Showing posts with label Wayanad. Show all posts
Showing posts with label Wayanad. Show all posts

Friday, July 17, 2015

വന്യജീവിതത്തിന്റെ വയനാടന്‍ കാഴ്ചകള്‍


ഹൃദയത്തില്‍ നിറയുന്ന ഓരോ യാത്രയും പ്രകൃതിയിലേക്കുള്ളതാണ്. പ്രകൃതിയിലേക്കുള്ള എല്ലാ യാത്രയും വനത്തിലേക്കാണ്. വനത്തിലേക്കുള്ള യാത്രകളെല്ലാം സ്വയമറിയാതെ തന്നെ പ്രാണന്റെ ഉറവ തേടുന്നതാണ്. വന്യജീവിതത്തിന്റെ വയനാടന്‍ സമൃദ്ധിയിലൂടെ യാത്ര ചെയ്യുമ്പോള്‍ മനസിലുണര്‍ന്നത് ഈ ചിന്തകളായിരുന്നു. പ്രകൃതിയുടെ ഹൃദയമാണ് വനം. ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം. ജീവജാലങ്ങളുടെ അതിജീവനത്തിന്റെ ചാക്രിക വഴികള്‍ പുനര്‍ജനി നൂഴുന്ന കാട്ടുപച്ചയുടെ പടര്‍പ്പുകള്‍. മഞ്ഞിന്റെ പുതപ്പ് വകഞ്ഞുമാറ്റാതെ തന്നെ ഉറക്കമുണരുന്ന ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പ്രകൃതി സ്‌നേഹികളുമടങ്ങിയ ഒരു ചെറു സംഘത്തോടൊപ്പം നടത്തിയ യാത്ര തിരിച്ചറിവുകളുടെ ഇത്തരം കാഴ്ചാനുഭവങ്ങളിലേക്കായിരുന്നു. കാട്ടിലൂടെ, കാട്ടുമൃഗങ്ങള്‍ക്കിടയിലൂടെ ക്യാമറയോടൊപ്പമുള്ള യാത്ര, ഓരോ ചുവട് വെയ്പിലും സാഹസികതയുടെ, കൌതുകത്തിന്റെ, വിസ്മയത്തിന്റെ ഏതെങ്കിലുമൊരനുഭവം പ്രതീക്ഷിച്ചു കൊണ്ടാവും...

പോരിനുവരാം..
....ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മം പോലെ വെളിച്ചത്തിന്റെ ഈ മായാജാലകം നമുക്ക് നിരുപാധികമായി തുറന്നുവെക്കാം. ഇറ്റീസ് എ വേരി സിംപിള്‍ ടൂള്‍! (ഫോട്ടോഗ്രാഫറെന്ന മലയാള സിനിമയില്‍ നിന്ന്) കാമറ: നിക്കോണ്‍ ഡി 200 ലെന്‍സ്: 80200 ഷട്ടര്‍ സ്​പീഡ്: 1/800 അപ്പറേച്ചര്‍: എഫ് 2.8 ക്ലിക്ക്! തുമ്പിക്കൈ ചുരുട്ടി ചെവികള്‍ വട്ടം പിടിച്ച് വാലു ചുഴറ്റി 'ചാര്‍ജ്ജായി' ഓടിയടുക്കുന്ന ഒറ്റയാന്റെ ക്രൌര്യമെഴുന്ന ഭാവം കാമറയില്‍. കണ്ണുചിമ്മുന്ന വേഗത്തില്‍ ഡിജിറ്റല്‍ കാമറയുടെ എല്‍.സി.ഡി സ്‌ക്രീനിലേക്ക് ഒരു തിരനോട്ടം. വീണ്ടും വ്യൂ ഫൈന്ററിലേക്ക്... ആദ്യ കുതിപ്പിന്റെ ക്ഷീണം തീര്‍ത്ത് അടുത്ത കുതിപ്പിനൊരുങ്ങുന്ന ഒറ്റയാന്‍ തൊട്ടു മുന്നില്‍. രണ്ട് ചുവട് മതി... ആ തുമ്പിക്കൈയൊന്നു വീശിയാല്‍, മുന്‍ കാലുകളിലൊന്ന് ഉയര്‍ത്തിയാല്‍, തീര്‍ന്നു കഥ! െ്രെടപ്പോഡിലുറപ്പിച്ച കാമറയെടുത്ത് വഴുതി മാറുന്നതിനിടയില്‍ രണ്ട് ക്ലിക്ക് കൂടി. ഒറ്റയാന്‍ ഉടലഴകിന്റെ തലയെടുപ്പ് മുഴുവന്‍ വീണ്ടും കാമറയില്‍. നെഞ്ചുപൊട്ടിക്കുമെന്ന് തോന്നിയ ഭീതിയെ അടക്കിപ്പിടിച്ച് ശ്വാസം വിടാതെ നില്‍ക്കുന്ന സഹയാത്രികര്‍ക്ക് നേരെ ആശ്വാസത്തിന്റെ കൈവീശി, പുഞ്ചിരി തൂകി, ഫോട്ടോ സെഷന്‍ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന ഫോട്ടോഗ്രാഫര്‍. വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലൂടെ അഞ്ചുനാള്‍ നീണ്ട യാത്രക്കിടയില്‍ ഇതുപോലെ സംഭ്രമജനകവും സാഹസികവുമായ എത്രയെത്ര രംഗങ്ങള്‍! ദുര്‍ഘടം പിടിച്ച കാട്ടുപാതയില്‍ മുടന്തി നീങ്ങുന്ന ജീപ്പിനെതിരെ പല തവണ കാട്ടാനകള്‍ കുതിച്ചെത്തി. നീണ്ടകാലത്തെ നേരടുപ്പം കൊണ്ടുണ്ടായ കാട്ടറിവുകള്‍ അപ്പോഴെല്ലാം പരിചയായി. കാട്ടുമൃഗങ്ങളില്‍ അപ്രതീക്ഷിത ആക്രമണസ്വഭാവം കൂടുതലുള്ള ആനകളില്‍ നിന്ന് സുരക്ഷിതമായ അകലത്തിന്റെ സൂത്രവാക്യം ലളിതമാണ്. വലിയ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്നതിനാല്‍ ആ സാധു ജീവിക്ക് ഒറ്റ കുതിപ്പില്‍ ഏറെ മുന്നോട്ടുപോകാനാവില്ല. കിതപ്പിന്റെ ആ ഇടവേളകളാണ് രക്ഷപ്പെടാനുള്ള പഴുതുകള്‍.

സീബ്രാലൈന്‍ കാണുന്നുണ്ടോ?
വിദൂരപാര്‍ശ്വ വീക്ഷണങ്ങള്‍ അസാധ്യമായതിനാല്‍ തൊട്ടുമുന്നിലുള്ള കാഴ്ചകളിലേ അതിന്റെ കണ്ണൂറയ്ക്കൂ. കാടിന്റെ നിറത്തോടിണങ്ങുന്ന പച്ചയും കാക്കിയും വസ്ത്രങ്ങളാണ് ധരിച്ചതെങ്കില്‍ കൂടുതല്‍ എളുപ്പമായി. അവയ്ക്ക് തരിമ്പും കണ്ണുപിടിക്കില്ല. ആനകളെ മാത്രമല്ല ഇതര മൃഗങ്ങളെയും കബളിപ്പിച്ച് കാട്ടുപച്ചയിലൊളിച്ചിരിക്കാന്‍ ഇത് സഹായകമാണ്. കാട്ടുമൃഗങ്ങള്‍ ജീവരക്ഷാര്‍ഥമല്ലാതെ ആക്രമിക്കാറില്ല. അപ്രതീക്ഷിത ആക്രമണവാസന കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന ആനയും കരടിയുമെല്ലാം തങ്ങള്‍ ആക്രമിക്കപ്പെടും എന്ന ഭീതിയിലേ ആക്രമണത്തിന് മുതിരൂ. അത്തരം തോന്നലുകള്‍ക്കിടനല്‍കുന്നതൊന്നും വനയാത്രികന്റെ ഭാഗത്ത് നിന്നുണ്ടാകരുത്. ഇത്തരം അറിവുകള്‍ക്ക് മേലുള്ള മനസുറപ്പ് വനാന്തര യാത്രയുടെ ഓരോ നിമിഷവും അല്ലലില്ലാതെ ആസ്വദിക്കാനാവശ്യമാണ്. ഒരിക്കല്‍ വലിയൊരു കടുവ മുന്നിലെത്തിയിട്ടും ഭയത്തിനടിപ്പെടാതെ അതിന്റെ ഭംഗി നുകരാനായത് അതുകൊണ്ടാണ്. തൊട്ടുമുന്നില്‍ കാട്ടുറോഡ് മുറിച്ചുകടന്ന അത് കാമറയ്ക്ക് മുഖം തരാതെ നിമിഷവേഗത്തില്‍ കാട്ടുപൊന്തയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശാലമായ പുല്‍മേടുകളിലേക്കും ജലാശയങ്ങളിലേക്കും ആനയും കാട്ടുപോത്തും കടുവയുമൊക്കെ കുട്ടമായും ഒറ്റയ്ക്കും ഇറങ്ങിവന്നു.

കാട്ടുവഴിയിലെ ശൗര്യം
പുലര്‍കാലങ്ങളില്‍ പുല്‍മേടുകളില്‍ മേയാനിറങ്ങുന്ന പുള്ളിമാനുകള്‍ മഞ്ഞിന്റെ നേര്‍ത്ത മറയ്ക്കപ്പുറം നിന്ന് ഓമനത്തമുള്ള നോട്ടങ്ങളെറിഞ്ഞു. മനുഷ്യ ചലനങ്ങളില്‍ അപകടം മണത്ത് കുറ്റിക്കാട്ടിലേക്ക് ആദ്യം ഓടിമറയുന്ന അവ ശത്രുനിഴലകന്നോ എന്നറിയാന്‍ തിരിച്ചുവന്ന് നോക്കി നില്‍ക്കുന്നത് പതിവാണ്. നിഷ്‌കളങ്കമായ ആ മണ്ടത്തമാണ് അവയെ ഹിംസ്ര ജീവികളുടെ ഇരയാക്കുന്നത്. ക്യാമറക്കണ്ണുകള്‍ക്കാവട്ടെ അത് മികച്ച കാഴ്ചാനുഭവങ്ങളുമാകുന്നു. പുല്‍മേടുകളുടെ ഇളംപച്ചയിലും മരക്കൂട്ടങ്ങളുടെയും കാട്ടുപൊന്തകളുടെയും കടുംപച്ചയിലുമലിഞ്ഞ് എണ്ണഛായാ ചിത്രത്തിന്റെ ചാരുതയോടെ ഇരുണ്ട വര്‍ണ്ണത്തില്‍ കാട്ടുപ്പോത്തുകളുടെ കൂട്ട നിരയേയൊ ഒറ്റയാനെയോ കാട്ടില്‍ പലയിടത്തും കണ്ടു.

കാനനഛായയില്‍
കാനന യാത്രയുടെ ഒരു വൈകുന്നേരം പോക്കുവെയിലിന്റെ നിറത്തില്‍ മുന്നില്‍ വന്ന് കുത്തിയിരുന്നത് ചെന്നായ. ഇഷ്ടം പോലെ പടം പിടിച്ചോളൂ എന്ന ഉദാരഭാവത്തില്‍ അത് ഏറെനേരം കാമറയിലേക്ക് നോക്കിയിരുന്നു. കാട്ടില്‍ ഇരുള്‍ വീണുതുടങ്ങിയപ്പോഴാണ് തൊട്ടകലെ ഒരു പുള്ളിപ്പുലിയെ കണ്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാടിന്റെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളുടെ ഉള്‍ക്കാട്ടില്‍ കാമറാക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ യാത്ര അവിസ്മരണീയാനുഭവങ്ങളുടെ വന്‍ ഡിജിറ്റല്‍ ഇമേജറിയാണ് സമ്മാനിച്ചത്. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ തുടര്‍ച്ചയായ ആറു തവണയുള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ എഴുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോടാണ് സംഘത്തെ നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി മല്‍സരജേതായ അജയന്‍ കൊട്ടാരക്കര, പ്രകൃതി സ്‌നേഹിയായ ട്രഷറി ഉദ്യോഗസ്ഥന്‍ ബഷീര്‍ പാലോട് എന്നിവരും സംഘത്തിലുള്‍പ്പെട്ടു.

പുള്ളിമാന്‍
വനം-വന്യജീവി വകുപ്പിലെ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപക്ക് വനവിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നുതരാന്‍ ഒപ്പം വന്നു. വലിപ്പം കൊണ്ട് രണ്ടാം സ്ഥാനത്താണെങ്കിലും മൃഗങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും വൈവിദ്ധ്യത്തിലും കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് 399.550 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വയനാട് വന്യജീവി സങ്കേതം. സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്ക് ഭേദിക്കാനാവാത്ത വിധം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പടരുന്ന ഈ ജൈവനൈരന്തര്യം നീലഗിരി ജൈവമേഖലയുടെ പ്രധാനഭാഗമാണ്.

സ്വാഗതമോതും പാതകള്‍
മുത്തങ്ങ റേഞ്ച് അതിര്‍ത്തി പങ്കുവെക്കുന്നത് തമിഴ്‌നാടിന്റെ മുതുമല, കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളോടാണ്. തോല്‍പ്പെട്ടി റേഞ്ച് കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുമായും. മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല സങ്കേതങ്ങള്‍ തമ്മില്‍ രാഷ്ട്രീയാതിര്‍വരമ്പിനുപരി 'നൂല്‍പ്പുഴ' വണ്ണത്തില്‍ പ്രകൃതിയുടെ തന്നെ വേര്‍തിരിവുമുണ്ട്. 'െ്രെട ജംഗ്ഷനെ'ന്ന് വനംവകുപ്പിന്റെ രേഖകളിലുള്ള ഈ ത്രിവേണി സംഗമത്തിന് നൂല്‍പ്പുഴയുടെ ഒരു കൈവഴിയാണ് അതിരിടുന്നത്. മഴക്കാടുകളുടെ പച്ചപ്പും കുളിരുമാണ് ഇവിടെ. സംസ്ഥാനങ്ങള്‍ തമ്മിലെ ഭാഷാദേശാതിര്‍വരമ്പുകള്‍ അറിയാത്ത വന്യമൃഗങ്ങള്‍ ഈ ജൈവമേഖയിലാകെ സൈ്വര്യവിഹാരം നടത്തുന്നു. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കേഴയും മ്ലാവും മാനും കുരങ്ങുമെല്ലാം അസംഖ്യമാണ്. കടുവയും പുലിയുമെല്ലാം ആശ്വാസ്യമായ എണ്ണത്തിലുണ്ട്. വംശനിലനില്‍പ് നേരിടുന്ന ആശങ്കകളില്‍ നിന്നകന്ന് ഈ മൃഗങ്ങള്‍ക്ക് സുരക്ഷിതവും സ്വഛന്ദവുമായ ജീവിതമാണിവിടെ. സഞ്ചാരികളെ സംബന്ധിച്ച് ഒരാഫ്രിക്കന്‍ വനാന്തര യാത്രാനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുക.


Text:Najim Kochukalungu,Photos:Sali Palod, Ajayan kottarakkara

Friday, October 10, 2014

വയനാടന്‍ കുളിര്‍ക്കാറ്റ്‌


ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്‍കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.

ചെമ്പ്ര കുന്നിന്റെ താഴ്‌വാരങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്‍( കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാറ് ജോലിയുമായി ബന്ധപ്പെട്ട് സഹോദരന്‍ വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന്‍ നേരെ പാടിയിലേക്ക് ( ഇവരുടെ ക്വാര്‍ട്ടേഴ്‌സിന് 'പാടി'എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജമന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.

സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ വിലക്കി. 'വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?' മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന്‍ വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്‍. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക് ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന്‍ പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്‍റും വലിച്ചെറിഞ്ഞ് വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.

കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലയ്ക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല, കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലയ്ക്കരികിലെ ചെറിയ കാല്‍പാദങ്ങള്‍ നോക്കി മച്ചാന്‍ പറഞ്ഞു. 'പുലി വെള്ളം കുടിക്കാന്‍ വന്നതാവും' പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ, മച്ചാന്‍ പറഞ്ഞു. 'പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്റേതാണ്'. ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന്‍ നയിച്ചത് ചെറിയൊരു കുടിലിലേക്ക്. 'ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും'. ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. 'പടച്ചോനെ..ഇതാണോ തേനിന്റെ ഒറിജിനല്‍ രുചി?'. ഞങ്ങള്‍ കുറേ വാങ്ങി. എല്ലാര്‍ക്കും കൊടുക്കാലോ.

വീണ്ടും കാടിന്റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന്‍ കുറേ പറിച്ച് ബേഗിലാക്കി. ഉച്ചഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.

ഞാനൊന്ന് മയങ്ങി. മച്ചാന്‍ വിളിച്ചുണര്‍ത്തി. എസ്‌റ്റേറ്റ് റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച് കറിവെക്കാമെന്ന് മച്ചാന്‍ തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. 'വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന് കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
'ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ..'
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
'ഇനി ആനയെങ്ങാനും വരുമോ?'.
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന്‍ പോലും വരില്ല. കിടന്നുറങ്ങ്. പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ് ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. 'കാലത്ത് എപ്പോള്‍ വിളിക്കണം?'. ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട് മണിക്ക് വിളിക്ക്. മച്ചാന്‍ പോയി. എപ്പോഴോ ഉറങ്ങി.

എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങി തുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തേയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത് കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..

ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്‌നേഹത്തിന് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
'ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം'. ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.

നേരെ പോവേണ്ടത് പടിഞ്ഞാറത്തറ റസ്റ്റ് ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്. വയനാട് ഡി.എഫ്.ഒ ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍.

ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്‌നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്കം തീര്‍ക്കാന്‍ ഹഫി പോയി. 'ഉച്ചക്കെന്താ വേണ്ടത്?'. ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് െ്രെഡവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. 'എപ്പോള്‍ തിരിക്കും?' ഞാന്‍ പറഞ്ഞു 'നാളെ അല്ലെങ്കില്‍ മറ്റന്നാള്‍'. ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. 'മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും'. ഞാനൊന്ന് സുഖിപ്പിച്ചു.

ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. 'നടക്കാം' ഞങ്ങള്‍ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. ' മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍'. ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. 'നിങ്ങള്‍ ഒന്ന് നടന്നു വാ. ഞാനിവിടെ കാണും', ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍. വാക്കുകളും ഇല്ല വിവരിക്കാന്‍. എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു. തിരിച്ചുനടന്നു. 'ഒരു ബോട്ട് സവാരി ആയാലോ', എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.

'ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?' കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഒയ്ക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു ഡി.എഫ്.ഒ നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.

നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച് ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്, ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട് പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ െ്രെഫയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും പരമാവധി ശ്രദ്ധ അതിലേക്ക് ആക്കി. ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.

'അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി. നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട'. ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്‌നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട് അറ്റാക്കായി മരിച്ചു. ഉപ്പ സ്‌നേഹിച്ച, ഉപ്പയെ സ്‌നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.

നല്ല തണുപ്പുള്ള രാത്രി. സുഖമുള്ളൊരു ഉറക്കവും കഴിഞ്ഞ് നേരത്തെ തന്നെ എഴുന്നേറ്റു. ചുടുവെള്ളത്തില്‍ കുളി. പാടിയിലെ കാട്ടരുവിയിലെ കുളി മിസ്സ് ചെയ്യുന്നു. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായയുമായി ജോസേട്ടന്‍ വന്നു. 'പുറത്ത് ആള് കാത്തുനില്‍ക്കുന്നു'. ബഷീര്‍ക്കയാണ്. വണ്ടിയോടിക്കാന്‍ ഗഫൂര്‍ക്ക ഏര്‍പ്പാട് ചെയ്ത ആളാണ്. ഒരു ചാപ്ലിന്‍ സ്‌റ്റൈല്‍ മീശയും പഴയ ഇന്ദ്രന്‍സിന്റെ തടിയുമൊക്കെയുള്ള ഒരു മധ്യവയസ്‌കന്‍ . പരിചയപ്പെട്ട ഉടനെതന്നെ മനസ്സിലായി ആള് ഇന്ന് ഞങ്ങളെ കത്തിവെച്ച് കൊല്ലുമെന്ന്. 'ആദ്യം തോല്‍പ്പെട്ടി വനം, പിന്നെ ഗോപാല്‍ സാമി പേട്ട', ഞാനെന്റെ യാത്ര പരിപാടി അവതരിപ്പിച്ചു. എന്നാല്‍ വേഗം ഇറങ്ങാമെന്ന് ബഷീര്‍ക്ക.
ജോസേട്ടന്റെ പുട്ടും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെതന്നെ ബഷീര്‍ക്കയുടെ കത്തിയും സ്റ്റാര്‍ട്ടായി. പിന്നെ വിശേഷങ്ങളുടെ പെരുമഴ. പഴയ പന്തുകളിക്കാരനാണത്രെ. ചെറുവാടിക്കാരുടെ പന്തുകളി പ്രേമത്തെപറ്റി ഒരു ഗവേഷണ കത്തി തന്നെ അവതരിപ്പിച്ചു ബഷീര്‍ക്ക.

ന്നാലും ഇത് വല്ലാത്തൊരു സ്‌നേഹപ്പാര ആയിപോയി ഗഫൂര്‍ക്ക. പക്ഷെ സംസാരം മാറ്റിനിര്‍ത്തിയാല്‍ ഒരു പാവം മനുഷ്യനാണ് ബഷീര്‍ക്ക. സ്ഥിരമായി ജോലിയൊന്നുമില്ല. 'പലരും വിളിക്കും, അവര് വല്ലതും തരും. ഒരു ചെറിയ കുടുംബത്തിനു കഴിഞ്ഞുപോകാന്‍ മതിയാവും'. ഗഫൂര്‍ക്കയെ കുറിച്ച് പറയുമ്പോള്‍ ബഷീര്‍ക്കക്ക് ഇരട്ടി ആവേശം.
വയനാട് മുഴുവന്‍ കാണാപാഠമാണ് ബഷീര്‍ക്കക്ക്. നാട്ടുവഴികളും കാട്ടുവഴികളുമൊക്കെ കടന്നു ഞങ്ങള്‍ തോല്‍പ്പെട്ടിയിലെത്തി.

ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചെറിയ അങ്ങാടി. ബഷീര്‍ക്ക ഒരു പെട്ടികടയിലേക്ക് കയറി. ഞാനും. നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ. ഇതെന്റെ ഫേവറിറ്റ് ആണ്. ബഷീര്‍ക്ക വെറ്റില മുറുക്കാന്‍ ഒരുങ്ങുന്നു. വേണോ എന്നായി എന്നോട്. ഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല. മുമ്പ് ചെറിയൊരു കഷ്ണം തേങ്ങാപൂളും ചേര്‍ത്ത് പാതി വെറ്റിലയില്‍ വല്ല്യുപ്പ മുറുക്കാന്‍ തരുമായിരുന്നു. ഹഫിക്ക് നാണക്കേട് തോന്നിയെങ്കിലും ഞാന്‍ മുറുക്കാന്‍ തന്നെ തീരുമാനിച്ചു. പുകല വേണ്ട. യാത്ര കുളമാവും. ആ ചുറ്റുപാട് ചെറുതായൊന്നു കറങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.

ഇനി കാട്ടിലേക്ക്, എനിക്കാവേശം കയറി. കൂടുതല്‍ ഉള്ളിലേക്ക് .ബഷീര്‍ക്കക്ക് വല്യ സംസാരം ഒന്നുമില്ല. ശ്രദ്ധ മുഴുവന്‍ െ്രെഡവിങ്ങിലാണ്. ഇനി ഒരു ആനപ്പേടി കഷിക്കും ഉണ്ടോ? പോകുന്ന വഴിയിലെങ്ങാനും കുറുകെ ഒരു കാട്ടുവീരന്‍ ? ഇതുവരെയുള്ള മൂപ്പരുടെ പെര്‍ഫോര്‍മന്‍സ് വെച്ച് നോക്കുമ്പോള്‍ അങ്ങിനെ ഒരു സംശയം ന്യായം.
ഏതായാലും ഈ തവണ യാത്ര മുതലായി. കാരണം സാമാന്യം എല്ലാ മൃഗങ്ങളും ദര്‍ശനം തന്നു. ആനകളൊക്കെ നല്ല പരിചയക്കാരെപോലെ ഒരല്പം വിട്ടുമാറി തന്നെ നിന്നു. അതുകൊണ്ട് ഹഫിക്ക് മര്യാദക്ക് ശ്വാസം വിടാന്‍ പറ്റി. എനിക്കും. കൂടാതെ കാട്ടുപോത്തുകളുടെ ഒരുഗ്രന്‍ ഗുസ്തിയും കണ്ടു.

വളരെ രസകരമായൊരു കാട്ടുസവാരിയും കഴിഞ്ഞ് ഞങ്ങള്‍ മാനന്തവാടി വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടല്‍പ്പേട്ട വഴി ഗോപാല്‍ സാമി പേട്ടയിലേക്ക് .
ഈ സുന്ദരമായ അതോടൊപ്പം കടുപ്പവുമായ വഴികളിലൂടെ വണ്ടിയോടിക്കാനുള്ള എന്റെ പൂതി ബഷീര്‍ക്ക അപ്പീലിന് പോലും അവസരം നല്‍കാതെ നിര്‍ദയം തള്ളി.
ചുരം കയറി ഗോപാല്‍സ്വാമി ബേട്ടയിലെത്തി. അതിസുന്ദരമായ സ്ഥലം. ദൈവം നേരിട്ട് ഇടപ്പെട്ട പ്രകൃതി ഭംഗി. പലവട്ടം ഇവിടെ വന്നിട്ടുണ്ട്. ബഷീര്‍ക്കയെ അവിടെ വിട്ടിട്ട് ഒരു റൊമാന്റിക് ഡ്യൂയറ്റും മനസ്സില്‍ പാടി ഞാനും ഹഫിയും ഒന്ന് കറങ്ങി. ഈ കുന്നിനു മുകളില്‍ തന്നെ വലിയൊരു ക്ഷേത്രം ഉണ്ട്. പ്രതിഷ്ഠ ഏതാണെന്നൊന്നും എനിക്കറിയില്ല. അവിടെ കയറുന്നത് തെറ്റാണോ എന്നും അറിയില്ല. ഉള്ളില്‍ കയറിയില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ കറങ്ങി. കയറരുതെന്ന് പറയുന്ന ഒരു സൂചികയും അവിടെ കണ്ടില്ല. ഇനി തെറ്റെങ്കില്‍ എന്റെ ഹിന്ദു സഹോദരങ്ങള്‍ ക്ഷമിക്കുക. ഏതായാലും സുന്ദരമായ ഈ പ്രകൃതിയില്‍ ആ ക്ഷേത്രത്തിന്റെ നില്‍പ്പിനു ഒരു പ്രൌഡി ഉണ്ട്.
ബഷീര്‍ക്ക തിരഞ്ഞു വന്നു. 'വേഗം മടങ്ങണം . കോടമഞ്ഞിറങ്ങിയാല്‍ പിന്നെ ചുരമിറങ്ങാന്‍ പറ്റില്ല'. ഞങ്ങള്‍ തിരിച്ചിറങ്ങി.

ഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങള്‍. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍. ഇതും ഒരു പഴയ യാത്രയാണ്. എന്നാലും ഇന്നലെ പോയ പോലെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കാരണം ആ യാത്രയുടെ ആവേശം ഇന്നും എന്റെ മനസ്സില്‍ സജീവമായുണ്ട്. മച്ചാനെയും സഫിയാത്തയേയും ഞങ്ങള്‍ പിന്നെയും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലും ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ വിടപറഞ്ഞതാണ് ഗഫൂര്‍ക്ക.

ബഷീര്‍ക്കയും ജോസേട്ടനും ഈ യാത്രയോടെ ബന്ധം നഷ്ടപെട്ടവരാണ്. പക്ഷെ അവരിന്നും എന്റെ ഓര്‍മ്മകളിലുണ്ട്. ഏതെങ്കിലും ഒരു യാത്രയില്‍ എവിടെവെച്ചോ അവരെ കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഗൂഡല്ലൂര്‍ വഴിയാണ് മടക്കം. എനിക്കിഷ്ടപ്പെട്ട സ്ഥലമാണിത്. ഒരു സ്‌കൂള്‍ ടൂറില്‍ കയറിപ്പറ്റിരിഷ്ടം. ഇവിടെത്തുമ്പോള്‍ അറിയാതെ മൂളുന്നൊരു പാട്ടുണ്ട്. 'ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ...ഓലതുമ്പത്താടാന്‍ വാ...' . അന്ന് സ്‌കൂള്‍ ടൂര്‍ ഇവിടെയെത്തുമ്പോള്‍ ബസ്സിലെ സ്റ്റീരിയോയില്‍ ഈ പാട്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഇതിനോടൊപ്പം ചേര്‍ന്നുപാടി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനിതോര്‍ക്കുന്നത് നേരത്തെ പറഞ്ഞ യാത്രയിലെ ആ പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ്.

പല യാത്രകളിലും ഒരു റിഫ്രഷ്‌മെന്റ് പോയിന്റ് ആയി വരാറുള്ള സ്ഥലമാണ് ഗൂഡല്ലൂര്‍. കച്ചവടക്കാര്‍ കൂടുതലും മലയാളികള്‍. കുടിയേറി പാര്‍ത്തവര്‍. കരുവാരകുണ്ടിലുള്ള ഹബീബിന്റെ കടയില്‍ നിന്നാണ് പല യാത്രയിലും വെള്ളവും ഫ്രൂട്ട്‌സും ഒക്കെ വാങ്ങാറുള്ളത്. മടക്കം നാട്ടിലേക്ക് തന്നെയാണ്. പക്ഷെ ബഷീര്‍ക്ക വീട് വരെ വരുമെന്ന് നിര്‍ബന്ധം പിടിച്ചു. മുമ്പത് ഗഫൂര്‍ക്കയോടുള്ള കടപ്പാടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടുള്ള സ്‌നേഹം കൂടിയാണ്. അല്ലേല്ലും തിരിച്ചു വയനാട് വഴി മടങ്ങാനും പറ്റില്ല. രാത്രിയിലെ യാത്രക്ക് ഞങ്ങളെ ഒറ്റയ്ക്ക് വിടാന്‍ ആ നല്ല മനുഷ്യന് താല്പര്യമില്ല. ഒന്നാലോചിക്കുമ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. കാരണം വണ്ടിയോടിക്കാനല്ലാതെ അതിനെന്തെങ്കിലും പറ്റിയാല്‍ ഒരു ടയറു പോലും മാറ്റാന്‍ കഴിയാത്ത ഞാന്‍ കുഴങ്ങിയത് തന്നെ. ചെറുവാടിയില്‍ നിന്നും വയനാട്ടിലേക്ക് അധികം ദൂരവുമില്ല.

വേണമെങ്കില്‍ ഇന്നിവിടെ തങ്ങി ചില സ്ഥലങ്ങള്‍ കൂടി കണ്ടു നാളെ മടങ്ങാം. പക്ഷെ എനിക്ക് മടങ്ങണമെന്ന് തോന്നി. കാരണം പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്‌നേഹത്തിന് പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും നോക്കി അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്?


Text & Photos: Mansur Cheruvadi

Monday, September 9, 2013

ആന വരുന്നേ..



Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj

ആനയെത്തേടിയുള്ള സഞ്ചാരമാണ് വയനാടന്‍ കാടുകളുടെ ആകര്‍ഷണം.ഈ ആനത്താരകളാകട്ടെ വയനാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. മുതുമല, ബന്ദിപ്പൂര്‍, മുത്തങ്ങ, എന്‍ബെഗൂര്‍, തോല്‍പ്പെട്ടി, നാഗര്‍ഹൊളെ കാടുകളിലായി വ്യാപിച്ചുകിടക്കുന്ന ആനത്താരയിലൂടെ ഒരു സഞ്ചാരം........

കൊക്കലഹണ്ടിയില്‍ നിന്ന് ശ്രീരംഗഹള്ളിയിലേക്കുള്ള പാതയില്‍ വഴിയിലെമ്പാടും കണ്ടു, ആനകളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത വേലികള്‍... പകല്‍ പോലും ആനകള്‍ സഞ്ചരിക്കും, മാരിഗുഡി കാടിന്റെ ഈ അതിര്‍ത്തി ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍. ഇതിലൂടെ പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു ആനത്താരയില്‍ പ്രവേശിക്കാം. ബെന്നാര്‍ഘട്ടില്‍ നിന്ന് നിലമ്പൂര്‍ വരെ നീളുന്ന കാട്ടാനകളുടെ ഒരു രാജപാത. ബെര്‍ഗിയിലെ കരിമ്പു തോട്ടങ്ങളും ഇടക്കുള്ള എര്‍ത്ത്ഡാമും കടന്ന് കുമുകുമാ പൊങ്ങുന്ന പൊടിയിലാറാടി ജീപ്പ് മുന്നോട്ട്. ഓരോ വളവിലും ഫോറസ്റ്റ് ഗാര്‍ഡ് പൊന്നപ്പനും തോക്കുമായി നടക്കുന്ന വാച്ചര്‍ വീരപ്പയും പറയും: ഇതാ, ഇപ്പോള്‍ പോയതേയുള്ളൂ. കണ്ടോ കാലടികള്‍, മറിച്ചിട്ട ചെടികള്‍, ഒടിച്ച മുളന്തണ്ടുകള്‍, ചൂടാറാത്ത പിണ്ടം..


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
അകലെയോ അരികിലോ എന്നറിയാത്ത മുഴക്കം കുറഞ്ഞ ചിന്നം വിളികളുണ്ട് ചുറ്റും. പകല്‍ ചാഞ്ഞു തുടങ്ങി. ഇരുട്ട് ആനയെപ്പോലെ ശബ്ദം കേള്‍പ്പിക്കാതെ പുറകെ വന്നു തുടങ്ങി. നാസര്‍ മച്ചാന്റെ ബെര്‍ഗിയിലെ കരിമ്പു തോട്ടത്തില്‍ ഒരു ഏറുമാടമുണ്ട്. അതില്‍ കയറി ഉറക്കമിളച്ചിരുന്നാല്‍ താഴെ നിലാവില്‍ ആനകളുടെ ഘോഷയാത്ര തന്നെ കാണാമത്രെ, ചിലപ്പോള്‍. അത്ഭുതം, ഇന്ന് അതുമില്ല. നിങ്ങള്‍ അവനെ തേടുന്നു എന്ന് എങ്ങിനെയാണ് അവനറിയുന്നത്?

ഗോപാല്‍സ്വമി ബെട്ട വഴി ബന്ദിപ്പൂരിലേക്കു നീങ്ങിയിരിക്കുന്നു ആനകള്‍ -വീരപ്പ പറഞ്ഞു. യാത്രാമാര്‍ഗം കണ്ടാലറിയാം. രാത്രിയായി. ഇനി ഒന്നും നടക്കില്ല. നാളെ കൊക്കലഹണ്ടിയില്‍ നിന്ന് എതിര്‍ദിശയിലേക്കു പോകാം. പുലരും മുമ്പാണെങ്കില്‍ വഴിയില്‍ ഉറപ്പായും ഉണ്ടാവും. വെള്ളമോ കരിമ്പോ തേടി അവന്‍ എത്താതിരിക്കില്ല.

ബന്ദിപ്പൂരിലെ കൊമ്പന്മാര്‍


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
നിരാശയുടെ ഒന്നാം പകല്‍ മറന്ന് രണ്ടാം ദിവസം ഞങ്ങള്‍ വീണ്ടും ഇറങ്ങി. ഹൊന്‍ഗള്ളി വഴിക്കാണ് യാത്ര. ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള ചുരത്തിനു മുകളില്‍ നിന്ന് നോക്കുമ്പോള്‍ കണ്ടു, താഴെ ആകാശത്തോളം പരന്നു കിടക്കുന്ന താഴ്‌വരയിലൂടെ വരിയായി നീങ്ങുന്ന ആനക്കൂട്ടങ്ങള്‍. വീരപ്പ പറഞ്ഞത് സത്യം.

നേരെ ബന്ദിപ്പൂരിലേക്ക്. വനം വകുപ്പിന്റെ ഗൈഡുകളെ കൂട്ടി മുമ്പേ പറഞ്ഞുറപ്പിച്ച ഒരു ജംഗിള്‍ സഫാരി. ചോലകളും മേടുകളും താണ്ടി ഉള്‍ക്കാട്ടിലേക്ക്. ആനത്താരകള്‍ പക്ഷെ, വിജനം. പല പല മൃഗങ്ങള്‍ കടന്നു പോയി. കൊമ്പന്‍ രാജാവ് മാത്രം ഇല്ല. മടങ്ങാന്‍ തുടങ്ങുമ്പോഴാണ് റോഡിനു കുറുകെ മിന്നായം പോലെ മൂന്നു പേരുള്ള ഒരു കൂട്ടം പാഞ്ഞു പോയത്. ഒരു നോക്കേ കണ്ടുള്ളൂ, അവര്‍ മറഞ്ഞു കളഞ്ഞു. സഞ്ചാരദിശ നോക്കിയാവണം, ഗൈഡ്് പറഞ്ഞു: ആനകള്‍ മുതുമല ഭാഗത്തേക്കു നീങ്ങുകയാണ്.


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
എന്നാല്‍ മുതുമലയില്‍ പോകാം. അവിടെ ജംഗിള്‍ പാര്‍ക്കില്‍ ആനപ്പുറത്തൊരു യാത്രയാവാം. വഴി കുറച്ചേയുള്ളൂ. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ മുതുമലയുടെ കവാടമായി. പ്രത്യേകാനുമതിയോടെയാണ് അവിടെയും സഞ്ചാരം. കൂടെ ഫോറസ്റ്റുകാരുണ്ട്. ആനകളെ കാണും വരെ യാത്രയാണ്. വഴിയില്‍ മുളംകാടുകള്‍ക്കിടയില്‍ ഒരാനയും കുഞ്ഞും. ആകാശത്തു നിന്ന് വെളിച്ചം മുളംകൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. മുത്തങ്ങയിലേക്കുള്ള വഴിയിലാണ് അവ. മുതുമല ഒഴിവാക്കിയാണ് ഈ വര്‍ഷത്തെ ആനകളുടെ സഞ്ചാരമെന്ന് ഒരു വാച്ചര്‍ പറഞ്ഞു. മുപ്പതെണ്ണമുള്ള ഒരു കൂട്ടത്തെ മുത്തങ്ങയിലേക്കുള്ള വഴിയില്‍ കഴിഞ്ഞ ദിവസം കണ്ടുവത്രെ.

Travel Info
Bandipur

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: S L Anand
വയനാടിനു തൊട്ടടുത്താണ് കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ പ്രൊജക്റ്റ് ടൈഗര്‍ നാഷണല്‍ പാര്‍ക്കും വന്യജീവി സംരക്ഷണ കേന്ദ്രവും. മുത്തങ്ങയില്‍ നിന്ന് മൈസൂര്‍ക്കു പോകുന്ന റോഡില്‍ ഗുണ്ടല്‍പ്പേട്ട് നിന്നു തിരിഞ്ഞാല്‍ ബന്ദിപ്പൂരിലേക്കുള്ള വഴിയായി. 1997ലെ സെന്‍സസ് അനുസരിച്ച് ഇവിടെ 3000ത്തിലധികം ആനകളും 70-ഓളം പുലികളുമുണ്ട്. കബനി, നാഗൂര്‍, മോയാര്‍ നദികള്‍ വലയം ചെയ്യുന്ന 90 ചതുരശ്ര കിലോമീറ്ററോളം വരുന്ന ബന്ദിപ്പൂര്‍ റിസര്‍വ് ഇപ്പോള്‍ വനസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യമാണ്.

Bandipur Wildlife sanctuary forms the connecting link between the Mudumalai wildlife sanctuary in Tamilnadu and the Wayanad wildlife sanctuary in Kerala. It has an area of 874 sq. kms.
Location: Karnataka, dt. Chamarajanagar. 90kms from Sulthan Bathery.
How to Reach
By Air:
Bangalore-220 kms.
By Rail: Nanjungud railway station 5 kms.
By Road: Bandipur is located at a distance of 220 kms from Bangalore and 80 kms from Mysore and 80 kms from Ooty.
Contact STD CODE: 08229
Bandipur reception, Ph:236021
DCF Bandipur, Ph:236043
Karnataka forest dept., Ph: 080-23346846.
Best Season: November - May.

Stay
Jungle Lodges and Resorts, Bandipur, For Booking: 080 -25597021, 25597024.
Safari in Bandipur: The Bandipur van safari is a 30 minute drive in , 25 seater van costing-75 per person.
The timings: 6.30 am - 9am and 3.30 pm - 6pm, The Bandipur, Mudumalai elephant safari includes a 10 minute ride on the elephant in Bandipur which would cost you -50/- per head aIn Mudumalai, the elephant safari is for 30 minutes. The tickets for the same are sold at the Ooty forest office and half the tickets are sold at the Mudumalai Theppakadu reception counter. A maximum of four persons are taken on one elephant costing -100 per head. The tickets are sold on a first come first serve basis and so do make your bookings in advance. Entry fee:- 90. Safari Fee:-35 (per person).
Sights Around: The Muthumalai Wildlife Sanctuary (12 km), Ooty (80km), Mysore (80 km), Ranganathittu Bird Sanctuary (88km).

മുത്തങ്ങയിലെ ആനത്താരകള്‍
Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: S L Anand

നേരെ മുത്തങ്ങയിലേക്ക്, നേരം ഉച്ചതിരിഞ്ഞു. ലാലും വഹാബും കാത്തു നില്‍ക്കുന്നു. കാടിനെ കൈവെള്ളയിലെന്ന പോലെ അറിയുന്നവര്‍. ചെറിയ ചെറിയ വഴികളിലൂടെ യാത്ര തുടങ്ങി. വഴിയിലെല്ലാം ആനച്ചൂരുണ്ട്. മിണ്ടരുത്. അവര്‍ പറഞ്ഞു. ആനകളുടെ ദീര്‍ഘയാത്ര ഇപ്പോള്‍ ഇതിലേയാണ് കടന്നു പോകുന്നത്. ആ വഴിയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞു.

നിറയെ മരങ്ങളുള്ള ഒരിറക്കത്തില്‍ അതാ ഒറ്റക്കൊരുത്തന്‍. മുള്‍ച്ചെടികള്‍ക്കപ്പുറത്തു നിന്ന് എത്തിച്ചു നോക്കി അവന്‍ തിരിച്ചു നടന്നു. വീണ്ടും യാത്ര. ഒരു ചെറിയ പാലത്തിനടുത്തെത്തുമ്പോള്‍ ഇടത്തു വശത്ത് മറ്റൊരുത്തന്‍. അവനും ഒറ്റക്കാണ്. കൂടുതല്‍ ഉള്‍ക്കാട്ടിലേക്ക്. ആനകള്‍ നടന്നു പോയതിന്റെ പാടുകള്‍. ഒന്നുറപ്പ്. ആനക്കൂട്ടം അടുത്തെവിടെയോ ഉണ്ട്. അകലെ ഒരു ചെറിയ അനക്കം. ശബ്ദമുണ്ടാക്കാതെ നടന്നു. ഒരിറക്കത്തിനപ്പുറം ചെളിക്കുളത്തില്‍ കുത്തിമറിയുന്ന ആനക്കൂട്ടം. മരങ്ങളുടെ മറ പിടിച്ച് കഴിയുന്നത്ര അടുത്തേക്ക്. കുളത്തിലേക്കുതന്നെ നോക്കി നില്‍ക്കുമ്പോഴാണ് വശത്തുള്ള വയലില്‍ നിന്ന് ഒരു ചിന്നം വിളി കേട്ടത്. തൊട്ടടുത്ത് ഒരാന. അതു കണ്ണില്‍പെട്ടിരുന്നില്ല. തന്റെ കുഞ്ഞിനെ മറച്ചു കൊണ്ട് അതു ജാഗ്രതയോടെ നില്‍ക്കുകയാണ്. ഇമ വെട്ടാതെ പരസ്പരം നോക്കി ക്യാമറയും ആനയും ഏറെ നേരം നിന്നു. കുഴപ്പക്കാരല്ലെന്നു കണ്ടിട്ടോ എന്തോ, മെല്ലെ കുഞ്ഞിനെയും കൊണ്ട് കാട്ടിലേക്കു മറഞ്ഞു.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
നേരം ഇരുട്ടുന്നു. മടക്കയാത്രയില്‍ വഴിക്കു തൊട്ടടുത്ത് വീണ്ടും ആനക്കൂട്ടം. പൊടിപടലമുയര്‍ത്തി അവര്‍ യാത്ര തുടരുകയാണ്. വഴിവക്കിലെ ചെടിപ്പടര്‍പ്പിനു പിന്നില്‍ നിന്ന് ഒരുത്തന്‍ നിലത്തു മാന്തി തിരിഞ്ഞുനിന്നു. നിലത്തു മാന്തുന്നവന്‍ സാധാരണഗതിയില്‍ ചാര്‍ജ് ചെയ്യും. അല്‍പ്പം പുറകോട്ടു നീങ്ങാം, സഹായികള്‍ പറഞ്ഞു. ആനകള്‍ക്ക് ശത്രുത കുറയ്ക്കുന്ന ഒരു ഘടകം അകലമാണ്. ഭീഷണി അകന്നപ്പോള്‍ ഫോട്ടോസെഷന്‍ കഴിഞ്ഞെഴുന്നേറ്റവരെപ്പോലെ വാലുകൊണ്ട് മൂടും തട്ടി ആനകള്‍ അകത്തേക്കു കയറിപ്പോയി. ഇരുട്ടിന്റെ മറവില്‍ കൂടുതല്‍ അന്വേഷണം വരുത്തിയേക്കാവുന്ന അപകടം പേടിച്ച് അന്നത്തെ യാത്ര നിര്‍ത്തി.
Travel Info
Muthanga

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
വയനാട് നാഷനല്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന മുത്തങ്ങ വന്യജീവികേന്ദ്രം കേരളാതിര്‍ത്തിയിലേക്കു വ്യാപിച്ചു കിടക്കുന്ന ബന്ദിപ്പൂരിന്റെയും മുതുമലയുടെയും കാനനഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മൈസൂരിലേക്കു പോകുന്ന ഹൈവേയില്‍ കേരള അതിര്‍ത്തിയിലാണ് മുത്തങ്ങയുടെ കവാടം.
Muthanga is a part of the Nilgiri Biosphere region. It is a rain forest reserve connected to two major sanctuaries - Bandipur National Park in Karnataka and Mudumalai Sanctuary in Tamilnadu. it has been declared as a Project Elephant Site.
Location: Kerala-Karnataka border, about 16 km east of Sulthan Bathery, Dt. Wayand.
How to Reach
By Road:
The sanctuary is connected by the road with 17 km from sulthan bathery , kalpetta (42 km), Mananthavadi (59 km), and Kozhikode (96 km). Mysore (95 km) and Ooty (160 Km) The nearest airport (Karipur) and railhead is Kozhikode.
Distance Chart: Muthumalai 123kms, Kalpetta 42 kms, SulthanBathery 17kms.
Contact STD CODE: 04936 : Wildlife Warden, Muthanga Wildlife Sanctuary, Sulthan Bathery Ph:271010, 220454.
Timings: 7 am-10 am and 3 pm- 5.30 pm.
Stay: Wooden rest houses and dormitories are available within the Sanctuary.
Best Season: November - October.
Safari in Muthanga: Entry fee for adult is -10 and for child is -5. Charge for a still camera is -50, video camera -150,
guide charge-100, Jeep entry charge-50.
You can hire a jeep from Muthanga for-300.
The entrance to Muthanga is 15 km from Sulthan Bathery, towards Mysore
No prior permission is required to visit the park
Contact the Muthanga Wildlife Warden (Ph: 04936-271010).

തോല്‍പ്പെട്ടിയിലെ കാട്ടാനകള്‍
Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer

ബ്രഹ്മഗിരി-തിരുനെല്ലി വനമേഖലയില്‍ നിന്നും നാഗര്‍ഹൊളെ ഫോറസ്റ്റ് സാങ്ച്വറിയില്‍ നിന്നും ആനകള്‍ സഞ്ചരിച്ചു മുന്നേറുന്ന പാതയാണ് തോല്‍പ്പെട്ടി. ഈ ആനത്താരയിലെ ഒുര പ്രധാന താവളം.

രാവിലെ ആറു മണിക്ക് മുമ്പു തന്നെ തോല്‍പ്പെട്ടിയിലെത്തി. മുന്‍കൂട്ടിയുള്ള പ്രത്യേകാനുമതിയോടെയാണ് യാത്ര. ഫോറസ്റ്റ് ഗാര്‍ഡ് രാഘവനാണ് കൂടെ. കാട്ടിലെ ഓരോ വഴിയും ചുഴിയും അറിയുന്നയാള്‍. ആനകള്‍ വരാനിടയുള്ള വഴികളിലേക്ക്, അതിരാവിലെ, ശബ്ദം കേള്‍പ്പിക്കാതെ.. കണക്കു കൂട്ടല്‍ തെറ്റിയില്ല. ഫോട്ടോഗ്രാഫര്‍ മധുരാജും രാഘവനും ആനക്കൂട്ടത്തിനു മുന്നില്‍ പെട്ടു. ദാസനഗട്ടയിലേക്കു തിരിയുന്നിടത്തെ ഇറക്കത്തില്‍ വലിയൊരാനക്കൂട്ടം. ഇളവെയിലും കാഞ്ഞ്, മുളയരിയും തിന്ന്, മണ്ണും വാരിയെറിഞ്ഞ്, കളിച്ചു ചിരിച്ച്.. കാടിന്റെ സകല ഗാംഭീര്യവും പേറുന്ന നിശ്ചലചിത്രം പോലെ! ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ കൂട്ടത്തിലൊരു മോഴ അപ്രതീക്ഷിതമായി പുറകോട്ടു തിരിഞ്ഞു. കൊലവിളിച്ചു മുന്നോട്ടടുത്ത അവളില്‍ നിന്ന് ഭാഗ്യത്തിനാണ് മധു ഒഴിഞ്ഞു മാറിയത്. പേടിപ്പിക്കല്‍ മാത്രമാണ് അവളുടെ ലക്ഷ്യമെന്ന് ആനകളെ അടുത്തറിയുന്ന രാഘവന്‍ ആശ്വസിപ്പിച്ചു. ദൂരെ പോകേണ്ടതില്ല. തല്‍ക്കാലം ഒന്നു മാറി നിന്നാല്‍ മതി.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
തോല്‍പ്പെട്ടിയിലെ സഞ്ചാരം മണിക്കൂറുകള്‍ നീണ്ടു. ആനകളുടെ യാത്രാപഥത്തില്‍ അകന്നും അകലെയുമായി ജീവന്‍ എടുത്തു പിടിച്ചൊരു സഞ്ചാരം. ഒരേ സംഘത്തിനെ പലയിടത്തു വെച്ചു കാണുമ്പോഴും പല ഫോര്‍മേഷന്‍. ചിലപ്പോള്‍ കൂട്ടം പിരിഞ്ഞാവും കാണുക. ചിലപ്പോള്‍ കാടിളക്കി മരച്ചില്ലകളൊടിച്ചു ശബ്ദമുണ്ടാക്കി കുത്തുകൂടി അങ്ങനെ.. മരത്തണലില്‍ ഉച്ചക്ക് വിശ്രമം. ഇടക്കു നീര്‍ത്തടങ്ങളില്‍ കുളി. പോയ വഴിയില്‍ അടയാളങ്ങള്‍. കുളക്കടവിലെ കാല്‍പ്പാടുകള്‍, ഒടിഞ്ഞ മുളങ്കാടുകള്‍, അകലെ കേള്‍ക്കുന്ന ചിന്നംവിളികള്‍. ക്യാമറക്കും ബൈനോക്കുലറിനും കൊതി തീരാത്ത പകല്‍. ആദ്യദിവസങ്ങളിലെ നിരാശയൊക്കെ അലിഞ്ഞില്ലാതായി.

തോല്‍പ്പെട്ടിയില്‍ നിന്ന് അതിര്‍ത്തി കടന്നാല്‍ നാഗര്‍ഹൊളെയായി. ചെക്ക് പോസ്റ്റിനപ്പുറത്തും ഇപ്പുറത്തും കാണുന്നത് ഒരേ ആനകള്‍ തന്നെ. അവരുടെ യാത്രാപഥത്തില്‍ ഒരു ചെക്ക് പോസ്റ്റുമില്ല. കര്‍ണാടകത്തിലെ വലിയ വന്യമൃഗകേന്ദ്രമാണ് നാഗര്‍ഹൊളെ. സഞ്ചാരികളെ വാഹനങ്ങള്‍ ഉപയോഗിച്ച് അവര്‍ തന്നെ നയിക്കുന്നു. ബന്ദിപ്പൂരിലും മുതുമലയിലുമുള്ളതു പോലെ മോട്ടോര്‍ സഫാരി റൈഡുകള്‍. ആനകളെ കണ്ടുമുട്ടാന്‍ പ്രയാസമില്ല. ചിലപ്പോള്‍ ഒരു റൈഡ് തീരുന്ന സമയത്തിനുള്ളില്‍ ഒരാന പോലും മുന്നില്‍ പെട്ടില്ലെന്നും വരാം. അല്ലെങ്കിലും കാട്ടില്‍ നിറയെ ആനകളുണ്ടെങ്കിലും ഒന്നിനെ കണ്ടുമുട്ടുന്നത് സഞ്ചാരിയുടെ ഭാഗ്യം പോലിരിക്കും. നാഗര്‍ഹൊളെയിലെ ഞങ്ങളുടെ സഞ്ചാരം നിരാശയിലാണ് കലാശിച്ചത്. ആനകള്‍ വഴിയിലെങ്ങുമില്ല.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer
ഞങ്ങള്‍ എന്‍ബെഗൂറിലേക്കു നീങ്ങി. ചെതലയത്തു നിന്ന് മാവിലാന്‍തോടു വഴി എന്‍ബെഗൂറിലെ ആനത്താരകളിലേക്കു യാത്ര ചെയ്താല്‍ കാട്ടാനകള്‍ നിരന്നു നില്‍ക്കുന്ന ചെറുപൂരങ്ങള്‍ തന്നെ കാണാം. കര്‍ണാടകത്തിലെ ബീച്ചനഹള്ളി അണക്കെട്ടില്‍ വെള്ളം കുറയുന്ന സമയത്ത് ഡാം സൈറ്റില്‍ കിളിര്‍ത്തു വരുന്ന പുല്ലുകളും തടാകക്കരയിലെ ഇളംമുളകളും തിന്നാന്‍ കൂട്ടമായെത്തുന്ന ആനകളാണവ. ഇത്രയധികം ആനകളെ ഒന്നിച്ച് ഒറ്റ സ്ഥലത്ത് ഒരു വനസഞ്ചാരിക്ക് മറ്റെങ്ങും കാണാനാവില്ല. ഡാമിലേക്ക് കര്‍ണാടകത്തിലൂടെയാണ് പ്രവേശനം. ഗുണ്ട്‌റ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്ന് അനുമതി വാങ്ങി വേണം സഞ്ചാരികള്‍ക്കു വരാന്‍. ഫോറസ്റ്റ് ജീപ്പുകള്‍ മാത്രം പോകുന്ന വഴികള്‍. ഡാമിലേക്കിറങ്ങുമ്പോള്‍ തന്നെ വരവേറ്റത് ആനകളുടെ ഒരു കൂട്ടം. പച്ചമുളയുടെ തളിരു തിന്ന് അവ രസിക്കുന്നു. പിന്നെ ആനകളുടെ ഘോഷയാത്ര തന്നെ. ഡാം സൈറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തെത്തുമ്പോഴേക്കും മുപ്പത് ആനകളെയെങ്കിലും വഴിയുടെ പല ഭാഗങ്ങളിലായി കണ്ടുമുട്ടി. മുളകള്‍ക്കിടയില്‍ നിന്ന് എപ്പോഴും ഒരാന ചാടി വീഴാം എന്ന ഭീതിദമായ അവസ്ഥ ഈ യാത്രയില്‍ എന്‍ബെഗൂറില്‍ മാത്രമേ ഉണ്ടായുള്ളൂ.

സന്ധ്യയായി. ആനത്താരകളിലൂടെയുള്ള സഞ്ചാരം തുടങ്ങിയിട്ട് ഇതു മൂന്നാം ദിവസം. ഇനിയും നിന്നു കൂടാ. വഴിയെല്ലാം ആനകള്‍ കൈയടക്കും. എത്രയും പെട്ടെന്നു പുറത്തു കടക്കണം. വണ്ടി തിരിക്കുമ്പോള്‍ പെട്ടെന്ന് പുറകിലൊരു ചിന്നം വിളി. മുളംകൂട്ടത്തില്‍ അരിശം തീര്‍ത്തിരുന്ന ഒരു കൊമ്പന്റെ പ്രകോപനമില്ലാത്ത മുന്നറിയിപ്പാണ്. വേഗം സ്ഥലമൊഴിയുക എന്നാണ് നിര്‍ദ്ദേശം. ഇരുള്‍മല പോലെ അവന്‍ പുറകെ വരുന്നത് ഇപ്പോള്‍ കാണാം. സര്‍വശക്തിയുമെടുത്ത് ജീപ്പ് കുതിച്ചു. ആനക്കൂട്ടം ചവിട്ടിമെതിച്ച വഴികളിലൂടെ വേഗമേറ്റി ജീവനെടുത്തു പിടിച്ച് ഒരോട്ടം... പുറത്തെത്തിയിട്ടും ചില്ലകളൊടിയുന്ന ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. ആനച്ചൂര് കാടിനെ പൊതിയുന്നു...

Travel Info
Tholpetty

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
വടക്കേ വയനാട്ടില്‍ കേരളാ-കര്‍ണാടക അതിര്‍ത്തിയിലാണ് തോല്‍പ്പെട്ടി വന്യജീവി കേന്ദ്രം. സഞ്ചാരികള്‍ ധാരാളമായെത്തുന്ന വന്യജീവി കേന്ദ്രമാണിത്. മാനന്തവാടിയില്‍ നിന്ന് വരുമ്പോള്‍ കാട്ടിക്കുളം കഴിഞ്ഞുള്ള തെറ്റ് റോഡ് ജങ്ഷനില്‍ നിന്നും 7.5 കി.മീ. ആണ് ഇങ്ങോട്ടേയ്ക്ക്. കടുവയും ആനയുമുള്‍പ്പെടെ എല്ലാ വന്യജീവികളെയും ഇവിടെ കാണാം.
Wayanad wildlife Sanctuary, Tholpetty-situated along the northern ridge of Wayanad (bordering Coorg district of Karnataka), Tholpetty is much similar to Muthanga in terms of flora and fauna.
Location: 24 km east of Mananthavady. 8 kms west to Nagarhole National Park.
Distance Chart: Kozhikode (96 km) Mysore(95 km) and Ooty (160 Km) Kalpetta (59km) Mananthavady (24km).
How to Reach
By Air:
Kozhikode(Karipur -120 km).
By Rail:Kozhikode (96 km).
By Road:KSRTC buses connect Tholpetty with all nearby towns.
Contact STD CODE: 04935
Asst. Wildlife Warden, Tholpetty, Ph: 250853, 240233.
Best Season: Nov- May.
Stay
Accommodation is available at Mananthavady, the nearest town. The sramby (the wooden rest houses) and dormitories are available within the Sanctuary.
Sights Around: Thirunelli Temple 32kms from Mananthavady, Kuruva Island 17kms, Pakshipathalam 7.5 kms from Thirunelli.
Safari in Tholpetti: Entry Fee: -50 per vehicle, Rent for a jeep: -300, Entry fee per head:-10, Camera: -50, Video Camera: -150, Guide Fee: -100
Timings: 7 am- 9 am and 3 pm - 5pm

Travel Info
Nagarhole

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer
തോല്‍പ്പെട്ടിയോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടക വനമാണ് നാഗര്‍ഹൊളെ. കൂര്‍ഗ് (കുടക്) ജില്ലയിലാണ് ഇത്. നാഗര്‍ഹൊളെ വന്യജീവി കേന്ദ്രം ഇന്ന് രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. പുലിയും കടുവയുമുള്‍പ്പെടെ എല്ലാ വന്യജീവികളുമുള്ള കാടുകളാണ് നാഗര്‍ഹൊളെയിലേത്. എങ്കിലും ആനകളുടെ വിഹാരഭൂമിയായാണ് ഇത് അറിയപ്പെടുന്നത്. വയനാട്ടിലൂടെ തോല്‍പ്പട്ടിയില്‍ നിന്നും കുട്ട വഴിയാണ് നാഗര്‍ഹൊളെയിലേക്കുള്ള പ്രവേശനം.
Nagarhole Wildlife Sanctuary (40 km from Mananthavady). This sanctuary in Karnataka, extends over an area of 643.39 sq. km. The park houses diverse species of plant and animal life.
Location: Karnataka, dt. Mysore.
How to Reach
By air:
Bangalore(220km).
By rail: Mysore (80km).
By Road: 21km from Tholpetty Wildlife Sanctuary. Mysore (80km), Madikkery (90km), Bangalore(220km).
Contact STD CODE: 08274
Nagarhole National Park Office Ph: 244221, Mob: 09980749793
Wildlife Warden: Yathish Kumar -0822-252041
Kutta Police station (Kodagu Dt.) Ph: 08274-244100, 09480804958.
Best season: October-May.
Tips: Reach the sanctuary by early morning to get a good sight of animals. Park entry fee:-60, Safari charge:-35, Handicam: -150, Video Camera:-300, No Fee for still camera.
Timings: 6am - 8am and 3pm - 5pm. Onehour safari covering 18 to 20 kms.
Stay: Forest IB's at Nagarhole, Gangothri, Kaveri, For booking and other info contact: 0821-2480902.

Travel Info
Muthumalai
ബന്ദിപ്പൂര്‍ വനത്തില്‍ നിന്നു ഊട്ടി റോഡിലൂടെ സഞ്ചരിച്ചാല്‍ തമിഴ്‌നാട് അതിര്‍ത്തിക്കകത്താണ് മുതുമല വന്യജീവി കേന്ദ്രം. ആനകളുടെ വിഹാരഭൂമിയാണ് ഇത്. വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇവിടത്തെ ആനസഫാരിയാണ്. 321 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മുതുമല സാങ്ച്വറിക്ക് മോയാര്‍ നദിയും നീലഗിരിയും അതിരിടുന്നു. ഊട്ടി, പൈക്കാറ ഡാം, കൂനൂര്‍, മുക്കുറുത്തി പീക്ക്, കല്ലട്ടി, ദൊഡ്ഢബെട്ട, അപ്പര്‍ ഭവാനി, കോടനാട് വ്യൂ പോയിന്റ്, കൊടഗിരി തുടങ്ങിയ വിനോദകേന്ദ്രങ്ങളും ഇതിനടുത്താണ്.
Mudumalai National Park & Wildlife sanctuary (Now declared as a Tiger Reserve). sanctuary range; Masinagudi, Thepakadu, Mudumalai, Kergudi, Nellakota.
Location: Tamilnadu. Dt. Nilgiri, Altitude: 467 m- 1251 m, Area 321 sq kms
Distance Chart: (towns nearby) Gudallur- 16 km, Mysore- 95 km, Ooty - 65 km.
How to Reach
By Air:
Coimbatore (160 km).
By Rail: Nilambur and Ooty (65km). Mysore (95 km).
By Road: Best thing is to rent a vehicle to visit Mudumalai. There are regular buses from Mysore to Ooty via Mudumalai. buses and jeeps are available from Nilambur. One can also reach Mudumalai via Bandipur from Muthanga.
Contact STD CODE: 0423
Field Director (Mudumalai, office in Ooty)Ph: 2444098
Range officer, Thepekadu, Ph:2526235
Tamilnadu Tourism Developement Corporation, Tepekadu. Ph: 2526580.
Best Season: Feb -June.
Stay: Stay at Thepekadu (contact TTDC, Thepekadu). Masinagudi (17 km) , Ooty is a better option.
More details: www. wildlifesanctuaryindia.com
Forest department has various cottages.
Tips: For elephant ride and reservations contact Field Director, fee: 460 for 4 person (40 mnts), Mini Bus Ride, contact Range Officer. fee: Rs 35 per person (45 mnts)
During dry season ( Aprl- May) sanctuary will be closed.
Sights around: Elephant feeding campa Museuma Moyar rivera Kaliatty falls (30 km) a Pykara lake (40 km).


Text: O R Ramachandran, Photos: Madhuraj, N A Naseer, S L Anand

Sunday, September 9, 2012

വയനാടന്‍ കാഴ്ച്ചകള്‍


Bandhipur, Wayanad


നവംബര്‍-ഡിസംബര്‍ ലക്കം യാത്ര കയ്യില്‍ കിട്ടിയപ്പോഴാണ് പതിവുള്ള ന്യൂ ഇയര്‍ യാത്ര വയനാട്ടിലേക്കായാലോ എന്ന് ചിന്തിച്ചത്. സ്ഥിരം സഹയാത്രികരെ വിളിച്ച് നോക്കി. അങ്ങോട്ട് വേണോ? എന്നാല്‍ പിന്നെ മുത്തങ്ങ വഴി ഗുണ്ടല്‍ പേട്ട്, ബന്ധിപ്പൂര്‍, മുതുമലയൊക്കെ കണ്ട് നിലമ്പൂര്‍ വഴി മടങ്ങാം.

തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടു, കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു സുലൈമാനിയടിച്ചു. മൂന്ന് മണിയോട് ബത്തേരിയിലെത്തി. മുത്തങ്ങയില്‍ ഏഴുമണിക്കേ വനയാത്ര തുടങ്ങുകയുള്ളു. അതിന് മുന്‍പ് കര്‍ണാടക അതിര്‍ത്തി വരെ ഒന്ന് പോയി നോക്കാം. മുത്തങ്ങ ചെക് പോസ്റ്റ് കടന്ന് അല്‍പ്പം മുന്നോട്ട് പോയപ്പോള്‍ റോഡരികിലുള്ള മുളങ്കാടുകള്‍ ഇളകുന്നു. അഞ്ചോ ആറോ ആനകളുടെ ഒരു കൂട്ടം മുളകള്‍ ഒടിച്ച് തിന്നുകയാണ്. ഹെഡ്‌ലൈറ്റിന്റെ വെളിച്ചമടിച്ചതോട് കൂടി അവ ഉള്‍ക്കാട്ടിലേക്ക് പിന്‍മാറി.

ലൈറ്റ് ഓഫ് ചെയ്ത് കുറച്ച് നേരം കാത്തിരുന്നെങ്കിലും നോ രക്ഷ. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി ആനകള്‍ക്ക് പണിയുണ്ടാക്കണ്ടെന്ന് കരുതി നേരെ കര്‍ണാടക അതിര്‍ത്തിയിലേക്ക് വാഹനങ്ങളുടെ നീണ്ട നിര. രാവിലെ ആറുമണിക്ക് ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളു. തിരികെ വീണ്ടും മുത്തങ്ങയിലെത്തി. ഏഴുമണിയായപ്പോഴേക്കും ഗേറ്റില്‍ പൂരത്തിന്റെ ജനം. ഒരു ഗൈഡിനേയും സംഘടിപ്പിച്ച് ജീപ്പുമെടുത്ത് വനത്തിനകത്തേക്ക്. കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് പോകുന്നത് പോലെയാണ് നിര്‍ബാധം ജീപ്പുകള്‍ അകത്തേക്ക് പോകുന്നത്. നമ്മുടെ ജീ്പ്പ് ഡ്രൈവറാണെങ്കില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോകുന്നത് പോലെ കുതിക്കുകയാണ്.


Bandhipur, Wayanad


ഇടക്ക് ഒന്നോ രണ്ടോ മാനിനെ കാണാന്‍ സ്​പീഡ് അല്‍പ്പം കുറച്ചു. വീണ്ടും പൂര്‍വ്വാധികം സ്​പീഡില്‍ പോയി മുന്നില്‍ പോയിരുന്ന രണ്ട് ജീപ്പുകളെ ഓവര്‍ടേക്ക് ചെയ്ത് ഞങ്ങളെ ഒന്നാമതായി പുറത്തെത്തിച്ചു. എന്തിനാണീ വഴിപാടെന്നറിയാതെ എല്ലാവരും പകച്ച് നിന്നു.

റോഡരുകില്‍ നിന്ന് തന്നെ പല്ല് തേപ്പെല്ലാം കഴിച്ച് തൊട്ടടുത്ത് തന്നെയുള്ള നസീറമെസ്സിലേക്ക്. ചൂടുള്ള പുട്ടും കടലയും കഴിച്ച് എല്ലാവരും ഉഷാറായി. പതിയെ കര്‍ണാടക വനങ്ങളുടെ ഭംഗി ആസ്വദിച്ച് ഗുണ്ടല്‍ പേട്ടിലെത്തി. അവിട നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹംഗ്ല വഴി ഗോപാല്‍ സ്വാമിബെട്ടയിലേക്ക് വണ്ടി വിട്ടു. വഴി നിറഞ്ഞ് കാലിക്കൂട്ടം പോവുകയാണ്. ഇരുവശത്തും പുതുകൃഷിക്കായി കൃഷിയിടങ്ങള്‍ ഉഴുതുമറിച്ചിട്ടിരിക്കുന്ന മനോഹര ദൃശ്യം, ശക്തമായ കാറ്റ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്‍പിലുള്ള കരിങ്കല്‍ കട്ടിള പിടിയില്‍ നിന്നും പലപ്പോഴും വെള്ളം തുള്ളി തുള്ളിയായി താഴേക്ക് വീഴുന്നു.

തിരിച്ച് ഹംഗ്ലവഴി ബന്ദിപ്പൂരിലേക്ക്. വഴിയരികില്‍ തന്നെയുള്ള ഒരു റിസോര്‍ട്ടില്‍ കയറി ഭക്ഷണം കഴിച്ചു. രണ്ടു റൂമുള്ള ഒരു കോട്ടേജും ബുക്ക് ചെയ്തു. റൂം ബോയ് മലപ്പുറത്തുകാരന്‍ ഒരു പയ്യന്‍. 'സാറേ വൈകീട്ട് എല്ലാ സൗകര്യങ്ങളും ചെയ്തു തരാം...' അവന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. 'സുഖം' അന്വേഷിച്ച് വന്നതല്ല മാഷേ. തൃശ്ശൂര്‍ ഭാഷയില്‍ മറുപടി കൊടുത്തു.


Bandhipur, Wayanad


മൂന്നു മണിയായപ്പോഴേക്കും ബന്ധിപ്പൂര്‍ പാര്‍ക്കിന്റെ ഗേറ്റില്‍ എത്തി. ഇരുപതോളം പേര്‍ക്ക് കയറാവുന്ന വാനിലാണ് ഇവിടെ വനയാത്ര. മാന്‍, മയില്‍ കാട്ടുപന്നി എന്നിവ യഥേഷ്ടം. ആനയുടെയും പുലിയുടെയും പൊടി പോലുമില്ല. നിരാശരായി തിരികെ റിസോര്‍ട്ടിലേക്ക് മടങ്ങുകയാണ്. സമയം ആറുമണി കഴിഞ്ഞു. ഒരു തിരിവ് കഴിഞ്ഞപ്പോള്‍ ഏതോ ഒരു മൃഗം റോഡ് മുറിച്ചു കടക്കുന്നു. വണ്ടി നിര്‍ത്തി സൂക്ഷിച്ചു നോക്കി. ഒരു പുള്ളിപ്പുലി. ക്യാമറെയുടുക്കുമ്പോളേക്കും അവന്‍ കാട്ടിലേക്ക് മറിഞ്ഞു.

പിറ്റേ ദിവസം അതിരാവിലെയെഴുന്നേറ്റ് നേരെ മുതുമലയിലേക്ക്. റോഡിനിരുവശവും നിബിഢ വനങ്ങളാണ്. എട്ട് മണി ആയപ്പോഴേക്കും തെപ്പക്കാട് എത്തി. അവിടെ ആനപ്പുറത്തുള്ള സഫാരിയുണ്ടെന്ന് കേട്ട് അന്വേഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാ എല്ലാം നേരത്തെ ബുക്ക് ചെയ്യണം. തൊട്ടടുത്ത് തന്നെയുള്ള ആനത്താവളത്തിലേക്ക് പോയി. ചോറും റാഗിയും ശര്‍ക്കരയും കൂട്ടിക്കുഴച്ച ഭക്ഷണം ആനകള്‍ വെട്ടി വിഴുങ്ങുന്നു. നമ്മുടെ വയറും കരിയുന്ന മണം.

നേരെ ഊട്ടി റോഡിലൂടെ വണ്ടി വിട്ട് മസിനഗുഡിയില്‍ പോയി വയറ് നിറച്ച് ഭക്ഷണം കഴിച്ചു. അവിടെ വിഭൂതി മലമുകളിലുള്ള കോവിലും മാരിയമ്മന്‍ കോവിലും കണ്ട് തിരിച്ചിറങ്ങി. വഴിയിരികിലുള്ള മരങ്ങളില്‍ കുരങ്ങുകള്‍. അങ്ങകലെയായി കാട്ടുപോത്തിന്‍ കൂട്ടം. എല്ലാം കണ്ട് ഗൂഡല്ലൂര്‍ വഴി നാടുകാണിചുരവും താണ്ടി മടക്കം.


Text&photos: പ്രിജോ ജോസ്‌

Wednesday, August 18, 2010

ബാണാസുര സാഗരം

Banasurasagar Dam, Wayanad


മണ്ണപ്പം ചുട്ടു കളിച്ച ഏതെങ്കിലും സായിപ്പിന് തോന്നിയ ഐഡിയ ആയിരിക്കു­മോ മണ്ണ് ഡാം അഥവാ എര്‍ത്ത് ഡാം എന്ന സങ്കല്‍പ്പം. പണ്ട് മഴക്കാലത്ത് വീടിന്റെ തൊടിയില്‍ മഴ വെള്ളത്തെ തടഞ്ഞു നിര്ത്താന്‍ മണ്ണ് കൊണ്ട് തട­യണ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ നല്ല ഓരു മഴയ്ക്ക് അത് തവിടു പൊടിയാ­യിട്ടുമുണ്ട്. പറഞ്ഞു വരുന്നത് എന്തിനെക്കുറിച്ചാണെന്നല്ലേ. പറയാം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനെക്കുറിച്ച്. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനെക്കു­റിച്ച്…

Banasurasagar Dam, Wayanad
ഒരു വൈകുന്നേരമായിരുന്നു ബാണാസുരനെക്കാണാന്‍ വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ നി­ന്ന് വാഹനം കയറിയത്. ഡാമിന്റെ താഴെ ഇറങ്ങി ഡാമിന് മുകളിലേക്ക് വലിഞ്ഞു കയറുമ്പോള്‍ ചുറ്റിലും മനസിലും പെരുപ്പിച്ചു നില്‍ക്കുന്ന കൂറ്റന്‍ മലകള്‍.

Banasurasagar Dam, Wayanad
ആ മലയുടെ അപ്പുറത്തുനിന്ന് വൈകുന്നേരത്തെ ചാറ്റല്‍ വെയില്‍ ചുകപ്പു നാടകള്‍ പോലെ ആ­കാശ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓരോ നിമിഷവും ആ ചിത്രത്തിന്റെ നിറങ്ങള്‍ക്ക് ഭാവപ്പകര്‍ച്ച­കള്‍… നീണ്ടു നിവര്‍ന്നു കിടക്കുന്ന മലകളുടെ വലിപ്പവും നീളവും ഡാമിലേക്കുള്ള കയറ്റം കയറു­ന്നതിനനുസരിച്ച് കൂടിവന്നു.
കുറച്ചു നേരത്തെ കിതപ്പിന് ശേഷം ബാണാസുരന്റെ തോളിലെത്തി. ഇവിടുത്തെ കാഴ്ച്ചകള്‍ 360 ഡിഗ്രിയിലാണ്. ഒരു ഫിഷ്ഐ ലെന്‍സിനും പകര്‍ത്താന്‍ കഴിയാത്തത്ര വൈഡായ കാഴ്ച്ച­കള്‍… കുന്നിറങ്ങി വരുന്ന മഞ്ഞ്പാളികള്‍… നിറഞ്ഞു തുളുമ്പുന്ന ബാണാസുരസാഗരം. അത് തഴുകി വരുന്ന തണുത്തകാറ്റ്….
Banasurasagar Dam, Wayanad
കാറ്റിന് വേഗം കൂടുമ്പോള്‍ ഈ സാഗരത്തിലെ തിരമാലകള്‍ക്കും ശക്തികൂടും. ആ തിരമാലകള്‍ ഇവിടുത്തെ ചെറുകല്ലുകളില്‍ തലതല്ലിപ്പൊളിക്കും . ഈ അനന്തമായ കാഴ്ച്ചയിലേക്ക് മനസ്സും ശരീരവും തുറന്ന്വച്ച് രണ്ട് കമിതാക്കള്‍ ഡാമിനു മുകളിലെ കല്‍ഭിത്തിയില്‍ വലിഞ്ഞുകയറിയി­രുപ്പുണ്ട്. കുറച്ച് പയ്യന്‍മാര്‍ വേറൊരിടത്ത് കൂടിനില്‍ക്കുന്നു. ഏതോ കോളേജില്‍ നിന്നും ടൂറിന് വന്നവരാ­ണവര്‍. കാഴ്ച്ചകളില്‍ മതിമറന്ന് അവര്‍ പാട്ടുകള്‍ പാടുന്നു… കൂ കി വിളിക്കുന്നു. പൊട്ടിച്ചിരിക്കു­ന്നു… ഇവിടെ വന്നാല്‍ ഈ കാഴ്ച്ചകള്‍ കണ്ട് ആര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നിപ്പോകും. ഒന്നുറക്കെ കൂകാന്‍ തോന്നിയ എന്നെ ഉള്ളിലെ സദാചാരപോലീസുകാരന്‍ വിലക്കി. ഞാന്‍ കൂ­കല്‍ അടക്കിപ്പിടിച്ച് മുന്നോട്ട് നടന്നു.

Banasurasagar Dam, Wayanad
മലമടക്കുകള്‍ കടന്നുവരുന്ന ഇവിടുത്തെ കാറ്റിന് ചൂളം വിളിയുടെ ശബ്ദമാണ്. വൈകുന്നേരത്തെ ഇളം വെയില്‍ മങ്ങി വരുന്നതിനൊപ്പം ഇരുണ്ട നീലനിറം ബാണസുരസാഗരത്തെ പൊതിഞ്ഞു­തുടങ്ങിയിരുന്നു. ഈ ഡാമിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്കുള്ള നടത്തം കാഴ്ച്ചയുടെ പുതിയ സാഗരങ്ങളാണ് സമ്മാനിക്കുക.

Banasurasagar Dam, Wayanad
ഈ ഡാമിന്റെ റിസര്‍വോയറില്‍ 28 ചെറു ദ്വീപുകളുണ്ട്. അതിനെയൊക്കെ വലം വച്ചു കാണാന്‍ ഇവിടെ ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിന്റെ സ്പീഡ് ബോട്ടുകളുണ്ട്. ബോട്ട്ലാന്റില്‍ എത്തിയ­പ്പോള്‍ അവിട രണ്ട് സ്പീഡ് ബോട്ടുകള്‍ കാഴ്ച്ചകാരെയും കാത്ത് നില്‍ക്കുന്നു. അതില്‍ ഒ­ന്നില്‍ ക്കയറി ഈ ബാണാസുരസാഗരത്തിലൂടെ പറന്നുനടന്നു.
Banasurasagar Dam, Wayanad
ഹരം പിടിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ സ്പീഡ് ബോട്ടിലെയാത്ര. ഓളപ്പരപ്പുകളെ കീറിമുറിച്ച് മലകള്‍ വലം വച്ച് അവസാനം തളര്‍ന്ന കുതിരയെപ്പോലെ ബോട്ട് ലാന്റില്‍ എത്തിയപ്പോള്‍ ഒ­രിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറി. ഇരുട്ടുവീണ ഡാമിന് മുകളിലൂടെ നടക്കു­മ്പോള്‍ ദൂരെ മലമുകളില്‍ നിന്ന് ഇറങ്ങി വന്ന മഞ്ഞ് മലകളെ മുഴുവന്‍ മറച്ചിരിക്കുന്നു… എന്നാല്‍ അപ്പോഴും മനസ്സില്‍ ഒപ്പിയെടുത്ത ബാണാസുരന്റെ കാഴ്ച്ചകള്‍ മായതെ തന്നെ കിടന്നു.



കടപ്പാട് .. Inside Wayanad /എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്

Wednesday, May 19, 2010

മീന്‍മുട്ടി-കേരളത്തിലെ സ്വര്‍ഗം

Meenmutty Wayanad

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരുസ്വര്‍ഗമുണ്ടെങ്കില്‍ അത്‌ മീന്‍മുട്ടിയാണ്‌- ഒരുവിദേശസഞ്ചാരി ഒരിക്കല്‍ തന്റെ ഡയറിയില്‍ഇങ്ങനെ കുറിച്ചിട്ടു. അതെ പ്രകൃതിയുടെദൃശ്യഭംഗി ഒരു സ്വര്‍ഗമാക്കി തീര്‍ത്തസ്ഥലമാണ്‌ മീന്‍മുട്ടി. സഞ്ചാരികള്‍ക്കും എന്നുംആവേശം മാത്രം സമ്മാനിച്ചിട്ടുതാണ്‌ വയനാട്‌.
ഇടതൂര്‍ന്ന മഴക്കാടുകള്‍, മേഘങ്ങള്‍പറന്നിറങ്ങുന്ന കുന്നുകള്‍, ഈറന്‍പ്രകൃതിയുടെ വശ്യഗന്‌ധം. ഇതൊക്കെവയനാടിന്‌ മാത്രം സ്വന്തം. പൂക്കോട്‌ തടാകം,കുറുവദ്വീപ്‌, ബാണാസുരസാഗര്‍ ഡാം,മുത്തങ്ങ വന്യജീവി സങ്കേതം, എടക്കല്‍ ഗുഹ,പഴശ്ശികുടീരം, മീന്‍മുട്ടി വെള്ളച്ചാട്ടം,പക്ഷിപാതാളം, ചെമ്പ്രകുന്നുകള്‍എന്നിവയാണ്‌ വയനാട്ടിലേക്ക്‌ സഞ്ചാരികളെമാടിവിളിക്കുന്ന പ്രകൃതിവിസ്‌മയങ്ങള്‍.
മൂന്നു തട്ടുകളായി മുന്നൂറോളം അടി ഉയരത്തില്‍ നിന്ന്‌ പതിക്കുന്ന മീന്‍ മുട്ടി, ട്രക്കിംഗ്‌ഇഷ്‌ടപ്പെടുന്ന സാഹസികരുടെ ഇഷ്‌ടസ്ഥലമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയവെള്ളച്ചാട്ടമാണിത്‌. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ചിലമ്പൊലി കേട്ട്‌ ഉറങ്ങാനുള്ളസൗകര്യവും ഇവിടെയുണ്ട്‌. ഉല്‍ഭവസ്‌ഥാനത്തോ, പതിക്കുന്നിടത്തോ രാത്രിക്യാമ്പുചെയ്യുന്നതിനുള്ള അനുമതി വനം വകുപ്പ്‌ നല്‍കുന്നുണ്ട്‌. വന്യമൃഗങ്ങള്‍ ഇറങ്ങിനടക്കുന്ന ഭാഗമായതിനാല്‍ പ്രത്യേക കരുതലുകള്‍ ആവശ്യമാണ്‌. കല്‍പ്പറ്റയില്‍ നിന്ന്‌മീന്‍മുട്ടിയിലേക്ക്‌ 29 കിലോമീറ്റര്‍ ദൂരമുണ്ട്‌.
മീന്‍മുട്ടി വെള്ളച്ചാട്ടം- അവിസ്‌മരണീയ അനുഭവം
മീന്‍മുട്ടി വെള്ളച്ചാട്ടം ഒരിക്കല്‍ കണ്ടവര്‍ പറയും അവിസ്‌മരണീയമായ അനുഭവമാണിതെന്ന്‌.വെള്ളച്ചാട്ടം അടുത്തുകണ്ട്‌ ആസ്വദിക്കണമെന്നുള്ളവര്‍ക്ക്‌ മീന്‍മുട്ടി ഹൈറ്റ്‌സ്‌ റിസോര്‍ട്ടില്‍താമസിക്കാം. വെള്ളച്ചാട്ടത്തിനരികിലായി പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച ആധുനികസൗകര്യങ്ങളോടു കൂടിയ സ്‌റ്റുഡിയോസ്യൂട്ടുകള്‍ ആണ്‌ മീന്‍മുട്ടി ഹൈറ്റ്‌സ്‌ റിസോര്‍ട്ടിന്റെപ്രത്യേകത. അരുവികള്‍, തേയിലതോട്ടങ്ങള്‍ എന്നിവയ്‌ക്ക്‌ അഭിമുഖമായിട്ടാണ്‌ ഓരോകോട്ടേജുകളും. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഒരു ദിവസംമുഴുവന്‍ നീളുന്ന ട്രെക്കിംഗാണ്‌ റിസോര്‍ട്ട്‌ ഒരുക്കിയിരിക്കുന്നത്‌. കൂടാതെ നൈറ്റ്‌ സഫാരി,ക്യാമ്പ്‌ ഫയര്‍, ടി എസ്‌റ്റേറ്റിലൂടെയുള്ള യാത്ര, ഫാക്‌ടറി സന്ദര്‍ശനം, ഫിഷിംഗ്‌, ക്രാബ്‌ഹണ്ടിംഗ്‌ എന്നിവയ്‌ക്കും മീന്‍മുട്ടി ഹൈറ്റ്‌സ്‌ റിസോര്‍ട്ട്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ബാണാസുരഡാം, കുറുവ ദ്വീപ്‌, നീലഗിരി ബയോസഫിയറിന്റെ ഭാഗമായ മുത്തങ്ങ വന്യജീവിസങ്കേതം തുടങ്ങി മറ്റ്‌ പിക്‌നിക്‌ സ്‌പോട്ടുകള്‍ കാണാനും റിസോര്‍ട്ട്‌സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്‌. ആദിവാസി വില്ലേജുകളിലേക്കുള്ള യാത്രയും ഹൈറ്റ്‌സ്‌റിസോര്‍ട്ട്‌ തരപ്പെടുത്തി തരും. ഒന്നു രണ്ടു ദിവസം താമസിച്ച്‌ വയനാടിന്റെ കാഴ്‌ചകള്‍മുഴുവന്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേകിച്ച്‌ മീന്‍മുട്ടി വെള്ളച്ചാട്ടംകാണണമെന്നുള്ളവര്‍ക്ക്‌ ഈ റിസോര്‍ട്ട്‌ തിരഞ്ഞെടുക്കാവുന്നതാണ്‌.
മൂവായിരത്തിനും, ആറായിരത്തിനും ഇടയിലാണ്‌ ഇവിടുത്തെ കോട്ടേജുകളിലെതാമസനിരക്ക്‌. സ്‌പെഷ്യല്‍ പാക്കേജുകളും ഉണ്ട്‌. പരമ്പരാഗത രീതിയിലുള്ള മലബാര്‍ഭക്ഷണങ്ങള്‍, സൗത്ത്‌ ഇന്ത്യന്‍, നോര്‍ത്ത്‌ ഇന്ത്യന്‍, ചൈനീസ്‌, കോണ്ടിനെന്റല്‍ വിഭവങ്ങളുംഇവിടുത്തെ റെസ്‌റ്റോറന്റില്‍ ലഭിക്കും. കോഴിക്കോടാണ്‌ വയനാടിന്‌ ഏറ്റവും അടുത്തറെയില്‍വേ സ്‌റ്റേഷനും എയര്‍പോര്‍ട്ടും. കോഴിക്കോട്‌ നിന്ന്‌ കെ എസ്‌ ആര്‍ ടി സി, പ്രൈവറ്റ്‌ബസ്‌ സര്‍വ്വീസുകള്‍ ലഭിക്കും. കൂടാതെ റെന്റ്‌ എ കാര്‍ സൗകര്യവും ഉപയോഗപ്പെടുത്താം.കൊച്ചിയില്‍ നിന്ന്‌ 325 കിലോമീറ്റര്‍ ദൂരമുണ്ട്‌ മീന്‍മുട്ടിയിലേക്ക്‌. ബാംഗ്‌ളൂര്‍ നിന്നും 273കിലോമീറ്ററും, ഊട്ടിയില്‍ നിന്നും 92 കിലോമീറ്ററും സഞ്ചരിച്ചാല്‍ മീന്‍മുട്ടിയിലെത്താം

Thursday, February 18, 2010

പാതാളത്തിലെ പക്ഷികള്‍

Pakshi Pathalam, Wayanad, Kerala
ആകാശത്ത് പാതാളമോ ? പാതാളത്തില്‍ പക്ഷികളോ ? പക്ഷിപാതാളത്തിലേക്ക് യാത്രപുറപ്പെടുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സംശയങ്ങള്‍ ഇതൊക്കെയായിരുന്നു. പക്ഷിപാതാളത്തെത്തിയാല്‍ അതിനു മറുപടി ലഭിക്കുമെന്നു കരുതി യാത്ര തുടങ്ങി. വയനാട്ടിലെ തിരുനെല്ലിയിലെത്തിയാല്‍ തിരുനെല്ലി അമ്പലത്തിന് പിന്നില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു കൂറ്റന്‍മലകാണാം.
അമ്പലത്തിന്‍റെ പിന്നിലായി കാണുന്ന ആ കൂറ്റന്‍ മല കയറിവേണം പക്ഷിപാതാളത്തിലെത്താന്‍. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ബ്രഹ്മഗിരിയുടെ മുകളിലാണ് പക്ഷിപാതാളം. കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് പക്ഷിപാതാളമെന്നും ഏഴ് കിലോമീറ്റര്‍ കുത്തനെയുള്ള മലകയറിയാലേ അവിടെത്താന്‍ കഴിയൂ എന്നും കൂടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
മലയകറ്റത്തിന് സഹയാത്രികരായ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുളള പ്രകൃതി സ്നേഹികളുമുണ്ട്. തിരുനെല്ലി അമ്പലത്തോട് ചേര്‍ന്നുളള ഫോറസ്റ്റ് ഐബിയില്‍ നിന്നാണ് അതിരാവിലെ യാത്ര തുടങ്ങിയത്. കാട്ടിലേക്കു കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫോറസ്റ്റ് റേ‍ഞ്ചര്‍ യാത്ര തുടങ്ങുന്നതിനു മുന്‍പേ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കാട്ടില്‍ ശബ്ദമുണ്ടാക്കരുത്, പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ഇടരുത്, കാട്ടില്‍ നിന്ന് ഒരിലപോലും പറിക്കരുത്, മുന്നില്‍ നടക്കുന്ന ഗാര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക…
ഫോറസ്റ്റ് ഐബിയോട് ചേര്‍ന്നുളള ചങ്ങലകെട്ട് കടന്നാല്‍ കാടാണ്. കൂറേ ദൂരം ഫോറസ്റ്റുകാരുടെ ജീപ്പു വഴിയിലൂടെ നടന്നു. മഴ കഴിഞ്ഞ് ഈ വര്‍ഷം പക്ഷിപാതാളത്തേക്ക് മലകയറുന്ന ആദ്യത്തെ സംഘമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ വഴിനിറയെ പ്ലീസ് സാര്‍ കുറച്ച് രക്തം കുടിച്ചോട്ടേ എന്നും ചോദിച്ച് എഴുന്നുനില്‍ക്കുന്ന അട്ടകളുണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നു. അട്ടകളെ നേരിടാനായി ഉപ്പും പുകയിലയും കൂട്ടികുഴച്ച് ഒഴു കിഴിയുണ്ടാക്കി കസ്റ്റഡിയില്‍ വച്ചിരുന്നു. ഒരു വടിയുടെ തലപ്പത്തു അത് കെട്ടി. ആദിശങ്കരന്‍റെ ആ പഴയ ദണ്ഡിനെ ഒര്‍മ്മിപ്പിച്ചു അത്.

Pakshi Pathalam, Wayanad, Kerala

അല്‍പ്പദൂരം മുന്നോട്ട് നടന്നപ്പോള്‍ റോഡുപേക്ഷിച്ച് ഊടുവഴികളിലൂടെയായി യാത്ര. നല്ല കയറ്റമാണ്. ഹൃദയമിടിപ്പിന്‍റെ താളം മാറിതുടങ്ങി. കുറ്റിക്കാടുകളെ വകഞ്ഞുമാറ്റി വഴികാട്ടിയായി ഒരു ഫോറസ്റ്റ് വാച്ചര്‍ ഞങ്ങളുടെ മുന്നിലുണ്ട്. കുറേപേര്‍ എനിക്കുമുന്നേ നടകക്കുന്നുണ്ടെങ്കിലും കാടിന്‍റെ കനത്തില്‍ മുന്നിലുളള ആളെമാത്രമേ ഇപ്പോള്‍ കാനാനാകുന്നുളളൂ. ഇരുവശത്തും തലയ്ക്കുമുകളിലേക്ക് പന്തലിച്ചുനില്‍ക്കുന്ന കുറ്റിക്കാടുകള്‍‍.
ഈ കുറ്റികാട്ടിനിടയിലെവിടെയെങ്കിലും ആനയോ മറ്റോ… ഛേ നല്ലതുമാത്രം ചിന്തിക്കൂ… നല്ലതുമാത്രം ചിന്തിച്ച് കുത്തനെയുള്ള കയറ്റങ്ങള്‍ ആവേശത്തോടെ കയറി. ആ കയറ്റത്തിനൊടുവില്‍ ഞങ്ങളൊരു പുല്‍മേട്ടിലെത്തി. മലമടക്കുകളില്‍ അളളിപിടിച്ച് വളരുന്ന ചോലവനങ്ങള്‍‍… ദൂരെ തിരുനെല്ലി അമ്പലം.. അതിനുമപ്പുറം കാളിന്തീ… തീരത്ത് നീണ്ടു നിവര്‍ന്നുകിടക്കുന്ന വയല്‍… ആ കാഴ്ച്ചകള്‍ ഹരം പിടിപ്പിക്കുന്നതായിരുന്നു. ദൂരക്കാഴ്ച്ചകളുടെ വിശാലതയില്‍ അവിടെതന്നെ നിന്നുപോയി കുറച്ചുനേരം.
നടത്തം പാതിയില്‍ നിറുത്തിയാല്‍ ഒരുപാട് ആയാസപ്പെടണം മലകയറ്റത്തിന്‍റെ താളം വീണ്ടെടുക്കാന്‍. ഫോറസ്റ്റ് വാച്ചറുടെ ഓര്‍മ്മപ്പെടുത്തല്‍ .നടത്തം തുടര്‍ന്നു. ഇപ്പോള്‍ ബ്രഹ്മഗിരി മലയുടെ പകുതിയിലെത്തിയിരിക്കുന്നു. അമ്മയുടെ ദേഹത്ത് കുഞ്ഞ് അളളിപ്പിടിച്ചിരിക്കുന്നതുപോലെ ചുറ്റും ചോലക്കാടുകള്‍‍. മലമടക്കുകളില്‍ മാത്രമായി എന്തുകൊണ്ടാണ് ഈ കാടുകള്‍ ഒതുങ്ങിപ്പോയത്. മലമുകളിലെ ശക്തമായ കാറ്റിനെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ട് താരതമ്യേന കാറ്റ് കുറഞ്ഞ മല‍ഞ്ചരിവിലേക്ക് ഒതുങ്ങി. ഇതായിരുന്നു എന്‍റെ സംശയത്തിന് ഫോറസ്റ്റ് വാച്ചര്‍ തന്ന ഉത്തരം.

Pakshi Pathalam, Wayanad, Kerala

ഈ ചോലമരക്കാടുകളിലെ മരങ്ങള്‍ക്കുമുണ്ട് ചില പ്രത്യേകതകള്‍‍. നന്നേചെറിയ ഇലകളായിരിക്കും അവയ്ക്ക്. പിന്നെ മരക്കൊമ്പുകളില്‍ അപ്പൂപ്പന്‍താടികള്‍പോലെ ഫംഗസ്സുകള്‍ തൂങ്ങികിടക്കുന്നതു കാണാം.വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ചോലയിലെ പലമരങ്ങള്‍ക്കും. എന്നാല്‍ അത് തോന്നിപ്പിക്കുന്ന തരത്തിലുളള നീളമോ തടിയോ അതിനില്ല. ഒരുതരം ബോണ്‍സായ് ചെടികളെപോലെയാണ് ഇതിന്‍റെ വളര്‍ച്ച.
ചോലവനങ്ങള്‍ പിന്നിട്ട് വീണ്ടും പുല്‍മേട്ടിലേക്ക്.. കൂറേദൂരം കൂടെ പിന്നിട്ടപ്പോള്‍ മുന്നില്‍ നടന്നവര്‍ നിശബ്ദരായി അടുത്തമലയിലേക്ക് നോക്കിനില്‍ക്കുന്നതു കണ്ടു. അവിടെ ഒരൊറ്റയാന, പൊടിമണ്ണ് വാരി ദേഹത്തിട്ട് അര്‍മാദിക്കുകയാണ്.
ഇടയ്ക്ക് ചോലക്കാട്ടിനോട് ചേര്‍ന്ന് വര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റിക്കാട്ടില്‍ നിന്ന് എന്തെല്ലാമോ പിഴുതെറിയുന്നുണ്ട്. ശരിക്കും വന്യമായ കാഴ്ച്ച. ആനക്കൂട്ടത്തെ പലതവണ വയനാട്ടിന്‍റെ പലഭാഗത്തുനിന്നും കണ്ടിട്ടുണ്ടെങ്കിലും ഒറ്റയാനെയെ കാണുന്നത് ആദ്യമായാണ്. അതിന്‍റെ എല്ലാപേടിയും മനസ്സിലുണ്ട്.

Pakshi Pathalam, Wayanad, Kerala

കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കാട്ടില്‍ കയറിയതിനുശേഷം ആദ്യം കിട്ടിയ ഇരയായിരുന്നു അത്. ആ രംഗം അവര്‍ കിടന്നും മരത്തില്‍ കയറിയും പകര്‍ത്തുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം പേടി മാറ്റിവച്ച് ഞാനും കൂടി.
അപ്പുറത്തെ മലയിലെ ഒറ്റയാന്‍റെ പരാക്രമങ്ങള്‍ ഇപ്പുറത്തെ മലയില്‍ നിന്ന് പകര്‍ത്താന്‍ ഞാനുമേറെ പാടുപെട്ടു. മരങ്ങളുടെ മറവില്‍ നിന്ന് അവന്‍ എന്തൊക്കെയോ പിഴുതെറിയുന്നുണ്ട്. പുല്ലുപറിക്കുന്നതുപോലെയാണ് ആ ഒറ്റയാന്‍ വന്‍മരങ്ങള്‍ പിഴുതെറിയുന്നത്. ഡിസ്ക്കവറി ചാനലില്‍ മാത്രമേ ഇത്തരമൊരു കാഴ്ച്ച കണ്ടിട്ടുള്ളു. ദേ ഇപ്പോള്‍ കണ്‍മുന്‍പില്‍…
ആവേശത്തോടെ കൂറേ നേരം കാട്ടാനയുടെ പരാക്രമങ്ങള്‍ കണ്ടിരുന്നു. ഇനിയുമേറെ നടക്കണമെന്ന വാച്ചറുടെ ഓര്‍മ്മപ്പെടുത്തല്‍. വീണ്ടും നടത്തം തുടങ്ങി. ആകാശം മുട്ടെ പുല്‍മേടുകള്‍. ആ ആകാശത്തേക്കാണോ മുന്‍പേ നടന്നവര്‍ കയറിപോകുന്നത്. അതൊരു നല്ല ഫ്രെയിം തന്നെയായിരുന്ന. പുല്‍മേട്ടില്‍ നിന്ന് ആകാശത്തേക്ക് കയറിപോകുന്ന മനുഷ്യര്‍…

Pakshi Pathalam, Wayanad, Kerala

പുല്‍മേട്ടിലുടെ കൂറേനേരം നടന്നപ്പോള്‍ ബ്രഹ്മഗിരിയുടെ മുകളിലെത്തി. മലമുകളില്‍ സന്ദര്‍ശകരേയും കാത്തുനില്‍ക്കുന്നതുപോലെ ഒരു കൂറ്റന്‍ വാച്ച് ടവര്‍ ‍. അതിനുമുകളിലേക്ക് കാഴ്ച്ചകള്‍ കാണാന്‍ വലിഞ്ഞുകയറി. ഒരാള്‍ക്കുമാത്രം കഷ്ട്ടിച്ച് കയറാന്‍ പറ്റുന്ന കുത്തനെയുളളകോണി. മുകളിലെത്തിയപ്പോള്‍ ശരിക്കും ആകാശം തൊട്ടതുപോലെ തോന്നി. ഏതെല്ലാമോ പേരറിയാപക്ഷികള്‍ ആകാശത്തെ ചിറകുകള്‍കൊണ്ട് തല്ലി പതം വരുത്തി* ഞങ്ങള്‍ക്കു മുന്‍പിലൂടെ കടന്നുപോകുന്നുണ്ട്.
അങ്ങ് ദൂരെ തിരുനെല്ലി അമ്പലം ഇപ്പോഴും കാണാം. ആ ടവറിന്‍റെ മുകളില്‍ നില്‍ക്കുമ്പോള്‍ കാടിന്‍റെ തല കാണാം. ചോലക്കാടുകളില്‍ കൂടുകൂട്ടിയ പക്ഷികലുടെ കൂടുകണാം. കാട്ടുപൊന്തയില്‍ ഇളംവെയില്‍ കായാനിരിക്കുന്ന അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളെ കാണാം, കാടിന്‍റെ കാവല്‍ക്കാരനാണെന്നു തോന്നിപ്പിക്കുന്ന പുല്‍മേട്ടിലെ ഒറ്റമരം കാണാം…
ഹംസാരൂഡനായി ആകാശ യാത്രനടത്തിയ ബ്രഹ്മാവ് മനോഹരമായ ഒരു ഭൂപ്രദേശം കണ്ട് താഴെയിറങ്ങിയെന്നും അവിടെ കണ്ട നെല്ലിമരത്തിനടുത്ത് വിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയെന്നുമുള്ള ഐതിഹ്യം സത്യമാണോ എന്ന് തോനിപ്പോകുന്ന കാഴ്ച്ചകള്‍. സക്ഷാല്‍ ബ്രഹ്മാവിനെപോലും മയക്കുന്ന കാഴ്ച്ചകള്‍…

Pakshi Pathalam, Wayanad, Kerala

ടവറിനുമുകളില്‍ നിന്നുളള കാഴ്ച്ചകല്‍ ഹരം പിടിപ്പിക്കുകയാണ്. മുകളിലെത്തുമ്പോഴേക്കും മുന്‍പേ കയറിയിറങ്ങിയവര്‍ പക്ഷിപാതാളം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നിരുന്നു. മുകളിലേക്ക് കൈവീശി അവര്‍ ഞങ്ങളോടവര്‍ യാത്ര പറയുന്നുണ്ടായിരുന്നു. ടവറില്‍ നിന്ന് കാഴ്ച്ചകള്‍ കണ്ട് മതിമറന്ന് അവിടെ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കാലില്‍ രക്തം കണ്ടത്. അട്ടകള്‍ കലാപരിപാടികള്‍ തുടങ്ങിയിരിക്കുന്നു.
ഇട്ടിരുന്ന ഷൂ അഴിച്ചുനോക്കിയപ്പോഴാണ് അട്ടകള്‍ സംഘം ചേര്‍ന്ന് രക്തം നുണയുന്നത് കണ്ടത്. ഉപ്പും പുകയിലയും കൂട്ടികെട്ടിയ കിഴിയെടുത്ത് നനച്ച് അട്ടകള്‍ കടിച്ചുപിടിച്ചിരുന്ന സ്ഥലത്ത് വച്ചപ്പോള്‍ കൂറേയെണ്ണം കീഴടങ്ങി. വിടാന്‍ഭാവമില്ലാതെ കടിച്ചുതൂങ്ങികിടന്നതിനെ ബലംപ്രയോഗിച്ച് എടുത്തുകളയേണ്ടി വന്നു.
കുറച്ചുനേരത്തെ ശ്രമകരമായ ജോലിക്കുശേഷം അട്ടകളില്‍ നിന്ന് രക്ഷനേടി യാത്രതുടര്‍ന്നു.

Pakshi Pathalam, Wayanad, Kerala

ഇനിയാത്ര മലയുടെ മറുപുറത്തേക്കാണ്. പക്ഷിപാതാളം കേരളത്തിലാണെങ്കിലും അവിടെത്താന്‍ കര്‍ണ്ണാടക അതിര്‍ത്തി കടക്കണം. കുറച്ചുദൂരം കര്‍ണ്ണാടകത്തിലൂടെ നടന്നു. മഴമേഘങ്ങള്‍ ആരുടെയോ സമ്മതം കിട്ടാത്തതുപോലെ തൂങ്ങിനില്‍പ്പുണ്ട്. മലയ്ക്ക് മറുവശമെത്തിയപ്പോള്‍ നല്ല തണുത്തകാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരത്തെ നടത്തത്തിനുശേഷം വീണ്ടും നമ്മള്‍ കേരളത്തിലെത്തിയെന്ന് വാച്ചര്‍ പറഞ്ഞു.
കൂറേ നേരം നടന്നപ്പോള്‍ പുല്‍മേടിന് കനവും നീളവും കൂടിവരുന്നതായി തോന്നി. ഇപ്പോള്‍ മുന്‍പില്‍ ഒരാള്‍ പൊക്കത്തിലുളള പുല്‍മേടാണ്. കുറേ ദുരം നടന്നപ്പോള്‍ വീണ്ടും ഒരു ചോലവനത്തിലേക്കുകയറി. നല്ലകാട്. ഒരു ഗൂഹയിലേക്കുകടക്കുന്നതുപോലെയാണ് ചോലക്കാട്ടിലേക്ക് കയറിയത്. പെട്ടെന്ന് ഇരുട്ടായതുപോലെതോന്നി.
ചോലയിലേക്കു കയറിയപ്പോള്‍ തന്നെ ഒരു കാട്ടരുവിയുടെ ശബ്ദം കേട്ടു. അടിക്കാടുകളെ വകഞ്ഞുമാറ്റി കുറച്ചുനടന്നപ്പോള്‍ കാട്ടാറിനടുത്തെത്തി. നല്ല കണ്ണാടിപോലെ അതങ്ങനെ ഒഴുകുകയാണ്. സമയം ഉച്ചയായിരിക്കുന്നു. നല്ലവിശപ്പ്. ഒപ്പം ദാഹവും. കാട്ടരുവിയിലേക്ക് കൈക്കുമ്പിള്‍ താഴ്ത്തി. നല്ലതണുപ്പ്. കുറേ വെളളം കുടിച്ച് ദാഹംമാറ്റി.

Pakshi Pathalam, Wayanad, Kerala

സഹയാത്രികരിലാരോ കൊണ്ടുവന്ന അവല്‍പൊതിയഴിച്ചു. വയറുനിറയെ അതും കഴിച്ച് യാത്ര തുടര്‍ന്നു. ഇപ്പോള്‍ നാലുഭാഗത്തും പുല്‍മേടുകള്‍മാത്രം. ചെറുതും വലുതുമായ ചോലവനങ്ങള്‍ മലമടക്കുകളില്‍ ചിതറിക്കിടക്കുന്നു.
ചോലവനങ്ങളെ തൊട്ടുരുമ്മി മഴമേഘങ്ങള്‍ പോയ്ക്കൊണ്ടിരിക്കുകയാണ്. പുല്‍മേട്ടിലൂടെ നടന്നപ്പോള്‍ അങ്ങ് ദൂരെ ഒരു വലിയ പാറകണ്ടു. ഞങ്ങള്‍ക്ക് മുന്‍പേ പോയവര്‍ പാറപുറത്ത് കയറി ഇത് തങ്ങളുടെ പാറയാണ് എന്ന മട്ടില്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു.

Pakshi Pathalam, Wayanad, Kerala

കൂടെ വന്ന ഫോട്ടോഗ്രാഫര്‍മാര്‍ ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. കുത്തനെയുളള കയറ്റമാണ്. പാറയില്‍ അളളിപ്പിടിച്ച് മുകളിലെത്തിയപ്പോള്‍ ശരിക്കും തലകറങ്ങുന്നതുപോലെ തോന്നി. ചുറ്റും നല്ലകാട്, ചെങ്കുത്തായ ചരിവ്, പാലക്കാട്ടുകാരന്‍ രാധാകൃഷ്ണന്‍ എന്ന ‘രാധ’ ഒറ്റയാനായ ഒരു പാറപുറത്തേക്ക് വലിഞ്ഞുകയറി സാഹസികത കാട്ടി.
കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസുചെയ്ത്ത് അവനങ്ങനെ കൂറേ നേരം രാജാവായി ഒറ്റയാന്‍പാറപുറത്തിരുന്നു. അവസാനം ആ ഫോട്ടോ ഷൂട്ട് അവസാനിച്ചപ്പോള്‍ അവിടെനിന്നിറങ്ങാന്‍ അവന്‍ നന്നായി പാടുപെട്ടു. കാരണം അവനുപിന്നില്‍ വലിയ ഒരു കൊല്ലിയാണ്- പാതാളകൊല്ലി! അവസാനം ആരൊക്കെയോ ചേര്‍ന്ന് ‘രാധയെ ‘ താഴെയിറക്കി.

Pakshi Pathalam, Wayanad, Kerala

ഇതാണ് പക്ഷിപാതാളം. ചിതറികിടക്കുന്ന പാറക്കൂട്ടങ്ങളാണ് താഴെ. പാതാളത്തിലേക്കിറങ്ങാന്‍ വഴിവേറെയാണ്. പാറപ്പുറത്തുനിന്ന് അള്ളിപിടിച്ചു താഴോട്ടിറങ്ങി. ഗൂഹാമുഖംപോലെ രണ്ടു വലീയ പാറയിടുക്കിലൂടെ ‘പാതാളം’ ലക്ഷ്യമായിറങ്ങി.
പാറക്കെട്ടുകള്‍ക്കെല്ലാം നല്ല തണുപ്പ്. പേടിപ്പെടുത്തുന്ന നിശബ്ദത. ‘പാതാള’ത്തിലേക്ക് ഇറങ്ങുന്തോറും ഇരുട്ട് കൂടി വരുന്നുണ്ട്. ചില സ്ഥലങ്ങളില്‍ പാറയിടുക്കുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചമാണ് വഴികാട്ടി. ആ പാറയിടുക്കിലൂടെ നോക്കിയാല്‍ കാടിന്‍റെ തലപ്പുകാണാം.
കൂറേകൂടിയിറങ്ങിയപ്പോള്‍ പാറയിടുക്കില്‍ കുരുവികള്‍ കൂടുകൂട്ടിയതു കണ്ടു. വീണ്ടും താഴോട്ടിറങ്ങിയപ്പോള്‍ കൂറേ നരിച്ചീറുകളുടെ ചിറകടി ശബ്ദം. തിരുനെല്ലി അമ്പലത്തോട് ചേര്‍ന്ന പാപനാശിനിയില്‍ മുങ്ങിനിവര്‍ന്ന് ആത്മാക്കള്‍ പക്ഷിരൂപം പ്രാപിച്ച് അഭയം തേടിയെത്തുന്നത് ഈ പാതാളത്തിലാണെന്നത് വിശ്വസം.

Pakshi Pathalam, Wayanad, Kerala

വീണ്ടും ആവേശത്തോടെ താഴോട്ടിറങ്ങി. ഇപ്പോള്‍ മുന്നിലൊട്ടും വെളിച്ചമില്ല. നിശബ്ദതയെ കീറിമുറിച്ച് വവ്വാലുകളുടെ ചിറകടിയൊച്ച. ഏതോ മന്ത്രവാദിയുടെ സിംഹാസനത്തിലെത്തിയതുപോലെ തോന്നി. കൂറേ നേരം ആ പേടിപെടുത്തുന്ന കറുത്ത തണുപ്പിലിരുന്നു. മുനിമാര്‍ കാലങ്ങളോളം ഇവിടെ തപസ്സുചെയ്തിരുന്നെന്നും ഐതീഹ്യം.
മുഡുഗര്‍, ഇരുളര്‍ വിഭാഗത്തിലുള്ള തിരുനെല്ലിയിലെ ആദിവാസി വിഭാഗങ്ങളുടെ കുലദൈവമാണ് യൊഗിച്ചന്‍. പക്ഷിപാതാളത്തിലെ ഇരുണ്ട ഈ ഗുഹയ്ക്കുള്ളിലെവിടെയോ ആണ് ഒറ്റക്കാലനായ യോഗിച്ചന്‍റെ മൂലസ്ഥാനമെന്നാണ് ആദിവാസികളുടെ വിശ്വസം . തിരുനെല്ലിപ്പെരുമാളിനോട് പോലും പോലും വെല്ലാന്‍ കരുത്തുള്ള ദൈവമാണ് തങ്ങളുടേതെന്നും ഇവര്‍ കരുതുന്നു.
ആ ഒറ്റക്കാലനായ യോഗിച്ചന്‍ ഈ ഗുഹയ്ക്കുള്ളില്‍ എവിടെയെങ്കിലുമുണ്ടാകുമോ ? വിശ്വാസത്തിന്‍റെ തണുപ്പില്‍ ഈ ഇരുട്ടില്‍ അവര്‍ക്ക് യോഗിച്ചനെ കണാന്‍ പറ്റുമായിരിക്കും.

Pakshi Pathalam, Wayanad, Kerala

പിന്നെ എഴുപതുകളില്‍ വസന്തത്തിന്‍റെ ഇടിമുഴക്കം കാതോര്‍ത്ത് കുറേ ചെറുപ്പക്കാര്‍ നെക്സലേറ്റ് പ്രസ്ഥാനത്തിന്‍റെ ഊടും പാവും നെയ്തതും ഇവിടെ വെച്ചായിരുന്നു. പക്ഷിപാതാളത്തിന്‍റെ ഈ കൂരിരുട്ടില്‍ നിന്നായിരുന്നോ അവര്‍ സമത്വസുന്ദര ലോകം സ്വപ്നം കണ്ടത്? നെക്സല്‍ വര്‍ഗ്ഗീസിനും ഫിലിപ്പ് എം പ്രസാദിനും അജിതയ്ക്കുമൊക്കെ ഈ ഇരുട്ട് അഭയസ്ഥാനങ്ങളായിരുന്നു.
ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണത്തിനെതിരെ അവര്‍ ചുവന്ന പുലരികള്‍ സ്വപ്നം കണ്ടതും ഈ ഇരുട്ടില്‍ നിന്നുതന്നെയാവണം. വര്‍ഗ്ഗീസിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്താണ് പോലീസുകാര്‍ വെടിവച്ച് കൊന്നത്. അപ്പോഴും വര്‍ഗ്ഗീസ് ചിരിക്കുകയായിരുന്നുവെന്ന് പിന്നീട് അദ്ദേഹത്തെ വെടിവച്ചുകൊല്ലാന്‍ നിര്‍ബന്ധിക്കപ്പെട്ട രാമചന്ദ്രന്‍ നായര്‍ എന്ന കോണ്‍സ്റ്റബില്‍ പറഞ്ഞുവച്ചതും ചരിത്രം.
ബാക്കി രണ്ടുപേരും ഇന്നും ജീവിക്കുന്നു. എന്നാല്‍ രാത്രി ബ്രഹ്മഗിരിയുടെ മുകളില്‍ തിളങ്ങിനില്‍ക്കുന്ന നക്ഷത്രകണ്ണുകളെ ചൂണ്ടിക്കാട്ടി ഇപ്പോഴും തിരുനെല്ലിയിലെ ആദിവാസികള്‍ പറയുമത്രേ, അത് വര്‍ഗ്ഗീസിന്‍റെ കണ്ണുകളാണെന്ന്. നക്ഷത്രക്കണ്ണുകളുടെ ശോഭ ഒരു ‘കരിമേഘത്തിന്‍റെ ഘോഷയാത്രയ്ക്കും’ കെടുത്തിക്കളയാനാകില്ലെന്ന് ഇവര്‍ ഇന്നും വിശ്വസിക്കുന്നു.
കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ട വര്‍ഗ്ഗീസിന്‍റെ ആത്മാവ് ഈ പക്ഷിപാതാളത്ത് ഏതെങ്കിലും പക്ഷിയുടെ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുമോ? വിശ്വാസവും കാല്‍പ്പനികതയും വിപ്ലവവീര്യവും തുളുമ്പുന്ന പക്ഷിപാതാളത്തിന് കഥകള്‍ അവസാനിക്കുന്നില്ല‍. പക്ഷിപാതാളമെന്ന വാക്കുപോലെ വിചിത്രവും കൗതുകവുമാണ് ഇവിടുത്തെ കാഴ്ച്ചകളും ഈ പാതാളത്തിന്‍റെ ചരിത്രവും.


കടപ്പാട് .. doolnews