Showing posts with label Kannur. Show all posts
Showing posts with label Kannur. Show all posts

Saturday, September 19, 2015

കണ്ണൂരിലെ കടല്‍ത്തീരങ്ങള്‍



കേരളത്തില്‍ ഡ്രൈവിങ്ങ് ബീച്ച് ഒന്നേയുള്ളൂ. അത് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടിനു സ്വന്തം. തലശ്ശേരിക്കും കണ്ണൂരിനുമിടയില്‍ എന്‍.എച്ച് 17 ല്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറി ഒരു സ്വപ്നതീരം. മുഴപ്പിലങ്ങാട് പഞ്ചായത്തിന് അറബിക്കടല്‍ കൊലുസ്സു ചാര്‍ത്തിയ പോലെ....

ഏഴ് കിലോമീറ്റര്‍ ദൂരം. 100 മീറ്ററോളംവീതി. വേലിയിറക്കത്തില്‍ കടല്‍ ഉള്‍വലിയുമ്പോള്‍ ബീച്ചിന്റെ വീതി 200 മീറ്റര്‍ കവിയും. തീരം പരന്നു കിടക്കുന്നു. 'റ' ആകൃതിയായതിനാല്‍ ഒരറ്റത്തുനിന്നു നോക്കിയാല്‍ ബീച്ചിന്റെ മറ്റേ അറ്റം കാണാം. ബീച്ചിന് പച്ചപ്പിന്റെ അതിര്‍വരമ്പിട്ട് കരയില്‍ നീളെ തലയെടുപ്പോടെ കാറ്റാടിമരങ്ങള്‍. കാറ്റാടിക്കപ്പുറം തണല്‍ വിരിയിച്ച് തെങ്ങില്‍തോപ്പില്‍ മധുരക്കള്ള് നുണയുന്ന വിദേശസഞ്ചാരികള്‍... ശാന്തമായ, ആഴം കുറഞ്ഞ കടല്‍. മെല്ലെ തീരത്തെ പുണരുന്ന തിരകള്‍ക്കുമുണ്ടൊരു നാണം കുണുങ്ങിയായ പെണ്‍കൊടിയുടെ ശാലീനത... കടലില്‍ തീരത്തോടു ചേര്‍ന്ന് പാറക്കൂട്ടങ്ങള്‍. കിഴക്കന്‍ കടലില്‍ തെങ്ങും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ധര്‍മ്മടം തുരുത്ത്്... പതയും നുരയും ചാര്‍ത്തിയ മുഴപ്പിലങ്ങാട് ബീച്ച് ഒരു സുന്ദരി തന്നെ. ഡ്രൈവ് -ഇന്‍-ബീച്ചിനപ്പുറം മനസ്സിന്റെ ഭാരം ഇറക്കിവെക്കാനുള്ള ഒരു തീരം കൂടിയാണ് മുഴപ്പിലങ്ങാട്.

ഒരു കൊച്ചു യാത്ര


തളിപ്പറമ്പില്‍ നിന്നും മുഴപ്പിലങ്ങാട് ബീച്ചിലെത്താന്‍ 65 കിലോമീറ്റര്‍ താണ്ടണം. ഒരു പെട്ടി ഓട്ടോയുമായി ഈ ദൂരം കടന്ന് ഞായറാഴ്ചകളില്‍ മുഴപ്പിലങ്ങാട് എത്തുന്നതിന് ചെലവ് ഒരു തടസ്സമാവാറില്ല -കെ.എല്‍ 13 എന്‍. 1743, 'ബറാക്കത്ത് ' ഓട്ടോ ഡ്രൈവര്‍ സയ്ദിന്് ഒന്നേ പറയാനുള്ളൂ. ബീച്ചില്‍ വണ്ടിയോടിക്കുന്നതിന്റെ സുഖം.. അതൊന്നു വേറെ തന്നെ. സുഹൃത്തുക്കളായ ഉബൈദും ഷഫീക്കും ഈ ബീച്ച് ഡ്രൈവിങ്ങിന്റെ ഹരം പങ്കിടാന്‍ സയ്ദിനൊപ്പം പതിവായി ഇവിടെയെത്തുന്നു..

സാന്‍ട്രോയും ടവേരയും സുമോയും ഇന്നോവയും മറ്റുമടങ്ങിയ സ്‌റ്റൈലന്‍മാരും ഇരമ്പിപ്പായുന്ന നാടന്‍ ജീപ്പും മുഴപ്പിലങ്ങാട് ബീച്ചിന്റെ സായാഹ്നങ്ങളെ ത്രസിപ്പിക്കുമ്പോള്‍ അതിനിടയിലൂടെ ഒരു വണ്ടിനെപ്പോലെ പെട്ടി ഓട്ടോ മൂളിപ്പിച്ചു തലങ്ങും വിലങ്ങും പറത്തുകയാണ് സയ്ദ്. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത മുഴപ്പിലങ്ങാട് കടല്‍ത്തീരം.

ഞായറാഴ്ച..എല്ലാവരും മുഴപ്പിലങ്ങാട് തീരം തേടിവരുന്ന ദിവസം... എയര്‍ഹോസ്റ്റസ് വിദ്യാര്‍ഥിനി സരിഗ, ബി.എ സൈക്കോളജി ഒന്നാം വര്‍ഷക്കാരി നീതുലാല്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിഖില എന്നിവര്‍ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഹരം നുണയാനെത്തി. കണ്ണൂര്‍ സര്‍വ്വകലാശാല തലശ്ശേരി കാമ്പസിലെ പി.ജി.വിദ്യാര്‍ഥികളായ ബിജു, ദേവേഷ്, ബിനിത്ത് എന്നിവരും ഡ്രൈവ് -ഇന്‍-ബീച്ചിനെ അടുത്തറിയാനെത്തി. തീരം പുണരാനെത്തിയ കുഞ്ഞുതിരകളോട് സല്ലപിച്ചും, വെള്ളം തെറിപ്പിച്ചും, പഞ്ചാരമണലില്‍ കാല്‍വിരല്‍പാടുകള്‍ തീര്‍ത്തും അവര്‍ തീരവുമായി സല്ലപിച്ചു. ബീച്ചിലെ ഗസ്റ്റ് ഹൗസായ ബീച്ച് പവലിയനില്‍ ഇടയ്‌ക്കൊരു വിശ്രമം. ഇളനീരുമായാണ് ഗസ്റ്റ് ഹൗസ് സഞ്ചാരികളെ സ്വീകരിക്കുക. വെല്‍കം ഡ്രിങ്ക് ആയാണ് ഇളനീര്‍ നല്‍കുക. അതും കണ്‍മുമ്പില്‍ വെട്ടിയിട്ടത്. അതാണ് ബീച്ചിന്റെ പതിവ്.

കാല്‍പാദങ്ങളെ ഇക്കിളിപ്പെടുത്തിയ തിരകള്‍ അവരെ കടലില്‍ ഒരു യാത്രയ്്ക്കു ക്ഷണിച്ചു. ആരു കൊണ്ടുപോകും...? ബീച്ച് പവലിയന്‍ മാനേജര്‍ ഷാജി, 9895992071 നമ്പറിലേക്ക്്് വിളിച്ചു. എഞ്ചിന്‍ ഘടിപ്പിച്ച വലിയ വള്ളവും മുഖം വെളുക്കെ ചിരിയുമായെത്തിയത് സത്താര്‍ മുഴപ്പിലങ്ങാട്. ഡി.ടി.പി.സി യുടെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്ന കടല്‍യാത്രകള്‍ക്ക്്് സത്താര്‍ റെഡി. കടല്‍യാത്രക്കുള്ള മുന്നൊരുക്കങ്ങള്‍ സത്താര്‍ ഓര്‍മിപ്പിച്ചു.



സത്താറിന്റെ വിരുതില്‍ തോണി തിരകളെ വകഞ്ഞുമാറ്റി മുന്നോട്ടു നീങ്ങി. തീരം പതുക്കെ പതുക്കെ പിന്നോട്ടു പോയി. ഉയര്‍ന്നു താഴ്ന്ന തിരയില്‍ തോണി തൊട്ടില്‍ പോലെ മെല്ലെയുലഞ്ഞു. അതുവരെ തീരത്തു നിന്നു മാത്രം നോക്കിക്കണ്ട കടലിനെ നേരില്‍ക്കണ്ടപ്പോള്‍ അടിച്ചുപൊളിച്ചുനടന്നവരുടെ മുഖത്ത്് പരിഭ്രമത്തിന്റെ നേരിയ കാര്‍മേഘങ്ങള്‍...ഒട്ടും പേടിക്കേണ്ട... സത്താര്‍ ധൈര്യം പകര്‍ന്നു. ചില്ലറക്കാരനല്ല സത്താര്‍. അഞ്ചോളം സിനിമകളില്‍ മുഖം കാണിച്ചിട്ടിട്ടുണ്ട്. ബല്‍റാം V/s താരാദാസില്‍ മമ്മൂട്ടിയായി കടലില്‍ സ്പീഡ് ബോട്ടോടിച്ചത് തെല്ലൊര് അഭിമാനത്തോടെ തന്നെയാണ് സത്താര്‍ പറഞ്ഞത്. രക്ഷകനിലും ബ്ലാക്കിലുമെല്ലാം സത്താറിനെ അവിടവിടെയായി കാണാം. കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോഴും സത്താറിന്റെ പങ്ക് ഉറപ്പ്..

കടല്‍ കാണാനെത്തിയ പുതിയ അതിഥികളെ തീരം വിട്ടപ്പോള്‍ വരവേറ്റത് ഡോള്‍ഫിനുകളാണ്. തോണിക്കടുത്തെത്തി ഒന്നു രണ്ടെണ്ണം തലയുയര്‍ത്തി നോക്കി. ഓ.. ഇവരാണോ എന്ന മട്ടില്‍ അവ വീണ്ടും വെള്ളത്തിലേക്ക് ഊളിയിട്ടു. ഡോള്‍ഫിനുകളുടെ ഡ്രൈവ് -ഇന്‍-ബീച്ചു കൂടിയാണ് മുഴപ്പിലങ്ങാട് തീരം. മുഴപ്പിലങ്ങാട് തീരത്തിനും ധര്‍മ്മടം തുരുത്തിനുമിടയിലെ തോണിയാത്രയില്‍ ഡോള്‍ഫിനുകള്‍ പതിവു കാഴ്ചയാണ്. അതിരാവിലെയാണ് യാത്രയെങ്കില്‍ ധാരാളം ഡോള്‍ഫിനുകള്‍ തീരം വിട്ടയുടന്‍ പ്രത്യക്ഷപ്പെടും. കാറ്റ്്് നിശ്ചലമാവുമ്പോഴാണത്രെ ഡോള്‍ഫിനുകള്‍ തീരം കാണാന്‍ വരിക.

ചിലപ്പോള്‍ കാച്ചാന്‍ കാറ്റ് എന്നൊരു വികൃതിക്കാറ്റ് മുഴപ്പിലങ്ങാട്ട് എത്താറുണ്ട്. പൂഴിയെപ്പോലും പറത്തുന്ന കാറ്റ്. മകരമാസത്തിലാണ് കാച്ചാന്റെ വരവ്. ബീച്ചില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ഒരു ഭാഗത്തുനിന്ന് പൂഴിയെടുത്ത് കാറ്റ് മറുഭാഗത്തിടും. വാഹനം നിന്നിടത്ത് ഒരു കുഴിയുണ്ടാവും. തീരത്തിന്റെ വിസ്മയങ്ങളിലൊന്നാണ് ഈ കാച്ചാന്‍ കാറ്റ്.

തീരം വിട്ടപ്പോള്‍ തന്നെ തിരകളുടെ കലമ്പല്‍ അടങ്ങി. തോണിയുടെ ഇളക്കങ്ങള്‍ക്ക് ഒരു താളക്രമമുണ്ടായി. പിന്നില്‍ കിലോമീറ്ററുകള്‍ക്കകലെ കര. മുന്നില്‍ കരകാണാക്കടല്‍. പുളച്ചുപായുന്ന മീനുകള്‍... കത്തിനില്‍ക്കുന്ന വെയി ല്‍.. തൊപ്പിയിട്ടു, സത്താറൊഴികെ എല്ലാവരും.
തിരിച്ചെത്തുമ്പോഴേക്കും ബീച്ച് പവലിയനില്‍ ഒന്നാം തരം ഊണ് റെഡി. ചെറിയൊരു വിശ്രമം മാത്രം...വീണ്ടും തീരത്തേക്ക്്് .. അല്ലെങ്കില്‍ നഷ്ടമാവുക അപൂര്‍വ്വമായ അസ്തമയചാരുതയാണ്.

മുഴപ്പിലങ്ങാട്ടെ സായാഹ്നം ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കാവുന്ന അത്യപൂര്‍വ്വകാഴ്ചയാണ്. വിശാലമായ തീരം, പരന്നുകിടക്കുന്ന കടല്‍, പാദങ്ങളെ ചുംബിച്ച് കടന്നുപോകുന്ന വെള്ളിപ്പളുങ്കുതിരമാലകള്‍..തിര വന്ന് തീരം പുല്‍കി തിരികെ പോകുമ്പോള്‍ ചെറുകടല്‍ജീവികളെത്തേടി പിന്നാലെ പായുന്ന തിത്തിരിപ്പഷികള്‍, വീണ്ടും തിരയെത്തുമ്പോള്‍ തിരിഞ്ഞോടുന്നു.....കണ്ടിരിക്കാന്‍ എന്തു രസം.. വൈകുന്നേരം തീരം ആളുകളെ കൊണ്ട് നിറഞ്ഞു. ഏറെയും കുഞ്ഞുങ്ങളുമായി വരുന്ന കുടുംബങ്ങള്‍. നിരനിരയായെത്തുന്ന വാഹനങ്ങള്‍, ബൈക്കുകള്‍, സൈക്കിളുമായെത്തുന്ന കുട്ടികള്‍. ശാന്തമായ കടലില്‍ ഇറങ്ങാനാണ് കുഞ്ഞുങ്ങള്‍ക്കു താല്‍പ്പര്യം. അവര്‍ ആടിത്തിമിര്‍ക്കുകയാണ്. അസ്തമയസൂര്യന്റെ സിന്ദൂരവര്‍ണ്ണം ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ് മിക്കവരും.

സൂര്യന്‍ കടലില്‍ ചായുമ്പോള്‍ കറുപ്പിന്റെ കരിമ്പടം പുതയ്ക്കുന്ന പാറക്കൂട്ടങ്ങള്‍. തീരത്തെ കാറ്റാടികള്‍ക്കും കണ്ടലുകള്‍ക്കും ഇടയിലേക്ക്്് മറയുന്ന ജലപ്പക്ഷികള്‍.

ഇനി ഒരിക്കല്‍ കൂടി....അല്ല ..ഒരു പാടു തവണ കൂടി വരണം, ഈ മനോഹരതീരത്തേക്ക്..

സൗഹൃദം ഒന്നുകൂടി ഉറപ്പിച്ച് സരിഗയും സംഘവും വന്ന വഴിയിലൂടെ തിരിച്ചു പോയി.

വരിക, കുടുംബത്തോടൊപ്പം





നനഞ്ഞ മണല്‍ വിരിച്ചിട്ട പരവതാനി പോലെയാണ് മുഴപ്പിലങ്ങാട് തീരം. ചെറിയ ചരിവുള്ള തീരത്തെ തിരമാലകള്‍ എപ്പോഴും തഴുകുന്നതിനാല്‍ മണല്‍ തഴുകി മിനുക്കിയതു പോലെയാണ്. ശക്തിയായി ചവിട്ടിയാല്‍ പോലും താഴ്ന്നു പോകില്ല. ഇതാണ് മുഴപ്പിലങ്ങാടിനെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. വേലിയിറക്കത്തിന് തീരത്തിന്റെ വീതി കൂടും, ചന്തവും. എട്ടുവരിപ്പാത പോലെ പരന്നു കിടക്കുന്ന തീരത്തുകൂടി കാറുകള്‍ മിതമായ വേഗത്തിലേ പോകാറുള്ളൂ. ബൈക്കിലെത്തുന്ന ചെത്തുകുട്ടപ്പന്മാര്‍ ചിലപ്പോള്‍ പറക്കും.

സായാഹ്നം ചെലവിടാനെത്തുന്ന കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ തീരത്ത് പോലീസിന്റെ സാന്നിദ്ധ്യമുണ്ട്. തീരം കാണാനെത്തിയാല്‍ തിരമാലകള്‍ നിങ്ങളെ മാടി വിളിക്കും. ശാന്തമായി തീരം തേടിവരുന്ന തിര. പാല്‍നുര പതയുന്ന തിരമാലകള്‍ക്കു പിന്നാലെ കുഞ്ഞുങ്ങള്‍ ഓടും. ആഴം തീരെ കുറവായതിനാല്‍ ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെല്ലാം. കുട്ടികളുടെ ജലകേളിയില്‍ മുതിര്‍ന്നവര്‍ക്കും പിടിച്ചുനില്‍കാനാവില്ല. പിന്നാലെ അവരും ചെല്ലും തിരകളുടെ സ്പര്‍ശനമേല്‍ക്കാന്‍.

തീരത്ത് പൂഴിയില്‍നിന്ന് എന്തോ ചൂഴ്‌ന്നെടുക്കുന്ന നാട്ടുകാരായ പെണ്ണുങ്ങള്‍. പൂഴി തുളച്ച് പുറത്തേക്കു തല നീട്ടുന്ന ഓരിക്കയെ കയ്യോടെ പിടിക്കുന്നു. കല്ലുമ്മക്കായയുടെ ഒരു ചാര്‍ച്ചക്കാരനാണ് ഓരിക്ക. സഞ്ചാരികളില്‍ ചിലരും കിട്ടിയ സഞ്ചിയില്‍ ഓരിക്ക നിറച്ചു. തീരം കാണാനെത്തുന്ന വിദേശികളുടെ പ്രിയഭക്ഷണം.. 31 എന്‍.സി.സി ബറ്റാലിയന്‍ സംഘടിപ്പിച്ച പാരാസെയിലിങ്ങ് മുഴപ്പിലങ്ങാട് ബീച്ചിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു. കാറ്റിന്റെ ഗതിയില്‍ ഉയര്‍ന്നു പൊങ്ങുന്ന വലിയ തുണിക്കുടയില്‍ പറക്കുന്ന കേഡറ്റുകള്‍ കാഴ്ചക്കാരുടെ ആവേശം ഇരട്ടിപ്പിച്ചു. പറക്കാന്‍ കൊതിച്ച് കുട്ടികള്‍ അച്ഛനമ്മമാരെ നോക്കി.. പൊതുജനങ്ങള്‍ക്കും ഇത്തരം പറക്കലിന് സാഹസിക അക്കാദമി ഇവിടെ അവസരം നല്‍കാറുണ്ട്.



ആലപ്പുഴ നിന്നും മൂകാംബികയിലേക്കുള്ള ഒരു യാത്രാസംഘം മുഴപ്പിലങ്ങാട് തീരത്തെത്തി, പലവട്ടം ശങ്കിച്ചു നിന്നു. വണ്ടി തീരത്ത് താണു പോകുമോ എന്നായിരുന്നു ആശങ്ക. പലരോടും പലവട്ടം ചോദിച്ചുറപ്പിച്ച ശേഷം ഒടുവില്‍ അവരും പിടിച്ചുനില്‍ക്കാനാവാതെ ഇറങ്ങി. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ് മുഴപ്പിലങ്ങാട് തീരം.. മണലില്‍ കളിക്കോട്ട കെട്ടാനും തിരമാലകളോടൊപ്പം ഓടിക്കളിക്കാനും ഇവിടെത്തന്നെ വരിക. കേരളത്തിലെ ഏറ്റവും ചേതോഹരമായ സായാഹ്നങ്ങള്‍ക്ക് സാക്ഷിയാവാം.

കണ്ണൂരില്‍ വേറെയുമുണ്ട് മനോഹരമായ ബീച്ചുകള്‍. പയ്യാമ്പലം, ഏഴിമല, മീന്‍കുന്ന്, ഓവര്‍ബറീസ് ഫോളി തുടങ്ങി സഞ്ചാരികളെ പ്രലോഭിപ്പിക്കുന്ന നിരധി ബീച്ചുകള്‍. കണ്ണൂരിന്റെ ടൂറിസം വികസനത്തിലെ നിറമുള്ള സ്വപ്നങ്ങളാണ് ഈ ബീച്ചുകള്‍. സഞ്ചാരികളുടെ വിശ്രമതീരങ്ങളും.  


Text K. Sajeevan, Photos: Madhuraj

Friday, December 12, 2014

മഴയില്‍ നനഞ്ഞ് മേഘങ്ങള്‍ തേടി....





ജനല്‍ചില്ലുകള്‍ക്കപ്പുറത്ത് ആര്‍ത്തുപെയ്യുന്ന മഴയുടെ ശീല്‍ക്കാരം കേട്ടുകൊണ്ടാണ് അന്ന് ഉറക്കമുണര്‍ന്നത്. തലവഴി മൂടിപ്പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിച്ചുമാറ്റി മെല്ലെ എഴുന്നേറ്റ് ജനവാതില്‍ തുറന്നപ്പോള്‍ കാറ്റിന്റെ കൈകളിലേറി മഴച്ചാറല്‍ മുഖത്തുവന്നു തഴുകി. മുറ്റത്ത് തളംകെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എന്തോ കൊത്തിചികഞ്ഞുകൊണ്ടിരിക്കുന്ന ഓലേഞ്ഞാലിയെ നോക്കിയിരുന്നപ്പോഴാണ് 'സോനു നിഗം' നീട്ടി പാടിയത്..... മൊബൈലെടുക്കാനായി കൈ നീട്ടിയപ്പോള്‍ കണ്ടു, ഗൂഗിള്‍ ടോക്കില്‍ രതീശന്റെ മെസ്സേജ് വന്നുകിടപ്പുണ്ട്... 'എപ്പോഴാണ് യാത്ര...' ഈശ്വരാ ഇന്നലെ കംപൂട്ടര്‍ ഓഫ് ചെയ്യാതെയാണോ കിടന്നത്... ഇത്തവണത്തെ കറന്‍റ് ബില്ലു വരുമ്പോള്‍ അറിയാം...! കംപൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്ത് മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേതലക്കല്‍ ശരത്തിന്റെ ശബ്ദം.... 'ഡാ... റെഡിയായില്ലേ...?' 'എന്താടാ ചെയ്യ്വാ മഴയാണല്ലോ..' 'അതൊന്നും സാരമില്ല, ഏതായാലും തീരുമാനിച്ചതല്ലേ, പോയ്ക്കളയാം....', 'ശരി എങ്കില്‍ ഞാന്‍ എട്ടര ആവുമ്പോഴേക്കും എത്താം' കുളികഴിഞ്ഞെത്തുമ്പോള്‍ മേശപ്പുറത്ത് കൊണ്ടുപോവേണ്ട സാധനങ്ങളെല്ലാം അമ്മ റെഡിയാക്കി വെച്ചിരുന്നു.... ..... രണ്ട് ജോഡി ഡ്രസ്സ്, തോര്‍ത്ത്, കേമറ, ഒരു സഞ്ചി നിറയെ ഈത്തപഴം...... അല്ല, റെയിന്‍കോട്ടെവിടെ...? ഒന്ന് ഒച്ചവെച്ചപ്പോള്‍ ജിംന എവിടൊക്കെയോ തെരഞ്ഞ് റെയിന്‍കോട്ടെടുത്തു കൊണ്ടുവന്നു.

ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴയാണ്.. ഇതുവരെ അടങ്ങിയിട്ടില്ല. ഈ പെരുമഴയത്ത് കോട്ടില്ലാതെങ്ങനാ..?! ബൈക്കെടുത്ത് ബിജുവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു. എന്നെ കണ്ടയുടനെ ബിജുവിന്റെ അമ്മ ഓടിവന്ന് ചോദിച്ചു... 'അപ്പൊ.. പോവാന്‍തന്നെ തീരുമാനിച്ചു അല്ലേ....? ഞാന്‍ കരുതി കേന്‍സല്‍ ചെയ്തിട്ടുണ്ടാവുംന്ന്....' അല്ല, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം കഴിഞ്ഞ വര്‍ഷം ഇതേ സമയം പേരുപോലും അറിയാത്ത ഏതോ ഒരു കാട്ടില്‍ പോയിട്ട് വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങിപോയതും പുലിയുടെ വായില്‍നിന്നും കഷ്ടിച്ചു രക്ഷപെട്ടതും നാട്ടില്‍ പാട്ടാണല്ലോ... 'പിന്നെ ബിനീഷേ... അവിടംവരെ നിങ്ങള്‍ ബൈക്കിലാണോ പോകുന്നത്...? ' ......രാജേട്ടനാണ്... എല്ലാവരുടേയും കയ്യിലിരിപ്പ് അവര്‍ക്ക് നന്നായറിയാം.. അതാണ് അങ്ങനെ ഒരു ചോദ്യം..... 'ഏയ്... ബൈക്ക് കണ്ണൂരില്‍ വെച്ചിട്ട് അവിടുന്ന് ടാറ്റാ സുമൊ പിടിച്ചിട്ട് പോവും....' ഞാനത് പറയുമ്പോള്‍ വാവയും ഷിനോജും ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. പുറപ്പെടാന്‍ നേരം ഷിനോജിന്റെ വക ഉപദേശം... 'മഴയാണ്, പത്തെഴുപത് കിലോമീറ്റര്‍ റൈഡ് ചെയ്യേണ്ടതുമാണ്.. അതുകൊണ്ട് മെല്ലെ എല്ലാവരും പരസ്​പരം കാണത്തക്കരീതിയില്‍ ബൈക്ക് ഓടിച്ചാല്‍ മതി.' ....മിഥുവിനോടാണ്.... അവനാണ് കൂട്ടത്തില്‍ വേഗതയോട് അത്രയും പ്രണയമുള്ളത്.

കണ്ണൂരിലെത്തിയപ്പോള്‍ കുട്ടുവിനേയും ഷിനോജിനേയും ബാക്കി സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ചിട്ട് ഞാന്‍ ഇന്‍റര്‍നെറ്റ് കഫേയില്‍ കയറി. കേമറ മെമ്മറികാര്‍ഡിലെ ഫോട്ടൊ മുഴുവന്‍ റൈറ്റ് ചെയ്ത് മാറ്റണം. കാര്‍ഡ് റീഡര്‍ കംപ്ലയിന്‍റായതുകൊണ്ട് വീട്ടില്‍വെച്ച് ചെയ്യാന്‍ കഴിഞ്ഞില്ല. കഫേയില്‍ അധികം ഉയരമില്ലാത്ത വട്ടമുഖമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ റൈറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. ഒന്ന്.... രണ്ട്.... മൂന്ന്..... കംപൂട്ടറില്‍ 'നീറോ' യുടെ പ്രോഗ്രസ്സും നോക്കിയിരുന്നപ്പോള്‍ വെറുതെ അവളോട് പേര് ചോദിച്ചു.. ........ദീപിക......... അപ്പോഴാണ് വാവയുടെ ഫോണ്‍ വന്നത്. മൊബൈലെടുത്ത് ചെവിയോട് ചേര്‍ത്തപ്പോള്‍ അക്ഷമനായി ജിത്തുവിന്‍റെ ശബ്ദം... 'ഡാ നിനക്കിനിയും വരാറായിട്ടില്ലേ...?' 'നിന്റെയൊക്കെ ഫോട്ടൊ തന്നെയാണ് ഇതില്‍ നിറയെ... എന്നാപിന്നെ മുഴുവന്‍ കളഞ്ഞേക്കട്ടെ...?' ഉള്ളില്‍ തോന്നിയ ദേഷ്യം മറച്ചുവെക്കാതെ ഞാന്‍ ചോദിച്ചു. അവന്റെ മറുപടിക്കു കാത്തുനിക്കാതെ ഫോണ്‍ വെക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു.

എല്ലാം കഴിഞ്ഞ് കണ്ണൂര്‍ ടൗണ്‍ വിടുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഞാന്‍ എന്റെ ബൈക്കിലെ കിലോമീറ്റര്‍ മനസ്സില്‍ കുറിച്ചിട്ടു. ഏറ്റവും പിന്നിലായിട്ടാണ് ഞങ്ങളുടെ ബൈക്ക് നീങ്ങിയത്. അതുകൊണ്ടുതന്നെ കുറച്ചകലെയായി ബാക്കി മൂന്നു ബൈക്കും ഞങ്ങള്‍ക്ക് കാണാമായിരുന്നു. ശക്തിയായ മഴ കണ്ണില്‍ പതിക്കുന്നതുകൊണ്ട് എല്ലാവരും പതുക്കെയാണ് വണ്ടി ഓടിച്ചിരുന്നത്. തളിപ്പറമ്പ് കഴിഞ്ഞ് കുറച്ച് ചെന്നപ്പോള്‍ റോഡില്‍ ശരിക്കും ഒരു പുഴ തന്നെ.... അതുവരെ പെയ്ത മഴവെള്ളം മുഴുവന്‍ റോഡില്‍ കെട്ടി കിടക്ക്വാണ്... ഞങ്ങളേയും തോളിലേറ്റി 'യൂണികോണ്‍' പതുക്കെ ആ പുഴ നീന്തി കടന്നു. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ഓടിക്കാണും..... അവന്റെ സൈലന്‍സറില്‍ നിന്നും ഒരു തുമ്മല്‍ ശബ്ദം.... പിന്നെ ഓടാന്‍മടിച്ച് അവന്‍ പതിയെ നിന്നു.... ഞാന്‍ തിരിഞ്ഞ് ബിജുവിന്‍റെ മുഖത്തേക്ക് നോക്കി.... 'ഏയ് സാരമില്ല, അത് സൈലന്‍സറില്‍ വെള്ളം കേറിയിട്ടാവും.... ഇപ്പൊ ശരിയാക്കാം...' അവന്‍ നല്ല ധൈര്യത്തിലായിരുന്നു. ഏതായാലും ഞാന്‍ പേടിച്ചപോലൊന്നും സംഭവിച്ചില്ല. അടുത്ത സ്‌റ്റോപ്പില്‍ എല്ലാവരും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെനിന്ന് മഴയില്‍ നനഞ്ഞ് ഒരു ഫോട്ടോയും എടുത്ത് വീണ്ടും യാത്രയായി.

ഏതാണ്ട് അര മണിക്കൂര്‍ ഓടിക്കാണും. ഒരു വലിയ കയറ്റം കേറി ചെല്ലുമ്പോള്‍ നേരെ മുമ്പിലായി വലത് വശത്തേക്ക് വിരല്‍ചൂണ്ടി ഒരു കെ. ടി. ഡി. സി. ബോര്‍ഡുണ്ടായിരുന്നു..........'പൈതല്‍മല 26 കിലോമീറ്റര്‍' സ്ഥലം ഒടുവള്ളിയാണ്. ഇവിടെ നിന്ന് വലത്തേക്ക് മാറി പോകണം. സമയം ഒരുമണി ആയിരിക്കുന്നു. 'മതി.. ഇനി ഊണ് കഴിച്ചിട്ട് മതി യാത്ര' ..... ശരത്താണ്..... അല്ലെങ്കിലും വിശപ്പിന്റെ
അസുഖം കൂടുതലുള്ളത് അവന് തന്നെയാണല്ലോ...! ഊണ് കഴിഞ്ഞ് പിന്നെ അരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും പൈതല്‍മലക്ക് മുന്‍പുള്ള അവസാനത്തെ ടൗണ്‍ എത്തി.... ....നടുവില്‍..... പിറ്റേന്ന് രാവിലെ വരേക്കുള്ള ഭക്ഷണവും വാങ്ങി, പിന്നേയും അരമണിക്കൂര്‍ കൂടി.. ഞങ്ങളിപ്പൊ വലിയ കയറ്റം കയറുകയാണ്.... എന്നെയും തൊണ്ണൂറ് കിലോയുള്ള ബിജുവും സാമാന്യം വലിപ്പമുള്ള ഒരു ബേഗും തൂക്കി കയറ്റം കയറുമ്പോള്‍ 'യൂണികോണ്‍' ഉച്ചത്തില്‍ കരഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.... 'ഹാവൂ.... ' എന്റെ വണ്ടിയൊരു ദീര്‍ഘനിശ്വാസം വിട്ടുകാണണം... റോഡവസാനിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് കാട്ടുപാതയാണ്.

ദൂരെ മലമുകളില്‍ ചെറിയൊരു തീപ്പെട്ടികൂടുപോലെ വാച്ച് ടവര്‍ കാണാം. നോക്കിയിരിക്കേ ഒരു മജീഷ്യന്റെ ചടുലതയോടെ കോട വന്ന് വാച്ച് ടവര്‍ മായ്ച്ചു കളഞ്ഞു.... ഞാന്‍ മൊബൈലെടുത്ത് നമ്പര്‍ സെര്‍ച്ച് ചെയ്തു.... 'രാജു തോന്നക്കല്‍'.... ഡി.ടി.പി.സി മെമ്പറാണ്. 'കാറ്റും കോളുമായതുകൊണ്ട് ആനയിറങ്ങും.. കോടകാരണം തൊട്ടടുത്ത് വന്നാലും നിങ്ങള്‍ക്കതിനെ കാണാനും പറ്റില്ല.... ഈ രാത്രി അവിടെ തങ്ങാതിരിക്കുന്നതാണ് ബുദ്ധി..' അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും നേരിയ വിറയലുണ്ടാക്കി. ഇനിയിപ്പൊ എന്തുചെയ്യും... ഞങ്ങളില്‍തന്നെ രണ്ട് പക്ഷക്കാരുണ്ടായി... ഇവിടെ തങ്ങിയിട്ട് രാവിലെ മലകേറാമെന്ന് കുറച്ച്‌പേര്‍.... എന്തായാലും വെച്ച കാല്‍ പുറകോട്ടില്ലെന്ന് തീരുമാനിക്കാന്‍ അധികം താമസമുണ്ടായില്ല..!! എല്ലാവരും കാലില്‍ ഉപ്പുവാരിത്തേച്ച് അതിനുമേലെ സോക്‌സും ഷൂസുമിട്ട് പാന്റ്‌സിന്റെ അറ്റം സോക്‌സിനുള്ളില്‍ തിരുകി കയറ്റി, എല്ലാറ്റിനും മേലെ റെയിന്‍കോട്ടുമിട്ട് ബൈക്കും ലോക്ക് ചെയ്ത് നടക്കാന്‍ തുടങ്ങി...... മെല്ലെ കാട്ടിലേക്ക്....

മഴ ഇപ്പോ തെല്ലൊന്നടങ്ങിയിട്ടുണ്ട്. കാട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ ഇരുട്ടിന് കനംവെച്ച് തുടങ്ങി... നാല് മണി ആവുന്നതേയുള്ളൂവെങ്കിലും നേരം സന്ധ്യയായതുപോലെ തോന്നി.... ആരുമാരും അധികം സംസാരിക്കുന്നില്ല... ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ക്കും കുറ്റികാടുകള്‍ക്കുമിടയില്‍ വളഞ്ഞും പുളഞ്ഞും നേരിയ നടപ്പാത കാണാനുണ്ട്. ആരും പുറത്ത് കാണിക്കുന്നില്ലെങ്കിലും എല്ലാവരിലും ഒരു ഭയം തളംകംട്ടി കിടക്കുന്നുണ്ടായിരുന്നു. അതിനു പിന്നണിയെന്നോണം ചീവീടുകള്‍ കൂട്ടത്തോടെ ഒച്ചവെച്ചുതുടങ്ങി.... ഇടക്കിടെ വഴിമുറിച്ചുകൊണ്ട് കൊച്ചു മരങ്ങള്‍ വീണു കിടപ്പുണ്ട്. ഓരോരുത്തരുടേയും കണ്ണുകള്‍ കാട്ടുപാതയുടെ ഇരുവശവും അലഞ്ഞു നടക്കുകയായിരുന്നു. കാതുകള്‍ കേള്‍ക്കാന്‍ കൊതിക്കാത്ത ഏതോ ശബ്ദത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഏതു നിമിഷവും ഒരു ഒറ്റയാന്‍ വന്ന് മുന്നില്‍ നില്‍ക്കാം.... അല്ലെങ്കില്‍ അടുത്ത തിരിവില്‍ വഴിമുടക്കി അവന്‍ നില്‍ക്കുന്നുണ്ടാവാം.... അതുമല്ലെങ്കില്‍ കാതടപ്പിക്കുന്ന ഒരലര്‍ച്ച ഏതു നിമിഷവും കാടിനെ പ്രകമ്പനം കൊള്ളിക്കാം... 'അയ്യോ. അട്ട........' ആനയുടെ അലര്‍ച്ചക്കു പകരം കേട്ടത് കുട്ടുവിന്റെ നിലവിളിയാണ്... 'ഡാ ആന വരുന്നേ എന്ന് പറയുംപോലാണോ അട്ടയെന്നു പറയുന്നേ...?' അട്ടയെ പറിച്ചെടുക്കുന്നതിനിടയില്‍ ബിജു അവന്റെ തലക്കിട്ടൊന്നു കൊടുത്തു.

ദൂരെ ഒരു പൊട്ടുപോലെ കുറച്ച് വെളിച്ചം കണ്ടു... അടുക്കും തോറും ആ വെളിച്ചം കൂടിക്കൂടി വന്നു. 'ഈശ്വരാ ഞങ്ങളെത്തിയോ...?' ശരിയാണ് ഞങ്ങളിപ്പോ, സമുദ്ര നിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരത്തിലാണ്. കണ്‍മുന്നില്‍ നിറയെ പഞ്ഞികെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുകയാണ്. പതുക്കെ മേഘങ്ങള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.... എന്റെ സന്തത സഹചാരിയായ 'സോണി സൈബര്‍ഷോട്ടിനു' പോലും ഈ സൗന്ദര്യം പൂര്‍ണ്ണമായി ഒപ്പിയെടുക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഇളം പച്ച പുതപ്പ് വിരിച്ച് കിടക്കുന്ന പൈതല്‍മല. അങ്ങകലെ നീണ്ടുകിടക്കുന്ന വഴിയുടെ അറ്റത്ത് ഒരു മായാവിക്കോട്ടപോലെ വാച്ച് ടവര്‍. മലമടക്കുകളില്‍ കരിംപച്ച നിറത്തില്‍ നിഗൂഢമായ കാടുകള്‍.. ഒഴുകിനടക്കുന്ന വെണ്‍മേഘങ്ങള്‍.... ശക്തമായ കാറ്റിനെതിരെ പറക്കാന്‍ ശ്രമിക്കുന്ന പേരറിയാത്ത ഏതോ പക്ഷി...... വാച്ച് ടവറില്‍ കയറി എല്ലാവരും ഡ്രസ്സ് മാറുന്നതിനിടയില്‍ ഞാന്‍ കേമറയും തൂക്കിയിറങ്ങി. ദൂരെ മാടിവിളിക്കുന്നതുപോലെ സൂയിസൈഡ് പോയന്‍റ്... ടവറിന്റെ ഇടതുവശം താഴോട്ട്മാറി ഒരു തടാകം പോലെ വെള്ളം തളംകെട്ടികിടക്കുന്നു. മുഖം നോക്കാനായിരിക്കണം മേഘങ്ങള്‍ ഇതിനുമേലെ താഴ്ന്നു പറക്കുന്നത്.

തിരിച്ചുവന്നപ്പോള്‍ ജിത്തുവും ബിജുവും ടെന്റ് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു. ടവറിന്റെ മുകളില്‍ ഒരുവിധം ഷീറ്റ് വലിച്ചുകെട്ടി. അവിടെ നേരെ നില്‍ക്കാന്‍ പോലും പറ്റുന്നില്ല. അത്രയും ശക്തിയായ കാറ്റില്‍ ഞങ്ങളും പറന്നുപോകുമെന്ന് തോന്നി. പെട്ടെന്നാണ് മേഘത്തിന്റെ സ്വഭാവം മാറാന്‍ തുടങ്ങിയത്.... വെണ്‍മേഘങ്ങള്‍ കറുത്തിരുളാന്‍ തുടങ്ങി... കാറ്റ് ഹുങ്കാര ശബ്ദത്തോടെ ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ചു...... അതിനേക്കാള്‍ ശക്തിയില്‍ ആര്‍ത്തലച്ച് മഴയും താണ്ഡവമാടാന്‍ തുടങ്ങി... ഞങ്ങളെട്ടുപേരും വലിച്ചുകെട്ടിയ ഷീറ്റിനടിയില്‍ കയറി നിന്നു. പക്ഷേ ബിജുമാത്രം എന്തോ വെളിപാട് കിട്ടിയതുപോലെ പുറത്തേക്കിറങ്ങിയോടി...! ഞാന്‍ ഷീറ്റിനിടയില്‍ക്കൂടി നോക്കുമ്പോള്‍ അവന്‍ കുറച്ചകലെയെത്തിയിരുന്നു.... പെട്ടെന്നാണ് അതെന്റെ കണ്ണില്‍ പെട്ടത്.... വല്ലാത്ത ഒരാന്തലോടെ ഞാന്‍ മറ്റുള്ളവരേയും ആ കാഴ്ച കാണിച്ചു കൊടുത്തു.... എല്ലാവരുടേയും ശ്വാസം നിലച്ചുപോയ നിമിഷം.... ബിജു നില്ക്കുന്നിടത്തുനിന്ന് അല്‍പ്പം മാറി കാട്ടില്‍ നിന്നും ഒരാന കയറിവരുന്നു... ശരം പോലെ ഓടിവന്ന അത് അവന്‍ നിക്കുന്നിടവും കഴിഞ്ഞ് എതിരേയുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു.......! ഒഴിഞ്ഞുപോയ അപകടത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നതിനിടയില്‍ വീശിയടിച്ച കാറ്റ് ഷീറ്റിന്റെ ഒരുഭാഗത്ത് കെട്ടിയ കയറ് വലിച്ച് പൊട്ടിച്ചു.... ബേഗും സാധനങ്ങളുമെടുത്ത് ഓടി ഞങ്ങള്‍ വാച്ച് ടവറിന് തൊട്ടുകിടക്കുന്ന മുറിയില്‍ ചെന്നു നിന്നു... മുറിയെന്നൊന്നും പറയാനൊക്കില്ലെങ്കിലും, ഒരു മേല്‍ക്കൂരയും നാല് ചുമരുമുണ്ടായിരുന്നു.. ജനലിന്റേയും വാതിലിന്റേയും സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. ജനലിന്റെ ഭാഗത്തുകൂടെ മഴ അകത്തേക്ക് വീഴുന്നുണ്ട്. തറയാണെങ്കില്‍ അഴുക്കുവെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭാഗ്യത്തിന് ചുമരില്‍ രണ്ട് ഭാഗത്തും ഓരോ കമ്പി തറച്ചുകയറ്റിയിട്ടുണ്ട്. ഷീറ്റ് അഴിച്ചുകൊണ്ടുവന്ന് കമ്പിയില്‍ പിടിച്ചുകെട്ടി ബാക്കി ഭാഗം തറയില്‍ അഴുക്ക് വെള്ളത്തിന് മുകളിലേക്കിട്ടു.. ഇതിലാണ് രാത്രി മുഴുവന്‍ കഴിയേണ്ടതെന്നോര്‍ത്തപ്പോള്‍ പലര്‍ക്കും വരേണ്ടിയിരുന്നില്ലെന്നു തോന്നി.

രാത്രി വളരുന്തോറും മഴയും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.. ഇതുവരെ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ ശബ്ദങ്ങളും ഇടക്കിടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. രാത്രി മുഴുവന്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു... നിശയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആണ് മഴ അവസാനിച്ചത്... രാവിലെ വെണ്‍മേഘങ്ങള്‍ ഞങ്ങളേയും കാത്ത് പുറത്ത് നില്‍പ്പുണ്ടായിരുന്നു.... ഈ മേഘങ്ങളാണ് ഇന്നലെ കറുത്തിരുണ്ട് തിമര്‍ത്താടിയത്.... ഒരുപക്ഷേ ഇവയ്ക്കും വികാരങ്ങളുണ്ടായിരിക്കാം... എല്ലായിടവും ഒന്നുകൂടെ ചുറ്റിക്കണ്ട്, സൂയിസൈഡ് പോയിന്റിന്റെ വന്യമായ സൗന്ദര്യം കേമറയില്‍ പകര്‍ത്തി ഞങ്ങള്‍ തിരിച്ചു നടന്നു....... കാട്ടുപാതയിലേക്ക് ഇറങ്ങുംമുന്‍പ് ഞാനൊന്നുകൂടെ തിരിഞ്ഞു നോക്കി......... മെല്ലെ ഒഴുകി നീങ്ങുന്ന വെണ്‍മേഘങ്ങള്‍.... ഒരായിരം പ്രാവശ്യം പെയ്തിറങ്ങാനുള്ള കണ്ണുനീരുംപേറി അവളെന്നെനോക്കി വശ്യമായി പുഞ്ചിരിച്ചു...... അവസാനമായി.


Text&Photos: Bineesh R.K

Friday, November 21, 2014

തേജസ്വിനി

ഉന്മാദിനിയെ പോലെ തേജസ്വിനി.....ദൂരെ നിന്നേ അവളുടെ ശീല്‍ക്കാരങ്ങള്‍ കേട്ടു തുടങ്ങി. മഴയാകുന്ന കാമുകന്‍ വരാന്‍ വൈകിയതിലുള്ള പരിഭവം മുഴുവന്‍ അവള്‍ പാറകളില്‍ തല്ലിയലച്ച് തീര്‍ക്കുന്നു. ഉടലാകെ ഇളക്കി, മുടിയഴിച്ചിട്ട് ഇരുകൈകളും നീട്ടിയ ആ കാമിനിക്ക് ചുറ്റും ഒരു കാന്തിക വലയം...

കാറ്റ്‌നിറച്ച രണ്ടു വഞ്ചികളില്‍ ഞങ്ങള്‍ പതിനാല് പേര്‍....അവളുടെ ഉന്മാദത്തിലേക്ക് ഇനി ഏതാനും ഓളങ്ങള്‍ മാത്രം. പതുക്കെ തിരിഞ്ഞു നോക്കി, പുറപ്പെടുമ്പോള്‍ കലപില കൂട്ടിയിരുന്നവരുടെ മുഖങ്ങളെല്ലാം രക്തംവാര്‍ന്നു പോയ പോലെ. തുഴ കയ്യില്‍ നിന്നും വഴുതുന്നുണ്ടോ...ധൈര്യം ചോര്‍ന്നു പോകാതിരിക്കാന്‍ തുഴയില്‍ ഒന്നുകൂടി പിടിമുറുക്കി... നിമിഷാര്‍ദ്ധത്തിനുളളില്‍ തേജസ്വിനി, അവളുടെ മാറിലേക്ക് ഞങ്ങളെ വലിച്ചിട്ടു. വഞ്ചിയില്‍ നിന്നും അറിയാതെ തന്നെ ആരവം ഉയര്‍ന്നു. അവളിലെ ഉന്മാദം ഞങ്ങളിലേക്കും പടര്‍ന്നു....

കണ്ണൂരിനെയും കാസര്‍കോടിനെയും രണ്ടായി പകുക്കുന്ന ജലരേഖയാണ് തേജസ്വിനി. സാഹസികതയുടെ ആഴങ്ങള്‍ തേടിയാണ് കണ്ണൂരിലെ ചെറുപുഴയിലെത്തിയത്. നാഷണല്‍ ജിയോഗ്രാഫിയിലും ഡിസ്‌ക്കവറിയിലും മാത്രം കണ്ടു പരിചയമുളള സാഹസിക വിനോദമായ 'റാഫ്റ്റിങ്' പരീക്ഷിക്കാന്‍... ചെറുപുഴ പുതിയപാലം താണ്ടി, കാസര്‍കോട് കൊല്ലടയില്‍ നിന്നാണ് കാറ്റ്‌നിറച്ച വഞ്ചികളില്‍ നിന്നും തുഴകള്‍ നദിയില്‍ ആഴ്ന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം മലവെള്ളപാച്ചിലില്‍പ്പെട്ട പൊങ്ങുതടികള്‍ പോലെയായി റാഫ്റ്റുകള്‍. നേപ്പാളി ഗൈഡുകളുടെ ആജ്ഞകളും ആക്രോശങ്ങളും തേജസ്വിനിയുടെ ഇരമ്പലില്‍ മുങ്ങി. ഒഴുക്ക് കൂടി കൂടി വന്നു. നദിയിലേക്ക് മുഖമമര്‍ത്തി നിന്നിരുന്ന കണ്ടല്‍കാടുകളില്‍ നിന്നും മരച്ചില്ലകളില്‍ നിന്നും കടവാവലുകള്‍ പറന്നു പൊങ്ങി, കറുത്തമാനത്ത് വലിയ ചിറക് വിരിച്ച് അവ വൃത്തം വരച്ചു. കടവാവലുകളുടെ കരച്ചിലും, പാറകളില്‍ തട്ടിച്ചിതറുന്ന തേജസ്വിനിയുടെ ശീല്‍ക്കാരങ്ങളുമായപ്പോള്‍ ഏതോ പ്രേതസിനിമയിലെ രംഗഭാവം!

മുളംചങ്ങാടത്തിന്റെ അത്യന്താധുനികനായ റാഫ്റ്റ്, പാറകളില്‍ ചെന്നു തട്ടിയപ്പോള്‍ മനസ്സില്‍ പെരുമ്പറമുഴങ്ങി... പ്ലസ്ടുകാരികളായ സേബയും പൂജയും റാഫ്റ്റില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍, ഉള്ളില്‍ തോന്നിയ ഭയം പുറത്ത് കാട്ടിയില്ല.

നേപ്പാളില്‍ നിന്നും റാഫ്റ്റിങ് പഠിപ്പിക്കാന്‍ കേരളത്തിലെത്തിയ ഗൈഡുകളായ സഞ്ജീബും രാജുശ്രേഷ്ഠയും നേപ്പാളിയില്‍ ഏതോ പാട്ടുകള്‍ മൂളുന്നു... പെട്ടന്ന് മുന്നില്‍ പോയ റാഫ്റ്റ് വെട്ടിതിരിഞ്ഞു പമ്പരം കണക്കെ കറങ്ങി. കൂലംകുത്തിയൊഴുകുന്ന നദിയില്‍ മറിഞ്ഞു കിടന്നിരുന്ന വലിയൊരു മരത്തില്‍ ചെന്നിടിച്ച് അത് നിന്നു. മരത്തിന്റെ തലകിടന്നിരുന്ന പാറയിലേക്ക് ഞങ്ങള്‍ അള്ളിപിടിച്ച് കയറി. റാഫ്റ്റിലുണ്ടായിരുന്ന വടവുമായി, അലറി വിളിച്ചൊഴുകുന്ന നദിയിലേക്ക് നേപ്പാളി എടുത്തു ചാടി. അതിശക്തമായ ഒഴുക്കിനെ കീറിമുറിച്ച് അവന്‍, വടം എതിര്‍വശത്തുള്ള മരത്തില്‍ വലിച്ചുകെട്ടി. നേപ്പാളി സാഹസികന്റെ വീരകൃത്യം, ശ്വാസമടക്കി ഞങ്ങള്‍ നോക്കിനിന്നു. മരത്തിന്റെ പിടിയില്‍ നിന്നും റാഫ്റ്റിനെ വലിച്ചുമാറ്റിയ മാത്രയില്‍ എല്ലാവരും അതിനുള്ളിലേക്ക് ചാടിക്കയറി. ഒപ്പമുണ്ടായിരുന്ന ആബിദിനും ബിനുവിനും കുറച്ച് ദൂരം നീന്തിയ ശേഷമാണ് കയറാന്‍ സാധിച്ചത്.

കാസര്‍കോടിന്റെ വനാന്തരങ്ങളും കമ്പല്ലൂരും പിന്നിട്ട് ചെമ്മരംകയത്തിലെത്തിയപ്പോള്‍ വീണ്ടും ഒഴുക്കിന്റെ കരവലയത്തിലായി. താഴ്ന്നു നിന്ന മരച്ചില്ലകളില്‍ തലതട്ടാതെ നോക്കാന്‍ ഞങ്ങള്‍ പാടുപെട്ടു. വീണ്ടും തലപൊക്കാന്‍ തുടങ്ങിയപ്പോള്‍ മുന്നിലിരുന്ന ആബിദ് ഉറക്കെ വിളിച്ചു പറഞ്ഞു 'തലമാറ്റിക്കോ പാമ്പ്..' ആബിദ് ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി, മരച്ചില്ലയില്‍ തൂങ്ങി കിടക്കുന്ന, ഇലകള്‍ പൊതിഞ്ഞ കൂടിനുള്ളില്‍ ചുരുണ്ടു കൂടി കിടക്കുന്ന പാമ്പ്. 'ക്യാ കോബ്രാ ഹെ..?' നേപ്പാളി അത്ഭുതം വിടര്‍ന്ന മുഖത്തോടെ ചോദിച്ചു. 'എയ് ഇത് വേറെയേതോ ഇനമാ.. അടുത്ത മഴയില്‍ ഒഴുകി പോകും', ആരോ പറഞ്ഞു.

മഴ ശക്തമാകുമ്പോള്‍ തേജസ്വിനി ഇരുകരകളും കയ്യേറും. അപ്പോള്‍ ചെമ്മരം കയത്തിലെത്തുന്ന എന്തു വസ്തുവായാലും പലവട്ടം കറങ്ങാതെ മുന്നോട്ട് ഒഴുകില്ല. നദിക്ക് മുകളിലൂടെയുളള തൂക്കുപാലത്തില്‍ നിന്നിരുന്നവര്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഒഴുക്ക് കുറഞ്ഞ് വന്നു. ഇനി പൂര്‍ണമായും കാസര്‍കോടിടിന്റേതാവുമ്പോഴെ തേജസ്വിനി വിശ്വരൂപം പ്രാപിക്കൂ.

അഞ്ച് മണിക്കൂര്‍ നീണ്ട ഒഴുക്ക് (ഞങ്ങളുടെ യാത്രയെ അങ്ങനെയും വിളിക്കാം) കാസര്‍കോട്ടെ കാക്കടവില്‍ അവസാനിച്ചു. ഏതാണ്ട് 12 കിലോമീറ്റര്‍. ജീപ്പിനടുത്തേക്ക് നടക്കുമ്പോഴും എല്ലാവരും തേജസ്വിനിയെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... വിട പറയാന്‍ മടിയുള്ള മനസ്സുകള്‍... രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും തേജസ്വിനിയുടെ മാറിലൂടെ ഒഴുകുന്ന പോലെ. കണ്ണുകള്‍ അടയ്ക്കുമ്പോള്‍ കാതുകളില്‍ അവളുടെ ശീല്‍ക്കാരം....

Wednesday, April 24, 2013

ആറളത്തെ അറിഞ്ഞപ്പോള്‍


Aaralam, Kannur, Kerala
ആറളം വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിള്‍ ബസ്സില്‍ കണ്ട ബിന്‍സിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുന്‍പരിചയമുള്ള ഒരുപറ്റം ബ്ലോഗ്‌സൈബര്‍ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയര്‍ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മക്കള്‍സ് റെഡി തന്നെ !

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതല്‍ ഐ ഡ്രോപ്‌സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റില്‍ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈന്‍ഡാക്കാത്തതില്‍ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങള്‍ കൊണ്ട് തന്നെ.

പുഴകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരില്‍ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാല്‍ അത് ടിപ്പുസുല്‍ത്താന്‍ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാര്‍ ആക്രമണ കാലത്ത് കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളില്‍ കാണുന്നുണ്ട്. വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ഭരണത്തിന്‍ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിന്‍തുടര്‍ച്ചക്കാരായിരുന്ന കുറിച്യര്‍, പണിയര്‍, മലയര്‍ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.

Aaralam, Kannur, Keralaകണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ അകലെയുമായാണ് ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകള്‍, കുട്ടിതേവാങ്ക്, വേഴാമ്പല്‍ തുടങ്ങിയ ജീവികളുണ്ട്. 1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപീകരിക്കപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്നും 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തില്‍ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്‌റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രല്‍ സ്‌റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമപഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബര്‍-ജനവരി മാസങ്ങളില്‍ നടക്കുന്ന ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും
ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളില്‍ നിന്നും പുറപ്പെട്ട് വയനാടന്‍ കാടുകള്‍ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടില്‍ 40 മുതല്‍ 140 വരെ ആല്‍ബട്രോസ്സ് ശലഭങ്ങള്‍ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പില്‍ നിന്നും കിറുകൃത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളില്‍ പുറപ്പെട്ട് നെടുമ്പൊയില്‍ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റില്‍ നമ്പര്‍ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിന്‍ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോള്‍ ഫാമിലെത്തി. അവിടെ ജൂണ്‍ മാസത്തില്‍ പോയാല്‍ തെങ്ങ്, മാവ്, പേര, കുരുമുളക്ള്‍ കൊടികള്‍, സപ്പോട്ട തുടങ്ങി അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം നടീല്‍ വസ്തുക്കള്‍ വിലകൊടുത്ത് വാങ്ങാം. അതും കടന്ന് ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ വനംവകുപ്പ് ഓഫീസിലെത്തി.

അധികൃതരുടെ പെര്‍മിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോള്‍ ധാരാളം പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ അകത്തേക്ക് പോകാനാവാതെ നില്‍ക്കുന്നത് കണ്ടു. ഫോണില്‍ ബുക്ക് ചെയ്ത് ഫോര്‍വീല്‍ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്‌കിനും അധികൃതര്‍ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷന്‍മാരാണ് ഗൈഡുകളായി വര്‍ക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 15 രൂപയും. ഉച്ച ആയതിനാല്‍ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലര്‍ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോള്‍ കുളക്കടവിലേക്കെന്നോണം കുറെ പെണ്‍കിടാങ്ങള്‍ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പണ്‍ ബാത്തിന് എന്നു ഞങ്ങളില്‍ ചിലരുടെ അമ്മമനസ്സ്.

Aaralam, Kannur, Keralaപത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകള്‍ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകള്‍ കാണാമായിരുന്നു. അവിടെ ആദിവാസികള്‍ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ് ഫാം. അതില്‍ 1000 ഏക്കര്‍ ആദിവാസികള്‍ക്ക് വിട്ടുകൊടുത്തു. ഒരാള്‍ക്ക് ഒരേക്കര്‍ എന്ന കണക്കില്‍.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് 'കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..' എന്ന ബിന്‍സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും 'ഇതാ എന്നെ കണ്ടോളൂ ' എന്നു പറയാന്‍ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയില്‍ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയില്‍ നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ് ചീനിമരം.

വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. ഒരുപാടുയരത്തില്‍ വളരുന്നത് കൊണ്ട് ഒടിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച് രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പല്‍ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളില്‍ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങള്‍ക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെണ്‍കിടാവിനെപ്പോലെ ചില അരുവികള്‍.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാര്‍ട്‌സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നില്‍ പുട്ടുകുറ്റിയില്‍ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവര്‍ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണില്‍ നിറച്ച് യാത്ര തുടര്‍ന്നു. ഭ്രമരം പടത്തില്‍ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിച്ചു. ചിലയിടങ്ങളില്‍ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളില്‍ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുള്‍ റിസ്‌കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളില്‍ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങള്‍ക്കു മുന്നില്‍ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങള്‍ ! ചിലപ്പോള്‍ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകള്‍ വന്നെന്നുമിരിക്കും.

Aaralam, Kannur, Keralaയുഗങ്ങള്‍ക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങള്‍ കണ്ടപ്പോള്‍. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിര്‍മ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവര്‍ പോലും ഞങ്ങള്‍ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരില്‍ ചെങ്കുത്തായ കയത്തിന്റെ കരയില്‍ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കര്‍ണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തില്‍ നിന്നു താഴോട്ട് പതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം.

അതിന്റെ അരികിലൂടെ അടര്‍ന്ന കല്ലുകളില്‍ ചവിട്ടിയും വള്ളികളില്‍ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ''ഇറക്കം സുഖമാണ്. കയറ്റമാണ്.....' എന്ന അര്‍ദ്ധോക്തിയില്‍ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലര്‍ മടങ്ങുന്നു.

താഴെ പലചാലില്‍ ഒഴുകിയൊടുവില്‍ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍. കൈക്കുമ്പിളില്‍ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയില്‍ അള്ളിപ്പിടിച്ച് മീന്‍മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവില്‍ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകള്‍.

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകള്‍ പോരാതെ വടികളില്‍ താങ്ങിയും ആളുകള്‍ എനിക്കു പിറകെയുണ്ട്. വീണ്ടും തുടര്‍ന്ന റോഡ് യാത്ര എണ്‍പത് അടി ഉയരത്തിലുള്ള വാച്ച് ടവറില്‍ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാനാണ് കാട്ടിന്റെ നടുവില്‍ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. 'ഞങ്ങളിപ്പോള്‍ എയറിലാണ്'' കുമാരേട്ടന്‍ ആരോടോ ഫോണില്‍ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂര്‍ മല. ശരീരമാകെ മേഘമാലകള്‍ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകള്‍ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോള്‍ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോള്‍ കാലുകള്‍ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാര്‍ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തില്‍, ഭാവത്തില്‍, ചിന്തയില്‍ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങള്‍ തിരികെ ഇറങ്ങിയത് ഒരേ ചെമ്മണ്‍ നിറത്തിലായിരുന്നു. വണ്ടിയില്‍ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയില്‍ മഴത്തുള്ളികള്‍ ! ഇലച്ചാര്‍ത്തുകളില്‍ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ. 'ഞാനിവിടെ വീണ്ടും വരും' അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതില്‍ മന്ത്രിച്ചതു പോലെ..


Text: Sindhu K V