Showing posts with label Thilakan. Show all posts
Showing posts with label Thilakan. Show all posts

Tuesday, September 24, 2013

പെരുന്തച്ചന്‍

സത്യന്‍ അന്തിക്കാട്‌

സിംഹത്തെപ്പോലെ ഗര്‍ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരു പാവം കുട്ടിയാണ് തിലകന്‍. കൂട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തി എന്ന് സ്വയം വിശ്വസിച്ച് ഏകാന്തതയുടെ വേറൊരു ലോകം നിര്‍മിച്ച് അതില്‍ തനിച്ചിരുന്ന് കലഹിക്കുന്ന കുട്ടി.

തനിച്ചായിരിക്കുമ്പോഴും ഈ മനുഷ്യന്‍ കലഹിച്ചുകൊണ്ടിരിക്കുന്നു. ഒരു പരുക്കന്റെ കവചമണിഞ്ഞ് നടക്കുകയും പിന്നീടത് അഴിച്ചുമാറ്റാനാവാത്ത ഭാരമായിത്തീരുകയും ചെയ്തതിന്റെ ചില വീര്‍പ്പുമുട്ടലുകളില്‍നിന്നാണ് തിലകന്റെ കലഹങ്ങള്‍ ഉണ്ടാകുന്നതെന്നു തോന്നാറുണ്ട്.

Thilakan Memories

അടുത്തടുത്ത് എന്ന സിനിമയിലൂടെയാണ് തിലകനുമായി ഞാനടുക്കുന്നത്. തിലകനും കരമന ജനാര്‍ദനന്‍നായരുമാണ് അതില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. തങ്കപ്പന്‍പിള്ള, അയ്യപ്പന്‍പിള്ള എന്നീ ആത്മമിത്രങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന്റെയും പിണക്കത്തിന്റെയും സംഭവങ്ങളാണ് ആ സിനിമ ചിത്രീകരിച്ചത്. മിത്രങ്ങള്‍ ശത്രുക്കളായപ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ സംശയത്തിന്റെയും വെറുപ്പിന്റെയും അവസ്ഥകള്‍ തിലകനും കരമനയും തീവ്രമായ ഭാവത്തോടെ ഫലിപ്പിച്ചു. ഏലക്കച്ചവടവും മീന്‍കച്ചവടവും ചെയ്ത് തികച്ചും ഗ്രാമീണമായ ഒരു ചുറ്റുപാടില്‍നിന്ന് വലിയൊരു എക്‌സ്‌പോര്‍ട്ടിങ് കമ്പനി മുതലാളിമാരായിത്തീരുന്നതിന്റെ ഒരു ഘട്ടത്തില്‍ അവര്‍ തീവ്രമായി അകലുന്നതിന്റെ ആ കഥയ്ക്ക് അക്കാലത്ത് പുതുമയുണ്ടായിരുന്നു. കെ.ജി. ജോര്‍ജിന്റെ പടം കണ്ടിട്ടാണ് തിലകനെ അടുത്തടുത്ത് എന്ന സിനിമയിലേക്ക് പ്രധാനവേഷം ചെയ്യാന്‍ ക്ഷണിച്ചത്. കെ.ജി. ജോര്‍ജിന്റെ സിനിമകളില്‍ ഏറ്റവുമധികം അമ്പരപ്പിച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലെ തനി നാട്ടിന്‍പുറത്തുകാരനായ ആ കള്ളുകുടിയനെ ആര്‍ക്ക് മറക്കാന്‍ കഴിയും? യവനികയിലെ നാടകക്കമ്പനിയുടെ മാനേജര്‍, നാടകലോകവുമായി അടുത്തിടപഴകിയ ഒരാള്‍ക്കു മാത്രം കഴിയുന്ന തന്‍മയത്വത്തോടെയാണ് തിലകന്‍ അവതരിപ്പിച്ചത്. അടിസ്ഥാനപരമായി തിലകന്‍ ഒരു നാടകനടനാണ്. അഭിനയത്തിന്റെ ചിട്ടയായ പരിശീലനത്തിലൂടെ കടന്നുവന്ന ആള്‍. ഭാവാഭിനയത്തെ സ്വന്തം പിടിയില്‍നിന്ന് തെന്നിമാറാന്‍ തിലകന്‍ സമ്മതിക്കാറില്ല. കണ്ടശ്ശാംകടവില്‍ മണ്ണ് എന്ന നാടകത്തിലഭിനയിക്കാന്‍ തിലകന്‍ വന്നതിന്റെ ഓര്‍മ മനസ്സിലുണ്ട്. മണ്ണിലെ അഭിനയം കണ്ടിട്ട് ഞാന്‍ തരിച്ചിരുന്നുപോയിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമാ, കുടുംബപുരാണത്തിലെ ഡ്രൈവര്‍, നാടോടിക്കാറ്റിലെ അനന്തന്‍ മുതലാളി, സന്താനഗോപാലത്തിലെ ഫാക്ടറി ജീവനക്കാരന്‍ ഇങ്ങനെ ഇടത്തരം കുടുംബജീവിതത്തിലെ മുഖ്യവേഷങ്ങളുമായി ഏറെ താദാത്മ്യം പ്രാപിച്ചുകൊണ്ട് അഭിനയിക്കാന്‍ തിലകന് സാധിച്ചു. സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്. സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും ക്യാമറയ്ക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെ സിനിമയിലേക്കു വന്ന നടന്‍ തിലകന്‍ മാത്രമാണ്. ചില നാടകനടന്‍മാര്‍ സിനിമയിലെത്തുമ്പോഴും നാടകത്തിനു മാത്രം ബാധകമായ അഭിനയശീലങ്ങള്‍ ഉപേക്ഷിക്കാറില്ല. നാടകത്തിന്റെ ഒരു ശീലവും തിലകന്‍ സിനിമയുടെ തട്ടകത്തിലേക്കു കൊണ്ടുവന്നില്ല. നടന്‍ ഈ രണ്ടു തലങ്ങളിലും വ്യത്യസ്തരാണെന്ന ബോധം തിലകനുണ്ട്. ജയറാമിന്, അഭിനയത്തിന്റെ ആദ്യഘട്ടങ്ങളില്‍, സങ്കടം വരുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം ജയറാമിനോട് തിലകന്‍ ഉപദേശിക്കുന്നത് ഞാന്‍ കേട്ടു. 'നമ്മള്‍ സ്‌ക്രീനില്‍നിന്ന് കരയരുത്. വിങ്ങിപ്പൊട്ടുന്ന ഭാവത്തോടെ നില്ക്കണം. ആ ഭാവം കണ്ട് പ്രേക്ഷകര്‍ കരയണം. ഇത് വലിയൊരു അഭിനയപാഠമാണ്.' തിലകന്‍ ജയറാമിനു നല്കിയ ഈ ഉപദേശം സംവിധായകന്‍ എന്ന നിലയില്‍ എന്നെയും ഒരുപാട് സ്വാധീനിച്ചു. ചില രംഗങ്ങള്‍ പ്രേക്ഷകരിലാണ് പൂര്‍ണഭാവത്തോടെ ഫലപ്രാപ്തിയില്‍ എത്തേണ്ടത്. കിരീടത്തില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയഭാവം പ്രേക്ഷകര്‍ അനുഭവിക്കുന്നു. മലയാളസിനിമയിലെ ഭാവാഭിനയത്തിന്റെ മികച്ച ദൃഷ്ടാന്തമായി എടുത്തുകാട്ടാന്‍ ഉണ്ടാവുക തിലകന്റെ സിനിമകളായിരിക്കും.

സെറ്റില്‍ ഒരു പരുക്കന്‍ഭാവം തിലകന്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഒരു തൂവല്‍സ്​പര്‍ശം കൊണ്ടുമാത്രമേ ആ മനുഷ്യന്റെ ഹൃദയത്തെ നമുക്ക് വരുതിയിലാക്കാന്‍ കഴിയൂ. പരുക്കനായ ഈ നടനിലെ പച്ചമനുഷ്യന്‍ സ്‌നേഹത്തിനു മുന്നില്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മെരുങ്ങുന്നതായിട്ടാണ് എന്റെ അനുഭവം. ഒരു സംവിധായകനായിരിക്കുമ്പോഴും തിലകന്‍ എന്ന നടനോട് എനിക്ക് ആരാധനയാണ്. അഭിനയത്തിന്റെ അസാധാരണമായ ചില നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാന്‍ തിലകന് നിഷ്പ്രയാസം സാധിക്കുന്നു എന്ന തിരിച്ചറിവില്‍നിന്നുണ്ടായ ആരാധനയാണത്. അതുകൊണ്ട് കലഹിക്കുന്നതിന്റെ ചെറിയ ലാഞ്ഛന കാണുമ്പോള്‍ത്തന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ അനുനയിപ്പിക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിയിരിക്കും. കാരണം, തിലകന്‍ അത്രമേല്‍ വ്യത്യസ്തനാണ്. വ്യത്യസ്തമായ എന്തും വിലപ്പെട്ടതാണ്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തിലകന്‍ എന്ന നടനും കെ.പി.എ.സി. ലളിത എന്ന നടിയും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നില്ല. സാധാരണ ഒരു നടിയോ നടനോ മാത്രമല്ല അവര്‍. ക്യാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള്‍ സംവിധായകന് ആത്മവിശ്വാസം പകരുന്ന ഒരു കരുത്ത് അവര്‍ പകര്‍ന്നുനല്കാറുണ്ട്. നടന്‍മാരില്‍നിന്ന് സംവിധായകരിലേക്ക് അങ്ങനെയൊരു ഊര്‍ജപ്രവാഹമുണ്ടാകാറുണ്ട്.

ചിത്രീകരണഘട്ടത്തില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ തിലകന്‍ രോഗത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍, താനൊരു രോഗിയാണെന്ന ബോധം അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ തിലകന്‍ പ്രകടിപ്പിച്ചില്ല. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ രോഗത്തിന്റെ വേദന മറക്കാന്‍ തിലകന്‍ അല്പം മദ്യപിക്കുമായിരുന്നു. ഇതറിഞ്ഞ ഞാന്‍ സെറ്റിലേക്കു പുറപ്പെടുമ്പോള്‍ ആദ്യം തിലകന്റെ മുറിയിലേക്കു പോകും. തിലകനെ വിളിച്ചെഴുന്നേല്പ്പിച്ച്, പല്ലുതേപ്പിച്ച് എന്നോടൊപ്പംതന്നെ സെറ്റിലേക്ക് കൊണ്ടുപോകും.

തനിച്ചിരുന്ന് മദ്യപിച്ചു വരികയാണെങ്കില്‍ രംഗങ്ങള്‍ അവതാളത്തിലാക്കിയേക്കുമോ എന്ന ഭയം കാരണമാണ് ഞാന്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു പെഗ് കഴിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു നല്കിയിരുന്നു.

അറിഞ്ഞുകൊണ്ട് ആരെങ്കിലും കബളിപ്പിക്കുന്നത് തിലകന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കുടുംബപുരാണത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ മൂള്ളൂര്‍ക്കര എന്ന സ്ഥലത്തുവെച്ച്. സിനിമയ്ക്ക് വൈകിമാത്രം പേരിടുന്ന ഒരു ശീലക്കാരനാണ് ഞാന്‍. ചിത്രീകരണത്തിന്റെ ഒരു സ്റ്റേജ് കഴിയുമ്പോള്‍ പരസ്യമായ ഒരു ചര്‍ച്ച പേരിനെക്കുറിച്ച് സെറ്റില്‍ നടക്കും. ഓരോരുത്തരും ഓരോ പേരുമായി സെറ്റിലേക്കു വരും. അതില്‍ തിലകനും ഒരു പേര് നിര്‍ദേശിച്ചു. 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്' എന്നതായിരുന്നു തിലകന്‍ പറഞ്ഞ പേര്. ഈ പേര് അപ്പോള്‍ത്തന്നെ ഞാന്‍ ശ്രീനിവാസന് കൈമാറി. ശ്രീനിവാസന്‍ തിലകനെ ഫോണ്‍ ചെയ്തു പറഞ്ഞു:
'സത്യനെ വിളിച്ചിട്ടു കിട്ടുന്നില്ല. സത്യനോട് പറയണം, ഞാനൊരു നല്ല പേര് കണ്ടുവെച്ചിട്ടുണ്ട് 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്'. തിലകന്‍ ഫോണ്‍ വെച്ചു. ലൊക്കേഷനിലെത്തിയ തിലകന്റെ മട്ടുമാറിയിരുന്നു. താന്‍ മൗലികമായി കണ്ടുപിടിച്ച സിനിമാപ്പേര്
ശ്രീനിവാസന്‍ അടിച്ചെടുത്തു എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ശ്രീനിവാസന്‍ തിലകനെ വട്ടംകറക്കുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ശ്രീനിവാസനും തിലകനുമായി നടന്ന ഈ പേരിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം ഞാന്‍ ദൂരെനിന്ന് നോക്കിക്കണ്ടു. ഇതൊരു ഡബിള്‍ പ്ലേ നടത്തിയതാണ് എന്ന് അന്ന് വൈകുന്നേരംവരെ തിലകന്‍ ചേട്ടന് മനസ്സിലായിരുന്നില്ല.

നല്ലൊരു വായനക്കാരനാണ് തിലകന്‍. അതുകൊണ്ട് എഴുത്തുകാരോടാണ് സിനിമാക്കാരേക്കാള്‍ ആരാധന. തിലകന്‍വഴിയാണ് ലോഹിതദാസ് സിനിമയിലേക്കു വരുന്നത്. ലോഹിതദാസിന്റെ നാടകസ്‌ക്രിപ്റ്റുകളുടെ ശക്തി തിരിച്ചറിഞ്ഞ തിലകന്‍ സിനിമയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു. നമ്മള്‍ തള്ളിക്കളയുമായിരുന്ന പലരേയും തിലകന്‍ ക്ഷമാപൂര്‍വം കേള്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 'ജീവിതം ഒരു നാടകം' എന്നത് തിലകനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അടിമുടി നാടകീയത നിറഞ്ഞതാണ് ആ ജീവിതം. കുടുംബജീവിതം നയിക്കുമ്പോഴും സാമ്പ്രദായികമായ കുടുംബസങ്കല്പങ്ങളെ തിലകന്‍ ദൂരെ നിര്‍ത്തുന്നു.

തിലകന്റെ ജീവിതത്തിന്റെ സംവിധാനവും അതിലെ പ്രധാന നടനും തിലകന്‍തന്നെയാണ്.

ഏതു സംവിധായകന്റെ സിനിമയിലും തികച്ചും ആത്മാര്‍ഥമായി അഭിനയിക്കുന്ന ശീലം തിലകനുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമ റിലീസാകുമോ ഇല്ലയോ എന്നുപോലും ഈ നടന്‍ നോക്കാറില്ല. ഒരിക്കല്‍ തിലകന്‍ എന്നോട് പറഞ്ഞു: 'ദേവരാജന്‍ മാഷിന്റെ മാനറിസങ്ങള്‍ ഞാനൊരു കഥാപാത്രത്തിന് പകര്‍ന്നിട്ടുണ്ട്. പക്ഷേ, ആ സിനിമ റിലീസായില്ല.' തുടര്‍ന്ന് തിലകന്‍ ആ കഥാപാത്രത്തെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന് എനിക്കു മുന്നില്‍ അഭിനയിച്ചു. അദ്ഭുതകരമായിരുന്നു ആ അഭിനയം. ഏതോ ഒരു പുതുമുഖസംവിധായകന്റെ റിലീസാകാത്ത സിനിമയില്‍ തിലകന്റെ ദേവരാജഭാവം ഉറങ്ങിക്കിടക്കുന്നു.
Thilakan Memories

മലയാളിയുടെ ഓര്‍മയില്‍നിന്ന് തുടച്ചുകളയാനാവാത്ത ഒരു കഥയാണ് പെരുന്തച്ചന്‍േറത്. ആധുനികോത്തര കഥകളിലൂടെയും കാലത്തിലൂടെയും നാം കടന്നുപോകുമ്പോഴും നമ്മുടെ ബോധം ഗ്രാമ്യമായ ആ നാടോടിക്കഥയിലേക്ക് പല സന്ദര്‍ഭങ്ങളിലും തിരിച്ചുപോകാറുണ്ട്. ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് 'പ്രൊഫഷണല്‍ ജലസി'. നിങ്ങള്‍ കര്‍മനിരതനാണെങ്കില്‍ സംശയമില്ല, ശത്രുക്കളുടെ എണ്ണം കൂടുതലായിരിക്കും. അടിസ്ഥാനപരമായ മനുഷ്യവാസന സംശയത്തിന്റെയും വിദ്വേഷത്തിന്റെയും ചുറ്റുമാണ് വെറുതെയെങ്കിലും കറങ്ങിക്കൊണ്ടിരിക്കുന്നത്. അകാരണമായ അസൂയ, വെറുപ്പ്, സുഹൃത്തോ മകനോ തന്റെ ശത്രുവാണെന്ന ബോധം - ഇത്തരം നിഷേധവാസനകളെ ഏറ്റവും ഫലപ്രദമായി ആവാഹിച്ച ആ ഗ്രാമകഥയിലെ നായകനായി തിലകന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. കാഴ്ചയ്ക്കപ്പുറത്ത് ആ പെരുന്തച്ചന്‍ നമ്മോടൊപ്പമുണ്ട്. പേശീബലമുള്ള, ദൃഢഭാവമുള്ള ഒരു പരുക്കന്‍ തച്ചന്‍. ഉള്ളിലെവിടെയോ നിറയുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തത ആ ഭാവത്തില്‍ പ്രേക്ഷകനു തിരിച്ചറിയാനുമാവുന്നുണ്ട്. പെരുന്തച്ചന്‍ എന്ന ഗ്രാമകഥയുടെ പാഠഭേദമാണ് എം.ടി.യുടെ സിനിമ. ഭീമനും ചന്തുവിനും എം.ടി. സ്വന്തം ഭാവനയുടെ വാക്കും ഭാവവുമാണ് നല്കിയത്. പെരുന്തച്ചന്‍ എം.ടി.യുടെ തച്ചനാണ്. പക്ഷേ, തിലകന്‍, ഗ്രാമകഥയിലെ പെരുന്തച്ചനും.

മറക്കാനാവാത്ത മറ്റൊരു ഓര്‍മ: നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയില്‍ തിലകന്‍ ഒരു ചിത്രം ചുവരില്‍നിന്ന് പറിച്ച് മാറ്റുമ്പോള്‍ ശാരിയിലേക്കൊരു നോട്ടമുണ്ട്.

ആ നോട്ടം പതിഞ്ഞത് ക്യാമറയിലല്ല; പ്രേക്ഷകന്റെ മനസ്സിലാണ്.

മൂന്നാംപക്കത്തില്‍ പേരക്കുട്ടിയുടെ ബലിതര്‍പ്പണത്തിനായി മുത്തച്ഛന്‍ കടലിലിറങ്ങുകയാണ്. ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ തിലകന്‍ പത്മരാജനോട് പറഞ്ഞുവത്രെ: 'പത്മരാജന്‍, ഞാന്‍ കടലിലേക്കു പോവുകയാണ്. തിരിച്ചുവരണം എന്ന ആഗ്രഹം എനിക്കില്ല. എന്റെ എല്ലാമായ പേരക്കിടാവാണല്ലോ എനിക്ക് നഷ്ടപ്പെട്ടത്. ഞാന്‍ തിരിച്ചുവരേണ്ടത് നിങ്ങളുടെ ആഗ്രഹമാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് വേണ്ടതുചെയ്യാം...' പത്മരാജന്‍ തിലകന്റെ മുഖത്തു നോക്കി. കടലില്‍നിന്ന് തിരിച്ചുവരാനാഗ്രഹിക്കാത്ത ഒരു മുത്തച്ഛന്റെ ഭാവം ആ മുഖത്ത് ഉണ്ടായിരുന്നതായി പത്മരാജന്‍ പറഞ്ഞു. കടലിലേക്ക് മുത്തച്ഛന്‍ കാലെടുത്തുവെക്കുമ്പോള്‍ പത്മരാജന്റെ മനസ്സ് പതറി. ദൈവമേ, തിലകന് ഒന്നും സംഭവിക്കരുതേ!

ആ പ്രാര്‍ഥന ഇപ്പോഴുമുണ്ട്. തിലകനെ സ്‌നേഹിക്കുന്ന പ്രേക്ഷകരും സംവിധായകരും ഒരുപോലെ ആഗ്രഹിക്കുന്നു. കലഹത്തിന്റെയും പിണക്കത്തിന്റെയും കടലില്‍നിന്ന് തിലകന്‍ തിരിച്ചുകയറണം. ഒരു നായര്‍ലോബി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് തിലകന്‍ പറയുന്നുണ്ടല്ലോ. അത് അവാസ്തവികമായ ഒരു പ്രസ്താവനയായിട്ടാണ് എനിക്കു തോന്നുന്നത്. നെഞ്ചില്‍ കൈവെച്ചുകൊണ്ട് ഞാന്‍ പറയുന്നു. തിലകന്‍ചേട്ടന്‍ സിനിമയിലേക്ക് സജീവമായി തിരിച്ചുവരണം. അതിന് തടസ്സം നില്ക്കുന്ന ഒരാളും ഇന്ന് മലയാളസിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം, മലയാളസിനിമ തിലകനെ അത്രമേല്‍ സ്‌നേഹിക്കുന്നു. കിലുക്കത്തിലെ മുന്‍കോപിയായ ആ മനുഷ്യനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, പെരുന്തച്ചനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, മൂന്നാംപക്കത്തിലെ മുത്തച്ഛനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, ഓര്‍മയുടെ ഖനിയില്‍ എല്ലാ കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ തിലകനെ കാത്തിരിക്കുന്നുണ്ട്.

കാലം തിലകനെ തിരിച്ചുവിളിക്കുന്നു.

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Friday, June 28, 2013

അയാള്‍ ഏകാന്തത വായിച്ചു

കല്പറ്റ നാരായണന്‍

മനുഷ്യന്റെ കഥ മനസ്സ് കൊണ്ട് പറഞ്ഞ ലോഹിതദാസ് ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് ജൂണ്‍ 28-ന് 4 വര്‍ഷം.

Lohithadas Memories

ലോഹിതദാസിന്റെ ചിത്രങ്ങളെക്കുറിച്ച് ഇന്ത്യാ ടുഡേ ഒരു ഫീച്ചര്‍ തയ്യാറാക്കിയപ്പോള്‍ 'കിരീട'ത്തെക്കുറിച്ചുള്ള കുറിപ്പ് ഞാനാണ് എഴുതിയത്. ലോഹിതദാസാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് എന്ന് അസന്ദിഗ്ധമായി പറയാനാണ് ഞാനാഗ്രഹിച്ചത്. എം.ടി.യേക്കാള്‍, പത്മരാജനേക്കാള്‍, ശ്രീനിവാസനേക്കാള്‍ മികച്ച തിരക്കഥാകൃത്ത് ലോഹിതദാസാണെന്ന എന്റെ വാക്യം പക്ഷേ, ഇന്ത്യാ ടുഡേക്കാര്‍ ഒഴിവാക്കി. ഇപ്പോള്‍ മലയാളി വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങിയ, ഇനിയങ്ങോട്ട് അവര്‍ക്ക് നിസ്സംശയമായ ആ വാക്യം അന്ന് ലോഹിയിരിക്കെ പ്രത്യക്ഷപ്പെടാത്തതില്‍ എനിക്ക് വേദനയുണ്ട്.

സാഹിത്യസാക്ഷരതയോ രാഷ്ട്രീയസാക്ഷരതയോ മലയാളികളില്‍ ചെറിയൊരു വിഭാഗത്തിനേയുള്ളൂ. വേശ്യകളുടെയോ ഭിക്ഷക്കാരുടെയോ കടത്തിണ്ണകളിലുറങ്ങുന്ന അനേകരുടെയോ മുഖ്യമന്ത്രിയല്ല വി.എസ്. വിജയന്റെയോ ശ്രീരാമന്റെയോ മാധവിക്കുട്ടിയുടെയോ അഭാവത്തിന്റെ അര്‍ഥത്തെക്കുറിച്ച് ഭൂരിപക്ഷ മലയാളികള്‍ക്ക് അവ്യക്തമായ ധാരണയേയുള്ളൂ. എന്നാല്‍, സിനിമാസാക്ഷരത കണ്ണും കാതുമുള്ള മലയാളികളില്‍ നൂറുശതമാനത്തിനുമുണ്ട്. ഒരു പട്ടികയിലും പെടാത്തവരും ലോഹിതദാസിന്റെ മരണത്തില്‍ വേദനിച്ചവരുടെ പട്ടികയില്‍പെട്ടു. ആ വേദനിച്ചവര്‍ക്കാവട്ടെ, എന്തിന് വേദനിക്കുന്നു എന്ന് വ്യക്തമായറിയുകയും ചെയ്യാമായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം മലയാളത്തില്‍ ഏറ്റവും ചൈതന്യത്തോടെ ജീവിച്ച ചില മനുഷ്യര്‍ ലോഹിതദാസ് സങ്കല്പിച്ച ചില കഥാപാത്രങ്ങളായിരുന്നു. സ്വന്തം വേവലാതികളേക്കാള്‍ മലയാളികള്‍ ആ കഥാപാത്രങ്ങളുടെ വേവലാതികളില്‍ വിഷമിച്ചു. അവരുടെ ജീവിതത്തെക്കുറിച്ച് അവരേക്കാള്‍ ഒട്ടും മെച്ചമല്ലാത്ത ജീവിതം നയിച്ചവര്‍ ആലോചിച്ച് ക്ലേശിച്ചു. ആ സ്ഥലം മാറ്റം സേതുമാധവന്റെ അച്ഛന് കിട്ടിയിരുന്നില്ലെങ്കില്‍, ആ വീട് വിറ്റുകളഞ്ഞിരുന്നെങ്കില്‍, തൊഴില്‍സാധ്യത ഇത്ര വിരളമല്ലായിരുന്നെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും മുരളിയും ഇത്ര വലിയ ജീവിതങ്ങള്‍ ജീവിക്കുമായിരുന്നില്ല. ലോഹിതദാസിന്റെ ശവസംസ്‌കാരദിവസം ലക്കിടിയില്‍ ലാല്‍, മമ്മൂട്ടി, ദിലീപ് എന്നെല്ലാം കൂടിനില്ക്കുന്നവരുടെ ആകൃതിതെറ്റിച്ച് പുതിയ പുതിയ തിരക്കുകളുണ്ടായപ്പോള്‍ ആ നിശ്ചലനായിക്കിടക്കുന്ന ലോഹിതദാസാണ് മുഖ്യമായും ആ തിരക്കുകള്‍ അവര്‍ക്കുണ്ടാക്കിക്കൊടുത്തതെന്ന് ഓര്‍ത്തുകൊണ്ടിരുന്നു. ദൈവം മാത്രമാണ് സൃഷ്ടി നടത്തിയിരുന്നതെങ്കില്‍, എത്ര നിസ്വരാകുമായിരുന്നു അവര്‍ എന്നും. അവര്‍ മാത്രമായിരുന്നെങ്കില്‍ അവരെത്ര തുച്ഛമാണെന്നും.

മലയാളികള്‍ക്ക് തിലകനോ മമ്മൂട്ടിയോ ലാലോ മുരളിയോ ജയറാമോ അവരുടെ അഭിനയമികവോ രൂപഭംഗിയോ ആയിരുന്നില്ല, അവരുടെ ശരീരമുപയോഗിച്ച് മണ്ണില്‍ നടന്ന ചില കഥാപാത്രങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വങ്ങളായിരുന്നു. ആ കഥാപാത്രങ്ങള്‍ അനുഭവിച്ച അവഹേളനത്തിന്റെയും അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും തീവ്രത ആ നടന്മാര്‍ക്ക് കാമ്പുണ്ടാക്കി. പില്ക്കാലത്ത് 'ഫ്‌ളെക്‌സി'ല്‍ എഴുതിയ തിരക്കഥകള്‍ അവരെ വിഡ്ഢികളായ അതിമാനുഷരാക്കിയപ്പോഴും അവരില്‍ ലോഹിയുണ്ടാക്കിയ ചില വടുക്കള്‍ അവരെ രക്ഷിച്ചു. നിശാസ്​പദങ്ങളായ പുതിയ വേഷങ്ങള്‍ക്കും ലോഹി നല്കിയ പഴയ വേഷങ്ങള്‍ ആസ്​പദമായി. ബോര്‍ഹസ് പറയുന്നുണ്ട്, ആദാം കണ്ട ചന്ദ്രനല്ല ഈ ചന്ദ്രന്‍, എത്രയാളുകളുടെ സങ്കല്‍പങ്ങള്‍, വേദനകള്‍, കാത്തിരിപ്പുകള്‍ കലര്‍ന്നിരിക്കുന്നു ഈ ചന്ദ്രനില്‍ എന്ന്. ലോഹി അനുഭവിച്ച എത്ര ദുരിതങ്ങളാണ്, ഏകാന്തതകളാണ് ഈ താരത്തിളക്കം! ലോഹിയുടെ കഥാപാത്രങ്ങള്‍ അവരില്‍ കലര്‍ന്നിരിക്കുന്നു; അതാണ് മലയാളിക്കവരോടുള്ള ഉള്ളടുപ്പം.

കടലാസില്‍ തോറ്റ, സെല്ലുലോയ്ഡില്‍ വിജയിച്ച ഒരു കഥാകാരനായിരുന്നു ലോഹിതദാസ്. കടലാസില്‍ ജയിച്ചവരില്‍ ഒരു പരിമിതിയുണ്ടായിരുന്നു. വായനക്കാരായിരുന്നു അവരുടെ കാണികള്‍. എം.ടി.ക്കും പത്മരാജനും അടൂരിനും ടി.വി. ചന്ദ്രനുമുള്ള പ്രധാന പരിമിതി അവര്‍ വായനക്കാരായ കാണികളെ ലക്ഷ്യം വെക്കുന്നു എന്നതാണ്. അവരുടെ കാണി പുസ്തകവായന വഴി പ്രബുദ്ധനായ ചലച്ചിത്രാസ്വാദകനായിരുന്നു (സാഹിത്യസാക്ഷരതയുടെ അഹങ്കാരമായിരുന്നു അവരെ പൊതുജനത്തില്‍നിന്നകറ്റിയത് എന്നു തോന്നുന്നു.) കാണികളുടെ അഭിരുചിയില്‍ മാറ്റമുണ്ടാക്കിയത് ലോഹിതദാസാണ്. അടൂരും ജോണ്‍ എബ്രഹാമും അരവിന്ദനും എം.ടി.യും പ്രാഥമികമായും വായനക്കാരനായ കാണിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ മാത്രം. വായനയുടെ അടയാളങ്ങള്‍ അടയാളങ്ങളായ കഥാപാത്രങ്ങള്‍ അവരുടെ പൊതുസ്വഭാവമാണ്. പുസ്തകവായനക്കാരുടെ വേദനകളോ അനുഭൂതികളോ ആകാനാണ് അവര്‍ ചലച്ചിത്രങ്ങള്‍കൊണ്ട് ലക്ഷ്യമിട്ടത്. ലോഹിതദാസിനോ ശ്രീനിവാസനോ വായനക്കാരന്‍ ഒരു ബാധ്യതയേ അല്ല. പ്രബുദ്ധത വായനവഴി എത്തിച്ചേരാവുന്ന ഒരുയരമല്ല ലോഹിതദാസില്‍. അദ്ദേഹത്തിലെ മികച്ച സന്ദര്‍ഭങ്ങള്‍ ജീവിതാനുഭവങ്ങള്‍കൊണ്ട് കൂടുതല്‍ സുഗ്രഹമാവുന്നവ. 'കള്ളന്‍ പവിത്രന്‍', 'ഒരിടത്ത് ഒരു ഫയല്‍വാന്‍' എന്നു മറിച്ചു തോന്നിപ്പിക്കുന്ന ചലച്ചിത്രങ്ങളിലും പുസ്തകവായനക്കാരന്റെ അരിപ്പയിലൂടെ കടന്നുപോന്ന ഗ്രാമഭംഗികളാണുള്ളത്. ലോഹിതദാസിന്റെ ഗ്രാമങ്ങള്‍, പാമരനെ അവഗണിക്കുന്നതേ ഇല്ല. ഒരു വിധത്തിലുള്ള 'ക്ലാസ് കോണ്‍ഷ്യസാലും' അദ്ദേഹം ചുരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ആശാരിമാര്‍, കൊല്ലന്മാര്‍, മൂശാരിമാര്‍, വീട്ടുവേലക്കാര്‍ ഒക്കെ ഉണ്‍മയുള്ളവര്‍.
ഗ്രാമീണ കേരളത്തിന്റെ സത്യങ്ങള്‍. കഴിഞ്ഞ ഇരുപത് കൊല്ലത്തിനകം മലയാളസാഹിത്യം സൃഷ്ടിച്ച ഏതു കഥാപാത്രങ്ങളേക്കാളും ജീവസ്സുറ്റ കഥാപാത്രങ്ങളെ ലോഹിതദാസ് സെല്ലുലോയ്ഡില്‍ സൃഷ്ടിച്ചു. സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്മാരെ സാഹിത്യം സൃഷ്ടിച്ചില്ല. എം.ടി.യുടെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ സംസാരിക്കുന്നത് നാം 'വായിക്കുമ്പോള്‍' ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് നാം കേള്‍ക്കുന്നു. അവരുടെ അതിവാചാലത ('കുടുംബപുരാണ'ത്തിലെ തിലകന്‍ അവതരിപ്പിച്ച ഡ്രൈവര്‍) കഥാപാത്രങ്ങളുടെ അതിവാചാലത, എം.ടിയുടെ കഥാപാത്രങ്ങളുടെ അതിവാചാലത പലപ്പോഴും എം.ടിയുടെ അതിവാചാലത. അടൂരിനെപ്പോലൊരു ശില്‍പവൈഭവമുള്ള ചലച്ചിത്രകാരന്‍ ലോഹിതദാസിലെ തിരക്കഥാകാരനെ ആശ്രയിച്ചിരുന്നെങ്കില്‍ മലയാള ചലച്ചിത്രത്തിന്റെ ഗതി മാറുമായിരുന്നു. പക്ഷേ, പഠിച്ചവര്‍ പഠിച്ചതല്ലേ പാടൂ.

ശബ്ദം കേള്‍ക്കാത്തത്ര അകലത്തുനിന്ന്, ചമ്രം പടിഞ്ഞിരുന്ന് സുലഭമായ അംഗവിക്ഷേപങ്ങളോടെ ലോഹിതദാസ് സംസാരിക്കുന്നത് കണ്ടാല്‍ അദ്ദേഹം രാഗവിസ്താരം നടത്തുകയാണെന്നാണ് തോന്നുക. ഇങ്ങനെ സവിസ്തരം ശ്രദ്ധയോടെ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭാഷകര്‍ അപൂര്‍വം. മറ്റാരോടും പറയാനാവാത്ത അവഹേളനത്തിന്റെ, അവഗണനയുടെ, ഒറ്റപ്പെടലിന്റെ വ്യഥകള്‍ മനസ്സിരുത്തി കേള്‍ക്കാന്‍ ഇത്രയേറെ മികവുകാട്ടിയ ആളുണ്ടായിരുന്നില്ലെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 'ഇഡിയറ്റി'ലെ മൈഷ്‌ക്കിന്‍ പ്രഭുവിനെ പരിചയപ്പെട്ട് മിനിറ്റുകള്‍ക്കകം തന്റെ ഏറ്റവും വലിയ രഹസ്യം പങ്കിടാന്‍ യോഗ്യത ഇയാള്‍ക്കാണെന്ന് അതിലെ നായിക തീരുമാനിക്കുന്നുണ്ട്. ലോഹിതദാസിനോട് ഏറ്റുപറയാന്‍ പറ്റിയ വിധത്തില്‍ കനത്ത ഒരു വ്യഥയില്ലാത്തതില്‍, പ്രത്യേകിച്ചും അപമാനിക്കപ്പെട്ട ഒരനുഭവം ഇല്ലാത്തതില്‍, നിങ്ങള്‍ക്ക് കുറ്റബോധംപോലും തോന്നും. വ്യക്തിയിലെ ഏകാന്തതയെ വായിക്കാനുള്ള ലോഹിയുടെ വൈഭവം മൂന്നാലുതവണ നേരില്‍ ഞാനുമറിഞ്ഞു. (ഹാര്‍മോണിയം വായിക്കുമ്പോലെയോ വയലിന്‍ വായിക്കുമ്പോലെയോ ഏകാന്തത വായിക്കുന്നുണ്ട് ലോഹിതദാസ് 'ഉദ്യാനപാലകന്‍' എന്ന ചലച്ചിത്രത്തില്‍. എന്തൊരു നിസ്സീമമായ ഏകാന്തതയാണ് ആ ചലച്ചിത്രത്തില്‍.) മനസ്സുകൊണ്ട് മനസ്സിനോട് നടത്തുന്ന ആ സംഭാഷണത്തിന്റെ ഓര്‍മകള്‍, അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍പോലെ, അനുഭവിച്ചവരില്‍ ചിരകാലം നില്‍ക്കും. അദ്ദേഹത്തിന്റെ സമീപത്ത് നിങ്ങള്‍ക്ക് മുഴുവനായി ഇരിക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തില്‍ എപ്പോഴും 'മുഴുവനായി' ഇരിക്കുന്നു. കുളത്തിലെ പടികളിലൂടെ എന്നപോലെ അദ്ദേഹത്തില്‍ ഇറങ്ങിയിറങ്ങിച്ചെല്ലാം. ചോക്കുമലയില്‍നിന്ന് ചോക്കന്വേഷിച്ച് പോവുന്നവനെക്കുറിച്ച് പറയാന്‍ അദ്ദേഹത്തെത്തന്നെ ഉപയോഗിക്കാം എന്ന് സംവിധായകന് തോന്നിയത് അതുകൊണ്ടാണ്. ഉപദേശത്തിന്റെ ജാള്യത കൂടാതെ മറ്റൊരാളെക്കൊണ്ടത്് പറയിക്കാനാവില്ല. സശ്രദ്ധം കേള്‍ക്കുന്നൊരാളുടെ സമാശ്വസിപ്പിക്കല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെയും രീതിയാണ്. അത്തരം കഥാപാത്രങ്ങള്‍ ഒരാളെങ്കിലുമുണ്ടാവും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍ വിടാതെ. 'കാരുണ്യ'ത്തിലെ അച്ഛന്‍, 'ചെങ്കോലി'ലെ നായിക, 'കന്മദ'ത്തിലെ നായകന്‍, 'കുടുംബപുരാണ'ത്തിലെ അംബിക അവതരിപ്പിച്ച കഥാപാത്രം, 'ദശരഥ'ത്തിലെ കരമന അവതരിപ്പിച്ച കഥാപാത്രം ഒക്കെ ധാരണയുടെ (understanding) ആള്‍രൂപങ്ങള്‍. 'മനസ്സിലാക്കുന്ന' അവരുടെ സാന്നിധ്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ സാമാന്യ മലയാളിയുടെ വലിയ സമാശ്വാസങ്ങളായിരുന്നു. ആ ചലച്ചിത്രങ്ങളുടെ രീതിതന്നെ അവഹേളിതനെ, അപമാനിതനെ, സമൂഹം നിര്‍വിശേഷം ഉപേക്ഷിച്ചവനെ, ആ ഉപേക്ഷ തീവ്രമായറിഞ്ഞ, അനുഭവിച്ച കഥാപാത്രങ്ങളിലൂടെ അറിയുക എന്നതായിരുന്നു. ഏകാകിയെ, ഓരോരുത്തരിലുമുള്ള ഏകാകിയെ, അങ്ങനെ തിയറ്ററിലെ ഇരുട്ടിനകത്തെ ഏകാകികളായ സകലരെയും ഒറ്റക്കൊറ്റക്ക് അറിഞ്ഞ സിനിമകളാണ് 'കിരീട'വും 'ചെങ്കോലും', 'തനിയാവര്‍ത്തന'വും, 'ദശരഥ'വും (സാമാന്യ മലയാളിയുടെ പ്രമേയമായിത്തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് നിരസിക്കപ്പെട്ട 'ദശരഥം' വാടക ഗര്‍ഭപാത്രങ്ങളുടെ ക്വട്ടേഷന്‍ ലഭിക്കുന്ന പുതിയ കേരളത്തില്‍ അതിസംഗതമായിക്കൊണ്ടിരിക്കുന്നു) 'ഉദ്യാനപാലകനും', 'ഭൂതക്കണ്ണാടി'യും. പരിഗണനകളുടെ ഉല്‍സവമായിരുന്ന ജീവിതത്തില്‍നിന്ന് - തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാമുകിയെ കട്ടുതിന്ന കള്ളകൃഷ്ണന്‍ മാത്രമായിരുന്നില്ല സേതുമാധവന്‍, മുത്തശ്ശിയുടെ അഭിമാനമായിരുന്ന ഭര്‍ത്താവിന്റെ പുനര്‍ജന്മം, അമ്മയുടെ നിറവാല്‍സല്യത്തിന്റെ ഉണ്ണികൃഷ്ണന്‍, അച്ഛന്റെ സ്വപ്‌നത്തിലെ നന്മനിറഞ്ഞ അധികാരി, തോഴരുടെ ഉറ്റതോഴന്‍, സഹോദരിമാരുടെ അഭിമാനമായ ആശ്രയം, സുരക്ഷിതത്വം. കൃഷ്ണന്റെ സകല അവതാരവിശേഷങ്ങളുമായിരുന്നു സേതുമാധവന്‍-ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും അവഗണനയുടെയും അടിത്തട്ടിലേക്ക് ചെന്നെത്തുന്ന ആവിഷ്‌കരണം വഴി 'കിരീട'ത്തിലൂടെയും 'ചെങ്കോലി'ലൂടെയും ലോഹി ആവിഷ്‌കരിച്ചത് മലയാളിയുടെ എത്രയോ കിനാത്തകര്‍ച്ചകളുടെ രൂക്ഷ സൂക്ഷ്മരൂപം. പലര്‍ പലവിധത്തില്‍ അനുഭവിച്ച തകര്‍ച്ചയുടെ മിത്തായി പ്രേക്ഷകനത് മാറി. മലയാളത്തിലെ 'അനുകമ്പയുടെ ക്ലാസിക്' എന്ന് ഞാന്‍ 'ഭൂതക്കണ്ണാടി'യെ വിലയിരുത്തും. ചെറിയ കേടുപാടുകള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ച് മുഴുത്ത രൂപത്തില്‍ കണ്ട് ചികിത്സിച്ച് ആ വാച്ച്‌മേക്കര്‍ അതേ കണ്ണാടി ഉപയോഗിച്ച് സമൂഹത്തെയും കണ്ടതിന്റെ കഥയായിരുന്നല്ലോ അത്.
വിദ്യാധരന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനം, ചുവരിലെ കുമ്മായമടര്‍ന്നുണ്ടായ ചെറിയ ഒരു പാടായിരുന്നു എന്ന് കണ്ട നിമിഷം, എന്നിലെ ചലച്ചിത്രാസ്വാദകന്‍ അനുഭവിച്ച ഉന്നത നിമിഷങ്ങളിലൊന്നായിരുന്നു (എം.ടി.യുടെ വെളിച്ചപ്പാടിന്റെ കാറിത്തുപ്പല്‍ കണ്ടപോലൊരു നിമിഷം).

ജീവിതനിരീക്ഷണത്തില്‍ ഈ ചലച്ചിത്ര കഥാകാരനോളം പോന്ന ആരെയും ഞാന്‍ മലയാള ചലച്ചിത്രലോകത്ത് അറിയുന്നില്ല. 'കുടുംബപുരാണ'ത്തിലെ അംബികയുടെ കഥാപാത്രം ഭര്‍തൃപിതാവിന്റെ തലയില്‍ രാസ്‌നാദിപ്പൊടി തിരുമ്മുന്നത് (കൂട്ടുകുടുംബത്തിന്റെ സൗഖ്യം മുഴുവന്‍, കുടുംബപുരാണം മുഴുവന്‍ , ആ ദൃശ്യത്തിലുണ്ട്). 'സല്ലാപ'ത്തിലെ ആശാരികളും അവരുടെ പണിസ്ഥലവും, മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം ആശാരിയായി വന്ന ജൂനിയര്‍ യേശുദാസിനെ കണ്ടപ്പോള്‍ ചിരിച്ച ചിരി, (ആ ചിരിയില്‍ നിന്ന് ഒരു വലിയ നടിയുണ്ടായി) 'കന്മദ'ത്തിലെ അമ്മയും മകനുമായുള്ള രംഗത്തിന്റെ സൂക്ഷ്മതയും സത്യമായ സംഭാഷണങ്ങളും ഒക്കെ ഉദാഹരണങ്ങള്‍. 'ഉദ്യാനപാലകനി'ലെ സുധാകരന്‍ നായര്‍ (മമ്മൂട്ടി) പത്രം വായിക്കുന്ന രംഗം തനിച്ചൊരു ഷോര്‍ട്ട് ഫിലിമാക്കിയാല്‍ അത് ലോകോത്തരമായ ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായിരിക്കും. അത്രയ്ക്കുണ്ട് ആ സീനിന്റെ ഭാവസാധ്യത. സുധാകരന്‍ നായര്‍ പത്രം വായിക്കുമ്പോള്‍ അതില്‍ നോക്കി വായിക്കുകയാണ് ടൈലര്‍ (ഈ ടൈലര്‍ ഒരു ടൈപ്പല്ല. പിന്നോട്ടും മുന്നോട്ടും പോയി മറ്റെല്ലാ ചലച്ചിത്രങ്ങളിലെയും ടൈലര്‍മാരെ ടൈപ്പാക്കുന്ന (ഒരൊറിജിനല്‍!). അസ്വസ്ഥനായ സുധാകരന്‍ നായര്‍, വായിക്കുന്ന ഷീറ്റ് ടൈലര്‍ക്കു നല്‍കുന്നു. ആ ഷീറ്റ് ബെഞ്ചില്‍ ഉപേക്ഷിച്ച് ടൈലര്‍ സുധാകരന്‍ വായിക്കുന്നത് ഏന്തിവായിക്കുന്നു. വീണ്ടും അസ്വസ്ഥനായ സുധാകരന്‍നായര്‍ ആ ഷീറ്റും ടൈലര്‍ക്ക് നല്കുന്നു. ടൈലര്‍ ആ ഷീറ്റും അവഗണിച്ച് സുധാകരന്‍ നായര്‍ വായിക്കുന്ന ഷീറ്റ് ഏന്തിവലിഞ്ഞു വായിക്കുന്നു. ഒടുവില്‍ ക്ഷുഭിതനായ സുധാകരന്‍നായര്‍ മുഴുവന്‍ പത്രവും ടൈലര്‍ക്ക് നല്കുന്നു. അയാളതേപടി പത്രത്തെ അവഗണിക്കുകയും ചെയ്യുന്നു. തിരികെ ടൈലറുടെ സ്റ്റൂളില്‍ ചെന്നിരുന്ന് കാല്‍ വിറപ്പിക്കാന്‍ തുടങ്ങിയത് സാമാന്യലോകം തന്നെ എന്നെനിക്ക് തോന്നി. ചലച്ചിത്രഗാനങ്ങള്‍, അല്‍പം ദീര്‍ഘിച്ച ചില സംഘട്ടനരംഗങ്ങള്‍ തുടങ്ങിയ അനൗചിത്യങ്ങള്‍-വാണിജ്യൗചിത്യങ്ങള്‍-ഒഴിവാക്കി, തിരക്കഥാകാരനെ കേവലം പിന്തുടരുക മാത്രം ചെയ്തിരുന്നെങ്കില്‍ ഇടക്കാലത്ത് മലയാളിയെ ആകര്‍ഷിച്ച ഇറാന്‍ ചിത്രങ്ങള്‍ പോലുള്ളവയായി ലോഹിതദാസ് ചിത്രങ്ങള്‍ മാറുമായിരുന്നു (ഏതു കിരസ്‌തോമിയും കൊതിക്കും 'ഭൂതക്കണ്ണാടി' എന്ന് ഞാന്‍ മറക്കുന്നുമില്ല). പക്ഷേ, അപ്പോള്‍ 'കിരീട'മോ 'തനിയാവര്‍ത്തന'മോ അവരുടേതായി തിരിച്ചറിയാനുള്ള മുദ്രകള്‍
ജനസാമാന്യത്തിന് നഷ്ടപ്പെടുമായിരുന്നു. കാണികളുടെ അഭിരുചികള്‍ നഷ്ടപ്പെടുത്താതെതന്നെ കലാമൂല്യമുള്ള ചിത്രങ്ങള്‍ കാണാനുള്ള ഇടമാക്കി തിയറ്ററിനെ മാറ്റി ലോഹിതദാസ്. ജനം മുന്നിലെത്തിക്കിട്ടിയാല്‍ മതി വ്യക്തിയെ ആസകലം കേള്‍ക്കുന്ന കല സ്വായത്തമായ ലോഹി, അവരെ ആസകലം അറിയാനുള്ളത് നല്‍കി പരിണമിപ്പിക്കുവാന്‍ തുടങ്ങി. കാണിയെ സാക്ഷിയാക്കി മാറ്റുന്നു നല്ല ചലച്ചിത്രങ്ങള്‍. കാണിയെ വിദ്യാധരനെപ്പോലൊരു സാക്ഷിയാക്കി മാറ്റി ചിലപ്പോളയാള്‍.

ലോഹിയെപ്പോലെ സുലഭമായ അംഗവിക്ഷേപങ്ങളുപയോഗിച്ച് ലാഘവത്തില്‍ സംസാരിക്കുന്ന ഒരു നടനാണ് തിലകന്‍. തിലകന്റെ ശരീരഭാഷ തിലകനേറ്റവും ഉചിതമായിത്തീരുന്നത് ലോഹിച്ചിത്രങ്ങളിലാണ്. ഉദാഹരണത്തിന് 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'. 'തൂവല്‍ക്കൊട്ടാര'ത്തിലെ, ലോഹിയെപ്പോലൊരു ചെറിയ തലയില്‍ക്കെട്ടുമായി തമ്പുരാനും തമ്പുരാട്ടിക്കും കോഴിയിറച്ചി പാചകം ചൊയ്തുകൊടുത്ത് സംസാരിച്ചുകൊണ്ടിരുന്ന ജയറാം ഇത്ര സുഖമായ ഒരവസ്ഥയില്‍ തന്റെ 'പൊട്ടന്‍ഷ്യാലിറ്റി' ഇത്രമേല്‍ സാക്ഷാത്കരിച്ച ഇരിപ്പില്‍, മറ്റൊരു ചിത്രത്തിലും ഇരുന്നിട്ടില്ല. മാളയിലെ പ്രതിഭാശാലിയും മൂരിനിവര്‍ന്നിരുന്നു ലോഹിച്ചിത്രങ്ങളില്‍ ('സല്ലാപ'ത്തിലെ ആ ആശാരിയെ മലയാളി ജീവകാലം മറക്കുമോ?). മമ്മൂട്ടിയുടെയും ലാലിന്റെയും മീരാ ജാസ്മിന്റെയും മഞ്ജു വാര്യരുടെയും റേഞ്ച് നാമറിഞ്ഞത് ലോഹിച്ചിത്രങ്ങളിലൂടെയാണ്. ഭാവിയില്‍ ലാലോ മമ്മൂട്ടിയോ മലയാളിയുടെ ഗൃഹാതുരത്വമായി മാറുമ്പോള്‍ സേതുമാധവന്റെയോ വിദ്യാധരന്റെയോ രൂപമായിരിക്കും അവര്‍ക്ക്.

Monday, February 25, 2013

ഇന്നലെകള്‍ ഇതുവഴിയേ പോയി...

സത്യന്‍ അന്തിക്കാട്/താഹ മാടായി

കുതിരവട്ടം പപ്പു എന്ന പപ്പുച്ചേട്ടന്‍ ഓര്‍മ്മയുടെ താമരശ്ശേരിചുരം കയറിയിട്ട് ഫിബ്രവരി 25-ന് 14 വര്‍ഷം. ചലച്ചിത്രസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മ വായിക്കാം.

Kuthiravattom Pappu, Mohanlal


ചിലര്‍ നമ്മുടെ ഓര്‍മയില്‍നിന്നും ഒരിക്കലും പിന്‍വാങ്ങാറില്ല. ഒരൊറ്റ നോട്ടം ഒരു ഓര്‍മയാണ്. അല്ലെങ്കില്‍ ഒരു ചിരി. കോഴിക്കോട്ടെ അങ്ങാടിയില്‍ ആ മനുഷ്യനുണ്ടായിരുന്നു. ഏതോ ഭൂതകാലത്തിന്റെ അടയാളങ്ങള്‍ വാക്കിലും നടപ്പിലും കൊണ്ടുനടന്ന കുതിരവട്ടം പപ്പു. പരിചിതനായിരിക്കുമ്പോഴും അപരിചിതമായ വേഷങ്ങളില്‍ പപ്പുവേട്ടന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. 'അങ്ങാടി' എന്ന സിനിമയിലെ ഒരു പാട്ടുസീന്‍ മലയാളിയുടെ ഗൃഹാതുരമായ ഓര്‍മയുടെ ഭാഗമാണ്. പാട്ടിനോടുള്ള മലയാളിയുടെ സ്‌നേഹം പ്രണയം പോലെത്തന്നെയാണ്. അത് എവിടെനിന്നും ആരംഭിക്കുന്നില്ല; എവിടെയും അവസാനിക്കുന്നുമില്ല. അങ്ങനെയൊരു പാട്ടില്‍ മാടപ്രാവിനെ മാടിവിളിക്കുന്ന ഒരു ആങ്ങളയായി പപ്പുവേട്ടന്‍ ഉണ്ട്.
''പാവാടവേണം, മേലാടവേണം
പഞ്ചാരപ്പനങ്കിളിക്ക്...'' എന്നുതുടങ്ങുന്ന ആ പാട്ടില്‍ ഇടയ്ക്ക് പ്രാവിനെ കൈകൊട്ടി വിളിക്കുന്ന കുതിരവട്ടം പപ്പു. ഐ.വി. ശശിയുടെ 'വാര്‍ത്ത'യില്‍ ഗ്രാമീണനായ ഒരു പാട്ടുകാരനായും അയാളുണ്ട്. ''ഇന്നലെകള്‍ ഇതുവഴിയേ പോയി'' എന്ന ഗാനം ഒരു വലിയ കാലത്തിന്റെ ഓര്‍മകളെ ഒറ്റവരിയില്‍ തിരിച്ചുകൊണ്ടുവരുന്നു.

'ടാ...സ്‌കി വിളിയെടാ' എന്നൊരു ചിലമ്പിച്ച ശബ്ദം എന്റെ കാതുകളില്‍ ഇപ്പോഴുമുണ്ട്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ കാര്‍ത്തുമ്പിയെയുംകൊണ്ട് ഒരു അതിര്‍ത്തിഗ്രാമത്തില്‍ നിന്ന് വിളിച്ചുകൂവുന്ന താന്തോന്നിയായ അമ്മാവന്‍.
ഫാസിലിന്റെ മണിച്ചിത്രത്താഴില്‍, 'ചെവിയിലൂടെ ഒരു കിളി പറന്നുപോയതുപോലെ' എന്നു പറഞ്ഞ് സൈക്യാട്രിസ്റ്റിന്റെ (മോഹന്‍ലാല്‍) വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കുന്ന ശുദ്ധ ഗ്രാമീണന്‍. സിനിമയുടെ അവസാനം വെള്ളമില്ലാത്ത നടവഴിയിലൂടെ വെള്ളമുണ്ടെന്നു ധരിച്ച് മുണ്ടല്പം പൊക്കിപ്പിടിച്ച് ചാടിച്ചാടിപ്പോകുന്ന ഒരു കഥാപാത്രം. പപ്പു വെറും പുറംകാഴ്ചയിലൂടെപോലും ഉപമിക്കാനാവാത്ത ചിരി ഉണര്‍ത്തിവിട്ടു.

അന്തിക്കാട്ടിനടുത്ത് മണലൂരില്‍ അരങ്ങേറിയ ഒരു നാടകത്തിലാണ് കുതിരവട്ടം പപ്പുവിനെ ആദ്യമായി കാണുന്നത്. അന്ന് സിനിമ സ്വപ്നത്തില്‍പോലും ഇല്ലായിരുന്നു. വായനശാലകളിലേക്കും ഉത്സവപ്പറമ്പുകളിലേക്കും കൂട്ടുകാരോടൊപ്പം സൈക്കിളില്‍ മേഞ്ഞുനടന്നിരുന്ന കാലം. ഓരോ നാടകത്തിലും നാടിന്റെ അകം കണ്ടു. പിന്നീട് സിനിമയില്‍ ഇളനീരുപോലെ ശുദ്ധഫലിതം പകര്‍ന്നവരില്‍ ചിലര്‍ നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് കയറിയത്.

മദ്രാസില്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ ഗുരുകുലത്തില്‍ വെച്ചാണ് കുതിരവട്ടം പപ്പുവിനെ പരിചയപ്പെടുന്നത്. ലേഡീസ് ഹോസ്റ്റല്‍, കോളേജ് ഗേള്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഡോക്ടര്‍ ബാലകൃഷ്ണന്‍ താരപരിവേഷമുള്ളവരെ ഒഴിവാക്കി ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചു. പ്രേംനസീറും അടൂര്‍ഭാസിയും ഇക്കാര്യത്തില്‍ ചെറിയൊരു നീരസം ഡോക്ടറോട് പ്രകടിപ്പിച്ചുവെന്ന് തോന്നുന്നു. കുതിരവട്ടം പപ്പുവിനെയും പട്ടം സദനെയും പ്രധാന വേഷങ്ങളിലേക്ക് നിശ്ചയിച്ച് 'ലവ്‌ലെറ്റര്‍' എന്ന സിനിമ നിര്‍മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പപ്പുവേട്ടന്‍ അതിനുമുന്നേ ചില ചിത്രങ്ങളിലൂടെ തന്റെ ചെറിയ സാന്നിധ്യങ്ങള്‍ പ്രേക്ഷകരെ അറിയിച്ചുകൊണ്ടിരുന്നു. അടൂര്‍ഭാസിക്കു പകരം കുതിരവട്ടം പപ്പുവോ എന്ന് ചില സുഹൃത്തുക്കള്‍ ഡോക്ടറോട് ചോദിച്ചപ്പോള്‍, ''പപ്പു അഭിനയിച്ചിട്ട് എന്റെ പടം പൊട്ടുന്നുവെങ്കില്‍ പൊട്ടട്ടെ'' എന്ന് ഒട്ടും കൂസലില്ലാതെ ഡോക്ടര്‍ മറുപടി പറയുന്നതിന് ഞാന്‍ സാക്ഷിയായിരുന്നു.

''സിനിമ എന്റെ ജീവിതമാര്‍ഗമല്ല. എനിക്ക് ജീവിക്കാന്‍ ഒരു സ്റ്റെതസ്‌കോപ്പും കുറച്ച് രോഗികളും മതി'' എന്ന് പറയുമായിരുന്നു ഡോക്ടര്‍ ബാലകൃഷ്ണന്‍. അഭിനയരംഗത്തേക്കും സാങ്കേതിക രംഗത്തേക്കും പുതിയവരെ ധാരാളമായി കൊണ്ടുവന്നു ഡോക്ടര്‍, ഡോക്ടര്‍ ബാലകൃഷ്ണന്‍ തന്നെയാണ് മദ്രാസില്‍ ഒരു വിലാസം ഉണ്ടാക്കാന്‍ കുതിരവട്ടം പപ്പുവിനെ സഹായിച്ചത്. ഡോക്ടറുടെയും പി. ചന്ദ്രകുമാറിന്റെയും ജേസിയുടെയും സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുതിരവട്ടം പപ്പുവിന്റെ അനായാസമായ അഭിനയരീതി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

സ്‌നേഹവും ദേഷ്യവും പിണക്കവും ഒക്കെയുള്ള ഒരു കോഴിക്കോട്ടുകാരനാണ് കുതിരവട്ടം പപ്പു. കോഴിക്കോട്ടെ മറ്റെല്ലാ കലാകാരന്മാരെയുംപോലെ ഒരു ശുദ്ധമനുഷ്യന്‍. കോഴിക്കോട്ടെ കലാകാരന്മാരില്‍ നന്മ വലിയ അളവില്‍ പ്രവര്‍ത്തിക്കുന്നു. ഒരുപാട് ദൗര്‍ബല്യങ്ങള്‍ ഉള്ള നടനായിരുന്നു കുതിരവട്ടം പപ്പു. സ്‌നേഹത്തിന്റെ നന്മകളിലും തിന്മകളിലും അയാള്‍ വീണുപോകുമായിരുന്നു. പറഞ്ഞ ഡേറ്റിന് വന്നില്ലെങ്കിലും പെട്ടെന്നൊരു വിരോധം ആര്‍ക്കും കുതിരവട്ടം പപ്പുവിനോട് തോന്നുകയില്ല. വൈകി വന്ന ഉടനെ ''പൊന്നുമോനേ ഒരബദ്ധം പറ്റിപ്പോയി'' എന്ന് തുടങ്ങി വിശ്വസനീയമായ ഒരുപാട് കാരണങ്ങള്‍ നിരത്തും. ''ഇനി പടം പൂര്‍ത്തിയായേ ഇവിടെനിന്ന് പോകാവൂ'' എന്നു പറഞ്ഞാല്‍ ''പൂര്‍ത്തിയായാലും പോകുന്നില്ല പോരേ?'' എന്നായിരിക്കും മറുപടി.

പപ്പുവേട്ടന്‍ സീരിയസ്സായി ഒരാളോടും വഴക്കുകൂടാന്‍ നില്ക്കാറില്ല. പക്ഷേ, രസകരമായ ഒരു സ്റ്റണ്ടിന്റെ അനുഭവം ഓര്‍മയിലുണ്ട്.

ആലുവയ്ക്കടുത്തുള്ള ഏതോ ഗ്രാമത്തില്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ 'മധുരം തിരുമധുരം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ക്കിടയില്‍ കാഴ്ചക്കാരായി ചില ശല്യക്കാരും ഉണ്ടാകാറുണ്ട്. ഷൂട്ടിങ് കാണാന്‍ തിങ്ങിക്കൂടുന്ന നാട്ടിന്‍പുറത്തുകാരില്‍ ഷൈന്‍ചെയ്തുകൊണ്ട് ചില വിദ്വാന്മാര്‍ നടീനടന്മാര്‍ക്ക് ശല്യമാവാറുണ്ട്. ഇവിടെയും അങ്ങനെ ഒരാളുണ്ട്. എല്ലാവരെയും കമന്റടിക്കുന്നു, നടന്മാരെ ആള്‍ക്കൂട്ടത്തിനിടയിലൂടെ കയ്യിട്ട് പിച്ചുന്നു, നടികളോട് ആഭാസകരമായ ആംഗ്യങ്ങള്‍ കാണിക്കുന്നു-ആര്‍ക്കും വഴങ്ങാത്ത ഒരു ശല്യക്കാരന്‍. പപ്പുവേട്ടന്‍ വിനയത്തോടെയും തമാശയോടെയും ഒക്കെ അവനെ അടക്കിനിര്‍ത്താന്‍ നോക്കി, രക്ഷയില്ല.

സന്ധ്യ കഴിഞ്ഞതോടെ ഷൂട്ടിങ് അവസാനിച്ചു. ഇരുട്ട് വീണ ഇടവഴിയിലൂടെ എല്ലാവരും അവരവരുടെ വണ്ടികളില്‍ തിരിച്ചുപോയിത്തുടങ്ങി. അന്ന് ഷൂട്ടിങ് കാണാന്‍ ഡോക്ടറുടെ ഭാര്യയും വന്നിട്ടുണ്ടായിരുന്നു. ബേബിയേട്ടത്തി എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന, എല്ലാവരും അമ്മയെപ്പോലെ ബഹുമാനിക്കുന്ന സ്ത്രീ. ബേബിയേട്ടത്തി കയറിയ കാറിനടുത്ത് വന്ന് ശല്യക്കാരനായ ആ ചെറുപ്പക്കാരന്‍ എന്തോ കമന്റടിച്ചു. സത്യത്തില്‍ അത് പുളിച്ചുനാറിയ തെറിയായിരുന്നു. പപ്പുവേട്ടന്‍ അതു കേട്ടു. ചെറുപ്പക്കാരന്റെ തോളില്‍ സ്‌നേഹത്തോടെയെന്നപോലെ കൈയിട്ട് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തി ഒരൊറ്റ ഇടി. അപ്രതീക്ഷിതമായ ആ ഇടിയില്‍ അവന്‍ വളഞ്ഞ് നിലത്തിരുന്നുപോയി. ആളുകള്‍ നോക്കിയപ്പോള്‍ തമാശപോലെ അവനെ പിടിച്ചുയര്‍ത്തി കൊഞ്ചിച്ചുകൊണ്ട് വീണ്ടും ശക്തിയായ പ്രഹരം. വേദനകൊണ്ട് പുളഞ്ഞുവീണ അവനെ പിടിച്ചെഴുന്നേല്പിച്ച് ''ചേട്ടന്‍ പോട്ടേടാ പൊന്നുമോനേ'' എന്നു പറഞ്ഞ് വണ്ടിയില്‍ കയറിപ്പോകുന്ന പപ്പുവേട്ടന്റെ ചിത്രം! ചിത്രീകരിക്കപ്പെടാത്ത ഒരു യഥാര്‍ഥ അടിയായിരുന്നു അത്. പിന്നീട് ഷൂട്ടിങ് തീരുംവരെ ശല്യക്കാരന്‍ ആ ഭാഗത്ത് വന്നതേയില്ല. ഒരു ഗ്രാമീണനെപ്പോലെ സഹജമായ കൗശലത്തോടെയും രോഷത്തോടെയും പപ്പുവേട്ടന്‍ എന്നും പെരുമാറി.

'അപ്പുണ്ണി'യില്‍ മോഹന്‍ലാല്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്യൂണായിരുന്നു പപ്പുവേട്ടന്‍. താരതമ്യേന ചെറിയ ക്യാരക്ടര്‍. പക്ഷേ, കുതിരവട്ടം പപ്പുവായതുകൊണ്ട് ചിത്രം മുഴുവന്‍ ആ കഥാപാത്രം നിറഞ്ഞുനിന്നു. ''ഗ്രാമങ്ങളിലെ ചിലര്‍ വെള്ളമുണ്ടില്‍ അഴുക്ക് പറ്റാതിരിക്കാന്‍ മുണ്ടിന്റെ തല മാറ്റിപ്പിടിച്ചു നടക്കും. ഇതിലെ പ്യൂണ്‍ അങ്ങനെയാണ് നടക്കുക കേട്ടോ''. കഥാപാത്രത്തിന്റെ മാനറിസം പപ്പുവേട്ടന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

കോഴിക്കോട്ട് ഫറോക്കിനടുത്ത് മണ്ണൂര്‍ എന്ന നാട്ടിന്‍പുറത്തായിരുന്നു അപ്പുണ്ണിയുടെ ഷൂട്ടിങ്. നഗരത്തില്‍നിന്ന് ഒരുപാട് ദൂരെയാണ് മണ്ണൂര്‍. കോഴിക്കോടായതുകൊണ്ട് പപ്പുവേട്ടന്‍ വീട്ടിലായിരുന്നു താമസം. പുഴയോരത്തുള്ള ഒരു ചായക്കടയും അതിനടുത്തുള്ള വീടുകളും പറമ്പുകളുമൊക്കെയാണ് ലൊക്കേഷന്‍. നിര്‍മാതാവ് രാമചന്ദ്രന്റെ ചേച്ചിയുടെ ഒരു വലിയ വീടുണ്ട്. മണ്ണൂര്. അവിടെയാണ് എല്ലാവരും തമ്പടിച്ചിരുന്നത്. ഗോപിച്ചേട്ടന്‍, നെടുമുടി, ഒടുവില്‍, ശങ്കരാടി, ബഹദൂര്‍ -എല്ലാവരും ചേര്‍ന്ന് ഒരു വിനോദയാത്രയ്‌ക്കെത്തിയതുപോലെയായിരുന്നു. ഉച്ചയാകാറായ സമയത്താണ് പപ്പുവേട്ടന്റെ സീന്‍ വരുന്നതെങ്കില്‍, ''നല്ല കല്ലുമ്മക്കായ പൊരിക്കുന്നുണ്ട്. അതും കൂട്ടി ഊണുകഴിച്ചിട്ട് ഒന്നുറങ്ങാമെന്നു വിചാരിച്ചതാ'' -എന്നും പറഞ്ഞ് ക്യാമറയ്ക്കു മുന്നിലെത്തും. എത്തിക്കഴിഞ്ഞാല്‍ പിന്നെ വി.കെ. എന്നിന്റെ കഥാപാത്രമായി.

'ടി.പി. ബാലഗോപാലന്‍ എം.എ.'യില്‍ മോഹന്‍ലാലിന്റെ അളിയനാണ് പപ്പുവേട്ടന്‍. താമരശ്ശേരി ചുരം കടന്നുപോകുന്ന ഏതോ ബസ്സിലെ കണ്ടക്ടര്‍. ഭാര്യയെയും മക്കളെയും ഭാര്യവീട്ടിലാക്കിയിട്ടാണ് പോക്ക്. അവരുടെ ഭക്ഷണം, വസ്ത്രം, സ്‌കൂളിലെ ഫീസ് ഇതൊക്കെ ബാലഗോപാലന്റെ ചെലവ്. ഇടയ്‌ക്കെപ്പോഴെങ്കിലും കുറച്ച് മീനും മുത്തശ്ശിക്ക് രണ്ടുരൂപയുടെ മുറുക്കാനും വാങ്ങി വരും. കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോള്‍ പപ്പുവേട്ടന്‍ ചിരിച്ചു.
ആളെ പിടികിട്ടി. ഇതുപോലെ ഇത്തിള്‍ക്കണ്ണികളായ കുറേ അളിയന്മാരെ എനിക്കറിയാം.
'അടുത്തടുത്ത്' എന്ന ചിത്രത്തിലും പപ്പുവേട്ടന്‍ അളിയനായിരുന്നു. തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അളിയന്‍. ഭാര്യയും കുട്ടികളുമായി വന്ന് ദിവസങ്ങളോളം താമസിച്ച് ഒരു വിരുന്നുകാരനെപ്പോലെ സമ്മാനങ്ങളുമായി തിരിച്ചുപോകുമ്പോള്‍ ആ കഥാപാത്രം പറയും:
''ഞങ്ങള് ചെലപ്പോ നാളെത്തന്നെ ഇങ്ങോട്ടു പോരും. എനിക്ക് നിങ്ങളെയൊന്നും കാണാതിരിക്കാന്‍ പറ്റില്ല'' അധ്വാനിക്കാത്ത മടിയന്‍കുഞ്ചുമാരെ അവതരിപ്പിക്കാന്‍ കുതിരവട്ടം പപ്പുവിന് പ്രത്യേകം മിടുക്കുണ്ടായിരുന്നു.

'ഏയ് ഓട്ടോ' എന്ന സിനിമയില്‍ ഓട്ടോറിക്ഷയില്‍നിന്ന് കളഞ്ഞുകിട്ടിയ പണം ദൈവം നേരിട്ടു തന്നതാണെന്നും പറഞ്ഞ് കൂട്ടുകാരുടെ മുമ്പില്‍ ആളാകുന്ന പപ്പുവിന്റെ ഭാവപ്രകടനങ്ങള്‍ കാലത്തിന് സൂക്ഷിച്ചുവെക്കാനുള്ളതാണ്.

അതുപോലെത്തന്നെ 'വെള്ളാനകളുടെ നാട്ടി'ലെ റോഡ് റോളറിന്റെ ഡ്രൈവര്‍. അത്തരമൊരാളെ നമുക്ക് നിത്യപരിചയമുള്ളതുപോലെ തോന്നും. കേരളത്തിലെ ഏത് ഇടവഴികളിലും കുതിരവട്ടം പപ്പുവിനെപ്പോലൊരാളെ നമുക്ക് കണ്ടെത്താന്‍കഴിയും. അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളിലൂടെ ഇത് അഭിനയമല്ല, ജീവിതംതന്നെയാണെന്ന തോന്നലുണ്ടാക്കുകയാണ് കുതിരവട്ടം പപ്പു.

'തൂവല്‍ക്കൊട്ടാര'ത്തിന്റെ ഷൂട്ടിങ് ഒരു നിയമസഭാ തിരഞ്ഞെടുപ്പു കാലത്തായിരുന്നു. ഒറ്റപ്പാലത്തെ ചിത്രീകരണത്തിനിടയില്‍ തിരഞ്ഞെടുപ്പു ഫലമറിയാന്‍ ഓടിനടക്കുകയായിരുന്നു പപ്പുവേട്ടന്‍. ഒരു ഇടത് രാഷ്ട്രീയബോധം പപ്പുവിനുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതുപോലെ ഇടതുപക്ഷം ജയിച്ചിട്ടും വല്ലാത്തൊരു മ്ലാനത ആ മുഖത്തുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ വിഷമത്തോടെ പപ്പുവേട്ടന്‍ പറഞ്ഞു:
''ആരു ജയിച്ചിട്ടെന്താ അച്യുതാനന്ദന്‍ തോറ്റുപോയില്ലേ?''
പപ്പുവേട്ടന്റെ മനസ്സില്‍ വി.എസ്. ഒരു വലിയ വടവൃക്ഷമായിരുന്നു. ഇടതുപക്ഷം ജയിച്ചിട്ടും വി.എസ്. പരാജയപ്പെട്ടത് മാനസികമായി പപ്പുവേട്ടനെ തളര്‍ത്തിക്കളഞ്ഞു. ആ ദിവസം ഷൂട്ടിങ് തീരുന്നതിനു മുമ്പേ പപ്പുവേട്ടന്‍ മുറിയിലേക്കു മടങ്ങി. നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഒരു ഇടതുപക്ഷക്കാരന്റെ ചിരി പപ്പുവേട്ടന്റെ മുഖത്ത് കണ്ടിരുന്നില്ല.

ശാരീരികമായ ഒരുപാട് അസ്വസ്ഥതകള്‍ പപ്പുവേട്ടനുണ്ടായിരുന്നു. സിനിമാ സെറ്റുകളില്‍ പപ്പുവേട്ടനെ സഹായിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ അപകടമരണം വല്ലാത്ത ഉലച്ചിലുണ്ടാക്കി. ഒരു അവയവം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോള്‍ പപ്പുവേട്ടന്‍.
സിനിമയില്‍നിന്ന് പതുക്കെ പിന്മാറുകയും രോഗത്തിന്റെ പിടിയില്‍ അമരുകയും ചെയ്തപ്പോള്‍ പപ്പുവേട്ടന്‍ മാതാ അമൃതാനന്ദമയിയുടെ ഭക്തനായി എന്നു കേട്ടിട്ടുണ്ട്. നേരിട്ടു കണ്ടപ്പോള്‍ പപ്പുവേട്ടന്‍ അത് മറച്ചുവെച്ചില്ല.

''നമുക്കാശ്വസിക്കാന്‍ വിശ്വാസത്തിന്റെ ഒരു ബലം വേണം. അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ഒരു സുരക്ഷിതത്വം എനിക്ക് തോന്നിയിട്ടുണ്ട്''
'വീണ്ടും ചില വീട്ടുകാര്യങ്ങളി'ല്‍ ജയറാം പണിയെടുക്കുന്ന വര്‍ക്‌ഷോപ്പിലെ ആശാന്‍ എന്ന കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ലോഹിതദാസ് പറഞ്ഞു:
''പപ്പുവേട്ടനെ കിട്ടിയാല്‍ നന്നായിരുന്നു'' സിനിമയില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്ന കാലമായിരുന്നു അത്.
ഞാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ''ഇപ്പോ ഒരു കുഴപ്പവുമില്ല മോനേ, വേണമെങ്കില്‍ അഭിനയിക്കാനും റെഡി''
''എങ്കില്‍ ഇന്നുതന്നെ ഇങ്ങോട്ട് പോരൂ''
പപ്പുവേട്ടന്‍ വന്നു. ക്ഷീണിതനായിരുന്നു. ആ വലിയ കണ്ണുകളില്‍ മാത്രം തിളക്കം കണ്ടു. ആശാന്‍ എന്ന കഥാപാത്രത്തെ തികച്ചും സ്വാഭാവികമായി പപ്പുവേട്ടന്‍ അവതരിപ്പിച്ചു.
ഡബ്ബിങ് മദ്രാസിലായിരുന്നു. പ്രസാദ് സ്റ്റുഡിയോയിലെ രണ്ടാംനിലയില്‍.

''ഇവിടെ ലിഫ്‌റ്റൊന്നുമില്ലേ?'' പപ്പുവേട്ടന്‍ ചോദിച്ചു. പടികയറാന്‍ പപ്പുവേട്ടന് കഴിയില്ലായിരുന്നു.
''ലിഫ്‌റ്റെന്തിന്? പപ്പുവേട്ടനെ ഞാന്‍ എടുത്തുകൊണ്ടുപോകാം'' ഞാന്‍ പപ്പുവേട്ടനെ എടുത്തു പൊക്കി. ഒരു കുഞ്ഞിന്റെയത്രയും ഭാരമേ ഉണ്ടായിരുന്നുള്ളൂ ആ ശരീരത്തിന്. ഡബ്ബിങ്മുറിയിലെത്തിയപ്പോള്‍ ഒന്നു ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുള്ളതുപോലെയുള്ള ഒരു ഭാവം ഉണ്ടായിരുന്നു.

സിനിമയിലൂടെ പരിചിതരായ പലരുടെയും ജീവിതം പ്രേക്ഷകര്‍ക്ക് അപരിചിതമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ആള്‍ സ്വയം ചിരിക്കുന്ന നിമിഷങ്ങള്‍ എത്രയോ വിരളമായിരിക്കാം. അനുഭവത്തിന്റെ വിളറുന്ന ഭൂമിയില്‍നിന്നാണ് പലരും സിനിമയിലേക്കു വരുന്നത്. തീവ്രമായ ജീവിതംകൊണ്ട് സ്വയം പാകപ്പെട്ടവര്‍. അവരാണ് പലരായി നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വാക്കിന്റെ അധിപന്മാരെയാണ് നമ്മുടെ കാലം ഇതുവരെ ആദരിച്ചുപോന്നത്. എഴുത്തറിയുന്നവര്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും നായകന്മാരായി എവിടെയും നിറഞ്ഞുനിന്നു. എഴുത്തുകാരേക്കാള്‍ തീവ്രമായ ജീവിതപാഠങ്ങളിലൂടെ കടന്നുപോയവരെ പുതിയ കാലം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു തൂവാലകൊണ്ട് നെറ്റിത്തടം കെട്ടി, പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് ഒരു ചിരിക്കാഴ്ച മാത്രം ജനിപ്പിച്ചിരുന്ന പപ്പുവേട്ടന്‍, വി.എസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ രാത്രിയില്‍ ഉറങ്ങിയിരുന്നില്ല എന്ന് എത്രപേര്‍ക്കറിയാം!
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, January 11, 2011

ചില സിനിമ "പാഴ്" വെടികള്‍

നാം എന്നും ചുറ്റില്‍ കേള്‍ക്കാത കേള്‍ക്കുന്ന ചില സിനിമാക്കാരുടെ ജലപനങ്ങള്‍ വായിക്കാം.



കഥ ഇഷ്‌ടമായാല്‍ എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയാര്‍ - കുഞ്ചാക്കോ ബോബന്‍
എങ്കിലിനി `ഒടുക്കത്തെ വീഴ്‌ചയാകും'


സ്വന്തം ബിസിനസ്‌ വന്‍ നഷ്‌ടത്തിലാണെന്ന്‌ എപ്പോഴും പറയുന്ന രണ്ടു വിഭാഗക്കാരേയുള്ളൂ. ഒന്ന്‌ സ്വകാര്യബസുടമകള്‍ മറ്റൊന്ന്‌ സിനിമാക്കാര്‍. എന്നിട്ടും ധാരാളം ബസുകള്‍ ഇറങ്ങുന്നു. സിനിമകളും - അമല്‍ നീരദ്‌
രണ്ടും പറ്റിക്കല്‍ പ്രസ്‌ഥാനമാണല്ലോ?

ഞാന്‍ പഠിച്ചത്‌ സൈക്കോളജിയാണ്‌. അതുകൊണ്ട്‌ എല്ലാവരെയും ഒബ്‌സര്‍വ്‌ ചെയ്യാന്‍ എനിക്ക്‌ കഴിയാറുണ്ട്‌ - സജി സുരേന്ദ്രന്‍
ഒബ്‌സര്‍വേഷന്റെ റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ?

അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന്‌ എതിര്‍പ്പില്ല - നവ്യാനായര്‍
അല്‌പം സമാധാനം ആഗ്രഹിക്കുന്നുണ്ടാവും.

കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ്‌ ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്‌ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക്‌ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ്‌ ഒരു ഇമെയില്‍ അയയ്‌ക്കാന്‍പോലും ഞാന്‍ പഠിച്ചത്‌ - ദിലീപ്‌
അയ്യോ... പാവം

സൂപ്പര്‍ സ്‌റ്റാറുകളായ മമ്മൂട്ടിസാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും സിനിമ കാണാറുണ്ട്‌ - വിജയ്‌
പ്രായം അഭിനയത്തിന്‌ ഒരു പ്രശ്‌നമല്ല എന്ന തോന്നലുണ്ടാവാന്‍ ഇത്‌ നല്ല ശീലമാണ്‌.

ത്രില്ലറിലൂടെ എനിക്ക്‌ കിട്ടിയത്‌ വളരെ പവര്‍ഫുള്ളായ കഥാപാത്രമാണ്‌ - പൃഥ്വിരാജ്‌
അല്ലെങ്കിലും `പവറിനു' കുറവില്ലല്ലോ?

പ്രതിസന്‌ധി എന്ന വാക്ക്‌ ഞാന്‍ 19 കൊല്ലമായി കേള്‍ക്കുന്നതാണ്‌ - ദിലീപ്‌
ഇപ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്നതും അതല്ലേ?

കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ വ്യായാമം ഡാന്‍സാണ്‌ - പാര്‍വ്വതി
നെയ്യൊക്കെ ഉരുകുന്നതിന്‌ ഡാന്‍സ്‌ ബെസ്‌റ്റാ... കീപ്‌ ഇറ്റ്‌അപ്പ്‌.

അഞ്ചാറു കാര്യങ്ങള്‍ ഞാന്‍ ഈസിയായി പാചകം ചെയ്യാറുണ്ട്‌. മുട്ട പുഴുങ്ങും ചായയും കോഫിയും ഉണ്ടാക്കും - റെയ്‌മ സെന്‍
പപ്പടം കാച്ചാനുംകൂടി പഠിച്ചാല്‍ എല്ലാം പൂര്‍ത്തിയായി.

ലൊക്കേഷനില്‍ ആണെങ്കിലും വ്യായാമം മുടക്കാറില്ല. സിക്‌സ്‌ പായ്‌ക്കിലൊന്നും എനിക്ക്‌ താല്‌പര്യമില്ല - ജയറാം
ആയകാലത്ത്‌ ശ്രമിച്ചില്ല... പിന്നയാ അവസാനകാലത്ത്‌

ബിക്കിനിയില്‍ സ്‌ത്രീകളെ കണ്ട്‌ ആളുകള്‍ക്ക്‌ മടുത്തു എന്നറിയുന്നതില്‍ സന്തോഷമുണ്ട്‌. - വിദ്യാബാലന്‍
പിന്നെ, കൊക്കെത്ര കുളം കണ്ടതാ...

വസ്‌ത്രങ്ങളടങ്ങിയ മൂന്ന്‌ പെട്ടികളുമായി ഞാന്‍ ലോകം ചുറ്റുന്നു. എനിക്ക്‌ മേല്‍വിലാസമില്ല - ഫ്രിദ പിന്റോ
`സഞ്ചാരി' ഫാമിലിയാണല്ലേ?

പരാജയങ്ങളുടെ കാലത്ത്‌ പെരുവഴിയിലാക്കി കടന്നുപോയവരെ ഞാന്‍ ഓര്‍ക്കുന്നേയില്ല - പ്രിയദര്‍ശന്‍
സ്‌മരണവേണം, സ്‌മരണ...

സത്യന്റെ അഭിനയം എല്ലാക്കാലത്തെയും കലാകാരന്മാര്‍ക്ക്‌ ഒരു പാഠപുസ്‌തകമാണ്‌ - മമ്മൂട്ടി
ഇപ്പോഴത്തെ സിലബസില്‍ ആ പാഠപുസ്‌തകം ഉള്‍പ്പെടുത്തിയിട്ടില്ല.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ വളരെ നല്ല ദിശാബോധമുള്ള ഏകസിനിമാക്കാരന്‍ ഞാന്‍ മാത്രമാണെന്നാണ്‌ പലരും പറയുന്നത്‌ - സലിംകുമാര്‍
`പലരും' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വീട്ടിലുള്ളവരെയാണോ?

ഒരു ടെന്‍ഷനില്ലാതെ സ്വന്തമായി ചിന്തിക്കാന്‍ എനിക്കിപ്പോള്‍ കഴിയുന്നത്‌ പാട്ടില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനുശേഷമാണ്‌ - സുരേഷ്‌ ഗോപി
പാട്ട്‌ കേള്‍ക്കുന്നവന്‌ അത്‌ കഴിഞ്ഞ്‌ ടെന്‍ഷന്‍

എന്റെ മനസ്സില്‍ നല്ലത്‌ എന്ന്‌ ബോധ്യപ്പെടുന്ന സിനിമമാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ - അനൂപ്‌ മേനോന്‍
അതിന്‌ ഇനി ഒരുപാട്‌ കാലം വേണ്ടിവരുമല്ലോ?

തമിഴ്‌ സിനിമയില്‍ എന്റെ തരംഗം അവസാനിച്ചുവെന്ന്‌ പറയുന്നത്‌ വെറും വിഢ്‌ഡിത്തം മാത്രം. സത്യം പറഞ്ഞാല്‍ എനിക്ക്‌ ശ്വാസംവിടാന്‍പോലും സമയമില്ല - തമന്ന
എങ്കില്‍പ്പിന്നെ `വലിവിന്റെ ആരംഭമായിരിക്കും'

മലയാളിയുടെ അമിതഭക്‌തിയും ആള്‍ദൈവ ആരാധനയും മദ്യപാനാസക്‌തിയുമാണ്‌ `ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌' എന്ന ചിത്രത്തിലൂടെ വിചാരണ ചെയ്യപ്പെടുന്നത്‌ - പ്രിയനന്ദനന്‍
സിനിമകാണല്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരുമോ?

മലയാളികള്‍ ഭാഗ്യവാന്മാരാണ്‌ കേരളത്തിലെ ക്ഷേത്രങ്ങളും വാസ്‌തുവിദ്യയും കാവുകളുമൊക്കെ എന്നെ ശരിക്കും സ്വാധീനിച്ചു. ചമ്പാവരിചോറ്‌, അവിയല്‍, കാളന്‍, അപ്പം, പുട്ട്‌ കേരളത്തിന്റെ രുചിയും ഇഷ്‌ടമായി - മല്ലിക ഷെരാവത്ത്‌
സകല `കെടുതികളും' അവസാനം കേരളത്തിലേക്ക്‌...

ആവശ്യമില്ലാതെ ടെന്‍ഷനടിക്കാറില്ല. കുട്ടികളുടെ കാര്യത്തിലെ അല്‌പമെങ്കിലും ടെന്‍ഷനുള്ളു. - റഹ്‌മാന്‍
പണിയൊന്നും ഇല്ലാതെ ചുമ്മാ ഇരുന്നാല്‍ ഇതാണ്‌ ...

തിലകന്‍ മലയാള സിനിമയുടെ ശാപമാണ്‌. അദ്ദേഹത്തോടൊപ്പം ഇനി ഒരു ചിത്രത്തില്‍പോലും അഭിനയിക്കില്ല - ക്യാപ്‌റ്റന്‍ രാജു
ക്യാപ്‌റ്റന്‌ ആരെയാ പേടി?

പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കമ്മീഷണറായി ഞാന്‍തന്നെ അഭിനയിക്കും - സുരേഷ്‌ഗോപി
മമ്മുട്ടിയോട്‌ `ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന്‌ ചോദിക്കാന്‍ മറക്കരുത്‌...

എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല - രഞ്‌ജിത്ത്‌
പ്രേക്ഷകന്‌ `പൈസ' ഒരു വിഷയമാണ്‌.

ബോളിവുഡിലെ സൂപ്പര്‍ഖാന്‍മാര്‍ എന്റെ ആരാധനാപാത്രങ്ങളാണ്‌. ഞാന്‍ അവരെ ബഹുമാനിക്കുന്നു. ഇഷ്‌ടപ്പെടുന്നു. ഭാവിയില്‍ അവരുടെ സ്‌ഥാനത്തേക്കുയരാനുള്ള തീവ്രയത്‌നത്തിലാണ്‌ ഞാന്‍ - സെയ്‌ഫ്‌ അലിഖാന്‍
ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?

എന്റെ സുഹൃത്തും ഫിലോസഫറും വഴികാട്ടിയുമാണ്‌ ശശിതരൂര്‍ ഞങ്ങള്‍ പരസ്‌പരം ഒരുപാട്‌ അറിവുകള്‍ കൈമാറുന്നു - സുനന്ദ പുഷ്‌കര്‍
ഈ പ്രായത്തില്‍ ഇതല്ലേ പറ്റൂ?

ഷൂട്ടിങ്‌ ഇടവേളയില്‍ വീട്ടില്‍ പാചക പരീക്ഷണങ്ങളുമായി കഴിയാനാണ്‌ എനിക്കിഷ്‌ടം - സുചിത
നല്ലകാര്യമാ.... കുറച്ചുകഴിഞ്ഞ്‌ ഉപകാരപ്പെടും.

എന്താ ഞാന്‍ ജോണിനെക്കുറിച്ച്‌ പറയേണ്ടത്‌. എന്റെ എല്ലാമാണ്‌ ജോണിപ്പോള്‍ - മീരാ വാസുദേവ്‌
തുടര്‍ന്നും ഇങ്ങനെയായാല്‍ മതിയായിരുന്നു.

പ്രാഥമിക കളക്‌ഷനില്‍ അന്‍വര്‍ എന്ന സിനിമ രജനീകാന്തിന്റെ യന്തിരനേക്കാള്‍ മുന്നിലാണ്‌ - അമല്‍ നീരദ്‌
ഉവ്വുവ്വെയ്‌... ഇങ്ങനെയാണെങ്കില്‍ കുറച്ച്‌ കിട്ടിക്കാണും.

എന്റെ മക്കള്‍ ഒരിക്കലും സിനിമയില്‍ വരരുതെന്ന്‌ ആഗ്രഹിച്ച ആളാണ്‌ ഞാന്‍ - അഗസ്‌റ്റിന്‍
അനുഭവം ഗുരു

ഒരു കഥാപാത്രം കിട്ടിയാല്‍ വളരെപെട്ടെന്ന്‌ അതിലേക്ക്‌ സ്വിച്ച്‌ ഓണ്‍ ചെയ്യാന്‍ കഴിയുന്നു - കൈലാഷ്‌
വോള്‍ട്ടേജ്‌ കുറവാണെന്നു മാത്രം

ഇവിടെവരെ എത്തുമെന്നോ ഇത്രയൊക്കെ ആയിത്തീരുമെന്നോ പ്രതീക്ഷിച്ചതല്ല - റിമ കല്ലുങ്കല്‍
എവിടെവരെ? എത്രയൊക്കെ?

എന്റെ സിനിമകള്‍ കാണാന്‍വേണ്ടി മാത്രം തിയറ്ററിലെത്തുന്ന ആളുകളുണ്ട്‌ - ലാല്‍

ഒന്നോ രണ്ടോ ആളുകളുണ്ട്‌ എന്നുപറയൂ.

മരിച്ചുപോയ എന്റെ അച്‌ഛന്റെ സ്‌ഥാനത്തായിരുന്നു ലോഹിസാറിനെ ഞാന്‍ കണ്ടത്‌ - ഭാമ
പിന്നീട്‌ തിരിഞ്ഞുനോക്കാത്തത്‌ അതുകൊണ്ടാണോ?

അച്‌ഛന്‌ ആധാരമെഴുത്താണ്‌. ആധാരമെഴുത്തിന്റെ കാര്യങ്ങള്‍ എനിക്കും കുറേശ്ശെ അറിയാം - അനന്യ
അച്‌ഛനെ `വഴിയാധാര'മാക്കരുത്‌.

കൊച്ചുകുട്ടികള്‍ക്ക്‌ എന്നെ വലിയ ഇഷ്‌ടമാണ്‌. `നീലത്താമര'യിലെ ഹരിദാസ്‌ മാമന്‍ എന്നാണ്‌ അവര്‍ വിളിക്കുക - കൈലാഷ്‌
`മാറ്റി വിളിപ്പിക്കാതിരുന്നാല്‍ കൊള്ളാം...'

ഹര്‍ഭജന്‍ എനിക്കിപ്പോള്‍ മൂത്ത സഹോദരനെപ്പോലെയാണ്‌ - ശ്രീശാന്ത്‌

കിട്ടേണ്ടത്‌ കിട്ടിക്കഴിഞ്ഞാണോ?

ഞാന്‍ ഏറ്റവും കൂടുതല്‍ പശ്‌ചാത്തപിക്കുന്നത്‌ അന്ന്‌ ശ്രീശാന്തിനെ അടിച്ച സംഭവമാണെന്ന്‌ പിന്നീട്‌ പലപ്പോഴും വ്യക്‌തമാക്കിയിട്ടുണ്ട്‌ - ഹര്‍ഭജന്‍ സിംങ്‌
ഒരു നല്ല കാര്യത്തിനല്ലേ... പോട്ടെ, വിട്ടുകള...

ബാഹ്യമായി ദര്‍ശിക്കുന്നതോ കരുതുന്നതോ ആയ ഇമേജില്‍നിന്ന്‌ വിഭിന്നമാണ്‌ നയന്‍താരയുടെ സ്വഭാവം - പ്രഭുദേവ
ആന്തരികം കണ്ടവനേ ഇത്‌ പറയാനാവൂ.

ഇനിയൊരു വിവാഹത്തെപ്പറ്റി ഈ നിമിഷംവരെ ചിന്തിച്ചിട്ടില്ല - ഉര്‍വശി
അടുത്തനിമിഷം ചിന്തിക്കാവുന്നതാണ്‌.

ജര്‍മ്മന്‍ ഫിലിം സ്‌കൂളില്‍പഠിച്ച്‌ തിരിച്ച്‌ ഫ്‌ളൈറ്റില്‍ വരുമ്പോഴാണ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ദുരന്തം ഞാനറിഞ്ഞത്‌ - അമല്‍ നീരദ്‌
ഹോളിവുഡില്‍വച്ച്‌ സ്‌പില്‍ബര്‍ഗിനെ സംവിധാനം പഠിപ്പിച്ചു മടങ്ങുമ്പോഴല്ലേ ബര്‍ലിന്‍ മതില്‍ തകര്‍ന്നത്‌ അറിഞ്ഞത്‌?

രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കൂടുതല്‍ സ്‌നേഹിച്ചത്‌ കോണ്‍ഗ്രസിനെ ആയിരുന്നു - അഴീക്കോട്‌

അക്കാലത്തെ രണ്ടു പ്രേമലേഖനം കിട്ടിയിരുന്നെങ്കില്‍ പ്രസിദ്ധീകരിക്കാമായിരുന്നു.

നിര്‍മ്മാതാവിനെയും പ്രേക്ഷകരെയും തൃപ്‌തരാക്കുകയാണ്‌ എന്റെ ലക്ഷ്യം - രാജസേനന്‍ 
ഇതുവരെ സാധ്യമാകാത്തത്‌ ഇനി നടക്കുമോ?

എന്റേത്‌ ഒരു പ്രണയവിവാഹമായിരിക്കില്ല - രമ്യ നമ്പീശന്‍ 
വണ്‍വേ പ്രണയം വിവാഹത്തിലെത്താറില്ല കുട്ടി

ഇന്‍ഡസ്‌ട്രിയിലെ എല്ലാവരും ഇന്ദ്രജിത്ത്‌ നല്ല നടനാണെന്ന്‌ പറയും - ഇന്ദ്രജിത്ത്‌
പ്രേക്ഷകര്‍ മാത്രമാണ്‌ അത്‌ പറയാത്തത്‌

ഒരു പടത്തിലെങ്കിലും അഭിനയിക്കണം പൊട്ടപ്പടമായാലും - ശ്രീശാന്ത്‌ 
ഇതിനെയാണ്‌ നിലവാരത്തകര്‍ച്ച എന്നുപറയുന്നത്‌.

മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി ഞാന്‍ സ്വപ്‌നം കാണുന്നു - പൃഥ്വിരാജ്‌ 
വല്ലാത്തൊരു കാഴ്‌ചയായിപ്പോയി.

സൗന്ദര്യമുള്ള ഒരു പുരുഷനെയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല - രഞ്‌ജിനി ഹരിദാസ്‌ 
കാഴ്‌ചക്കുറവുണ്ടോ?

എല്ലാവര്‍ക്കും ബോധ്യമാകുന്ന സിനിമകള്‍ മാത്രമേ ഏറ്റെടുക്കൂ - മോഹന്‍ലാല്‍ 
അപ്പോള്‍ അഭിനയം നിര്‍ത്താന്‍ പോവുകയാണോ?

ധോണിയും സാക്ഷിയും തമ്മിലുള്ള പ്രണയം എനിക്കറിയാമായിരുന്നു - ലക്ഷ്‌മി റായ്‌ 
പോയത്‌പോയി ഇനി പറഞ്ഞിട്ടെന്തു കാര്യം

ഒരാര്‍ട്ടിസ്‌റ്റിനെ സംബന്‌ധിച്ച്‌ ശരീരം സൂക്ഷിക്കേണ്ടത്‌ അവരുടെ കടമയാണ്‌ - നയന്‍താര 
ശരീരമുണ്ടെങ്കിലല്ലേ കാര്യം നടക്കൂ.

തന്നെപ്പോലൊരു കലാകാരനെ കൊന്ന കൊലപാതകികളാണ്‌ അമ്മയും ഫെഫ്‌കയും - തിലകന്‍ 
കൊന്ന പാപം തിന്നാല്‍ തീരുമോ?

കല്യാണം കഴിച്ചത്‌ വിവാഹമോചനത്തിനല്ല - നിഷാല്‍ചന്ദ്ര (നടി കാവ്യാമാധവന്റെ ഭര്‍ത്താവ്‌) 
വിശ്വാസം അതല്ലേ എല്ലാം

എനിക്ക്‌ അമിതമായി ഒന്നും ദൈവം തന്നില്ല. ഈ തടി ഒഴിച്ചാല്‍ - മധു 
ഉള്ളത്‌ കാതലല്ലേ

കുഞ്ഞുങ്ങളുടേതുപോലെ കളങ്കമില്ലാത്ത മനസ്സാണ്‌ എന്റേത്‌ - സുരാജ്‌ വെഞ്ഞാറമൂട്‌ 
തിരിച്ചറിവായില്ല

എനിക്ക്‌ ജീവിതം മനസിലാകുന്നില്ല. ആള്‍ക്കാരെയും മനസിലാകുന്നില്ല - കാവ്യാ മാധവന്‍ 
എന്താ സംഭവിച്ചേ? ആരാ പടക്കം പൊട്ടിച്ചേ? ഇന്ന്‌ വിഷുവാ?

അള്‍ട്ടിമേറ്റ് വെടി

സിനിമയില്‍ സീരിയസ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ സിനിമയില്‍ കോമഡിയാണ്‌ ഞാന്‍ ചെയ്യുന്നത്‌ - രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇത്‌ കാണുന്ന പ്രേക്ഷകരെ സമ്മതിക്കണം....

കടപ്പാട്  : thattukadablog