Monday, October 20, 2014

ഗുണപാഠം

ഇപ്പോള്‍ ഫ്രീ പീരിയഡ് ആണ്. എല്ലാവരും ഓരോ ഗുണപാഠ കഥ  പറയൂ.

ആദ്യം സാമുവല്‍. .
ഒരിടത്ത് ഒരിടത്ത് ഒരു ആട്ടിടയന്‍  ഒരിക്കല്‍ "പുലി വരുന്നേ പുലി വരുന്നേ" എന്ന് വെറുതേ വിളിച്ചു കൂവി. അപ്പോല്‍ കൃഷിക്കാര്‍ ഓടിക്കൂടിയപ്പോള്‍  അവന്‍ "അയ്യേ പറ്റിച്ചേന്നു  കളിയാക്കി. അടുത്ത ദിവസവും അങ്ങനെ ചെയ്തു. പിന്നെ പിന്നെ അവന്‍ വിളിച്ചാല്‍ പറ്റിക്കാനാണെന്ന് ആളുകള്‍ക്ക് മനസ്സിലായി. പിന്നൊരു ദിവസം ഒരു പുലി വന്ന് ആടുകളെ തിന്നാന്‍ തുടങ്ങി. ഇടയന്‍ "പുലി വരുന്നേ പുലി വരുന്നേ" എന്ന്  എത്ര വിളിച്ചിട്ടും കൃഷിക്കാര്‍ വന്നില്ല. പുലി അവന്റെ ആടിനെ എല്ലാം തിന്നു.

നല്ല കഥ. "ഇതിന്റെ ഗുണപാഠം നുണ പറയരുത്, പറഞ്ഞാല്‍ അത്  ദോഷം ചെയ്യും എന്നല്ലേ?"
അതേ ടീച്ചര്‍.

മിടുക്കന്‍.  ; ഇനി പ്രമോദ് പറയൂ.
"ഒരു ദിവസം എന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കലങ്ങില്‍ ഇരിക്കുന്ന ചിലര്‍ അച്ഛന്‍ മുണ്ടു മടക്കി കുത്തിയിരിക്കുന്നതിനെക്കുറിച്ച് കളിയാക്കി. അപ്പോള്‍ അച്ഛന്‍ അങ്ങോട്ട് ചെന്ന് അവന്മാരെ എല്ലാം അടിച്ചു ചമ്മന്തിയാക്കി തോട്ടിലിട്ടു. പിന്നൊരു ദിവസം എന്റെ ഇളയച്ഛന്‍ മഹാറാണി  ബാറില്‍ ഇരുന്ന് സ്മാളടിക്കുമ്പോള്‍  അടുത്തിരുന്ന ആരോ "ഇയാള്‍ പശു കാടികുടിക്കുന്നതു പോലെയാണല്ലോ വീശുന്നത് " എന്ന് അഭിപ്രായം പാസ്സാക്കി . ഇളയച്ഛന്‍ ഒരു കത്തിയെടുത്ത് അവന്റെ കൊടലു കുത്തി പുറത്തിട്ടു. വേരൊരു ദിവസം എന്റെ അമ്മാവന്‍ ബസ്സില്‍ കയറിയപ്പോള്‍ കണ്ടക്റ്റര്‍ മുന്നോട്ട് നീങ്ങി നിക്കൂ പരട്ട കിളവാ എന്നു പറഞ്ഞു. അമ്മാവന്‍ "  പരട്ട കിളവന്‍ നിന്റെ അച്ഛനാടാ പട്ടീ" എന്നു പറഞ്ഞുകൊണ്ട് കണ്ടക്റ്ററെ ഒറ്റയടി. 

ഇത് സംഭവ കഥയാണല്ലോ പ്രമോദ് മോനേ. ഇതിന്റെ ഗുണപാഠം "ആരെയും ആക്ഷേപിക്കരുത്, അത് അപകടമാണ് എന്നല്ലേ?"
അല്ല ടീച്ചര്‍.

അല്ലേ, പിന്നെന്താ?
ഇതിന്റെ ഗുണപാഠം ഞങ്ങളുടെ കുടുംബക്കാര്‍ എടഞ്ഞാല്‍ മഹാ പിശകാണ് അതുകൊണ്ട് ഞങ്ങളുടെ അടുത്ത് വിളച്ചില്‍ എടുക്കരുത് എന്നാണ്."

ലേബല്‍  :  അവനവനു ഗുണം ചെയ്യുന്നതായിരിക്കണം ഗുണപാഠം

No comments: