Thursday, July 17, 2014

മസായിമാരയിലെ മൃഗവേട്ട


ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികള്‍. കെനിയയിലെ മസായിമാര നാഷണല്‍ പാര്‍ക്കിലൂടെ കാടിന്റെ ഹൃദയം തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര


 ആഫ്രിക്ക വന്യമായ ഒരു സ്വപ്‌നമായിരുന്നു. യാഥാര്‍ഥ്യമായ ശേഷവും അത് ഒരു സ്വപ്‌നം പോലെ അവശേഷിക്കുന്നു. ഒരു പക്ഷെ, സ്വപ്‌നത്തേക്കാള്‍ അവിശ്വസനീയമായ യാഥാര്‍ഥ്യം പോലെ. സമ്മിശ്രമായ അനുഭവങ്ങളാണ് ആഫ്രിക്ക എനിക്കു സമ്മാനിച്ചത്. പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ വിചിത്രമായ അനുഭവങ്ങള്‍. ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികള്‍.

കെനിയയിലെ മസായി മാര നാഷനല്‍ പാര്‍ക്കിലാണ് കാടിന്റെ ഹൃദയം തേടിയുള്ള യാത്ര തുടങ്ങുന്നത്. മസായി മാരയിലേക്കു കാലെടുത്തു വെക്കുമ്പോള്‍ തന്നെ നമുക്കു മനസ്സിലാവും, ഇത് ലോകത്തെ ഏഴാമത്തെ ആധുനിക അദ്ഭുതങ്ങളില്‍ ഒന്നായത് എങ്ങിനെയാണ് എന്ന്. നൂറുകണക്കിന് അപൂര്‍വ പക്ഷികള്‍. നൂറായിരം വന്യജീവികള്‍. അതിസുന്ദരമായ താഴ്‌വരകളും മലനിരകളും. നിറങ്ങളുടെ മേല്‍ക്കൂര പോലെ ആകാശം. പ്രകൃതിയെ തേടുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന വിസ്മയലോകം. മലനിരകള്‍ക്കും താഴ്‌വരക്കും മേലേ വീണു കിടക്കുന്ന മേഘങ്ങളുടെ നിഴല്‍ തന്നെ വ്യാമോഹിപ്പിക്കുന്ന കാഴ്ചയാണ്. അത് വിശദീകരിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിയില്ല. നേരില്‍ കാണുക തന്നെ വേണം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പമാണ് മസായി മാരയെക്കുറിച്ചുള്ള മായാത്ത ഓര്‍മ. മൃഗങ്ങളിങ്ങനെ മേഞ്ഞു നടക്കുന്ന കീകറോക് വൈല്‍ഡ് റിസോര്‍ട്ട് ഒരു തുരുത്തു പോലെ ഓര്‍മയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കാടിനു നടുവില്‍ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന പോലൊരു വേലിയില്ലാത്ത വീട്. അതിലായിരുന്നു ഞങ്ങളുടെ താമസം. അതിധീരരായ മസായി ഗോത്ര വംശജരായ കാവല്‍ക്കാരുടെ കരുത്തിലാണ് ആ താമസം. റിസോര്‍ട്ടിന്റെ പിന്നിലെ തടാകം ഓര്‍മയില്‍ ഇപ്പോഴും ഓളമിളക്കുന്നു. ഹിപ്പോകളും ആനകളും കാട്ടികളും നീരാടുന്ന പൊയ്ക. വിരല്‍ നീട്ടിയാല്‍ തൊടാവുന്നത്ര അരികെ, അവരെ കാണാം. ഏതു നേരത്തു ചെന്നാലും അവിടെ കുറഞ്ഞത് 20 ഇനം പക്ഷികളെങ്കിലും ഉറപ്പായും ഉണ്ടാവും. ഒരു മണിക്കൂര്‍ പക്ഷിനിരീക്ഷണത്തിനായി ദിവസവും ഒരുപാസന പോലെ ഞങ്ങള്‍ മാറ്റിവെച്ചു.

കാട്ടിലെ വാസത്തിനിടയില്‍ ഏതാണ്ടെല്ലാ മൃഗങ്ങളെയും ഞങ്ങള്‍ വേട്ടയാടി. വെളിച്ചം ചീറ്റുന്ന ലെന്‍സ് കൊണ്ടായിരുന്നു ആ നായാട്ട്. സിംഹം, പുലി, ആന, ഹിപ്പോ, കാട്ടുപോത്ത്, സീബ്ര, മാന്‍, ജിറാഫ്, പല തരം പക്ഷികള്‍.. വിശപ്പു മാറാത്ത ക്യാമറക്ക് ഇരകളെ ലോഭമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. പല നേരങ്ങളില്‍ പല മുഖങ്ങളുമായി അവര്‍ ക്യാമറക്കു മുന്നില്‍ നിന്നു. ക്രൂരന്മാരെന്നു ഖ്യാതിയുള്ള സിംഹങ്ങളുടെ വാത്സല്യം കൈമാറുന്ന മുഖവും കുതിക്കാന്‍ തയ്യാറെടുക്കുന്ന ചീറ്റയുടെ തീക്കണ്ണുകളും അതില്‍ ഒരേ നിറവില്‍ പതിഞ്ഞു. ഒരു മസായി യോദ്ധാവ് ആനയെ ആട്ടിയോടിക്കുന്ന ദൃശ്യവും ആല്‍ബത്തില്‍ അമൂല്യമായ ഈടുവെപ്പായി ബാക്കി നില്‍ക്കുന്നു.

ഒറ്റക്കു നില്‍ക്കുന്ന കാട്ടുപോത്തിന്റെ ചിത്രം ജീവന്‍ എടുത്തു പിടിച്ചാണ് പകര്‍ത്തിയത്. അവന്‍ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗൈഡ് മുന്നറിയിപ്പു തന്നിരുന്നു. അതു പോലെ ഹിപ്പോകളെ പകര്‍ത്തുന്നതും അപകടകരമായ ദൗത്യമാണെന്ന് മസായി ഗൈഡുകള്‍ സദാ ഓര്‍മിപ്പിച്ചു. ആഫ്രിക്കയില്‍ മനുഷ്യ മരണങ്ങള്‍ക്ക് ഏറ്റവുമധികം വഴി വെക്കുന്ന കാട്ടുമൃഗം ഹിപ്പോയാണത്രെ. സീബ്രകള്‍ ഫോട്ടോ ഫ്രന്‍ഡ്‌ലിയാണ്. പോസ് ചെയ്യുന്നതു പോലെ നിന്നു തരും. രണ്ടു സീബ്രകള്‍ എതിര്‍ദിശകളില്‍ നോക്കി നില്‍ക്കുന്ന ചിത്രം പകര്‍ത്തിയപ്പോഴാണ് എന്തൊരു രസമുള്ള പോസ് എന്നു തോന്നിപ്പോയത്. എന്നാല്‍ സിംഹനഖങ്ങള്‍ക്കു കീഴെ സദാ ജീവിക്കുന്ന അവ ആത്മരക്ഷക്കു കാവല്‍കോട്ട കെട്ടുന്ന മൃഗചോദനയാണ് ആ പോസ് എന്നു മനസ്സിലാക്കാന്‍ മസായി ഗൈഡിന്റെ വിശദീകരണം വേണ്ടി വന്നു. ഏതു വശത്തു നിന്നു സിംഹം വന്നാലും കാണാന്‍ വേണ്ടിയാണത്രെ അവ പരസ്​പരം തിരിഞ്ഞു നില്‍ക്കുന്നത്. എന്തെല്ലാം മൃഗപാഠങ്ങള്‍!

മൃഗങ്ങളില്‍ നിന്ന് ഏറെ അകലമില്ലാത്ത ജീവിതങ്ങളാണ് മനുഷ്യരുടെയും. വിഭവങ്ങളാല്‍ ഏറ്റവും ധനികമായ ഭൂഖണ്ഡത്തിലെ വിധിയാല്‍ ഏറ്റവും ദരിദ്രരാക്കപ്പെട്ട മനുഷ്യര്‍. കാട്ടിലെ മൃഗങ്ങളേക്കാള്‍ പ്രാകൃതരായാണ് അവരില്‍ പലരും ഇപ്പോഴും ജീവിക്കുന്നത്. കാട്ടിലെ മൃഗജീവിതങ്ങളേക്കാള്‍ അവിശ്വസനീയമാം വിധം 'മൃഗീയ'മായ ജീവിതം. ആധുനികമായ ജീവിതസുഖങ്ങളില്‍ നിന്നകലെ അവര്‍ പരാതികളില്ലാതെ ജീവിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിതചര്യകള്‍ അവര്‍ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നത് ഒരു തരം നിഷ്ഠയോടെയാണ്. പുറംലോകത്തിന്റെ പ്രലോഭിപ്പിക്കുന്ന സുഖങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഭാവന ചെയ്യാന്‍ പോലും പറ്റാത്ത ജീവിതക്രമങ്ങള്‍ അവരിപ്പോഴും പാലിക്കുന്നു. ബാരിങ്‌ഗോയിലേക്കുള്ള ഒരു പ്രഭാതഡ്രൈവിനിടെ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. അവള്‍ സ്‌കൂളിലേക്ക് പോവുകയാണ്. നടന്നല്ല, നിറുത്താതെ ഓടിക്കൊണ്ട്. അവള്‍ എന്നും അങ്ങിനെയാണ് പോവുന്നത്. ഓടിക്കൊണ്ടേയിരിക്കുന്ന അവളെയും വീട്ടുപടിക്കല്‍ വരുന്ന സ്‌കൂള്‍ ബസ് കയറിപ്പോകുന്ന നമ്മുടെ കുഞ്ഞുങ്ങളെയും ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ധാരാളം കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക് ഓടുന്നത് ഞങ്ങള്‍ കണ്ടു. ഒരു പക്ഷെ അപ്പോഴാവാം ഞങ്ങളത് കൂടുതലായി ശ്രദ്ധിച്ചത്. ഗ്രാമത്തിലെ മനുഷ്യരും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നത് അധികവും ഓടിക്കൊണ്ടാണ്. കുറച്ചൊന്നുമല്ല, കിലോമീറ്ററുകളോളം. ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ അവിടെ ലഭ്യമായ ചികിത്സാസൗകര്യത്തെക്കുറിച്ച് ഞാന്‍ ഗൈഡിനോടു തിരക്കുകയുണ്ടായി. 20 കിലോമീറ്റര്‍ ദൂരെ ഒരു ആശുപത്രിയുണ്ട് എന്നാണ് അയാള്‍ പറഞ്ഞത്. അത്രയും ദൂരം എല്ലാവരും ഓടിയാണത്രെ സ്ഥിരം സഞ്ചരിക്കുന്നത്.

ആഫ്രിക്ക നിധികള്‍ നിറഞ്ഞ ഒരു ഖനിയാണ്. പച്ചപ്പിന്റെ മേലാപ്പിനു കീഴെ പ്രകൃതിയുടെ കലര്‍പ്പേശാത്ത സ്വര്‍ണക്കട്ടികള്‍ ഇരുട്ടില്‍ തിളങ്ങുന്ന നിലവറ. എന്നാല്‍ അതീവദുര്‍ബലമാണ് അതിന്റെ നിലനില്‍പ്പ്. ആഗോളതാപനത്തിന്റെ തീനാമ്പുകള്‍ ഈ കാടുകളേയും വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. പച്ചപ്പു നീങ്ങാം, എല്ലാം കരിഞ്ഞുണങ്ങിപ്പോവാം... ഒന്നോ രണ്ടോ വരള്‍ച്ച മതി! അതിനു മുമ്പ് ഒരിക്കല്‍ക്കൂടി അവിടെ പോവണം. അതൊക്കെ രേഖപ്പെടുത്തി വെക്കണം. അതു മാത്രമായിരുന്നു മടങ്ങുമ്പോള്‍ മനസ്സില്‍.


Text&Photos: Dileep Anthikad

No comments: