Friday, October 10, 2014

വയനാടന്‍ കുളിര്‍ക്കാറ്റ്‌


ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്‍കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.

ചെമ്പ്ര കുന്നിന്റെ താഴ്‌വാരങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്‍( കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാറ് ജോലിയുമായി ബന്ധപ്പെട്ട് സഹോദരന്‍ വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന്‍ നേരെ പാടിയിലേക്ക് ( ഇവരുടെ ക്വാര്‍ട്ടേഴ്‌സിന് 'പാടി'എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജമന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.

സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ വിലക്കി. 'വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?' മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന്‍ വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്‍. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക് ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന്‍ പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്‍റും വലിച്ചെറിഞ്ഞ് വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.

കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലയ്ക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല, കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലയ്ക്കരികിലെ ചെറിയ കാല്‍പാദങ്ങള്‍ നോക്കി മച്ചാന്‍ പറഞ്ഞു. 'പുലി വെള്ളം കുടിക്കാന്‍ വന്നതാവും' പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ, മച്ചാന്‍ പറഞ്ഞു. 'പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്റേതാണ്'. ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന്‍ നയിച്ചത് ചെറിയൊരു കുടിലിലേക്ക്. 'ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും'. ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. 'പടച്ചോനെ..ഇതാണോ തേനിന്റെ ഒറിജിനല്‍ രുചി?'. ഞങ്ങള്‍ കുറേ വാങ്ങി. എല്ലാര്‍ക്കും കൊടുക്കാലോ.

വീണ്ടും കാടിന്റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന്‍ കുറേ പറിച്ച് ബേഗിലാക്കി. ഉച്ചഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.

ഞാനൊന്ന് മയങ്ങി. മച്ചാന്‍ വിളിച്ചുണര്‍ത്തി. എസ്‌റ്റേറ്റ് റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച് കറിവെക്കാമെന്ന് മച്ചാന്‍ തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. 'വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന് കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
'ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ..'
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
'ഇനി ആനയെങ്ങാനും വരുമോ?'.
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന്‍ പോലും വരില്ല. കിടന്നുറങ്ങ്. പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ് ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. 'കാലത്ത് എപ്പോള്‍ വിളിക്കണം?'. ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട് മണിക്ക് വിളിക്ക്. മച്ചാന്‍ പോയി. എപ്പോഴോ ഉറങ്ങി.

എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങി തുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തേയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത് കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..

ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്‌നേഹത്തിന് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
'ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം'. ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.

നേരെ പോവേണ്ടത് പടിഞ്ഞാറത്തറ റസ്റ്റ് ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്. വയനാട് ഡി.എഫ്.ഒ ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍.

ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്‌നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്കം തീര്‍ക്കാന്‍ ഹഫി പോയി. 'ഉച്ചക്കെന്താ വേണ്ടത്?'. ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് െ്രെഡവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. 'എപ്പോള്‍ തിരിക്കും?' ഞാന്‍ പറഞ്ഞു 'നാളെ അല്ലെങ്കില്‍ മറ്റന്നാള്‍'. ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. 'മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും'. ഞാനൊന്ന് സുഖിപ്പിച്ചു.

ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. 'നടക്കാം' ഞങ്ങള്‍ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. ' മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍'. ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. 'നിങ്ങള്‍ ഒന്ന് നടന്നു വാ. ഞാനിവിടെ കാണും', ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍. വാക്കുകളും ഇല്ല വിവരിക്കാന്‍. എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു. തിരിച്ചുനടന്നു. 'ഒരു ബോട്ട് സവാരി ആയാലോ', എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.

'ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?' കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഒയ്ക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു ഡി.എഫ്.ഒ നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.

നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച് ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്, ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട് പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ െ്രെഫയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും പരമാവധി ശ്രദ്ധ അതിലേക്ക് ആക്കി. ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.

'അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി. നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട'. ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്‌നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട് അറ്റാക്കായി മരിച്ചു. ഉപ്പ സ്‌നേഹിച്ച, ഉപ്പയെ സ്‌നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.

നല്ല തണുപ്പുള്ള രാത്രി. സുഖമുള്ളൊരു ഉറക്കവും കഴിഞ്ഞ് നേരത്തെ തന്നെ എഴുന്നേറ്റു. ചുടുവെള്ളത്തില്‍ കുളി. പാടിയിലെ കാട്ടരുവിയിലെ കുളി മിസ്സ് ചെയ്യുന്നു. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായയുമായി ജോസേട്ടന്‍ വന്നു. 'പുറത്ത് ആള് കാത്തുനില്‍ക്കുന്നു'. ബഷീര്‍ക്കയാണ്. വണ്ടിയോടിക്കാന്‍ ഗഫൂര്‍ക്ക ഏര്‍പ്പാട് ചെയ്ത ആളാണ്. ഒരു ചാപ്ലിന്‍ സ്‌റ്റൈല്‍ മീശയും പഴയ ഇന്ദ്രന്‍സിന്റെ തടിയുമൊക്കെയുള്ള ഒരു മധ്യവയസ്‌കന്‍ . പരിചയപ്പെട്ട ഉടനെതന്നെ മനസ്സിലായി ആള് ഇന്ന് ഞങ്ങളെ കത്തിവെച്ച് കൊല്ലുമെന്ന്. 'ആദ്യം തോല്‍പ്പെട്ടി വനം, പിന്നെ ഗോപാല്‍ സാമി പേട്ട', ഞാനെന്റെ യാത്ര പരിപാടി അവതരിപ്പിച്ചു. എന്നാല്‍ വേഗം ഇറങ്ങാമെന്ന് ബഷീര്‍ക്ക.
ജോസേട്ടന്റെ പുട്ടും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെതന്നെ ബഷീര്‍ക്കയുടെ കത്തിയും സ്റ്റാര്‍ട്ടായി. പിന്നെ വിശേഷങ്ങളുടെ പെരുമഴ. പഴയ പന്തുകളിക്കാരനാണത്രെ. ചെറുവാടിക്കാരുടെ പന്തുകളി പ്രേമത്തെപറ്റി ഒരു ഗവേഷണ കത്തി തന്നെ അവതരിപ്പിച്ചു ബഷീര്‍ക്ക.

ന്നാലും ഇത് വല്ലാത്തൊരു സ്‌നേഹപ്പാര ആയിപോയി ഗഫൂര്‍ക്ക. പക്ഷെ സംസാരം മാറ്റിനിര്‍ത്തിയാല്‍ ഒരു പാവം മനുഷ്യനാണ് ബഷീര്‍ക്ക. സ്ഥിരമായി ജോലിയൊന്നുമില്ല. 'പലരും വിളിക്കും, അവര് വല്ലതും തരും. ഒരു ചെറിയ കുടുംബത്തിനു കഴിഞ്ഞുപോകാന്‍ മതിയാവും'. ഗഫൂര്‍ക്കയെ കുറിച്ച് പറയുമ്പോള്‍ ബഷീര്‍ക്കക്ക് ഇരട്ടി ആവേശം.
വയനാട് മുഴുവന്‍ കാണാപാഠമാണ് ബഷീര്‍ക്കക്ക്. നാട്ടുവഴികളും കാട്ടുവഴികളുമൊക്കെ കടന്നു ഞങ്ങള്‍ തോല്‍പ്പെട്ടിയിലെത്തി.

ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചെറിയ അങ്ങാടി. ബഷീര്‍ക്ക ഒരു പെട്ടികടയിലേക്ക് കയറി. ഞാനും. നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ. ഇതെന്റെ ഫേവറിറ്റ് ആണ്. ബഷീര്‍ക്ക വെറ്റില മുറുക്കാന്‍ ഒരുങ്ങുന്നു. വേണോ എന്നായി എന്നോട്. ഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല. മുമ്പ് ചെറിയൊരു കഷ്ണം തേങ്ങാപൂളും ചേര്‍ത്ത് പാതി വെറ്റിലയില്‍ വല്ല്യുപ്പ മുറുക്കാന്‍ തരുമായിരുന്നു. ഹഫിക്ക് നാണക്കേട് തോന്നിയെങ്കിലും ഞാന്‍ മുറുക്കാന്‍ തന്നെ തീരുമാനിച്ചു. പുകല വേണ്ട. യാത്ര കുളമാവും. ആ ചുറ്റുപാട് ചെറുതായൊന്നു കറങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.

ഇനി കാട്ടിലേക്ക്, എനിക്കാവേശം കയറി. കൂടുതല്‍ ഉള്ളിലേക്ക് .ബഷീര്‍ക്കക്ക് വല്യ സംസാരം ഒന്നുമില്ല. ശ്രദ്ധ മുഴുവന്‍ െ്രെഡവിങ്ങിലാണ്. ഇനി ഒരു ആനപ്പേടി കഷിക്കും ഉണ്ടോ? പോകുന്ന വഴിയിലെങ്ങാനും കുറുകെ ഒരു കാട്ടുവീരന്‍ ? ഇതുവരെയുള്ള മൂപ്പരുടെ പെര്‍ഫോര്‍മന്‍സ് വെച്ച് നോക്കുമ്പോള്‍ അങ്ങിനെ ഒരു സംശയം ന്യായം.
ഏതായാലും ഈ തവണ യാത്ര മുതലായി. കാരണം സാമാന്യം എല്ലാ മൃഗങ്ങളും ദര്‍ശനം തന്നു. ആനകളൊക്കെ നല്ല പരിചയക്കാരെപോലെ ഒരല്പം വിട്ടുമാറി തന്നെ നിന്നു. അതുകൊണ്ട് ഹഫിക്ക് മര്യാദക്ക് ശ്വാസം വിടാന്‍ പറ്റി. എനിക്കും. കൂടാതെ കാട്ടുപോത്തുകളുടെ ഒരുഗ്രന്‍ ഗുസ്തിയും കണ്ടു.

വളരെ രസകരമായൊരു കാട്ടുസവാരിയും കഴിഞ്ഞ് ഞങ്ങള്‍ മാനന്തവാടി വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടല്‍പ്പേട്ട വഴി ഗോപാല്‍ സാമി പേട്ടയിലേക്ക് .
ഈ സുന്ദരമായ അതോടൊപ്പം കടുപ്പവുമായ വഴികളിലൂടെ വണ്ടിയോടിക്കാനുള്ള എന്റെ പൂതി ബഷീര്‍ക്ക അപ്പീലിന് പോലും അവസരം നല്‍കാതെ നിര്‍ദയം തള്ളി.
ചുരം കയറി ഗോപാല്‍സ്വാമി ബേട്ടയിലെത്തി. അതിസുന്ദരമായ സ്ഥലം. ദൈവം നേരിട്ട് ഇടപ്പെട്ട പ്രകൃതി ഭംഗി. പലവട്ടം ഇവിടെ വന്നിട്ടുണ്ട്. ബഷീര്‍ക്കയെ അവിടെ വിട്ടിട്ട് ഒരു റൊമാന്റിക് ഡ്യൂയറ്റും മനസ്സില്‍ പാടി ഞാനും ഹഫിയും ഒന്ന് കറങ്ങി. ഈ കുന്നിനു മുകളില്‍ തന്നെ വലിയൊരു ക്ഷേത്രം ഉണ്ട്. പ്രതിഷ്ഠ ഏതാണെന്നൊന്നും എനിക്കറിയില്ല. അവിടെ കയറുന്നത് തെറ്റാണോ എന്നും അറിയില്ല. ഉള്ളില്‍ കയറിയില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ കറങ്ങി. കയറരുതെന്ന് പറയുന്ന ഒരു സൂചികയും അവിടെ കണ്ടില്ല. ഇനി തെറ്റെങ്കില്‍ എന്റെ ഹിന്ദു സഹോദരങ്ങള്‍ ക്ഷമിക്കുക. ഏതായാലും സുന്ദരമായ ഈ പ്രകൃതിയില്‍ ആ ക്ഷേത്രത്തിന്റെ നില്‍പ്പിനു ഒരു പ്രൌഡി ഉണ്ട്.
ബഷീര്‍ക്ക തിരഞ്ഞു വന്നു. 'വേഗം മടങ്ങണം . കോടമഞ്ഞിറങ്ങിയാല്‍ പിന്നെ ചുരമിറങ്ങാന്‍ പറ്റില്ല'. ഞങ്ങള്‍ തിരിച്ചിറങ്ങി.

ഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങള്‍. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍. ഇതും ഒരു പഴയ യാത്രയാണ്. എന്നാലും ഇന്നലെ പോയ പോലെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കാരണം ആ യാത്രയുടെ ആവേശം ഇന്നും എന്റെ മനസ്സില്‍ സജീവമായുണ്ട്. മച്ചാനെയും സഫിയാത്തയേയും ഞങ്ങള്‍ പിന്നെയും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലും ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ വിടപറഞ്ഞതാണ് ഗഫൂര്‍ക്ക.

ബഷീര്‍ക്കയും ജോസേട്ടനും ഈ യാത്രയോടെ ബന്ധം നഷ്ടപെട്ടവരാണ്. പക്ഷെ അവരിന്നും എന്റെ ഓര്‍മ്മകളിലുണ്ട്. ഏതെങ്കിലും ഒരു യാത്രയില്‍ എവിടെവെച്ചോ അവരെ കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഗൂഡല്ലൂര്‍ വഴിയാണ് മടക്കം. എനിക്കിഷ്ടപ്പെട്ട സ്ഥലമാണിത്. ഒരു സ്‌കൂള്‍ ടൂറില്‍ കയറിപ്പറ്റിരിഷ്ടം. ഇവിടെത്തുമ്പോള്‍ അറിയാതെ മൂളുന്നൊരു പാട്ടുണ്ട്. 'ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ...ഓലതുമ്പത്താടാന്‍ വാ...' . അന്ന് സ്‌കൂള്‍ ടൂര്‍ ഇവിടെയെത്തുമ്പോള്‍ ബസ്സിലെ സ്റ്റീരിയോയില്‍ ഈ പാട്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഇതിനോടൊപ്പം ചേര്‍ന്നുപാടി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനിതോര്‍ക്കുന്നത് നേരത്തെ പറഞ്ഞ യാത്രയിലെ ആ പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ്.

പല യാത്രകളിലും ഒരു റിഫ്രഷ്‌മെന്റ് പോയിന്റ് ആയി വരാറുള്ള സ്ഥലമാണ് ഗൂഡല്ലൂര്‍. കച്ചവടക്കാര്‍ കൂടുതലും മലയാളികള്‍. കുടിയേറി പാര്‍ത്തവര്‍. കരുവാരകുണ്ടിലുള്ള ഹബീബിന്റെ കടയില്‍ നിന്നാണ് പല യാത്രയിലും വെള്ളവും ഫ്രൂട്ട്‌സും ഒക്കെ വാങ്ങാറുള്ളത്. മടക്കം നാട്ടിലേക്ക് തന്നെയാണ്. പക്ഷെ ബഷീര്‍ക്ക വീട് വരെ വരുമെന്ന് നിര്‍ബന്ധം പിടിച്ചു. മുമ്പത് ഗഫൂര്‍ക്കയോടുള്ള കടപ്പാടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടുള്ള സ്‌നേഹം കൂടിയാണ്. അല്ലേല്ലും തിരിച്ചു വയനാട് വഴി മടങ്ങാനും പറ്റില്ല. രാത്രിയിലെ യാത്രക്ക് ഞങ്ങളെ ഒറ്റയ്ക്ക് വിടാന്‍ ആ നല്ല മനുഷ്യന് താല്പര്യമില്ല. ഒന്നാലോചിക്കുമ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. കാരണം വണ്ടിയോടിക്കാനല്ലാതെ അതിനെന്തെങ്കിലും പറ്റിയാല്‍ ഒരു ടയറു പോലും മാറ്റാന്‍ കഴിയാത്ത ഞാന്‍ കുഴങ്ങിയത് തന്നെ. ചെറുവാടിയില്‍ നിന്നും വയനാട്ടിലേക്ക് അധികം ദൂരവുമില്ല.

വേണമെങ്കില്‍ ഇന്നിവിടെ തങ്ങി ചില സ്ഥലങ്ങള്‍ കൂടി കണ്ടു നാളെ മടങ്ങാം. പക്ഷെ എനിക്ക് മടങ്ങണമെന്ന് തോന്നി. കാരണം പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്‌നേഹത്തിന് പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും നോക്കി അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്?


Text & Photos: Mansur Cheruvadi

No comments: