Saturday, September 19, 2015

കണ്ണൂരിലെ കടല്‍ത്തീരങ്ങള്‍



കേരളത്തില്‍ ഡ്രൈവിങ്ങ് ബീച്ച് ഒന്നേയുള്ളൂ. അത് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടിനു സ്വന്തം. തലശ്ശേരിക്കും കണ്ണൂരിനുമിടയില്‍ എന്‍.എച്ച് 17 ല്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറി ഒരു സ്വപ്നതീരം. മുഴപ്പിലങ്ങാട് പഞ്ചായത്തിന് അറബിക്കടല്‍ കൊലുസ്സു ചാര്‍ത്തിയ പോലെ....

ഏഴ് കിലോമീറ്റര്‍ ദൂരം. 100 മീറ്ററോളംവീതി. വേലിയിറക്കത്തില്‍ കടല്‍ ഉള്‍വലിയുമ്പോള്‍ ബീച്ചിന്റെ വീതി 200 മീറ്റര്‍ കവിയും. തീരം പരന്നു കിടക്കുന്നു. 'റ' ആകൃതിയായതിനാല്‍ ഒരറ്റത്തുനിന്നു നോക്കിയാല്‍ ബീച്ചിന്റെ മറ്റേ അറ്റം കാണാം. ബീച്ചിന് പച്ചപ്പിന്റെ അതിര്‍വരമ്പിട്ട് കരയില്‍ നീളെ തലയെടുപ്പോടെ കാറ്റാടിമരങ്ങള്‍. കാറ്റാടിക്കപ്പുറം തണല്‍ വിരിയിച്ച് തെങ്ങില്‍തോപ്പില്‍ മധുരക്കള്ള് നുണയുന്ന വിദേശസഞ്ചാരികള്‍... ശാന്തമായ, ആഴം കുറഞ്ഞ കടല്‍. മെല്ലെ തീരത്തെ പുണരുന്ന തിരകള്‍ക്കുമുണ്ടൊരു നാണം കുണുങ്ങിയായ പെണ്‍കൊടിയുടെ ശാലീനത... കടലില്‍ തീരത്തോടു ചേര്‍ന്ന് പാറക്കൂട്ടങ്ങള്‍. കിഴക്കന്‍ കടലില്‍ തെങ്ങും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ധര്‍മ്മടം തുരുത്ത്്... പതയും നുരയും ചാര്‍ത്തിയ മുഴപ്പിലങ്ങാട് ബീച്ച് ഒരു സുന്ദരി തന്നെ. ഡ്രൈവ് -ഇന്‍-ബീച്ചിനപ്പുറം മനസ്സിന്റെ ഭാരം ഇറക്കിവെക്കാനുള്ള ഒരു തീരം കൂടിയാണ് മുഴപ്പിലങ്ങാട്.

ഒരു കൊച്ചു യാത്ര


തളിപ്പറമ്പില്‍ നിന്നും മുഴപ്പിലങ്ങാട് ബീച്ചിലെത്താന്‍ 65 കിലോമീറ്റര്‍ താണ്ടണം. ഒരു പെട്ടി ഓട്ടോയുമായി ഈ ദൂരം കടന്ന് ഞായറാഴ്ചകളില്‍ മുഴപ്പിലങ്ങാട് എത്തുന്നതിന് ചെലവ് ഒരു തടസ്സമാവാറില്ല -കെ.എല്‍ 13 എന്‍. 1743, 'ബറാക്കത്ത് ' ഓട്ടോ ഡ്രൈവര്‍ സയ്ദിന്് ഒന്നേ പറയാനുള്ളൂ. ബീച്ചില്‍ വണ്ടിയോടിക്കുന്നതിന്റെ സുഖം.. അതൊന്നു വേറെ തന്നെ. സുഹൃത്തുക്കളായ ഉബൈദും ഷഫീക്കും ഈ ബീച്ച് ഡ്രൈവിങ്ങിന്റെ ഹരം പങ്കിടാന്‍ സയ്ദിനൊപ്പം പതിവായി ഇവിടെയെത്തുന്നു..

സാന്‍ട്രോയും ടവേരയും സുമോയും ഇന്നോവയും മറ്റുമടങ്ങിയ സ്‌റ്റൈലന്‍മാരും ഇരമ്പിപ്പായുന്ന നാടന്‍ ജീപ്പും മുഴപ്പിലങ്ങാട് ബീച്ചിന്റെ സായാഹ്നങ്ങളെ ത്രസിപ്പിക്കുമ്പോള്‍ അതിനിടയിലൂടെ ഒരു വണ്ടിനെപ്പോലെ പെട്ടി ഓട്ടോ മൂളിപ്പിച്ചു തലങ്ങും വിലങ്ങും പറത്തുകയാണ് സയ്ദ്. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത മുഴപ്പിലങ്ങാട് കടല്‍ത്തീരം.

ഞായറാഴ്ച..എല്ലാവരും മുഴപ്പിലങ്ങാട് തീരം തേടിവരുന്ന ദിവസം... എയര്‍ഹോസ്റ്റസ് വിദ്യാര്‍ഥിനി സരിഗ, ബി.എ സൈക്കോളജി ഒന്നാം വര്‍ഷക്കാരി നീതുലാല്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിഖില എന്നിവര്‍ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഹരം നുണയാനെത്തി. കണ്ണൂര്‍ സര്‍വ്വകലാശാല തലശ്ശേരി കാമ്പസിലെ പി.ജി.വിദ്യാര്‍ഥികളായ ബിജു, ദേവേഷ്, ബിനിത്ത് എന്നിവരും ഡ്രൈവ് -ഇന്‍-ബീച്ചിനെ അടുത്തറിയാനെത്തി. തീരം പുണരാനെത്തിയ കുഞ്ഞുതിരകളോട് സല്ലപിച്ചും, വെള്ളം തെറിപ്പിച്ചും, പഞ്ചാരമണലില്‍ കാല്‍വിരല്‍പാടുകള്‍ തീര്‍ത്തും അവര്‍ തീരവുമായി സല്ലപിച്ചു. ബീച്ചിലെ ഗസ്റ്റ് ഹൗസായ ബീച്ച് പവലിയനില്‍ ഇടയ്‌ക്കൊരു വിശ്രമം. ഇളനീരുമായാണ് ഗസ്റ്റ് ഹൗസ് സഞ്ചാരികളെ സ്വീകരിക്കുക. വെല്‍കം ഡ്രിങ്ക് ആയാണ് ഇളനീര്‍ നല്‍കുക. അതും കണ്‍മുമ്പില്‍ വെട്ടിയിട്ടത്. അതാണ് ബീച്ചിന്റെ പതിവ്.

കാല്‍പാദങ്ങളെ ഇക്കിളിപ്പെടുത്തിയ തിരകള്‍ അവരെ കടലില്‍ ഒരു യാത്രയ്്ക്കു ക്ഷണിച്ചു. ആരു കൊണ്ടുപോകും...? ബീച്ച് പവലിയന്‍ മാനേജര്‍ ഷാജി, 9895992071 നമ്പറിലേക്ക്്് വിളിച്ചു. എഞ്ചിന്‍ ഘടിപ്പിച്ച വലിയ വള്ളവും മുഖം വെളുക്കെ ചിരിയുമായെത്തിയത് സത്താര്‍ മുഴപ്പിലങ്ങാട്. ഡി.ടി.പി.സി യുടെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്ന കടല്‍യാത്രകള്‍ക്ക്്് സത്താര്‍ റെഡി. കടല്‍യാത്രക്കുള്ള മുന്നൊരുക്കങ്ങള്‍ സത്താര്‍ ഓര്‍മിപ്പിച്ചു.



സത്താറിന്റെ വിരുതില്‍ തോണി തിരകളെ വകഞ്ഞുമാറ്റി മുന്നോട്ടു നീങ്ങി. തീരം പതുക്കെ പതുക്കെ പിന്നോട്ടു പോയി. ഉയര്‍ന്നു താഴ്ന്ന തിരയില്‍ തോണി തൊട്ടില്‍ പോലെ മെല്ലെയുലഞ്ഞു. അതുവരെ തീരത്തു നിന്നു മാത്രം നോക്കിക്കണ്ട കടലിനെ നേരില്‍ക്കണ്ടപ്പോള്‍ അടിച്ചുപൊളിച്ചുനടന്നവരുടെ മുഖത്ത്് പരിഭ്രമത്തിന്റെ നേരിയ കാര്‍മേഘങ്ങള്‍...ഒട്ടും പേടിക്കേണ്ട... സത്താര്‍ ധൈര്യം പകര്‍ന്നു. ചില്ലറക്കാരനല്ല സത്താര്‍. അഞ്ചോളം സിനിമകളില്‍ മുഖം കാണിച്ചിട്ടിട്ടുണ്ട്. ബല്‍റാം V/s താരാദാസില്‍ മമ്മൂട്ടിയായി കടലില്‍ സ്പീഡ് ബോട്ടോടിച്ചത് തെല്ലൊര് അഭിമാനത്തോടെ തന്നെയാണ് സത്താര്‍ പറഞ്ഞത്. രക്ഷകനിലും ബ്ലാക്കിലുമെല്ലാം സത്താറിനെ അവിടവിടെയായി കാണാം. കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോഴും സത്താറിന്റെ പങ്ക് ഉറപ്പ്..

കടല്‍ കാണാനെത്തിയ പുതിയ അതിഥികളെ തീരം വിട്ടപ്പോള്‍ വരവേറ്റത് ഡോള്‍ഫിനുകളാണ്. തോണിക്കടുത്തെത്തി ഒന്നു രണ്ടെണ്ണം തലയുയര്‍ത്തി നോക്കി. ഓ.. ഇവരാണോ എന്ന മട്ടില്‍ അവ വീണ്ടും വെള്ളത്തിലേക്ക് ഊളിയിട്ടു. ഡോള്‍ഫിനുകളുടെ ഡ്രൈവ് -ഇന്‍-ബീച്ചു കൂടിയാണ് മുഴപ്പിലങ്ങാട് തീരം. മുഴപ്പിലങ്ങാട് തീരത്തിനും ധര്‍മ്മടം തുരുത്തിനുമിടയിലെ തോണിയാത്രയില്‍ ഡോള്‍ഫിനുകള്‍ പതിവു കാഴ്ചയാണ്. അതിരാവിലെയാണ് യാത്രയെങ്കില്‍ ധാരാളം ഡോള്‍ഫിനുകള്‍ തീരം വിട്ടയുടന്‍ പ്രത്യക്ഷപ്പെടും. കാറ്റ്്് നിശ്ചലമാവുമ്പോഴാണത്രെ ഡോള്‍ഫിനുകള്‍ തീരം കാണാന്‍ വരിക.

ചിലപ്പോള്‍ കാച്ചാന്‍ കാറ്റ് എന്നൊരു വികൃതിക്കാറ്റ് മുഴപ്പിലങ്ങാട്ട് എത്താറുണ്ട്. പൂഴിയെപ്പോലും പറത്തുന്ന കാറ്റ്. മകരമാസത്തിലാണ് കാച്ചാന്റെ വരവ്. ബീച്ചില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ഒരു ഭാഗത്തുനിന്ന് പൂഴിയെടുത്ത് കാറ്റ് മറുഭാഗത്തിടും. വാഹനം നിന്നിടത്ത് ഒരു കുഴിയുണ്ടാവും. തീരത്തിന്റെ വിസ്മയങ്ങളിലൊന്നാണ് ഈ കാച്ചാന്‍ കാറ്റ്.

തീരം വിട്ടപ്പോള്‍ തന്നെ തിരകളുടെ കലമ്പല്‍ അടങ്ങി. തോണിയുടെ ഇളക്കങ്ങള്‍ക്ക് ഒരു താളക്രമമുണ്ടായി. പിന്നില്‍ കിലോമീറ്ററുകള്‍ക്കകലെ കര. മുന്നില്‍ കരകാണാക്കടല്‍. പുളച്ചുപായുന്ന മീനുകള്‍... കത്തിനില്‍ക്കുന്ന വെയി ല്‍.. തൊപ്പിയിട്ടു, സത്താറൊഴികെ എല്ലാവരും.
തിരിച്ചെത്തുമ്പോഴേക്കും ബീച്ച് പവലിയനില്‍ ഒന്നാം തരം ഊണ് റെഡി. ചെറിയൊരു വിശ്രമം മാത്രം...വീണ്ടും തീരത്തേക്ക്്് .. അല്ലെങ്കില്‍ നഷ്ടമാവുക അപൂര്‍വ്വമായ അസ്തമയചാരുതയാണ്.

മുഴപ്പിലങ്ങാട്ടെ സായാഹ്നം ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കാവുന്ന അത്യപൂര്‍വ്വകാഴ്ചയാണ്. വിശാലമായ തീരം, പരന്നുകിടക്കുന്ന കടല്‍, പാദങ്ങളെ ചുംബിച്ച് കടന്നുപോകുന്ന വെള്ളിപ്പളുങ്കുതിരമാലകള്‍..തിര വന്ന് തീരം പുല്‍കി തിരികെ പോകുമ്പോള്‍ ചെറുകടല്‍ജീവികളെത്തേടി പിന്നാലെ പായുന്ന തിത്തിരിപ്പഷികള്‍, വീണ്ടും തിരയെത്തുമ്പോള്‍ തിരിഞ്ഞോടുന്നു.....കണ്ടിരിക്കാന്‍ എന്തു രസം.. വൈകുന്നേരം തീരം ആളുകളെ കൊണ്ട് നിറഞ്ഞു. ഏറെയും കുഞ്ഞുങ്ങളുമായി വരുന്ന കുടുംബങ്ങള്‍. നിരനിരയായെത്തുന്ന വാഹനങ്ങള്‍, ബൈക്കുകള്‍, സൈക്കിളുമായെത്തുന്ന കുട്ടികള്‍. ശാന്തമായ കടലില്‍ ഇറങ്ങാനാണ് കുഞ്ഞുങ്ങള്‍ക്കു താല്‍പ്പര്യം. അവര്‍ ആടിത്തിമിര്‍ക്കുകയാണ്. അസ്തമയസൂര്യന്റെ സിന്ദൂരവര്‍ണ്ണം ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ് മിക്കവരും.

സൂര്യന്‍ കടലില്‍ ചായുമ്പോള്‍ കറുപ്പിന്റെ കരിമ്പടം പുതയ്ക്കുന്ന പാറക്കൂട്ടങ്ങള്‍. തീരത്തെ കാറ്റാടികള്‍ക്കും കണ്ടലുകള്‍ക്കും ഇടയിലേക്ക്്് മറയുന്ന ജലപ്പക്ഷികള്‍.

ഇനി ഒരിക്കല്‍ കൂടി....അല്ല ..ഒരു പാടു തവണ കൂടി വരണം, ഈ മനോഹരതീരത്തേക്ക്..

സൗഹൃദം ഒന്നുകൂടി ഉറപ്പിച്ച് സരിഗയും സംഘവും വന്ന വഴിയിലൂടെ തിരിച്ചു പോയി.

വരിക, കുടുംബത്തോടൊപ്പം





നനഞ്ഞ മണല്‍ വിരിച്ചിട്ട പരവതാനി പോലെയാണ് മുഴപ്പിലങ്ങാട് തീരം. ചെറിയ ചരിവുള്ള തീരത്തെ തിരമാലകള്‍ എപ്പോഴും തഴുകുന്നതിനാല്‍ മണല്‍ തഴുകി മിനുക്കിയതു പോലെയാണ്. ശക്തിയായി ചവിട്ടിയാല്‍ പോലും താഴ്ന്നു പോകില്ല. ഇതാണ് മുഴപ്പിലങ്ങാടിനെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. വേലിയിറക്കത്തിന് തീരത്തിന്റെ വീതി കൂടും, ചന്തവും. എട്ടുവരിപ്പാത പോലെ പരന്നു കിടക്കുന്ന തീരത്തുകൂടി കാറുകള്‍ മിതമായ വേഗത്തിലേ പോകാറുള്ളൂ. ബൈക്കിലെത്തുന്ന ചെത്തുകുട്ടപ്പന്മാര്‍ ചിലപ്പോള്‍ പറക്കും.

സായാഹ്നം ചെലവിടാനെത്തുന്ന കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ തീരത്ത് പോലീസിന്റെ സാന്നിദ്ധ്യമുണ്ട്. തീരം കാണാനെത്തിയാല്‍ തിരമാലകള്‍ നിങ്ങളെ മാടി വിളിക്കും. ശാന്തമായി തീരം തേടിവരുന്ന തിര. പാല്‍നുര പതയുന്ന തിരമാലകള്‍ക്കു പിന്നാലെ കുഞ്ഞുങ്ങള്‍ ഓടും. ആഴം തീരെ കുറവായതിനാല്‍ ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെല്ലാം. കുട്ടികളുടെ ജലകേളിയില്‍ മുതിര്‍ന്നവര്‍ക്കും പിടിച്ചുനില്‍കാനാവില്ല. പിന്നാലെ അവരും ചെല്ലും തിരകളുടെ സ്പര്‍ശനമേല്‍ക്കാന്‍.

തീരത്ത് പൂഴിയില്‍നിന്ന് എന്തോ ചൂഴ്‌ന്നെടുക്കുന്ന നാട്ടുകാരായ പെണ്ണുങ്ങള്‍. പൂഴി തുളച്ച് പുറത്തേക്കു തല നീട്ടുന്ന ഓരിക്കയെ കയ്യോടെ പിടിക്കുന്നു. കല്ലുമ്മക്കായയുടെ ഒരു ചാര്‍ച്ചക്കാരനാണ് ഓരിക്ക. സഞ്ചാരികളില്‍ ചിലരും കിട്ടിയ സഞ്ചിയില്‍ ഓരിക്ക നിറച്ചു. തീരം കാണാനെത്തുന്ന വിദേശികളുടെ പ്രിയഭക്ഷണം.. 31 എന്‍.സി.സി ബറ്റാലിയന്‍ സംഘടിപ്പിച്ച പാരാസെയിലിങ്ങ് മുഴപ്പിലങ്ങാട് ബീച്ചിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു. കാറ്റിന്റെ ഗതിയില്‍ ഉയര്‍ന്നു പൊങ്ങുന്ന വലിയ തുണിക്കുടയില്‍ പറക്കുന്ന കേഡറ്റുകള്‍ കാഴ്ചക്കാരുടെ ആവേശം ഇരട്ടിപ്പിച്ചു. പറക്കാന്‍ കൊതിച്ച് കുട്ടികള്‍ അച്ഛനമ്മമാരെ നോക്കി.. പൊതുജനങ്ങള്‍ക്കും ഇത്തരം പറക്കലിന് സാഹസിക അക്കാദമി ഇവിടെ അവസരം നല്‍കാറുണ്ട്.



ആലപ്പുഴ നിന്നും മൂകാംബികയിലേക്കുള്ള ഒരു യാത്രാസംഘം മുഴപ്പിലങ്ങാട് തീരത്തെത്തി, പലവട്ടം ശങ്കിച്ചു നിന്നു. വണ്ടി തീരത്ത് താണു പോകുമോ എന്നായിരുന്നു ആശങ്ക. പലരോടും പലവട്ടം ചോദിച്ചുറപ്പിച്ച ശേഷം ഒടുവില്‍ അവരും പിടിച്ചുനില്‍ക്കാനാവാതെ ഇറങ്ങി. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ് മുഴപ്പിലങ്ങാട് തീരം.. മണലില്‍ കളിക്കോട്ട കെട്ടാനും തിരമാലകളോടൊപ്പം ഓടിക്കളിക്കാനും ഇവിടെത്തന്നെ വരിക. കേരളത്തിലെ ഏറ്റവും ചേതോഹരമായ സായാഹ്നങ്ങള്‍ക്ക് സാക്ഷിയാവാം.

കണ്ണൂരില്‍ വേറെയുമുണ്ട് മനോഹരമായ ബീച്ചുകള്‍. പയ്യാമ്പലം, ഏഴിമല, മീന്‍കുന്ന്, ഓവര്‍ബറീസ് ഫോളി തുടങ്ങി സഞ്ചാരികളെ പ്രലോഭിപ്പിക്കുന്ന നിരധി ബീച്ചുകള്‍. കണ്ണൂരിന്റെ ടൂറിസം വികസനത്തിലെ നിറമുള്ള സ്വപ്നങ്ങളാണ് ഈ ബീച്ചുകള്‍. സഞ്ചാരികളുടെ വിശ്രമതീരങ്ങളും.  


Text K. Sajeevan, Photos: Madhuraj

No comments: