Showing posts with label Filim. Show all posts
Showing posts with label Filim. Show all posts

Monday, March 26, 2018

അഭിനയമേ ജീവിതം... സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


60 വര്‍ഷം 2500 ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യ, ഈ അപൂര്‍വഭാഗ്യത്തിന്റെ വരപ്രസാദമണിഞ്ഞ സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം. 2013 മാര്‍ച്ച് 26നാണ് വേഷങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി സുകുമാരിയമ്മ വിടപറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു അഭിനേതാവിനും ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സുകുമാരിക്ക് ഒപ്പമെത്താന്‍ കഴിയില്ല, തമിഴില്‍ മനോരമ ഒഴികെ. സിനിമയ്‌ക്കൊപ്പം നൃത്തത്തിന്റെ അരങ്ങുകളും ആയിരത്തിലേറെയാണ്.

എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, ഏതുസിനിമയും ചെയ്യാന്‍ മടികാണിക്കാത്ത നടിയായിരുന്നു അവര്‍. അഭിനയിക്കാന്‍ മടിതോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. എന്താണെങ്കിലും, അത് തൂപ്പുകാരിയുടേതാണെങ്കിലും ചാണകം മെഴുകുന്നതാണെങ്കിലും ചെയ്യണമെന്നതായിരുന്നു അവര്‍ പുലര്‍ത്തിയ സമീപനം. കോമഡിയോ സീരിയസ്സോ കരയുന്നതോ ചിരിക്കുന്നതോ എന്താണെങ്കിലും അവര്‍ക്കിഷ്ടമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. 

വൃത്തികെട്ട സ്വഭാവമുള്ള കഥാപാത്രമായി അഭിനയിക്കണമെങ്കില്‍ അതും പരമാവധി നമ്മള്‍ നന്നാക്കിചെയ്യുക.. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുക എന്നാലേ നമുക്ക് വ്യത്യസ്തമായവ ചെയ്യാന്‍ പറ്റൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുന്ന ആളായിരുന്നു സുകുമാരിയമ്മ.

സംവിധായകന്‍ ആവശ്യപ്പെടുന്നത് ചെയ്യുക. വേഷം കോമഡിയാണോ സീരിയസ്സാണോ എന്നൊന്നും അര്‍ നോക്കാറില്ല. ഏതാണെങ്കിലും ചെയ്യണം. തമിഴില്‍ ചന്ദ്രബാബു, കുലദൈവം രാജഗോപാല്‍, നാഗേഷ് ഇവരുടെ കൂടെയൊക്കെ ധാരാളം കോമഡി ചെയ്തിട്ടുണ്ട്.

തമിഴകത്തിന്റെയും സ്വന്തം

തമിഴ് സിനിമയിലും നാടകത്തിലുംനിന്ന് അവര്‍ തമിഴ് സീരിയലുകളിലും അഭിനയിച്ചു. അഭിനയത്തിന്റെ അവസാനപാദത്തിലാണ് മലയാള സീരിയലുകളിലും എത്തിയത്. തമിഴ്‌സിനിമ സുകുമാരിയെ വളരെ ആദരപൂര്‍വമാണ് കണ്ടിരുന്നത്. അസുഖബാധിതയായി ആസ്പത്രിയില്‍ കിടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായ ജയലളിത നേരിട്ടെത്തി രോഗവിവരങ്ങള്‍ തിരക്കുകയും മികച്ച ചികിത്സ നല്കാന്‍ മന്ത്രി ഉള്‍പ്പെട്ട സംഘത്തെ ചുമതലപ്പെടുത്തകയും ചെയ്തു. ചികിത്സാച്ചെലവുകളും വഹിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ 'കലൈമാമണി' പുരസ്‌കാരം നല്‍കി നേരത്തേ ആദരിച്ചു. അവരെ പത്മശ്രീ ബഹുമതിക്ക് ആദ്യമായി ഔദ്യോഗികമായി ശുപാര്‍ശചെയ്തതും തമിഴ്‌നാടാണ്. 

ആറുപതിറ്റാണ്ടിലേറെ സിനിമയില്‍ നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ സുകുമാരി ചെന്നുപെട്ടിട്ടില്ല. അതും അവരുടെ അച്ചടക്കത്തിന്റെ ഭാഗമായിരുന്നു.
ങ്ങുന്നു.


അഭിനയത്തിന്റെ വരപ്രസാദം

ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങള്‍. നൃത്ത, സംഗീതവേദികളിലും തിളങ്ങി. പത്താം വയസ്സില്‍, 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 

നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമയി. വൈ.ജി. പാര്‍ഥസാരഥിയുടെ 'പെറ്റാല്‍ താന്‍ പിള്ള'യാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയായിരുന്നു നായകന്‍. ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ 4000ത്തിലധികം വേദികളില്‍ അഭിനയിച്ചു. 'തുഗ്ലക്' എന്ന നാടകം 1500ലധികം സ്റ്റേജുകളിലാണ് കളിച്ചത്.'തസ്‌ക്കരവീരനാ'ണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടെതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി.

സുകുമാരിയുടെ ജോഡിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. മുപ്പതിലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അവര്‍ അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പരയായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

'ചട്ടക്കാരി', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'സസ്‌നേഹം', 'പൂച്ചക്കൊരു മൂക്കുത്തി', 'മിഴികള്‍ സാക്ഷി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1974 , '79, '83, '85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974), പ്രചോദനം അവാര്‍ഡ് (1997), മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003ല്‍ പത്മശ്രീയും. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.

Tuesday, March 28, 2017

എഴുത്തിന്റെ മാസ്റ്റര്‍ ടി ദാമോദരന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്. 

മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. 

ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.

അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. 

കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്. 

മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. 

2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.

ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.

ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.

ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

Monday, October 10, 2016

The Movie Cliches List - സിനിമകളിലെ സ്ഥിരം ക്ലീഷേകള്‍


1. നായകനും നായികയും ചൂണ്ട ഇടുമ്പോള് ഇപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?
2..സിനിമയില് ഉന്നം തെറ്റുന്ന കല്ല് എല്ലായ്പ്പോഴും ഒരു ഗ്രാമീണന് പാല് കുടം തലയിലേറ്റി വരുന്നതില് തന്നെ കൊള്ളുന്നു ? ഇതു ഗ്രാമത്തിലാണ് ഇപ്പോഴും പാല്കുടവുമായി നടക്കുന്നത് ?
3.നായിക എത്ര കുലീനയും ലജ്ജാവതിയും ആയിരുന്നാലും ഇടിയും മിന്നലും വന്നാല് അല്ലെങ്കില് ജയന്റ് വീലില് കയറിയാല് പേടിച്ചു അടുത്തുള്ള ചെറുപ്പക്കാരനെ കേട്ടിപ്പിടിചിരിക്കും - എന്ത് കൊണ്ടാണ് പെണ്ണുങ്ങള് ഇങ്ങനെ ?
4. മെന്റല് ഹോപിറ്റലില് ഫുള് കോമഡിയായിരിക്കും .
5. കൊമെഡിയനമാര്എപ്പോഴും ചാണക കുഴിയില് വീഴും , നായകനും മറു നടന്മാരൊന്നും വീഴില്ല
6. ബോംബ് പൊട്ടിയാലും , പടക്ക കട മൊത്തമായി കത്തിയെരിഞ്ഞാലും കരിയും പുകയും മാത്രമായി ഒരു രൂപം വരും - ആര്ക്കും ഒരു പൊള്ളല് പോലും ഏല്ക്കില്ല .
7 .ഷോക്കടിച്ചാല് മുടി കുന്തം പോലെ നില്ക്കും , പിന്നെ അവരെ രക്ഷിക്കാന് ആരെങ്കിലും പോയാല് അവരും സ്ടാച്ചു പോലെ ഇങ്ങനെ നില്ക്കും - വേറെ കുഴപ്പമൊന്നും സംഭവിക്കില്ല
8. നായകന് എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ചു തള്ളിപറയും
9. വില്ലനായ അച്ഛന്റെ കൈ കൊണ്ട് അബദ്ധത്തില് വില്ലനായ മകന് മരിക്കുന്നു
10. ഉന്നമില്ലാത്ത വില്ലന്മാര്, ഉന്നമുള്ള നായകന്.
11. ഉണ്ടയുള്ളപ്പോ വെടി വെക്കില്ല, വെടി വെക്കുമ്പോ ഉണ്ട കാണില്ല.
12. കൂടിയ ഡയലോഗ് വിട്ടു നടന്നു പോകുന്ന നായകനെ വില്ലന് തോക്കുന്ടെങ്കിലും നോക്കി നിക്കും. ഇനി പുറകില് നിന്ന് കുത്താല് വല്ലോം പോകുവാനെങ്കില് ആദ്യമേ അങ്ങ് അലറും. നായകന് അത് കേട്ടിട്ട് വേണം തിരിയാനും വില്ലനെ അടിക്കാനും
13. നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേര് ആയിരിക്കും, തമിഴില് ആണ് കൂടുതല്, നിഷ്കളങ്കത കാണിക്കാന് ആണ്. നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില് ടൂ പീസില് വരും. അല്ലെങ്കില് നായികയെ കാണിക്കുമ്പോള് അaന്ധയെ സഹായിക്കുന്ന, വൃദ്ധരെ വഴി നടത്തുന്ന, സന്മനസ്സുള്ള പെണ്ണായിരിക്കും.
14. ബലാല്സംഗം കഴിഞ്ഞാല് നെറ്റിയിലെ കുങ്കുമം എന്തായാലും ഒന്ന് തേഞ്ഞരിക്കണം
15. നായികയുടെ നഗ്നത നായകന് കണ്ടാല്, ജീവന് രക്ഷിച്ചാല് പ്രേമം
16. ഒരു പ്രകോപനവും ഇല്ലാതെ ഡ്രൈവിംഗ് സീന് മൂന്നു മിനിറ്റില് അധികം കാണിച്ചാല്.. അതിനര്ത്ഥം അക്സിടന്റ്റ് ഉറപ്പ്
17. എണ്പതുകളില് തൊഴില്രഹിതര് ആയ ചെറുപ്പക്കാര് സംഘം ചേര്ന്നാല് വായില്നോട്ടം .കോമഡി , ഇന്നാണെങ്കില് കൊട്ടേഷന്
18. ജഗതി അന്നും ഇന്നും ഓട്ടോ കാശ് കൊടുക്കില്ല
19. അയാള് എന്നെ ............... (അത്രേ പറയൂ , വേണമെന്കിഇല് നശിപ്പിച്ചു എന്ന് ചേര്ക്കാം )
20. അന്യനാട്ടിലുള്ള കഥാപാത്രങ്ങള് രംഗ പ്രവേശം ചെയ്യുമ്പോള് ..ഇന്ത്യന് എയര്ലൈന്സ് വിമാനം വന്നു ലാന്റ് ചെയ്യുന്ന സീന് കാണിക്കും

Tuesday, March 29, 2016

ചിരിയില്‍ പാരമ്പര്യത്തിന്റെ കരുത്ത്‌

അടൂര്‍ ഭാസി മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു. ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാള്‍. ഒരു സുപ്രഭാതത്തില്‍ അഭിനയരംഗത്ത് വന്ന് കൊടിനാട്ടിയ കലാകാരനായിരുന്നില്ല അടൂര്‍ ഭാസിയെന്ന ഭാസ്‌കരന്‍ നായര്‍. നിരന്തരമായ പരിശീലനം അതിന്റെ പിന്നിലുണ്ടായിരുന്നു. ഹാസ്യാഭിനയത്തിന് ഒരു പുതിയ മാനം പകര്‍ന്നു നല്‍കാന്‍ ഭാസിക്ക് കഴിഞ്ഞു. അറുനൂറില്‍പ്പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 

പ്രശസ്തസാഹിത്യകാരനും, നാടക രചയിതാവും പത്രാധിപരുമൊക്കെയായിരുന്ന ഈ.വി.കൃഷ്ണപിള്ളയുടെ ആണ്‍മക്കളില്‍ നാലാമത്തേയാളായിരുന്നു ഭാസ്‌കരന്‍ നായര്‍. അമ്മയാണെങ്കില്‍ മലയാളത്തിലെ ആദ്യകാല നോവലിസ്റ്റും, അഭിനേതാവും, നാടകരചയിതാവുമായിരുന്ന സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയും. കലാപാരമ്പര്യംകൊണ്ട് സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് രംഗവേദിയിലേക്ക് കടന്നു വരാനും പ്രഗല്ഭനായ ഒരു അഭിനേതാവായിത്തീരാനും ഭാസിക്ക് അനായാസം കഴിയുകയും ചെയ്തു. 

തിരുവനന്തപുരത്ത് 1927-ല്‍ ആയിരുന്നു ഭാസി ജനിച്ചത്. സന്തോഷകരമായി കുടുംബ ജീവിതം നയിച്ചു വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഈ.വി.കൃഷ്ണപിള്ള അന്തരിച്ചത്. അതോടെ ജീവിത പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്ന മഹേശ്വരിയമ്മയും മക്കളും ഈ.വി.യുടെ കുടുംബസ്ഥലമായ അടൂരിലേക്ക് പോയി. ചെറിയ ക്ലാസ്സുകളിലൊക്കെ പഠിക്കാന്‍ ഭാസിയ്ക്ക് കഴിഞ്ഞത് അടൂരിലായിരുന്നു. ഇന്റര്‍മീഡിയേറ്റിന് പഠിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പിന്നീട് തിരുവനന്തപുരത്തേക്ക് വന്നത്. എം.ജി.കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്ന ഭാസി തിരുവനന്തപുരത്ത് കലാപ്രവര്‍ത്തനങ്ങളില്‍ വല്ലപ്പോഴുമൊക്കെ പങ്കുകൊള്ളുകയം ചെയ്തിരുന്നു.

കുട്ടിക്കാലത്തു തന്നെ സാഹിത്യ രചനയില്‍ മാത്രമല്ല നാടകരചനയിലും അത് രംഗത്തവതരിപ്പിക്കുന്നതിലും ഭാസി താല്പര്യം കാട്ടിയിരുന്നു. ഇതിനിടയില്‍ എം.ജി.കോളേജില്‍ രണ്ടുവര്‍ഷത്തെപഠനം കഴിഞ്ഞു ടെക്സ്റ്റയില്‍ ടെക്‌നോളജി പഠിക്കുവാന്‍ മധുരയിലേക്ക് പോയി. ആ വിഷയത്തില്‍ ഡിപ്ലോമ നേടിയെങ്കിലും ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങികൂടാന്‍ ആ സര്‍ഗ്ഗശേഷിയുള്ള കലാകാരന് കഴിഞ്ഞില്ല. വീണ്ടും തിരുവനന്തപുരത്ത് തന്റെ ആവേശമായ അഭിനയം പ്രകടമാക്കാന്‍ നശ്രമം തുടങ്ങി. അതില്‍ ഭാസി വിജയം കൈവരിക്കുകയും ചെയ്തു. 

മലയാള സിനിമാ രംഗം അക്കാലത്ത് പച്ചപിടിച്ച് വരാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപൂര്‍വ്വമായി ചിത്രങ്ങള്‍ പുറത്തുവന്ന് ജനങ്ങളെ വശീകരിച്ച് കൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്തെ മെരിലാന്റ് സ്റ്റുഡിയോയും, ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയും ഏതാനും ചിനത്രങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. മെരിലാന്റ് സ്റ്റുഡിയോയില്‍ വച്ച് പി.ആര്‍.എസ്.പിള്ളയും വിമല്‍കുമാറും ചേര്‍ന്ന് ഒരു ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചു. ഇതില്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ കഥയും തിരക്കഥയുമെഴുതി അഭിനയിച്ചു. 'തിരമാല' എന്ന ഈ ചിനത്രം നിര്‍മ്മിക്കപ്പെട്ടത് 1953 ലായിരുന്നു. ഈ ചിത്രത്തില്‍ വളരെ ചെറിയ ഒരു റോള്‍ അഭിനയിച്ചു കൊണ്ട് ഭാസി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചു. അന്ന് തിരമാലയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് പിന്നീട് പ്രശസ്തനായ രാമുകാര്യാട്ട് എന്ന സംവിധായകനായിരുന്നു. 

അതിനുശേഷം പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ നാടകങ്ങളില്‍ അഭിനയിച്ചും, മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഭാസി തിരുവനന്തപുരത്തു തന്നെ കഴിഞ്ഞു. തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്‍' എന്ന നാടകം സിനിമയാക്കാന്‍ രാമുകാര്യാട്ട് തീരുമാനിക്കുകയും, പ്രധാനവേഷങ്ങളില്‍ സത്യനെയും അംബികയെയുമൊക്കെ താരങ്ങളായി നിശ്ചയിക്കുകയും ചെയ്തു. ഭാസിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കാര്യാട്ട് ശ്രദ്ധിക്കപ്പെട്ട ഒരു റോള്‍ അതില്‍ നല്‍കി. അതോടെ ഭാസി അറിയപ്പെട്ട ഒരു നടനായിത്തീര്‍ന്നു. 

ഏതു വേഷവും തികഞ്ഞ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുവാന്‍ കഴിയുമായിരുന്ന ഭാസിക്ക് ജനനപ്രീതി കൂടുതല്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഹാസ്യത്തിന്റെ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു. മലയാള സിനിമയിലെ സംവിധായകര്‍ക്ക് ഒരു കുതിക്കുന്ന റബ്ബര്‍ പന്ത് പോലെയായിരുന്നു ഭാസി. വെണമെങ്കില്‍ ഏതളവിലും ആ അഭിനയചാതുരി ഉപയോഗപ്പെടുത്താം. ഒരു കാര്യം മാത്രം, ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വേണം അതളന്നെടുക്കാന്‍. കോമഡിയായാലും സ്വഭാവനടന്റെ വേഷമായാലും എല്ലാം ധാരാളിത്തത്തോടെ ആ സര്‍ഗ്ഗധനന്‍ അവതരിപ്പിച്ചെന്നിരിക്കും. അത്ര മാത്രം അടിത്തറ ആ അഭിനയമികവിനുണ്ടായിരുന്നു.

അഭിനയത്തില്‍ മാനത്രമല്ല പച്ചയായ ജീവിതനിരീക്ഷണത്തിലും ആ ഭാവന മികച്ച് നിന്നിരുന്നു. പല ചെറിയ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് സുഹൃദ് സദസില്‍ അവതരിപ്പിച്ച് മറ്റുള്ളവരെ രസിപ്പിക്കുന്നതിനുള്ള കഴിവും അപാരമായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതുമാണ്. പ്രശസ്തനായ പ്രാസംഗികനും കൗമുദിവാരികയുടെ പത്രാധിപരുമായിരുന്ന കെ.ബാലകൃഷ്ണന്‍ ദൂരയാത്രപോകുമ്പോള്‍ ഭാസിയേയും കൂടെ കൂട്ടുമായിരുന്നു. മനസ്സു തുറന്നു ചിരിക്കാന്‍ വേണ്ടിമാത്രം. ഈ.വി.കൃഷ്ണപിള്ളയുടെ ഈ മകന്‍ അന്നത്തെ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്നു.

ബൗദ്ധിക തലത്തിലുള്ള തമാശകള്‍ക്ക് ഭാസിയുടെ ആവനാഴിയില്‍ യാതൊരു ലോപവുമില്ലായിരുന്നു. ഷൂട്ടിംഗ് സെറ്റുകളില്‍ അത് മിക്കപ്പോഴും മുഴങ്ങിക്കേള്‍ക്കാം. അവരുടെ കൂട്ടത്തില്‍ തിക്കുറിശ്ശിയും ബഹദൂറും ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട. നിര്‍ദ്ദോഷമായ ഹാസ്യാവതരണമായിരിക്കും അതെന്ന് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം. സഹപ്രവര്‍ത്തകരെപ്പറ്റി കെട്ടുകഥകള്‍ സൃഷ്ടിക്കുവാന്‍ ഭാസിക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ആരും അത് വിശ്വസിച്ചുപോകും. 

മണ്ടന്മാരുടെ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ അടൂര്‍ഭാസിയെപ്പോലെ കഴിവ് പ്രകടമാക്കിയിട്ടുള്ള ഹാസ്യനടന്മാര്‍ അപൂര്‍വ്വമായിരുന്നു. ഭാസിയുടെ നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുള്ളത് ബഹദൂര്‍ എന്ന മറ്റൊരു ഹാസ്യ നടന് മാത്രമായിരുന്നു. മലയാളത്തിലെ ലാറല്‍ ആന്റ് ഹാര്‍ഡിമാരായി അവര്‍ അറിയപ്പെടുകയും ചെയ്തിരുന്നുവല്ലോ. അക്കാലഘട്ടത്തില്‍ പുറത്ത് വന്നിട്ടുള്ള ചിത്രങ്ങളില്‍ ഈ രണ്ടു പേരുടേയും സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായിരുന്നു. ഭാസി നായകനടനോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് മിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് കാണാം. 

പ്രേംനസീര്‍ ആയിരുന്നു നായകനടന്‍ എന്നതിന് സംശയവുമില്ല. രാഷ്ട്രീയ രംഗത്തും ഒന്ന് പയറ്റിനോക്കാന്‍ മടിച്ചില്ല അടൂര്‍ഭാസി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു കൗണ്‍സിലറാകുവാന്‍ വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയായും നിന്നിരുന്നു. അതില്‍ പരാജയം ഏറ്റുവാങ്ങിയ ഭാസി, രാഷ്ട്രീയ രംഗത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അവിടെ പണവും പ്രതാപവും നേടുന്നതിനുള്ള മറ്റൊരു വിശാലമായ രംഗം ഭാസിക്ക് വേണ്ടി തുറന്ന് കിടക്കുകയായിരുന്നു: അഭിനയം. അവിടെ ഹാസ്യാഭിനയത്തിന്റെ ഉന്നത പീഠത്തിലെത്താന്‍ അധികനാളൊന്നും വേണ്ടി വന്നില്ല ഭാസിക്ക്. ഭാസി അഭിനയിച്ച ചിത്രങ്ങളുടെ പേരുകള്‍ ഒന്നൊന്നായി എടുത്തുപറയാന്‍ തുനിഞ്ഞാല്‍ ഈ ലേഖനം വളരെ നീണ്ടുപോകും. എന്നാല്‍ എണ്ണപ്പെട്ട ചിത്രങ്ങളൂടെ പേരുകള്‍ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറ്റുരംഗങ്ങളിലുള്ള കഴിവിനെപ്പറ്റി പരാമര്‍ശിക്കാം. 

ഓടയില്‍ നിന്ന്, കാവ്യമേള, മുറപ്പെണ്ണ്, കാട്ടുതുളസി, സ്ഥാനാര്‍ത്ഥി സാറാമ്മ, ഇരുട്ടിന്റെ ആത്മാവ്, അച്ചാണി, നെല്ല്, മാന്യശ്രീ വിശ്വാമിത്രന്‍, നഗരമേ നന്ദി, ചിത്രമേള, ചട്ടക്കാരി, അന്വേഷിച്ചു കണ്ടെത്തിയില്ല. വിരുതന്‍ ശങ്കു, അഗ്‌നിപുത്രി, തുലാഭാരം, ലക്ഷപ്രഭു, മുച്ചീട്ടുകളിക്കാരന്റെ മകള്‍, നദി, മൂലധനം, വാഴ്‌വേമായം, പ്രിയ, ത്രിവേണി അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ഏതാനും ചിത്രങ്ങളിലെ അഭിനയമികവ് ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.

ഹാസ്യം മാത്രമല്ല ഏത് വേഷവും ആ രൂപത്തിന് ഇണങ്ങിച്ചേരുമെന്ന് വര്‍ഷങ്ങള്‍ കഴിയുന്തോറും തെളിയിക്കപ്പെട്ടുകൊണ്ടിരുന്നു. 'ചട്ടക്കാരി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1974-ലെ കേരള സര്‍ക്കാറിന്റെ നല്ല നടനെന്നുള്ള പുരസ്‌കാരം നേടിയത് ഭാസിയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മറ്റു രണ്ടു പുരസ്‌ക്കാരങ്ങള്‍ കൂടി ഭാസിയെത്തേടിയെത്തി. 1978-ലും 1979-ലും അവാര്‍ഡുകള്‍ നേടിയിരുന്നു.
ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുവാന്‍ നമ്മുടെ സംവിധായകര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. വെറും കോമഡിയന്‍ എന്നുള്ള നിലയില്‍ ഭാസിയെ തളച്ചിടുകയായിരുന്നു അവര്‍. 

അപൂര്‍വ്വം പ്രതിഭാശാലികളായ സംവിധായകര്‍ ആ നടനിലെ കഴിവുകള്‍ കണ്ടെത്തിയിരുന്നു എന്നതിന് തെളിവായിട്ട് ചൂണ്ടിക്കാട്ടാവുന്നത് ജോണ്‍ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍'. എന്ന ചിത്രമായിരുന്നു. 1978-ലെ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു.

വില്ലന്‍ വേഷങ്ങളില്‍ ഭാസി അഭിനയിച്ചു എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ മൂന്ന് ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസനേടിയെടുത്തു ഭാസി. 'കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യന്‍' എന്നീ ചിത്രങ്ങളിലാണ് വില്ലന്‍ കഥാപാനത്രമായി അഭിനയിച്ചത്. മാത്രമല്ല ഇരട്ട വേഷങ്ങളിലും അഭിനയമികവ് പ്രകടമാക്കിയ നടനായിരുന്നു അദ്ദേഹം. സാധാരണയായി നായക നടന്മാരാണ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കാറുള്ളത്. ഇവിടെ നായക നടനോടൊപ്പം പ്രാധാന്യം കല്പിച്ചിരുന്നു ഭാസിക്ക്. കൊട്ടാരം വില്ക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളില്‍ ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നതരത്തിലുള്ള അഭിനയചാതുരിയാണ് പ്രകടമാക്കിയിട്ടുള്ളത്.

ഭാസി അഭിനയിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1977-ല്‍ 'അച്ചാരം അമ്മിണിഓശാരം ഓമന', 'ആദ്യപാഠം' എന്നീ ചിത്രങ്ങളും, 1978-ല്‍ 'രഘുവംശം' എന്ന ചിത്രവുമായിരുന്നു അത്. അഭിനയ ജീവിതത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി ചിനത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഒരുമ്പെട്ടത് ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

ഒരേ രീതിയില്‍ത്തന്നെയുള്ള ഹാസ്യരംഗങ്ങള്‍ അവതരിപ്പിച്ച് മടുത്തപ്പോള്‍, ക്രിയാത്മകമായ മറ്റൊരു രംഗത്ത് പ്രവര്‍ത്തിച്ചു എന്നേ കരുതേണ്ടതുള്ളു. മുന്നും സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയായിരുന്നു 'അച്ചാരം അമ്മിണിഓശാരം ഓമന' എന്ന ചിത്രത്തിന്റെ നിര്‍മാതാവ്. നല്ലൊരു താരനിര തന്നെ ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഭാസിക്കും ബോബനും കഴിഞ്ഞു. ശാരംഗപാണിയാണ് ഇതിന്റെ കഥയും തിരക്കഥയും എഴുതിയത്. ഗാനങ്ങള്‍ പി.ഭാസ്‌കരനും സംഗീതം ജി.ദേവരാജനുമായിരുന്നു.

അഭിനയിക്കാനുള്ള തന്റെ റോളില്‍ ഒരു ഗാനം ആവശ്യമാണെന്ന് വന്നാല്‍, അത് ആലാപനം ചെയ്യാനും ഒരു ഗായകന്‍ കൂടിയായ ഭാസിക്ക് കഴിഞ്ഞിരുന്നു. ഒന്‍പതോളം ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത 'ആദ്യകിരണങ്ങളിലെ 'ആനച്ചാല്‍ ചന്ത...' എന്ന് തുടങ്ങുന്ന ഗാനം വളരെയധികം നേപ്രക്ഷകരെ രസിപ്പിക്കുകയും അഭിനയമികവ് കൊണ്ട് ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതുമാണ്.

'സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന ചിത്രത്തിലെ 'വോട്ടില്ല, വോട്ടില്ല.... കടുവാപ്പെട്ടിക്കോട്ടില്ല'- 'ലോട്ടറി ടിക്കറ്റ്' എന്ന ചിത്രത്തിലെ 'ഒരു രൂപാനോട്ടുകൊടുത്താല്‍... 'ആഭിജാത്യത്തി'ലെ 'തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളിവണ്ടി...' എന്നീ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഹാസ്യഗാനങ്ങള്‍ പാടുന്നതിന് യോജിച്ച ശബ്ദമായിരുന്നു ഈ നടനുണ്ടായിരുന്നത്. കാട്ടുകുരങ്ങ്, തെക്കന്‍ കാറ്റ് സാക്ഷി, ചക്രവാകം കണ്ണൂര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. സിനിമാരംഗത്തെ ഒരു ബഹുമുഖ പ്രതിഭ എന്ന് ഭാസിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഭാസിയുടെ അഭിനയശൈലി അനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ തുടര്‍ന്നാണ് നൂതന പ്രവണതകള്‍ ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടത്. മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു എന്നത് വിസ്മരിക്കാനാവില്ല.
ഒരു ജീവിതകാലം മുഴുവന്‍ നാടകാഭിനയരംഗത്തും സിനിമയിലും കഴിവുകള്‍ പ്രകടമാക്കി നിറഞ്ഞു നിന്ന ഭാസി 1990 മാര്‍ച്ച് മാസം 29-ാം തീയതി ഈ ലോകത്തോട് യാത്ര പറഞ്ഞു.

എന്‍.സി സേനന്‍

Tuesday, September 29, 2015

മമ്മൂട്ടിയെ മല കയറ്റാന്‍

കാഴ്ചപ്പാട്

ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്. അമ്പലവും കുളവും അരയാലുമൊക്കെയുള്ള പ്രകൃതിരമണീയമായൊരു ലൊക്കേഷനിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്.
രാവിലെ, സെറ്റ് റെഡിയാകുന്നതും കാത്തിരിക്കുമ്പോള്‍ ഒരു മനുഷ്യനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. കാവിമുണ്ടും ജുബ്ബയുമാണ് വേഷം. താടി ഇത്തിരി വളര്‍ന്ന് മുറ്റിയിട്ടുണ്ട്. തൊട്ടടുത്തു നടക്കുന്ന ഷൂട്ടിങ്ങിന്റെ ബഹളങ്ങളൊന്നും ആ മനുഷ്യനെ അലട്ടുന്നതേയില്ല. വളരെ ഏകാഗ്രതയോടെ, അമ്പലത്തിന്റെ പുറംമതിലിന്മേലുള്ള ഒരു പോയിന്റിലേക്ക് മാത്രം നോക്കി ഒറ്റ നില്‍പ്പാണ് കക്ഷി.
ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ഈ കക്ഷിയുടെ കാര്യം വിട്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് ലാല്‍ വിശ്രമിക്കാനിരുന്നു. അപ്പോഴും അയാള്‍ അതാ അവിടെത്തന്നെ ഒരിഞ്ചുപോലും മാറാതെ നില്‍ക്കുന്നു. കത്തിക്കാളുന്ന 
വെയിലാണെന്നതുപോലും അയാള്‍ക്ക് വിഷയമേയല്ല.
ഷൂട്ടിങ് വീണ്ടും തുടങ്ങി. സമയം സന്ധ്യയാകാറായി. ലൊക്കേഷന്‍ മാറ്റാനായി ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ ആ വിചിത്രമനുഷ്യനെ നോക്കി. അത്ഭുതം! അപ്പോഴും അയാള്‍ അവിടെത്തന്നെ.
മോഹന്‍ലാലിന് കൗതുകം അടക്കാനായില്ല. എന്തു സംഗതിയാവും ഇയാള്‍ ഇത്രയും സൂക്ഷ്മമായി നോക്കുന്നത്?
മോഹന്‍ലാല്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
'ഏയ്, നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് നോക്കുന്നത്?'
അയാള്‍ അത് കേട്ടഭാവം നടിച്ചില്ല. മോഹന്‍ലാല്‍ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ധ്യാനത്തില്‍നിന്നുണര്‍ത്തിയതിന്റെ കോപം കൊണ്ടെന്നപോലെ ലാലിനെ രൂക്ഷമായൊന്ന് നോക്കിയശേഷം അയാള്‍ അതേ പോയിന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ദാ, അവിടെ നോക്ക്.'
മോഹന്‍ലാല്‍ അവിടേക്ക് നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ചെങ്കല്ലിന്റെ ചതുക്കുകളല്ലാതെ ഒന്നുംതന്നെ അവിടെയില്ല. എങ്കിലും ക്ഷമയോടെ മോഹന്‍ലാല്‍ നോക്കിക്കൊണ്ടിരുന്നു. അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞ് കണ്ണ് കഴച്ചപ്പോള്‍ ലാല്‍ അയാളോട് പറഞ്ഞു: 'ഞാനൊന്നും കാണുന്നില്ലല്ലോ!'
ഗൗരവത്തിന് അല്പംപോലും കുറവില്ലാതെ അയാള്‍ മറുപടി പറഞ്ഞു:
'രാവിലെ മുതല്‍ നിന്നിട്ട് ഞാനൊന്നും കണ്ടില്ല. പിന്നെയല്ലേ പത്തു മിനിറ്റ് കൊണ്ട് നിങ്ങള് കാണുന്നത്...'
കിലുക്കം സിനിമയിലെ ആ വാചകം അറിയാതെ മോഹന്‍ലാലിന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് വീണു:
'വട്ടാണല്ലേ...'

പൃഥ്വിരാജിന്റെ ഇംഗ്ലീഷ്


ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാള്യത തോന്നാറുണ്ട്.

മമ്മൂട്ടിയെ മല കയറ്റാന്‍


മമ്മൂട്ടിയുടെ കോപത്തെക്കുറിച്ച് കഥകള്‍ ഒരുപാടുണ്ട്. ഈ സ്വഭാവമറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ചൂടാക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കാറുമില്ല.
മേഘത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ നടക്കുന്നു.
ഒരു കാട്ടുപ്രദേശത്താണ് ലൊക്കേഷന്‍. ഒരു ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനിലെ മരത്തണലിലിരുന്ന് സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: 'പ്രിയാ, സൂക്ഷിക്കണം. മൂര്‍ഖനൊക്കെ ഉള്ള സ്ഥലമാണ്.'
'ഇപ്പോ ഇവിടെ ഏതായാലും മൂര്‍ഖനില്ല. പക്ഷേ, ഉടനെ വരും, ഒരു പച്ചക്കാറില്‍.' പ്രിയദര്‍ശനിത് പറഞ്ഞുതീരുമ്പഴേക്കും പച്ചക്കാറില്‍ മമ്മൂട്ടി വന്നിറങ്ങി. അതോടെ കൂട്ടച്ചിരി മുഴങ്ങി. സംഭവം തിരക്കിയ മമ്മൂട്ടിയോട് ശ്രീനിവാസന്‍ ഇത്തിരി എരിവു കൂട്ടി, സംഭവം വിവരിച്ചുകൊടുത്തു.
'ഏതായാലും മൂര്‍ഖനാണല്ലോ, നീര്‍ക്കോലിയല്ലല്ലോ'. മമ്മൂട്ടി തിരിച്ചടിച്ചു.
ആ ദിവസം അടുത്തുള്ളൊരു കുന്നിന്റെ മുകളിലാണ് ഷൂട്ടിങ്. അങ്ങോട്ട് റോഡില്ലാത്തതിനാല്‍ ചെങ്കുത്തായ കയറ്റം നടന്നുതന്നെ കയറണം. മമ്മൂട്ടി, കുന്ന് നടന്നുകയറാന്‍ തയ്യാറാവുമോ എന്ന് ചിലര്‍ക്കൊരു ശങ്ക. ചര്‍ച്ച അതേക്കുറിച്ചായി. അപ്പോള്‍ ശ്രീനിവാസന്‍ നാടകീയമായി പ്രഖ്യാപിച്ചു: 'മമ്മൂട്ടി കുന്നു കയറിക്കോളും. പക്ഷേ, അതിനൊരു കാര്യം ചെയ്യണം...' ശ്രീനിവാസന്‍ സസ്‌പെന്‍സില്‍ നിര്‍ത്തി.
'അതെന്താണ്?' എല്ലാവരും ആകാംക്ഷാഭരിതരായി.
ഗൗരവം വിടാതെ ശ്രീനിവാസന്‍ പറഞ്ഞു: 'കടുംനിറത്തിലുള്ള കുറേ ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ കുന്നിന്‍മുകളില്‍ നിന്നാല്‍ മതി. മമ്മൂട്ടി താനേ കയറിക്കോളും.'
'ഇടിവെട്ട്' കുപ്പായങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പത്തെക്കുറിച്ച് അറിയാവുന്ന സദസ്സ് വീണ്ടുമൊരു ചിരിയില്‍ മുങ്ങി.
മമ്മൂട്ടി പതിവുപോലെ കോപത്തിലും

Saturday, January 24, 2015

പത്മരാജന്‍ എന്ന കുസൃതിക്കാരന്‍

രാധാലക്ഷ്മി

ഗൗരവക്കാരനും മിതഭാഷിയുമായ പത്മരാജനെ മാത്രമെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതുപോലെതന്നെ അദ്ദേഹത്തിന്റെ ആദ്യകാലതിരക്കഥകള്‍ വായിച്ചിട്ടാവാം സെക്‌സിന്റെയും വയലന്‍സിന്റെയും ഒക്കെ ഒരു വക്താവായിട്ട് പത്രക്കാരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. പക്ഷേ, ഇതിനൊക്കെ അപ്പുറത്ത്, അധികം പുറത്തറിയപ്പെടാത്ത മറ്റൊരു മുഖം കൂടി പത്മരാജനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ മുന്‍പില്‍ മാത്രം പുറത്തെടുക്കുന്ന ഒരു കുസൃതിക്കാരന്റെ മുഖം.

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്ന വ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട 'ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലോട്ട് ഓടിവരുന്നു. അറുപത്തിയാറ്അറുപത്തിയേഴ് കാലമാണ്. ഞങ്ങള്‍ കത്തുകളിലൂടെ പരസ്​പരം അറിഞ്ഞിരുന്ന സമയം. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ഒരു പ്രഭാതം. അക്കാലത്തെ മതപ്രചരണത്തിനായി ചില കൃസ്തീയ പാതിരിമാര്‍ ആകാശവാണിയില്‍ വരിക ഒരു പതിവായിരുന്നു. ഒരിക്കല്‍ ഈ ആവശ്യവുമായി ഒരു പാതിരി അവിടെ വന്നപ്പോള്‍ കൊണ്ടുവന്ന ഒരു നോട്ടീസ് ഡ്യൂട്ടിറൂമിലെ മേശപ്പുറത്ത് വച്ചിട്ടുപോയി. നോട്ടീസ് വായിച്ച പത്മരാജന് ഒരു
കുസൃതി തോന്നി. ഉടനെ തന്നെ ഉച്ചയ്ക്കും വൈകിട്ടും ഡ്യൂട്ടിക്ക് വരുന്ന അനൗണ്‍സര്‍മാര്‍ക്ക് കാണാനായി അദ്ദേഹം ഒരു നോട്ടു കുറിച്ചു വച്ചു.'ഈ നോട്ടീസില്‍ക്കാണുന്ന വിവരങ്ങള്‍ പരിപാടികള്‍ക്കിടയ്ക്കുള്ള സമയങ്ങളില്‍ ഫില്ലറുകള്‍ ആയി കൊടുക്കണം' എന്ന്. അതോടൊപ്പം ആ നോട്ടീസും പിന്‍ ചെയ്തു വച്ചു.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വന്ന അനൗണ്‍സര്‍ക്ക് സൂത്രം പിടികിട്ടിയെങ്കിലും, രാത്രി വന്നയാള്‍ ഇതു സത്യമെന്ന് ധരിച്ചു. അന്നാണെങ്കില്‍ ന്യൂസ് തുടങ്ങുന്നതിന് രണ്ടു മിനുട്ട് മുന്‍പ് പരിപാടി തീരുകയും ചെയ്തു. നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി വായിച്ചവതരിപ്പിക്കാന്‍, നിനച്ചിരിക്കാതെ പൊടുന്നനവേ വീണുകിട്ടിയ ഈ അവസരം അനൗണ്‍സര്‍ ഉപയോഗപ്പെടുത്തി. അദ്ദേഹം നല്ല ശ്ബദമോഡുലേഷനോടെ നോട്ടീസ് വായിച്ചു തുടങ്ങി'നിങ്ങള്‍ അവനെ കാല്‍വരി മലയുടെ മുകളിലേക്ക് അടിച്ചു കയറ്റിയില്ലേ?...' തെറ്റുകൂടാതെ ഒറ്റയടിക്ക് ആ നോട്ടീസ് മുഴുവന്‍ അനൗണ്‍സര്‍ വായിച്ചു'അവനാരാണ്? അവനല്ലോ യേശു'...എന്ന് വികാരാവേശത്തോടെ പ്രേക്ഷകരോട് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിറുത്തി. അതു മുഴുവന്‍ ആകാശവാണി തൃശൂര്‍നിലയം അന്ന് പ്രക്ഷേപണം ചെയ്തു. പരിഭ്രമിച്ച മുഖവുമായി സ്റ്റുഡിയോ വാതില്‍ തള്ളിത്തുറന്ന് ഡ്യൂട്ടി ഓഫീസര്‍ എത്തിയപ്പോഴാണ്, താന്‍ നല്ലതു പോലെ ആ നോട്ടീസുമുഴുവന്‍ വായിച്ചല്ലോ എന്ന ആത്മസംതൃപ്തിയുമായി പേപ്പറില്‍ നിന്നും അനൗണ്‍സര്‍ കണ്ണെടുക്കുന്നത്.
വിവരം അറിഞ്ഞപ്പോള്‍ അനൗണ്‍സര്‍ ആകെ പരിഭ്രമിച്ചു. സംഭവം വളരെ സീരിയസ്സ് ആണെന്ന് ഡ്യൂട്ടി ഓഫീസര്‍ അദ്ദേഹത്തോട് പറഞ്ഞു. ഭാഗ്യത്തിന് നാല് അനൗണ്‍സര്‍മാരും ഡ്യൂട്ടി ഓഫീസറും അല്ലാതെ മറ്റാരുംതന്നെ ഈ സംഭവം മനസ്സിലാക്കിയില്ല. ഏതായാലും ആ അനൗണ്‍സറുടെയും ഡ്യൂട്ടി ഓഫീസറുടെയും ജോലി പോകാതെ ഇക്കാര്യം എങ്ങനെയാണ് ഒതുക്കിയതെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.പില്‍ക്കാലത്തും അദ്ദേഹം ഒരുപാട് കുസൃതികള്‍ ഇതു പോലെ ഒപ്പിച്ചിട്ടുണ്ട്.

പത്മരാജന് തിരുവനന്തപുരത്തോട്ട് മാറ്റമായ കാലം. തൃശ്ശൂര് അദ്ദേഹത്തിന് ഉണ്ണിമേനോനും വര്‍ക്കിയും വിജയന്‍ കരോട്ടും തുളസിയും ഒക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ്‌വലയം തന്നെ ഉണ്ടായിരുന്നു. ആരോടെങ്കിലും ഒക്കെ ദേഷ്യം തോന്നുമ്പോള്‍ അവരെക്കുറിച്ച് കവിതകള്‍ എഴുതിയുണ്ടാക്കി നോട്ടീസ് അച്ചടിപ്പിക്കലും മറ്റും ഈ സുഹൃദ് സംഘത്തിന്റെ സ്ഥിരം പരിപാടികളായിരുന്നു. കളിയായിട്ട്, പരസ്​പരം പാരവയ്ക്കലും ഒരു പതിവു വിനോദമായിരുന്നു ഇവര്‍ക്ക്.

പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അന്തരിച്ച, സാഹിത്യകാരനായ വിജയന്‍ കരോട്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ. പത്മരാജന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തൃശ്ശൂരിലെ സുഹൃത്തുക്കളുമായി അടുത്തിടപഴകാനുള്ള അവസരവും നഷ്ടപ്പെട്ടു.

അക്കാലത്ത് പത്മരാജനും വിജയന്‍ കരോട്ടും വിനോദമായി വച്ചു നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയാണ് മാധ്യമങ്ങളിലൂടെയുള്ള വേലവയ്പ്.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോള്‍ വിജയന്‍ കരോട്ട് എന്ന ശ്രോതാവിന്റെ പേര് റേഡിയോവിലൂടെ ഇടയ്ക്കിടക്ക് വിളിച്ചുപറയുക പത്മരാജന്‍ ഒരു പതിവാക്കി. മിക്കവാറും കേള്‍ക്കാന്‍ ഏറ്റവും ഇമ്പം കുറഞ്ഞ പാട്ടുകളോടൊപ്പമാവും ഈ പേരു വിളിച്ചു പറയുന്നത്. ആദ്യമൊന്നും വിവരം കരോട്ട് അറിഞ്ഞിരുന്നില്ല. ക്രമേണ, മറ്റു സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഇതിന്റെ പുറകില്‍ ആരുടെ കൈകളാണ് എന്ന സത്യം കരോട്ട് മനസ്സിലാക്കുന്നത്.

അതോടെ തിരിച്ചുവേലവയ്ക്കാനുള്ള പദ്ധതികള്‍ കരോട്ട് ആസൂത്രണം ചെയ്തു. പിന്നെ, എറണാകുളത്തുനിന്നും ഇറങ്ങുന്ന ചില കൊച്ചു വാരികകളിലൊക്കെ പത്മരാജന്റെ പേരില്‍ ഓരോ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. കെ.ആര്‍. വിജയയ്ക്ക് ഗര്‍ഭമാണോ? ജയലളിതയുടെ വിലാസമെന്താണ്? എന്നീ ടൈപ്പിലുള്ള കുറെ ചോദ്യങ്ങള്‍. പിന്നെ വേലവയ്പ്പിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിച്ചു. ആകാശവാണിയിലെ എഴുത്തുപെട്ടിയിലും കരോട്ടിന്റെ കത്തുകളും (പേരും) കടന്നുവന്നു. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നാടകം കേട്ട് കരഞ്ഞു പോയി. സേതുനാഥന്റെ ചിത്രീകരണം കരളില്‍ ആഞ്ഞുതറച്ചു.ഗംഗാധരന്‍ നായരുടെ ഗാനം കേട്ട് ഉറങ്ങിപ്പോയിഎല്ലാം ആസ്വാദനങ്ങള്‍.

ഇത് കരോട്ടിന് വലിയൊരു തോല്‍വിയായിരുന്നു. ഇതിനു ബദലായി കരോട്ട് ഒരു കഥ എഴുതി. സിനിലാന്റ് എന്നോ മറ്റോ പേരുള്ള ഒരു പത്രമാസികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് അമ്മുക്കാശ്!
അമ്മുക്കാശ് എന്നൊരു പേര് എന്റെ കൂട്ടുകാരിക്കല്ലാതെ വേറെ ഒരാള്‍ക്കും ഞാന്‍ കേട്ടിട്ടില്ല. സിനിലാന്റ് ചിറ്റൂരെങ്ങും കേട്ടറിവുപോലുമില്ലാത്ത ഒരു മാസികയായത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ ആ കഥയുടെ പേരിലും ഞാന്‍ ക്രൂശിക്കപ്പെട്ടേനേ. നേരത്തേതന്നെ പത്മരാജന്‍ പാര്‍വ്വതിക്കുട്ടി എന്ന കഥ എഴുതിയ തിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അത്രയ്ക്കായിരുന്നല്ലോ.

പാര്‍വ്വതിക്കുട്ടിയില്‍ അമ്മുക്കാശും ഒരു കഥാപാത്രമാണ്. ആ പേരില്‍ കൗതുകം തോന്നിയതുകൊണ്ട്, അതാരാണെന്ന് കരോട്ട് പത്മരാജനോട് അന്വേഷിച്ചു. അത് ആ കഥയില്‍ത്തന്നെ ഉണ്ടല്ലൊ, എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.

ഏതായാലും പ്രേമപ്പൂഞ്ചോലയില്‍ നഞ്ചുകലക്കിക്കളയാം എന്ന് വിജയനും തീരുമാനിച്ചു. അതോടെ വിജയന്‍ എഴുതുന്ന എല്ലാകഥകളിലും കാമുകന്റെ പേര് പപ്പു എന്നും കാമുകിയുടെ പേര് അമ്മുക്കാശ് എന്നും ആയി. ആയിടയ്ക്ക് കേരള ശബ്ദത്തില്‍ വിജയനെഴുതി ഋഷി എന്നൊരു കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പപ്പു കാമുകനായും അമ്മുക്കാശ് പരാമര്‍ശിക്കപ്പെടുന്ന വേറൊരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

പിന്നീടെപ്പോഴാണ് ഈ മാധ്യമ യുദ്ധം അവസാനിച്ചതെന്ന് എനിക്കോര്‍മയില്ല.
ഇത്തരത്തില്‍ യൗവ്വനത്തിളപ്പില്‍ പത്മരാജനും കൂട്ടരും കാണിച്ചിട്ടുള്ള
കുസൃതികള്‍ക്ക് കൈയും കണക്കുമില്ല. പില്‍ക്കാലത്തും അദ്ദേഹം ഒട്ടനവധി കുസൃതികള്‍ ഇതുപോലെ ഒപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധസാഹിത്യകാരനായ ജയനാരായണനും തൃശ്ശൂരിലെ പത്മരാജന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പെട്ടെന്നു തോന്നിയ ദേഷ്യത്തിന് ജോലിയെടുക്കുന്ന ഓഫീസില്‍ രാജിക്കത്തും എഴുതിക്കൊടുത്ത് ജയനാരാണയന്‍ നേരെ വന്നത് തിരുവനന്തപുരത്ത് പത്മരാജന്‍ വാടകയ്‌ക്കെടുത്തു താമസിക്കുന്ന വീട്ടിലോട്ടാണ്. ഇടയ്ക്കിടക്ക് വന്ന് കൂടെ താമസിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരുപാട് സൃഹൃത്തുക്കള്‍ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ജയനാരായണനാകട്ടെ പെട്ടെന്ന് പോകാന്‍ വന്ന ആളല്ലായിരുന്നു.

സ്‌നേഹത്തിന്റെ മുമ്പില്‍, എന്നും തരളിതമാകുന്ന ഒരു പ്രത്യേകതരം വ്യക്തിത്വമായിരുന്നു പത്മരാജന്റേത്. അവിടെ കണക്കുപറച്ചിലുകള്‍ക്കോ പരിഭവങ്ങള്‍ക്കോ ഒന്നും യാതൊരു സ്ഥാനവും അദ്ദേഹം കൊടുത്തിരുന്നില്ല.

ജോലിയില്ലാതായതോടെ, ക്രമേണ, ജയനാരാണന്റെ കൈയിലെ പൈസയും തീര്‍ന്നു. പത്മരാജന്റെ പോക്കറ്റും കാലിയായിരുന്നു. ഒരു ദിവസം ജയനാരായണന്‍ പത്മരാജനോട് ചോദിച്ചു. നിന്റെ കഴുത്തില്‍ കിടക്കുന്ന ആ മാലയൊന്നു തരാമോ പണയം വയ്ക്കാന്‍ എന്ന്. അക്കാലത്ത് പത്മരാജന്‍ കഴുത്തിലിട്ടുകൊണ്ടിരുന്ന ഒരു മാലയുണ്ട്. ഇരുവശത്തും സ്വര്‍ണ്ണം പൊതിഞ്ഞ, കൊച്ച് രുദ്രാക്ഷം പോലത്തെ മുത്തുകള്‍ കൊരുത്ത ഒരു മാല. ജയനാരായണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം ആ മാല പണയം വയ്ക്കാനായി കൊടുത്തു. സന്തുഷ്ടനായ ജയനാരായണന്‍ താമസിയാതെ മാല പണയം വച്ച് ഹുണ്ടികക്കാരന്റെ പക്കല്‍നിന്നും പണവും വാങ്ങി ധനവാനായി വീട്ടില്‍ തിരിച്ചെത്തി. കുറച്ചുനേരം കഴിയുമ്പോഴേക്കും പണയമെടുത്ത ഹുണ്ടികക്കാരന്‍ ഓടിപ്പിടിച്ചു വരുന്നത് ഒരു കുസൃതിച്ചിരിയോടെ പത്മരാജന്‍ നോക്കിയിരുന്നു. എന്തെന്നാല്‍ രുദ്രാക്ഷത്തിനു ചുറ്റും പൊതിഞ്ഞു കെട്ടിയിരുന്നത് സ്വര്‍ണ്ണം പൂശിയ മുക്കായിരുന്നു എന്ന സത്യം പത്മരാജനുമാത്രം അറിയാമായിരുന്ന ഒരു സത്യമാണല്ലോ!

അന്ന് ജയനാരായണന്‍ തല്ലുകൊള്ളാതെയും പോലീസ് കേസില്‍ പെടാതെയും രക്ഷപ്പെട്ടത് ഒരു പക്ഷേ, പത്മരാജന്റെതന്നെ, സമയത്തുള്ള ഇടപെടല്‍ കൊണ്ടാവാം.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ മെര്‍ക്കാറയില്‍ വച്ചും പത്മരാജന്‍ ഈ പഴയ കുസൃതി പുറത്തെടുത്തു. അന്ന് അദ്ദേഹത്തിന് കൂട്ടായി ക്യാമറാമാന്‍ വേണുവും സഹസംവിധായകന്‍ ജോഷിമാത്യുവും ഉണ്ടായിരുന്നു.
മെര്‍ക്കാറയില്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ പ്രേതവാസമുള്ള ഒരു കെട്ടിടമാണെന്നു പറഞ്ഞ് നടികളായ ശ്രീവിദ്യയേയും ശോഭനയേയും ഭയപ്പെടുത്തിയതും അര്‍ദ്ധരാത്രിയില്‍ പ്രേതവേഷം കെട്ടിയ വേണുവിനെ അവര്‍ താമസിക്കുന്ന മുറിയുടെ മുമ്പിലോട്ടയച്ച് അടുത്തുള്ള തൂണിന്റെ പുറകിലോ മറ്റോ ഒളിച്ചുനിന്ന് അമര്‍ത്തിച്ചിരിപ്പിച്ചതും പ്രേതത്തെ കണ്ടു ഭയന്ന് ശോഭന ബോധംകെട്ട് വീണപ്പോള്‍ ആകെ അബദ്ധരായി മുറിയിലോട്ട് ഓടിവന്ന് വാതിലടച്ചിരുന്നതും പിറ്റേന്നുകാലത്ത് ശോഭനയെ സത്യം മനസ്സിലാക്കിക്കാന്‍ പാടുപെട്ടതും എല്ലാമെല്ലാം അദ്ദേഹം തന്നെയാണല്ലോ എന്നോടും മക്കളോടും പറഞ്ഞത്.

അവസാനമായി ജനവരിമാസത്തിലും അദ്ദേഹം എന്നോടൊരു കുസൃതി കാണിച്ചു.

ഗന്ധര്‍വ്വന്റെ ഷൂട്ടിങ് കഴിഞ്ഞുവരുമ്പോള്‍ അദ്ദേഹം പതിവിന് വിപരീതമായി ഒരുപാട് സെറ്റ് ഡ്രസ്സുകള്‍ കൊണ്ടുവന്നിരുന്നു. ഇവിടെവന്നപ്പോള്‍ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഇവിടുള്ള അലമാരകളൊന്നും പോര. ഉടനെ ഗോദ്‌റേജിന്റെ പുതിയ ഒരലമാര വാങ്ങിച്ചുകളയാം എന്നദ്ദേഹം എന്നോടു പറഞ്ഞു. അല്ലെങ്കില്‍തന്നെ ഇവിടുള്ള ചുമരലമാരകള്‍ക്കൊന്നും ഒരടച്ചുറപ്പുപോരാ എന്നൊരഭിപ്രായം ഞാന്‍ നേരത്തേ അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. ജനവരി ഏഴാം തീയതിയാണെന്നാണ് എന്റെ ഓര്‍മ്മ. പുതിയൊരലമാര ഞങ്ങള്‍ ഗോദ്‌റേജിന്റെ ഷോറൂമില്‍ നിന്നും തിരഞ്ഞെടുത്ത് പൈസയും കൊടുത്തു. അലമാര വീട്ടിലെത്തിക്കാനുള്ള ചുമതല അവരെത്തന്നെ ഏല്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി. അലമാര വന്നില്ല. ദിവസവും ഫോണില്‍ അദ്ദേഹം വിളിച്ചുചോദിക്കും. അവരെന്തെങ്കിലും ഒഴികഴിവു പറയും. നാലഞ്ചുദിവസം കഴിഞ്ഞൊരു വൈകുന്നരം ഞാന്‍ വനിതാ സമിതിയിലെ മീറ്റിങ്ങിനു പോയി തിരിച്ചുവന്നസമയം. ഇന്നും അലമാര വന്നില്ലല്ലോ എന്നു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍, അതെ, ഇന്നും വന്നില്ല. പൈസ വാങ്ങിച്ചുവച്ചിട്ട് ഇവന്മാര്‍ എന്താണവിടെ ചെയ്യുന്നതാവോ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന മകള്‍ മാധവിക്കുട്ടി ഇതുകേട്ട് ചിരിക്കാന്‍ തുടങ്ങി. കാര്യമെന്തെന്ന് എനിക്ക് പിടികിട്ടിയില്ല. എന്റെ മുഖം കണ്ടിട്ട് അദ്ദേഹവും മാതുവിനോട് എന്തഡാ മാഡാ ചിരിക്കുന്നത്? എന്നായി. അവള്‍ ഉറക്കെപ്പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവളുടെ കണ്ണുകള്‍ ഞങ്ങളുടെ മുറിയുടെ പടിഞ്ഞാറുവശത്തെ ചുമരിലായിരുന്നു. പെട്ടെന്ന് ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അലമാരി സുരക്ഷിതമായി അവിടെ ഇരിക്കുന്നു. അച്ഛനും മോളും കൂടെ ഉറക്കെയുറക്കെചിരിച്ചു. അമ്മ പറ്റിപ്പോയ് എന്ന് മാതു പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരുമായി പുതിയ എല്ലാ ഉടുപ്പുകളും അലമാരയിലോട്ട് മാറ്റി. പിന്നീട് നാലഞ്ചുദിവസങ്ങളിലായി, അബുദാബിയില്‍ നിന്നും കൊണ്ടുവന്ന ഒരുതരം ട്രാന്‍സ്‌പേരന്റ് ആയ പ്ലാസ്റ്റിക് കവറുകളടങ്ങിയ രണ്ടു മൂന്നു ഫയലുകളിലായി വീട്ടിന്റെയും തിരുവനന്തപുരത്തും മുതുകുളത്തും മറ്റും ഉള്ള എല്ലാ വസ്തുക്കളുടെയും ആധാരങ്ങളും ടാക്‌സ് അടച്ച പേപ്പറുകളടക്കം വീട്ടിലുള്ള എല്ലാ വിലപ്പെട്ട കടലാസ്സുകളും ഞങ്ങളാ ഫയലുകളിലാക്കി. ഇരുപത്തി രണ്ടാം തീയതി അദ്ദേഹം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പായിത്തന്നെ, ഏതു പേപ്പര്‍ ആവശ്യപ്പെട്ടാലും തിരയാതെ പെട്ടെന്നുതന്നെ എടുക്കാവുന്നതരത്തില്‍ അടുക്കിലും ചിട്ടയിലും ആക്കിവച്ചിട്ടാണ് ആ കുസൃതിക്കാരന്‍ തിരുവനന്തപുരം വിട്ടത്.

ഒരു പക്ഷേ, അദ്ദേഹത്തെ കാണാനൊക്കാതെ, ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നു ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ഈ ഇരുട്ടില്‍ തപ്പിത്തടയുന്ന എന്നെയും മക്കളെയും നോക്കി, ഒരു കുസൃതിച്ചിരിയുമായി അദ്ദേഹം കയ്യെത്താവുന്ന ദൂരത്തെങ്ങാനും നില്‍പ്പുണ്ടാവുമോ?

മാതൃഭൂമി പ്രസിദ്ധീകരിച്ച രാധാലക്ഷ്മിയുടെ 'ഓര്‍മ്മകളില്‍ തൂവാനമായി പത്മരാജന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്

Tuesday, September 9, 2014

കൊടിയേറ്റത്തിന്റെ കഥ

സ്വയംവരം എല്ലാ വിധത്തിലും വിജയകരമായിരുന്നു. വിവാദപരമായ സംസ്ഥാനതല തിരസ്‌കാരം, തുടര്‍ന്ന് ദേശിയ ബഹുമതികള്‍, എതിര്‍ത്തും അനുകൂലിച്ചും പ്രതികരണങ്ങള്‍ – കാണാനും ആള്‍ക്കാര്‍ കൂടി. അങ്ങനെ സാമ്പത്തികമായും സ്വയംവരം ചരിത്രം സൃഷ്ടിച്ചു. എങ്കിലും, അടുത്തൊരു സിനിമ ആരംഭിക്കുക എളുപ്പമായിരുന്നില്ല. സ്വയംവരത്തിന്റെ സാമ്പത്തികവിജയം ചിത്രലേഖ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഉത്തേജകമായി. ഞങ്ങള്‍ ക്യമറയും അത്യാവശ്യം ലൈറ്റുകളും, നേരത്തേ തന്നെ കരസ്ഥമാക്കിയിരുന്ന ശബ്ദലേഖന ഉപകരണവുമൊക്കെയായി ആക്കുളത്ത് ഒരു സ്റ്റുഡിയോ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അത്യാവശ്യം നിര്‍മ്മാണോപകരണങ്ങളെല്ലാം ഉണ്ടായിരിക്കെ പടമെടുക്കാനാവശ്യമായ പണം മാത്രം മുടക്കാനില്ലെന്ന അവസ്ഥയാണ് ഇതോടെ സംജാതമായത്. ഇതൊരു വിരോധാഭാസമായി ശേഷിക്കെത്തന്നെ വലിയ പണംമുടക്ക് ആവശ്യമില്ലാത്ത, kodiyettamകൈക്കൊതുങ്ങുന്ന ഒരു പടമെടുക്കുക എന്ന ആശയത്തിലാണ് ആലോചനകള്‍ ചെന്നെത്തിയത്. സ്വയംവരത്തിന്റെ വിജയാഘോഷങ്ങള്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. എന്ന് മാത്രമല്ല, എങ്ങനെയോ ഒത്തുകിട്ടിയ ഒറ്റപ്പടത്തിന്റെ മഹത്വമൂര്‍ത്തി (ഒണ്‍ ഫിലിം സെലിബ്രിറ്റി) എന്ന ആക്ഷേപപ്പേര് പിന്നാംപക്കത്ത് ചിലരൊക്കെ ആശ്വാസത്തോടെ വിളിച്ചുപറയുവാനും തുടങ്ങി. “ആദ്യത്തെ പടം സാരമില്ല, രണ്ടാമതൊന്ന് എടുക്കട്ടെ, അപ്പോള്‍ കാണാം’ എന്ന് തുടങ്ങിയുള്ള പൊതിഞ്ഞ വെല്ലുവിളികളും പരസ്യമായി ഉയര്‍ന്നു. കാര്യം ശരിയാണ്. ആദ്യ ചിത്രം നേരേ ആയില്ലെങ്കില്‍ ആത്മവിശ്വാസത്തിന്റെ അടിത്തറ തന്നെ ആടി ഉലയും. മറിച്ച് പ്രതീക്ഷിക്കാത്ത വിജയമാണ് ഉണ്ടാകുന്നതെങ്കില്‍ രണ്ടാം ചിത്രം നമ്മുടെ മേല്‍ ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങളുടെ ‘ഭാരം ഏറെയാവുന്നു. യാദൃച്ഛികമായോ അനര്‍ഹമായോ വന്നുചേര്‍ന്നതല്ലെങ്കിലും സ്വയംവരവിജയം ചെറുതല്ലാത്ത വീണ്ടു വിചാരങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഒരു പ്രകാരത്തില്‍ ഇത്തരത്തിലുള്ള പ്രസാദാത്മകമായ സമ്മര്‍ദ്ദം നമ്മെ ചുമതലാബോധമുള്ളവരാക്കുമെന്ന നല്ലൊരു വശം കൂടി ഈ അവസ്ഥയ്ക്ക് ഉണ്ടായിരുന്നു.

നാട്ടിന്‍പുറം വിട്ട് നഗരത്തിലേക്ക് വരികയാണ് സ്വയംവരം ചെയ്തതെങ്കില്‍, കൊടിയേറ്റം സ്വന്തം നാട്ടിന്‍പുറത്തേക്കും എന്റെ ശൈശവകൗമാര ദിനങ്ങളിലേക്കുമുള്ള ഒരു വിപരീതപ്രയാണമായിരുന്നു. കളിച്ചുല്ലസിച്ച് കൂട്ടുകാരുമായി മുഴുവന്‍ സമയവും ചുറ്റിത്തിരിഞ്ഞ അക്കാലം കഥകള്‍ നിറഞ്ഞതായിരുന്നു. പൂരിപ്പിക്കാത്ത, പൂര്‍ണ്ണമാക്കാത്ത, സംശയങ്ങളും ചോദ്യങ്ങളും ബാക്കിവച്ച ഒത്തിരി കഥകള്‍. ചിലപ്പോള്‍ വെറും കഥാശകലങ്ങള്‍, ഇനി ചിലപ്പോള്‍ വെറും നുണകള്‍ – ഒന്നൊഴിയാതെ എല്ലാം തന്നെ ഒരുവന്റെ ജിജ്ഞാസ ഉണര്‍ത്താന്‍ പോന്നവ. അടുക്കളയില്‍, കുളക്കടവില്‍, വയല്‍വരമ്പുകളില്‍ , സ്‌കൂള്‍ പരിസരങ്ങളില്‍, നാടകക്കൊട്ടകയില്‍ , കല്യാണ വീടുകളില്‍ ഒക്കെ കേട്ട കഥകള്‍ പലതും പൂര്‍ണ്ണമോ ആദിമദ്ധ്യാന്ത ന്യായങ്ങള്‍ അനുസരിച്ചവയോ ആയിരുന്നില്ല. കാണുകയും കേള്‍ക്കുകയും ഇടപഴകുകയും ചെയ്ത അവയിലെ കഥാപാത്രങ്ങളെയാവട്ടെ അങ്ങനെ കൃത്യമായി അടുത്തറിയുവാനും അവസരമുണ്ടായിരുന്നില്ല. നന്മയും തിന്മയും, നിന്ദയും നിഷ്‌കളങ്കതയും, കുശുമ്പും കുന്നായ്മയും, പകയും സ്‌നേഹവും, മത്സരവും സഹകരണവും, വിധേയത്വവും നിഷേധവും, കുറുമ്പും കുട്ടിത്തവുമെല്ലാം മറ്റെവിടെയും ഉള്ളതുപോലെ നാട്ടിന്‍പുറത്തുമുണ്ട്. ഏറ്റക്കുറച്ചിലുകള്‍ കാണാമെന്നു മാത്രം. ഞാന്‍ നേരിട്ടറിയുന്ന ഒരു വ്യക്തിയെ അതുപോലെ ഇളക്കിപ്രതിഷ്ഠിച്ചിരിക്കയല്ല സിനിമയില്‍ ചെയ്തിരിക്കുന്നത്. പരിചയസീമയിലുള്ള അനവധി പേര്‍ ചേര്‍ന്നാണ് ശങ്കരന്‍കുട്ടി എന്ന കഥാപാത്രം ജനിക്കുന്നത്. അയാളില്‍ ഇതെഴുതുന്ന ഞാനുമുണ്ട്. ഒരു കണ്ണ് പുറത്തേക്കു പിടിച്ചിരിക്കുമ്പോള്‍ത്തന്നെ മറ്റേ കണ്ണ് എന്നിലേക്കാണ് തിരിച്ചുവച്ചിരിക്കുന്നത്. ശങ്കരന്‍കുട്ടിയെ ഒരു മന്ദബുദ്ധിയായോ മണ്ടനായോ ഒക്കെ കാണുന്നവരുണ്ട്. ഞാനും എന്നെ ആ വകുപ്പില്‍ത്തന്നെ പെടുത്തി കാണുന്നു. സാമര്‍ത്ഥ്യം അല്പം കുറഞ്ഞ ശുദ്ധാത്മാക്കള്‍ ഇക്കാലത്ത് വളരെ വേഗം മണ്ടനെന്ന വിളി പ്പേര് നേടുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ദൃഷ്ടാവ് ഒരു മിടുക്കനാവുന്നു എന്നതാണ് ശ്രദ്ധേയം. (ഈ പ്രതിഭാസം കുറച്ചൊന്നുമല്ല കാഴ്ചക്കാരെ ശങ്കരന്‍കുട്ടിയോട് അടുപ്പിച്ചത്).

നാട്ടിന്‍പുറത്തെ അമ്പലത്തിലെ ഉത്സവം ഒട്ടേറെ പ്രത്യേകതയുള്ളതാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരുമെല്ലാം ഉത്സാഹപൂര്‍വം ഒത്തുകൂടുന്ന അപൂര്‍വ‘ഭംഗിയുള്ള ഒരാഘോഷമാണത്. ഇങ്ങനെ ഏവരും ഒത്തുചേരുന്നതു തന്നെ ഒരുത്സവമാണ്. ആചാരവെടി മുഴക്കി കൊടിയേറുന്നതോടെ ഉത്സവത്തിന്റെ മേളവും മുറുക്കവും ആരംഭിക്കുന്നു. ഒടുവില്‍ പത്താം ഉത്സവത്തോടെ കൊട്ടിക്കലാശം. വെടിക്കെട്ട്, കെട്ടുകാഴ്ചകള്‍, കമ്പക്കെട്ടിന്റെ ആകാശവിസ്മയങ്ങള്‍. ഉത്സവം കണ്ട് ചെറിയ രസങ്ങളുമൊക്കെയായി ഒഴുകി നടന്ന ശങ്കരന്‍കുട്ടി തട്ടിയും മുട്ടിയും തന്നിലെ താനെ അറിയുന്ന പ്രക്രിയയെപ്പറ്റിയാണ് സിനിമ.
പുറമേ നിന്ന് ഒരിടപെടലും നടത്തിയിട്ടില്ല എന്ന തോന്നലാണ് പ്രേക്ഷകനില്‍ ഉളവേക്കേണ്ടിയിരുന്നത്. ശങ്കരന്‍കുട്ടിയുടെ ജീവിതത്തെ സത്യസന്ധമായി ഒപ്പിയെടുത്തുവെന്ന തോന്നല്‍ കാഴ്ചക്കാരനില്‍ ജനിപ്പിക്കയും വേണം. ഇതത്ര എളുപ്പമല്ല എന്നറിഞ്ഞുകൊണ്ടുതന്നെ വിശദമായ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിത്തുടങ്ങി. വേണ്ടുവോളം സമയമെടുത്തു തന്നെയായിരുന്നു ആ പ്രക്രിയ. സഹായിയായി ഗോപിയും കൂടി. ചിലപ്പോള്‍ വളരെ വേഗത്തിലും ഇനി ചിലപ്പോള്‍ അത്യന്തം സാവകാശത്തിലും ഞാന്‍ പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്ന തിരക്കഥ ഗോപി ക്ഷമാപൂര്‍വം കടലാസിലേക്കു പകര്‍ത്തി. അവധി ദിവസങ്ങളില്‍, വടയക്കാട്ട് മുക്കില്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീട്ടില്‍വച്ചായിരുന്നു എഴുത്ത്. മിക്കവാറും ദിവസങ്ങളില്‍ എന്റെ സഹധര്‍മ്മിണി ഊണ് റെഡിയായി എന്ന് ക്ഷണിക്കുമ്പോഴേക്ക് ഒരൂ ഊണിന്റെ രംഗം എഴുതിക്കൊണ്ടിരിക്കയായിരിക്കും. അപ്പോഴെല്ലാം ഗോപിയുടെ കമന്റാവും, “ഊണ് സീന്‍ എത്ര കൃത്യമായി വന്നിരിക്കുന്നു!’ എന്ന്. (പടം ഇറങ്ങിയപ്പോള്‍, “ഇത്രയധികം ശാപ്പാട് രംഗങ്ങള്‍ വേണമായിരുന്നോ?’ എന്ന് ചോദിച്ചവരുണ്ട്). ഗോപിയെ ഏറ്റവും അതിശയിപ്പിച്ചത് തിരക്കഥ എഴുതിത്തീര്‍ത്ത ദിവസം ശങ്കരന്‍കുട്ടിയായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് പറഞ്ഞപ്പോഴാണ്. “ഞാന്‍ മതിയോ?’ എന്ന് ഗോപി സംശയിച്ചപ്പോള്‍ ഞാനുറപ്പിച്ചു, “നിങ്ങള്‍ തന്നെ മതി, നന്നാവും’. സ്വയംവരത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായി ഡയറിയില്‍ കുറിച്ചിട്ടിരുന്ന കാര്യം അപ്പോള്‍ ഗോപി ഉറക്കെ ഓര്‍മ്മിച്ചു. സ്റ്റുഡിയോ കോമ്പൗണ്ടില്‍ ശങ്കരന്‍കുട്ടിയുടെ ഓലപ്പുര പണിതു. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ മദ്ധ്യതിരുവിതാംകൂറിന് പകരം നിന്നു. ഉത്സവങ്ങള്‍ നടന്ന അമ്പലങ്ങളില്‍ ക്യാമറയും താരമല്ലാത്ത നടനുമായി പോയി ഷൂട്ട് ചെയ്തു. പടത്തില്‍ നിറഞ്ഞുനിന്ന ബഹുജനം ഒട്ടുമേ അറിയാതെ ക്യാമറ ഒളിച്ചുവച്ചാണ് ഇത് സാധിച്ചത്.വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും പണ്ടം പണയം വച്ചുമൊക്കെ ഏതാനും മാസങ്ങള്‍കൊണ്ട് ഷൂട്ടിങ് തീര്‍ത്തു. അപ്പോഴേക്കും ശരിക്കും ദരിദ്രമായ അവസ്ഥ എത്തിയിരുന്നു. കഷ്ടിച്ച് മദ്രാസിലെത്തി ഏ.വി.എം ലാബില്‍ ഫിലിം പ്രോസസ് ചെയ്യാനേല്‍പ്പിച്ചിട്ട് മിണ്ടാതെ സ്ഥലം വിടുകയായിരുന്നു. അവിടെ തങ്ങി നിന്നാല്‍ ലാബുകാര്‍ പ്രോസസ്സിങ് ചാര്‍ജ് ആവശ്യപ്പെട്ടാലോ എന്നായിരുന്നു പേടി.

ആറേഴ് വര്‍ഷമായി മറ്റൊരു കാശില്ലാ പ്രോജക്ട് അരിഷ്ടിച്ച് പുരോഗമിക്കുന്നുണ്ടായിരുന്നു. ഇടുക്കി പദ്ധതിയെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി. പടം ചെയ്യാനുള്ള അമിത മോഹത്തില്‍ കോണ്ട്രാക്ട് തുക നന്നേ കുറച്ചുവച്ചായിരുന്നു ക്വൊട്ടേഷന്‍ കൊടുത്തിരുന്നത്. അടിയന്തിരാവസ്ഥക്കാലം. പെട്ടെന്നൊരു ദിവസം പ്രഖ്യാപനം വന്നു, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഇന്ദിരാ ഗാന്ധി നിര്‍വഹിക്കുമെന്ന്. അപ്പോള്‍ വൈദ്യതിവകുപ്പ് മന്ത്രിയായിരുന്ന എം.എന്‍. തീരുമാനമെടുത്തു. അന്നേ ദിവസം തന്നെ കേരളത്തിലെ എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും ഇടുക്കിയെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണം. പെട്ടെന്ന് വിദ്യുച്ഛക്തി വകുപ്പ് മേധാവികള്‍ ബന്ധപ്പെടുകയായി, ഡോക്യുമെന്ററി ഉടന്‍ പൂര്‍ത്തിയാക്കണം. ഞങ്ങള്‍ നിജസ്ഥിതി വെളിപ്പെടുത്തി, കോണ്ട്രാക്ട് തുകയില്‍ അല്പം കൂട്ടിത്തന്നാലേ സംഗതി നടക്കൂ. അങ്ങനെ തന്നെ ഉണ്ടായി. അഹോരാത്രമുള്ള പ്രയത്‌നഫലമായി ചിത്രം തീര്‍ത്ത് വിജയകരമായി പ്രദര്‍ശിപ്പിച്ചു. ചിത്രലേഖയ്ക്ക് ചെലവു കഴിഞ്ഞ് അല്പം മിച്ചവും ഉണ്ടായി. ആ മിച്ചത്തുകയുമായാണ് മദിരാശിയിലേക്ക് അചിരേണ വണ്ടി കയറുന്നത്. അപ്പോഴേക്കും ഒന്നിലധിക വര്‍ഷം കടന്നു പോയിരുന്നു. ലാബില്‍ നെഗറ്റീവ് ഉണ്ടാവുമോ? ഉണ്ടെങ്കില്‍ത്തന്നെ ഉടയവര്‍ ഉപേക്ഷിച്ചുപോയ വസ്തു ഏതവസ്ഥയിലായിരിക്കും സൂക്ഷിച്ചിരിക്കുക. ഒടുവില്‍ എല്ലാം പരിശോധിച്ചു വരുമ്പോള്‍ ബോധ്യമായി. ഷൂട്ട് ചെയ്തയച്ച കുറെയേറെ ഫിലിം റോളുകള്‍ കാണാനില്ല.തിരികെ വന്ന് നഷ്ടപ്പെട്ട രംഗങ്ങളെല്ലാം പിന്നെയും ഷൂട് ചെയ്തു. പൂര്‍ത്തിയാക്കിയ പടം ചിത്രലേഖ തന്നെ റിലീസ് ചെയ്യാനും തീരുമാനിച്ചു. പക്ഷേ ഒരു കുഴപ്പം മാത്രം, മദ്ധ്യവയസ്‌കനായ ഒരു കഷണ്ടിക്കാരന്‍ നായകനെ കാണാന്‍ ജനം വരുമോ? തിയേറ്ററുകാര്‍ നിഷ്‌കരുണം കൈയൊഴിഞ്ഞു. സ്വയംവരം നേരിട്ടതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയിലായി ഞങ്ങള്‍. പതിമൂന്നോ പതിന്നാലോ പ്രിന്റുകള്‍ അരിഷ്ടിച്ചുണ്ടാക്കിയ പണം മുടക്കി എടുത്തത് തകരപ്പെട്ടികള്‍ക്കുള്ളില്‍ ഉഷ്ണിച്ചും വിയര്‍ത്തും ഇരിക്കുന്നു. റിലീസ് ചെയ്യാതിരുന്നാലും ശരിയല്ലല്ലോ. ആകെ രണ്ട് തിയേറ്ററുകാര്‍ മാത്രമാണ് സമ്മതം രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് കോട്ടയത്തും മറ്റേത് ഹരിപ്പാട്ടും. മനസ്സില്ലാമനസ്സോടെ ആ രണ്ട് തിയേറ്ററുകളില്‍ പ്രിന്റ് എത്തിച്ച് പടം റിലീസാക്കി.
പിന്നെയുണ്ടായത് ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു. രണ്ട് തിയേറ്ററുകളിലും ഓരോ കളി കഴിയുമ്പോഴും ഇരട്ടിക്കുവച്ച് പ്രേക്ഷകരെത്തി. മൂന്നു ദിവസത്തിനുള്ളില്‍ പറഞ്ഞും കേട്ടും വാര്‍ത്ത പരന്നു. പിന്നീട് നേരത്തേ ഒഴിഞ്ഞു പോയ തിയേറ്റര്‍ ഉടമകള്‍ പടം കാണിക്കാന്‍ ഇങ്ങോട്ട് വിളിയായി. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കൊടിയേറ്റം ഒരു ബോക്‌സോഫീസ് ഹിറ്റ് ആയി. കോട്ടയത്തെ റിലീസ് തിയേറ്ററില്‍ ചിത്രം നാല് മാസത്തിലേറെ ഓടി ചരിത്രം സൃഷ്ടിച്ചു. അങ്ങനെ സിനിമ ചിത്രലേഖയുടെയും ഗോപിയുടെയുമെല്ലാം യഥാര്‍ത്ഥ കൊടിയേറ്റമായി.

 കൊടിയേറ്റം എന്ന ചലച്ചിത്രത്തിന്റെ കഥ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു.

Friday, May 23, 2014

മനുഷ്യകാമനകളുടെ ദൃശ്യസാരം

ഇ. ജയകൃഷ്ണന്‍



ആയിരത്തൊന്നു രാവുകളുടെ കഥ ഒറ്റയിരിപ്പിന് ആയിരം താളുകളില്‍ എഴുതിത്തീര്‍ക്കാന്‍ ഒരുപക്ഷേ നമുക്ക് കഴിഞ്ഞെന്നു വരാം. എന്നാല്‍ അനുഭൂതി വാക്കുകളിലേക്കു പകര്‍ത്തിവെക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. പത്മരാജന്‍ എന്ന കലാകാരനെപ്പറ്റി എഴുതേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ നമ്മിലേക്കു പടര്‍ന്നുകയറിയ ലാവണ്യാനുഭവത്തെക്കുറിച്ചാണ് എഴുതേണ്ടിവരുന്നത്. അതു വളരെ ആയാസമുള്ള ഒരു പ്രവൃത്തിയാണ്, അഥവാ ഒരു പരിധിവരെ സാഹസികതയാണ്.

പത്മരാജന്‍ തന്റെ കഥകളിലും നോവലുകളിലുമെല്ലാം വാക്കുകള്‍കൊണ്ട് ദൃശ്യരൂപങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. അല്ലെങ്കിലും എല്ലാ സാഹിത്യരൂപങ്ങളിലും വാക്കുകള്‍ സൃഷ്ടിക്കുന്ന ലോകം ദൃശ്യമായിത്തന്നെയാണ് നമ്മുടെ മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത്.

എഴുത്തച്ഛന്‍ സഭാപ്രവേശത്തില്‍, ശ്രീകൃഷ്ണന്റെ ദുര്യോധനസഭയിലേക്കുള്ള വരവ് ചിത്രീകരിക്കുന്നത് (വാക്കുകളില്‍) ഒരു വൈഡ് ആംഗിള്‍ ലെന്‍സിലൂടെ കാണുന്നപോലെയാണ്. പലയിടത്തും വായനക്കാരന്‍ സ്വന്തം കാഴ്ചപ്പാടിലൂടെയും ദുര്യോധനന്റെ വീക്ഷണകോണിലൂടെയും മാറിമാറി കൃഷ്ണനെ കാണുന്നു. ഒടുവില്‍ ഒരു താഴ്ന്ന കോണിലൂടെ ദുര്യോധനനോടൊപ്പം നമ്മളും ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു. ഇത് തിരിച്ചറിയാന്‍ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ സാര്‍വത്രികമായതിനുശേഷമേ നമുക്ക് കഴിഞ്ഞുള്ളൂ എന്നതാണു സത്യം. ഒരു പക്ഷേ ഏതൊരു വാങ്മയചിത്രവും നമ്മളില്‍ ദൃശ്യബോധമുണര്‍ത്തിയിട്ടാവണം സംവേദനം സാധ്യമാക്കുന്നത്.

തിരക്കഥാരചനയും സംവിധാനവും ഒന്നിച്ച് നിര്‍വഹിച്ചിട്ടുള്ള സംവിധായകരെ പരിശോധിക്കുമ്പോള്‍ (കുറച്ചുപേര്‍ ഇതിനൊരപവാദമായി ഉണ്ടെങ്കിലും) സ്വന്തം തിരക്കഥയെ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലേക്കു തര്‍ജമ ചെയ്യുമ്പോള്‍ നേരത്തേ തിരക്കഥയില്‍ രൂപപ്പെട്ട കാഴ്ച അവരുടെ പുതിയ ദൃശ്യനിര്‍മിതിക്ക് വിലങ്ങായിത്തീരുന്നതായി കാണാം. തിരക്കഥയില്‍ രൂപപ്പെട്ട സംഭവത്തെ ഛായാഗ്രഹണം, ചിത്രസന്നിവേശം, അഭിനയം അങ്ങനെ അനേകം ചേരുവകള്‍ ചേര്‍ത്ത് വ്യാഖ്യാനിക്കുകയാണല്ലോ സംവിധായകന്‍ ചെയ്യുന്നത്. പലപ്പോഴും ഈ ആഖ്യാനവ്യാഖ്യാനങ്ങള്‍ പൊരുത്തപ്പെടാതെ പോവാറുണ്ട്. ഈ പൊരുത്തക്കേടിനെയാണ് പത്മരാജന്‍ തന്റെ ചിത്രങ്ങളില്‍നിന്നും ഒഴിവാക്കിനിര്‍ത്തിയത്. തന്റെ ചലച്ചിത്രരചനയിലൂടെ സംവിധായക തിരക്കഥാ ദ്വന്ദ്വത്തെ അദ്ദേഹം ഏകരാശിയിലാക്കി. സിനിമ, ഒരേ കാര്യം വ്യത്യസ്തമായ രീതിയില്‍ പറയുകയല്ല, മറിച്ച് വ്യത്യസ്ത കാര്യങ്ങളായിത്തന്നെ പറയുകയാണു ചെയ്യുന്നത്. സ്വന്തം സിനിമയ്ക്കു തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി തിരക്കഥാരചന നടത്തുമ്പോഴും അദ്ദേഹം വ്യത്യസ്തമായ സമീപനങ്ങളാണു സ്വീകരിച്ചിരുന്നത്. ഓരോ സംവിധായകന്റെയും സൗന്ദര്യബോധത്തിനും മാധ്യമ അവബോധത്തിനും അനുസൃതമായി രചന നടത്താന്‍ പത്മരാജന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തനവിരസമായിത്തീര്‍ന്ന പ്രാദേശികഭാഷയുടെ ഇടുങ്ങിയ വഴിയില്‍നിന്ന് ഭാഷാവൈവിധ്യത്തിന്റെ തുറസ്സിലേക്കു മലയാളതിരക്കഥയെ കൊണ്ടെത്തിച്ചത് പത്മരാജനാണ്. കുട്ടനാടന്‍, തിരുവിതാംകൂര്‍, മദ്ധ്യതിരുവിതാംകൂര്‍ ഭാഷകൊണ്ടും പ്രാദേശികമായ വ്യത്യസ്ത ഭാഷാപ്രയോഗങ്ങള്‍കൊണ്ടും അദ്ദേഹം തിരക്കഥയുടെ ഭാഷയെ നവീകരിച്ചു. ഭാഷയുടെ മേലുള്ള സ്വാധീനം, ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കൈയടക്കം അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആ സര്‍ഗശേഷിയാണ് ഞാന്‍ ഗന്ധര്‍വനിലെ, കവിതതുളുമ്പുന്ന, മന്ത്രസമാനമായ ശൈലീകൃതഭാഷയിലൂടെ നാം അറിഞ്ഞത്. കവിതയോടടുത്തുനില്ക്കുന്ന ഭാഷ കാഴ്ചയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. ദൃശ്യത്തിനു സമാന്തരമായി ഭാഷയെ കുറുക്കി പ്രയോഗിച്ചു പത്മരാജന്‍. 'അമ്മച്ചിയെനിക്കിപ്പോ അമ്മച്ചിയല്ലാതായി. എലിസബത്തെനിക്കിപ്പോ അനിയത്തിയല്ലാതായി' (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) ഇവിടെ ദൃശ്യത്തിന് ആവിഷ്‌കരിക്കാനാവാത്തത് ഭാഷ കാണിച്ചുതരുന്നു. 'നമുക്ക് അങ്ങ് ദൂരേയ്ക്കു പോകാം. ആര്‍ക്കുമാര്‍ക്കും എത്തിപ്പെടാനാവാത്ത സെയ്ഫായ ഒരു ദൂരെ.' ഈ സംഭാഷണഖണ്ഡത്തില്‍ ഒരുപാടു സൂചനകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം.

പത്മരാജന്റെ രചനകളില്‍ യാഥാര്‍ഥ്യം, തോന്നലുകള്‍, മതിഭ്രമങ്ങള്‍ , മിഥ്യാബോധങ്ങള്‍  ഇവയുടെയൊക്കെ അതിര്‍വരമ്പുകള്‍ വളരെ നേരിയതാണ്. വാക്കുകളാല്‍ വരയിടുന്ന പല കാര്യങ്ങളും ശക്തമായ ബിംബകല്പനകളിലേക്ക് വളര്‍ന്നുനില്ക്കുന്നു. എന്നാല്‍ അവ കേവല പ്രതീകങ്ങളായി ഒരിക്കലും സംവേദനത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. 'രതിനിര്‍വേദം' എന്ന ചിത്രത്തില്‍ പാമ്പിന്‍കാവില്‍ വെച്ച് പപ്പു രതിക്ക് ടോര്‍ച്ചു കൈമാറുന്ന ഒരു ദൃശ്യമുണ്ട്. ഇതില്‍ ടോര്‍ച്ചിന്റെയും കൈകളുടെയും സമീപദൃശ്യം പുരുഷലിംഗപരമായ ഒരു ബിംബഘടനതന്നെയാണ് കാട്ടിത്തരുന്നത്. അതു വിദഗ്ധമായി കണ്ടെടുക്കാന്‍ ഭരതന്‍ എന്ന സംവിധായകനു കഴിഞ്ഞു എന്നുള്ളത് ആ രണ്ടു കലാകാരന്മാരുടെ രചനാപരമായ ഐക്യബോധത്തെ കാണിക്കുന്നു. ഇങ്ങനെ കാമത്തെയും മരണത്തെയും പ്രണയത്തേയും ചൂണ്ടിനില്ക്കുന്ന എത്രയെത്ര ദൃശ്യബിംബങ്ങളാണ് ഈ ചലച്ചിത്രകാരന്‍ തന്റെ രചനകളില്‍ കൊണ്ടുവന്നിട്ടുള്ളത്. മഴയും പൂക്കളും പാമ്പുകളും അങ്ങനെ നീണ്ടുപോകുന്നു ആ ബിംബാവലി. തൂവാനത്തുമ്പികളിലെ ക്ലാരയ്‌ക്കൊപ്പമുള്ള മഴ, രതിനിര്‍വേദത്തിലെ സംയോഗത്തിനു താളമായി നില്ക്കുന്ന മഴഅങ്ങനെ മഴയും പൂക്കളും നിഴലും ഇരുട്ടും എല്ലാം രതിയുടെയും കാമത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഭയത്തിന്റെയും അപരക്കാഴ്ചകളായി നമ്മില്‍ നിറയുന്നു.

മനുഷ്യന്റെ ആദിമവാസനകളും നന്മതിന്മകളും രതിയും പകയും എല്ലാം അദ്ദേഹം തന്റെ വാക്കുകളില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകളില്‍ സര്‍വോത്തമന്മാരായ കഥാപാത്രങ്ങളില്ല. ആദര്‍ശത്തിന്റെ പ്രതിപുരുഷന്മാരില്ല. നന്മതിന്മകളുടെ, പുണ്യപാപങ്ങളുടെ, പകയുടെ, അനുനയത്തിന്റെ ജൈവരൂപങ്ങളെയാണ് പത്മരാജന്‍ തന്റെ രചനകളിലൂടെ നമുക്കു കാണിച്ചുതന്നത്.

ഏതു നിമിഷത്തിലാണ് ഒരു യഥാതഥദൃശ്യം ഫാന്റസിയുടെ, അയഥാര്‍ഥത്തിന്റെ വിതാനത്തിലേക്ക് ചുവടുമാറുന്നത് എന്നു നമുക്ക് തിരിച്ചറിയാനാവില്ല. സ്ഥലകാലങ്ങള്‍ നിമിഷങ്ങള്‍ക്കകം കുഴമറിയുന്നു. കള്ളന്‍ പവിത്രനില്‍ പവിത്രന്‍ തന്റെ പാത്രം തിരിച്ചെടുക്കാനായി ഗോഡൗണില്‍ തിരയുന്ന ഒരു രംഗമുണ്ട്. ആ ഗോഡൗണിന്റെ അന്തരീക്ഷം നോക്കുക. ഉച്ചിയില്‍ കത്തിനില്ക്കുന്ന ഒറ്റവിളക്ക്, പാമ്പ്, ഓട്ടുപാത്രങ്ങള്‍, നിഴലുകള്‍ വീണ ഭൂതലം അങ്ങനെ ഭ്രമാത്മകകല്പനകളുടെ ഒരു ലോകം. പാത്രക്കാട് എന്നാണ് തിരക്കഥയില്‍ ആ ഗോഡൗണിനു പേര്. ആ വെളിച്ചവും സര്‍പ്പവുമെല്ലാം അതുവരെ നാം പരിചയിച്ച യാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്നും നമ്മെ അയഥാര്‍ഥത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഒരപരിചിതലോകത്തെത്തിപ്പെടുകയാണു കാഴ്ചക്കാര്‍. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്റെ ലോറി, അതു കാഴ്ചക്കാര്‍ക്ക് അതുവരെ കാണാത്ത ഒരു വിചിത്രവാഹനമാണ്.

ഇത്തരം രീതികള്‍ തന്റെ കഥകളില്‍ അനവധി പരീക്ഷിച്ചിട്ടുണ്ട് പത്മരാജന്‍. അവസാന കാലത്തെഴുതിയ ഓര്‍മ എന്ന കഥയില്‍ ഭൂതഭാവി കാലങ്ങളെ മുന്നോട്ടും പിന്നോട്ടും ക്രമംതെറ്റിച്ചു നടത്തുന്നുണ്ട് അദ്ദേഹം. ഡെമന്‍ഷ്യപോലുള്ള മേധാക്ഷയരോഗത്തെക്കുറിച്ചൊന്നും ഏറെ കേട്ടിട്ടില്ലാത്ത കാലത്താണ് അദ്ദേഹം ഇത്തരം ഒരു കഥയെഴുതുന്നത് എന്നോര്‍ക്കണം.

രതിയും പകയും ആക്രമത്വരയും ഏറ്റവുമധികം കാണപ്പെടുന്ന ചിത്രങ്ങളാണ്, ഇതാ ഇവിടെ വരെ, തകര, നവംബറിന്റെ നഷ്ടം, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമം എന്നിവ. ഒരു മനഃശാസ്ത്രവിദഗ്ധന്റെ കൃതഹസ്തതയോടെയാണ് പത്മരാജന്‍, ഈ ചിത്രങ്ങളില്‍ മനുഷ്യമനസ്സിനെ ചിത്രീകരിക്കുന്നത്.

കഥാരചനയുടെ വേളയില്‍ മനസ്സില്‍ രൂപപ്പെടുന്ന അമൂര്‍ത്തമായ സ്ഥലം അതേപടി തന്റെ സിനിമയിലേക്ക് ആവാഹിക്കാന്‍ സാധിച്ചു എന്നതാണ് പത്മരാജന്റെ ഏറ്റവും വലിയ നേട്ടം. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വീട്, ഗ്രാമാന്തരീക്ഷം, മണ്ണിന്റെ ടോണ്‍, മൂന്നാംപക്കത്തിലെ ഉപ്പളം ഇതൊക്കെ ഭാവനയിലെ അമൂര്‍ത്തദൃശ്യങ്ങളെ ചലച്ചിത്രത്തിലെ മൂര്‍ത്തദൃശ്യങ്ങളായി പരിവര്‍ത്തിപ്പിക്കലാണ്. ഇന്നലെയിലെ മായയെ (ആ പേരുപോലും ഒരു നല്ല അലിഗറിക്കല്‍ സങ്കല്പമാണ്) പാര്‍പ്പിക്കുന്ന വീടും അതിന്റെ അന്തരീക്ഷവും ആ കഥയുടെ, ഓര്‍മകളുടെ നിലതെറ്റിയതിന്റെ കഥ പറയുന്ന, ആ സിനിമയുടെ മുഴുവന്‍ ഭാവവും അന്തരീക്ഷസൃഷ്ടിയിലൂടെ സൃഷ്ടിച്ചെടുക്കാന്‍ പത്മരാജനു കഴിയുന്നുണ്ട്.

മരണത്തിന്റെ സാന്നിധ്യം കാണിക്കാന്‍ നിഴലുകളേയും കറുപ്പിനേയും ഉപയോഗിക്കുന്നത് തന്റെ ചെറുകഥകളില്‍ത്തന്നെ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ചൂണ്ടല്‍ എന്ന കഥയില്‍, തോടിനെ ചൂഴ്ന്നു നില്ക്കുന്ന ഇരുട്ടും അവിടവിടെ ഒളിച്ചുകളിക്കുന്ന നിഴലുകളും ഏകാകിയായ ആ ചൂണ്ടക്കാരന്റെ മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള അവസ്ഥയെയാണു കാണിക്കുന്നത്. ഈ ഇരുട്ടും നിഴലുകളും പെരുവഴിയമ്പലത്തിലും അപരനിലുമെല്ലാം ധാരാളമായി കടന്നുവരുന്നുണ്ട്. ഈ മൂന്നു ചിത്രത്തിലും കൊലപാതകം നടക്കുന്നത് ഇരുട്ടിനും നിഴലിനും മധ്യേയാണ്. സ്വബോധത്തിന്റെ തലത്തില്‍നിന്നും ഒരുതരം അപസ്മാരബാധയുടെ അടിത്തട്ടിലേക്കു കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. രാമന്‍, പ്രഭാകരന്‍ പിള്ളയെ കുത്തുന്നത് ഇരുട്ടിന്റെ മറയില്‍വെച്ചാണ്. ഇവിടെ മരണവും ഇരുട്ടും പരസ്?പരപൂരകങ്ങളാവുന്നു. ആക്രമണത്തിനുശേഷം രാമന്‍ തന്റെ നിഷ്‌കളങ്കതയിലേക്കു മടങ്ങിവരുന്നു. ഇത്തരത്തിലുള്ള ഭാവപ്പകര്‍ച്ച ഭീതികലര്‍ന്ന ഒരു സ്വപ്‌നക്കാഴ്ചയിലേക്കു കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

ഭയം അതാണ് അപരനിലെ അംഗിയായ രസം. ഈ ഭയമാവട്ടെ മരണവുമായി ഇഴചേര്‍ന്നതാണുതാനും. രാമന്‍, പ്രഭാകരന്‍പിള്ളയെ ആക്രമിക്കുന്നതും വിശ്വനാഥന്‍ ഉത്തമനെ അന്വേഷിക്കുന്നതും തങ്ങളുടെ ശത്രുവില്‍ മരണത്തിന്റെ, പൊറുതികേടിന്റെ നിഴല്‍ കാണുന്നതുകൊണ്ടാണ്. ആക്രമണത്തിന് സ്വയം വിധേയമാവുന്നതിനു മുന്‍പ് ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ആദിമമനുഷ്യന്റെ ജന്മവാസനതന്നെയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ഇങ്ങനെ കൊതിപ്പിക്കുന്ന ഭാഷയും ഓര്‍മകളില്‍ എന്നും പൂത്ത് സുഗന്ധം പരത്തി നില്ക്കുന്ന ദൃശ്യങ്ങളും സമ്മാനിച്ച് പെട്ടെന്നു നമ്മെ കടന്നുപോയ പത്മരാജന്‍ എന്ന ഗന്ധര്‍വജന്മത്തിന്റെ കര്‍മകാണ്ഡത്തിലേക്കുള്ള ഒരു കണ്ണെറിയില്‍ മാത്രമാണ് ഈ കുറിപ്പ്.

Thursday, November 21, 2013

ശ്രീനിവാസനും മാമുക്കോയയും മലയാളസിനിമയെ പൊളിച്ചെഴുതിയത് എങ്ങനെ?

സത്യന്‍ അന്തിക്കാട്‌


സിനിമയിലാണ് മറ്റേതു രംഗത്തേക്കാളും പ്രതിച്ഛായ നിര്‍മ്മിതി സംഭവിക്കുന്നത്. സ്റ്റാര്‍ എന്ന പ്രയോഗംതന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടാണ് രൂപപ്പെട്ടത്. സിനിമയേക്കാള്‍ മുന്നേ ഇവിടെയുണ്ടായിരുന്ന ഏറ്റവും ജനകീയ കലാരൂപമായ നാടകത്തിലെ അഭിനേതാക്കളെ ഒന്നും നാം നാടകസ്റ്റാര്‍ എന്നു വിളിച്ചിരുന്നില്ല. എത്രയോ പ്രഗത്ഭരായ നാടക നടന്‍മാര്‍, ഒരു ചരിത്രരേഖപോലും അവശേഷിപ്പിക്കാതെ മണ്‍മറഞ്ഞു പോയി. എന്നാല്‍, സിനിമയില്‍ നടന്‍മാരൊക്കെ സാമാന്യജനങ്ങളുമായി കൃത്യമായ ഒരു അകല്‍ച്ച പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. തിരശ്ശീലയില്‍ നിഴല്‍രൂപങ്ങളായിക്കണ്ട മനുഷ്യരെ പച്ചജീവനോടെ കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് പതിവില്ലാത്തൊരു കൗതുകം സ്വാഭാവികമാണ്. നടന്‍മാരില്‍ സിനിമാസ്റ്റാറുകള്‍ ആകട്ടെ, മണ്ണില്‍ ചവിട്ടിനടക്കാത്ത ആളുകളായിത്തീരുകയും ചെയ്തു. സാധാരണ മനുഷ്യരെ തൊടുകയോ ബസ്സില്‍ സഞ്ചരിക്കുകയോ സാധാരണ ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു ആലോചനയായിത്തീര്‍ന്നു. ഈ ഗ്ലാമര്‍ പരിവേഷം സിനിമയില്‍ നിലനില്ക്കുമ്പോഴാണ് ശ്രീനിവാസന്റെയും മാമുക്കോയയുടെയും ഒക്കെ കടന്നുവരവ് ഉണ്ടാവുന്നത്. ഗ്ലാമറിനെതിരെയുള്ള ദിശയിലാണ് ഈ രണ്ടുപേരുടേയും ചലച്ചിത്രസഞ്ചാരങ്ങള്‍.

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയുടെ ആലോചനയുമായി കോഴിക്കോട് മഹാറാണിയില്‍ തമ്പടിച്ചിരിക്കുകയാണ് ശ്രീനിവാസനോടൊപ്പം ഞാന്‍. പുതിയ ചില നടന്‍മാരെ ആ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഞാനത് ശ്രീനിവാസനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

'ഒരാളുണ്ട്' ശ്രീനിവാസന്‍ പറഞ്ഞു: 'മാമു തൊണ്ടിക്കോട്. മികച്ച നാടകനടനാണ്.' ശ്രീനിവാസന്‍ പറഞ്ഞതുകൊണ്ട് എനിക്ക് ആളെ കാണാന്‍ ആഗ്രഹമായി. പിറ്റേന്നു കാലത്ത് മെലിഞ്ഞ് കൊള്ളിക്കഷണംപോലെയുള്ള ഒരു മനുഷ്യന്‍ എന്നെത്തേടി മഹാറാണിയിലേക്ക് വന്നു. പല്ലുകള്‍ യാതൊരു അപകര്‍ഷതയുമില്ലാതെ പുറത്ത് എഴുന്നുനില്‍ക്കുന്നു. പല്ലുകളാണ് ആ ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് അവയുടെ നില്പ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള ആ പല്ലുകള്‍ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ നിരാശനായി. ശ്രീനിവാസന്‍ എന്റെ ശത്രുവാണോ എന്നുപോലും, ഒരു നിമിഷം ഞാന്‍ സംശയിച്ചുപോയി. ഒരു യഥാര്‍ഥ സുഹൃത്ത് പല്ലുകള്‍ മുക്കാലും പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ഇങ്ങനെയൊരു മനുഷ്യനെ അഭിനയിക്കാന്‍ ഒരു അവസരം കൊടുക്കൂ എന്നു പറഞ്ഞ് അയയ്ക്കുമോ?
മാമു തൊണ്ടിക്കോടിനെ എന്റെ മുന്നിലേക്ക് പറഞ്ഞുവിട്ട്, ശ്രീനിവാസന്‍ അപ്രത്യക്ഷനാവുകയും ചെയ്തു.

'നമ്മള് മാമു തൊണ്ടിക്കോട്.' മാമുക്കോയ പറഞ്ഞു:
'കല്ലായീലെ മില്ലിലാണ് പണി. നാടകം അഭിനയിക്കാറ്ണ്ട്. ശ്രീനിവാസന്‍ പറഞ്ഞിട്ടാ വന്നത്. ഓര് നമ്മള സുഹൃത്താ. ഞാന്‍ ങ്ങളെ സിനിമേല് അഭിനയിക്കണോ?'
മാമു തൊണ്ടിക്കോടിന്റെ കൂസലില്ലാത്ത ആ ചോദ്യം കേട്ടപ്പോള്‍ ത്തന്നെ എന്റെ ഉള്ളിലൊരു നീരസം ഉരുണ്ടുകയറാന്‍ തുടങ്ങി. സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയ കോലം! സത്യം പറഞ്ഞാല്‍,
ഒരുതരം പരിഹാസച്ചിരി എന്റെയുള്ളില്‍ വട്ടംകറങ്ങുന്നുണ്ടാ
യിരുന്നു. മാമു തൊണ്ടിക്കോട് ഒന്നും പറയുന്നില്ല. ഒരു മറുപടി കിട്ടിയാല്‍ വേഗംതന്നെ തിരിച്ചുപോകാമല്ലോ എന്ന മട്ടിലാണ് ആ നില്പും ഭാവവും. ഇനി അവസരം ഇല്ലെങ്കില്‍ എനിക്കൊരു ചുക്കുമില്ല എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. 'നിങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്കൊരവസരം തന്നാല്‍ അതു നിങ്ങളുടെ ഭാഗ്യം' എന്ന മട്ടിലൊരു കൂസലില്ലായ്മ മാമുവിന്റെ മുഖത്തുനിന്നും ഞാന്‍ വായിച്ചെടുത്തു.
പെട്ടെന്നൊരു മറുപടി പറയാനാവാതെ, സാഹിത്യഭാഷയില്‍,
ഇതികര്‍ത്തവ്യതാമൂഢനായി ഞാന്‍ നിന്നു.
ശ്രീനിവാസന്‍ പറഞ്ഞയച്ച ആളാണല്ലോ. പിണക്കാതെ നല്ല വാക്ക് പറഞ്ഞുവിടുകയും വേണം. ശ്രീനിവാസന്‍, ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി
ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്. തനിക്കു കിട്ടുന്ന ഓരോ സന്ദര്‍ഭങ്ങളിലും അതു തെളിയിക്കുകയും ചെയ്യും. ഇപ്പോള്‍ എനിക്കിട്ട് ഒരു പണി തന്നിരിക്കയാണ്.
'ങ്ങള് ഇങ്ങനെ നോക്കിനിന്ന് മ്മളെ സുയിപ്പാക്കണ്ട. ങ്ങള് പറഞ്ഞോളീ ചാന്‍സില്ലെങ്കില്‍ മ്മള് പോയിക്കൊള്ളാം. പോയിട്ട് കല്ലായീല് പണീണ്ട്!'

വളരെ അക്ഷമനായി മാമു തൊണ്ടിക്കോട് പറഞ്ഞു. ഒരു സംവിധായകന്‍ എന്ന നിലയിലുള്ള എന്റെ ആജ്ഞാശക്തി വെറുമൊരു മരംകൂപ്പുകാരനു മുന്നില്‍ മറുപടി പറയാനാവാതെ തരിച്ചു നില്‍ക്കുന്നു. ശ്രീനിവാസന്‍ എവിടെയോ മറഞ്ഞിരുന്ന്, ഈ രംഗമൊക്കെ മനസ്സിലോര്‍ത്ത് ചിരിക്കുന്നുണ്ടാവാം.
ആ നിമിഷമാണ് അത് സംഭവിച്ചത്. തികച്ചും നിസ്സാരമെന്നുതോന്നിയേക്കാവുന്ന ഒരു സംഭവം.
മാമു അയാളുടെ ഷേട്ടിന്റെ കൈമടക്കില്‍ തിരുകിവെച്ചിരുന്ന തൂവാലയെടുത്ത് അയാളുടെ മുഖമൊന്നു തുടച്ചു. എത്രയോ കാലമായി കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യന്റെ വിയര്‍പ്പുകളത്രയും ആ തൂവാല ഒപ്പിയെടുക്കുന്നതായി എനിക്കു തോന്നി. വിയര്‍പ്പ്
ഒപ്പിയൊപ്പി കറുത്ത് പിഞ്ഞിപ്പോയ ആ തൂവാല ചുരുട്ടി വീണ്ടും കൈമടക്കില്‍ത്തന്നെ തിരുകിക്കേറ്റി. മരംകൂപ്പുകാരനായ ആ മനുഷ്യന്‍, ഒരു ചോദ്യചിഹ്നമായി എന്റെ മുന്നില്‍ നില്ക്കുകയാണ്.
'ശ്രീനിവാസന്‍ വന്നിട്ടു പറയാം, ഞാന്‍ പറഞ്ഞു: 'കഥാപാത്രം ഏതാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല.'
'അപ്പോ, ശ്രീനി വന്നിട്ട് മ്മളെ വിളിക്കിന്‍.'
അത്രയും പറഞ്ഞ്, യാതൊരു വൈകാരികഭാരവുമില്ലാതെ മാമു തൊണ്ടിക്കോട് യാത്ര പറഞ്ഞു. മുണ്ടു മാടിക്കുത്തി, കാറ്റില്‍ രണ്ട് കയ്യും വീശി, മില്ലില്‍ വേഗം എത്തിയാല്‍ ഒരു മരംകൂടി അളന്നു തീര്‍ക്കാം എന്ന മട്ടിലായിരുന്നു ആ നടത്തം.
ശ്രീനിവാസന്‍ അപ്പോള്‍ത്തന്നെ മായാവിയെപ്പോലെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഒരു രഹസ്യതാവളത്തില്‍ അവര്‍ തമ്മില്‍ സന്ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ സംശയിച്ചു.
'ശ്രീനിവാസന്‍ പറഞ്ഞ ആ മനുഷ്യന്‍ വന്നു'. ഞാന്‍ പറഞ്ഞു.
'സത്യന്‍ എന്തു പറഞ്ഞു?'
'ശ്രീനിവാസന്‍ വന്നിട്ടു പറയാം എന്നു പറഞ്ഞു.'
'ഓഹോ, അതു ശരി. അതായത് ചാന്‍സു കിട്ടിയില്ലെങ്കില്‍
അത് ശ്രീനിവാസന്‍ കാരണമാണ് എന്ന് മാമു തൊണ്ടിക്കോട് മനസ്സിലാക്കിക്കൊള്ളും.'
സിനിമയില്‍ ഉള്ളതുപോലെത്തന്നെയാണ് ശ്രീനിയുടെ സംസാരശൈലി.
'നിങ്ങള്‍ സംവിധായകര്‍ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ ഒന്ന് അഭിനയിപ്പിച്ചുനോക്കൂ. അഭിനയം നന്നല്ലെങ്കില്‍ പറഞ്ഞു വിടാം. ഒരു സംവിധായകന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് അതിന് ആരുടേയും അനുവാദം ആവശ്യമില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള താങ്കളുടെ വിവേചനാധികാരത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല.'
ശ്രീനിവാസന്‍ കത്തിക്കയറുകയാണ്. ഓരോ വാക്കിലും ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി മൂര്‍ച്ചയോടെ പുറത്തുവരുന്നുണ്ട്.
'ശരി, ഷൂട്ടിങ് തുടങ്ങിയാല്‍ അയാളോട് വരാന്‍ പറ.'
ഞാന്‍ പറഞ്ഞു.
ചെറിയൊരു ചിരി ശ്രീനിവാസന്റെ മുഖത്തുണ്ടായിരുന്നു.

സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലാണ് മാമുക്കോയ അതിനുമുന്‍പ് അഭിനയിച്ചത്. അതിന്റെയൊരു എക്‌സ്​പീരിയന്‍സ് മൂപ്പര്‍ക്കുണ്ട്. ആ സിനിമയിലെ ഏറ്റവും മിഴിവുള്ള കഥാപാത്രമാണ് മാമുക്കോയ അവതരിപ്പിച്ച അറബി മുന്‍ഷി. മുന്‍ഷിയുടെ അഭിനയത്തെക്കുറിച്ചും മാമു തൊണ്ടിക്കോട് എന്ന നാടകനടനെക്കുറിച്ചും ശ്രീനിവാസന്‍ ഹ്രസ്വമായ ഒരു പ്രഭാഷണം തന്നെ നടത്തി:
'സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്', ശ്രീനിവാസന്‍ പറഞ്ഞു. 'അഭിനയത്തിന്റെ പ്രാതിനിധ്യംകൊണ്ടും ആ മേഖലയിലേക്ക് സാധാരണക്കാര്‍ കടന്നുവരണം. ഈ ഗ്ലാമര്‍കൊണ്ടൊന്നും ഒരു കാര്യവുമില്ല സത്യാ. അഭിനയമാണ് അടിസ്ഥാനപരമായി ഒരു നടനു വേണ്ടത്. പിന്നെ സൂക്ഷ്മമായ ഗ്രാഹ്യശേഷിയും.'

മാമു തൊണ്ടിക്കോടിന് ഒരു അവസരം ഒപ്പിച്ചെടുക്കാന്‍വേണ്ടി മാത്രമല്ല ശ്രീനിവാസന്‍ ഇതൊക്കെ പറയുന്നത്. സിനിമയെക്കു
റിച്ച് ചില രാഷ്ട്രീയവിശ്വാസങ്ങള്‍ ശ്രീനിവാസനുണ്ട്. പിന്നെ ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധിയും. ഇതു രണ്ടുംകൂടി ചേരുമ്പോള്‍ ശ്രീനിവാസന്റെ ഉള്ളിലെ കണ്ണൂര്‍ക്കാരന്‍ തിളച്ചുമറിയുകയായി.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ മോഹന്‍ലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ വരുന്നത്. ആദ്യം മാമുവിന് ഡയലോഗ് കൊടുത്തിരുന്നില്ല. മുഴുത്ത പല്ലുകളില്‍നിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാന്‍ കഴിയില്ലല്ലോ.
ഷൂട്ടിങ് തുടങ്ങി.
മാമു തൊണ്ടിക്കോട് എന്ന ആ നാടകനടന്‍, മരംമില്ലിലെ അളവുകാരന്‍, യാതൊരു കൂസലുമില്ലാതെ ക്യാമറയെ അഭിമുഖീകരി
ക്കുന്നു. മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ എന്നൊരു ഭാവത്തോടെ, തുടക്കക്കാരന്റേതായ യാതൊരു ഇടര്‍ച്ചയുമില്ലാതെ, അയാള്‍ അഭിനയിച്ചു. കൊള്ളാമല്ലോ ശ്രീനിയുടെ കൂട്ടുകാരന്‍ എന്നായി ഞാന്‍ മനസ്സില്‍. മാമുവിന്റെ അഭിനയം കണ്ട് വലിയ അഭിമാനബോധത്തോടെ ശ്രീനിവാസന്‍ അവിടെ ഇരിക്കുന്നുണ്ട്.

പരീക്ഷണത്തിന് ആ കഥാപാത്രത്തെ ഒന്നുരണ്ടു ഡയലോഗു കള്‍കൂടി സ്‌ക്രിപ്റ്റില്‍ അപ്പോള്‍ത്തന്നെ എഴുതിച്ചേര്‍ത്ത് ഞാനൊന്നു പൊലിപ്പിച്ചു. പ്രോംപ്‌റ്റെര്‍ പറയുന്നതോടൊപ്പം മാമു അത് അനായാസം പറയുകകൂടി ചെയ്തപ്പോള്‍ വലിയൊരു ആശ്വാസ
മായി. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സമയനഷ്ടമോ ഫിലിം നഷ്ടമോ അയാള്‍ വരുത്തിവെച്ചില്ല. ചില സിനിമകളില്‍ അഭിനയിച്ച മുന്‍പരിചയവും ഇക്കാര്യത്തില്‍ മാമുവിന് തുണയായി. സിനിമയില്‍ വരുന്ന തുടക്കക്കാരെ നോക്കി നിര്‍മാതാക്കളും സംവിധായകരും
ക്യാമറാമാന്‍മാരും രഹസ്യമായി പറയാറുണ്ട്:
ഇയാള്‍ നമുക്കിട്ട് പണി തരുമെന്നാണ് തോന്നുന്നത്. പിന്നെ
പ്‌രാകലായി, പരിഹസിക്കലായി, ഫിലിം നഷ്ടത്തെക്കുറിച്ചുള്ള
പരിദേവനമായി. ഇങ്ങനെയുള്ള അണിയറപ്രശ്‌നങ്ങളൊന്നും മാമുവിന് അഭിമുഖീകരിക്കേണ്ടിവന്നില്ല. ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത്.

മലയാളസിനിമയില്‍ ഹ്യൂമറിന് വേറിട്ട മുഖങ്ങള്‍ നല്‍കിയവരാണ് ശ്രീനിവാസനും മാമുക്കോയയും. അടിത്തട്ടിലെ അനുഭവങ്ങളില്‍നിന്നാണ് അവര്‍ക്കങ്ങനെ ചിരിക്കാന്‍ സാധിച്ചത്. അവരുടെ ഫലിതങ്ങളില്‍ യാതൊരു വക്രീകരണവുമില്ല. മനുഷ്യപ്പറ്റുള്ളവയാണ് അവരുടെ തമാശകള്‍. സിനിമയേക്കാളേറെ മാമുക്കോയ അഭിനയപരമായ ആനന്ദം കണ്ടെത്തിയത് നാടകകാലത്താണ് എന്നു തോന്നിയിട്ടുണ്ട്. മഹത്തായ ഒരു കല എന്ന നിലയില്‍ നാടകത്തെക്കുറിച്ചാണ് മാമു എപ്പോഴും ആദരവോടെ സംസാരിച്ചു കേട്ടിട്ടുള്ളത്.

പൊന്‍മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍ എന്ന ചായക്കടക്കാരന്‍, എത്രയും സ്വാഭാവികമായ ഒരു ചായക്കടക്കാരനാവാമോ, അത്രയുമാണയാള്‍. പഴയ സിനിമകളിലൊക്കെ ചായക്കട ഗ്രാമീണതയുടെ ഒരു അടയാളമായി കടന്നുവരാറുണ്ട്. നമ്മുടെ ഗ്രാമത്തിലെ പൊതു ഇടങ്ങളാണ് ചായക്കടകളും ബാര്‍ബര്‍ ഷോപ്പുക ളും. നാട്ടിന്‍പുറത്തെ ഏറ്റവും ചെറിയ വിശേഷങ്ങള്‍പോലും പല വീക്ഷണകോണുകളില്‍ വെച്ച് അനാവരണം ചെയ്യപ്പെടുന്നത് ഈ പൊതു ഇടങ്ങളിലാണ്.

ഇടക്കാലത്ത് ചില ബാര്‍ബര്‍ഷോപ്പുകളില്‍ രാഷ്ട്രീയം പറയരുത് എന്ന ബോഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളിയുടെ രാഷ്ട്രീയവിഷയങ്ങളില്‍ അസഹിഷ്ണുതയുടെ വിഷം കലര്‍ന്നുതുടങ്ങി എന്ന് ആദ്യം അടയാളപ്പെടുത്തിയ പൊതു ഇടം ബാര്‍ബര്‍ഷോപ്പാണ്. മലയാളിയുടെ രാഷ്ട്രീയസാക്ഷരതയില്‍ കടുത്ത മൗലികവാദങ്ങള്‍ കടന്നുവരാന്‍ തുടങ്ങി എന്ന് ആദ്യം തിരിച്ചറിഞ്ഞവര്‍ ബാര്‍ബര്‍മാര്‍ തന്നെയാണ്. ഇതേസമയത്തു തന്നെയാണ് ചായക്കടകളില്‍ ഇന്നു റൊക്കം നാളെ കടം എന്ന ബോഡും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ഓരോ ഗ്രാമീണന്റെയും സാമ്പത്തികമാന്ദ്യവും കുടുംബപരമായ വല്ലായ്മകളും ആദ്യം ഗ്രഹിച്ചിരുന്നവര്‍ ചായക്കടക്കാരാണ്. ഇത്തരം പൊതു ഇടങ്ങളിലൂടെയാണ് മലയാളികളുടെ ദൈനംദിന വ്യവഹാരങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നത്. ഗ്രാമത്തിന്റെ ഈ പൊതുപ്രതിനിധികള്‍ ഗ്ലാമറിനു പുറത്തുള്ള ഒരു ലോകത്തെയാണ് അഡ്രസ്സ് ചെയ്യുന്നത്. അത്തരം വേഷങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ ഗ്ലാമര്‍ ഇല്ലാത്തവര്‍ തന്നെ വേണം. മാമുക്കോയയും ശ്രീനിവാസനുമൊക്കെ ഗ്രാമീണതയുടെ ഈ പൊതു പ്രാതിനിധ്യത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന് ഗ്ലാമറിനോടുള്ള ഒരു വൈരാഗ്യബുദ്ധി വരുന്നത്, അടിസ്ഥാനപരമായി അയാള്‍ ഒരു ഗ്രാമീണനായതുകൊണ്ടാണ്. തനിക്കു കിട്ടിയ ആദ്യത്തെ അവസരത്തില്‍ത്തന്നെ ശ്രീനി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത് മാമുക്കോയയെപോലെയുള്ള ആളെയാണ്. മലയാള സിനിമയുടെ പൊളിച്ചെഴുത്ത് അവിടെവെച്ചു തുടങ്ങുന്നു.
ഒരു തുടര്‍നഗരമായി കേരളം മാറിക്കൊണ്ടിരിക്കയാണ്. ബാര്‍ബര്‍ഷോപ്പിന് പകരം ബ്യൂട്ടിപാര്‍ലറും ചായക്കടയ്ക്കു പകരം ഐസ്‌ക്രീം പാര്‍ലറുകളും ഫാസ്റ്റ് ഫുഡ് സെന്ററുകളും പെരുകിത്തുടങ്ങി. ഉഷ്ണിക്കാത്ത ഒരു മലയാളിയുടെ ചിത്രമാണ് ഇവയിലൂടെ വരുന്നത്. ബ്യൂട്ടിപാര്‍ലറില്‍ സൗന്ദര്യമല്ലാതെ ഒരു ആശയവും വിനിമയം ചെയ്യപ്പെടുന്നില്ല. തന്റെതന്നെ സൗന്ദര്യത്തെ മാത്രമാണ് കസ്റ്റമര്‍ അവിടങ്ങളില്‍ ചെത്തി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത്. മനസ്സിലേക്കല്ല, ശരീരത്തിലേക്കാണ് നോട്ടം. ബാര്‍ബര്‍ഷോപ്പിലുള്ളതുപോലെയുള്ള ഒരു കൂട്ടായ്മ ബ്യൂട്ടിപാര്‍ലറില്‍ ഇല്ല. ഒരു കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ സജീവമായി ഉണ്ടായിരുന്ന പൊതു ഇടങ്ങള്‍ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. ഈ പൊതു ഇടങ്ങളുടെ ജീവത്തായ പ്രാതിനിധ്യമാണ് മാമുക്കോയയും ശ്രീനിവാസനുമൊക്കെ സിനിമയില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണത സിനിമയില്‍നിന്ന് നഷ്ടപ്പെടുന്നു എന്നു പറഞ്ഞാലര്‍ഥം, കേരളത്തില്‍നിന്ന് പൊതു ഇടങ്ങളും കൂട്ടായ്മകളും അപ്രത്യക്ഷമായിത്തുടങ്ങി എന്നുമാത്രമാണ്. എന്റെ പല സിനിമകളിലും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും മാമുക്കോയയും ശ്രീനിവാസനും കോമ്പിനേഷനായി വരാറുണ്ട്. സാധാരണ മനുഷ്യരുടെ പൊതുപ്രാതിനിധ്യമാണ് ഇവരിലൂടെ സംഭവിക്കുന്നത്.

മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍ എന്ന പോക്കറ്റടിക്കാരനെ നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല. സിനിമയിലേക്ക് ഒരു ബഷീര്‍കഥാപാത്രത്തെപ്പോലെയാണ് ഈ പോക്കറ്റടിക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ചേട്ടന്റെ മക്കള്‍ക്ക് കളിക്കാന്‍വേണ്ടി മോഷ്ടിച്ച പേഴ്‌സുകള്‍ കൊടുക്കുന്ന ഈ പോക്കറ്റടിക്കാരന് സമാനനായ മറ്റൊരാളെ നമുക്കൂഹിക്കാന്‍ കഴിയില്ല. അത്രയും വിശുദ്ധനായ ഒരു പോക്കറ്റടിക്കാരനാണ് കുഞ്ഞിക്കാദര്‍. നാണയങ്ങളെല്ലാം ഒഴിഞ്ഞ ഈ പേഴ്‌സുകള്‍ അയാള്‍ ഉപേക്ഷിക്കുന്നില്ല. മോഷണവസ്തുവാണ് എന്ന് തിരിച്ചറിയാതെ അത് സമ്മാനമായി വാങ്ങുന്ന കുട്ടികളിലെ ആനന്ദം അയാളുടെ പാപത്തിന്റെ പശ്ചാത്താപമാണ്. മാമുക്കോയയുടെ അഭിനയത്തില്‍ ഈ പോക്കറ്റടിക്കാരനു കിട്ടുന്ന ജീവന്‍ ഒന്നു വേറെത്തന്നെയാണ്. ഏതെങ്കിലും ഒരു സീനില്‍ ചെറിയ വീക്ക്‌നസ് ഉണ്ടെങ്കില്‍പ്പോലും വലിയ അഭിനേതാക്കളുടെ പ്രഭാവംകൊണ്ട് നമുക്കത് തിരിച്ചറിയാന്‍ കഴിയില്ല. ഒരു നല്ല സീന്‍ കഴിവില്ലാത്ത നടനാണ് ചെയ്തതെങ്കില്‍ ആ തകരാറുകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്യും.

മാമുക്കോയ ഒരു ദേശത്തെക്കൂടി സിനിമയിലേക്ക് കൊണ്ടുവന്ന നടനാണ്. കോഴിക്കോട് എന്ന ദേശം അതിന്റെ മുഴുവന്‍ മഹിമയോടുംകൂടി സിനിമയിലേക്കും സാഹിത്യചരിത്രത്തിലേക്കുമൊക്കെ കടന്നുവരുന്നത് മാമുക്കോയയിലൂടെയാണ്. മാമുക്കോയയുടെ തനിമ എന്നു പറയുന്നത് ആ കോഴിക്കോടന്‍ശൈലിതന്നെയാണ്. ചില സിനിമകളില്‍ മാമുക്കോയ മാപ്പിളയല്ലാത്ത കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഏതു ജാതിമത മനുഷ്യര്‍ സംസാരിച്ചാലും കോഴിക്കോടന്‍ശൈലിക്ക് ഒരു മാറ്റവുമുണ്ടാവില്ല. ഇതുപോലെ എത്ര രൂപപരിണാമങ്ങളിലൂടെ കടത്തിക്കൊണ്ടുപോയാലും, അടിസ്ഥാനപരമായി അയാളൊരു കോഴിക്കോടന്‍തന്നെയായിരിക്കും. മാമുക്കോയയുടെ മൗലികമായ സ്വത്വം നിലനില്ക്കുന്നത് അവിടെയാണ്. ഒരു സുപ്രഭാതത്തില്‍ മാമുക്കോയയെ ഒരു തിരുവിതാംകൂറുകാരനാക്കിക്കളയാം എന്നു വിചാരിച്ചാല്‍ അതു നടപ്പില്ല. ജീവിതത്തിലെന്നപോലെ അഭിനയത്തിലും മാമുക്കോയയുടെ കൂറ് കോഴിക്കോടിനോടാണ്. നല്ല അഭിനേതാക്കള്‍ സംവിധായകര്‍ക്ക് എപ്പോഴും പ്രചോദനമാകാറുണ്ട്. അത്തരം ഒരു പ്രചോദനമാണ് മാമുക്കോയ.

നാടോടിക്കാറ്റ് എന്ന സിനിമയില്‍ ഗഫൂര്‍ക്ക, ഗള്‍ഫിലേക്കാണ് എന്നും പറഞ്ഞ് ദാസനേയും വിജയനേയും ഉരുവില്‍ കയറ്റിവിടുന്നത് മദിരാശിയിലേക്കാണ്. വലിയ തുക കൈപ്പറ്റിക്കൊണ്ട് വിജയനേയും ദാസനേയും വഞ്ചിക്കുകയാണ് ഗഫൂര്‍ക്ക ചെയ്തത്. എന്നിട്ടും ഗഫൂര്‍ക്കയെ നാം ഇഷ്ടപ്പെടുന്നതിന്റെ മനശ്ശാസ്ത്രം എന്താണ്? ഗഫൂര്‍ ഒരു ചതിയനല്ലേ? ഗഫൂര്‍ എന്ന ഈ മനുഷ്യനിലും പ്രേക്ഷകര്‍ കാണുന്നത് മനുഷ്യപ്പറ്റുള്ള ഒരു ചതിയനെയാണ്.


എവിടെയൊക്കെയോ ചതിക്കപ്പെടാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു മലയാളിയെ വളരെ ഹൃദ്യമായിട്ടാണ് മാമുക്കോയ അവതരിപ്പിച്ചത്. ചതിയെ മഹത്ത്വവല്‍ക്കരിക്കുന്ന ഒരു സാമാന്യ സാഹചര്യം കേരളീയസമൂഹത്തിനുണ്ടുതാനും.

മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം എഴുതുമ്പോള്‍ മാമുക്കോയയുടേയും ശ്രീനിവാസന്റേയും സാന്നിധ്യം
പ്രസക്തമാണ്. സിനിമയിലെ ഗ്ലാമറിനെതിരെയുള്ള കലാപങ്ങള്‍ തുടങ്ങിവെച്ചത് മാമുക്കോയയും ശ്രീനിവാസനുമാണ്. ഇവരുടെ തുടര്‍ച്ചയാണ് ഇന്ദ്രന്‍സ്. ഹ്യൂമറില്‍നിന്ന് അനായാസം സീരിയസ് ആയ കഥാപാത്രങ്ങളായി മാറാന്‍ ഇവര്‍ക്കു സാധിക്കുന്നു. ചിരിയുടെ തൊട്ടടുത്ത ഭാവം സങ്കടമാണ്. ഈ ഭാവത്തെ എത്ര തീക്ഷ്ണമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് പെരുമഴക്കാലത്തിലൂടെ മാമുക്കോയ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍////,മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം, ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്.
ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു
തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. തലയണമന്ത്രത്തില്‍ കരാട്ടെ അധ്യാപകനായ ഇന്നസെന്റിന്റെ മുഖത്ത്, ഒരു മൂലയില്‍ കൊണ്ടുപോയി ആരും കാണാതെ അടിവെച്ചുകൊടുക്കുന്നുണ്ട് മാമുക്കോയ.
ആ അടി മലയാളസിനിമയുടെ മുഖത്താണ് പതിച്ചത്.

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, October 9, 2013

പാടവരമ്പില്‍ ഒരു കാരണവര്‍

സത്യന്‍ അന്തിക്കാട്

ഓക്ടോബര്‍ 9- അനശ്വരനടന്‍ ശങ്കരാടിയുടെ ഓര്‍മദിനം..

ഈയിടെ ഒരൊഴിവുദിവസം പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ കണ്ടിരിക്കുകയായിരുന്നു. അതിന്റെ ഒടുവിലത്തെ സീനില്‍ ഒരടിയും ബഹളവുമൊക്കെയായിട്ട് മൂത്ത തട്ടാനെ കസേരയിലിരുത്തി കൊണ്ടുവരുന്ന ഒരു രംഗമുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് സീനാണത്. സാധാരണനിലയില്‍ ആ സീന്‍ കാണുമ്പോള്‍ ചിരി വരേണ്ടതാണ്. പക്ഷേ, എന്റെ കണ്ണു നിറഞ്ഞു. മൂത്ത തട്ടാനായി അഭിനയിച്ച കൃഷ്ണന്‍കുട്ടി നായര്‍, ഹാജ്യാരായി വേഷമിട്ട കരമന ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, ഫിലോമിന... സിനിമയിലെ ഈ ഗ്രാമ്യ മുഖഭാവങ്ങള്‍ ക്ലാപ്പടിയും കട്ടുമില്ലാത്ത മറ്റൊരു ലോകത്തേക്ക് പിന്‍വാങ്ങിയല്ലോ എന്ന ചിന്ത, വലിയൊരു നഷ്ടസ്മൃതിയായി എന്നില്‍ നിറഞ്ഞു. സിനിമയില്‍നിന്ന് എന്നേക്കുമായി നഷ്ടപ്പെട്ട ഒരുകൂട്ടം ഗ്രാമീണര്‍.
Thikkurissy Sukumaran Nair, Bahadoor, Sankaradi

വി.കെ.എന്‍-ന്റെ അപ്പുണ്ണി തൊട്ടാണ് സിനിമയില്‍ എന്റെ ഗ്രാമകഥകളാരംഭിക്കുന്നത്. അതിനു മുന്നേയെടുത്ത കുറുക്കന്റെ കല്യാണവും കിന്നാരവും മദിരാശിയുടെ കഥാപശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. മദിരാശിക്ക് അന്ന് അകലം കൂടുതലാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ടെലിഫോണോ വൈദ്യുതിയോ ഇല്ലാത്ത കാലം. ആ കാല ഘട്ടത്തില്‍ മദിരാശിയില്‍ ജീവിച്ചുകൊണ്ട് ഞാന്‍ അന്തിക്കാടിന്റെ ഗ്രാമപ്പച്ച സ്വപ്‌നംകണ്ടു. ഒരു സിനിമാമോഹത്തിന്റെ തുമ്പു പിടിച്ചിട്ടാണ് ഞാന്‍ മദിരാശിയിലേക്കു പോയത്. വളരെ വിദൂരതയില്‍നിന്നെവിടെയോ വെച്ച് ഉദ്ഭവിക്കുന്ന ഒരു കലാരൂപത്തെ കൈപ്പിടിയിലാക്കുക എന്നൊരാഗ്രഹമായിരുന്നു അത്. സത്യത്തില്‍ ഞാനൊരു സിനിമാഭ്രാന്തനായിരുന്നില്ല. സാഹിത്യമായിരുന്നു ഇഷ്ടപ്പെട്ട വിഷയം. കുഞ്ഞുണ്ണിമാഷുമായുള്ള പരിചയമാണ് എന്നെ സംസ്‌കരിച്ചെടുത്തത്. കവിയാകണം എന്നാഗ്രഹിച്ചുനടന്ന ഒരാളിലേക്ക് എപ്പോഴോ സിനിമാമോഹം അനുവാദം ചോദിക്കാതെ കയറിവന്നു. മാതൃഭൂമി ബാലപംക്തിയില്‍ അക്കാലത്ത് ഞാന്‍ കവിതകളെഴുതിയിരുന്നു. സാഹിത്യപരിചയമാണ് സിനിമാമോഹത്തിന് വളക്കൂറായിത്തീര്‍ ന്നത്. ഡോ. ബാലകൃഷ്ണന്റെ കീഴിലാണ് സിനിമാജീവിത ത്തിന്റെ തുടക്കം. അദ്ദേഹം പറയുന്ന പല സീനുകളുടെയും പകര്‍ത്തിയെഴുത്തുകാരന്‍ ഞാനായിരുന്നു. 'എഴുത്തുപരിചയ'മാണ്, സത്യത്തില്‍ സിനിമാസംവിധാനത്തെ ഏറ്റവും പ്രചോദിപ്പിച്ച ഒരു ഘടകം.

അങ്ങനെ, മദിരാശിയില്‍ സിനിമാലോകത്തെ വിസ്മയജീവിതങ്ങളുമായി ചുറ്റിപ്പറ്റി നില്ക്കുമ്പോഴാണ് ഞാനാദ്യമായി ശങ്കരാടിയെ കാണുന്നത്. വാസു സ്റ്റുഡിയോവില്‍ കോളേജ് ഗേളിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഹരിഹരന്റെ രണ്ടാമത്തെ പടം. സംവിധാനസഹായികളായ ആറു പേരില്‍ ഒരാളാണ് ഞാന്‍. ഞങ്ങളന്ന് പകച്ചുനില്ക്കുന്ന ഒരു സംഘമായിരുന്നു. വലിയവലിയ നടന്മാരെ 'ജീവനോടെ' കാണുന്നതിന്റെ ഒരു ത്രില്ല് ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ലൊക്കേഷനില്‍ വെച്ചാണ് ശങ്കരാടിയെ പരിചയപ്പെടുന്നത്. ബഹദൂറും പറവൂര്‍ ഭരതനുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു.
'തന്റെ പേരെന്താടോ?'
ശങ്കരാടി ചോദിച്ചു.
'സത്യന്‍.'
'എവിടെയാ വീട്?'
'അന്തിക്കാട്.'
'അന്തിക്കാട് എവിടെ?'
ശങ്കരാടിയുടെ ചോദ്യവും എന്റെ ഉത്തരവും തുടര്‍ന്നു. അന്തിക്കാട് കണ്ടശ്ശാന്‍കടവ് സ്‌കൂളിനടുത്താണ് വീട് എന്നു പറഞ്ഞപ്പോള്‍ ശങ്കരാടി സ്വതസ്സിദ്ധമായ ചിരിയോടെ പറഞ്ഞു: 'ഞാനവിടെ പഠിച്ചിട്ടുണ്ട്.'
അതു കേട്ടപ്പോള്‍ ഒരന്തിക്കാട്ടുകാരനായതില്‍ ഞാന്‍ സന്തോഷിച്ചു. ഒരു നാട്ടുകാരനോടുള്ള സ്‌നേഹം ശങ്കരാടി എന്നോടു പ്രകടിപ്പിച്ചു.
'ചുക്കില്ലാത്ത കഷായമില്ല' എന്നു പറയാറുള്ളതുപോലെ
'ശങ്കരാടിയില്ലാത്ത പടം' ഞാന്‍ സംവിധാനം ചെയ്തതില്‍ തീരെ കുറവ്. മദിരാശിയില്‍ അയ്യപ്പാസ് എന്ന ലോഡ്ജിലായിരുന്നു ശങ്കരാ ടിയുടെ താമസം. ഒരു നാട്ടിന്‍പുറത്തുകാരനെപ്പോലെ ഓരോ കാഴ്ചയിലും ശങ്കരാടി സൗമ്യതയോടെ പെരുമാറി. മരണംവരെ അത് തുടര്‍ന്നു.

ഒരു നാട്യവുമില്ലാത്ത മനുഷ്യനായിരുന്നു ശങ്കരാടി. ഇന്ന് പഴയ സിനിമകള്‍ കാണുമ്പോള്‍ നമുക്കു മനസ്സിലാകും, അന്നത്തെ പ്രസിദ്ധരായ പല നടന്മാരെക്കാളും സ്വാഭാവികമായ രീതിയിലായിരുന്നു ശങ്കരാടിയുടെ അഭിനയം. വിത്തുകള്‍ എന്ന സിനിമ അടുത്തിടെ ഞാന്‍ കണ്ടു. അതില്‍ ഏറ്റവും സ്വാഭാവികമായ ഒരഭിനയശൈലി കാഴ്ചവെച്ചത് ശങ്കരാടിയായിരുന്നു. ക്യാമറ മുന്‍പിലുണ്ടെന്ന തോന്നലുളവാക്കാത്തവിധം പെര്‍ഫോം ചെയ്യുന്ന നടനാണ് ശങ്കരാടി. ആ പെര്‍ഫോമന്‍സ് എത്രത്തോളം ശുദ്ധമാണോ, അത്രയും ശുദ്ധമായ രീതിയിലാണ് ശങ്കരാടിയുടെ നടപ്പും ഇരിപ്പും സംസാരവും ഇടപഴകലുമൊക്കെ. മദ്രാസില്‍, പ്രസിദ്ധനായ ഒരു സിനിമാനടനാണ് എന്ന ഭാവഭേദമൊന്നുമില്ലാതെ ഖദര്‍മുണ്ടും ഖദര്‍ഷര്‍ട്ടുമിട്ട് ബീഡിയും വലിച്ചു നടക്കുന്ന ഒരു വിശുദ്ധനായ ഗ്രാമീണനായിരുന്നു ശങ്കരാടി. ഇതൊക്കെക്കൊണ്ടുതന്നെ പുള്ളിക്ക് ആവശ്യത്തില്‍ കൂടുതല്‍ പിശുക്കന്‍ എന്ന പേരുണ്ടായിരുന്നു. നയാപൈസ ചെലവാക്കാത്ത ഒരാള്‍ എന്ന നിലയിലാണ് സിനിമാസെറ്റില്‍ ശങ്കരാടി അറിയപ്പെട്ടത്. ശങ്കരാടി പ്രായമേറെച്ചെന്നാണ് വിവാഹിതനായത്. സിനിമയില്‍നിന്ന് സമ്പാദിക്കുന്ന കാശ് മുഴുവന്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പലരും ശങ്കരാടി കേള്‍ക്കെത്തന്നെ ചോദിക്കുമായിരുന്നു. ഒരു സദസ്സില്‍ വന്നുകഴിഞ്ഞാല്‍, ആ സദസ്സിനെ വളരെ പെട്ടെന്ന് ഉണര്‍ത്തുന്ന ഒരു സിദ്ധി ശങ്കരാടിക്കുണ്ടായിരുന്നു.

മറ്റൊന്ന്, മറ്റെല്ലാറ്റിനുമുപരി, അതിശക്തമായ ഒരു രാഷ്ട്രീയകാഴ്ചപ്പാട് ശങ്കരാടിക്കുണ്ടായിരുന്നു.

ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ നന്മ ശങ്കരാടിയില്‍ ആവോളമുണ്ടായിരുന്നു. മദിരാശിയില്‍ ഒരു മലയാളി കാരണവരെപ്പോലെ ശങ്കരാടി ജീവിച്ചു. സ്വന്തമൊരു അമ്മാവനെപ്പോലെയായിരുന്നു എനിക്ക് ശങ്കരാടി.

ബന്ധപ്പെട്ട ആരുമായും അഗാധമായ സൗഹൃദം ശങ്കരാടി സ്ഥാപിക്കുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം പതിവായി കത്തെഴുതി. ടെലിഫോണൊക്കെ സജീവമായിരുന്ന കാലത്തും അദ്ദേഹം കത്തുകളെഴുതിക്കൊണ്ടിരുന്നു. ഒരു സാധാരണ പോസ്റ്റ് കാര്‍ഡിലാണെഴുതുക. അഡ്രസ്സിനു തൊട്ടു മുകളില്‍ ചുവന്ന മഷിയില്‍ കാുീൃമേി േഎന്നെഴുതും. നല്ല ഭംഗിയുള്ള കൈപ്പടയാണ്. വീട്ടുവിശേഷമന്വേഷിച്ചുകൊണ്ടാണ് ഓരോ കുറിപ്പുമവസാനിക്കുക.

ബന്ധങ്ങള്‍ ചികയുന്ന ഒരു സ്വഭാവമുണ്ടായിരുന്നു ശങ്കരാടിക്ക്. ബന്ധങ്ങളുടെ കണ്ണിചേര്‍ത്ത് അതിന്റെ അറ്റംവരെ പോയി, ആ ഊരും പേരുമായി തനിക്കുള്ള ബന്ധംകൂടി ശങ്കരാടി സ്ഥാപിച്ചെടുക്കും. ബന്ധങ്ങളുടെ ഇഴ കോര്‍ത്തിണക്കി പോകുന്ന ആ വിദ്യ
നടന്മാരില്‍ ശങ്കരാടിയില്‍ മാത്രമാണ് ഞാന്‍ കണ്ടത്.

ആര്‍ഭാടം തീരെയില്ലായിരുന്നു ശങ്കരാടിയില്‍. ഒരു മുറിയും ഒരു ഫാനും ഒരു ബാത്ത്‌റൂമുമുണ്ടായാല്‍ പുള്ളി ഹാപ്പിയാണ്. നിര്‍മാതാവിന് അധികഭാരം ചുമത്തുന്ന ഒന്നും ശങ്കരാടിയിലില്ലായിരുന്നു. ജാതിമതമൊന്നും നോക്കാതെ തന്നെക്കാള്‍ ഇളപ്പമുള്ള പ്രിയപ്പെട്ടവരെ 'അവനെന്റെ അനന്തരവനാ'ണ് എന്ന് ശങ്കരാടി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമായിരുന്നു.

മദ്യപിക്കുന്ന സ്വഭാവം ശങ്കരാടിക്കുമുണ്ട്. രാത്രിയിലാണ് മദ്യപിക്കുന്നതെങ്കില്‍ അന്നു പുലര്‍ച്ചെതന്നെ വെള്ളവും ഗ്ലാസുമൊക്കെ ശരിയാക്കി രാത്രിക്കുവേണ്ടി ശങ്കരാടി കാത്തിരിക്കും. അതുപോലെ ഷൂട്ടിങ്ങിന് പുറപ്പെടുന്നതിന് ഒരാഴ്ച മുന്നേതന്നെ വസ്ത്രം, സോപ്പ്, ചീര്‍പ്പ് തുടങ്ങിയവ പെട്ടിയിലാക്കി യാത്ര പുറപ്പെടുന്ന ദിവസത്തിനുവേണ്ടി ശങ്കരാടി കാത്തിരിപ്പ് തുടങ്ങും.

എന്റെ കല്യാണത്തിനു ശേഷമാണ് ശങ്കരാടിയുടെ കല്യാണം നടന്നത്. തൃപ്രയാര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ചടങ്ങ്. പല കല്യാണാലോചനകളും ശങ്കരാടിക്ക് വന്നിരുന്നു. പല കാരണങ്ങള്‍കൊണ്ടും അവയൊന്നും നടന്നില്ല. ഒരിക്കല്‍ ഒരു മോതിരംമാറല്‍ നടന്നതാണ്. എന്നിട്ടും എന്തോ കാരണംകൊണ്ട് അത് തെറ്റിപ്പോയി.

കമ്യൂണിസ്റ്റാണെങ്കിലും ഞാന്‍ പരിചയപ്പെടുന്ന കാലംതൊട്ടേ ശങ്കരാടി ഭക്തനായിരുന്നു. ലോഡ്ജ്മുറിയിലാണെങ്കില്‍ത്തന്നെയും പൂജാമുറിയിലുള്ളതുപോലെ ഒരു കോര്‍ണറില്‍ ദൈവചിത്രങ്ങള്‍ക്കു മുന്നില്‍ എപ്പോഴും നിലവിളക്ക് കത്തിച്ചുവെച്ചു. സന്ദേശം എന്ന സിനിമയില്‍ ഒരു കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായിട്ടാണ് ശങ്കരാടി അഭിനയിച്ചത്. പരസ്യമായി കമ്യൂണിസ്റ്റാശയം തീവ്രമായി പ്രകടിപ്പിക്കുകയും രഹസ്യമായി ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരാള്‍. ശങ്കരാടിയില്‍നിന്നാണ് ആ കഥാപാത്രത്തെ ഞാന്‍ കണ്ടെത്തുന്നത്. വലിയ കമ്യൂണിസ്റ്റുകാരൊക്കെ ഈശ്വരവിശ്വാസികളാണെന്നും അവര്‍ രഹസ്യമായി അമ്പലത്തില്‍ പോവാറുണ്ടെന്നും ശങ്കരാടി പലപ്പോഴായി പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ ശങ്കരാടിക്ക് തീരെ ദൈവവിശ്വാസമുണ്ടായിരുന്നില്ല. പ്രായമേറിയപ്പോഴാണ് ഈശ്വരസാന്നിധ്യം ജീവിതത്തിലനുഭവപ്പെട്ടുതുടങ്ങിയതെന്ന് ശങ്കരാടി ഒരിക്കല്‍ പറഞ്ഞു.

അതിമനോഹരമായ ഹ്യൂമര്‍സെന്‍സ് ശങ്കരാടിക്കുണ്ടായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ശങ്കരാടിക്ക് പ്രിയപ്പെട്ടവരായിരുന്നു. മോഹന്‍ലാല്‍ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെപ്പോലെയാണ്. മോഹന്‍ലാല്‍ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ലാല്‍ ശങ്കരാടിയോടു ചോദിച്ചു:
'എന്നെയാണോ മമ്മൂക്കയെയാണോ ചേട്ടന് കൂടുതലിഷ്ടം?'
ശങ്കരാടി ഇരിക്കുമ്പോള്‍ പിറകെ വന്ന് തോളില്‍ കൈയിട്ടുകൊണ്ടാണ് മോഹന്‍ലാലിന്റെ ചോദ്യം. ശങ്കരാടി ആദ്യമൊന്നും ഇതിന് മറുപടി പറഞ്ഞില്ല. കുറേ ദിവസങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശങ്കരാടി പറഞ്ഞു:
'എനിക്കിഷ്ടം മമ്മൂട്ടിയെയാണ്.'
'എന്തുകൊണ്ടാണ് ചേട്ടന്‍ എന്നെക്കാള്‍ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത്?'
'അത്... മമ്മൂട്ടി ദേഷ്യം വന്നാല്‍ അത് പുറത്തു കാണിക്കും. അതു തുറന്നു പറയുകയും ചെയ്യും. നിനക്ക് ദേഷ്യം വന്നാല്‍ നീയത് പുറത്തു കാണിക്കില്ല. നീയത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതുകൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം.'

മോഹന്‍ലാലിനെ ഒന്ന് ചൊടിപ്പിക്കാനാണ് ശങ്കരാടി അങ്ങനെ പറഞ്ഞത്. എങ്കിലും, അതില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണമുണ്ടായിരുന്നു.

പിന്നീട് ഞങ്ങള്‍ Phrase പോലെ കണക്കാക്കാറുള്ള ഒരു കമന്റ് ശങ്കരാടി ഒരിക്കല്‍ പറഞ്ഞിരുന്നു.
ഒരു നടിയുടെ ഭര്‍ത്താവ് മരിച്ച സന്ദര്‍ഭത്തിലായിരുന്നു ആ കമന്റ്. നടി എന്റെ പടത്തിന്റെ ഒരു ഷൂട്ടിങ്ങിലായിരുന്നു. നടിയുടെ ഭര്‍ത്താവിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. നടിക്കും പോക്കുവരവിന് മറ്റു ചിലരുണ്ട്. എങ്കിലും നടി കൂടുതല്‍ സ്‌നേഹിച്ചിരുന്നത് ഇയാളെയായിരുന്നു. പക്ഷേ, അവര്‍ ആചാരപ്രകാരം വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ആയി അറിയപ്പെട്ട ആള്‍ മരിച്ചതറിഞ്ഞിട്ടും നടിക്ക് ഉറക്കെ കരയാനോ ഭര്‍ത്തൃവീട്ടില്‍ പോകാനോ സാധിച്ചില്ല. നടി ഷൂട്ടിങ് സ്ഥലത്തുനിന്ന് അവരുടെ ലോഡ്ജ്മുറിയിലേക്കു പോയി. ആ ലോഡ്ജില്‍ അടുത്ത മുറിയില്‍ ശങ്കരാടിയുണ്ടായിരുന്നു. വൈകുന്നേരം അന്നത്തെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ ശങ്കരാടി എന്റെ മുറിയിലേക്ക് വന്നു. അപ്പോള്‍ ശ്രീനിവാസന്‍ എന്റെ മുറിയിലുണ്ട്.

'ആ സ്ത്രീക്ക് ഭര്‍ത്താവ് മരിച്ചതില്‍ ശരിക്കും സങ്കടമുണ്ടോ?'
ശ്രീനിവാസന്‍ ചോദിച്ചു.

പെട്ടെന്നുതന്നെ ശങ്കരാടിയുടെ മറുപടിയുണ്ടായി.
'ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.' ഇതായിരുന്നു ശങ്കരാടി പറഞ്ഞത്.

മദിരാശിയില്‍ പണ്ട് ജീവിച്ചിരുന്നവര്‍ക്ക് ഇതിന്റെ അര്‍ഥമറിയാം. മദിരാശിയിലെ പഴയ ചായക്കടകളില്‍ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മലയാളികള്‍ പറഞ്ഞിരുന്ന വാചകമാണിത്. മീഡിയം സ്‌ട്രോങ്, ചക്കര കമ്മി. ഒരു ഇടത്തരം കരച്ചില്‍ എന്നാണ് ശങ്കരാടി പറഞ്ഞതിന്റെ പൊരുള്‍. ശ്രീനി അതുകേട്ട് പൊട്ടിച്ചിരിച്ചു. പിന്നീട് പല സന്ദര്‍ഭങ്ങളിലും ശ്രീനിവാസന്‍ ഇതുപയോഗിച്ചു. പുതിയ ചില നടന്മാരുടെയോ നടികളുടെയോ അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രീനി പറയും: 'ങ്ഹാ, ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.'
ഹരിഹരന്റെ സെറ്റില്‍വെച്ചു പരിചയപ്പെട്ടെങ്കിലും എന്റെ ആദ്യത്തെ സിനിമാലോചനയില്‍ ശങ്കരാടിയുടെ മുഖമില്ലായിരുന്നു. എന്റെ ആദ്യപടം കുറുക്കന്റെ കല്യാണം മദിരാശിയിലെ വിജയാ ഗാര്‍ഡന്‍ എന്ന സ്ഥലത്തുവെച്ചാണ് ആദ്യദിവസം ചിത്രീകരിച്ചത്. സുകുമാരനും മാധവിയും അഭിനയിക്കുന്ന രംഗമാണ്. ഡോ. ബാലകൃഷ്ണന്‍േറതാണ് സ്‌ക്രിപ്റ്റ്. സ്‌ക്രിപ്റ്റ് മുഴുവനെഴുതിയിട്ടില്ല. ചില സീനുകള്‍ മാത്രം. സുകുമാരന്റെയും മാധവിയുടെയും ഡേറ്റ് കിട്ടിയപ്പോള്‍ ഒരു ദിവസം പൂജ നിശ്ചയിച്ചു. അന്നുതന്നെ ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ആരെയും പുതിയ ചിത്രത്തിന്റെ പൂജ നടക്കുന്ന വിവരം അറിയിച്ചിരുന്നില്ല. ആരില്‍നിന്നോ വിവരം കേട്ടറിഞ്ഞ് ശങ്കരാടി ഒരു കാറില്‍ വിജയാ ഗാര്‍ഡനിലെത്തി. തികച്ചും യാദൃച്ഛികമായ ആ സന്ദര്‍ശനം കണ്ട് ഞാന്‍ അല്പനേരം പകച്ചുനിന്നു. പൂജ അറിയിക്കാത്തതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.

കുറുക്കന്റെ കല്യാണത്തില്‍ ഒരു അമ്മാവന്റെ വേഷമുണ്ടായിരുന്നു. ആ വേഷം ശങ്കരാടിയെക്കൊണ്ട് അപ്പോള്‍ അവിടെവെച്ചുതന്നെ ചിത്രീകരിച്ചു. സത്യത്തില്‍ അത് നേരത്തേ നിശ്ചയിച്ചതായിരുന്നില്ല. തികച്ചും യാദൃച്ഛികമായ ഒരു സന്ദര്‍ഭത്തില്‍ തീര്‍ത്തും സ്വാഭാവികമായിത്തന്നെ ശങ്കരാടി അഭിനയിച്ചു.

അവസാനകാലമാവുമ്പോഴേക്കും ഒരു വിഗ്ഗ് വേണമെന്ന കലശലായ മോഹം ശങ്കരാടി മനസ്സില്‍ കൊണ്ടുനടന്നു.

ഞങ്ങളുടെ സ്ഥിരം മേയ്ക്കപ്പുമേന്‍ പാണ്ഡ്യനാണ്. പാണ്ഡ്യനെ വിളിച്ച് ശങ്കരാടി പറയും:
'അടുത്ത സിനിമയില് എനിക്ക് വിഗ്ഗ് വേണം. ഈ കഷണ്ടിയും കാണിച്ച് അഭിനയിക്കാന്‍ വയ്യ!'
നാടോടിക്കാറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം.
മദിരാശി ഹോട്ടല്‍ വുഡ്‌ലാന്‍ഡ്‌സില്‍ ശ്രീനിയും ഞാനുമിരുന്ന് തിരക്കഥ പൂര്‍ത്തിയാക്കുകയാണ്. അപ്പോള്‍ ശങ്കരാടി മുറിയിലേക്കു
കയറിവന്നു.
'എപ്പോഴാ ഞാന്‍ വരണ്ടത്?'
ശങ്കരാടിയുടെ ചോദ്യത്തിന് പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. എഴുതിക്കൊണ്ടിരിക്കുന്ന കഥയില്‍ പുള്ളിക്കു പറ്റിയ റോളുണ്ടോ എന്നുപോലും തീരുമാനിച്ചിരുന്നില്ല.
'സമയമാകുമ്പോള്‍ ചേട്ടനോട് പറയാം.' -പരിഭവമുണ്ടാകാതിരിക്കാന്‍ ഞാന്‍ പറഞ്ഞു.
'ശരി. പിന്നെ ആ പാണ്ഡ്യനെ വിളിച്ച് ഒരു വിഗ്ഗുണ്ടാക്കാന്‍ പറയണം. അവന്‍ എത്രപേര്‍ക്ക് വിഗ്ഗ് വെച്ചുകൊടുക്കുന്നു! എനിക്കും
ഒരു വിഗ്ഗാവാം. എഴുതുമ്പോള്‍ എനിക്ക് ധാരാളം മുടിയുള്ള കഥാ
പാത്രമാക്കി എഴുതണം' - ഇത്രയും പറഞ്ഞ്, കഷണ്ടി ഒന്നു തടവി തികച്ചും സ്വകാര്യമായ ഒരു സങ്കടംപോലെ പറഞ്ഞു: 'ഈ കഷണ്ടിയുമായി എത്ര കാലമായി... എനിക്കിനി വിഗ്ഗ് വേണം
സത്യാ.'

കഷണ്ടി ശങ്കരാടിക്ക് വ്യക്തിപരമായ ഒരു ദുഃഖമായിരുന്നു. പ്രേക്ഷകനാവട്ടെ, കഷണ്ടിയില്ലാത്ത ഒരു ശങ്കരാടിയെ സങ്കല്പിക്കാനേ വയ്യ.
'ചേട്ടന്റെ കഷണ്ടി കാണാന്‍ എന്തൊരു ഐശ്വര്യമാണ്.'
ശ്രീനിവാസന്‍ ശങ്കരാടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു: 'കഷണ്ടി വിഗ്ഗ് വെച്ചു മറയ്ക്കാം. മുഖമോ? അതും എത്രയോ കാലമായി പ്രേക്ഷകര്‍ കാണുന്നതല്ലേ?'
കൂടുതല്‍ വാദിച്ചുനില്ക്കാതെ, ഒന്നു വിടര്‍ന്നു ചിരിച്ച് ശങ്കരാടി മുറിവിട്ടുപോയി.
എന്റെ വീടിനു മുന്നിലുള്ള റോഡ് വിശാലമായ കോള്‍നിലങ്ങള്‍ക്കു മുന്നിലാണവസാനിക്കുന്നത്. എത്രയോ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. വലിയ പാടങ്ങളുടെ അക്കരയുമിക്കരെയുമാണ് എന്റെയും മഞ്ജുവാര്യരുടെയും വീട്. എപ്പോഴും
രാവിലെ ഞാന്‍ നടക്കാന്‍ പോകുന്നത് ഈ പാടത്തേക്കാണ്. ഗ്രാമ്യമായ സ്വച്ഛതയിലൂടെ ഒരു പ്രഭാതസവാരി. ഈ യാത്രയ്ക്കിടയില്‍, വയലിന്റെ നടവരമ്പിലൂടെ മുണ്ടിന്റെ അറ്റം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈയില്‍ കുടയുമായി ഒരു കാരണവര്‍ നടന്നുവരുന്നത് ഞാന്‍ കാണാറുണ്ട്.

ആ കാരണവര്‍ ശങ്കരാടിയാണ്. മരിച്ചിട്ടും എല്ലാ പ്രഭാതത്തിലും അന്തിക്കാട്ടെ പാടവരമ്പില്‍ ഞാന്‍ ഈ കാരണവരെ ദിവസവും കണ്ടുമുട്ടുന്നു. ഒരുപാടു സമ്പാദിച്ചിട്ടും സ്വന്തമായി ഒരു വിഗ്ഗില്ലാതെപോയ, ഏതോ നാടോടിക്കഥയിലെ കാരണവര്‍.

ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഒരുപാട് പേരുടെ ഛായയുണ്ട് ശങ്കരാടി പകര്‍ന്ന വേഷങ്ങള്‍ക്ക്. എന്റെ അമ്മാവന്റെ പല സ്വഭാവവിശേഷങ്ങളും ഞാന്‍ ശങ്കരാടിയിലേക്കു പകര്‍ന്നിട്ടുണ്ട്. എന്റെ അമ്മാവന്‍ ഒരു മാഷായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അധ്യാപകസംഘടനയുടെയൊക്കെ തലപ്പത്തിരുന്നിട്ടുണ്ട്. മദിരാശിയില്‍ സിനിമ പഠിക്കാന്‍പോയ കാലത്ത് നാട്ടിലേക്കു തിരിച്ചുവന്നാല്‍ അമ്മാവന്‍ ചോദിക്കും:
'നിനക്കെന്താ അവിടെ ജോലി?'
'അസിസ്റ്റന്റ് ഡയറക്ടറാണ്.'
'അതു മനസ്സിലായി. നിനക്കെന്താ അവിടെ ജോലി?'
'സംവിധാന സഹായിയാണ്.'
'അതു മനസ്സിലായി. പക്ഷേ, നിനക്കെന്താ അവിടെ ജോലി?'
ഇങ്ങനെ ചോദിച്ച് ഉത്തരം മുട്ടിക്കുന്ന ഒരമ്മാവന്‍. 'നീ സംവിധായകനെ സഹായിക്കുന്നു എന്നു പറയുന്നു. എങ്ങനെ സഹായിക്കുന്നു? സംവിധായകന്റെ പെട്ടി ചുമന്നുനടക്കുകയാണോ? സംവിധായകന് ചോറുണ്ടാക്കിക്കൊടുക്കുകയാണോ?...' ശുദ്ധഗതിക്കാരനായ എന്റെ ഈ അമ്മാവനില്‍ ശങ്കരാടിയുടെ അംശമുണ്ട്. അതുപോലെ എന്റെ ഗ്രാമത്തിലെ പഴയ പല കാരണവന്മാരിലും ഒരു ശങ്കരാടിയെ കാണാം.
മരിക്കുന്നതിനു കുറച്ചുകാലം മുന്നേ ശങ്കരാടിയെ കണ്ടപ്പോള്‍ അദ്ദേഹം വല്ലാതെ അന്തര്‍മുഖനായതുപോലെ എനിക്കു തോന്നി. അവസാനകാലമാവുമ്പോഴേക്കും അദ്ദേഹത്തിന് മറവി ബാധിച്ചുതുടങ്ങി. സിനിമയില്‍ ഡയലോഗുകള്‍ ബോധപൂര്‍വമല്ലാതെ തെറ്റിച്ചു. അപ്പോള്‍ തിരുത്താനാവശ്യപ്പെടുമ്പോള്‍ പുള്ളി സ്വകാര്യമായി പറയും: 'മുന്‍പ് ചില കുരുത്തക്കേടുകള്‍ കാണിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ടാവാം വൃദ്ധനായപ്പോള്‍ വാക്കുകള്‍ വേണ്ടതുപോലെ വരുന്നില്ല.' ശങ്കരാടി പതുക്കെപ്പതുക്കെ എല്ലാറ്റില്‍നിന്നും പിന്‍വാങ്ങിത്തുടങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു പിന്മാറ്റമായിരുന്നോ അത്?
രോഗം മനസ്സിനെ തീരെ തളര്‍ത്തിത്തുടങ്ങിയപ്പോള്‍ ശങ്കരാടി ചെറായിയിലേക്കു മടങ്ങി.

എന്റെയും ശങ്കരാടിയുടെയും പൊതുസുഹൃത്തായ ഒരാള്‍ എനിക്കൊരു കത്തയച്ചു -'ശങ്കരാടിയുടെ
സ്ഥിതി അല്പം മോശമാണ്.' ഞാനും നിമ്മിയും മക്കളുംകൂടി ശങ്കരാടിയെ കാണാന്‍ പോയി. ചെറായിയില്‍ വീടിനു പുറത്ത് ഔട്ട്ഹൗസ് പോലെ ഒരു കൊച്ചുമുറിയുണ്ട്. മൂപ്പരവിടെ കട്ടിലില്‍ കിടക്കുകയാണ്. ഒരു കൊച്ചു കുട്ടിയെപ്പോലെ എനിക്കു തോന്നി. രൂപം ഒരുപാട് മാറിയിട്ടുണ്ട്. ആ വലിയ കണ്ണുകള്‍ പക്ഷേ, അങ്ങനെത്തന്നെയുണ്ട്. മറ്റെല്ലാം ശോഷിച്ചിരുന്നു. ശങ്കരാടിയെ ശുശ്രൂഷിച്ചുകൊണ്ട് ഭാര്യ ശാരദേച്ചി അടുത്തിരിപ്പുണ്ട്. ശങ്കരാടിച്ചേട്ടന്‍ ആരെയും തിരിച്ചറിയുന്നില്ല എന്നു ശാരദേച്ചി പറഞ്ഞു.

'ആരാണ്?'
തുറിച്ചുനോക്കിക്കൊണ്ട് ശങ്കരാടി ചോദിച്ചു. ഭാഷയ്ക്ക് ഒരു മാറ്റവുമില്ല. ചെറിയൊരു ഇടര്‍ച്ച മാത്രം.
'ഞാന്‍ സത്യന്‍ അന്തിക്കാടാണ്.'
'സത്യന്‍ അന്തിക്കാട്? ഏതു സത്യന്‍?'
ശങ്കരാടി അതൊന്നാവര്‍ത്തിച്ചു. പിന്നെ ഒന്നും ചോദിച്ചില്ല. ആളെ മനസ്സിലായില്ല എന്നു തീര്‍ച്ചയായി.
തെല്ലുനേരം എന്നെത്തന്നെ നോക്കി. പിന്നെ പിച്ചും പേയും പറയുന്നതുപോലെ എന്തൊക്കെയോ മൊഴിഞ്ഞു:
'എന്റെ പാസ്ബുക്ക് കാണുന്നില്ല. ട്രെയിനിലെവിടെയോ വെച്ച് മിസ്സായി. അതുകൊണ്ട് വലിയ ബുദ്ധിമുട്ടായി.'
ശങ്കരാടി തനിക്കു നഷ്ടപ്പെട്ട ഏതോ പാസ്ബുക്ക് ഓര്‍മയില്‍ തിരയുകയാണെന്ന് മനസ്സിലായി.
'പേടിക്കേണ്ട സാര്‍. ഞാന്‍ ബാങ്ക് മാനേജരോടു പറയാം.'
'പ്ലീസ് ഡു ഇറ്റ്.' ശങ്കരാടി ഏതോ ഒരോര്‍മയില്‍ അത്രമാത്രം പറഞ്ഞു.
അപ്പോള്‍ ശാരദേച്ചി പറഞ്ഞു. ഏതോ നാട്ടില്‍ ഷൂട്ടിങ്ങിനു വന്ന് ഒരു ലോഡ്ജ്മുറിയില്‍ താമസിക്കുകയാണെന്നാണ് ശങ്കരാടിച്ചേട്ടന്‍ വിശ്വസിച്ചിരിക്കുന്നത്! ഈ മുറി എപ്പോഴാണ് ഒഴിഞ്ഞുകൊടുക്കേണ്ടത് എന്ന് അദ്ദേഹം ഭാര്യയോട് അന്വേഷിച്ചുകൊണ്ടിരുന്നു. തിരിച്ചുവരുമ്പോള്‍ ഞാന്‍ നിമ്മിയോട് പറഞ്ഞു: 'എല്ലാവരും വാടകമുറിയിലാണ് നിമ്മീ. ചെക്കൗട്ടിനു സമയം കാത്തിരിക്കുന്നവര്‍.' ഞങ്ങള്‍ സന്ദര്‍ശിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും ശങ്കരാടി മരിച്ചു. ഒരുമാസം പിന്നിട്ടപ്പോള്‍ ശാരദേച്ചിയും ശങ്കരാടി പോയ വരമ്പിലൂടെത്തന്നെ പോയി.
സ്വന്തം വീട്ടില്‍ ഏതോ വാടകമുറിയുടെ ഓര്‍മ മനസ്സില്‍ പേറി ജീവിച്ച ഒരു മഹാനടന്‍. സ്വാഭാവികമായ ഒരഭിനയംപോലെയായിരുന്നു മരണാസന്നനാളുകള്‍.

ദൈവം 'കട്ട്' പറഞ്ഞ സീന്‍. കേരളത്തില്‍ തെങ്ങും കവുങ്ങും വാഴകളുമൊക്കെയുള്ള ഗ്രാമാന്തരീക്ഷത്തില്‍ ക്യാമറ വെച്ചാല്‍ അവിടെ ശങ്കരാടിയുടെ ശൂന്യത അനുഭവപ്പെടുന്നുണ്ട്.
ശങ്കരാടിയുമായി ബന്ധപ്പെട്ട് ഏറ്റവും തമാശ ജനിപ്പിക്കുന്ന ഒരോര്‍മയുണ്ട്. ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ അദ്ദേഹം സ്ഥിരം താമസിക്കാറുള്ള ഒരു മുറിയുണ്ട്. ഒരു ദിവസം മുറി പൂട്ടി ശങ്കരാടി
ഗസ്റ്റ്ഹൗസ് മാനേജരോടു പറഞ്ഞു: 'ആരു വന്നാലും ആ മുറി കൊടുക്കരുത്. അത്യാവശ്യമുള്ള സാധനങ്ങളൊക്കെ മുറിയില്‍ വെച്ചിട്ടാണ് ഞാന്‍ പോകുന്നത്.'
രണ്ടു ദിവസം കഴിഞ്ഞിട്ടും ശങ്കരാടി വന്നില്ല. ഗസ്റ്റ്ഹൗസിലെ
മുറി അതിഥികള്‍ വന്നിട്ടും തുറന്നുകൊടുക്കാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍, മുറി തുറക്കാന്‍തന്നെ ഗസ്റ്റ്ഹൗസ് മാനേജര്‍ തീരുമാനിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചു മുറി തുറന്നപ്പോള്‍
കണ്ടത്, മുറിയുടെ ഒരു കോര്‍ണറില്‍ അലക്കിപ്പിഴിഞ്ഞ് ഉണക്കാനിട്ട കോണകം മാത്രം! ശങ്കരാടി പറഞ്ഞ അത്യാവശ്യമുള്ള സാധനം!
കൊച്ചുകൊച്ചു നര്‍മങ്ങള്‍ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ നിക്ഷേപിച്ച് ശങ്കരാടി മണ്‍മറഞ്ഞപ്പോള്‍, മണ്ണില്‍ കാലുറപ്പിച്ചു നടന്ന ഒരാളെയാണ് സിനിമയ്ക്കു നഷ്ടമായത്.
മുണ്ടിന്റെ തലപ്പും പിടിച്ച് ബീഡിയും വലിച്ചു നടക്കുന്ന ഒരു ഗ്രാമീണ കാരണവര്‍.
മറ്റൊരു ലോകത്ത്, ഏതോ ഒരു ചായക്കടയിലിരുന്ന് ശങ്കരാടി ദൈവത്തോട് പറയുന്നുണ്ടാവാം:
'ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.'
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)