തുടക്കക്കാരനായ ഞാന്‍. ആ പാട്ടുകള്‍ കേട്ട് എന്നെ ആദ്യമായി അഭിനന്ദിച്ചവരില്‍ ഒരാള്‍ ജയചന്ദ്രനാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നും.

മറ്റൊന്നുകൂടി ഓര്‍മിപ്പിച്ചു രവീന്ദ്രന്‍: 'ഞാന്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ ഇന്നയാള്‍ പാടണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെനിക്ക്. യേശുദാസിനെ ഒത്തുകിട്ടിയില്ലങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുക എന്ന ശീലം എനിക്കില്ല. ജയചന്ദ്രനോ, വേണുഗോപാലോ, ബിജുനാരായണനോ എനിക്കുവേണ്ടി പാടിയിട്ടുണ്ടെങ്കില്‍, ആ പാട്ടുകള്‍ ഞാന്‍ അവരെ ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയവതന്നെയാണ്. ശാസ്ത്രീയസംഗീതത്തില്‍ അത്ര നിപുണനല്ല ജയചന്ദ്രന്‍. അത്തരം ഗാനങ്ങളേക്കാള്‍ അദ്ദേഹത്തിന് ഇണങ്ങുക റൊമാന്റിക് ഗാനങ്ങളും അല്പം ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഗാനങ്ങളുമാണ്. യേശുദാസിന്റെ വ്യത്യാസം അദ്ദേഹം ഒരു ആള്‍റൗണ്ടറാണെന്നതാണ്. ശാസ്ത്രീയഗാനവും റൊമാന്റിക് ഗാനവും തമാശപ്പാട്ടും ഭക്തിഗാനവുമെല്ലാം വഴങ്ങും ദാസിന്. ശരിക്കുമൊരു സംഗീതസംവിധായകന്റെ ഭാഗ്യമാണ് യേശുദാസ് എന്ന ഗായകന്‍.'

ആ വാക്കുകളില്‍ രവീന്ദ്രന്റെ ഹൃദയമുണ്ടായിരുന്നു. എന്തുകൊണ്ട് യേശുദാസ് എന്ന ചോദ്യം പിന്നീട് അദ്ദേഹത്തോട് ആവര്‍ത്തിച്ചിട്ടില്ല. അത്രയും സുതാര്യവും സുവ്യക്തവുമായിരുന്നു ആ മറുപടി.

മാസ്റ്ററെ അവസാനമായി കണ്ടത് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്ടു നടന്ന മുല്ലേശ്ശരി രാജു അവാര്‍ഡുദാനച്ചടങ്ങിനിടെയാണ്. തമ്മില്‍ക്കണ്ടപ്പോള്‍ വിടര്‍ന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു: 'നന്ദന'ത്തിലെ ആരും ആരും... എന്ന പാട്ട് കേട്ടുകാണുമല്ലോ. നിങ്ങള്‍ അന്ന് ചോദിച്ചില്ലേ എന്തുകൊണ്ട് ജയചന്ദ്രന് ഇണങ്ങുന്ന പാട്ടുകളുണ്ടാക്കുന്നില്ലാ എന്ന്. അതിനുള്ള മറുപടിയാണത്. ജയന്റെ ഏറ്റവും മികച്ച ശബ്ദമാണ് ആ പാട്ടില്‍ കേട്ടത്. ഇനിയും ജയനുവേണ്ടി പാട്ടുണ്ടാക്കുന്നുണ്ട് ഞാന്‍.'

രവീന്ദ്രന്‍മാസ്റ്റര്‍ തമാശ പറയുകയായിരുന്നില്ല. മാസങ്ങള്‍ക്കകം 'മിഴി രണ്ടിലും' എന്ന ചിത്രത്തില്‍ മനോഹരമായ മറ്റൊരു ഗാനം മാസ്റ്റര്‍ക്കുവേണ്ടി ജയചന്ദ്രന്‍ പാടി 'ആലിലത്താലിയുമായി....' തിരിച്ചുവരവിന്റെ ഇന്നിംഗ്‌സില്‍ ജയചന്ദ്രന്റേതായി പുറത്തുവന്ന ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്.

നൗഷാദിന് റഫിയും മദന്‍മോഹന് ലതാമങ്കേഷ്‌കറും ഒ.പി.നയ്യാറിന് ആശാഭോസ്‌ലെയും എന്നപോലെ സ്വന്തം ആത്മാംശംതന്നെയായിരുന്നു രവീന്ദ്രന് യേശുദാസ് എന്ന ഗായകന്‍. ദാസുമായുള്ള അപൂര്‍വമായ രസതന്ത്രത്തിന്റെ പൊരുള്‍ എന്താണെന്ന് മാസ്റ്ററോട് ചോദിച്ചുനോക്കിയിട്ടുണ്ട്: 'സാധാരണ മനുഷ്യരുടെ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവര്‍തന്നെയാണ് ഞങ്ങള്‍. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും മുന്‍കോപവും എല്ലാമുള്ളവര്‍. പക്ഷേ, സംഗീതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരേ മനസ്സാണ്. ഈഗോ പ്രശ്‌നങ്ങളൊട്ടുമില്ല. സംഗീതത്തില്‍ അദ്ദേഹം അര്‍ഹിക്കുന്ന ആദരവും മാന്യതയും ഞാന്‍ അദ്ദേഹത്തിനു നല്കിയിട്ടുണ്ട്; അതേയളവില്‍ അത് തിരിച്ചു കിട്ടിയിട്ടുമുണ്ട്.'

ഗായകന്റെ മൂഡ് അറിഞ്ഞ് പെരുമാറാനാണ് ആദ്യം സംഗീതസംവിധായകന്‍ പഠിക്കേണ്ടതെന്നും രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു. അത് ഗാനസൃഷ്ടി മികച്ചതാക്കാനേ ഉപകരിക്കൂ. 'എന്റെ റെക്കോഡിങ്ങിനെത്തുമ്പോള്‍ യേശുദാസുമായി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും റിലാക്‌സ്ഡ് ആയി വെറുതെ സംസാരിച്ചിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ഞാന്‍. തികച്ചും അനൗപചാരികമായ ആ സംഭാഷണത്തില്‍ വീട്ടുകാര്യങ്ങളും കൊച്ചുകൊച്ചു തമാശകളുമെല്ലാം കടന്നുവരും. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു മാനസിക ഐക്യം രൂപപ്പെട്ടുകഴിഞ്ഞശേഷമേ ഞാന്‍ അദ്ദേഹത്തെ റെക്കോഡിങ് മുറിയിലേക്ക് ക്ഷണിക്കാറുള്ളൂ. അത് ചിലപ്പോള്‍ നേരംപുലരുമ്പോഴാകാം, രാത്രിയുടെ അന്ത്യയാമങ്ങളില്‍വരെയാകാം.'

അര്‍ദ്ധരാത്രി സമയത്താണ് ആറാംതമ്പുരാനിലെ ഹരിമുരളീരവം താന്‍ യേശുദാസിനെ പാടിപ്പഠിപ്പിച്ചതെന്ന് രവീന്ദ്രന്‍ പറഞ്ഞതോര്‍
ക്കുന്നു: 'പാട്ടുപഠിക്കാനെത്തുമ്പോള്‍ അത്ര നല്ല മൂഡിലായിരുന്നില്ല ദാസേട്ടന്‍. ഇഷ്ടപ്പെടാത്ത ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യമായ ഒരു അഭിപ്രായപ്രകടനം അദ്ദേഹത്തെ വല്ലാതെ ക്ഷുഭിതനാക്കിയിരുന്നു. അതുകൊണ്ടുകൂടിയാകാം, ഗാനം അതിഗംഭീരമാകണം എന്നൊരു വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നതുപോലെ തോന്നി. ആ വാശിയോടെതന്നെയാണ് പിറ്റേന്ന് അദ്ദേഹം ഹരിമുരളീരവം റെക്കോഡ് ചെയ്തതും. ഭരതത്തിലെ രാമകഥാ ഗാനലയം റെക്കോര്‍ഡു ചെയ്യപ്പെട്ടത് അര്‍ദ്ധരാത്രിക്കുശേഷമാണ്. 'ഇപ്പോള്‍ പാടിയാല്‍ നന്നായിരിക്കും' എന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു അദ്ദേഹം. സ്റ്റുഡിയോയിലെത്തി പാട്ടില്‍ മുഴുകിക്കഴിഞ്ഞാല്‍ ചുറ്റുപാടുമുണ്ടാകുന്ന ചെറിയ ചലനങ്ങള്‍പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് കണ്ടിട്ടുണ്ട്. അത്തരമൊരു പ്രതിബദ്ധത ഇന്ന് ആരില്‍നിന്ന് പ്രതീക്ഷിക്കാനാകും?'

താരകേ, ഏഴു സ്വരങ്ങളും, ഒറ്റക്കമ്പിനാദം, രാമകഥാ ഗാനലയം, പ്രമദവനം, ഹരിമുരളീരവം എന്നീ പ്രശസ്ത ഗാനങ്ങള്‍ക്കെല്ലാം സൂക്ഷ്മവിശകലനത്തില്‍ ഘടനാപരമായ സാമ്യങ്ങള്‍ കാണാം.താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും യേശുദാസിന്റെ അപാരമായ ശബ്ദനിയന്ത്രണം ഒറ്റയ്‌ക്കോ ഒരുമിച്ചോ പ്രയോജനപ്പെടുത്തിയ ഗാനങ്ങളാണിവ. താരകേ (ചൂള) ഗോപികേ (നന്ദനം) എന്നീ ഗാനങ്ങള്‍പോലെ രൂപഘടനയില്‍ പരസ്​പരം ദൃഢമായി ബന്ധപ്പെട്ടുകിടക്കുന്ന പാട്ടുകളുമുണ്ട്. ഈ ഏകതാനത സംഗീതസംവിധായകന്റെ പോരായ്മയായി ചിലരെങ്കിലും എടുത്തുകാട്ടാന്‍ ഇടയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രവീന്ദ്രന്‍ പറഞ്ഞ മറുപടി തികച്ചും 'പ്രൊഫഷണല്‍' ആയിരുന്നു. 'എന്നെ സംബന്ധിച്ച് പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കുന്ന ഗാനങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. മാത്രമല്ല, അത് സിനിമയുടെ സിറ്റ്വേഷനുമായി ഇണങ്ങിച്ചേര്‍ന്നു നില്ക്കുകയുംവേണം. ഈ പരിമിതികള്‍ക്കെല്ലാം ഉള്ളില്‍നിന്നുവേണം നമുക്കു കളിക്കാന്‍.

ത്രിസ്ഥായിവല്ലഭനായ, ഇന്‍ഡ്യയില്‍തന്നെ പകരം വയ്ക്കാനില്ലാത്ത ഒരു ഗായകന്‍ കൈയിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പരമാവധി എന്റെ ഗാനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. അത്രമാത്രം. ശാസ്ത്രീയസംഗീതത്തിന്റെ സ്വാധീനമില്ലാത്ത തികച്ചും ലളിതമായ ഗാനങ്ങളും യേശുദാസ് എനിക്കായി പാടിയിട്ടുണ്ട് എന്നത് മറക്കരുത്. ഇരുഹൃദയങ്ങളില്‍, ഇന്നുമെന്റെ കണ്ണുനീരില്‍, ആലിലമഞ്ചലില്‍ ഇവയൊക്കെ മറ്റൊരു ജനുസ്സില്‍പ്പെടുന്ന പാട്ടുകളാണ്.'

രവീന്ദ്രന്റെ സംഗീതസംവിധാന ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍, അദ്ദേഹത്തിനുവേണ്ടി യേശുദാസ് പാടിയ പാട്ടുകള്‍ ശ്രദ്ധിക്കുക. പൂവച്ചല്‍ഖാദറും മുല്ലനേഴിയും ബിച്ചു തിരുമലയും സത്യന്‍ അന്തിക്കാടുമൊക്കെ രചിച്ച ഗാനങ്ങളാണ് ഈ കാലയളവില്‍ രവീന്ദ്രന്‍ ഏറെയും ചിട്ടപ്പെടുത്തിയത്. സിന്ദൂരസന്ധ്യക്ക് മൗനം (ചൂള), ദേവാംഗനേ, സ്മൃതികള്‍ നിഴലുകള്‍ (സ്വര്‍ണപ്പക്ഷികള്‍), ഋതുമതിയായ് (മഴനിലാവ്), ഇല്ലിക്കാടും ചെല്ലക്കാറ്റും (അടുത്തടുത്ത്), മാനം പൊന്‍മാനം (ഇടവേളയ്ക്കുശേഷം), മനതാരിലെങ്ങും (കളിയില്‍ അല്പം കാര്യം), ചിരിയില്‍ ഞാന്‍ കേട്ടു (മനസ്സേ നിനക്ക് മംഗളം), ഇത്തിരി നാണം (തമ്മില്‍ തമ്മില്‍) എന്നീ ഗാനങ്ങളുടെ മെലഡിയും ഓര്‍ക്കസ്‌ട്രേഷനുമല്ല, പില്‍ക്കാല രവീന്ദ്രഗാനങ്ങളില്‍ നാം കണ്ടുമുട്ടുക. 1990-ല്‍ പുറത്തുവന്ന 'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ ഗാനങ്ങള്‍ക്കു ശേഷം തന്റെ സംഗീതസംവിധാന ശൈലിയില്‍ രവീന്ദ്രന്‍ കാതലായ മാറ്റംവരുത്തിയെന്നുതന്നെവേണം കരുതാന്‍. അബ്ദുള്ളയിലെ ഗാനങ്ങളുടെ അസാമാന്യമായ ജനപ്രീതിയാകാം ഈ 'ഭാവമാറ്റ'ത്തിനു പിന്നില്‍. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമായുള്ള ആത്മബന്ധവും അതിനൊരു കാരണമാണ്. 'ഈണത്തിനനുസരിച്ച് മനോഹരങ്ങളായ പദങ്ങളുപയോഗിച്ച് അനായാസം ഗാനങ്ങളെഴുതാന്‍ കഴിഞ്ഞവരാണ് രണ്ടുപേരും. ഗാനങ്ങളുടെ തുടക്കത്തിലെ വാക്കിന്റെ തിരഞ്ഞെടുപ്പില്‍പ്പോലുമുണ്ട് ഈ സൗന്ദര്യബോധം.' രവീന്ദ്രന്റെ വാക്കുകള്‍: ' ഇരുവരും പാടാന്‍ കഴിവുള്ളവരാ ണെന്ന പ്രത്യേകതയുമുണ്ട്.'

സംഗീതം ഒരിക്കലും വരികളെ അപ്രസക്തമാക്കിക്കൂടായെന്ന വിശ്വാസക്കാരനായിരുന്നു രവീന്ദ്രന്‍ - കാവ്യഗുണമുള്ള വരികളാണെങ്കില്‍ പ്രത്യേകിച്ചും. ഒ.എന്‍.വി.യുടെ കവിതകളാണ് താന്‍ ഏറ്റവും ആസ്വദിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മാസ്റ്റര്‍തന്നെ ഒരിക്കല്‍ പറഞ്ഞു. 1984-ല്‍ പുറത്തിറങ്ങിയ എന്റെ 'നന്ദിനിക്കുട്ടിക്ക്' മുതല്‍ 2002ലെ 'എന്റെ ഹൃദയത്തിന്റെ ഉടമ' വരെ ഇരുവരും ചേര്‍ന്നു സമ്മാനിച്ച ഗാനങ്ങള്‍ രവീന്ദ്രസംഗീതത്തിന്റെ മറ്റൊരു തലമാണ് നമ്മെ അനുഭവപ്പെടുത്തുക. പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടിക്ക്), ഓമനത്തിങ്കള്‍, പൊന്‍പുലരൊളി (ഇത്തിരിപ്പൂവേ ചുവന്നപൂവേ), ശ്രീലതികകള്‍ (സുഖമോ ദേവി), സാന്ദ്രമാം മൗനത്തില്‍ (ലാല്‍സലാം), തുളസീമാലയിതാ വനമാലി (ആകാശക്കോട്ടയിലെ സുല്‍ത്താന്‍), പൊയ്കയില്‍ (രാജശില്പി), ആലിലമഞ്ചലില്‍, തംബുരു കുളിര്‍ചൂടിയോ (സുര്യഗായത്രി), ഏകാകിയാം (ഹൃദയത്തിന്റെ ഉടമ) എന്നീ ഗാനങ്ങളിലെല്ലാം നിറഞ്ഞുനില്ക്കുന്നത് കവിതയും ഈണവും ആലാപനവും തമ്മിലുള്ള സുന്ദരമായ ഒരു സിംഫണിതന്നെ. അവിടെ സംഗീതമൊരിക്കലും രചനയെ നിഷ്പ്രഭമാക്കുന്നില്ല. രണ്ടു ഘടകങ്ങളും പരസ്​പരപൂരകങ്ങളാകുന്നതേയുള്ളൂ.

പി.ഭാസ്‌കരന്‍, (പുലര്‍കാല സുന്ദര, പത്തുവെളുപ്പിന്), ശ്രീകുമാരന്‍ തമ്പി (ഇന്നുമെന്റെ കണ്ണുനീരില്‍), യൂസഫലി (വാര്‍മുകിലേ), ഒ.വി.ഉഷ (ആരാദ്യം പറയും), കാവാലം (നിറങ്ങളേ പാടൂ) എന്നിവരുമായുള്ള കൂടിച്ചേരലുകളിലും ഈ 'മാജിക്' രവീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. 'നല്ലൊരു കവിത കൈയില്‍ കിട്ടുമ്പോഴാണ് ഞാന്‍ ഏറ്റവുമധികം ആഹ്ലാദിച്ചിട്ടുള്ളതും ടെന്‍ഷന്‍ അനുഭവിച്ചിട്ടുള്ളതും. ആ വരികളെ സംഗീതം കൊണ്ട് ഒന്ന് തൊട്ടുകൊടുക്കുകയേ വേണ്ടതുള്ളൂ എന്നെന്നെ പഠിപ്പിച്ചത് ദേവരാജന്‍ മാഷാണ്.'

മലയാള സിനിമാഗാനങ്ങളുടെ രണ്ടാം സുവര്‍ണദശയെന്ന് പലരും വിശേഷിപ്പിക്കുന്ന കാലഘട്ടത്തെ സുദീപ്തമാക്കിയത് സംഗീതത്തിന്റെ രണ്ടു വിഭിന്ന ധാരകളാണ്. അവയിലൊന്ന് സ്വാഭാവികമായും രവീന്ദ്രന്റെ സംഗീതമായിരുന്നുവെങ്കില്‍ മറ്റൊന്ന് ജോണ്‍സന്റേതായിരുന്നു. സമാന്തരമായാണ് ഒഴുകിയതെങ്കിലും ആ ധാരകള്‍ മലയാള സിനിമാസംഗീതത്തെ, അനിവാര്യമായി തോന്നിയിരുന്ന ഒരു പതനത്തില്‍നിന്ന് പതുക്കെ കൈപിടിച്ചുയര്‍ത്തി.
ഇവരില്‍നിന്നും വേറിട്ട പാതയിലൂടെ സഞ്ചരിച്ചുകൊണ്ട് കാലാതിവര്‍ത്തിയായ ഗാനങ്ങള്‍ നല്കിയ എം.ജി.രാധാകൃഷ്ണനെയും മറന്നുകൂട. മൂന്നുപേരും ചേര്‍ന്ന് മലയാളികള്‍ക്കു സമ്മാനിച്ച മധുരോദാരഗാനങ്ങള്‍ എത്രയെത്ര.

രണ്ടു പാട്ടെഴുതിത്തരണമെന്ന അപേക്ഷയുമായി ഒരു സുപ്രഭാതത്തില്‍ വാതിലില്‍ വന്നുമുട്ടിയ രവീന്ദ്രനെക്കുറിച്ച് പൂവച്ചല്‍ ഖാദര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മലയാളസിനിമ അന്ന് രവീന്ദ്രനിലെ സംഗീതസംവിധായകനെ സ്വീകരിച്ചു തുടങ്ങിയിരുന്നില്ല. ഖാദര്‍ എഴുതിക്കൊടുത്ത പാട്ടുകള്‍ ചിട്ടപ്പെടുത്തി അവ സ്വയം പാടി കാസറ്റിലാക്കി സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വീടുകള്‍ കയറിയിറങ്ങി നടന്നു രവീന്ദ്രന്‍. പുച്ഛവും സഹതാപം കലര്‍ന്ന നോട്ടവുമൊക്കെയാണ് അന്നു ലഭിച്ച പ്രതികരണങ്ങള്‍.

പിന്നീടൊരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമാസംഗീതം രവീന്ദ്രനു ചുറ്റും കറങ്ങുന്ന കാലം വന്നു. അന്നും പഴയ കുളത്തൂപ്പുഴ രവിയായിത്തന്നെ ജീവിക്കാനാഗ്രഹിച്ചു അദ്ദേഹം. ഗ്രാമജീവിതത്തിന്റെ എല്ലാ പരുക്കന്‍ഭാവങ്ങളോടെയും നിഷ്‌കളങ്കതയോടെയും നഗരത്തിന്റെ ഭാഗമാകുകയായിരുന്നു രവീന്ദ്രന്‍. തന്റേതായ ശൈലിയില്‍ ജീവിച്ച് തനിക്കു ശരിയെന്നു തോന്നുന്ന വഴികളിലൂടെ നെഞ്ചുവിരിച്ചു നടന്നുപോയ ഒരു അസാധാരണ മനുഷ്യന്‍. എത്രയോ മലയാളികളുടെ സ്വകാര്യനിമിഷങ്ങളെ ഇന്നും ധന്യമാക്കിക്കൊണ്ടിരിക്കുന്നു രവീന്ദ്രന്‍ സൃഷ്ടിച്ച ഈണങ്ങള്‍.
(മൊഴികളില്‍ സംഗീതമായ് എന്ന പുസ്തകത്തില്‍ നിന്ന്)

No comments: