Friday, August 8, 2014

മധുരം ഗായതി


അവിശ്വസനീയമായി തോന്നാം- സഹ്യന്റെ മകന്‍ കുത്തനെയുള്ള കയറ്റം എളുപ്പത്തില്‍ കയറിപോയിരിക്കുന്നു. മരക്കൊമ്പുകള്‍ ഒടിഞ്ഞുകിടക്കുന്നു. ചവിട്ടി മെതിക്കപ്പെട്ട പുല്ലിന്‍കൂട്ടം. കൊമ്പന്റെ വലിയ കാല്‍പ്പാടുകള്‍ ചളിയുള്ള ഭാഗങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കും.

ഒറ്റയാനാണ്. ഈ കയറ്റമെല്ലാം അവന് വെറും ഈസി, വനംവകുപ്പിലെ വാച്ചര്‍ പറഞ്ഞു. ശിരുവാണിയിലെ കാഴ്ചകളില്‍ ഒന്നാണിത്. പലപ്പോഴും ആനക്കൂട്ടം വീതികുറഞ്ഞ റോഡ് മുറിച്ചുകടക്കും. വാഹനം കണ്ടാല്‍ ഒതുങ്ങി നില്‍ക്കും. കാട്ടുപോത്തിന്‍ കൂട്ടവും നിരവധി. റോഡിന് ഇരുവശവും പച്ചയുടെ പുതപ്പ്. പ്രശാന്തത, മലനിരകള്‍ക്ക് മേഘങ്ങളുടെ നീലമേലാപ്പ്.

പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടത്തേയും ഒറ്റയാനേയും കാണാം.

ശിരുവാണിയിലെ ആദ്യത്തെ ചെക്ക് പോസ്റ്റായ ശിങ്കപ്പാറ കഴിഞ്ഞ് രണ്ടാമത്തേതാണ് കേരളാമേട്. അവിടെ നിന്ന് അല്‍പ്പം മുന്നോട്ടു നീങ്ങി വലത്തേക്കാണ് കുത്തനെയുള്ള കയറ്റം. ഇവിടെ കാറ്റ് ആഞ്ഞു വീശുന്നു. ശക്തി കൂടുമ്പോള്‍ ഭയം തോന്നും. ചിലപ്പോള്‍ മുഴക്കം. അലര്‍ച്ചയുടെ ശബ്ദവും, കാലുകള്‍ ഉറപ്പിച്ചു നിന്നില്ലെങ്കില്‍ വീണുപോയേക്കാം... ഉയരത്തില്‍ നോക്കെത്താത്ത പുല്‍മേടുകള്‍. ഇവിടെ നിന്നാല്‍ കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശങ്ങളുടെ ആകര്‍ഷകമായ കാഴ്ചകള്‍ കാണാം.

ശിരുവാണിയുടെ ചില രഹസ്യ സങ്കേതങ്ങളില്‍ വീരപ്പന്‍ മുമ്പ് തമ്പടിച്ചിരുന്നതായി കേട്ടിട്ടുണ്ട്. വേട്ടക്കാര്‍ എന്ന് തോന്നിപ്പിക്കുന്നവരെ കണ്ടവരുമുണ്ട്. വീരപ്പനെ തേടി പോലീസും ദൗത്യസേനയും എത്തി. അപകടത്തിന്റെ സൂചന കിട്ടിയപ്പോള്‍ വീരപ്പനും സംഘവും രക്ഷപ്പെട്ടു.

വനം വകുപ്പിലെ ശിവപ്രസാദ് സമര്‍ഥനായ ഡ്രൈവറാണ്. ചുറുചുറുക്കുള്ള യുവാവ്. ശിരുവാണിയിലെ വഴികള്‍ പലതും ഈ യുവാവിന് ഹൃദിസ്ഥമാണ്. മഴയത്ത് നിറഞ്ഞു നില്‍ക്കുന്ന ശിരുവാണി ജലസംഭരണിയുടെ പല മുഖങ്ങള്‍ക്ക് സമീപം ജീപ്പ് നിര്‍ത്തും, ജലാശയത്തിന്റെ സൗന്ദര്യം നുകരാം.

1912 ല്‍ ഇംഗഌഷുകാര്‍ പണിതീര്‍ത്ത കൂടാരത്തിനു മുന്നിലേക്ക് ജീപ്പു ചലിച്ചു. റോഡില്‍ നിന്ന് അല്‍പ്പം കാട്ടുപാത. വഴിയില്‍ ആനകള്‍ ഉണ്ടെങ്കില്‍ ജീപ്പ് പിന്നിലേക്കു ഓടിക്കുകയെ നിവൃത്തിയുള്ളു.

കൂടാരത്തിനു മുന്നില്‍ നിന്നാല്‍ ആകാശത്തെ എത്തിപ്പിടിക്കാന്‍ നില്‍ക്കുന്ന മലനിരകള്‍. അല്‍പ്പം ദൂരെ ജലസംഭരണികള്‍ നിറഞ്ഞു നില്‍ക്കുന്നു. ദ്വീപുകള്‍ പോലെ ഹരിത വനങ്ങളുടെ പച്ചത്തുരുത്തുകള്‍. ജലാശയത്തിന്റെ നിറവും പച്ചയായി രൂപാന്തരപ്പെട്ടിരിക്കുന്നു. സുഖകരമായ കാറ്റ് വീശുമ്പോള്‍ പ്രകൃതി ഭംഗിയില്‍ ലയിക്കാം. ഉന്നതങ്ങളില്‍ നിന്ന് വീഴുന്ന വെള്ളച്ചാട്ടവും പ്രകൃതി സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. താഴ്ന്ന് പറക്കുന്ന മേഘങ്ങള്‍ മലനിരകളെ ചുംബിക്കുന്നു. മഴയുളളപ്പോള്‍ കൂടാരത്തിലിരുന്നാല്‍ വ്യത്യസ്ഥമായ അനുഭവം. നിലാവുള്ള രാത്രികള്‍ ശിരുവാണിയെ അവിസ്മരണീയമാക്കും. ജൈവവൈവിധ്യത്തിന്റെ ധന്യ മേഖലയായിട്ടാണ് ശിരുവാണിയെ കണക്കാക്കുന്നതെന്ന് പാലക്കാട് വനംവകുപ്പ് കണ്‍സര്‍വേറ്റര്‍ ശശിധരന്‍ പറഞ്ഞു.

ഉയര്‍ന്ന മലനിരയിലാണ് മുത്തിക്കുളം തടാകം. നിത്യഹരിത വനങ്ങള്‍ അവിടെയുണ്ട്. വരയാടുകളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഇക്കോ ടൂറിസം മാത്രം പ്രോത്സാഹിപ്പിക്കുന്ന ശിരുവാണി പൂര്‍ണ്ണ സംരക്ഷിത മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

കടുവയും കരിമ്പുലിയും ശിരുവാണിയില്‍ കാണാന്‍ കഴിയും പക്ഷേ അപൂര്‍വ്വമായിട്ടു മാത്രമേ അവ സന്ദര്‍ശകരുടെ മുന്നില്‍ എത്തുകയുള്ളു. കാണാന്‍ ഭാഗ്യം ഉണ്ടാകണമെന്ന് വാച്ചര്‍ സുബ്രഹ്മണ്യന്‍ ആത്മഗതമെന്നോണം സൂചിപ്പിച്ചു.


G Shaheed, Photos: T.K.Pradeep Kumar

No comments: