Showing posts with label MT Vasudevan Nair. Show all posts
Showing posts with label MT Vasudevan Nair. Show all posts

Tuesday, December 2, 2014

എം.ടി അന്തസ്സുള്ള പത്രാധിപര്‍ , പുനത്തില്‍ കുഞ്ഞബ്ദുള്ള

കാലം 1958.
എം ടി
എം ടി
ഇന്നത്തെപ്പോലെ അന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി ടിഷ്യുകള്‍ച്ചര്‍ ചെയ്യുന്ന സാഹിത്യ ലബോറട്ടറി ആയിരുന്നു. ആ ലബോറട്ടറിയിലേക്ക് ഒരു കഥയയച്ചപ്പോള്‍ എനിക്ക് എം.ടിയുടെ ഒരു കത്ത് കിട്ടി. ആ കത്ത് എനിക്ക് കിട്ടിയ നിധിയായിരുന്നു.കോളജില്‍ പ്രീയൂനിവേഴ്‌സിറ്റിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. യൂസഫലി കേച്ചേരിയും, കെ.പി. ശങ്കരനും, മാധവന്‍ അയ്യപ്പത്തും ബാലപംക്തിയില്‍ എഴുതുന്ന കാലം. എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. എം.ടി. അസിസ്റ്റന്റും.
നാലഞ്ചു കഥകള്‍കൊണ്ടുതന്നെ അക്കാലത്ത് സാഹിത്യലോകത്ത് എം.ടി. പേരെടുത്തിരുന്നു. ആ വര്‍ഷത്തെ ഒരൊഴിവുനാളില്‍ എം.ടി.യെ കാണാനായി കോഴിക്കോട്ടേക്കു പുറപ്പെട്ടു. നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടി കയറി. എട്ടണയാണ് വണ്ടിക്കൂലി. ഇന്നത്തെ 50 പൈസ.മാതൃഭൂമി ഓഫീസിനു മുന്നിലെത്തുമ്പോഴേക്കും എന്റെ ചങ്കിടിക്കുവാന്‍ തുടങ്ങി. ഗേറ്റ്മാനോട് വഴിചോദിച്ച് ഞാന്‍ മുകളിലേക്കുള്ള കോണി കയറി. എം.ടി.യുടെ മുറിക്ക് മുന്നിലെത്തിയപ്പോള്‍ ഞാനൊന്നു പരുങ്ങി. മുറിയില്‍ വേറെ രണ്ടു പേരുണ്ട്. തൊട്ടടുത്തുള്ള മേശപ്പുറത്തുവച്ച ഒരു കൂമ്പാരം സാഹിത്യത്തിന്റെ മറവില്‍ എന്‍.വി. കൃഷ്ണവാരിയര്‍ എന്തോ വായിച്ചുകൊണ്ടു വെട്ടുകയും തിരുത്തുകയും ചെയ്യുന്നു. എം.ടി. ഒരു കൊച്ചു പയ്യന്‍. നൂലന്‍ വാസു എന്ന് ബഷീര്‍ കളിയാക്കി വിളിക്കുന്ന അതേ രൂപം. മീശ നന്നായി കറുത്തിട്ടില്ല. എങ്കിലും അത് തിരുത്തുകയറ്റാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ട്. ഹാന്റ്‌ലൂമിന്റെ വരയന്‍ കുപ്പായമാണ് ഇട്ടിരിക്കുന്നത്. കണ്ണുകള്‍ തീക്ഷ്ണങ്ങളായിരുന്നു.
”എം.ടിയല്ലേ?” ഞാന്‍ ചോദിച്ചു. എന്താ സംശയമുണ്ടോ എന്ന ഭാവത്തില്‍ ‘അതെ’ എന്നു എം.ടി. പറഞ്ഞു. ഞാന്‍ എന്റെ കുട ചുമരില്‍ താഴെ വെച്ചതും അത് ചറുപിറെ താഴെ വീണു. അത് നേരെയാക്കിവെക്കാന്‍ കുറെ പാടുപെട്ടു. എന്റെ കൈകള്‍ നിശ്ചയമായും വിറച്ചിട്ടുണ്ടാവണം.”ഇരിക്കൂ” എം.ടി. പറഞ്ഞു. ഞാന്‍ എം.ടി.യുടെ മുന്നിലുള്ള കൈയില്ലാത്ത കസേരയില്‍ പകുതി ചന്തിവച്ച് ഇരുന്നു. എന്നിട്ടു ഞാന്‍ പറഞ്ഞു: ”കുഞ്ഞബ്ദുള്ള.” എം.ടി. എന്നെ ഒന്നു നോക്കി. മാനുസ്‌ക്രിപ്റ്റിലേക്ക് കണ്ണോടിക്കുന്നതിനിടയില്‍ പറഞ്ഞു: ”മനസ്സിലായി.”അല്പം കഴിഞ്ഞപ്പോള്‍ നനവൂറുന്ന വലിയ കണ്ണുകള്‍ വിടര്‍ത്തി എം.ടി. ചോദിച്ചു: ”ഏതു ക്ലാസിലാ?”
”പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷ കഴിഞ്ഞു.”
അപ്പോള്‍ ശിപായി ഒരു കപ്പു കാപ്പി മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു. ഞാന്‍ എന്റെ കൈകള്‍ എവിടെയോ വയ്ക്കുന്നതിനിടയില്‍ കപ്പുതട്ടി കാപ്പി മേശപ്പുറത്തു മറിഞ്ഞു. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. എം.ടി. പറഞ്ഞു: ”സാരമില്ല.”ഈ ആശ്വാസവാക്ക് എന്റെ സാഹിത്യജീവിതത്തിലുടനീളം എം.ടി.യില്‍നിന്ന് ചൊരിഞ്ഞിട്ടുണ്ട്. 1958 സെപ്തംബറില്‍ നടന്ന ആ കൂടിക്കാഴ്ച അവിസ്മരണീയമാണ്.
ഞാന്‍ ബാലപംക്തിയിലേക്ക് മുറയ്ക്ക് കഥകള്‍ അയയ്ക്കുവാന്‍ തുടങ്ങി. വെട്ടിയും തിരുത്തിയും അവയില്‍ ചിലത് എം.ടി. പ്രസിദ്ധീകരിച്ചുതുടങ്ങി. അങ്ങനെയിരിക്കെയാണ് എന്നെ മോഹാലസ്യപ്പെടുത്തിയ ഒരു സംഭവമുണ്ടായത്. ഞാന്‍ ബാലപംക്തിക്ക് അയച്ച ഒരു കഥ വലിയവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ കഥ. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തലക്കെട്ടുവരെ മാറ്റിയാണ് എം.ടി. ആ കഥ പ്രസിദ്ധീകരിച്ചത്. ‘കല്യാണരാത്രി’യായിരുന്നു ആ കഥ. ദേവന്റെ ചിത്രവും.
എഴുത്തില്‍ മാത്രമല്ല എഡിറ്റിങ് എന്ന കലയിലും എം.ടി. അഗ്രഗണ്യനാണ്. മലയാള ഭാഷയില്‍ എഡിറ്റിങ്ങിന് ആരും അക്കാലത്ത് പ്രാധാന്യംകൊടുത്തതായി കാണുന്നില്ല. സര്‍ഗ്ഗാത്മകകൃതി മെച്ചപ്പെടുത്തുന്നത് യഥാസ്ഥാനത്തുള്ള വെട്ടിത്തിരുത്തലിലാണെന്ന സത്യം നമ്മുടെ മിക്ക എഴുത്തുകാരും പത്രാധിപന്മാരും ഓര്‍ക്കുന്നില്ല. ഇവിടെയാണ് എം.ടി.യുടെ ക്രിയേറ്റീവ് ജേര്‍ണലിസം തിളങ്ങുന്നത്. എഴുത്തുകാരുടെ രചനകളില്‍ പത്രാധിപരായ എം.ടി.യുടെ പേന ചലിച്ചപ്പോള്‍ ആ സൃഷ്ടികള്‍ പ്രശസ്തങ്ങളായി.
ഉപരിപഠനത്തിനായി ഞാന്‍ അലിഗഢ് യൂനിവേഴ്‌സിറ്റിയിലേക്ക് വണ്ടികയറി. അവിടെ അന്തരീക്ഷം ഭയാനകമായിരുന്നു. പാഠപുസ്തകങ്ങളും ലബോറട്ടറികളും കണ്ട് ഞാന്‍ ഭയന്നമ്പരന്നു. ഞാന്‍ എം.ടി.ക്കെഴുതി: ”എന്റെ സാഹിത്യജീവിതം ഇതോടെ അവസാനിച്ചിരിക്കുന്നു.”എം.ടി.യുടെ ഒരു നീണ്ട മറുപടി വന്നു. ആ കത്ത് ഒട്ടൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്: ”നന്നായി പഠിക്കൂ. പഠിച്ച് ജീവിതത്തിന് ഒരു മേല്‍വിലാസമുണ്ടാക്കൂ. സാഹിത്യം മനസ്സിലുണ്ടെങ്കില്‍ അത് നഷ്ടപ്പെടുകയില്ല. അഥവാ നഷ്ടപ്പെട്ടാലും ആ ലോകം തിരികെ കിട്ടാന്‍ ഞാന്‍ വേണ്ടതു ചെയ്യാം.”
അലിഗഢില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാന്‍ ധാരാളം കഥകള്‍ എഴുതി. എഴുതിയ ഒരു കഥപോലും എം.ടി. തിരിച്ചയച്ചിട്ടില്ല. എം.ടി.ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നു പണ്ട് എഴുത്തുകാര്‍. എം.ടി. സൂര്യനാണ്. ആ വെളിച്ചത്തില്‍ നമ്മുടെ സാഹിത്യം വെട്ടിത്തിളങ്ങി. നമ്മുടെ സാഹിത്യത്തെ മാറ്റിത്തീര്‍ത്ത ഒരാള്‍ എം.ടി.യാണ്. പത്രാധിപര്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും. പത്രാധിപര്‍ എന്ന നിലയിലുള്ള പ്രാഥമിക മര്യാദകള്‍ എഴുത്തുകാരോട് കാണിച്ച ആളായിരുന്നു എം.ടി. യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന സക്കറിയയുടെ കഥ തന്റെ മേശപ്പുറത്ത് തപാലില്‍ വന്നപ്പോള്‍ എം.ടി. അത് വായിച്ചു. പ്രസിദ്ധീകരിച്ചു. സക്കറിയയെ ഞാനാണ് ആളാക്കിയത് എന്ന ഭാവമൊന്നും എം.ടി. പ്രകടിപ്പിച്ചില്ല. എഴുത്തുകാരും എഡിറ്ററും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ചില എഴുത്തുകാരെ താനാണ് കണ്ടെത്തിയത് എന്ന് എം.ടി. പിന്നീടൊരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഒരു നല്ല രചന ആഴ്ചപ്പതിപ്പില്‍ വരുമ്പോള്‍ അതിലൂടെ വെളിപ്പെടുത്തുന്നത് ആ എഴുതിയ ആള്‍ മാത്രമല്ല, അത് പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുംകൂടിയാണ്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലുള്ള മധ്യസ്ഥനാണ് എഡിറ്റര്‍. അവര്‍ ഈഗോയുടെ തടവുകാരാകരുത്. പത്രാധിപര്‍ എന്ന നിലയില്‍ അങ്ങനെ വലിയ അന്തസ്സ് എം.ടി.ക്കുണ്ട്. എഴുത്തുകാരെക്കൊണ്ടും വായനക്കാരെക്കൊണ്ടും നിലനില്‍ക്കുന്ന ആളാണ് പത്രാധിപര്‍ എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകള്‍ വരുമ്പോള്‍ എം.ടി. അതിയായി ആഹ്ലാദിക്കും. നല്ലൊരു സംഭവം വരുന്നുണ്ട്, എം.ടി. ചിലപ്പോള്‍ പറയും. വായനക്കാര്‍ക്കും സന്തോഷമാകും. എം.ടി.യുടെ വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത്, പത്രാധിപര്‍ എന്ന നിലയിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നു. അങ്ങനെ രഹസ്യമായിപ്പോലും പറയുന്ന ആളല്ല എം.ടി. നമ്മുടെ സാഹിത്യത്തിന്റെ വളരെ രസകരമായ എന്തെല്ലാം കഥകള്‍ എം.ടി.യുടെ മനസ്സില്‍ ഉണ്ടാവും. ആ കഥകള്‍കൂടി എം.ടി. പറയണം.
(ഡി സി അന്താരാഷ്‌ട്രപുസ്തകമേളയില്‍ ഇന്ന് പ്രകാശിപ്പിക്കുന്ന ‘പത്രാധിപര്‍ എം ടി’ എന്ന പുസ്തക്തില്‍നിന്നും)

Wednesday, October 30, 2013

എന്തിനാണ് എം.ടി. ഡൈ ചെയ്യുന്നത്? യേശുദാസും...

കല്പറ്റ നാരായണന്‍

യുവാക്കള്‍ക്കാണ്
അധികം ഭാരം ചുമക്കാനാവുക
പക്ഷെ, അദൃശ്യമായ ഭാരങ്ങള്‍ 
വൃദ്ധരോളം അവര്‍ക്ക് ചുമക്കാനാവില്ല

യുവാക്കള്‍ക്കാണ്
വേഗം നടക്കാനാവുക
പക്ഷെ, വൃദ്ധരെത്തുന്ന ദിക്കിലെത്താന്‍ 
അവര്‍ വളരെക്കാലമെടുക്കും (വൃദ്ധരും യുവാക്കളും)
M T Vasudevan Nair



ഒരുപക്ഷേ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തനായ മലയാളം 'എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരാണ്. എം.ടിയുടെ കൂടി സൃഷ്ടിയാണ് ആധുനിക മലയാള മനസ്സ്. എത്രയോ അപരാഹ്നങ്ങളെ 'എം.ടി. യെന്‍' എന്ന് മലയാളി തിരിച്ചറിയുന്നു. മലയാളത്തിലെ മികച്ച ചെറുകഥകള്‍ എന്നൊരു സമാഹാരം എത്രകാലം കഴിഞ്ഞിറങ്ങിയാലും അതില്‍ ഒന്നിലധികം കഥകളുമായി എം.ടിയുണ്ടാവും. ഒറ്റക്കൈയിലെ വിരലുകളില്‍ എണ്ണിയാല്‍ പോലും മലയാളിയുടെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്ന് എം.ടിയുടേതാണ് ('നിര്‍മ്മാല്യം'). സംസാരത്തിലോ എഴുത്തിലോ അദ്ഭുത സ്ഫുലിംഗങ്ങളൊന്നുമുണ്ടാവാറില്ലെങ്കിലും മനഃപൂര്‍വമല്ലാത്ത ഒരു വാക്കും എം.ടിയില്‍ നിന്നുണ്ടാവാറില്ല. (മാധവിക്കുട്ടിയുടെ എഴുത്തിലോ സംസാരത്തിലോ അവിചാരിതമായ മിന്നലുകള്‍ എപ്പോഴമുണ്ടാവാമെങ്കിലും വിഡ്ഢിത്തങ്ങള്‍ക്ക് കുറവുണ്ടാവില്ല. മാധവിക്കുട്ടി അഭിമുഖങ്ങളില്‍ വിഡ്ഢിത്തങ്ങള്‍ പറയുമ്പോള്‍ ഓടിയോടിച്ചെന്ന്, അല്‍പനേരത്തേക്ക് ഓരോരോ മലയാളിയുടെയും കാതുപൊത്താന്‍ തോന്നാറുണ്ട്. അത്രക്കിഷ്ടമാണെനിക്കീ എഴുത്തുകാരിയെ. 'മതം'പോലെ കാലാവധി കഴിഞ്ഞ ഒരു 'കറുപ്പില്‍' അവരിങ്ങനെ ലഹരിപിടിക്കുമ്പോള്‍ ഇതെല്ലാം എന്റെ മാത്രം ഒരു ദുഃസ്വപ്നമായിരുന്നെങ്കില്‍ എന്നെപ്പോഴും തോന്നാറുണ്ട്). മലയാള ഗദ്യസാഹിത്യത്തിലെ പ്രധാനപ്പെട്ട പരിണാമം പത്രാധിപരായ എം.ടിയാണ്. ചെറിയതും സാരവത്തുമായ പ്രസംഗങ്ങള്‍ ചെയ്യുന്ന (ദൈവമേ, എം.മുകുന്ദന്‍ കേരളത്തില്‍ കൂടക്കൂടെ വരാതിരിക്കട്ടെ) മിതഭാഷിയായ, മുണ്ടുമാത്രമുടുത്ത് പ്രത്യക്ഷപ്പെടുന്ന ഈ ഗൗരവക്കാരന്‍, തന്റേടി, കേരളീയരുടെ ഏറ്റവും വലിയ സുകുമാരകലയായിത്തീര്‍ന്ന തലയില്‍ ചായം തേക്കലിനിങ്ങനെ വഴങ്ങിക്കൊടുക്കുന്നതെന്തിന്?

ഇതൊരു വ്യക്തിയുടെ സ്വകാര്യ പ്രശ്‌നമല്ലേ എന്ന് നിങ്ങളുടെ പുരികം ചുളിയുന്നത് ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍ പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത് ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല. ചരിത്രപ്രാധാന്യമുള്ള, സാമൂഹിക പ്രാധാന്യമുള്ള, സാംസ്‌കാരിക പ്രാധാന്യമുള്ള വലിയൊരു യാഥാര്‍ഥ്യമാണ്. വാര്‍ധക്യത്തെ കഥയില്‍ യാഥാര്‍ഥ്യബോധത്തോടെ ('വാനപ്രസ്ഥം', 'അവര്‍') ചിത്രീകരിച്ച ഒരെഴുത്തുകാരന്‍ പോലും യഥാര്‍ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഭയന്ന കാലമായിരുന്നു ഇതെന്ന് പില്‍ക്കാലത്ത് തിരിച്ചറിയപ്പെടും. ദിവസവും നടക്കുന്ന പിന്നാക്കം തിരിഞ്ഞുള്ള ഈ ഓട്ടം എന്തൊരു തോറ്റ പടയായിരുന്നു നമ്മുടേതെന്ന് വരുങ്കാലം മനസ്സിലാക്കും. ജനങ്ങളുടെ പ്രിയങ്കരമായ ആ ഇമേജില്‍ നിന്ന് (ഒരുപാട് കേരളീയര്‍ക്ക് എം.ടിയാണ് എഴുത്തുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം) സ്വാഭാവികമായി പരിണമിക്കാന്‍, അവരുറ്റു നോക്കിയിരുന്ന യൗവനകാലത്തില്‍ നിന്ന് പരിണമിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എഴുത്തുകാരന്‍ തോന്നിയപോലെ ജീവിക്കട്ടെ, അദ്ദേഹത്തിന്റെ കൃതികളല്ലേ പ്രധാനം എന്ന് നിങ്ങളെപ്പോലെ ഞാനും കയര്‍ക്കുന്നു. പക്ഷേ, എം.ടി തോന്നിയപോലെ ജീവിക്കുന്നില്ലല്ലോ, ഉള്ള വയസ്സില്‍ യഥാര്‍ഥ രൂപത്തില്‍ അദ്ദേഹത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന 'ഹെമിങ്‌വേത്തന്റേടത്തില്‍', മുഴുവന്‍ അഭിമാനത്തോടെയും.
നോക്കൂ, എന്താണ് ഡൈ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്? യുവാവിന്റെ കറുത്ത മുടിയുള്ള ഒരു പൊയ്മുഖം നിങ്ങള്‍ വെയ്ക്കുകയാണ്. പ്രതീതി മതിയാവുന്നൊരു ലോകവുമായി നിങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുകയും അത്തരമൊരു ലോകത്തെ വ്യാപിപ്പിക്കുകയുമാണ്. യൗവനം വേണ്ട, യൗവന പ്രതീതി (നോക്കൂ, പുറംവേദനയോ നടുവേദനയോ കിതപ്പോ അറിയാതെ ഉറങ്ങിപ്പോവലോ ഉറക്കം വരാതിരിക്കലോ വേഗം നടക്കാന്‍ കഴിയായ്കയോ നിങ്ങള്‍ക്ക് പരിഹരിക്കാനാവുന്നില്ല) മതി, പ്രണയം വേണ്ട പ്രണയ പ്രതീതി മതി, ധീരത വേണ്ട ധീരതാപ്രതീതി മതി, സമ്പന്നത വേണ്ട സമ്പന്നതാ പ്രതീതി മതി എന്നുള്ള ഒരു ലോകത്തെ സൃഷ്ടിക്കുകയാണ്, യാഥാര്‍ഥ്യത്തെ ഭയപ്പെടുന്ന ഒരു ലോകത്തിരുന്ന് ചായമടിക്കുകയാണ്. വാര്‍ധക്യവും മരണവും ദാരിദ്ര്യവും കുറ്റകരമായ ഒരു സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയാണ്. വാര്‍ധക്യത്തെ ഒന്നു കൂടി അനാഥമാക്കുകയാണ് നിങ്ങള്‍. മറ്റുള്ളവരല്ല താനാണ് തന്റെ നിയന്താവ് എന്നുറച്ചിരിക്കാറുള്ള, ലളിതമായ വസ്ത്രധാരണം ചെയ്യുന്ന, വിശദാംശങ്ങളുടെ ഈ കലാകാരന്‍ എന്തിനാണ് 'മാസ്‌ക്' ധരിക്കുന്നത്?

എം.ടിയോ യേശുദാസോ അഴീക്കോടോ ഡൈ ചെയ്യാതെ പ്രത്യക്ഷപ്പെട്ടാല്‍, കേരളത്തിലെ ജനതയുടെ ആയുസ്സ് പെട്ടെന്ന് കൂടും. മധ്യവയസ്സോ വാര്‍ധക്യമോ മറച്ചുവെക്കേണ്ടതല്ലാതായിത്തീരും. അനുകരണീയമായ സവിശേഷതകളുള്ളവരുടെ പ്രവൃത്തികള്‍ക്കെല്ലാം അനുകരണീയ മൂല്യമുണ്ടാവും. അറുപതു കഴിഞ്ഞവര്‍ -ചില 'കറുത്ത' മുടിക്കാര്‍ക്കിവിടെ എഴുപതു കവിഞ്ഞു- ഗംഭീരമായിപ്പാടുന്നതും പ്രസംഗിക്കുന്നതും എഴുതുന്നതും ഒരുജനതയുടെ ലീനശക്തിയെ വര്‍ധിപ്പിക്കും. മാധ്യമമാണ് ശരീരം, (കുയിലിന്റെ രൂപം സംഗീതമാണ് എന്ന് നീതിശാസ്ത്രം) അത് പ്രവര്‍ത്തനനിരതമാവുമ്പോള്‍ താന്‍ ഗംഭീരമായ അര്‍ഥത്തില്‍ ജീവിക്കുകയാണ് എന്ന് ആളുകള്‍ക്ക് ബോധ്യം വരും.

ശരിയായി പഴുക്കാത്തതിന്റെ ചവര്‍പ്പില്‍ നിന്നും കയ്പില്‍ നിന്നും നമുക്ക് മോചനം കിട്ടും. വേണ്ടതില്‍ കൂടുതല്‍ പണമില്ലാത്തതില്‍ അനുഭവിക്കുന്ന കുറ്റബോധത്തിന് ചെറിയ ശമനം കിട്ടും.
K J Yesudas

അറുപതു വയസ്സിലും അതിമധുരമായി പാടിക്കൊണ്ട് യേശുദാസ് അറുപത് വയസ്സിന്റെ മാധുര്യം കൂടി ആലപിക്കുമ്പോള്‍ അറുപതിലെത്തിയവര്‍ ചിലത് മാത്രമേ കാലത്തിന് തളര്‍ത്താനാവൂ എന്നാശ്വസിക്കുന്നു. ആ ആലാപനത്തില്‍ മുമ്പില്ലാതിരുന്ന ഒരു വിവേകത്തിന്റെ തെളിച്ചം കൂടിയില്ലേ; എന്നവര്‍ ആപാദമധുരമാവുകയും ചെയ്യുന്നു. ഈ എഴുപതുകളിലും മലയാളത്തിലേതെഴുത്തുകാരനും അസൂയ തോന്നുന്ന ശ്രദ്ധയോടെ എഴുതുന്ന എം.ടിയും എഴുപതില്‍ ജീവിതം മാറില്ലെന്ന് ഉറപ്പ് തരുന്നു. നേരത്തെ സുഗ്രഹമല്ലാതിരുന്ന ചിലത് സുഗ്രഹമായി വരുന്നതിന്റെ പ്രകാശം അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിന്റെ ഉയരക്കൊമ്പിലിരുന്ന് നോക്കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു കാണാവുന്ന ചില കാഴ്ചകള്‍ ഉള്ളത് കൊണ്ട് കൂടിയല്ലേ, ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുക എന്നെല്ലാമുള്ള ചാരിതാര്‍ത്ഥ്യങ്ങള്‍. അതും കൂടിയല്ലേ, അര്‍ത്ഥവത്തല്ലേ ഈ ജീവിതദൈര്‍ഘ്യം സോക്രട്ടീസിനേയോ വേദവ്യാസനേയോ ഗാന്ധിയേയോ വൃദ്ധരായി മാത്രം നാം സങ്കല്പിക്കുന്നത് വാര്‍ദ്ധക്യം വൃദ്ധി, വളര്‍ച്ച എന്നെല്ലാമര്‍ത്ഥങ്ങള്‍ വഹിക്കുന്നതു കൊണ്ട് കൂടിയല്ലേ? യുവാവായിക്കാണപ്പെടല്‍ അത്ര സാരമായൊരവസ്ഥയാണോ? സോക്രട്ടീസിനെ പിന്തുടര്‍ന്നിരുന്ന യുവാക്കള്‍ അദ്ദേഹത്തോട് സഹതപിച്ചിരുന്നോ? അതോ നിസ്സാരമായ സ്വന്തം യൗവ്വനത്തോട് സഹതപിച്ചുവോ? എത്ര മുന്നിലാണദ്ദേഹം, എത്ര നടക്കണം ഒപ്പമെത്താന്‍, അദ്ദേഹത്തിനൊപ്പം എത്തിയവര്‍ ചരിത്രത്തില്‍ത്തന്നെ എത്ര പേരുണ്ട് എന്നവര്‍ ക്ലേശിച്ചിരിക്കില്ലേ? സോക്രട്ടീസിനോളം സോക്രട്ടീസ് മുഴുകുന്നതില്‍ മുഴുകാന്‍ തങ്ങള്‍ക്കാവാത്തതിന്റെ വേദന, തങ്ങളുടെ യൗവ്വനം കൂടിയാണ് എന്നവര്‍ തിരിച്ചറിയില്ലേ? ലൈംഗിക തൃഷ്ണയില്‍ നിന്നും മുക്തമായപ്പോള്‍ താന്‍ ഭൂമിയിലെ യഥാര്‍ത്ഥ ഭംഗികള്‍ ആസ്വദിക്കാന്‍ തുടങ്ങിയെന്ന് സോഫോക്ലിസ്.

''വെള്ള സോക്‌സിട്ട മുടി നാരുകള്‍'' എന്ന പാഠഭാഗത്തെ മുന്‍നിര്‍ത്തി നടന്നൊരു ചര്‍ച്ചയില്‍ ഒരു വിദ്യാര്‍ത്ഥി എന്നോടൊരു രസികന്‍ ചോദ്യം ചോദിച്ചു. ഒരു താലത്തില്‍ യൗവ്വനവും ഒരു താലത്തില്‍ ഇപ്പോഴത്തെ പ്രായവും വെച്ചുനീട്ടിയാല്‍, യുവാവാവാന്‍ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം തന്നാല്‍, താങ്കള്‍ ഏത് സ്വീകരിക്കും? ഞാന്‍ പറഞ്ഞു; എനിക്കിപ്പോഴത്തെ പ്രായം മതി. മുപ്പതോ മുപ്പത്തഞ്ചോ വയസ്സില്‍ ആവതില്ലായിരുന്നു എനിക്ക് ഇന്ന് ചെയ്യുന്നത് ചെയ്യാന്‍. അന്നെഴുതിയത് വായിച്ച് അന്ന് ചിന്തിച്ചത് ആലോചിച്ച്, അന്ന് പ്രവര്‍ത്തിച്ചത് ഓര്‍മ്മിച്ച് ഞാന്‍ പുച്ഛിച്ച് ചിരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ഈ കിതപ്പ്, ഈ ശ്രദ്ധയില്‍പ്പെടായ്ക (എത്ര പേരാണ് എന്റെ കാല്‍വിരലുകള്‍ ചവിട്ടിത്തേയ്ക്കുന്നത്) ഞാനാഗ്രഹിച്ചതല്ല. പക്ഷെ എന്റെ എഴുത്തില്‍, എന്റെ വിചാരങ്ങളില്‍, സാക്ഷാത്ക്കരിയ്ക്കാനാവുമോ എന്ന് അന്നത്തെ എനിക്ക് പേടിയുണ്ടായിരുന്നവ തന്നെയാണ് ഞാന്‍ സാക്ഷാത്ക്കരിക്കുന്നത്. പത്ത് വയസ്സില്‍ വീട് വിട്ട് പോയകുട്ടി, ഇരുപത് വയസ്സില്‍ മടങ്ങി വന്ന് അന്ന് വളരെ ഉയരത്തിലായിരുന്ന കൊമ്പിന്‍മുരടിലെ തത്തപ്പൊത്ത് ഇന്ന് എത്ര താഴെയായി എന്ന് ആനന്ദിക്കുന്നു. ദൃശ്യമായ ഉയരങ്ങള്‍ മാത്രമല്ല ഭൂമിയിലുള്ളതെന്ന് അറിഞ്ഞിട്ടും, അദൃശ്യങ്ങളായ ഉയരങ്ങള്‍ വെല്ലുവിളിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്തിനാണ് ഈ അധമ ബോധം?
(തല്‍സമയം എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, September 24, 2013

പെരുന്തച്ചന്‍

സത്യന്‍ അന്തിക്കാട്‌

സിംഹത്തെപ്പോലെ ഗര്‍ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരു പാവം കുട്ടിയാണ് തിലകന്‍. കൂട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തി എന്ന് സ്വയം വിശ്വസിച്ച് ഏകാന്തതയുടെ വേറൊരു ലോകം നിര്‍മിച്ച് അതില്‍ തനിച്ചിരുന്ന് കലഹിക്കുന്ന കുട്ടി.

തനിച്ചായിരിക്കുമ്പോഴും ഈ മനുഷ്യന്‍ കലഹിച്ചുകൊണ്ടിരിക്കുന്നു. ഒരു പരുക്കന്റെ കവചമണിഞ്ഞ് നടക്കുകയും പിന്നീടത് അഴിച്ചുമാറ്റാനാവാത്ത ഭാരമായിത്തീരുകയും ചെയ്തതിന്റെ ചില വീര്‍പ്പുമുട്ടലുകളില്‍നിന്നാണ് തിലകന്റെ കലഹങ്ങള്‍ ഉണ്ടാകുന്നതെന്നു തോന്നാറുണ്ട്.

Thilakan Memories

അടുത്തടുത്ത് എന്ന സിനിമയിലൂടെയാണ് തിലകനുമായി ഞാനടുക്കുന്നത്. തിലകനും കരമന ജനാര്‍ദനന്‍നായരുമാണ് അതില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. തങ്കപ്പന്‍പിള്ള, അയ്യപ്പന്‍പിള്ള എന്നീ ആത്മമിത്രങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന്റെയും പിണക്കത്തിന്റെയും സംഭവങ്ങളാണ് ആ സിനിമ ചിത്രീകരിച്ചത്. മിത്രങ്ങള്‍ ശത്രുക്കളായപ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ സംശയത്തിന്റെയും വെറുപ്പിന്റെയും അവസ്ഥകള്‍ തിലകനും കരമനയും തീവ്രമായ ഭാവത്തോടെ ഫലിപ്പിച്ചു. ഏലക്കച്ചവടവും മീന്‍കച്ചവടവും ചെയ്ത് തികച്ചും ഗ്രാമീണമായ ഒരു ചുറ്റുപാടില്‍നിന്ന് വലിയൊരു എക്‌സ്‌പോര്‍ട്ടിങ് കമ്പനി മുതലാളിമാരായിത്തീരുന്നതിന്റെ ഒരു ഘട്ടത്തില്‍ അവര്‍ തീവ്രമായി അകലുന്നതിന്റെ ആ കഥയ്ക്ക് അക്കാലത്ത് പുതുമയുണ്ടായിരുന്നു. കെ.ജി. ജോര്‍ജിന്റെ പടം കണ്ടിട്ടാണ് തിലകനെ അടുത്തടുത്ത് എന്ന സിനിമയിലേക്ക് പ്രധാനവേഷം ചെയ്യാന്‍ ക്ഷണിച്ചത്. കെ.ജി. ജോര്‍ജിന്റെ സിനിമകളില്‍ ഏറ്റവുമധികം അമ്പരപ്പിച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലെ തനി നാട്ടിന്‍പുറത്തുകാരനായ ആ കള്ളുകുടിയനെ ആര്‍ക്ക് മറക്കാന്‍ കഴിയും? യവനികയിലെ നാടകക്കമ്പനിയുടെ മാനേജര്‍, നാടകലോകവുമായി അടുത്തിടപഴകിയ ഒരാള്‍ക്കു മാത്രം കഴിയുന്ന തന്‍മയത്വത്തോടെയാണ് തിലകന്‍ അവതരിപ്പിച്ചത്. അടിസ്ഥാനപരമായി തിലകന്‍ ഒരു നാടകനടനാണ്. അഭിനയത്തിന്റെ ചിട്ടയായ പരിശീലനത്തിലൂടെ കടന്നുവന്ന ആള്‍. ഭാവാഭിനയത്തെ സ്വന്തം പിടിയില്‍നിന്ന് തെന്നിമാറാന്‍ തിലകന്‍ സമ്മതിക്കാറില്ല. കണ്ടശ്ശാംകടവില്‍ മണ്ണ് എന്ന നാടകത്തിലഭിനയിക്കാന്‍ തിലകന്‍ വന്നതിന്റെ ഓര്‍മ മനസ്സിലുണ്ട്. മണ്ണിലെ അഭിനയം കണ്ടിട്ട് ഞാന്‍ തരിച്ചിരുന്നുപോയിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമാ, കുടുംബപുരാണത്തിലെ ഡ്രൈവര്‍, നാടോടിക്കാറ്റിലെ അനന്തന്‍ മുതലാളി, സന്താനഗോപാലത്തിലെ ഫാക്ടറി ജീവനക്കാരന്‍ ഇങ്ങനെ ഇടത്തരം കുടുംബജീവിതത്തിലെ മുഖ്യവേഷങ്ങളുമായി ഏറെ താദാത്മ്യം പ്രാപിച്ചുകൊണ്ട് അഭിനയിക്കാന്‍ തിലകന് സാധിച്ചു. സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്. സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും ക്യാമറയ്ക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെ സിനിമയിലേക്കു വന്ന നടന്‍ തിലകന്‍ മാത്രമാണ്. ചില നാടകനടന്‍മാര്‍ സിനിമയിലെത്തുമ്പോഴും നാടകത്തിനു മാത്രം ബാധകമായ അഭിനയശീലങ്ങള്‍ ഉപേക്ഷിക്കാറില്ല. നാടകത്തിന്റെ ഒരു ശീലവും തിലകന്‍ സിനിമയുടെ തട്ടകത്തിലേക്കു കൊണ്ടുവന്നില്ല. നടന്‍ ഈ രണ്ടു തലങ്ങളിലും വ്യത്യസ്തരാണെന്ന ബോധം തിലകനുണ്ട്. ജയറാമിന്, അഭിനയത്തിന്റെ ആദ്യഘട്ടങ്ങളില്‍, സങ്കടം വരുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം ജയറാമിനോട് തിലകന്‍ ഉപദേശിക്കുന്നത് ഞാന്‍ കേട്ടു. 'നമ്മള്‍ സ്‌ക്രീനില്‍നിന്ന് കരയരുത്. വിങ്ങിപ്പൊട്ടുന്ന ഭാവത്തോടെ നില്ക്കണം. ആ ഭാവം കണ്ട് പ്രേക്ഷകര്‍ കരയണം. ഇത് വലിയൊരു അഭിനയപാഠമാണ്.' തിലകന്‍ ജയറാമിനു നല്കിയ ഈ ഉപദേശം സംവിധായകന്‍ എന്ന നിലയില്‍ എന്നെയും ഒരുപാട് സ്വാധീനിച്ചു. ചില രംഗങ്ങള്‍ പ്രേക്ഷകരിലാണ് പൂര്‍ണഭാവത്തോടെ ഫലപ്രാപ്തിയില്‍ എത്തേണ്ടത്. കിരീടത്തില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയഭാവം പ്രേക്ഷകര്‍ അനുഭവിക്കുന്നു. മലയാളസിനിമയിലെ ഭാവാഭിനയത്തിന്റെ മികച്ച ദൃഷ്ടാന്തമായി എടുത്തുകാട്ടാന്‍ ഉണ്ടാവുക തിലകന്റെ സിനിമകളായിരിക്കും.

സെറ്റില്‍ ഒരു പരുക്കന്‍ഭാവം തിലകന്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഒരു തൂവല്‍സ്​പര്‍ശം കൊണ്ടുമാത്രമേ ആ മനുഷ്യന്റെ ഹൃദയത്തെ നമുക്ക് വരുതിയിലാക്കാന്‍ കഴിയൂ. പരുക്കനായ ഈ നടനിലെ പച്ചമനുഷ്യന്‍ സ്‌നേഹത്തിനു മുന്നില്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മെരുങ്ങുന്നതായിട്ടാണ് എന്റെ അനുഭവം. ഒരു സംവിധായകനായിരിക്കുമ്പോഴും തിലകന്‍ എന്ന നടനോട് എനിക്ക് ആരാധനയാണ്. അഭിനയത്തിന്റെ അസാധാരണമായ ചില നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാന്‍ തിലകന് നിഷ്പ്രയാസം സാധിക്കുന്നു എന്ന തിരിച്ചറിവില്‍നിന്നുണ്ടായ ആരാധനയാണത്. അതുകൊണ്ട് കലഹിക്കുന്നതിന്റെ ചെറിയ ലാഞ്ഛന കാണുമ്പോള്‍ത്തന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ അനുനയിപ്പിക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിയിരിക്കും. കാരണം, തിലകന്‍ അത്രമേല്‍ വ്യത്യസ്തനാണ്. വ്യത്യസ്തമായ എന്തും വിലപ്പെട്ടതാണ്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തിലകന്‍ എന്ന നടനും കെ.പി.എ.സി. ലളിത എന്ന നടിയും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നില്ല. സാധാരണ ഒരു നടിയോ നടനോ മാത്രമല്ല അവര്‍. ക്യാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള്‍ സംവിധായകന് ആത്മവിശ്വാസം പകരുന്ന ഒരു കരുത്ത് അവര്‍ പകര്‍ന്നുനല്കാറുണ്ട്. നടന്‍മാരില്‍നിന്ന് സംവിധായകരിലേക്ക് അങ്ങനെയൊരു ഊര്‍ജപ്രവാഹമുണ്ടാകാറുണ്ട്.

ചിത്രീകരണഘട്ടത്തില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ തിലകന്‍ രോഗത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍, താനൊരു രോഗിയാണെന്ന ബോധം അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ തിലകന്‍ പ്രകടിപ്പിച്ചില്ല. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ രോഗത്തിന്റെ വേദന മറക്കാന്‍ തിലകന്‍ അല്പം മദ്യപിക്കുമായിരുന്നു. ഇതറിഞ്ഞ ഞാന്‍ സെറ്റിലേക്കു പുറപ്പെടുമ്പോള്‍ ആദ്യം തിലകന്റെ മുറിയിലേക്കു പോകും. തിലകനെ വിളിച്ചെഴുന്നേല്പ്പിച്ച്, പല്ലുതേപ്പിച്ച് എന്നോടൊപ്പംതന്നെ സെറ്റിലേക്ക് കൊണ്ടുപോകും.

തനിച്ചിരുന്ന് മദ്യപിച്ചു വരികയാണെങ്കില്‍ രംഗങ്ങള്‍ അവതാളത്തിലാക്കിയേക്കുമോ എന്ന ഭയം കാരണമാണ് ഞാന്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു പെഗ് കഴിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു നല്കിയിരുന്നു.

അറിഞ്ഞുകൊണ്ട് ആരെങ്കിലും കബളിപ്പിക്കുന്നത് തിലകന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കുടുംബപുരാണത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ മൂള്ളൂര്‍ക്കര എന്ന സ്ഥലത്തുവെച്ച്. സിനിമയ്ക്ക് വൈകിമാത്രം പേരിടുന്ന ഒരു ശീലക്കാരനാണ് ഞാന്‍. ചിത്രീകരണത്തിന്റെ ഒരു സ്റ്റേജ് കഴിയുമ്പോള്‍ പരസ്യമായ ഒരു ചര്‍ച്ച പേരിനെക്കുറിച്ച് സെറ്റില്‍ നടക്കും. ഓരോരുത്തരും ഓരോ പേരുമായി സെറ്റിലേക്കു വരും. അതില്‍ തിലകനും ഒരു പേര് നിര്‍ദേശിച്ചു. 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്' എന്നതായിരുന്നു തിലകന്‍ പറഞ്ഞ പേര്. ഈ പേര് അപ്പോള്‍ത്തന്നെ ഞാന്‍ ശ്രീനിവാസന് കൈമാറി. ശ്രീനിവാസന്‍ തിലകനെ ഫോണ്‍ ചെയ്തു പറഞ്ഞു:
'സത്യനെ വിളിച്ചിട്ടു കിട്ടുന്നില്ല. സത്യനോട് പറയണം, ഞാനൊരു നല്ല പേര് കണ്ടുവെച്ചിട്ടുണ്ട് 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്'. തിലകന്‍ ഫോണ്‍ വെച്ചു. ലൊക്കേഷനിലെത്തിയ തിലകന്റെ മട്ടുമാറിയിരുന്നു. താന്‍ മൗലികമായി കണ്ടുപിടിച്ച സിനിമാപ്പേര്
ശ്രീനിവാസന്‍ അടിച്ചെടുത്തു എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ശ്രീനിവാസന്‍ തിലകനെ വട്ടംകറക്കുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ശ്രീനിവാസനും തിലകനുമായി നടന്ന ഈ പേരിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം ഞാന്‍ ദൂരെനിന്ന് നോക്കിക്കണ്ടു. ഇതൊരു ഡബിള്‍ പ്ലേ നടത്തിയതാണ് എന്ന് അന്ന് വൈകുന്നേരംവരെ തിലകന്‍ ചേട്ടന് മനസ്സിലായിരുന്നില്ല.

നല്ലൊരു വായനക്കാരനാണ് തിലകന്‍. അതുകൊണ്ട് എഴുത്തുകാരോടാണ് സിനിമാക്കാരേക്കാള്‍ ആരാധന. തിലകന്‍വഴിയാണ് ലോഹിതദാസ് സിനിമയിലേക്കു വരുന്നത്. ലോഹിതദാസിന്റെ നാടകസ്‌ക്രിപ്റ്റുകളുടെ ശക്തി തിരിച്ചറിഞ്ഞ തിലകന്‍ സിനിമയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു. നമ്മള്‍ തള്ളിക്കളയുമായിരുന്ന പലരേയും തിലകന്‍ ക്ഷമാപൂര്‍വം കേള്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 'ജീവിതം ഒരു നാടകം' എന്നത് തിലകനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അടിമുടി നാടകീയത നിറഞ്ഞതാണ് ആ ജീവിതം. കുടുംബജീവിതം നയിക്കുമ്പോഴും സാമ്പ്രദായികമായ കുടുംബസങ്കല്പങ്ങളെ തിലകന്‍ ദൂരെ നിര്‍ത്തുന്നു.

തിലകന്റെ ജീവിതത്തിന്റെ സംവിധാനവും അതിലെ പ്രധാന നടനും തിലകന്‍തന്നെയാണ്.

ഏതു സംവിധായകന്റെ സിനിമയിലും തികച്ചും ആത്മാര്‍ഥമായി അഭിനയിക്കുന്ന ശീലം തിലകനുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമ റിലീസാകുമോ ഇല്ലയോ എന്നുപോലും ഈ നടന്‍ നോക്കാറില്ല. ഒരിക്കല്‍ തിലകന്‍ എന്നോട് പറഞ്ഞു: 'ദേവരാജന്‍ മാഷിന്റെ മാനറിസങ്ങള്‍ ഞാനൊരു കഥാപാത്രത്തിന് പകര്‍ന്നിട്ടുണ്ട്. പക്ഷേ, ആ സിനിമ റിലീസായില്ല.' തുടര്‍ന്ന് തിലകന്‍ ആ കഥാപാത്രത്തെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന് എനിക്കു മുന്നില്‍ അഭിനയിച്ചു. അദ്ഭുതകരമായിരുന്നു ആ അഭിനയം. ഏതോ ഒരു പുതുമുഖസംവിധായകന്റെ റിലീസാകാത്ത സിനിമയില്‍ തിലകന്റെ ദേവരാജഭാവം ഉറങ്ങിക്കിടക്കുന്നു.
Thilakan Memories

മലയാളിയുടെ ഓര്‍മയില്‍നിന്ന് തുടച്ചുകളയാനാവാത്ത ഒരു കഥയാണ് പെരുന്തച്ചന്‍േറത്. ആധുനികോത്തര കഥകളിലൂടെയും കാലത്തിലൂടെയും നാം കടന്നുപോകുമ്പോഴും നമ്മുടെ ബോധം ഗ്രാമ്യമായ ആ നാടോടിക്കഥയിലേക്ക് പല സന്ദര്‍ഭങ്ങളിലും തിരിച്ചുപോകാറുണ്ട്. ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് 'പ്രൊഫഷണല്‍ ജലസി'. നിങ്ങള്‍ കര്‍മനിരതനാണെങ്കില്‍ സംശയമില്ല, ശത്രുക്കളുടെ എണ്ണം കൂടുതലായിരിക്കും. അടിസ്ഥാനപരമായ മനുഷ്യവാസന സംശയത്തിന്റെയും വിദ്വേഷത്തിന്റെയും ചുറ്റുമാണ് വെറുതെയെങ്കിലും കറങ്ങിക്കൊണ്ടിരിക്കുന്നത്. അകാരണമായ അസൂയ, വെറുപ്പ്, സുഹൃത്തോ മകനോ തന്റെ ശത്രുവാണെന്ന ബോധം - ഇത്തരം നിഷേധവാസനകളെ ഏറ്റവും ഫലപ്രദമായി ആവാഹിച്ച ആ ഗ്രാമകഥയിലെ നായകനായി തിലകന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. കാഴ്ചയ്ക്കപ്പുറത്ത് ആ പെരുന്തച്ചന്‍ നമ്മോടൊപ്പമുണ്ട്. പേശീബലമുള്ള, ദൃഢഭാവമുള്ള ഒരു പരുക്കന്‍ തച്ചന്‍. ഉള്ളിലെവിടെയോ നിറയുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തത ആ ഭാവത്തില്‍ പ്രേക്ഷകനു തിരിച്ചറിയാനുമാവുന്നുണ്ട്. പെരുന്തച്ചന്‍ എന്ന ഗ്രാമകഥയുടെ പാഠഭേദമാണ് എം.ടി.യുടെ സിനിമ. ഭീമനും ചന്തുവിനും എം.ടി. സ്വന്തം ഭാവനയുടെ വാക്കും ഭാവവുമാണ് നല്കിയത്. പെരുന്തച്ചന്‍ എം.ടി.യുടെ തച്ചനാണ്. പക്ഷേ, തിലകന്‍, ഗ്രാമകഥയിലെ പെരുന്തച്ചനും.

മറക്കാനാവാത്ത മറ്റൊരു ഓര്‍മ: നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയില്‍ തിലകന്‍ ഒരു ചിത്രം ചുവരില്‍നിന്ന് പറിച്ച് മാറ്റുമ്പോള്‍ ശാരിയിലേക്കൊരു നോട്ടമുണ്ട്.

ആ നോട്ടം പതിഞ്ഞത് ക്യാമറയിലല്ല; പ്രേക്ഷകന്റെ മനസ്സിലാണ്.

മൂന്നാംപക്കത്തില്‍ പേരക്കുട്ടിയുടെ ബലിതര്‍പ്പണത്തിനായി മുത്തച്ഛന്‍ കടലിലിറങ്ങുകയാണ്. ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ തിലകന്‍ പത്മരാജനോട് പറഞ്ഞുവത്രെ: 'പത്മരാജന്‍, ഞാന്‍ കടലിലേക്കു പോവുകയാണ്. തിരിച്ചുവരണം എന്ന ആഗ്രഹം എനിക്കില്ല. എന്റെ എല്ലാമായ പേരക്കിടാവാണല്ലോ എനിക്ക് നഷ്ടപ്പെട്ടത്. ഞാന്‍ തിരിച്ചുവരേണ്ടത് നിങ്ങളുടെ ആഗ്രഹമാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് വേണ്ടതുചെയ്യാം...' പത്മരാജന്‍ തിലകന്റെ മുഖത്തു നോക്കി. കടലില്‍നിന്ന് തിരിച്ചുവരാനാഗ്രഹിക്കാത്ത ഒരു മുത്തച്ഛന്റെ ഭാവം ആ മുഖത്ത് ഉണ്ടായിരുന്നതായി പത്മരാജന്‍ പറഞ്ഞു. കടലിലേക്ക് മുത്തച്ഛന്‍ കാലെടുത്തുവെക്കുമ്പോള്‍ പത്മരാജന്റെ മനസ്സ് പതറി. ദൈവമേ, തിലകന് ഒന്നും സംഭവിക്കരുതേ!

ആ പ്രാര്‍ഥന ഇപ്പോഴുമുണ്ട്. തിലകനെ സ്‌നേഹിക്കുന്ന പ്രേക്ഷകരും സംവിധായകരും ഒരുപോലെ ആഗ്രഹിക്കുന്നു. കലഹത്തിന്റെയും പിണക്കത്തിന്റെയും കടലില്‍നിന്ന് തിലകന്‍ തിരിച്ചുകയറണം. ഒരു നായര്‍ലോബി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് തിലകന്‍ പറയുന്നുണ്ടല്ലോ. അത് അവാസ്തവികമായ ഒരു പ്രസ്താവനയായിട്ടാണ് എനിക്കു തോന്നുന്നത്. നെഞ്ചില്‍ കൈവെച്ചുകൊണ്ട് ഞാന്‍ പറയുന്നു. തിലകന്‍ചേട്ടന്‍ സിനിമയിലേക്ക് സജീവമായി തിരിച്ചുവരണം. അതിന് തടസ്സം നില്ക്കുന്ന ഒരാളും ഇന്ന് മലയാളസിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം, മലയാളസിനിമ തിലകനെ അത്രമേല്‍ സ്‌നേഹിക്കുന്നു. കിലുക്കത്തിലെ മുന്‍കോപിയായ ആ മനുഷ്യനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, പെരുന്തച്ചനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, മൂന്നാംപക്കത്തിലെ മുത്തച്ഛനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, ഓര്‍മയുടെ ഖനിയില്‍ എല്ലാ കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ തിലകനെ കാത്തിരിക്കുന്നുണ്ട്.

കാലം തിലകനെ തിരിച്ചുവിളിക്കുന്നു.

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Saturday, March 23, 2013

കഥ, തിരക്കഥ, സിനിമ

എം.ടി.വാസുദേവന്‍ നായര്‍


M T Vasudevan Nair
പുതിയ സിനിമ വ്യക്തിയുടെ കലയാണ്. ഒരാള്‍ കവിതയെഴുതുന്നതുപോലെ, ചിത്രം വരയ്ക്കുന്നതുപോലെ സിനിമ സൃഷ്ടിക്കുന്നു. സിനിമ വന്‍കിട വ്യവസായമാക്കി ലോകകമ്പോളത്തെ ഭരിച്ച ഹോളിവുഡ് സാമ്രാജ്യത്തിന്റെ തകര്‍ച്ച ഇതൊന്നുകൂടി ഉറപ്പിക്കുന്നു. സൂപ്പര്‍ എട്ടിലും പതിനാറു മില്ലിമീറ്ററിലും തനിക്കിഷ്ടപ്പെട്ട രീതിയില്‍, ദൈര്‍ഘ്യത്തില്‍ സിനിമ എടുക്കുന്ന ആധുനികമാര്‍ഗത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. പാരമ്പര്യ മുറയില്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്ന പ്രസ്ഥാനത്തില്‍ എഴുത്തുകാരന്റെ പങ്കെന്ത്?

സിനിമയുടെ തറവാട്ടില്‍ മൂപ്പനുസരിച്ച് മൂന്നാംകൂറിന്റെ സ്ഥാനമാണ് എഴുത്തുകാരന് ലോകമൊട്ടുക്കും അംഗീകരിച്ചുകൊടുത്തിട്ടുള്ളത്. പ്രൊഡ്യൂസറും ഡയറക്ടറും കഴിഞ്ഞാല്‍ പിന്നെ സ്‌ക്രീന്‍പ്ലേ രചയിതാവ്. നാലും അഞ്ചും സ്ഥാനങ്ങള്‍ ക്യാമറാമാനും ആര്‍ട്ട് ഡയറക്ടര്‍ക്കുമാണ്. അപ്പോള്‍ സ്വാഭാവികമായി സംശയിക്കുന്നവരുണ്ടാവും: താരങ്ങളോ? താരങ്ങള്‍ സ്രഷ്ടാക്കളല്ല, വ്യാഖ്യാതാക്കളാണ്.

ചലച്ചിത്രത്തിന് ഒരു കഥ വേണം, കഥ ആദിമധ്യാന്തമുള്ളതാവാം. തലമുറകള്‍ പ്രത്യക്ഷപ്പെടുന്നതാവാം. ഒരു വ്യക്തിയുടെയാവാം. ഒരന്തരീക്ഷത്തിന്റെയോ നിമിഷത്തിന്റെയോ ആവാം. നിമിഷത്തിന്റെ ചിറകിലെ പരാഗരേണുപോലെ, ചിലന്തിവലയെ വര്‍ണംപിടിപ്പിക്കുന്ന അന്തിക്കതിരുപോലെ അത്ര സൂക്ഷ്മവും ലോലവും ആവാം. പക്ഷേ, അതും കഥ എന്ന വകുപ്പില്‍ ഉള്‍പ്പെടുന്നു. അത് മീഡിയത്തിന്റെ ഘടകങ്ങള്‍ ഉപയോഗിച്ച് പറയുമ്പോള്‍ തിരക്കഥയാകുന്നു. പ്രകടവും മൂര്‍ത്തവുമായ ചലനം, അദൃശ്യമെങ്കിലും സംവേദനക്ഷമമായ മാനസികചലനം, വാക്ക്, ശബ്ദം, നിശ്ശബ്ദത, സംഗീതം, പ്രേക്ഷകന് സ്വന്തം മനസ്സിന്റെ അറയില്‍വച്ച് സൃഷ്ടി നടത്താന്‍ വിടുന്ന വിടവുകള്‍ എന്നീ ഘടകങ്ങള്‍ വച്ചുകൊണ്ടാണ് സ്‌ക്രീന്‍ പ്ലേ രചയിതാവ് പുതിയ മീഡിയത്തിലേക്ക് കഥ പകര്‍ത്തുന്നത്.

നമ്മുടെ നാട്ടിലെന്നതുപോലെ ചലച്ചിത്രം വന്‍കിട വ്യവസായമായ നാടുകളിലൊക്കെ നിര്‍മാണകേന്ദ്രങ്ങളില്‍ ശമ്പളക്കാരായ എഴുത്തുകാരടങ്ങുന്ന കഥാവകുപ്പുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് അവര്‍ കൂട്ടായി ഇരുന്ന് കഥകളെഴുതി, കളഞ്ഞു. വീണ്ടും എഴുതി. നിര്‍മാതാക്കള്‍ തൃപ്തിപ്പെടുന്നതുവരെ. താവഴിക്രമത്തില്‍ എവിടെയും അവരെ ആരും ഉള്‍ക്കൊള്ളിച്ചില്ല. പിന്നീട് സാഹിത്യത്തിലെ മഹാരഥന്മാരെ പലരെയും സ്റ്റുഡിയോകള്‍ വലിയ തുകകള്‍ക്ക് ക്ഷണിച്ചുവരുത്തി. ഉദാഹരണം ഫോക്‌നര്‍തന്നെ. പക്ഷേ, ഈ കൊടുംകാട്ടില്‍ അവര്‍ അമ്പരന്നുനിന്നു. ചിലര്‍ നിരാശരായി തിരിച്ചുപോയി. ചിലര്‍ മായികലോകത്തിന്റെ വേഗത്തിനൊപ്പം നീങ്ങാനാവാതെ മാനസികമായും ശാരീരികമായും തകര്‍ന്നുവീണു. ഉദാഹരണം സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡ്.

പക്ഷേ, സ്റ്റുഡിയോകളിലെ ചെറിയ മുറികളില്‍ ടൈപ്പ്‌റൈറ്ററുകള്‍ക്ക് പിന്നില്‍ ആരുമറിയാതെ ശമ്പളക്കാര്‍ പണിചെയ്തുകൊണ്ടേയിരുന്നു. അവരില്‍ ചിലരെ അംഗീകരിക്കാതെ നിലയില്ലെന്നുവന്നു. മൂപ്പിളമ തിരുത്തിയെഴുതാന്‍ കാലമേറെ കഴിയേണ്ടിവന്നില്ല.

ബര്‍ണാഡ്ഷാ പറഞ്ഞു, നോവലിസ്റ്റുതന്നെ നോവലിന്റെ തിരക്കഥയെഴുതണം, എന്നിട്ട് നോവലിസ്റ്റുതന്നെ അത് സംവിധാനം ചെയ്യണം. ഇത് അര്‍ഥശൂന്യമായ അഭിപ്രായമാണ്. ചലച്ചിത്രമുണ്ടാക്കാനറിയുന്ന നോവലിസ്റ്റാണെങ്കില്‍, ചലച്ചിത്രമുണ്ടാക്കാനാഗ്രഹിക്കുന്നുവെങ്കില്‍ നേരെ സ്‌ക്രീനിനുവേണ്ടി എഴുതിയാല്‍ മതി.

സ്‌ക്രീന്‍പ്ലേ ഒരുതരം മൂന്നാംകിട സാഹിത്യമായി കരുതിയിരുന്ന കാല മുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ വിദ്യാര്‍ഥികള്‍ മാത്രമല്ല സാഹിത്യ ത്തിന്റെ ആരാധകരും സ്‌ക്രീന്‍പ്ലേകളെ ഇന്ന് ഗൗരവപൂര്‍വം വായിക്കുന്നു. ലോകത്തിലെ മികച്ച ചലച്ചിത്രശില്പികളുടെയെല്ലാം സ്‌ക്രീന്‍പ്ലേ ഗ്രന്ഥങ്ങള്‍ക്ക് ഇന്ന് പുസ്തകങ്ങളെന്ന നിലയ്ക്കുതന്നെ വില്‍പ്പനയുണ്ട്, അംഗീ കാരമുണ്ട്. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും 'ത്രില്ലറെ'ഴുത്തുകാര്‍ എളുപ്പത്തില്‍ ചലച്ചിത്രമാക്കാന്‍ പാകത്തിലും രൂപത്തിലും നോവലെഴുതിത്തുടങ്ങിയതാണ് ഇതിന്റെ ഒരു മറുപുറം. കുറസാവയുടെയും ബര്‍ഗ്മാന്റെയും സ്‌ക്രീന്‍പ്ലേകള്‍ക്ക് സാഹിത്യകൃതികളില്‍നിന്ന് താഴത്ത് സ്ഥാനം നല്‍കാന്‍ ആരും ധൈര്യപ്പെടില്ല. ബര്‍ഗ്മാന്‍ ജീവിതത്തിന്റെ ഗതിവിഗതികളെയും വൈകാരികബന്ധങ്ങളിലെ സങ്കീര്‍ണതകളെയും ഗ്രീഷ്മരാവിന്റെ വികാരഭേദങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍ അവിടെ സിനിമ അല്ലെങ്കില്‍ സാഹിത്യം കാവ്യാത്മകതയുടെ ഉന്നതമേഖലയില്‍ എത്തുന്നു. മരണം കറുത്ത ഉടയാടയണിഞ്ഞ് ഭടനുമായി ചതുരംഗം കളിക്കാനിരിക്കുന്ന രംഗം സങ്കല്പിച്ച ബര്‍ഗ്മാന്‍ മഹാകവിതന്നെ. കുറസാവയുടെ 'ഇക്കിറു' മറ്റ് ഏതു ദുരന്തനാടകത്തെക്കാളും ശക്തിയായി വായനക്കാരന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നു.

മികച്ച സാഹിത്യഗ്രന്ഥങ്ങളെന്ന നിലയ്ക്കുതന്നെ ഫെല്ലീനി, അന്‍ടോണിയോണി, ഗ്രില്ലെ, ഗോദാര്‍ദ് തുടങ്ങിയവരുടെ സ്‌ക്രീന്‍പ്ലേകള്‍ വായിക്കാം. സ്‌ക്രീന്‍പ്ലേയ്ക്ക് ദൃശ്യനോവലുകളുടെ (Visual Novels) രൂപംനല്‍കുകയെന്ന പരീക്ഷണം നടത്തിയ രണ്ട് എഴുത്തുകാരെങ്കിലുമുണ്ട്-ആര്‍തര്‍ മില്ലറും ഏലിയ കസാനും. സാങ്കേതികമായ നിബന്ധനകളും നിര്‍ദേശങ്ങളും വ്യംഗ്യഭംഗ്യാ ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെ അവര്‍ നോവലിനും സ്‌ക്രീന്‍പ്ലേയ്ക്കും ഇടയില്‍നിന്നുകൊണ്ട് എഴുതി.

മാതൃകയ്ക്കുവേണ്ടി കസാന്റെ ഒരു രംഗം ഉദ്ധരിക്കാം:
ഐസക്കും സ്റ്റാവ്രോസും മുന്‍സിപ്പല്‍ കെട്ടിടത്തിന്റെ മുന്‍വശത്തെ പടവുകളിറങ്ങുന്നു.

സ്റ്റാവ്രോസ് അച്ഛനെ നോക്കുകയാണ്. അയാളെ പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ ശ്രമിക്കുന്നതുപോലെ. പെട്ടെന്ന് ഐസക് തലതിരിക്കുന്നു. അയാള്‍ മകനെ നോക്കുന്നു. മകന്‍ അറിയാതെ കണ്ണുകള്‍ താഴ്ത്തിപ്പോകുന്നു.
ഐസക്: സ്റ്റാവ്രോസ്, എന്താ?
അവന്‍ വീണ്ടും മിഴികളുയര്‍ത്താതെ നടക്കുന്നു. ഐസക് പിന്നിലാവുന്നു. അയാള്‍ മകനെ മനസ്സിലാക്കാന്‍ പാടുപെടുകയാണ്.
സ്റ്റാവ്രോസ് നടന്ന് ഇടുങ്ങിയ ഒരിടത്തെരുവിന് അടുത്തെത്തുന്നു. പൊടുന്നനെ വിശദീകരണമൊന്നുമില്ലാതെ അവന്‍ തിരിഞ്ഞ് ഇടവഴിയിലൂടെ ഓടിയകലുന്നു. ഐസക് ഇടവഴിയിലൂടെ മുഖത്തേക്കോടി വിളിക്കുന്നു:
സ്റ്റാവ്രോസ്! സ്റ്റാവ്രോസ്!
സ്റ്റാവ്രോസ് ഇപ്പോള്‍ ചെകുത്താനേറ്റ വേഗതയിലാണ് ഓടുന്നത്. ഒരു നിമിഷം, രണ്ടുനിമിഷം. അവന്‍ പൊയ്ക്കഴിഞ്ഞു. ഐസക് തിരികെ നടക്കുന്നു. അപ്പോള്‍ അയാള്‍ അസ്വസ്ഥനാണ്.
ക്യാമറയുടെ ചലനങ്ങളെ മുഴുവന്‍ കണക്കിലെടുത്തതുകൊണ്ടുതന്നെ യാണ് ഇതെഴുതപ്പെട്ടത്. ട്രാക്കിങ് ഷോട്ടും പുള്‍ബാക്കിങ്ങും മറ്റും അലോസരമുണ്ടാക്കുന്ന വെറും വായനക്കാരന് തൃപ്തിയാവുകയും ചെയ്യുന്നു.

ഡയറക്ടറും സ്‌ക്രീന്‍പ്ലേ എഴുത്തുകാരനും തമ്മില്‍ പ്രേമത്തിലകപ്പെട്ടവരെപ്പോലെ പരസ്​പരധാരണ ഉണ്ടാവണമെന്നാണ് വിദഗ്ധരുടെ പക്ഷം. ഡയറക്ടറും എഴുത്തുകാരും ചേര്‍ന്ന ടീമുകളുടെ വിജയത്തിനാസ്​പദം ഈ ധാരണതന്നെ. ഒരാള്‍ മനസ്സില്‍ കാണാന്‍ തുടങ്ങുമ്പോഴേക്ക് കൂട്ടുകാരന്‍ മറുവശം കണ്ടിരിക്കും. ജോണ്‍ ഫോര്‍ഡും ഡഡ്‌ലി നിക്കള്‍സും തമ്മില്‍ ഫാന്‍ക് കാപ്രയും റോബര്‍ട്ട് റിസ്‌കിനും തമ്മില്‍ ബില്ലി വൈല്‍ഡറും ചാറല്‍സ് ബ്രാക്കറ്റും തമ്മില്‍ ഡേവിഡ് ലീന്നും റോബര്‍ട്ട് ബോള്‍ട്ടും തമ്മില്‍ അങ്ങനെ നിരവധി ടീമുകള്‍ക്ക് ഈ ധാരണയുണ്ടായിരുന്നു. സിനിമ അറിയാത്ത ആളാണെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള ഗ്രില്ലെ തനിക്ക് തോന്നിയ രീതിയില്‍ 'ലാസ്റ്റ് ഇയര്‍ എറ്റ് മറൈന്‍ബാദ്' എഴുതി. ആദ്യചര്‍ച്ചയില്‍നിന്ന് വ്യതിചലിച്ച് എഴുതിയ ഭാഗങ്ങളെപ്പറ്റി - മാറ്റിയെഴുതാന്‍ വേണ്ടി - പറയാന്‍ അലന്‍ റെനായ് തയ്യാറെടുത്തിരിക്കുകയായിരുന്നു. അദ്ഭുതം, താനാവശ്യപ്പെടാതെതന്നെ മാറ്റങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. തനിക്കാവശ്യമുള്ള മാറ്റങ്ങള്‍.

മികച്ച സംവിധായകരെല്ലാം മികച്ച സ്‌ക്രീന്‍പ്ലേ എഴുത്തുകാരുമാണ്. സാഹിത്യമല്ല, സംഗീതമാണ് സിനിമയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ട രൂപം എന്നുപറയാറുണ്ടെങ്കിലും ബര്‍ഗ്മാന് ഈ കൂട്ടത്തില്‍ ഒന്നാംസ്ഥാനം നല്‍കേണ്ടതുണ്ട്. എഴുത്തുകാര്‍ ചിത്രനിര്‍മാതാക്കളായി മാറിയ സന്ദര്‍ഭങ്ങളും നിരവധിയാണ്. ആദ്യത്തെ എക്‌സ്​പ്രഷനിസ്റ്റ് ചിത്രമായ 'കാബിനറ്റ് ഓഫ് ഡോക്ടര്‍ കലിഗരി' ഇന്നും ഓര്‍മിക്കപ്പെടുന്നത് ചലച്ചിത്രകഥ എഴുതി നിര്‍മാതാവിനെ തേടിനടന്ന രണ്ട് തലതിരിഞ്ഞ എഴുത്തുകാരുടെ പേരിലാണ്-കാള്‍ മേയറും ഹാന്‍സ് ജാനോവിറ്റ്‌സും.

പക്ഷേ, സാഹിത്യവും സിനിമയും വേറെയാണ്. സങ്കേതങ്ങള്‍ വേറെയാണ്. കഥാപാത്രങ്ങളുടെ, സംഭവങ്ങള്‍ നടക്കുന്ന രംഗത്തിന്റെ പുറത്തു നിന്നുകൊണ്ടുതന്നെ, അവരുടെ സ്വഭാവസവിശേഷതകള്‍ എഴുത്തുകാരന് വായനക്കാരനെ ധരിപ്പിക്കാം. 'പൂവമ്പഴംകൊണ്ട് കഴുത്തുമുറിക്കുന്ന പ്രകൃതിയാണ് അയാളുടെ' എന്നു കഥയില്‍ പറഞ്ഞാല്‍ സ്വഭാവം പൂര്‍ത്തിയായി. അയാളുടെ ബാഹ്യമായ സൗമ്യഭാവവും പിടികിട്ടാത്തവിധം അഭിനയിക്കപ്പെടുന്ന മധുരോദാരതയും അവസരത്തിന്റെ മുന്നിലെത്തുമ്പോള്‍ നിര്‍വികാരതയോടെ അയാള്‍ ചെയ്യുന്ന സ്വാര്‍ഥവൃത്തിയും ദൃശ്യമായി. യുക്തിയുക്തമായി സ്‌ക്രീനില്‍ പകര്‍ത്താന്‍ സ്‌ക്രീന്‍പ്ലേ എഴുത്തുകാരന്‍ കഷ്ടപ്പെടുകതന്നെ വേണം. എഴുത്തുകാരന് ആത്മാലാപങ്ങളുപയോഗിക്കാം. മനസ്സിന്റെ ഉള്ളിലേക്ക് നോക്കി അവിടെ നടക്കുന്ന അന്തസ്സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്താം. അന്യപ്രതിബിംബങ്ങളെ ഉപയോഗിച്ച് പരോക്ഷമായി പ്രസക്ത വികാരം സൃഷ്ടിക്കാം.

'അയാള്‍ പടിഞ്ഞാറന്‍ മാനത്തേക്ക് നോക്കി. ജീവനറ്റ സന്ധ്യ; കണ്ണീരൊതുക്കിയ കറുത്ത മേഘങ്ങള്‍' എന്നെഴുതുമ്പോള്‍ കഥാപാത്രത്തിന്റെ മാനസികകാലാവസ്ഥ പ്രകടമാവുന്നു. സ്‌ക്രീന്‍പ്ലേ എഴുത്തുകാരനോ? ചെയ്യുന്ന കാര്യങ്ങളിലൂടെ, പറയുന്ന വാക്കുകളിലൂടെ, കാണുന്ന മൂര്‍ത്ത സംഭവങ്ങളിലൂടെ, കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥാപാത്രത്തിന്റെ മനസ്സ് തുറന്നുകാട്ടേണ്ടത്.

വാക്കും പ്രവൃത്തിയും സഹായത്തിനെത്താത്ത സന്ദര്‍ഭങ്ങളിലാണ് സ്‌ക്രീന്‍പ്ലേ രചയിതാവിന് വെല്ലുവിളി നേരിടേണ്ടത്. ലിയാം ഓഫ്‌ളാഹര്‍ട്ടിയുടെ സുപ്രസിദ്ധമായ 'ഇന്‍ഫോര്‍മര്‍' ജോണ്‍ഫോര്‍ഡ് സിനിമയാക്കിയപ്പോള്‍ ഡഡ്‌ലി നിക്കോള്‍സ് പ്രകടിപ്പിച്ച വൈദഗ്ധ്യം ഇന്നും സ്‌ക്രീന്‍പ്ലേ വിദ്യാര്‍ഥികള്‍ കണ്ടുപഠിക്കേണ്ടതാണ്. കഥാപാത്രങ്ങള്‍ക്ക് തന്റേതായ ചില മാനങ്ങള്‍ (Dimensions) നല്‍കിയത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഇരുപത് പവനുവേണ്ടി ഒളിവിലുള്ള തന്റെ പഴയ കൂട്ടുകാരന്‍ ഫ്രാങ്കിയെ ഒറ്റിക്കൊടുക്കുന്ന ഗൈപ്പോവിന്റെ ധര്‍മസങ്കടമാണ് വിഷയം.

ഫ്രാങ്കിയെപ്പറ്റി വിവരം കൊടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കപ്പെടുമെന്നുള്ള പോസ്റ്ററാണ് ഗൈപ്പോവിന്റെ മനസ്സില്‍ വളരുന്ന വിഷവിത്തിന്റെ പ്രതിരൂപം. ഗൈപ്പോ നടന്നുപോകുമ്പോള്‍ ചുവരില്‍നിന്ന് അടര്‍ന്നുവീണു കിടക്കുന്ന പോസ്റ്റര്‍ അയാളെ പിന്തുടരുന്നു. കാറ്റില്‍ കാലില്‍ കുടുങ്ങിയ അതിനെ ജീവനുള്ള ഒരു വസ്തുപോലെ അയാള്‍ ഭീതിയോടെ ചവിട്ടിയകറ്റുന്നു.

പിന്നെയും കാറ്റില്‍ അന്തരീക്ഷത്തില്‍ ഒരു പ്രേതംപോലെ അയാളെ അസ്വസ്ഥനാക്കാന്‍ അത് പാറിനടക്കുന്നു. ഡാനുമായുള്ള കൂടിക്കാഴ്ചയില്‍ തീ കായാനൊരുക്കിയ അടുപ്പില്‍ ആ പോസ്റ്റര്‍തന്നെ വീണ്ടും കത്തുന്നത് കാണാം. തീജ്വാലകള്‍ ഫ്രാങ്കിയുടെ മുഖത്തെ വികൃതമാക്കി തിന്നുകളയുന്നത് ഗൈപ്പോ ഉള്‍ക്കിടിലത്തോടെ കണ്ടിരിക്കുന്നു.

ഈ പോസ്റ്റര്‍ ഫ്‌ളാഹര്‍ട്ടിയുടെയല്ല. ദുശ്ശകുനംപോലെ തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞും അന്ധയാചകനും നോവലിലുള്ളതല്ല. നിക്കോള്‍സ് ജീവനുള്ള ഒരു കഥാപാത്രമാക്കി മാറ്റിത്തീര്‍ത്തതാണ് ആ പോസ്റ്റര്‍. മറ്റൊരു യൂദാസിന്റെ ഇരുപതു പവനുവേണ്ടിയുള്ള ഒറ്റിക്കൊടുക്കലിനുമുമ്പുള്ള ചാഞ്ചല്യവും ഭീതിയും പകര്‍ത്താന്‍. പ്രതിരൂപമെന്ന് പറയുമ്പോള്‍ പ്രേമരംഗത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് മരക്കൊമ്പത്തിരുന്ന് കൊക്കുരുമ്മുന്ന ഇണക്കിളികള്‍ മാത്രമല്ല. സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ വേണം ഇത് നിര്‍വഹിക്കാന്‍.

വലിയ നോവലുകള്‍ ചലച്ചിത്രത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലുകളും അനിവാര്യമാണ്. ഡോക്ടര്‍ ഷിവാഗോവിന്റെ അംശങ്ങളൊന്നും വിട്ടുകളയാതെ തിരക്കഥയെഴുതിയാല്‍ അത് അറുപത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമാവും. റോബര്‍ട്ട് ബോള്‍ട്ട് വായിച്ച് വീണ്ടുംവീണ്ടും വായിച്ച് അതില്‍നിന്ന് പുറത്തുകടന്നശേഷം തിരക്കഥയെഴുതുമ്പോള്‍ ആ മഹാപ്രപഞ്ചത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൊടുമുടികളായ സംഭവങ്ങള്‍, സംഘട്ടനങ്ങള്‍, രാഷ്ട്രീയവും ദാര്‍ശനികവുമായ സവിശേഷ സന്ദര്‍ഭങ്ങള്‍, വൈകാരികഭാവങ്ങള്‍ - അവ മാത്രമാണ് കൈകാര്യം ചെയ്തത്.

തന്റേതായ മാറ്റങ്ങളും വ്യാഖ്യാനങ്ങളും നല്‍കാന്‍, മഹത്തായ കൃതികളെ സമീപിക്കുമ്പോള്‍, എഴുത്തുകാര്‍ മടിക്കുകയേ ഉള്ളൂ. ലേഡി മാക്ബത്തിനെ ഗര്‍ഭിണിയാക്കിയതും കാടിളക്കി വന്നതിലെ യുദ്ധതന്ത്രവും കുറസാവ (ത്രോണ്‍ ഓഫ് ബ്ലഡ്)യുടെയാണ്. കുറസാവയ്ക്ക് അത് ചെയ്യാം. കാരണം കുറസാവ ചലച്ചിത്രകലയില്‍ മറ്റൊരു ഷേക്‌സ്​പിയറാണ്. സെഫി റെല്ലിക്കുവേണ്ടി ഷേക്‌സ്​പിയറെ പാകപ്പെടുത്തിയ പോള്‍ഡേന്‍ (ടെയ്മിങ് ഓഫ് ദി ഷ്‌റൂ) പറയുന്നു. ഷേക്‌സ്​പിയറുടെ അന്തസ്സത്തയെ മാനിച്ചുകൊണ്ടുള്ള മാറ്റങ്ങളേ അദ്ദേഹം വരുത്തിയിട്ടുള്ളൂ. മറ്റൊരു നോവലിന്റെ സ്‌ക്രീന്‍പ്ലേ എഴുതുമ്പോള്‍ ഗ്രന്ഥകാരനുമായി ചര്‍ച്ച ചെയ്യുന്നതുതന്നെ അബദ്ധമാണെന്ന് കരുതുന്ന തിരക്കഥാരചയിതാക്കളുമുണ്ട്. ഡിക്ക് ക്ലെമന്റ്, ഇയാന്‍ ലാ ഫ്രെനായ ടീം ഒരിക്കലും നോവലിസ്റ്റുമായുള്ള ചര്‍ച്ച സമ്മതിക്കാറില്ല.

എല്ലാ നിര്‍ദേശങ്ങളും ചലനങ്ങളും ക്യാമറാനീക്കങ്ങളുമടക്കമുള്ള സുവിസ്തരമായ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നവരാണ് അധികം എഴുത്തുകാരും. സാങ്കേതിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ വെറുപ്പുള്ള എഴുത്തുകാരുണ്ട്. അത് പാടില്ലെന്ന് വിശ്വസിക്കുന്ന സംവിധായകരുമുണ്ട്.

ചുരുക്കത്തില്‍ തിട്ടപ്പെടുത്തിയ മാര്‍ഗങ്ങളോ സങ്കേതങ്ങളോ സ്‌ക്രീന്‍ പ്ലേ രചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നല്‍കാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാവുന്നു. അന്‍ടോണിയോണി 'രാത്രി'യുടെ അവസാനത്തിലെ കത്തുവായനകൊണ്ട് അതുവരെ പറയാത്തതെല്ലാം പറഞ്ഞുതീര്‍ക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരായ ലിഡിയയും ജിയോവന്നിയും ഇനി രമ്യതയിലെത്താത്തവണ്ണം അകന്നുകഴിഞ്ഞു. ലിഡിയ സഞ്ചിയില്‍നിന്നെടുത്ത കാവ്യഭംഗിയുള്ള പ്രേമലേഖനം വായിച്ചുതീര്‍ന്നപ്പോള്‍ ജിയോവന്നി ചോദിക്കുന്നു: 'ആരെഴുതിയതാണിത്? നിങ്ങള്‍?'

പത്തുകൊല്ലംമുമ്പ് ഭര്‍ത്താവ് ഭാര്യയ്‌ക്കെഴുതിയ പ്രേമലേഖനം. ജീവിതത്തിലെ അകന്നുമാറലും അപരിചിതത്വവും (Alienation) പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഇവിടെയെത്തുമ്പോള്‍ നാം സിനിമയ്ക്കു മാത്രമല്ല സാഹിത്യത്തിനും നന്ദിപറയുന്നു.

സ്‌ക്രീന്‍പ്ലേ എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങളെ വേണമെങ്കില്‍ തരംതിരിച്ചെഴുതാം.
1. താന്‍ എഴുതുന്ന - അത് തന്റേതാവാം, മറ്റുള്ളവരുടെ ആവാം - പ്രമേയത്തിന്റെ ചൈതന്യവും ആഴവും കണ്ടറിയുക;
2. തന്റെ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ചില മാനങ്ങള്‍ (Dimensions) നല്‍കുക;
3. ഫോസ്റ്ററുടെ തരംതിരിവനുസരിച്ചുള്ള ഒഴുക്കന്‍ (Flat) കഥാപാത്രങ്ങളെ ത്രിമാന (Round) കഥാപാത്രങ്ങളാക്കുക;
4. വാക്കുകളെ മാത്രം ആശ്രയിക്കുന്ന കഥാപാത്രങ്ങള്‍ കുറേ കഴിയുമ്പോള്‍ സംസാരിക്കുന്ന യന്ത്രങ്ങളാവുന്നു. പറയാത്ത വാക്കുകളിലൂടെ ഒതുക്കിയ വികാരങ്ങളിലൂടെ അവരുടെ മനസ്സിന്റെ വാതില്‍ തുറക്കുമ്പോള്‍ അവര്‍ പ്രേക്ഷകരുടെ മുന്നില്‍ ജ്വലിക്കുന്നുവെന്ന സത്യത്തില്‍നിന്നും മുതലെടുക്കുക;
5. സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കിടയിലെ ചെറിയ വിടവുകളിലൂടെയും സംസാരിക്കുക;
6. ഏറ്റവും പ്രധാനമായി സിനിമ എന്ന മാധ്യമത്തിനകത്തുനിന്ന് സംവിധായകനുമായി ആത്മൈക്യം വന്നു പ്രവര്‍ത്തിക്കുക.

നോവല്‍ ആദ്യകാലത്ത് കഥ പറയാനും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊ ടുക്കാനുമുള്ള ഉപാധിയായിരുന്നു. രൂപഭംഗിയിലും അതിന്റെ സൗന്ദര്യാനു ഭൂതിയിലും ശ്രദ്ധപതിയുന്നത് കലാരൂപം വളരുമ്പോഴാണ്. സ്‌ക്രീന്‍പ്ലേയുടെ ആദ്യഘട്ടത്തില്‍ പരസ്​പരം ബന്ധപ്പെട്ട് കഥ കൊണ്ടുപോകാനുള്ള കുറിപ്പുകളുടെ സ്ഥാനമേ തിരക്കഥയ്ക്കുണ്ടായിരുന്നുള്ളൂ.

സിനിമ വളര്‍ന്നപ്പോള്‍ സ്‌ക്രീന്‍പ്ലേയും വളര്‍ന്നു. ആത്യന്തികവിശകലനത്തില്‍ സംവിധായകന്റെ കലയാണെങ്കില്‍ക്കൂടി, സാഹിത്യംകൊണ്ട് മറ്റൊരാഴം നല്‍കുക എന്നതാണ് എഴുത്തുകാരന്‍ ചെയ്യുന്ന ജോലി. 'ദാന്തേ'യുടെ വരികള്‍ ഉദ്ധരിക്കുന്ന കനാലിലെ അരക്കിറുക്കന്‍ കഥാപാത്രം സാഹിത്യത്തിന്റെ ഈ അഗാധതയാണ് നല്‍കുന്നത്. നഗരത്തിന്റെ കീഴിലെ ഒഴുക്കുചാലുകളില്‍ അടയ്ക്കപ്പെടുന്ന ജീവിതങ്ങളുടെ ദുരന്തവും നാരകീയതയും ഓര്‍മിപ്പിക്കുക, 'ദാന്തേ'യുടെ ഇന്‍ഫെര്‍ണോ തന്നെ.

യന്ത്രയുഗത്തിന്റെ കാവ്യദേവത
'തിരക്കഥകള്‍ക്ക് അംഗീകൃതമാതൃകകളെന്നു പറയാന്‍ ഒന്നും നിലവിലില്ല. എങ്ങനെ എഴുതണമെന്ന നിയമഗ്രന്ഥങ്ങളുമില്ല. ഓരോ എഴുത്തുകാരനും ഓരോ രീതി അവലംബിക്കുന്നു. 'കൂട്ടുകാരേ, എനിക്കിങ്ങനെ ഒരാശയം തോന്നുന്നു. ഇതാണ് കഥാപാത്രങ്ങള്‍..... സംഭവത്തിന്റെ പശ്ചാത്തലം ഇതാണ്.....' എന്ന രീതിയില്‍ ചിത്രനിര്‍മാണത്തില്‍ താനുമായി സഹകരിക്കാന്‍ പോകുന്നവരോട് ഉറക്കെ നടത്തുന്ന ഒരു ചര്‍ച്ചയുടെ രൂപത്തില്‍ ഇന്‍ഗ്മര്‍ ബെര്‍ഗ്മാന്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.

പല ചലച്ചിത്രകാരന്മാരും പല രീതിയിലാണ് സ്‌ക്രിപ്റ്റ് ഉപയോഗപ്പെടുത്താറുള്ളത്. സ്‌ക്രിപ്റ്റ് മധ്യവര്‍ത്തിയായ ഒരു ഉപാധിയായി കരുതി, അതിലൂടെ സ്വന്തം ജീവിതവ്യാഖ്യാനവും ആത്മാവിഷ്‌കാരവും നിര്‍വഹിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ സ്വന്തം പ്രേക്ഷകവൃന്ദത്തോട് സംവേദനം നടത്താന്‍ സ്‌ക്രിപ്റ്റിനെ ഉപയോഗപ്പെടുത്തുന്നുവെന്നുമാത്രം. അത്തരത്തിലുള്ളവര്‍ ചെയ്യുന്നത് സ്‌ക്രിപ്റ്റ് പരാവര്‍ത്തനം ചെയ്യുകയല്ല, വ്യാഖ്യാനിക്കുകയാണ്. എഴുതിത്തീര്‍ന്ന സ്‌ക്രിപ്റ്റിന്റെ അവസാനരൂപം ചിത്രത്തിന്റെ ബ്ലൂപ്രിന്റായി സ്വീകരിച്ച് മാറ്റിമറിക്കലുകള്‍ ഒന്നും ചെയ്യാത്തവരാണ് മറ്റൊരു വിഭാഗം. അവസാനരൂപത്തില്‍ സ്‌ക്രിപ്റ്റിന്റെ പണി തീര്‍ന്നുകഴിഞ്ഞാല്‍ ചിത്രം മനസ്സില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്നു. മഹാനായ ചലച്ചിത്രശില്പി ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് 'വിദഗ്ധമായി എഴുതപ്പെട്ട ഒരു സ്‌ക്രിപ്റ്റ് ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ പ്രചോദനത്തിന്റെ ഉറവിടമാകും. അത് മാര്‍ഗദര്‍ശകമാവുന്നു, ചിലപ്പോള്‍ ലക്ഷ്യവുമായിത്തീരുന്നു' (പ്രൊഫസര്‍ റെയ്ഹര്‍ട്ട്‌സണ്‍)

സാഹിത്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു മീഡിയമാണ് തിരക്കഥ. ചിലപ്പോള്‍ സ്‌ക്രിപ്റ്റില്‍ വളരെയേറെ വാക്കുകളും സ്ഥലവും എടുക്കുന്ന ഒരു വിവരണം ക്യാമറയുടെ ഒരു ചെറിയ ചലനംകൊണ്ട് ഉറപ്പിക്കാനാവുന്നതായിരിക്കും. ഉദാഹരണമായി:
'നഗരമധ്യത്തിലെ ഒഴിഞ്ഞ സ്ഥലത്ത് അവിടവിടെ പുല്ല് വളര്‍ന്നിട്ടുണ്ട്. ഇടവിട്ട് വൃക്ഷങ്ങള്‍, പൊന്തക്കാടുകള്‍. അവയ്ക്കിടയിലൂടെ വഴികള്‍. പൊന്തക്കാടുകളില്‍ പൂക്കള്‍. പല വഴികള്‍ വന്നെത്തുന്ന മധ്യത്തില്‍ ഒരു കൂറ്റന്‍ ലോഹപ്രതിമ. ചത്വരത്തിനു ചുറ്റും പഴയ നഗരത്തിന്റെ അസ്ഥികൂടങ്ങളായ പുരാതന മന്ദിരങ്ങള്‍. റോസ് കെട്ടിടങ്ങളെ നോക്കുന്നു. വലതുഭാഗത്ത് മുകളിലെ പരസ്യപ്പലക ഹോട്ടലുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇടത്തേ കെട്ടിടം പോലീസ് ഓഫീസാണ്. നേരെ മുന്നിലായിട്ടാണ് പള്ളി..... പ്രധാന പ്രതിമയ്ക്കുചുറ്റും ജലധാര പ്രവര്‍ത്തിക്കുന്നു. റോസ് ചത്വരത്തിനു നേര്‍ക്ക് നടക്കുമ്പോള്‍ എതിരെനിന്ന് ഒരു കുതിരവണ്ടി കടന്നുപോകുന്നു. വണ്ടിയിലിരിക്കുന്നവര്‍ റോസിന്റെ പട്ടാളവേഷം കണ്ടിട്ടാവണം, അയാളെ ശ്രദ്ധിക്കുന്നു.....'

ഇത് പ്രശസ്തമായ ഒരു ഫ്രഞ്ച് ചിത്രത്തിന്റെ തിരക്കഥയില്‍നിന്നാണ്. ചിത്രീകരണം നടത്താനുദ്ദേശിച്ച നഗരവും നഗരചത്വരവും അതിലെ വിശദാംശങ്ങളും നേരത്തെ നിരീക്ഷണം നടത്തിയിട്ടാണ് ഇവിടെ എഴുത്തുകാരന്‍ വാക്കുകള്‍കൊണ്ട് ദൃശ്യങ്ങള്‍ വരയ്ക്കുന്നത്. ഇത്തരത്തിലുള്ള വിവരണങ്ങള്‍ക്കുപകരം ഇന്ന സ്ഥലത്ത് റോസ് എന്ന പട്ടാളക്കാരന്‍ നടക്കുന്നു എന്നെഴുതിയാല്‍ മതിയാവില്ലേ? പ്രായോഗികമായി പറഞ്ഞാല്‍ മതി. പക്ഷേ, പൊതുവേ ആവിഷ്‌കരിക്കാന്‍ പോകുന്ന ജീവിതമേഖല, അതില്‍ പങ്കാളികളാവുന്ന മനുഷ്യര്‍, അന്തരീക്ഷം, അവതരിപ്പിക്കാന്‍ പോകുന്ന വൈകാരികപ്രപഞ്ചത്തിന്റെ നിഴലോ വെളിച്ചമോ, ഊന്നുവാനുപകരിക്കുന്ന വിശദാംശങ്ങള്‍ -എല്ലാം നിര്‍മാണവേളയില്‍ മറ്റു പങ്കാളികളെ സഹായിക്കുന്നു. പങ്കാളികള്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംവിധായകന്‍, ഛായാഗ്രാഹകന്‍, നടീനടന്മാര്‍ എന്നിവരെയാണ്.

ദൃശ്യബിംബങ്ങളിലൂടെ ഉദ്ദേശിച്ച വികാരം, സംഭവം, അഥവാ ജീവിതസന്ധിയുടെ ഖണ്ഡം ചിത്രീകരിക്കാന്‍ ഉപകരിക്കുക എന്നതില്‍ക്കവിഞ്ഞ് നിയമങ്ങളൊന്നും തിരക്കഥയെ സംബന്ധിച്ച് സമാസമമായി പറയാനില്ല. സുപ്രസിദ്ധമായ 'വിറിദിയാന'യിലെ (ലൂയി ബുനുവല്‍) ഒരു രംഗം സങ്കല്പിക്കുക.
ആദ്യം എഴുതുമ്പോള്‍ രൂപംകൊണ്ട ആശയം ഇതായിരുന്നു: 'വിറിദിയാനയുടെ മതഭക്തി യുവാവിന് പിടികിട്ടാത്തതായിരുന്നു. അയാള്‍ ജോലിയുടെ മഹത്ത്വത്തില്‍ വിശ്വസിച്ചു. മുറ്റത്ത് പണിക്കാരുടെ മേല്‍നോട്ടം നടത്തിക്കൊണ്ട് അയാള്‍ നില്‍ക്കെ, പിച്ചക്കാരെ വിളിച്ചുകൂട്ടി പ്രാര്‍ഥിക്കുന്ന വിറിദിയാനയെ അയാള്‍ കണ്ടില്ലെന്നു നടിച്ചു.'

ഇതാണ് ആശയം. വിറിദിയാനയും യുവാവും തമ്മില്‍ മാനസികമായ അകല്‍ച്ചയുണ്ട്, സംഘര്‍ഷമുണ്ട്. ഇതെങ്ങനെ ഷോട്ടുകളായിത്തീരുന്നു? ഇത് കുറച്ചെങ്കിലും നേരത്തെ വിഭാവനം ചെയ്യാന്‍, ദൃശ്യങ്ങളുടെ തുടര്‍ച്ച മനസ്സിന്റെ പിന്നിലെ സ്‌ക്രീനിലൂടെ ഓടിച്ചെടുക്കാന്‍ കഴിയുക എന്നതാണ് തിരക്കഥയുടെ ഘട്ടത്തില്‍ എഴുത്തുകാരന് (ചിലപ്പോള്‍ സംവിധായകന്‍ തന്നെയാവും) ചെയ്യേണ്ടത്.


ഈ സംഘര്‍ഷം ബുനുവല്‍ പകര്‍ത്തുന്നത് ഇരുപത്തെട്ട് ഷോട്ടുകളിലൂടെയാണ്. 1. വീടും വീട്ടുമുറ്റവും. അവിടെ ജോലിക്കാര്‍ പണിയെടുക്കുന്നു. മകന്‍ ഇടത്തുനിന്ന് വലത്തോട്ട് സഞ്ചരിക്കുമ്പോള്‍ ക്യാമറ അയാളോടൊപ്പം നീങ്ങുന്നു. ഒരു പണിക്കാരന്റെ ചുമലിലൂടെയാണ് അയാളെ കാണുന്നത്. അടുത്തെത്തിയ യുവാവ് അയാളുമായി സംസാരിക്കുന്നു. മീഡിയം ലോങ്‌ഷോട്ട്. 2. വിറിദിയാന പിച്ചക്കാരെ വിളിക്കുന്നു. ക്യാമറ നീങ്ങുന്നില്ല. പിച്ചക്കാര്‍ അവള്‍ക്കുചുറ്റും ഒരു വലയമുണ്ടാക്കിക്കൊണ്ട് വന്നുനില്‍ക്കുന്നു. ഒരു പിച്ചക്കാരന്‍ വലത്തുനിന്ന് ഇടത്തോട്ട് നീങ്ങി മറയുന്നു. 3. മുറ്റത്ത് പണിസ്ഥലത്ത് ട്രക്ക് ഭാരംചൊരിയുന്നു. 4. വിറിദിയാ നയും ഒരു പിച്ചക്കാരനും പ്രാര്‍ഥിക്കുന്ന ക്ലോസ് ഷോട്ട്. 5. വിറിദിയാനയും പിച്ചക്കാര്‍ മുഴുവനും പ്രാര്‍ഥിക്കുന്ന സമഗ്രവീക്ഷണം. 6. പണിസ്ഥലത്ത് തടി അറക്കുന്നു. 7. വീണ്ടും പ്രാര്‍ഥന. 8. മുന്നിലും പിന്നിലുമായി ഇരിക്കുന്ന രണ്ട് പിച്ചക്കാര്‍ പ്രാര്‍ഥിക്കുന്നു. 9. തടിയറുക്കുന്ന ജോലിക്കാരന്റെ അധ്വാനം. 10. വിറിദിയാന തനിയെ പ്രാര്‍ഥിക്കുന്നു. 11. സിമന്റ് കൂട്ടുന്ന തൊട്ടിയില്‍ ഒഴിച്ച വെള്ളം പരക്കുന്നു. 12. പിച്ചക്കാരുടെ പ്രാര്‍ഥന.
13. ഭിത്തിയില്‍ പണിക്കാരന്‍ ചുറ്റികയ്ക്കടിക്കുന്നു. 14. വിറിദിയാനയും പിച്ചക്കാരും പ്രാര്‍ഥന. 15. ഉന്തുവണ്ടിയില്‍നിന്നും കരിങ്കല്‍ച്ചില്ലുകള്‍ ഒച്ചയോടെ ചൊരിയപ്പെടുന്നു. 16. വിറിദിയാനയും പിച്ചക്കാരും. പ്രാര്‍ഥനയുടെ മറ്റൊരു ഘട്ടം. 17. ഭിത്തിയിലേക്ക് കുഴച്ച സിമന്റുകൂട്ട് ശക്തിയോടെ എറിയപ്പെടുന്നു. 18. വിറിദിയാനയുടെ പ്രാര്‍ഥന തനിയെ. 19. സിമന്റ് കൂട്ടുന്ന പാത്രത്തിലേക്ക് വീണ്ടും കരിങ്കല്‍ച്ചില്ലുകളും മണലും ഒച്ചയോടെ വീണു തിരിയുന്നു. 20. ഒരു പിച്ചക്കാരന്റെ പ്രാര്‍ഥന. 21. ഒരു പണിയായുധത്തിന്റെ പ്രവര്‍ത്തനം. 22. പിച്ചക്കാരന്റെ പ്രാര്‍ഥന. 23. പാറക്കഷണങ്ങള്‍ തച്ചുടയ്ക്കപ്പെടുന്നു. 24. ഒരു പിച്ചക്കാരന്റെ പ്രാര്‍ഥന. ക്യാമറ അല്‍പ്പം ചലിക്കുമ്പോള്‍ അന്ധനായ ഒരു പിച്ചക്കാരനെയും നമുക്ക് കാണാം. 25. മരത്തടികള്‍ അട്ടിയിടുന്നു. 26. വിറിദിയാന തനിയെ പ്രാര്‍ഥന തുടരുന്നു. 27. ഫ്രെയിമിലൂടെ കുറുകെ മരത്തടികള്‍ വീഴുന്നു. 28. പ്രാര്‍ഥനയുടെ വിശാലരംഗം വീണ്ടും. പിച്ചക്കാര്‍ എഴുന്നേറ്റ് പല വഴിയായി പിരിയുന്നു.

ഈ ക്രമത്തില്‍ ഇതാദ്യമേ സങ്കല്പിക്കുക സാധ്യമല്ല. സംവിധായകന്‍ ചിത്രീകരണവേളയില്‍ ഈ ക്രമം ചിട്ടപ്പെടുത്തിയിരിക്കില്ല. ഘട്ടങ്ങളായി വരുന്ന ദൃശ്യങ്ങളെല്ലാം ചിത്രീകരിക്കപ്പെടുന്നു. പിന്നീട് എഡിറ്റിങ് ടേബിളിലെത്തുമ്പോള്‍ പല കണക്കുകൂട്ടലുകള്‍ക്കുശേഷം രൂപംകൊണ്ടതാണ് ഈ ക്രമം. പക്ഷേ, വിറിദിയാന പിച്ചക്കാരെ വിളിച്ചുകൂട്ടി പ്രാര്‍ഥിക്കുമ്പോള്‍ അപ്പുറത്തെ മുറ്റത്ത് നടക്കുന്ന, നടക്കേണ്ട ക്രിയകളുടെ സൂക്ഷ്മാംശങ്ങളെപ്പറ്റി കടലാസുപണിയുടെ ഘട്ടത്തില്‍ത്തന്നെ വ്യക്തമായ ബോധ്യമുണ്ടായിരുന്നാല്‍ എല്ലാവര്‍ക്കും സൗകര്യമായി.

വാക്കുകള്‍ സഹായത്തിനെത്താത്ത സന്ദര്‍ഭങ്ങള്‍ പലതുമുണ്ടാവും. ഒരു രംഗം കഴിഞ്ഞ് അതിലെ കഥാപാത്രങ്ങള്‍ വീണ്ടും കണ്ടുമുട്ടുന്നത് ഒരാഴ്ചയ്ക്കുശേഷമാണെങ്കില്‍ കഥയില്‍, അല്ലെങ്കില്‍ പുസ്തകത്തില്‍ പറയാം. ഒരാഴ്ചയ്ക്കുശേഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍-അത് വായനക്കാരനെ വിഷമിപ്പിക്കുകയില്ല. ദൃശ്യമാധ്യമത്തിലാവട്ടെ, അതേ കഥാപാത്രങ്ങള്‍ പശ്ചാത്തലം വ്യത്യസ്തമാണെങ്കില്‍ക്കൂടി കണ്ടുമുട്ടുമ്പോള്‍ 'ഞാന്‍ കഴിഞ്ഞ ആഴ്ചയില്‍ പറഞ്ഞതുപോലെ' എന്നോ മറ്റോ ആരംഭിച്ചാല്‍ പ്രേക്ഷകന്‍ അത് സ്വീകരിക്കാന്‍ പോകുന്നില്ല. 'സിനിമാറ്റിക് സമയ'മനുസരിച്ച് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പിക്കലാണിവിടെ ചെയ്യുന്നത്. ഓരോ ചലച്ചിത്രരംഗത്തിനും അതിന്റെ ആന്തരസമയവും ബാഹ്യസമയവുമുണ്ട്. ആന്തരസമയം സാമാന്യമായി മനുഷ്യരുടെ സ്വാഭാവിക ചലനങ്ങള്‍ക്കെടുക്കുന്ന സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുന്നിന്‍പുറത്തുനിന്ന് കല്ലിറക്കിക്കൊണ്ടുവരുന്ന ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ അധ്വാനം ചിത്രീകരിക്കുമ്പോള്‍, അയാളുടെ ഒരു നട വിശ്വാസ്യതയോടെ 'അന്തരസമയം' പാലിച്ചു കാട്ടേണ്ടിവരും. പിന്നീട് അയാളുടെ പ്രവര്‍ത്തനത്തിലെവിടെയെങ്കിലും ഒരു വശം ഭാഗികമായി കാട്ടേണ്ടിവരും. നാല്‍പ്പതോ അമ്പതോ തവണയാണ് അയാള്‍ ഒരു ദിവസം ഇത് ചെയ്യുന്നത് എന്ന് വിചാരിക്കുക. അമ്പതുതവണ ഇത് ചെയ്തുതീര്‍ന്ന് പ്രവൃത്തി ദിവസം അവസാനിക്കുന്നു എന്ന് ഒന്നോ രണ്ടോ നട കാട്ടി വരുത്തിത്തീര്‍ക്കുന്നതാണ് ബാഹ്യസമയം. ഇത് ചലച്ചിത്രത്തിന്റെ വ്യാകരണവുമായി ബന്ധപ്പെട്ടതാണ്.

നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ മിനിട്ടുകളിലേക്ക് ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന മായാജാലം യന്ത്രയുഗത്തിന്റെ കാവ്യദേവതയെന്ന് വിശേഷിപ്പിക്കുന്ന ചലച്ചിത്രത്തിനുണ്ട്.

സംവിധായകര്‍ക്കുവേണ്ടിയുള്ള പാഠപുസ്തകങ്ങള്‍ ഒരുകാര്യം ഉറപ്പിച്ചു പറയാറുണ്ട്: 'നിര്‍മിതിയുടെ ഓരോ ഘട്ടത്തിലും ബ്ലൂപ്രിന്റ് റഫറന്‍സാണ്; സ്‌ക്രിപ്റ്റ് വഴികാട്ടിയും. ഏറ്റവും ഉപയോഗപ്രദമാവുന്ന തിരക്കഥ സമ്പൂര്‍ണമാവണം. വിസകനത്തിനോ വ്യാഖ്യാനഭേദത്തിനോ അവസരമില്ലാത്തവിധം സങ്കുചിതമാവുകയുമരുത്. ഫിലിം എന്നത് യാഥാര്‍ഥ്യത്തിലെത്തിക്കുവാന്‍ അത്യാവശ്യമായി നേരിടേണ്ടിവന്നേക്കാവുന്ന മാറ്റങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടത്ര സൗകര്യം ചട്ടക്കൂട്ടിനുണ്ടായിരിക്കുകയും വേണം. സ്വന്തമായോ മറ്റുള്ളവരോ എഴുതിയ സ്‌ക്രിപ്റ്റിന്റെ മൂല്യങ്ങളെ ചൈതന്യത്തോടെ വ്യാഖ്യാനിക്കുകയാണ് സംവിധായകന്റെ ധര്‍മം.

എന്റേതായ ഒരു രീതിയില്‍ സംവിധായകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ചിലപ്പോള്‍ നടീനടന്മാര്‍ക്കും ആവുന്നത്ര ഉപകാരപ്രദമാവണമെന്ന നിലയില്‍ എഴുതാനാണ് ഞാന്‍ ശ്രമിക്കാറ്. പലപ്പോഴും ഇത്ര വിവരണം ആവശ്യമാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നിയേക്കും. ഇക്കാര്യത്തില്‍ എനിക്കൊരു മാതൃകയുണ്ടെങ്കില്‍ അത് പഴയ ആചാര്യനായ ഐസന്‍സ്റ്റീന്‍ ആണ്. തിരക്കഥയെഴുത്തുകാര്‍ക്ക് ഇന്നും മാതൃകയായി എടുക്കാവുന്നത് ബെര്‍ഗ്മാനോ ഗോദാര്‍ദോ, അന്‍ടോണിയോനിയോ അല്ല, ഐസന്‍സ്റ്റീന്‍ തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു. ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ എല്ലാം മനസ്സില്‍വച്ച് അത് കിഴിച്ച് ബാക്കി കടലാസ്സിലാക്കിയാല്‍ മതിയെന്ന് കരുതുന്നവരാണ് ഇപ്പറഞ്ഞ പ്രഗത്ഭന്മാരെല്ലാം. ഐസന്‍സ്റ്റീനാവട്ടെ, പ്രമേയവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും തന്നിലാദ്യം ഉണ്ടാക്കിയ പ്രതികരണങ്ങള്‍ മുഴുവന്‍ കടലാസ്സിലാക്കാന്‍ നിര്‍ബന്ധം കാണിച്ചിരുന്നു. 'അമേരിക്കന്‍ ട്രാജഡി'യെന്ന നോവലിനുവേണ്ടി ഐസന്‍സ്റ്റീന്‍ തയ്യാറാക്കിയ സ്‌ക്രീന്‍പ്ലേയുടെ ഒരു ഭാഗം ശ്രദ്ധിക്കുക. (അലക്‌സാന്‍ഡ്രോവും ഐവര്‍മോണ്‍ ടഗുവും ഇതില്‍ സഹകരിച്ചിരുന്നു.)

റീല്‍ 1
ഇരുട്ട്
പതുക്കെയുള്ള ഭക്തിനിര്‍ഭരമായ സ്ത്രീശബ്ദത്തില്‍ ഒരു പ്രാര്‍ഥനാ പ്രസംഗം കേള്‍ക്കാം. ഒരു സംഗീതാത്മകതയുണ്ട് ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലിന്. പതുക്കെ തെരുവിലെ ശബ്ദങ്ങളോട് പ്രാര്‍ഥന കൂടിക്കലരുന്നു. ഒരാംബുലന്‍സിന്റെ സൈറണ്‍. ട്രാമിന്റെ ബെല്‍ശബ്ദം. പത്രവില്‍പ്പനക്കാര്‍ കുട്ടികളുടെ ശബ്ദം. വാഹനങ്ങളുടെ ഹോണ്‍. പല ശബ്ദങ്ങളിലൂടെ നഗരത്തിന്റെ ആരവം കൂടുമ്പോള്‍ നഗരത്തിന്റെ ദൃശ്യം സ്‌ക്രീനില്‍. സുവിശേഷപ്രസംഗ
വും നഗരശബ്ദങ്ങളും ഉണ്ടാക്കിയ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തോന്നിക്കുന്ന ഒരു നഗരദൃശ്യം.
സ്ത്രീശബ്ദം തുടരുന്നു. പിന്നെ മദ്യത്തിന്റെ ദോഷത്തെപ്പറ്റിയും പാപത്തെപ്പറ്റിയും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്പറ്റിയും ശബ്ദം ഓര്‍മിപ്പിക്കുന്നു. ഒരു സംഘം ആളുകള്‍ സ്ത്രീ സങ്കീര്‍ത്തനം പാടുമ്പോള്‍ കൂടെച്ചേര്‍ന്ന് പാടുന്നു:
'യേശുവിന്റെ സ്‌നേഹം എത്ര മധുരം!' എങ്കിലും നാം സ്ത്രീയെ കാണു ന്നില്ല. കൂടെ പാടുന്നവരെയും കാണുന്നില്ല.
കടന്നുപോകുന്നവരില്‍ മിക്കവരും പ്രസംഗം ശ്രദ്ധിക്കുന്നില്ല. ഒന്നുരണ്ടു പേര്‍ പ്രാര്‍ഥനാഗീതം ശ്രദ്ധിക്കുന്നു. പതുക്കെ നടക്കുന്നവര്‍. അവര്‍ ഗീതം കേള്‍ക്കുന്ന സ്ഥലത്തിനുനേരെ നോക്കുന്നു.

പിന്നീടാണ് തെരുവിലെ ജനങ്ങളെയും മിഷനറികളെയും ഐസന്‍സ്റ്റീന്‍ അവതരിപ്പിക്കുന്നത്. നഗരവും പ്രഭാതവും അന്തരീക്ഷവും മുഴുവന്‍ വാക്കുകളില്‍ പകര്‍ത്തുന്നുണ്ട്, ഈ തുടക്കംകൊണ്ടദ്ദേഹം. കഥാപാത്രങ്ങളുടെ അതിസൂക്ഷ്മചലനങ്ങള്‍, പുറമെയുള്ള ഭാവങ്ങള്‍, അവരുടെ ഉള്ളില്‍ നടക്കുന്ന ചിന്താപ്രക്രിയ എല്ലാം കടലാസ്സിലാക്കുന്നതാണ് നല്ലത് എന്നദ്ദേഹം വിശ്വസിച്ചിരുന്നു.

അച്ചടിച്ച വാക്കിന് ഒരു ഭീഷണിയായി ഇലക്‌ട്രോണിക് യുഗത്തില്‍ വിനോദോപാധികള്‍ വളരുന്നു, പെരുകുന്നു. കൈവിരല്‍ത്തുമ്പിന്റെ സ്​പര്‍ശനംകാത്ത് വിനോദങ്ങള്‍ ചെറിയ പാക്കറ്റുകളില്‍ സ്വീകരണമുറികളില്‍ കെട്ടിക്കിടക്കുകയാണ്. അത് പുസ്തകങ്ങള്‍ക്ക് ആപത്തായിത്തീരുകയാണ് എന്ന ആശങ്ക ലോകത്തിന്റെ പല ഭാഗത്തുനിന്നും നാം കേള്‍ക്കുന്നു. ടെലിവിഷനും സിനിമയും കൂടുതല്‍ വിനോദവേളകള്‍ പിടിച്ചെടുക്കുമ്പോഴും എഴുതപ്പെട്ട വാക്ക് മരിക്കുകയില്ല എന്നതാണ് സത്യം.

പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരു നവവിഭാഗമായി ധാരാളമായി തിരക്കഥകള്‍ ഇന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പരിധിവരെ അവയ്ക്ക് സ്വതന്ത്രമായ ഒരസ്തിത്വമുണ്ട്. സ്വതന്ത്രമായ ഒരു സാഹിത്യശാഖയായി അത് വികസിക്കുന്ന കാലവും വിദൂരമല്ല എന്ന് പലരും കരുതുന്നു. രംഗവേദിയിലെത്തി അഭിനയിക്കപ്പെടുമ്പോഴേ നാടകം പൂര്‍ണമാവുന്നുള്ളൂ. പക്ഷേ, അച്ചടിച്ച നാടകങ്ങള്‍ സാഹിത്യമാണ്.

ഏതാണ്ട് അതുപോലെയുള്ള പ്രസക്തി തിരക്കഥകള്‍ക്കുമുണ്ട്. ഏറ്റവും മികച്ച ചില തിരക്കഥകള്‍ മികച്ച സാഹിത്യസൃഷ്ടികളായി നിലകൊള്ളു ന്നത് പല ഭാഷകളിലും നാം കണ്ടിട്ടുള്ളതാണല്ലോ. 'ലാസ്റ്റ് ഇയര്‍ എറ്റ് മെറൈന്‍ബാദ്' പോലുള്ള കൃതികള്‍.
(എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന തിരക്കഥാപുസ്തകത്തില്‍ നിന്ന്)

Saturday, August 22, 2009

ചില സിനിമ ഡയലോഗുകള്‍

"നീ അടക്കമുള്ള പെണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും ..നിങ്ങള് ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും ,മോഹിച്ചു കൊണ്ട് വെറുക്കും .. "
ഒരു വടക്കന്‍ വീരഗാഥ
എം.ടി വാസുദേവന്‍ നായര്‍


ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് ..സമയമെടുത്തു ഒരുപാട് ...അത് മറക്കാന്‍ ...എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു .മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത് ..അപ്പോള്‍ വീണ്ടും പോവുന്നെന്ന് പറയുന്നു ..
മിന്നാരം
പ്രിയദര്‍ശന്‍


"ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ തൊട്ടു അച്ഛന്റെയും അമ്മയുടെയും മനസില്ലൊരു കനല്‍ ചൂട് നീറാന്‍ തുടങ്ങും. പ്രാപ്തനെന്നു തോന്നുന്ന ഒരാളെ കണ്ടു അവളെ കയ്യിലെല്പിച്ച്ചു പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത് . പക്ഷെ വിധിയുടെ കള്ളകളി പോലെ ഒട്ടും ദയ കാണിക്കാതെ, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ ജന്മം കൊടുത്തു ഊട്ടി വളര്ത്തി വലുതാക്കിയവരുടെ നെഞ്ചിലെ കനലിലെക്കൊരു പിടി വെടിമരുന്നു വാരി എറിഞ്ഞിട്ടു ഏതെങ്കിലും ഒരു പന്ന നായിന്റെ മോന്റെ കൂടെ ഒരു ദിവസം അവള് ഇറങ്ങി പോകും ..... പറയാം, പ്രസംഗിക്കാം ആദര്‍ശങ്ങള്‍ . കാലണക്ക് വില പോലും ഇല്ലാത്ത പുരോഗമനാശയങ്ങള്‍ ..അവള്‍ individual ആണ്. അവളുടെ life , future ...തേങ്ങാക്കുലയാണ്. കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവള്‍ ഊരി വലിച്ചെറിഞ്ഞ രണ്ടു പാഴ് ജന്മങ്ങള്‍ ... അച്ഛനും അമ്മയും ..."
ഉസ്താദ്
രഞ്ജിത്ത്


മിണ്ടരുതാ വാക്ക് .ശരിയവുമത്രേ. കേട്ട് തുരുമ്പിച്ചു. ജീവിതത്ത്തിലോരായിരം വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട് .ശരിയാവും . എന്റെ അമ്മ, അച്ഛന്‍, പെങ്ങമ്മാരു, അനിയന്‍ , ദേവി, നീ . ... അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു .ശരിയാവും. എവിടെ..? എവിടെ ശരിയായി...? ശരിയാവില്ല ..സേതുമാധവന്‍ ശരിയാവില്ല ...
ചെങ്കോല്‍
ലോഹിത് ദാസ്


call the police... i did it... ഞാനത് ചെയ്തു.. ഞാനവനെ കൊന്നു.
തിന്ന ചോറിനു നന്ദി കാണിക്കണ്ടേ..? so i did it for you .. നിങ്ങള്ക്ക് വേണ്ടി ഞാനവനെ കൊന്നു.
ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആര്ക്കും ആവശ്യമില്ല.so i did it for him.അവനു വേണ്ടി ഞാനവനെ കൊന്നു .ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ എനിക്ക് ആവശ്യമില്ല. so i did it for myself.എനിക്ക് വേണ്ടി ഞാനവനെ കൊന്നു. out of love.. out of love... out of love....
താളവട്ടം
പ്രിയദര്‍ശന്‍


നിസാരമായ ഈഗോയുടെ പേരില്‍ നമ്മള്‍ അകന്നു. പക്ഷെ ഒരിക്കല്‍ .... ഒരിക്കല്‍ ...ഞാന്‍ രാധയെ സ്നേഹിച്ചിരുന്നു. എന്നെ രാധയ്ക്കും ഇഷ്ടമായിരുന്നു. . കോളേജ് ഉള്ള ദിവസങ്ങളില്‍ ഉറക്കമുണരുന്നത് ഇന്നെനിക്കു രാധയെ കാണാമല്ലോ എന്ന സന്തോഷതോടെയായിരുന്നു. തരാന്‍ കഴിയാത്ത എത്രയോ കത്തുകള്‍ മനസ്സില്‍ കൊണ്ട് നടന്നു.ഉറങ്ങാതെ ഓര്ത്തു വെക്കുന്ന വാക്കുകള്‍ ..... തമ്മില്‍ കാണുമ്പോള്‍ പറയാനാകാതെ വിഷമിച്ചിട്ടുണ്ട്.എങ്കിലും നമുക്ക് പരസ്പരം അറിയാമായിരുന്നു വളരെ വളരെ ഇഷ്ടമാണെന്ന് .നമ്മള് പറയാതെ പറഞ്ഞിട്ടുണ്ട്.
രാധേ ആ പഴയ പവിയോടു ക്ഷമിച്ചു കൂടെ...?
വെള്ളാനകളുടെ നാട്
ശ്രീനിവാസന്‍


"നീ എന്ത് നന്ദികേടാ ഡാ ഈ പറയണേ ...
ഇക്കണ്ട കാലം മുഴുവന്‍ നിന്നെയും സ്വപ്നംകണ്ട് നടന്ന ഒരു പെണ്ണിനെ തഴഞ്ഞിട്ട് ആ ഭാഗ്യം നമുക്ക് വേണ്ട ...നമുക്കാ പണവും പ്രതാപവും ഒന്നും വേണ്ട മോനെ ... "
വാത്സല്യം
ലോഹിത് ദാസ്


" ഞാന്‍ ...ഞാനൊരു പെഴപ്പു പെറ്റവനാണല്ലേ...? തന്തയില്ലാത്തവന്‍ ..കോവിലകത്തെ തമ്പുരാട്ടി കുട്ടിക്ക് വിവാഹത്തിന് മുന്പ് പറ്റിയ നാണം കേട്ട തെറ്റ് .ഭ്രൂണ ഹത്യ ചെയ്തു തീര്കാമായിരുന്നില്ലേ ..? അല്ലെങ്കില് പിറന്നു വീണപ്പോ കഴുത്ത് ഞെരിച്ചു കൊല്ലാമായിരുന്നില്ലേ...? നദിയിലോഴുക്കുകയോ... തീവണ്ടിപ്പാളത്ത്തില്‍ ഉപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ...?എന്ത് കൊണ്ട് ചെയ്തില്ല...മഹാമനസ്കത...മനുഷ്യത്വം.... ഭിക്ഷ കിട്ടിയതാണ് എന്നറിയാത്ത പൈതൃകത്തിന്റെ പേരില് അഹങ്കരിച്ച ഞാന് വിഡ്ഢിയായി ...ദാനം കൊടുത്തു ശീലിച്ചവനു ഈ ജന്മം പോലും ഒരാളുടെ ദയ ആണെന്ന് അറിയുമ്പോള് ഇതെന്റെ മരണമാണ്. മംഗലശ്ശേരി നീലകണ്ടന്റെ മരണം .
ദേവാസുരം
രഞ്ജിത്ത്


ഞാന് കഷ്ടപ്പെട്ടാ കാശുണ്ടാക്കിയത് .... എന്റെ കുഞ്ഞിനും അന്നമ്മക്കും വേണ്ടി... സേതുവിന് അറിയാമോ..? നിങ്ങള് മന്ത്രി മന്ദിരത്തില് പൊറുതിക്ക് കയറുമ്പോള്‍ അന്നമ്മയുടെ ജീവന്‍ രക്ഷ്ക്കാന്‍ മരുന്നിനു കാശില്ലാതെ മുഴു പട്ടിണിയില്‍ റോഡില് അലയുകയായിരുന്നു ഞാന്‍ . എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും
ലാല്‍ സലാം
ചെറിയാന് കല്പകവാടി


"ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു... അത് കൊണ്ട് ചോദിക്കുകയാ ...എന്നെ ... കൊല്ലാതിരിക്കാന് പറ്റോ...? ഇല്ല... അല്ലെ...? സാരമില്ല...
ചിത്രം
പ്രിയദര്‍ശന്‍


അറിയാവുന്ന നല്ല ഭാഷയില് നിന്നോട് ഞാന് പറയേണ്ടത് പറഞ്ഞു .നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ ഇട്ടികന്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം കാണിച്ചു മുന്നോട്ടു ദാ .......ഇതിനപ്പുറം കടന്നാല് മമ്പറം ആലിക്കണ്ണന് സാഹിബിന്റെ മൂത്ത മകന് ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്ന് വെട്ടേണ്ടി വരും. കാലു പിടിക്കാന് കുനിയുന്നവറെ മൂര്ധാവില് തുപ്പുന്ന സ്വഭാവം കാട്ടിയാല് ഈ ഭൂമി മലയാളത്തില് മാധവന്‍ ഉണ്ണിക്കു ഒരു മോന്റെ മോനും വിഷയല്ല...
വല്യേട്ടന്‍
രഞ്ജിത്ത്


പെണ്കുട്ടികള് വളരുന്നതും വലുതാകുന്നതുമെല്ലാം മനസ്സിലാക്കാന് അമ്മ വേണം,, അമ്മ തന്നെ വേണം ..ഏട്ടന് വെറും എട്ടനാവാനല്ലേ പറ്റൂ ..
ഹിറ്റ്ലര്
സിദ്ദിക്ക്


തിണ്ണമിടുക്ക് കാണിക്കാന്‍ ഇത് നമ്മുടെ തിണ്ണയല്ല..
ചക്രം
ലോഹിത് ദാസ്.

"അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാല്‍ വിളക്കുക്കള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു ..“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും തെളിച്ചു കൊണ്ടു്?"
ബോയിംഗ് ബോയിംഗ്
ശ്രീനിവാസന്‍