Showing posts with label Palakkad. Show all posts
Showing posts with label Palakkad. Show all posts

Saturday, November 21, 2015

കറുത്ത ചെട്ടിച്ചികള്‍



പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ-
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍...
(ഇടശ്ശേരി - കറുത്ത ചെട്ടിച്ചികള്‍)


മലമ്പുഴയിലേക്ക് മഴമേഘങ്ങള്‍ കടന്നുവരുന്നത് കവയിലൂടെയാണ്. മലമുടികള്‍ക്ക് മേലെ കറുത്തിരുണ്ട് നിരക്കുന്ന മേഘങ്ങളെ കാണാന്‍ സഞ്ചാരികളെത്തും. കവയില്‍ മഴ കാത്തിരിക്കുന്ന നിമിഷങ്ങളിലൂടെ..


വളരെ പണ്ട്, തന്റെ ശക്തി മുഴുവന്‍ വാലില്‍ ശേഖരിച്ച്, ഒരു ഭീകരനായ വ്യാളി ഭൂമിയെ നശിപ്പിക്കാന്‍ വരികയായിരുന്നു. അപ്പോള്‍, അജാതശത്രുവും ഹെര്‍ക്കുലീസിനെപ്പോലെ ശക്തനും ഒഡീസിയസിനെപ്പോലെ ധീരനുമായ ഒരു രാജകുമാരന്‍ ആ വ്യാളിയെ നേരിടുകയും തന്റെ ഭീമന്‍ ഖഡ്ഗം കൊണ്ട് അതിന്റെ ശക്തി ഒളിപ്പിച്ചുവെച്ച വാല്‍ വെട്ടി വീഴ്ത്തുകയും ചെയ്തു. ആ വാല്‍ വന്നു വീണത് മലമ്പുഴയിലെ കവയിലാണെന്ന് തോന്നും, ഞങ്ങളുടെ നേര്‍ മുന്നില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ഒരു പര്‍വ്വത ശിഖരം കണ്ടാല്‍. കവ എന്ന സ്ഥലം അങ്ങിനെയാണ്. എപ്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും.

മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമാണ് കവ. ആദ്യവര്‍ഷമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം. സഞ്ചാരപ്രിയരായ നിരവധി സ്വദേശികളും വിദേശികളും ഇവിടേക്ക് സീസണില്‍ എത്താറുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടു തുടങ്ങുന്നതോടെ ഇവിടെ സീസണ്‍ ആരംഭിക്കുന്നു. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് കവ.




കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വിധം വിശാലമാണ് ഇവിടുത്തെ പ്രകൃതിയുടെ കാന്‍വാസ്. നാല് മണിക്കാണ് ഞങ്ങള്‍ കവയിലെത്തിയത്. അവിടെ തെളിഞ്ഞ ആകാശം. പാലക്കാടന്‍ ചൂട് ശമിച്ചിട്ടില്ല. നേരിയ കാറ്റ്. 'ഇപ്പോള്‍ വരും മേഘങ്ങള്‍', സുധീര്‍ പറഞ്ഞു. ഞാനത് വിശ്വസിച്ചില്ല. സുധീര്‍ ട്രൈപോഡ് തടാകത്തിന്റെ നനഞ്ഞ മണ്ണില്‍ ഉറപ്പിക്കുകയും ആംഗിളുകള്‍ക്കായി നാലുപാടും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു തേക്കിന്റെ ഇലയെടുത്ത് മുഖം മറച്ച് മണ്ണില്‍ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യാമറയുടെ ഒരു ക്ലിക്ക് ശബ്ദം. ഞാന്‍ അനങ്ങാതെ കിടന്നു. പിന്നീട് തുടരെ തുടരെ ക്ലിക്ക് ശബ്ദങ്ങള്‍. തേക്കിന്റെ ഇലമാറ്റി ഞാന്‍ കണ്ണുതുറന്നു. അതോടെ വിരസവും നിശബ്ദവും നിസ്സഹായവുമായ ഒരു ലോകത്ത് നിന്ന് നീരണിഞ്ഞു നില്‍ക്കുന്നതും ഘനശ്യാമവുമായ ഒരു ലോകത്തിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു. അഞ്ചു നിമിഷം കൊണ്ട് ചരിത്രവും ശാസ്ത്രവും ഇടകലരുന്ന മേഘങ്ങളുടെ കഥ കവയുടെ ആകാശത്ത് എഴുതപ്പെട്ടിരുന്നു. മലയിടുക്കിലൂടെ നീരാവിയുടെ ചെറിയ ഒരു അരുവി വന്ന് തടാകത്തിന്റെ മുകളില്‍ മേഘമാലകളായി മാറുന്നു. അവ കൂടുതല്‍ ഇരുളുന്നു.

മേഘങ്ങളുടെ വേഗവും അതിന്റെ ചുഴിയുന്ന സ്വഭാവവും ആദ്യമായും വ്യക്തമായും ഞങ്ങള്‍ കണ്ടുതുടങ്ങി. ജലത്തിന്റെയും കാറ്റിന്റെയും വേഗതയുമായി തട്ടിച്ചുനോക്കിയാല്‍ അസാധാരണമായ വേഗതയാണ് മേഘങ്ങള്‍ക്ക്. സെക്കന്റുകള്‍കൊണ്ട് അവ ഉരുണ്ടു കൂടുകയും ചിതറി തെറിക്കുകയും ചെയ്യും. ഷേക്‌സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന നാടകത്തിലെ കടല്‍ ക്ഷോഭം ഓര്‍മ്മവരും, കവയിലെ മേഘങ്ങളുടെ അസാധാരണമായ ഈ രംഗാവിഷ്‌കാരം കണ്ടാല്‍.

മുന്നറിയിപ്പുകളൊന്നുമില്ലാതെ പിന്നെ മഴപെയ്യാന്‍ തുടങ്ങി. മഴ കൊണ്ടാലെന്താ? കൊള്ളുന്നെങ്കില്‍ കവയില്‍ നിന്നുകൊള്ളണം. മഴയല്ല, ആകാശമാണ് പെയ്യുന്നത്! പ്രകൃതിയുടെ മഹാരഹസ്യം നിസ്സാരരായ മനുഷ്യര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന നാടകശാലയാണ് കവ എന്ന് പറയുന്നത് ശരിയായിരിക്കും, ശരിയാവാതെ തരമില്ല.
Travel Info

Kava
Kava is located in Palakkad District. It lies on the hills of Malampuzha and is an ideal place for natural lovers and adventures. The forest nearby is a home to some rare species of birds and butterflies.

How to reach

By Road:
Buses are available from Palaghat to Kava. Route: from Sulthanpet Jn to Olavakkodu (4km) and turn right to Malampuzha (8 km). Again turn right and procced 2 km to Kava.

By Rail:
Palaghat 14 km

By Air
: Coimbatore 55Km.

Stay
Tripenta Hotel, Ph: 2815210
Garden House,
Ph: 2815277
Govardhana Holiday Village, Ph:2815264
Champion Regency,Ph: 2815591
Hotel Dam Palace, Ph: 2815237

Contact
STD Code: 0491
Information Office: 2815280, 2815140
Police Station: 2815284
Coimbatore Airport-04222574623
Dist Information Office-2533329.


Text: M K Vasudevan, Photos: C Sudheer

Friday, August 8, 2014

മധുരം ഗായതി


അവിശ്വസനീയമായി തോന്നാം- സഹ്യന്റെ മകന്‍ കുത്തനെയുള്ള കയറ്റം എളുപ്പത്തില്‍ കയറിപോയിരിക്കുന്നു. മരക്കൊമ്പുകള്‍ ഒടിഞ്ഞുകിടക്കുന്നു. ചവിട്ടി മെതിക്കപ്പെട്ട പുല്ലിന്‍കൂട്ടം. കൊമ്പന്റെ വലിയ കാല്‍പ്പാടുകള്‍ ചളിയുള്ള ഭാഗങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കും.

ഒറ്റയാനാണ്. ഈ കയറ്റമെല്ലാം അവന് വെറും ഈസി, വനംവകുപ്പിലെ വാച്ചര്‍ പറഞ്ഞു. ശിരുവാണിയിലെ കാഴ്ചകളില്‍ ഒന്നാണിത്. പലപ്പോഴും ആനക്കൂട്ടം വീതികുറഞ്ഞ റോഡ് മുറിച്ചുകടക്കും. വാഹനം കണ്ടാല്‍ ഒതുങ്ങി നില്‍ക്കും. കാട്ടുപോത്തിന്‍ കൂട്ടവും നിരവധി. റോഡിന് ഇരുവശവും പച്ചയുടെ പുതപ്പ്. പ്രശാന്തത, മലനിരകള്‍ക്ക് മേഘങ്ങളുടെ നീലമേലാപ്പ്.

പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടത്തേയും ഒറ്റയാനേയും കാണാം.

ശിരുവാണിയിലെ ആദ്യത്തെ ചെക്ക് പോസ്റ്റായ ശിങ്കപ്പാറ കഴിഞ്ഞ് രണ്ടാമത്തേതാണ് കേരളാമേട്. അവിടെ നിന്ന് അല്‍പ്പം മുന്നോട്ടു നീങ്ങി വലത്തേക്കാണ് കുത്തനെയുള്ള കയറ്റം. ഇവിടെ കാറ്റ് ആഞ്ഞു വീശുന്നു. ശക്തി കൂടുമ്പോള്‍ ഭയം തോന്നും. ചിലപ്പോള്‍ മുഴക്കം. അലര്‍ച്ചയുടെ ശബ്ദവും, കാലുകള്‍ ഉറപ്പിച്ചു നിന്നില്ലെങ്കില്‍ വീണുപോയേക്കാം... ഉയരത്തില്‍ നോക്കെത്താത്ത പുല്‍മേടുകള്‍. ഇവിടെ നിന്നാല്‍ കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശങ്ങളുടെ ആകര്‍ഷകമായ കാഴ്ചകള്‍ കാണാം.

ശിരുവാണിയുടെ ചില രഹസ്യ സങ്കേതങ്ങളില്‍ വീരപ്പന്‍ മുമ്പ് തമ്പടിച്ചിരുന്നതായി കേട്ടിട്ടുണ്ട്. വേട്ടക്കാര്‍ എന്ന് തോന്നിപ്പിക്കുന്നവരെ കണ്ടവരുമുണ്ട്. വീരപ്പനെ തേടി പോലീസും ദൗത്യസേനയും എത്തി. അപകടത്തിന്റെ സൂചന കിട്ടിയപ്പോള്‍ വീരപ്പനും സംഘവും രക്ഷപ്പെട്ടു.

വനം വകുപ്പിലെ ശിവപ്രസാദ് സമര്‍ഥനായ ഡ്രൈവറാണ്. ചുറുചുറുക്കുള്ള യുവാവ്. ശിരുവാണിയിലെ വഴികള്‍ പലതും ഈ യുവാവിന് ഹൃദിസ്ഥമാണ്. മഴയത്ത് നിറഞ്ഞു നില്‍ക്കുന്ന ശിരുവാണി ജലസംഭരണിയുടെ പല മുഖങ്ങള്‍ക്ക് സമീപം ജീപ്പ് നിര്‍ത്തും, ജലാശയത്തിന്റെ സൗന്ദര്യം നുകരാം.

1912 ല്‍ ഇംഗഌഷുകാര്‍ പണിതീര്‍ത്ത കൂടാരത്തിനു മുന്നിലേക്ക് ജീപ്പു ചലിച്ചു. റോഡില്‍ നിന്ന് അല്‍പ്പം കാട്ടുപാത. വഴിയില്‍ ആനകള്‍ ഉണ്ടെങ്കില്‍ ജീപ്പ് പിന്നിലേക്കു ഓടിക്കുകയെ നിവൃത്തിയുള്ളു.

കൂടാരത്തിനു മുന്നില്‍ നിന്നാല്‍ ആകാശത്തെ എത്തിപ്പിടിക്കാന്‍ നില്‍ക്കുന്ന മലനിരകള്‍. അല്‍പ്പം ദൂരെ ജലസംഭരണികള്‍ നിറഞ്ഞു നില്‍ക്കുന്നു. ദ്വീപുകള്‍ പോലെ ഹരിത വനങ്ങളുടെ പച്ചത്തുരുത്തുകള്‍. ജലാശയത്തിന്റെ നിറവും പച്ചയായി രൂപാന്തരപ്പെട്ടിരിക്കുന്നു. സുഖകരമായ കാറ്റ് വീശുമ്പോള്‍ പ്രകൃതി ഭംഗിയില്‍ ലയിക്കാം. ഉന്നതങ്ങളില്‍ നിന്ന് വീഴുന്ന വെള്ളച്ചാട്ടവും പ്രകൃതി സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. താഴ്ന്ന് പറക്കുന്ന മേഘങ്ങള്‍ മലനിരകളെ ചുംബിക്കുന്നു. മഴയുളളപ്പോള്‍ കൂടാരത്തിലിരുന്നാല്‍ വ്യത്യസ്ഥമായ അനുഭവം. നിലാവുള്ള രാത്രികള്‍ ശിരുവാണിയെ അവിസ്മരണീയമാക്കും. ജൈവവൈവിധ്യത്തിന്റെ ധന്യ മേഖലയായിട്ടാണ് ശിരുവാണിയെ കണക്കാക്കുന്നതെന്ന് പാലക്കാട് വനംവകുപ്പ് കണ്‍സര്‍വേറ്റര്‍ ശശിധരന്‍ പറഞ്ഞു.

ഉയര്‍ന്ന മലനിരയിലാണ് മുത്തിക്കുളം തടാകം. നിത്യഹരിത വനങ്ങള്‍ അവിടെയുണ്ട്. വരയാടുകളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഇക്കോ ടൂറിസം മാത്രം പ്രോത്സാഹിപ്പിക്കുന്ന ശിരുവാണി പൂര്‍ണ്ണ സംരക്ഷിത മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

കടുവയും കരിമ്പുലിയും ശിരുവാണിയില്‍ കാണാന്‍ കഴിയും പക്ഷേ അപൂര്‍വ്വമായിട്ടു മാത്രമേ അവ സന്ദര്‍ശകരുടെ മുന്നില്‍ എത്തുകയുള്ളു. കാണാന്‍ ഭാഗ്യം ഉണ്ടാകണമെന്ന് വാച്ചര്‍ സുബ്രഹ്മണ്യന്‍ ആത്മഗതമെന്നോണം സൂചിപ്പിച്ചു.


G Shaheed, Photos: T.K.Pradeep Kumar

Sunday, February 2, 2014

ആരണ്യമൗനങ്ങള്‍

സൈലന്റ് വാലി ദേശീയോദ്യാനമായിട്ട് കാല്‍ നൂറ്റാണ്ടു കഴിഞ്ഞു. നിശ്ശബ്ദതയുടെ താഴ്‌വരയിലൂടെ ഒരു പിന്‍സഞ്ചാരം

Silent Valley National Park, Palakkad, Kerala
ചീവിടുകളുടെ ശബ്ദമില്ലാത്ത കാട് എന്നര്‍ഥത്തിലാണ് വിദേശികള്‍ ഈ പ്രദേശത്തെ സൈലന്റ്‌വാലി എന്ന് എന്നു വിളിച്ചത്. മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പ്രകൃതി വീണ്ടും മാറിയപ്പോള്‍ ഈ നിശബ്ദതയില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതൊരു സത്യമാണ്. എന്നാലും കാനനത്തിന്റെ കാതല്‍ പ്രദേശത്ത് ഇപ്പോഴും നിശബ്ദത തളം കെട്ടിക്കിടപ്പുണ്ട്. പുറം പ്രദേശത്ത് ചീവീടുകള്‍ വാസമുറപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അത് പ്രകൃതിദ്രോഹികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.

മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വനയാത്രയാണ് സൈലന്റ്‌വാലിയിലിപ്പോള്‍ അനുവദനീയമായിട്ടുള്ളത്. ആ യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ സിംഹവാലനെ കാണാം, കരിംകുരങ്ങും ആനയും പലപ്പോഴും സന്ദര്‍ശകര്‍ക്കു മുന്നില്‍ എത്താറുണ്ട്. യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. പണ്ട് സൈലന്റ് വാലി പദ്ധതി വരേണ്ടിയിരുന്ന സ്ഥലം. അന്ന് അതിനെ എതിര്‍ത്തു തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപഌവത്തിന് പില്‍ക്കാല ചരിത്രം സാക്ഷിയാണ്. വൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കത്തെ പ്രകൃതിസ്‌നേഹികള്‍ എതിര്‍ത്തു. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി. അതിനു മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചത്.

Silent Valley National Park, Palakkad, Kerala1985-ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലിയെ ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി വന്നതിന്റെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന സ്തൂപം, സൈലന്റ് വാലിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം കാടിന്റെ ചുറ്റുവട്ടങ്ങള്‍ കാണാനായൊരു വാച്ടവര്‍ എന്നിവയാണിവിടെയുള്ളത്.

നേരത്തെയിത് സൈരന്ധ്രീ വനം എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്തിയും പാഞ്ചാലിയും പഞ്ചപാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട പുരാണകഥയും സൈലന്റ് വാലിയ്ക്ക് പറയാനുണ്ട്. വനവാസകാലത്ത് ഇവര്‍ ഇവിടെയായിരുന്നു തങ്ങിയത്. അന്ന് അക്ഷയപാത്രം കഴുകി കമഴ് ത്തിയ സ്ഥലമാണ് പാത്രക്കടവ് ആയതെന്നൊക്കെ കഥകളുണ്ട്.

ആര്‍ദ്രമായ മഴക്കാടുകളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തിപ്പുഴയാകുന്നത്. 20 കിലോമീറററോളം മനുഷ്യസ്പര്‍ശമില്ലാതെ ഒഴുകിയെത്തുകയാണിവിടെ വരെ കുന്തിപ്പുഴ. നീലഗിരിയുടെ പടിഞ്ഞാറന്‍ കൊടുമുടിയായ അങ്കിണ്ട, സിസ്പാറ കൊടുമുടികള്‍ക്ക് തെക്കു നിന്ന് തുടങ്ങി തെക്കോട്ട് ഒഴുകി സൈലന്റ് വാലിക്ക് പുറത്ത് തൂതപ്പുഴയാകുന്നു.പടിഞ്ഞാറോട്ടൊഴുകി ഭാരതപ്പുഴയില്‍ ചേരുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിന്റെ പകുതിയും ഇവിടെയാണ്. നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും. 25 ഇനം തവളകളും, 100 ലധികം ചിത്രശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.

ഈ മഴക്കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതു കൂടി അറിയുക: പന്ത്രണ്ടുമാസവും വെള്ളം നിയന്ത്രിതമായി വിട്ടുതരുന്ന പ്രകൃതിയുടെ നിത്യമായ ജലസംഭരണികളാണ് മഴക്കാടുകള്‍. എപ്പോഴും പച്ചപ്പ് നിലനില്‍ക്കുന്ന ഇത്തരം നിത്യഹരിത വനത്തില്‍ കാലവര്‍ഷമേഘങ്ങള്‍ തണുക്കാന്‍ വേണ്ട ഈര്‍പ്പവും താഴ്ന്ന താപനിലയും നിലനില്‍ക്കും. ലക്ഷകണക്കിന് ച.കി.മി വിസ്തീര്‍ണ്ണം വരുന്ന തട്ടുകളായുള്ള മരമുകളിലെ ഇലകളില്‍ നിന്ന് പുറപ്പെടുന്ന സ്വേദനജലമാണ് ഈ ഈര്‍പ്പത്തിന്റെ രഹസ്യം. ഈ പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യത്തിന്റെ അപൂര്‍വ്വ കലവറയായതും അതുകൊണ്ടാണ്. അതു കാത്തുസൂക്ഷിക്കുന്നത് നാളെയോട് നാം ചെയ്യുന്ന പുണ്യമാണ്.


Travel Info:
Silent Valley
Location:
Palakkad dt. Near Mannarkkad.
How to Reach
By Air: The nearest airports are Coimbatore (90 kms) and Kozhikode (120 kms).
By Rail: Palakkad junction, 70 kms
By Road: The park is accessible by road from Palakkad 70 kms. 43 km From Mannarkkad Bus Station.
Contact (STD CODE: 04924)
The Wildlife Warden, Silent Valley National Park, Mannarkkad (PO),Palakkad, Ph :22056.
Chief Conservator of Forests (WL), Forest Headquarters, Trivandrum- 695 014. Phone: 0471 322217
Best Season: December to April

Stay
Accommodation can be arranged at Wild life Wardens Office at Mannarkkad(subject to availability)
Information Center Mukkali- 4 suits
Forest dormitory- Mukkali- 40 beds Tariff: Entrance fee: Adults- -10/, Students--2, Foreigners --10, Indians --200 perhead.-300/- for 2 persons
-350/- for 3 persons a Information Center Dormitory Adults - -50/- per heada Students - -15/- per head
Facilities
Panthanthodu Evergreen Nature Trail.
Trekking - Permitted by CCF Thiruvananthapuram, Places - Mukkali to Sairandhri, Allowed no - 25 -30 persons daily. Staying in forest is not allowed.
Vehicle charge: -600/- for 15 persons, -40/- per additional/head
Permission is required form wildlife warden Silent Valley division. Special facilities for students and scientists
Visiting Hours: 8 am to 1 pm. Procure your permit slips in Advance from the Asst. Wildlife Wardens Office at Mukkali.

Text: G Jyothilal, Photos: N.M.Pradeep, N.P.Jayan, Sanjayan.s.kumar