Showing posts with label Hill Railway. Show all posts
Showing posts with label Hill Railway. Show all posts

Sunday, March 27, 2011

ഊട്ടി............


നീലഗിരിക്കുന്നുകളെ വലംവെച്ച് ചൂളംവിളിച്ചും പുകതുപ്പിയും പര്‍വതനിരകളിലേക്കൊരു മലകയറ്റം. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള പര്‍വത തീവണ്ടിയാത്ര എന്നും ഹരമാണ്. വിനോദസഞ്ചാരികള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് യാത്ര. കൊടുംചൂടില്‍ നിന്നാരംഭിക്കുന്ന യാത്ര ചെന്നെത്തുന്നത് സുഖശീതളിമയിലേക്ക്.
ഏറ്റവുമധികം ഇന്ത്യന്‍ സിനിമകളില്‍ സ്ഥാനംപിടിച്ച തീവണ്ടിയെന്ന ഖ്യാതിനേടിയ ലോക പൈതൃക പര്‍വത തീവണ്ടിയിലെ അവിസ്മരണീയ യാത്രയ്ക്ക് ചെലവേറെയില്ല. രണ്ടാംക്ലാസ് യാത്രയ്ക്ക് ചെലവ് വെറും ഒമ്പതുരൂപമാത്രം. റിസര്‍വേഷന്‍സഹിതം 24 രൂപ.
ഒന്നാംക്ലാസിലാണ് യാത്രയെങ്കില്‍ റിസര്‍വേഷനടക്കം 92 രൂപയാണ്. ഒന്നാംക്ലാസില്‍ 16 പേര്‍ക്ക് യാത്രചെയ്യാം. റിസര്‍വ്ഡ് രണ്ടാംക്ലാസില്‍ 142 പേര്‍ക്കും റിസര്‍വേഷനില്ലാതെ 65 പേര്‍ക്കും യാത്രചെയ്യാം.
മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്ററാണ് ഊട്ടിയിലേക്ക്. ഈ ദൂരം താണ്ടാന്‍ തീവണ്ടി നാലര മണിക്കൂറെടുക്കും. രാവിലെ 7.10 ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12 ന് ഊട്ടിയിലെത്തും. ഉച്ചകഴിഞ്ഞ് 3 ന് തിരിച്ചിറങ്ങി വൈകീട്ട് 6.25 ന് മേട്ടുപ്പാളയത്തെത്തും. കല്ലാര്‍ അടര്‍ലി, ഹില്‍നോവ്, റണ്ണിമേട്, കാട്ടേരി, വെല്ലിങ്ടണ്‍, ലവ്‌ഡേല്‍, അറവങ്കാട് എന്നിവിടങ്ങളില്‍ സ്റ്റേഷനുണ്ട്.
ഇന്ത്യയിലെ ഏറ്റവും വേഗംകുറഞ്ഞ തീവണ്ടിയെന്ന സവിശേഷതയും ഇതിനുണ്ട്. മണിക്കൂറില്‍ 10.4 കിലോമീറ്ററാണ് ശരാശരി വേഗത. 208 വളവുകളും 16 തുരങ്കങ്ങളും 26 പാലങ്ങളും താണ്ടിയാണ് മലകയറ്റം.
തീവണ്ടിയാത്രയ്ക്കിടെ വന്യമൃഗങ്ങളെക്കണ്ട് ആസ്വദിക്കാം.ചെങ്കുത്തായ മലയുടെ മറുവശവും അഗാധ ഗര്‍ത്തങ്ങളും കണ്ട് യാത്രതുടരാം.
തീവണ്ടി വേഗം നന്നേ കുറയുന്ന വന്‍മലകയറ്റ വേളയില്‍ തീവണ്ടിയില്‍ നിന്നിറങ്ങി നടന്നുനീങ്ങാം.
റാക്ക് ആന്‍ഡ് പിനിയന്‍ സാങ്കേതികവിദ്യയില്‍ റെയില്‍പ്പാളത്തിനിടെ ഘടിപ്പിച്ചിരിക്കുന്ന പല്‍ച്ചക്രത്തില്‍ കടിച്ചുപിടിച്ചാണ് തീവണ്ടിയുടെ മലകയറ്റം.
662-ആം നമ്പര്‍ തീവണ്ടിയാണ് ഊട്ടിയിലേക്ക് മലകയറുന്നത്. 621-ആം നമ്പര്‍ തീവണ്ടി ഊട്ടിയില്‍നിന്ന് മലയിറങ്ങുന്നു. ഇന്ത്യയിലെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഊട്ടി തീവണ്ടിക്ക് സീറ്റ് റിസര്‍വുചെയ്യാം. ഓണ്‍ ലൈനായും റിസര്‍വേഷന്‍ നടത്താം.
കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് രാവിലെ 5.15 ന് ബ്ലൂമൗണ്ടന്‍ എക്‌സ്​പ്രസ് തീവണ്ടിയുണ്ട്. 6.10 ന് തീവണ്ടി മേട്ടുപ്പാളയത്തെത്തും.
വൈകീട്ട് 7 ന് ബ്ലൂമൗണ്ടന്‍ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട് രാത്രി 8.20 ന് കോയമ്പത്തൂര്‍ ജങ്ഷനിലെത്തും. ഫോണ്‍നമ്പര്‍: മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷന്‍ 04254-222285, 222250.