Friday, November 12, 2010

ഫാന്‍സുകാരെ നിങ്ങള്‍ക്ക് സലാം

Fans Associations Kerala
ഏതാനുംവര്‍ഷങ്ങള്‍ക്കു മുമ്പ്‌ രജനീകാന്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കാനായി ഫിലിം അടങ്ങിയ പെട്ടി ഘോഷയാത്രയായാണ്‌ തിരുവനന്തപുരത്തെ തിയേറ്ററിലേക്ക്‌ കൊണ്ടുവന്നത്‌. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ്‌ പൂജയും സ്‌ക്രീനില്‍ പാലഭിഷേകവും നടന്നു. തിയേറ്റര്‍ കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും മൂക്കത്തുവിരല്‍വച്ച്‌ മലയാളി പറഞ്ഞു: `ഈ തമിഴന്മാരുടെയൊരു കാര്യം. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ!' വെറും പാണ്ടി'കളായ, നിരക്ഷരകുക്ഷികളായ തമിഴന്മാരെ നമ്മള്‍ അന്ന്‌ കളിയാക്കിക്കൊന്നു. തിരഞ്ഞെടുപ്പിനു നിന്നാല്‍ കെട്ടിവച്ച കാശ്‌പോലും കിട്ടാതെ സിനിമാതാരങ്ങളെ കെട്ടുകെട്ടിക്കുന്ന മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധതയെ നമ്മള്‍ ഉച്ചൈസ്‌തരംഘോഷിച്ചു.

എന്നിട്ട്‌, നമ്മള്‍ ഇപ്പോള്‍ `വെറും പാണ്ടി'കളെക്കാള്‍ കഷ്‌ടമായിരിക്കുന്നു. സൂപ്പര്‍താരങ്ങള്‍ ചെല്ലും ചെലവും കൊടുത്ത്‌ വളര്‍ത്തുന്ന കുറേ പണിയില്ലാത്ത ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപീകരിച്ച്‌ മലയാളിയുടെ മാനംകെടുത്തുന്നു. `ഞങ്ങളുടെ ലാലേട്ടനെയും ഞങ്ങളുടെ മമ്മൂക്ക'യെയും തൊട്ടുകളിച്ചാല്‍ തൊട്ടുകളിക്കുന്നവന്റെ കൈവെട്ടുമെന്ന്‌ ഈ വിവരദോഷികളായ ചെറുപ്പക്കാര്‍ ചാനലില്‍ വീമ്പിളക്കുന്നു. തമിഴന്മാരെ നാണിപ്പിക്കുംവിധം സൂപ്പര്‍താരങ്ങളുടെ സിനിമ കളിക്കുന്ന തീയേറ്ററുകളെ അലങ്കാരങ്ങളാല്‍ മൂടുന്നു. ഫിലിം പെട്ടി ക്ഷേത്രത്തിലും പള്ളിയിലും പൂജിക്കുന്നു. കഷ്‌ടംതന്നെ

Fans Associations Kerala

കഴിഞ്ഞദിവസം കടുത്തുരുത്തിയില്‍ നിന്ന്‌ പാലവരെ സഞ്ചരിച്ചപ്പോഴാണ്‌ ഫാന്‍സ്‌ അസോസിയേഷനുകാര്‍ കേരളത്തിന്റെ സാംസ്‌കാരിക റോഡോരം എത്രയധികം മലിനമാക്കുന്നുവെന്ന്‌ നേരിട്ട്‌ ബോധ്യപ്പെട്ടത്‌. എല്ലാ ചെറിയ ജങ്‌ഷനില്‍പ്പോലും സൂപ്പര്‍താരങ്ങളെ വാഴ്‌ത്തുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍. ജന്മനാവൈരികളായ മമ്മൂട്ടി-മോഹനലാല്‍ ഫാന്‍സുകള്‍ മത്‌സരിച്ചാണ്‌ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌. അറയ്‌ക്കുന്ന വാചകങ്ങളാണ്‌ ഫ്‌ളെക്‌സുകളില്‍. ഇത്‌ വെറും നാട്ടുരാജാവല്ല, ഇവന്‍ ദിഗന്തങ്ങള്‍ അടക്കിഭരിക്കുന്ന പഴശ്ശിരാജ' എന്ന്‌ ഒരു ഫ്‌ളെക്‌സ്‌ മമ്മൂട്ടിയെ പ്രകീര്‍ത്തിക്കുമ്പോള്‍ `ഇവന്‍ വെറും പഴശ്ശിരാജാവോ സേതുരാമയ്യരോ അല്ല. ഇവനാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കി അഥവാ ഉലകനായകന്‍ എന്ന്‌ മോഹന്‍ലാല്‍ ഫ്‌ളെക്‌സ്‌ ആക്രോശിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള ഏതൊരാള്‍ക്കും കാറിത്തുപ്പാന്‍ തോന്നുന്ന ഡയലോഗുകള്‍. ആരാധനവേണം. പക്ഷേ അത്‌ ഇങ്ങനെ മാനസികരോഗമായി മാറിയാലോ!!

അഴീക്കോട്‌ മാഷ്‌ സൂപ്പര്‍താരങ്ങളെ മൂക്കറ്റം ചീത്തവിളിച്ചത്‌ ഫാന്‍സുകാരെ ഞെട്ടിച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌ `ആരാണ്‌ അഴീക്കോട്‌' എന്ന ചോദ്യവുമായാണ്‌ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ തലപ്പത്തുള്ള ഒരു മാനസികരോഗി ചാനല്‍ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടത്‌. മോഹന്‍ലാലിനോടുള്ള ആരാധനയും ബഹുമാനവും അഴീക്കോടിനോടുള്ള രോഷവും കാരണം കക്ഷിയുടെ വായില്‍നിന്ന്‌ വാചകങ്ങള്‍ പുറത്തേക്കുവരുന്നില്ല. കുറച്ചുനേരത്തെ അഭ്യാസത്തിനുശേഷം ഇത്രയും കേട്ടു. `ആരാ, ആരാ അയാള്‌: അഴീക്കോടാണത്രേ ലാലേട്ടന്റെ മുന്നില്‍ ആരാ അയാള്‌?'

ആരാണ്‌ അഴീക്കോട്‌ എന്ന്‌ പ്രസ്‌തുത ഫാന്‍ ആത്‌മാര്‍ത്ഥമായി ചോദിച്ചതാവണം. കാരണം, സൂപ്പര്‍താരത്തിന്റെ കാല്‍തിരുമ്മി നടക്കുന്ന ഫാന്‍സുകാര്‍ അഴീക്കോടിനെപ്പറ്റി കേട്ടിരിക്കാന്‍ സാധ്യതയില്ല. ആ തുറന്നുപറച്ചില്‍ ഏതായാലും നന്നായി.

പാര്‍ട്ടി വെള്ളവും വളവും നല്‍കി വളര്‍ത്തുന്ന ചാവേറുകള്‍ എന്ന കുട്ടിക്കുരങ്ങന്മാര്‍ക്ക്‌ യാതൊരു ക്ഷാമവുമില്ലാത്ത നാടാണിത്‌. എതിര്‍പാര്‍ട്ടിക്കാരനെ കൊല്ലാനും വീട്‌ കുളംതോണ്ടാനും കുരങ്ങന്മാര്‍ എപ്പോഴും റെഡിയാണ്‌. അതുപോലെ തന്നെയാണ്‌ ഫാന്‍സുകാരുടെയും കാര്യം. മറ്റുള്ളവരുടെ സിനിമയെ കൂവി തോല്‌പിക്കാനും സൂപ്പര്‍താരത്തിനു വേണ്ടി പ്രസ്‌കോണ്‍ഫറന്‍സ്‌ നടത്താനുമെല്ലാം ഫാന്‍സ്‌ ചാവേറുകള്‍ റെഡി. സൂപ്പര്‍താരമാരകട്ടെ, ഫാന്‍സ്‌ അസോസിയേഷനുമായി തനിക്ക്‌ യാതൊരു ബന്‌ധവുമില്ലെന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം പറയും. അതൊന്നും കാര്യമായി എടുക്കേണ്ടതില്ല. നമുക്ക്‌ വാലാട്ടി പിന്നാലെ നടക്കുന്നതിന്‌ ചെല്ലും ചെലവും കിട്ടിയാല്‍ പോരെ! പോരാത്തതിന്‌ ഒരിക്കലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത മുഖങ്ങള്‍ക്ക്‌ ചാനല്‍ ചര്‍ച്ചകളില്‍ സീറ്റു കിട്ടുന്നതും ചില്ലറക്കാര്യമാണോ?
അതുകൊണ്ട്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ തഴച്ചുവളരട്ടെ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊക്കെ ആസനത്തില്‍ ആല്‍ കിളിര്‍ത്താല്‍ അതുമൊരു തണല്‌!

By: ബൈജു എന്‍. നായര്‍ 

No comments: