Sunday, September 9, 2012

വയനാടന്‍ കാഴ്ച്ചകള്‍


Bandhipur, Wayanad


നവംബര്‍-ഡിസംബര്‍ ലക്കം യാത്ര കയ്യില്‍ കിട്ടിയപ്പോഴാണ് പതിവുള്ള ന്യൂ ഇയര്‍ യാത്ര വയനാട്ടിലേക്കായാലോ എന്ന് ചിന്തിച്ചത്. സ്ഥിരം സഹയാത്രികരെ വിളിച്ച് നോക്കി. അങ്ങോട്ട് വേണോ? എന്നാല്‍ പിന്നെ മുത്തങ്ങ വഴി ഗുണ്ടല്‍ പേട്ട്, ബന്ധിപ്പൂര്‍, മുതുമലയൊക്കെ കണ്ട് നിലമ്പൂര്‍ വഴി മടങ്ങാം.

തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടു, കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു സുലൈമാനിയടിച്ചു. മൂന്ന് മണിയോട് ബത്തേരിയിലെത്തി. മുത്തങ്ങയില്‍ ഏഴുമണിക്കേ വനയാത്ര തുടങ്ങുകയുള്ളു. അതിന് മുന്‍പ് കര്‍ണാടക അതിര്‍ത്തി വരെ ഒന്ന് പോയി നോക്കാം. മുത്തങ്ങ ചെക് പോസ്റ്റ് കടന്ന് അല്‍പ്പം മുന്നോട്ട് പോയപ്പോള്‍ റോഡരികിലുള്ള മുളങ്കാടുകള്‍ ഇളകുന്നു. അഞ്ചോ ആറോ ആനകളുടെ ഒരു കൂട്ടം മുളകള്‍ ഒടിച്ച് തിന്നുകയാണ്. ഹെഡ്‌ലൈറ്റിന്റെ വെളിച്ചമടിച്ചതോട് കൂടി അവ ഉള്‍ക്കാട്ടിലേക്ക് പിന്‍മാറി.

ലൈറ്റ് ഓഫ് ചെയ്ത് കുറച്ച് നേരം കാത്തിരുന്നെങ്കിലും നോ രക്ഷ. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി ആനകള്‍ക്ക് പണിയുണ്ടാക്കണ്ടെന്ന് കരുതി നേരെ കര്‍ണാടക അതിര്‍ത്തിയിലേക്ക് വാഹനങ്ങളുടെ നീണ്ട നിര. രാവിലെ ആറുമണിക്ക് ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളു. തിരികെ വീണ്ടും മുത്തങ്ങയിലെത്തി. ഏഴുമണിയായപ്പോഴേക്കും ഗേറ്റില്‍ പൂരത്തിന്റെ ജനം. ഒരു ഗൈഡിനേയും സംഘടിപ്പിച്ച് ജീപ്പുമെടുത്ത് വനത്തിനകത്തേക്ക്. കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് പോകുന്നത് പോലെയാണ് നിര്‍ബാധം ജീപ്പുകള്‍ അകത്തേക്ക് പോകുന്നത്. നമ്മുടെ ജീ്പ്പ് ഡ്രൈവറാണെങ്കില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോകുന്നത് പോലെ കുതിക്കുകയാണ്.


Bandhipur, Wayanad


ഇടക്ക് ഒന്നോ രണ്ടോ മാനിനെ കാണാന്‍ സ്​പീഡ് അല്‍പ്പം കുറച്ചു. വീണ്ടും പൂര്‍വ്വാധികം സ്​പീഡില്‍ പോയി മുന്നില്‍ പോയിരുന്ന രണ്ട് ജീപ്പുകളെ ഓവര്‍ടേക്ക് ചെയ്ത് ഞങ്ങളെ ഒന്നാമതായി പുറത്തെത്തിച്ചു. എന്തിനാണീ വഴിപാടെന്നറിയാതെ എല്ലാവരും പകച്ച് നിന്നു.

റോഡരുകില്‍ നിന്ന് തന്നെ പല്ല് തേപ്പെല്ലാം കഴിച്ച് തൊട്ടടുത്ത് തന്നെയുള്ള നസീറമെസ്സിലേക്ക്. ചൂടുള്ള പുട്ടും കടലയും കഴിച്ച് എല്ലാവരും ഉഷാറായി. പതിയെ കര്‍ണാടക വനങ്ങളുടെ ഭംഗി ആസ്വദിച്ച് ഗുണ്ടല്‍ പേട്ടിലെത്തി. അവിട നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹംഗ്ല വഴി ഗോപാല്‍ സ്വാമിബെട്ടയിലേക്ക് വണ്ടി വിട്ടു. വഴി നിറഞ്ഞ് കാലിക്കൂട്ടം പോവുകയാണ്. ഇരുവശത്തും പുതുകൃഷിക്കായി കൃഷിയിടങ്ങള്‍ ഉഴുതുമറിച്ചിട്ടിരിക്കുന്ന മനോഹര ദൃശ്യം, ശക്തമായ കാറ്റ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്‍പിലുള്ള കരിങ്കല്‍ കട്ടിള പിടിയില്‍ നിന്നും പലപ്പോഴും വെള്ളം തുള്ളി തുള്ളിയായി താഴേക്ക് വീഴുന്നു.

തിരിച്ച് ഹംഗ്ലവഴി ബന്ദിപ്പൂരിലേക്ക്. വഴിയരികില്‍ തന്നെയുള്ള ഒരു റിസോര്‍ട്ടില്‍ കയറി ഭക്ഷണം കഴിച്ചു. രണ്ടു റൂമുള്ള ഒരു കോട്ടേജും ബുക്ക് ചെയ്തു. റൂം ബോയ് മലപ്പുറത്തുകാരന്‍ ഒരു പയ്യന്‍. 'സാറേ വൈകീട്ട് എല്ലാ സൗകര്യങ്ങളും ചെയ്തു തരാം...' അവന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. 'സുഖം' അന്വേഷിച്ച് വന്നതല്ല മാഷേ. തൃശ്ശൂര്‍ ഭാഷയില്‍ മറുപടി കൊടുത്തു.


Bandhipur, Wayanad


മൂന്നു മണിയായപ്പോഴേക്കും ബന്ധിപ്പൂര്‍ പാര്‍ക്കിന്റെ ഗേറ്റില്‍ എത്തി. ഇരുപതോളം പേര്‍ക്ക് കയറാവുന്ന വാനിലാണ് ഇവിടെ വനയാത്ര. മാന്‍, മയില്‍ കാട്ടുപന്നി എന്നിവ യഥേഷ്ടം. ആനയുടെയും പുലിയുടെയും പൊടി പോലുമില്ല. നിരാശരായി തിരികെ റിസോര്‍ട്ടിലേക്ക് മടങ്ങുകയാണ്. സമയം ആറുമണി കഴിഞ്ഞു. ഒരു തിരിവ് കഴിഞ്ഞപ്പോള്‍ ഏതോ ഒരു മൃഗം റോഡ് മുറിച്ചു കടക്കുന്നു. വണ്ടി നിര്‍ത്തി സൂക്ഷിച്ചു നോക്കി. ഒരു പുള്ളിപ്പുലി. ക്യാമറെയുടുക്കുമ്പോളേക്കും അവന്‍ കാട്ടിലേക്ക് മറിഞ്ഞു.

പിറ്റേ ദിവസം അതിരാവിലെയെഴുന്നേറ്റ് നേരെ മുതുമലയിലേക്ക്. റോഡിനിരുവശവും നിബിഢ വനങ്ങളാണ്. എട്ട് മണി ആയപ്പോഴേക്കും തെപ്പക്കാട് എത്തി. അവിടെ ആനപ്പുറത്തുള്ള സഫാരിയുണ്ടെന്ന് കേട്ട് അന്വേഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാ എല്ലാം നേരത്തെ ബുക്ക് ചെയ്യണം. തൊട്ടടുത്ത് തന്നെയുള്ള ആനത്താവളത്തിലേക്ക് പോയി. ചോറും റാഗിയും ശര്‍ക്കരയും കൂട്ടിക്കുഴച്ച ഭക്ഷണം ആനകള്‍ വെട്ടി വിഴുങ്ങുന്നു. നമ്മുടെ വയറും കരിയുന്ന മണം.

നേരെ ഊട്ടി റോഡിലൂടെ വണ്ടി വിട്ട് മസിനഗുഡിയില്‍ പോയി വയറ് നിറച്ച് ഭക്ഷണം കഴിച്ചു. അവിടെ വിഭൂതി മലമുകളിലുള്ള കോവിലും മാരിയമ്മന്‍ കോവിലും കണ്ട് തിരിച്ചിറങ്ങി. വഴിയിരികിലുള്ള മരങ്ങളില്‍ കുരങ്ങുകള്‍. അങ്ങകലെയായി കാട്ടുപോത്തിന്‍ കൂട്ടം. എല്ലാം കണ്ട് ഗൂഡല്ലൂര്‍ വഴി നാടുകാണിചുരവും താണ്ടി മടക്കം.


Text&photos: പ്രിജോ ജോസ്‌

No comments: