Saturday, October 10, 2015

മഞ്ഞണിഞ്ഞ സുന്ദരി...


സഹ്യപര്‍വ്വതത്തിന്റെ പൊന്‍കിരീടമാണ് പൊന്‍മുടി. തിരുവനന്തപുരത്ത് നിന്ന് 60 കിലോ മീറ്റര്‍ വടക്ക് കിഴക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3002 അടി ഉയരെ. അവിടെ എന്തര്് കാണാനെന്ന് ചോദിക്കരുത്. 'ഓ, മഞ്ഞുകളും മലകളും ഭയങ്കര ചന്തങ്ങളു തന്നെ'. വേണ്ടത്ര താമസസൗകര്യമൊക്കെയുണ്ടായിരുന്നെങ്കില്‍ 'നാട്ടിലെ ഊട്ടി' എന്നൊക്കെ വിളിക്കാമായിരുന്നു പോട്ടെ. അതൊക്കെ നടക്കുമായിരിക്കും. പണി നടക്കുന്നുണ്ട്.

22 ഹെയര്‍പിന്‍ വളവുകളും തല്ലിപ്പൊളി റോഡും പിന്നിട്ട് തനി മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളുമൊക്കെയുള്ള, പൊന്‍വെളിച്ചം വീഴുന്ന ഈ മലമുടിയില്‍ ഒന്ന് വന്നുനോക്കൂ. ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള വിശാലമായ ടോപ് സ്റ്റേഷനാണ് പൊന്‍മുടിയുടെ സവിശേഷത. രാവിലെ പരസ്പരം കാണാനാവാത്ത മഞ്ഞ്. ഉച്ച തിരിഞ്ഞാല്‍ കാറ്റോട് കാറ്റ്. മരങ്ങള്‍ക്കിടയില്‍ ചിമ്മിനിയില്‍ നിന്നുള്ള പുകപോലെ ഉയര്‍ന്നു പൊങ്ങുന്ന കോടമഞ്ഞ്.

തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടെ ആദ്യം വിശ്രമ സങ്കേതങ്ങള്‍ തീര്‍ത്തത്. ഇവിടെനിന്ന് മൂന്നു മണിക്കൂര്‍ ട്രക്കിംഗ് നടത്തിയാല്‍ വരയാട്ടുമൊട്ടയില്‍ വരയാടുകളെക്കാണാം. വിതുരയില്‍ നിന്ന് പൊന്‍മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും. കല്ലാറിനോട് കളിക്കരുത്. ഉരുണ്ട മിനുസമുള്ള കല്ലുകള്‍ തഴുകിയോടുന്ന അരുവി മാടിവിളിക്കാം. കല്ലുകള്‍ വഴുതാം. ഇത്രയും കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന ഹില്‍സ്‌റ്റേഷന്‍ വേറെയുണ്ടാവാനിടയില്ല; പ്രത്യേകിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്. ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ അവര്‍ക്ക് വന്‍ ഡിസ്‌കൗണ്ട്. ആളുക്ക് 50 രൂപയോളം. മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വാടകയുടെ പകുതി. അതായത് 200 രൂപയും ടാക്‌സും. മറ്റുള്ളവര്‍ക്ക് 400 രൂപയും ടാക്‌സും.




ഒറ്റ ദിവസം കൊണ്ട് യാത്ര തീര്‍ക്കാനാണെങ്കില്‍ പൊന്‍മുടിയും തെന്‍മലയും കോന്നിയും ഒപ്പം കണ്ട് തിരിച്ച് പോവാം. നളചരിതം പോലെ കഥ ദിവസങ്ങള്‍ നീളണമെങ്കില്‍ പൊന്‍മുടിയിലോ തെന്‍മലയിലോ ഒരു ദിവസം തങ്ങി നേരെ ചെങ്കോട്ട വഴി കുറ്റാലത്തേയ്ക്ക് വിട്ടോളൂ.


Text: S N Jayaprakash, Photos: Vivek R Nair

No comments: