Showing posts with label Alcohol. Show all posts
Showing posts with label Alcohol. Show all posts

Monday, January 21, 2013

ഒരു കുടിയന്റെ ജീവിതം


ഡോ. ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം: ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. രണ്ടാം ഭാഗം

ആദ്യ ഭാഗം: അങ്ങനെ, ഞാനൊരു കുടിയനായി…

Kutiyante Kumbasaaram, Punarjani, Thrissur


അന്ന്, കോട്ടയ്ക്കലില്‍ നിന്ന് തൃശൂര്‍ക്ക് ബസ്സ് കയറുമ്പോള്‍ വിരലുകള്‍ക്ക് പതിവിലും കൂടുതല്‍ വിറയലുണ്ടായിരുന്നു. ഏറ്റവും പിന്നിലെ സീറ്റിലിരുന്നതിനാല്‍ വാതില്‍പ്പഴുതിലൂടെ ബസിനുള്ളിലേക്ക് കയറുന്ന കൊച്ചുവെളുപ്പാന്‍കാലത്തെ കോച്ചുന്ന തണുപ്പുകാറ്റുമേറ്റ് വിരലുകള്‍ മാത്രമല്ല ശരീരമാസകലം വിറയ്ക്കാന്‍ തുടങ്ങി. തണുത്തു മരവിച്ച സീറ്റില്‍, കമ്പികളിലമര്‍ത്തി പിടിച്ച്, വിറയൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ, വളാഞ്ചേരിയിലെത്തിയാല്‍ ഇറങ്ങണമെന്ന തീരുമാനമെടുത്തു. ചായ കുടിക്കാന്‍ അവിടെ നിര്‍ത്തുന്നുണ്ടെങ്കില്‍ ഭാഗ്യം. അല്ലെങ്കിലുമിറങ്ങണം. അല്ലാതെ പറ്റില്ല. ഒടുക്കത്തെ ഈ വിറ. എവിടെച്ചെന്ന് അവസാനിക്കുമെന്നറിയില്ല. തലച്ചോറുപോലും മരവിക്കുന്നു. തൃശൂര് വരെയെടുത്ത ടിക്കറ്റിന്റെ ശേഷിച്ച പണം പോകുമെന്നല്ലേ! അതു സാരമില്ല. കയ്യും കാലും ശരീരം മുഴുവനും വിറക്കുന്ന ഈ അവസ്ഥയില്‍ പോയാല്‍, തൃശൂരെത്തും മുമ്പ് ഞാന്‍ മരിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു. അല്ലെങ്കിലെന്റെ ബോധം നഷ്ടമാകും!
ഈയിടെയായി, പുലര്‍ച്ചയ്ക്ക് കൈവിറ മാറ്റാനായി, രാത്രിയില്‍ കുപ്പിയലവശേഷിപ്പിക്കാറുള്ളതുപോലും, ഉണരും മുമ്പ് കുടിച്ചുപോകുന്നു. സിരകളിലൂടെ തണുപ്പ് ശിരസ്സിലേക്ക് വ്യാപിക്കുന്നു. കൈകാലുകള്‍ തളരുന്നു. ശരീരം മരവിച്ച് ബോധം കൈവിടുന്നു. കമ്പികളിലെ പിടുത്തമയഞ്ഞ്, സീറ്റില്‍ നിന്ന് നിലത്തേക്ക് ഞാന്‍ കെട്ടിമറിഞ്ഞു വീഴുകയാണോ? പോക്കറ്റിലവശേഷിക്കുന്നത് നൂറില്‍ത്താഴെ രൂപയും എന്റെ ഐഡന്റിറ്റി കാര്‍ഡുമാണെന്ന ഓര്‍മ്മ മാത്രമവശേഷിച്ചു.
എന്റെ ശവശരീരം തിരിച്ചറിയപ്പെടാതെ വരില്ല. യാക്കോബായ പള്ളിയിലതടക്കം ചെയ്യും. ഒരച്ചന്‍, ചെറിയൊരാള്‍ക്കൂട്ടം, ഓര്‍മ്മദിവസം! എന്റെ കഥ കഴിഞ്ഞു… പക്ഷേ, മോനും രാജിയ്ക്കും ഞാനില്ലാതാകും. ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നുപോലും ഞാന്‍ നിഷ്കാസിതനാകും. എന്നെന്നേയ്ക്കും… ദൈവമേ!
എ. ടി. കോവൂരും മരിക്കുന്നതിന് മുമ്പ് ദൈവമേ’യെന്നു വിളിച്ചെന്ന് അമ്മ വിശ്വസിച്ചിരുന്നു. ഏതോ ഉപദേശി പ്രസംഗിച്ചതു കേട്ടതാകും. ഗാന്ധിജി വെടി കൊണ്ടു പിടഞ്ഞ നേരത്തു പോലും റം, റം എന്നാവശ്യപ്പെട്ടേന്ന് ഇന്ത്യന്‍ ജോയി പറഞ്ഞത്, ജോയിക്കുട്ടന്‍ മാത്രം വിശ്വസിച്ചു. മറ്റുള്ളവരതുകേട്ടു ചിരിച്ചു.
ഞാനൊന്നു പിടഞ്ഞു. ശരീരവും മനസും വേര്‍പ്പെട്ടൊടുങ്ങും മുമ്പ് അവസാനത്തെ പിടച്ചില്‍….. ശേഷം?

മരണത്തില്‍നിന്ന് തിരിച്ചുനടത്തം
ശേഷക്രിയക്ക് കിടത്തിയവന്‍ കണ്ണുതുറക്കുന്നതു പോലെ, വിടര്‍ന്ന കണ്ണുകള്‍ക്ക് മുന്നില്‍ ഒരപരിചിത മുഖം. ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്നും വളാഞ്ചേരിയില്‍, ആശുപത്രിക്കിടക്കയിലാണെന്നും തിരിച്ചറിയാന്‍ ഏറെ സമയമെടുത്തു. ബസ്സുകാര്‍ എന്നെയവിടെയെത്തിച്ച്, ഡോക്ടര്‍ വരും മുമ്പ് കടന്നുകളഞ്ഞു. അബോധാവസ്ഥയില്‍ ഞാന്‍ പുലമ്പിയവയില്‍ നിന്നും, വളാഞ്ചേരിക്കാരന്‍ ബാലകൃഷ്ണന്‍ നായരുടെ മകള്‍ പ്രസന്നയെന്റെ സുഹൃത്താണ് എന്നവര്‍ക്കു മനസ്സിലായി. ഡോക്ടര്‍ അവരുടെ കുടുംബസുഹൃത്തായിരുന്നിരിക്കണം. ഡോക്ടറവളെ വിളിച്ചു. സ്കൂട്ടറില്‍ വിവരമന്വേഷിക്കാന്‍, പ്രസന്ന അവളുടെ ഭര്‍ത്താവിനെ വിട്ടു. ഡോക്ടറെക്കണ്ട് അയാള്‍ കാര്യം തിരക്കി. പ്രസന്നമല്ലാത്ത മുഖവുമായി, എന്നെക്കാണാന്‍ വന്നു. കിടക്കയ്ക്കരുകില്‍ നിന്നു ചോദിച്ചു.
‘നിങ്ങളാരാ?’^ എനിക്കയാളെയറിയില്ല. പ്രസന്നയുടെ കല്യാണത്തിന് പോകാനെനിക്കായില്ല. ഞങ്ങള്‍ പരിചയപ്പെട്ടു. എന്റെയവസ്ഥ അയാള്‍ക്ക് ബോദ്ധ്യപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. ആശുപത്രിയിലെത്തിക്കാന്‍ തോന്നിയ സുമനസുകള്‍ക്ക് നന്ദി! എന്നിട്ടുമെന്റെ കിടപ്പിലുള്ള ആശങ്കയേക്കാള്‍ മറ്റെന്തോ വ്യാകുലതകള്‍, അയാള്‍ക്കുള്ളതായി തോന്നി. അവളും ഞാനുമായുള്ള ബന്ധത്തെ കുറിച്ചയാള്‍ വിശദമായി ചോദിച്ചറിഞ്ഞു! ഇത്രയും കാലമൊരുമിച്ചു കഴിഞ്ഞിട്ടും അവളെന്നെക്കുറിച്ചയാളോടു പറഞ്ഞിട്ടില്ല! സ്ത്രീകള്‍ സ്വാര്‍ത്ഥമതികളാണ്. സുരക്ഷയാണവര്‍ക്കു പ്രധാനം! അന്നെനിക്കതിന്റെ പൊരുളറിയുമായിരുന്നില്ല!
അവളെന്റെ ആത്മമിത്രമായിരുന്നു. മദ്യപാനത്തിന്റെ ദിനങ്ങളിലെന്നോ, അവളുടെ വിവാഹം ഞാനറിഞ്ഞിരുന്നെങ്കിലും പങ്കെടുക്കാനാകാതെ പോയതില്‍ എനിക്ക് ഖേദമുണ്ട്. എന്റെ വിവാഹത്തിന് അച്ഛനേയും കൂട്ടി വാശിപിടിച്ച് കോട്ടയം വരെ വന്നിട്ടും, അവള്‍ക്കതില്‍ പങ്കെടുക്കാനായില്ല. ജീപ്പ്, അപകടത്തില്‍പെട്ട് മെഡിക്കല്‍ കോളേജില്‍ കിടക്കേണ്ട ഗതികേട് അനുഭവിച്ചവള്‍! എന്നിട്ടും, ആദ്യരാത്രിയായിരുന്നിട്ടും, അവളെ കാണാന്‍ ഞാനാശുപത്രിയില്‍ ചെന്നു. അവളുടെ വിവാഹത്തില്‍ പങ്കെടുക്കാനാവാഞ്ഞതിന്റെ ഖേദമെനിക്കിന്നുമുണ്ട്.
എന്നിട്ടുമൊരപകടത്തില്‍പെട്ട്, പരിചിതമല്ലാത്ത സ്ഥലത്ത്, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട, മറ്റാരുമടുത്തില്ലാത്ത, ഭാര്യയുടെ സഹപാഠിയും സുഹൃത്തുമായ ഒരനാഥ രോഗിയോടയാള്‍ക്ക് വേണ്ടത്ര സഹാനുഭൂതി തോന്നിക്കാത്തതില്‍ എനിക്കമര്‍ഷം തോന്നി. അനുതാപമേതുമില്ലാതെ, സംശയനിവാരണാര്‍ത്ഥം, അയാള്‍ തിരക്കിട്ട് വീട്ടിലേക്ക് തിരിച്ചുപോയി. ഞാന്‍ വീണ്ടും തനിച്ചാക്കപ്പെട്ടു. മദ്യപന്റെ ഏകാന്തത അവന് അസഹ്യമായിത്തീരും, അവനെല്ലാവരാലുമുപേക്ഷിക്കപ്പെടും. പണ്ഡിതനും പാമരനും ധനികനും ദരിദ്രനുമൊരുപോലെയെത്തിചേരുന്ന മറ്റൊരാത്മ വിദ്യാലയമാണ് മദ്യശാല! അവിടെ നിന്നിറങ്ങിയാല്‍ ഓവുചാലിലുറങ്ങാന്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു!

ബില്ലടക്കാന്‍ ഒരു മാലാഖ!
തലക്കു മുകളിലെ ഗ്ലൂക്കോസ് കുപ്പി കാലിയായാല്‍ എനിക്ക് പോകാമെന്നൊരു നേഴ്സ് വന്നു പറഞ്ഞു. പക്ഷെ ബില്ലടയ്ക്കാന്‍ പോക്കറ്റിലാകെ നൂറില്‍ത്താഴെ രൂപയുണ്ടാകും. ദൈവം പറഞ്ഞയച്ച മാലാഖ വീണ്ടും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പ്രസന്ന! അവളുടെ മുഖത്ത് ഉല്‍കണ്ഠയല്ല, രോഷം! അവളൊന്നും ഉരിയാടാതെ എന്റെ കണ്ണുകളിലേക്കുനോക്കി കട്ടിലിനരികിലിരുന്നു. അവളുടെകൂടെ ഭര്‍ത്താവില്ലായിരുന്നു.
‘നിന്റെ കെട്ട്യോനൊരു മനുഷ്യപ്പറ്റില്ലല്ലോ?’
‘മനുഷ്യപ്പറ്റ്! എന്നെക്കൊണ്ടൊന്നും പറയിക്കണ്ട, വഴീന്നൊരാളെ ആശുപത്രിയിലാരോ കൊണ്ടിട്ടൂന്നും, പ്രസന്നയുടെ സുഹൃത്താണെന്നും ഡോക്ടര്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍, ചാടി പുറപ്പെട്ടതാ കക്ഷി. പറഞ്ഞിട്ടെന്താ കാര്യം? സ്ഥിരം കുടിയന്മാര്‍ക്ക് ചാരായം കിട്ടാതെ വന്നാലുണ്ടാകുന്ന സൂക്കേടാ ഭാര്യേടെ സുഹൃത്തിനെന്ന് കേട്ടാ, ഏത് ഭര്‍ത്താവിനാ ഇഷ്ടാവ്വാ! അതൊന്നും ഓര്‍മ്മയുണ്ടാവില്ല! അതിന് തലക്കു വെളിവുള്ള നേരമുണ്ടായിട്ടു വേണ്ടേ? എന്റെ കല്യാണം കഴിഞ്ഞ് ഇന്നേക്ക് ഒരാഴ്ചയായില്ല. അറിയ്യോ? കുടിച്ച് വഴീവീണതല്ല, കുടിക്കാന്‍ കിട്ടാത്തോണ്ട് വഴീല്‍ വീഴുന്ന ഒരുസുഹൃത്ത്, ഭാര്യക്കുണ്ടെന്നറിഞ്ഞാല്‍ ജോണ്‍സന് ഇഷ്ടപ്പെട്വോ? ആ പാവം, രാജിയെന്തു പിഴച്ചു? അതെങ്കിലും ഓര്‍ക്കണമായിരുന്നു. ഇനിയെങ്കിലുമൊരു മനുഷ്യനെ പോലെ ജീവിക്ക് ജോണ്‍സാ!’.
200 രൂപ കയ്യില്‍ വച്ചു തന്ന് അവള്‍ തിരിച്ചുനടന്നു. ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്തില്ല. എന്നെ ഉപേക്ഷിക്കുന്നവരില്‍ ഇപ്പോഴിതാ അവളുടെ ഊഴം. സൌഹൃദങ്ങളുടെ കണ്ണികള്‍ ഓരോന്നായി അറ്റു പോകുന്നതറിയാതെ ഞാനവളോട് പിണങ്ങി.
തിരിച്ച് വീട്ടിലെത്തിയ നിമിഷത്തില്‍, അവളുടെ പേര്‍ക്ക് 200 രൂപ മണിയോര്‍ഡറയച്ചു. ‘നന്ദി! ഇനി ശല്യപ്പെടുത്തില്ല!’ മണിയോര്‍ഡര്‍ ഫോറത്തിനു ചുവട്ടില്‍ അമര്‍ത്തിയെഴുതി. അവളെന്റെ നന്മ മാത്രമാണ് എന്നും കാംക്ഷിച്ചത്. ഞാനന്ന് അതിന്റെ പേരില്‍ കുടിച്ചു. സത്യത്തില്‍ സൌഹൃദങ്ങളുടെ മൂല്യം മറന്നത് ഞാനോ, അവളോ?

Kutiyante Kumbasaaram, Punarjani, Thrissur
ജോണ്‍സണ്‍

 മദ്യപന്റെ നിഴല്‍ യുദ്ധങ്ങള്‍
വീഴ്ചകളില്‍ നിന്ന് പലതവണ കരേറി, തീത്തൈലത്തിന്റെ കരുത്തില്‍ മരണത്തെ നേരിടാന്‍ കഴിയുമെന്നു വിശ്വസിച്ചവന്റെ ജീവിതം അങ്ങനെ കരിന്തിരികത്തി. അത് അണയാറാകുന്നത് എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാന്‍ നിഴലുകളോട് പൊരുതി.
മദ്യപന്റെ തോല്‍വി സുനിശ്ചിതമാണ്. പക്ഷേ, അതവനോട് പറഞ്ഞുകൊടുത്താല്‍, ഒരിക്കലും അവന്‍ അംഗീകരിക്കില്ല. എന്നെ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവന്‍ ആരടാ? അവന്റെ നിഘണ്ടുവില്‍ അടിയറവില്ല. തോല്‍വികളുടെ ചരിത്രമറിയാത്ത ചാവേര്‍ പടയാളിയാണവന്‍. മദ്യപന്റെ വിധി! മരണം വിധിക്കപ്പെട്ടവന്റെ മാപ്പപേക്ഷ ആരു പരിഗണിക്കും? ദയാഹര്‍ജി പോലും തള്ളും. കാരണം അതു സമര്‍പ്പിച്ചവന്റെ കൈകളള്‍ അശുദ്ധമത്രെ!
അന്ത്യചുംബനത്താല്‍ ഒറ്റുകൊടുത്തവനെ ക്രൂശിക്കാന്‍, ജനമാര്‍ത്തു വിളിക്കും. ജനഹിതം മാനിക്കപ്പെടും. കൈ കഴുകിത്തുടച്ച്, തലതിരിച്ചെന്നെ കടന്നു പോയവരോടെല്ലാം ഞാന്‍ പൊറുക്കാം. ഇല്ല! എങ്ങും ഇരുട്ടുമാത്രം. മിന്നാമിനുങ്ങിന്റെ നനുങ്ങുവെട്ടം പോലുമില്ലാത്ത നിശബ്ദരാവുകളില്‍ എന്റെ തേങ്ങിക്കരച്ചില്‍ മറ്റാരും കേട്ടില്ല. രാജിയൊഴികെ.

 ഉറങ്ങാനൊരു തിയറ്റര്‍
ഒരിക്കല്‍ ‘ബിനി’യില്‍ ആര്‍ക്കോ ഒപ്പമിരുന്ന് കുടിച്ചു. ഭക്ഷണം വേണമെന്നില്ലാതായി തുടങ്ങിയിരുന്നു. നട്ടുച്ചയ്ക്ക്, ഏസീന്നിറങ്ങിയപ്പോള്‍ ‘ഇത്തിരി കൂടിപ്പോയോ’ന്നൊരു സംശയം. കൂടെയിരുന്നു കുടിച്ചവന് ആത്മാര്‍ത്ഥത പോര. എന്നെ തനിച്ചാക്കി, രണ്ടു പെഗ്ഗടിച്ച്, കുപ്പിയില്‍ അവശേഷിച്ചത് എന്നെയേല്‍പ്പിച്ച് അവന്‍ സ്ഥലം വിട്ടു. എനിക്കേതു കാര്യത്തിലും ആത്മാര്‍ത്ഥതയുണ്ട്. കുടിയുടെ കാര്യത്തിലുമതു വേണ്ടേ? ബാക്കിമുഴുവന്‍ ഞാന്‍ തനിച്ചിരുന്ന് കുടിച്ചു. കുപ്പി കാലിയാക്കി. ബില്ല് അവന്‍ കൊടുത്തിരുന്നു. ഏതോ മാന്യസുഹൃത്ത്. ഒരു നേരത്തെ എന്റെ കാര്യം നടന്നു!
അവനെഴുന്നേറ്റ് ബില്ലും കൊടുത്ത് കടന്നുകളഞ്ഞതത്ര മര്യാദയായില്ല. ഓസിന് കുടിച്ചെനിക്ക് ശീലമില്ല! ആരെങ്കിലും വാങ്ങിത്തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഇരട്ടി ഞാന്‍ തിരിച്ചു കൊടുത്തിട്ടുമുണ്ടാകും. ഇതൊരു വക ആക്കലായിപ്പോയി. ഇനി പറഞ്ഞിട്ടുകാര്യമില്ല. ആനയ്ക്ക് റിവേഴ്സ് ഗിയറില്ലല്ലോ? കലിപ്പു തീര്‍ക്കാനവനടുത്തില്ലാത്തതിനാല്‍, വാശിക്കതു മുഴുവനും കേറ്റി. പക്ഷേ, തല പെരുത്തുകയറി. അത്രേം കുടിക്കേണ്ടിയിരുന്നില്ല. ‘പിടുത്തം’ വിട്ടുപോകുമോന്നൊരു സംശയം. ബാക്കിയുള്ളത് പൊതിഞ്ഞ് അരയില്‍ തിരുകിയാല്‍ മതിയായിരുന്നു.
വീട്ടിലേക്ക് ബസു കാത്തുനിന്നു. അതില്‍ കയറിപ്പറ്റി വീട്ടിലെത്തുമ്പോഴേക്കും, സമയമൊരുപാടാകും. എന്റെ കണ്‍ ട്രോളുവിട്ടു പോകുന്നുണ്ടോന്നൊരു സംശയം! ബിനിയിലാരോടു പറഞ്ഞാലും, ഏതെങ്കിലുമൊരു മുറി തുറന്നുതരും. ഫാനിട്ട് രണ്ട് മണിക്കൂര്‍ കിടന്നുറങ്ങി എണീറ്റാല്‍ പ്രശ്നം തീരും. പക്ഷെ തനിച്ചു കിടക്കാനെനിക്കു മടിയാണ് അന്നുമിന്നും. റാഫിയും ജിയോനും ആര്‍ട്ടിസ്റു സാബുവും എന്നെത്തഴഞ്ഞു. കിട്ടാവുന്ന സ്പീഡില്‍ വീട്ടിലെത്തുന്നതായിരിക്കും ബുദ്ധി. ഒരോട്ടോ വിളിച്ചാലോ? പോക്കറ്റില്‍ കാശുണ്ട് പക്ഷെ ഓട്ടോയിലിരുന്നുറങ്ങി, ഇറങ്ങാന്‍ വയ്യാത്ത പരുവത്തില്‍ വീട്ടില്‍ ചെന്നാല്‍? അത് അതിലും കുളമാകും. ഈയിടെയായി, രാജീടെ മുഖത്തുനോക്കാന്‍പോലും കഴിയുന്നില്ല. അവളത്രയേറെ സഹിക്കുന്നുണ്ട്.
തൃശãൂരിലെ തിയറ്ററുകളില്‍, ഒരു കാലത്ത്, സ്ഥിരമായി നൂണ്‍ഷോ കാണാന്‍ കേറുന്ന, സിനിമയുടെ പേരുപോലും അറിയേണ്ടാത്തൊരു കാഴ്ചക്കാരനുണ്ടായിരുന്നു. മറ്റാരുമല്ല, ഈ ഞാന്‍! വീട്ടില്‍ പോകാന്‍ ശ്രമിക്കുന്നതിലും ഭേദം, അതായിരിക്കുമെന്നെനിക്കു തോന്നി. ഓട്ടോറിക്ഷയില്‍ കയറി രാഗത്തിനുമുന്നിലിറങ്ങി. തിയറ്ററിലെ ലോ ക്ലാസുകളിലൊന്നില്‍, ചുവരിനോടടുത്ത സീറ്റിലിരുന്നുറങ്ങാന്‍ പത്തോ ഇരുപതോ രൂപ ചിലവാക്കിയാല്‍ മതി. ബസ്സില്‍ കയറിയാല്‍ സീറ്റു കിട്ടുമെന്നുറപ്പില്ല. നില്‍ക്കേണ്ടിവന്നാല്‍ വാളുറപ്പാ. പിന്നെ നാണക്കേട്. കുളിച്ചാലുമത് പോകില്ല. പൂമലയ്ക്കുള്ള ബസ്സില്‍ എന്നെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. മാഷ്ടെ മോന്റെ തനി സ്വരൂപം അവരറിയും.

Kutiyante Kumbasaaram, Punarjani, Thrissur
പുനര്‍ജനി

 പരദൂഷണത്തിന്റെ വഴികള്‍
മദ്യപരെ കുറിച്ച് പരദൂഷണം പറയലിലൊരു രസമുണ്ട്. കുടിയന്മാരുടെ കലാപരിപാടികളെക്കുറിച്ചു പറയുന്നവര്‍ക്ക് ആയിരം നാവാണ്. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അതൊരു വലിയ സംഭവമാക്കി മാറ്റും. രാജിയെങ്ങാനുമറിഞ്ഞാല്‍ പിന്നെ ഞാന്‍ ചത്തുകളയുന്നതാണ് നല്ലത്. രാഗം തിയറ്ററിനു മുന്നില്‍ അപശകുനം പോലെ നിന്ന പെട്ടിക്കടയിലെ പോളി സഹോദരരില്‍ ഒരുവന്‍, ചുരുട്ടി മടക്കിത്തന്ന മുറുക്കാന്‍ വായിലിട്ട്, തിയറ്ററിലേക്ക് അതിവേഗം നടന്നു. പടം വിട്ടിട്ടും, തിയറ്ററിന്റെ മൂലയിലെ സീറ്റില്‍ ചാരിയിരുന്ന് ഉറങ്ങിയിരുന്ന ഒരു മനുഷ്യനെ ചവിട്ടു പടികളില്‍ കാലുകള്‍ തൊടാത്ത വിധത്തില്‍ തൂക്കിയെടുത്ത്, ജീവനക്കാര്‍ നിലത്തിറക്കി. നേരെ തള്ളിവിട്ടാല്‍ റൌണ്ടിലെത്തും. വലതുവശത്തേക്ക് തലതിരിച്ച് തള്ളി വിട്ടാല്‍… അത് എലൈറ്റിലേക്കുള്ള ഇടവഴിയാണ്. ആ വഴിയില്‍ തിരക്കുകുറവായിരുന്നു. അന്ന്, യമുന ഹോട്ടലിനുസമീപത്തുള്ള മൂത്രം മണക്കുന്ന ഇടവഴിയിലെ ചുവരില്‍ ചാരിയിരുന്നുറങ്ങിയ ആ മനുഷ്യന്‍ ഞാനായിരുന്നു. ആരുമെന്നെ കണ്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ എല്ലാവരുമെന്നെ കണ്ടിരുന്നു. പോളി സഹോദരന്മാരിലൊരുവനോട് കടം വാങ്ങി, ഓട്ടോയില്‍ കയറി, ബിനിയിലിറങ്ങി, വീണ്ടും രണ്ടെണ്ണമടിച്ചശേഷം, അതേ ഓട്ടോയില്‍ വീട്ടിലെത്തി. രണ്ടുകണ്ണുകളുമടച്ചു കിടന്നുറങ്ങി. ഭാഗ്യം ആരുമെന്നെ കണ്ടിട്ടില്ല!
ബോധാബോധതലങ്ങള്‍ക്കിടയില്‍ മൃഗമായിത്തീരുന്ന മദ്യപന്റെ ചെയ്തികളില്‍ മാപ്പര്‍ഹിക്കുന്നവയുടെ എണ്ണം വിരളമത്രെ. ബ്ലാക്കൌട്ടുകള്‍’ എന്നറിയപ്പെടുന്ന അന്നേരങ്ങളില്‍ അവന്റെ പ്രവൃത്തികള്‍ തലച്ചോറില്‍ രജിസ്റര്‍ ചെയ്യാതെ പോകും. അതിനാല്‍, പിറ്റേന്നു പുലരുമ്പോള്‍ അതൊന്നും അവനോര്‍ക്കില്ല. മദ്യപാനി പാപിയാകുന്നത് അങ്ങനെയത്രെ.
ഭ്രാന്തനു പോലും ഇളവു കാട്ടുന്ന നിയമം മദ്യപനോടു കാട്ടുനീതികാണിക്കും. മദ്യം വില്‍ക്കുന്നതിന്റെ ലാഭംകൊണ്ട് വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യം, വിധവകളുടെ ശാപവും അവരുടെ തന്തയില്ലാത്ത പൈതങ്ങളുടെ തോന്ന്യാസങ്ങളും കൊണ്ടുനശിക്കും. മദ്യപാനിയെന്ന ചെല്ലപ്പേരില്‍ അറിയാനാരുമാഗ്രഹിക്കില്ല. എന്നിട്ടും ചിലര്‍ അതായി തീരുന്നതിന്റെ കാരണമെന്താണ്?


ആദ്യ ഭാഗം: അങ്ങനെ, ഞാനൊരു കുടിയനായി…


പുസ്തകം ഓണ്‍ലൈനായി ലഭിക്കാന്‍:
http://www.dcbookshop.net/books/kutiyante-kumbasaaram-oru-madhyaasaktharogiyute-aathmakatha


പുനര്‍ജനിയുടെ വിലാസം:
PUNARJANI
Charitable Trust for De-Addiction & Rehabilitation
Phone: 0487 2208304
(Dr. Johns K Mangalam Ph.D, LLB.)
Mobile: 9747201015
Email : punarjanipoomala@yahoo.com
Web : www.punarjani.org

Friday, January 11, 2013

അങ്ങനെ, ഞാനൊരു കുടിയനായി…

ഡോ. ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം. ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. ആദ്യഭാഗം.
Kutiyante Kumbasaaram, Punarjani, Thrissur

മദ്യമായിരുന്നെന്റെ ദൈവം
തൃശ്ശൂരാണെന്റെ തട്ടകം. മദ്യമായിരുന്നെന്റെ ദൈവം. അന്ന് ഏതു പാതിരായ്ക്കു വിളിച്ചാലും തുറക്കുന്ന ഷാപ്പുകളെവിടെയൊക്കെയുണ്ടെന്നും ഏതൊക്കെ ബാറിന്റെ നൈറ്റ് വാച്ചര്‍മാരുടെ പക്കല്‍ നിന്നും ‘ഡ്യൂപ്ലിക്കേറ്റും സെക്കണ്ട്സും’ കിട്ടുമെന്നും എനിക്കറിയാം. ഒരു വര്‍ഷം മുഴുവന്‍ രാത്രിയില്‍ ഞാന്‍ ജീവിച്ചത് തൃശ്ശൂരിലെ തെരുവോരങ്ങളിലും ദിവാന്‍ജിമൂലയിലും പൂരപ്പറമ്പിലും ഓട്ടോറിക്ഷകളിലും ട്രാന്‍സ്പോര്‍ട്ട് സ്റാന്റിലും റെയില്‍വേ സ്റേഷനിലും ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റിലെ പച്ചക്കറിക്കടകള്‍ക്കു മുന്നിലുമായിരുന്നു. നടന്നും കിടന്നും മുടന്തിയുമുറങ്ങാത്ത രാവുകള്‍. അന്നുമെന്നോടൊപ്പം മദ്യമുണ്ടായിരുന്നു.
എന്തിനെന്നറിയാതെ, പ്രതിഫലമിച്ഛിക്കാതെ, പച്ചക്കറിത്തരകിലെന്നെ കാത്തിരിക്കാറുള്ള, കണ്ടോരന്‍ വേലായുധന്റെ മകന്‍ അശോകന്റെ കയ്യിലെപ്പോഴും കാശുണ്ടായിരുന്നു. അവന്‍ മാര്‍ക്കറ്റില്‍ വന്നിറങ്ങിയ വാഴക്കുലകള്‍ ചുമന്നു. തണ്ടുവെട്ടിക്കളഞ്ഞു. ജോസ് തിയറ്ററിന് മുകളില്‍ ‘ആന്റ്സ് അഡ്വര്‍ടൈസിങ്’ പരസ്യക്കമ്പനി നടത്തിയിരുന്ന ദിനേശനും അവിടെയുറങ്ങുന്നുണ്ടായിരുന്നു. പൂങ്കുന്നത്ത് എന്റെകൂടെ പഠിച്ച സദാനന്ദന് ടയര്‍ മോള്‍ഡ് ചെയ്യുന്ന കടയുണ്ടായിരുന്നു. അവന് രാത്രിയിലും ജോലിയുണ്ടായിരുന്നു.
മഞ്ഞ പുസ്തകം വില്‍ക്കാന്‍ മാത്രം രാത്രി കടതുറന്നിരിക്കുന്ന എന്റെ കക്ഷി, ഒരു പടുകിഴവന്‍. ട്രാന്‍സ്പോര്‍ട്ടു സ്റാന്റിനുസമീപത്തെ അയാളുടെ പെട്ടിക്കടയിലും, ഓട്ടോറിക്ഷക്കാരുടെ പുറം കീറിയ കാക്കിഷര്‍ട്ടിന്റെ പോക്കറ്റിലും കാശുണ്ടായിരുന്നു. എനിക്കു കടം തരാനവര്‍ ദയകാട്ടി.
തൃശ്ശൂരില്‍ മദ്യം കിട്ടുന്നയിടങ്ങളെല്ലാമെനിക്കറിയാമായിരുന്നു. ദിവാന്‍ജി മൂലയില്‍ കറങ്ങിതിരിഞ്ഞ് ഉറങ്ങാതെ കഴിച്ച രാവുകളേറെയാണ്. എന്നുമെവിടെയും എന്റെ സന്തതസാഹചാരിയായിത്തീര്‍ന്ന മദ്യം ഞാനുപേക്ഷിക്കുന്നതെങ്ങനെ? അക്കാലത്ത് ഞാന്‍ എറണാകുളം ലോ കോളേജില്‍, ഈവനിംഗ് ക്ലാസ്സില്‍, എല്‍. എല്‍. ബി. മൂന്നാം വര്‍ഷം പഠിക്കുകയായിരുന്നു…
മദ്യപാനിയെ സകലരും ആട്ടിയോടിക്കും. തല ചായ്ക്കാനിടമില്ലാതെ, അശാന്തമായ ഹൃദയവുമായി പാതിരാത്രിയും നട്ടുച്ചയും തമ്മിലന്തരമില്ലാതെ അലഞ്ഞുതിരിയാനവന്‍ വിധിക്കപ്പെടും. അവന്റെ വിലാപങ്ങളാരും കേള്‍ക്കാറില്ല. അവന്റെ വിലാപപ്പുറത്തെ മുറിവില്‍ വിരലിട്ടവനെ തിരിച്ചറിയാനാരും ഒരുങ്ങുകയില്ല !
അവന്‍ പാപിയാകുന്നു. ദൈവാനുഗ്രഹം അവനുമേല്‍ പതിക്കില്ല! നിര്‍ഭാഗ്യവാന്‍. സ്വര്‍ഗ്ഗരാജ്യത്തിനവകാശിയാകാത്തവന്‍. നിരാശ അവന്റെ കൂടെപ്പിറപ്പ്. അവന്‍ നാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നു. ചോരപൊടിയുന്ന കറുത്തഫലിതങ്ങള്‍ മാത്രമാണ് അവന്റെ നാവുരുവിടുക. നരകത്തിനു മാത്രം യോഗ്യന്‍! മദ്യത്തെക്കുറിച്ചു മാത്രമവന്‍ സ്വപ്നം കാണും. സ്വപ്നം കാണാനായി മാത്രം ഉറങ്ങാനവന്‍ കൊതിക്കും. പക്ഷെ, ഉറങ്ങാന്‍ വീണ്ടും കുടിയ്ക്കണം.

Kutiyante Kumbasaaram, Punarjani, Thrissur
ജോണ്‍സണ്‍ ഭാര്യ രാജിക്കൊപ്പം Photo:Sudeep Eeyes

ഞാന്‍ മദ്യത്തെ മാത്രം വിശ്വസിച്ചു
കോട്ടയ്ക്കലിനും തൃശ്ശൂരിനുമിടയില്‍ എവിടെയെങ്കിലും ചായ കുടിക്കാനായി ബസ്സു നിറുത്തും. വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാള്‍. മൂന്നിടങ്ങളിലും, വിളിപ്പാടകലെ, പുലര്‍ച്ചെ തുറന്നുവെയ്ക്കുന്ന ബാറുണ്ട്. അവയിലേതെങ്കിലുമൊന്നില്‍ച്ചെന്നു വിറ മാറ്റാന്‍ പറ്റുമെന്ന പ്രത്യാശയില്‍ ഞാന്‍ ബസ്സില്‍ കേറിയിരുന്നു. മൂന്നിടത്തും നിര്‍ത്തിയില്ലെങ്കില്‍ തൃശ്ശൂരെത്തി നേരെ ‘ബിനി’യില്‍ കയറിയാല്‍, വിറ താനേ മാറും.
പിന്നീട് കോടതി… തലയിലെഴുത്ത് തൂത്താല്‍ മായില്ലല്ലോ? വക്കീലോഫീസില്‍ ചെന്നില്ലെങ്കിലുമൊന്നും സംഭവിക്കില്ല! എന്റെ നഷ്ടങ്ങളെയോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടാറില്ല. മദ്യപാനിക്കെപ്പോഴും ഭാവിയെ കുറിച്ച് സ്വപ്നങ്ങളുണ്ട്. കണക്കുകൂട്ടലുകളിലവനെപ്പോഴും മുന്നിലായിരിക്കും. കോണ്‍വെക്സ് ലെന്‍സുള്ള അവന്റെ കണ്ണിലൂടെ കാണുന്ന ലോകത്തവന് വേണ്ടതിലേറെ കരുത്തും കഴിവുകളുമുണ്ട്. ‘ഞാനാരാ മോന്‍!’. പക്ഷേ, ഒടുവിലെന്റെ കണക്കുകള്‍ പിഴച്ചു. പുഴുത്ത പട്ടിയെപ്പോലെ ആട്ടിയോടിക്കപ്പെട്ടു. പക്ഷേ, മദ്യത്തിന്റെ ധൃതരാഷ്ട്രാലിംഗനത്താല്‍, ശ്വാസം മുട്ടി, എല്ലുകള്‍ നുറുങ്ങി, കരളുരുകി, ഹൃദയം പൊട്ടി ഞാന്‍ ചാകുന്നതറിയാനോ തടയാനോ കഴിയാതെയായി. എനിക്കാരുമില്ലാതെയായി. എന്റെ കണ്ണുകളുടെ കാഴ്ച കെട്ടു. മദ്യത്തിന്റെ മാന്ത്രികക്കണ്ണാടിയിലൂടെയാത്രം ഞാന്‍ ലോകം കണ്ടു. എന്നിട്ടതു വിശ്വസിക്കുകയും ചെയ്തു.
പിന്നീടു പിന്നീട്, വന്നുകേറുന്ന രാത്രിയും, പിറ്റേന്നുരാത്രിയും, തൃശൂര്‍ക്ക് തിരിക്കുന്ന ദിവസം നേരം പുലരും മുമ്പും, കൈവിറ മാറ്റാനാവശ്യമായ മദ്യം തലയ്ക്കല്‍ കരുതി വയ്ക്കുന്ന ശീലമാരംഭിച്ചു. അതോടെ രാജിയുടെ ശമ്പളം, രണ്ടു തവണത്തെ, തൃശൂര്‍ റ്റു കോട്ടക്കല്‍, ടാക്സിക്കൂലിയിനത്തില്‍ അപഹരിക്കപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ബസ്സില്‍ കയറി അവിടെയെത്താന്‍ കഴിയാത്ത അവസ്ഥയിലായിത്തുടങ്ങി. കോട്ടയ്ക്കലില്‍ നിന്ന് മടങ്ങിയെത്തിയാലും, കോടതിയില്‍ പോകാനാകാതെയായി. പന്ത്രണ്ടുമണിക്കൂറും മദ്യപിച്ച് ഷാപ്പിലിരുന്നു. കഥകള്‍ പറഞ്ഞു, കഥകള്‍ കേട്ടു. കുടംകൊട്ടി പാടി. പുലര്‍ച്ചയ്ക്ക് പൂമലയില്‍നിന്നാദ്യം തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സ്., ബാറിനു മുന്നില്‍ നിര്‍ത്തിത്തന്ന്, ആരോയെന്റെ വിറയ്ക്കുന്ന കൈപിടിച്ചിറക്കി വിട്ടു. ജനം പരമപുഛത്തോടും പരിഹാസത്തോടും കൂടിയെന്നെ വീക്ഷിക്കാന്‍ തുടങ്ങി. ഭാര്യേടെ ശമ്പളം കൊണ്ട് ജീവിക്കുന്ന പരാന്നഭോജിയാണ് ഞാനെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും, മദ്യപിക്കാതിരിക്കാനെനിക്ക് കഴിഞ്ഞില്ല.

‘നിനക്ക് നാണാവില്ലേടാ…
തല്‍ക്കാലമെല്ലാം മയങ്ങിക്കിടക്കട്ടെ! ലഹരിയുടെ തണലിലുറങ്ങുന്ന അണലിയാണത്, അലട്ടരുത്. എന്റെ സമയം സമാഗതമാകും! ഞെട്ടേണ്ട, ഏതു പട്ടിക്കുമൊരു സമയമുണ്ട്, വരട്ടെ! ഷാപ്പു മാനേജര്‍ പട്ടക്കുട്ടപ്പഞ്ചേട്ടന്‍ ചില്ലുഗ്ലാസ്സില്‍ ചാരായമൊഴിച്ചു നീട്ടികൊണ്ട് തിരിച്ചുചോദിക്കും.
‘ഈ മാസത്തെ ശമ്പളം കിട്ടിയാല്‍ പറ്റു മുഴുവന്‍ തീര്‍ക്കാം, ഒരു നൂറും കൂടി താ…’
‘ആര്‍ക്ക്?’ അയാളുടെ തോട്ടിച്ചോദ്യം കേട്ട് കലികയറും. പക്ഷേ മറുപടി പറയില്ല.
‘നിനക്ക് നാണാവില്ലേടാ അവളുടെ ശമ്പളം കൊണ്ടിങ്ങനെ കുടിച്ചു നടക്കാന്‍?’ ഷാപ്പുകാരനു പോലുമെന്നെ പുച്ഛം. ഞാന്‍ കടക്കാരനായിപ്പോയില്ലേ?, തിരിച്ചു പറയാന്‍ മറുപടി അറിയാതെയല്ല! മറ്റെന്താണ് ചെയ്യുക? അയാള്‍ക്ക് ഞാന്‍ മകനേപ്പോലെയാണു പോലും!
ശനിയാഴ്ച വരേയ്ക്കുമെനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും. കോടതീ പോകാം. പക്ഷേ, ശനിയാഴ്ച വൈകീട്ട് കോട്ടയ്ക്കലേക്കുള്ള ബസ്സും കാത്ത്, രാജിയ്ക്കും മോനും അമ്മ കൊടുത്തുവിടുന്ന അച്ചാറും ചമ്മന്തിപ്പൊടിയും നിറച്ച സൂട്ട്കേസും തൂക്കി, ട്രാന്‍സ്പോര്‍ട്ട് സ്റാന്റിലെത്തുന്ന നിമിഷം മുതല്‍… എന്റെ മനസ്സുമാറും. അപകര്‍ഷതാബോധം, അപഹാസത്തോടെ എന്നിലാവേശിക്കാന്‍ തുടങ്ങും. ഒരാഴ്ചത്തെ ഓട്ടപ്പാച്ചലിനൊടുവില്‍ ഭാര്യസമേതമണയാന്‍ വെമ്പി, മനസ്സും ശരീരവും നിറഞ്ഞുതുളുമ്പി, ബസ്സും കാത്തു നില്‍ക്കുമ്പോള്‍, ഏകജാതനെ പോറ്റാനുള്ള പണം പോലുമുണ്ടാക്കാനാകാത്ത വക്കീല്‍പ്പണിയോടെനിക്ക് പുച്ഛം തോന്നും. എന്നിട്ടും ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ജയിച്ച കക്ഷികളിലാരെങ്കിലും, വക്കീലന്മാര്‍ക്കു ചെലവുചെയ്യും. ഓസില്‍ കിട്ടുന്ന മദ്യം വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ?
ഞാന്‍ എത്തിക്സ് പഠിച്ചവനാണ്. പഠിച്ചവയെല്ലാം കാലാന്തരത്തില്‍ ജീവിതത്തില്‍ പ്രയോഗിക്കപ്പെടുമെന്ന ഗുണം ആ വിഷയത്തിനുണ്ടെന്ന് പരീക്ഷയിലുത്തരമെഴുതിയവനാണ്. 87 ശതമാനവും റാങ്കും എനിക്കതിനു കിട്ടിയിട്ടുണ്ട്. ഞാനത് പഠിപ്പിച്ചവനുമാണ്. എന്നിട്ടും ബഹുമാനപ്പെട്ട കോടതി മുമ്പാകെ ‘അന്യായം’ ബോധിപ്പിക്കുവാന്‍ ഞാന്‍ നിയുക്തനായി. പക്ഷെ എന്റെയധരം കള്ളം പറയാന്‍ വിസ്സമ്മതിച്ചു. ‘പൂവ്വങ്കോഴി കൊത്തുംപോലെ’ കോടതി മുറിയില്‍ കയറി നിന്ന് കേസു വാദിക്കാനെനിക്കാവില്ല! വക്കീല്‍പണിയില്‍, ഞാനൊരു വന്‍പരാജയമാണെന്ന തിരിച്ചറിവ് എന്നെത്തളര്‍ത്തി. വേറെന്തു തൊഴിലു ചെയ്യും?


പ്രദീപ് വിളിക്കുന്നു
പണ്ട് തളിക്കുളത്തുകാരന്‍ പ്രദീപ് ഫോണ്‍ ചെയ്താല്‍ എനിക്ക് കലി കയറുമായിരുന്നു. ബെല്ലടികേട്ട് റിസീവറെടുത്ത് ചെവിയില്‍ വച്ച് ‘ഹലോ’ എന്ന് പലവട്ടം പറഞ്ഞാലും, മറുതലക്കല്‍ നിന്നും പ്രതികരണമുണ്ടാവില്ല. റിസീവര്‍ ക്രാഡിലില്‍ വച്ച് തിരിയുമ്പോഴേക്കും വീണ്ടും ബെല്ലടിക്കും. ഫലം തഥൈവ! ഒടുവില്‍ ‘ഹലൊ” പറയുന്നതിന് പകരം പുളിച്ചതെറിയങ്ങോട്ട് പറയും. പലവട്ടമാവര്‍ത്തിച്ച് മടുത്ത് ഒടുവിലിതാരാ ഈ ‘വയറുവേദന’ക്കാരനെന്നറിയാന്‍, കോളറൈയ്ഡിയില്‍ നമ്പറുനോക്കുമ്പോള്‍, പ്രദീപിനെ ആളറിയാതെ തെറിവിളിച്ചതിലെനിക്ക് കുണ്ഠിതം തോന്നും. കാരണം, അവനു വിക്കുണ്ടായിരുന്നു! അതവന്റെയച്ഛന് പണ്ട് പറ്റിയ കൈപ്പിഴയാണെന്നവനെന്നോട് പറഞ്ഞിട്ടുമുണ്ടായിരുന്നു.
അവന്റെയച്ഛന്‍ വെറുമൊരു വൈദ്യരല്ലായിരുന്നു. പാരമ്പര്യമായി ചികിത്സാവിധികള്‍ സ്വായത്തമാക്കിയ സാത്വികന്‍. രോഗനിര്‍ണ്ണയത്തിനായി, അശ്വനീദേവതകളുടെ അനുഗ്രഹം ലഭിച്ചവന്‍. അല്പസ്വല്പം ജ്യോതിഷവുമറിയാം. ഓരോ മക്കളെയുമുളവാക്കുമ്പോഴുമദ്ദേഹം വ്രതമനുഷ്ഠിച്ചു. നാളും തിഥിയും പക്കവും രാശിയും ഗ്രഹനിലയുമൊക്കെനോക്കി മക്കളെ സൃഷ്ടിച്ചു . അവരെല്ലാവരും മിടുക്കന്മാരും, ഒരേയൊരുവള്‍ മിടുക്കിയുമായിരുന്നു. ആയുസുമാരോഗ്യവുമുള്ള അവര്‍ക്കൊക്കെ മറ്റു പലതിലുമായിരുന്നു താല്‍പര്യം. പിഴയ്ക്കാത്ത ഗണിതത്തില്‍ വൈദ്യരല്പം അഹങ്കരിച്ചിട്ടുണ്ടാവാം. ഒടുവിലൊരുത്തനെക്കൂടി ജനിപ്പിക്കാന്‍ വൈദ്യര് തീരുമാനിച്ചു. വീണ്ടും വ്രതമനുഷ്ഠിച്ചു, ഒപ്പം ഭാര്യയും!. ഇത്തവണ പാരമ്പര്യം കാക്കാന്‍, വൈദ്യരാകാന്‍, ഏറ്റവുമിളയൊരു സന്തതി! അതുമതി! ധാരാളമായി. എല്ലാമീശ്വരന്റെ കൃപ!
കോടതിമുറിയില്‍ എന്റെ അധരങ്ങള്‍ വാക്കുകള്‍ക്കായി ദാഹിച്ചു. ഞാനും വിക്കനായി… ഗൌണും ധരിച്ച് യുവറോണറി ലാരംഭിച്ച് ഒരു വാചകം പോലും പറയാനുള്ള ധൈര്യമെനിക്കില്ലായിരുന്നു. കേസുവിളിക്കുന്നതു കേള്‍ക്കാതെ പോയാലോ? വിളിച്ച നേരത്ത് പ്രതി കൂട്ടില്‍ കയറിനിന്നില്ലെങ്കില്‍? ജാമ്യക്കാരുടെ കരമടച്ച രശീതി കഴിഞ്ഞ കൊല്ലത്തെയായാലോ? ജാമ്യം കിട്ടാതെവരുമോ? ഷര്‍ട്ടും, മീതെ കോട്ടും അതിനുമീതെ ഗൌണും കഴുത്തില്‍ ബാന്റും കെട്ടിത്തൂക്കിയ, വക്കീലിന്റെ യൂണിഫോമിനുള്ളില്‍ ഇരുന്നെന്റെ ശരീരം വിയര്‍ത്തു. അതിനുള്ളിലെ എന്റെ ഹൃദയത്തിന്റെ മിടിപ്പുകൂടുന്നതുപോലുമറിയാവുന്ന, കോടതിമുറിയിലെ നിശബ്ദതയില്‍ നിന്നുമെഴുന്നേറ്റോടിപ്പോയില്ലെങ്കില്‍, എനിക്ക് ഭ്രാന്തു പിടിക്കുമെന്നുറപ്പായതോടെ, ഞാന്‍ ഡ്രാഫ്റ്റ്സ്മാനായി ഒതുങ്ങി, വക്കീലാപ്പീസില്‍ തങ്ങി. പാന്റ്സും കോട്ടും ഗൌണും വേണ്ട, മുണ്ടുടുത്താലും മതി! വേഷം കെട്ടലുകളെനിക്കു പറ്റിയതല്ലെന്നെനിക്കറിയാം. ഞാനങ്ങനെയല്ല ജീവിച്ചു പോന്നത്. നേരെ വാ നേരേ പോ! അതാണെന്റെ രീതി.

എല്ലാ സഹോദരന്‍മാരും എനിക്കു കാശു തരും
ഷാപ്പിലിരുന്ന് കഥപറഞ്ഞും ലക്ഷ്യമില്ലാതെ അലഞ്ഞും ജീവിച്ചതിനിടെ ഒരുപാടൊരുപാട് മനുഷ്യജന്മങ്ങളിലൂടെ കടന്നുപോകാനെനിക്കു പറ്റി. എഴുത്തുകാരനാകാനുള്ള പൂതി ഓര്‍മ്മവെച്ചനാള്‍ മുതല്‍ മനസ്സില്‍ താലോലിച്ചതിനാല്‍, എല്ലാവരേയും, എന്നെത്തന്നെ, കഥാപാത്രങ്ങളായി കാണാനെനിക്ക് പറ്റുമായിരുന്നു. അതെനിക്കിഷ്ടവുമായിരുന്നു. കഥയെഴുത്തുകാരനാകാനാഗ്രഹിച്ച് ഒടുവില്‍ ഞാന്‍ അന്യായമെഴുത്തുകാരനായി മാറി. ഉപജീവനം കണ്ടെത്താന്‍, രാപ്പകലെഴുത്തു നടത്തുന്ന കഥാപാത്രമാണ് ഞാനെന്നു സ്വയം കണ്ടാസ്വദിച്ചു. ശരീരവും മനസ്സും തമ്മിലന്തരം സൂക്ഷിക്കാനെനിക്കറിയാമായിരുന്നു.
കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി അന്യായങ്ങളും പത്രികകളുമെഴുതി. കൂര്‍ത്ത മുനയുള്ള ബുദ്ധി കൊണ്ട്, ആടിനെ പട്ടിയാക്കാനെനിക്കറിയാമായിരുന്നു. എന്നിട്ടും നിറയാത്ത കീശയും ശൂന്യമായ മനസ്സും വിശക്കുന്ന വയറുമായി വീടെത്തേണ്ട ഗതികേടു മറക്കാന്‍, രാഗം തിയ്യറ്ററിനു മുന്‍പില്‍ അപശകുനം പോലെ പൊരുതിനിന്ന പോളീടെ പെട്ടിക്കടയിലെ, ഒരേ ഛായയുള്ള ഏതെങ്കിലുമൊരു ‘സഹോദരനോടു’ കടം വാങ്ങും. ആ കാശു കൊടുത്ത് ‘എലൈറ്റില്‍’ കയറി കുടിച്ച്, റ്റൊരു പോളി സഹോദരനോടു വീണ്ടും കടം വാങ്ങി, ഓട്ടോറിക്ഷയില്‍ കയറി ലക്കുകെട്ട് വീട്ടിലേക്കു പോരും. യാത്രക്കിടെ ഞാന്‍ ഓട്ടോക്കാരനുമായെന്റെ സൌഹൃദമാരംഭിക്കും. അവനുമൊത്ത് തിരൂര്‍ ബാറിലിരുന്ന് കഥപറയും.
മാനേജര്‍ ജൈസന്‍ മൂക്കില്‍ തുളച്ചു കയറുന്ന മദ്യഗന്ധത്തിനെ പുറത്തുകളയാനെപ്പഴും, മൂക്കിലൂടെ ശ്വാസം പുറത്തുതള്ളി. മൂക്കുതിരുമ്മി ചുവപ്പിച്ചടുത്തുവന്നിരുന്ന് ചെവിയിലോര്‍മ്മിപ്പിക്കും.
‘വക്കീലേ എനിക്കുറങ്ങേണ്ടേ?’
‘സോറി’. അവിടെനിന്നിറങ്ങുമ്പോള്‍ ബില്ലുതീര്‍ത്തതിന്റെ ബാക്കി പറ്റും പറഞ്ഞ്, അരക്കുപ്പികൂടി കടം വാങ്ങി, അരയില്‍ത്തിരുകാന്‍ ഞാന്‍ മറക്കാറില്ല. വീട്ടിലെത്തി ബെല്ലടിച്ചുണര്‍ത്തിയ രാജിയോട് ‘കാശ് കൊട്!’ എന്നു മാത്രം പറഞ്ഞ് വരാന്തയില്‍ കിടന്നുറങ്ങിപ്പോയാലും, കുപ്പിയെന്റെ തലക്കല്‍, കയ്യകലത്തില്‍ കാവലിരുന്നു. പുറത്ത് ഓട്ടോക്കാരനും… ഞാന്‍ കൊടുക്കാതെയവളുടെ കയ്യില്‍, ഓട്ടോക്കാരന് കൊടുക്കാനുള്ള കാശുണ്ടാകുന്നതെങ്ങനെ എന്നാലോചിക്കാനുള്ള ബോധമെനിക്കില്ലായിരുന്നു. ഇടക്ക് വണ്ടിനിറുത്തിയതും കുടിച്ചതും പറഞ്ഞതും ചെയ്തതും ഒന്നുമൊന്നും എനിക്കോര്‍മ്മയില്ല….സത്യം!
പിറ്റേന്ന് രാത്രി ജൈസന്‍ പലതുമോര്‍മ്മിപ്പിക്കും. മദര്‍ തെരേസയും രാജീവ്ഗാന്ധിയും മരിച്ച സംഭവം മാസങ്ങള്‍ക്കുശേഷമാണ് ഞാനറിഞ്ഞത്. തലച്ചോറില്‍ രജിസ്റര്‍ ചെയ്യപ്പെടാതെ പോയ എത്രയെത്ര സംഭവങ്ങള്‍? മദ്യപന്റെ ജീവിതത്തില്‍ അവയുടെ പങ്കെന്താണെന്നറിയിക്കാന്‍ ആരാണവനെ സഹായിക്കുക?

Kutiyante Kumbasaaram, Punarjani, Thrissur

പുനര്‍ജനി

 ആണാവാനുള്ള മാര്‍ഗ്ഗം
‘ഭാര്യയുടെ വാക്കുകേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ആണല്ല!’ മദ്യപന്റെ വിശ്വാസപ്രമാണങ്ങളിലൊന്നാമത്തേതതാണ്! പാതിരാത്രിയില്‍ ഓട്ടോക്കൂലി കൊടുക്കുവാനില്ലാത്ത കുടിയന്റെ ഭാര്യക്ക്, കടക്കാരനായ ഓട്ടോറിക്ഷക്കാരനില്‍ നിന്ന് സുരക്ഷ നല്‍കാനെന്റെ വീട്ടിലാകെയിനി അഞ്ചുവയസ്സുകാരന്‍ മകന്‍ മാത്രമാണുള്ളത്. എന്നിട്ടും…. , ജിയോന്‍ മൂന്നുതവണ മാറ്റി കൊണ്ടുവന്ന് വിരിച്ച മാര്‍ബിളിന്റെ തണുപ്പില്‍, വരാന്തയില്‍ ഞാന്‍ സകലതും മറന്നുറങ്ങി. പിറ്റേന്ന് രാവിലെ അവളുടെ കറുത്ത മുഖം കണ്ടുണരുമ്പോള്‍ ഞാനെന്റെ കിടപ്പുമുറിയിലെ കട്ടിലിലായിരുന്നു. കിടക്കയിലൊരു ചുളിവുപോലുമില്ലായിരുന്നു. അവളൊന്നും മറക്കില്ല! പറഞ്ഞുകേട്ടവര്‍ക്കും കണ്ടുനിന്നവര്‍ക്കും മറക്കാം, അനുഭവിച്ചവര്‍ക്കതിനാകില്ല!
മദ്യപാനി മാപ്പര്‍ഹിക്കുന്നില്ല! അവനേല്‍പ്പിച്ച പീഡനങ്ങള്‍ക്ക് പകരം നല്‍കാന്‍ മരണമല്ലാതെ മറ്റെന്തുണ്ട്? ആത്മഹത്യയും ആത്മബലിയും തമ്മില്‍ വ്യത്യാസമുണ്ടോ? എങ്ങനെയവനതിന് കഴിയും? ഏതാണ് ശരി? എതാണ് തെറ്റ്? അറിയില്ല! പൊരുളുകള്‍ തേടിയുള്ള അലച്ചിലൊടുങ്ങാറായിരിക്കുന്നു.
പുനര്‍ജനിയിലൂടെ മാത്രമാണെനിക്കെന്റെ മനുഷ്യത്വം വീണ്ടെടുക്കാനാവുക.പക്ഷേ…. എങ്ങനെ? ആരെന്നെ സഹായിക്കും? ഇതുവരെയുള്ള എന്റെ ജീവിതരേഖ, ഒരു മഷിത്തണ്ടുകൊണ്ട് ആരെങ്കിലുമൊന്ന് മായിച്ചുതന്നെങ്കില്‍!
എങ്കില്‍ ഞാനതു പുതുക്കിവരയ്ക്കും. വിറയ്ക്കാത്ത കൈകള്‍കൊണ്ടൊരു നേര്‍രേഖ! എനിക്ക് ഫീനിക്സായി പറന്നുയരണമെന്നുണ്ട്. പക്ഷേ, അതിനു മുമ്പ് ചാരായക്കിടക്കയില്‍ കിടന്നു ഞാന്‍ ചാരമായി തീരണമായിരിക്കും!
ദൈവത്തിന്റെ പുത്രന്‍! കുരിശിലേറി, മൂന്നാം നാളുയര്‍ത്തെഴുന്നേറ്റ് പിതാവിന്റെയടുക്കലേക്ക് പോയവന്‍. അവനെന്നെ പുന:രുത്ഥാനം ചെയ്യുമെന്ന് മാര്‍ഗ്ഗം കൂടിയ ഉപദേശിയെനിക്ക് വചനം നോക്കി പറഞ്ഞുതന്നു. ഞാനവരെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനെന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവര്‍ സംഘമായി വന്നു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പ്രഘോഷണത്തോടെ പ്രാര്‍ത്ഥിച്ചു.
ദൈവമേ ഈ രാത്രിക്കാലം നീയീ മകനെ തൊടേണമേ! നിന്റെയാണിപ്പാടുകളുള്ള കരങ്ങളിലെ വിരലുകള്‍ നീട്ടി, നീയിവനെ തൊട്ടനുഗ്രഹിക്കേണമേ! ഇവന്റെ മദ്യപാനത്തില്‍ നിന്നും നീയീ പാപിയെ വിടുവിക്കേണമേ….!
അവര്‍ കൈകൊട്ടിപ്പാടുന്നതിനിടയില്‍, ഇടയ്ക്കിടെ ഞാനെന്റെ മുറിയില്‍ കയറി, ഒരു കവിള്‍ വീതം മോന്തി. മുഖം തുടച്ച് തിരിച്ചു വരുന്നതിന്റെ പൊരുളാരുമറിഞ്ഞില്ല. എനിക്കതൊരു തമാശയായിരുന്നു. വിഡ്ഢികള്‍! ദൈവരാജ്യത്തിനവകാശിയാകാന്‍ യോഗ്യതയില്ലാത്തവനെ അവരെങ്ങനെയകത്തു പ്രവേശിപ്പിക്കും? ചിരിക്കാതിരിക്കുന്നതെങ്ങനെ! ഞാന്‍ മനസ്സില്‍പാടി, ‘കപ്പ മൂക്കുമ്പോള്‍ നമുക്ക് യോഗം കൂടണം! ഉപ്പുമത്തി ചുട്ടുകൂട്ടി കപ്പ തിന്നണം….’ എന്നിട്ടുമൊരുറക്കം കഴിഞ്ഞുണരുന്നേരം ഞാന്‍ പ്രത്യാശയോടെയിരുട്ടിലേക്ക് നോക്കി കാത്തുകിടന്നു. അദൃശ്യമായ വിശുദ്ധ കരങ്ങളിലെ വിരലുകള്‍ കൊണ്ട്, എന്റെ മനസ്സിലോ ശരീരത്തിലോ ആരെങ്കിലും തൊട്ടോ? ആരുമെന്നെ തൊട്ടില്ല! മാറ്റൊലികള്‍ മാത്രമായ പ്രാര്‍ത്ഥനകളെ ഞാന്‍ വെറുത്തു…

അത് പലിശക്കാരനായിരുന്നു
ശരീരമുറങ്ങിയാലും മനസ്സ് സ്പര്‍ശത്താലുണരും! തുടയിലാരോ കൈമലര്‍ത്തി അടിച്ച വേദനയാലാണ് ഒരിക്കല്‍ ഞാനുണര്‍ന്നത്. ദൈവത്തിന്റെ വിരല്‍സ്പര്‍ശത്തിന് വേദനയുണ്ടാകില്ല! തൂവല്‍ സ്പര്‍ശം പോലെയത് ശരീരത്തില്‍ കുളിരുകോരും. പക്ഷെ അഞ്ചുവിരലും ചേര്‍ത്ത്, തുടയിലടിച്ചാല്‍ ആര്‍ക്കും വേദനിക്കും. ആഞ്ഞടിക്കുകയാണെങ്കിലോ? ഞാന്‍ ഞെട്ടിയുണര്‍ന്നു. വേദനിപ്പിച്ചവനോടെതിര്‍ക്കാന്‍ ഏതു ജന്തുവിന്റെയും ശരീരമുണരും, രക്തസംക്രമണത്തിന്റെ വേഗതയേറും, ഹൃദയമിടിപ്പുകളുടെ എണ്ണം കൂടും, രോമങ്ങളെഴുന്നു നില്‍ക്കും, മുഖം ചുവക്കും. പ്രകൃതിയൊരുക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍. മനുഷ്യനിലുമവന്റെ മനസു പോലുമറിയാതെയത് സംഭവിക്കും. സൈക്കോളജിക്കല്‍ ഇന്‍സ്റിങ്ക്ട് !
പക്ഷേ അത് പലിശക്കാരനായിരുന്നു! ഷൈലോക്ക്! ബ്ലേഡ്! ചോരയിറ്റിക്കാതെ കരളു മുറിച്ചെടുക്കുന്നവന്‍!
ഫണം വിടര്‍ത്തിയുണര്‍ന്ന എല്ലാ ചോദനകളെയും, ഒറ്റ നിമിഷംകൊണ്ട്, തലയില്‍ തലോടി അനുനയിപ്പിച്ച്, ഞാനെന്റെ മനസ്സിന്റെ കൂടയിലാക്കി. എന്നിട്ട് വിനയപൂര്‍വ്വം പറഞ്ഞു.
‘സോറി, നാളെത്തരാം. ഇന്നൊന്നാന്തിയാണെന്ന കാര്യം മറന്നു!’. ഞാനവന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ യോഗ്യനാണ്. തലകുനിക്കാനിഷ്ടമില്ലാതിരുന്നവന്റെ ശിരസ്സില്‍ തിരിക്കല്ലു വെച്ചുകെട്ടിയവരാരും തിരിഞ്ഞുനോക്കില്ല. അവനെന്റെ ദൈവമാണ്! സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സര്‍പ്പം! അവനെ വണങ്ങാതിരിക്കാനെനിക്കാവില്ല!!
അപ്പനെന്റെ വിരലില്‍ പിടിച്ച് മുന്നില്‍ നടന്നു. തീയും വിറകും കത്തിയുമപ്പന്റെ പക്കലുണ്ടായിരുന്നു. ‘ബലിക്കായുള്ള മൃഗമെവിടെ?’ യെന്നപ്പനോടു ചോദിക്കാനെനിക്ക് ഭയമായിരുന്നു. ‘അതു നീ തന്നെ’യെന്ന് അപ്പനെന്നോടു പറയുമെന്നെനിക്കറിയാം.
ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും. ദൈവം കരുണയാണ്. ദൈവം സ്നേഹമാണ്. അതില്‍ കൂടുതലോ കുറവോ ആയ ഒന്നും ദൈവമേയല്ലെന്നെനിക്കറിയാം. ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തില്‍ വിശ്വസിച്ചിട്ടില്ല! ഒടുവില്‍ അനുഭവിച്ചറിയുകയായിരുന്നു…ഇതെന്റെ നിയോഗം. ഞാന്‍ അബ്രഹാമിനേക്കാള്‍ മഹത്വമുള്ളവന്‍. എന്റെ മകനെ ബലിയാടാക്കാന്‍ ഞാനൊരുക്കമല്ല! പകരം ഞാനെന്നെ ബലിയായര്‍പ്പിക്കാം. എന്റെ മകനെ ബലിയായി ആവശ്യപ്പെടുന്ന ദൈവത്തില്‍ ഞാന്‍ വിശ്വസിക്കില്ല! എവിടെയോ ആരംഭിച്ചെവിടെയോ ചെന്നവസാനിക്കുന്ന യാത്രയില്‍ വിളക്കും പാഥേയവും മാത്രമല്ല, വെളിവും നഷ്ടമായവന്റെ ശിഥിലസ്മരണകളിലൂടെയൊരു ദേശാടനം. അതുമാത്രമാണിത്.

രണ്ടാം ഭാഗം അടുത്ത ആഴ്ച

പുസ്തകം ഓണ്‍ലൈനായി ലഭിക്കാന്‍:
http://www.dcbookshop.net/books/kutiyante-kumbasaaram-oru-madhyaasaktharogiyute-aathmakatha


പുനര്‍ജനിയുടെ വിലാസം:
PUNARJANI
Charitable Trust for De-Addiction & Rehabilitation
Phone: 0487 2208304
(Dr. Johns K Mangalam Ph.D, LLB.)
Mobile: 9747201015
Email : punarjanipoomala@yahoo.com
Web : www.punarjani.org

Sunday, October 9, 2011

തലവേദന മാറാന്‍ ചായ കുടിക്കുന്നത് നല്ലതാണ്..........


തലവേദന മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. തലവേദന വന്നയുടനെ ഗുളികയെടുത്തു വിഴുങ്ങുന്നവരുണ്ട്. ഇതൊരു നല്ല പ്രവണതയല്ല. എപ്പോഴും മരുന്നു കഴിച്ചാല്‍ പിന്നീടിത് ഒരു ശീലമായി മാറും. തലവേദന മാറാനായി വീട്ടില്‍ത്തന്നെ ചെയ്യാവുന്ന നിരവധി പൊടിക്കൈകളുണ്ട്.

തലവേദനയുളളപ്പോള്‍ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് തലവേദന മാറാന്‍ നല്ലതാണ്. ചായ കുടിക്കുന്നത് തലച്ചോറിലെ സെല്ലുകള്‍ക്ക് പുതുജീവന്‍ നല്‍കും. ചായയുണ്ടാക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ഇഞ്ചിയും ഏലക്കായയും ഗ്രാമ്പൂവും ഇട്ടാല്‍ അത് മസാലച്ചായയായി. ഈ മസാലകള്‍ തലവേദന മാറ്റുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. ചായ കുടിക്കുന്നത് ഒരു ശീലമാക്കി മാററിയാല്‍ സമയാസമയത്ത് അതു കിട്ടാതെ വന്നാല്‍ തലവേദന വരുന്നവരുമുണ്ട്. ഇവിടെ ചായകുടി തലവേദനക്കുളള ഒരു പരിഹാരമല്ലാ, ഒരു ചീത്തശീലമാണെന്ന് ഓര്‍ക്കുക. ഈ ശീലം വന്നാല്‍ പിന്നെ ഇതില്‍ നിന്നു പിന്‍തിരിയുക പ്രയാസമാകും.

പിരിമുറുക്കം കാരണമോ ജോലിക്കൂടുതല്‍ കാരണമോ തലവേദന വരാറുണ്ട്. ചെറുചൂടുള്ള എണ്ണയോ വെളിച്ചെണ്ണയോ തലയില്‍ മസാജ് ചെയ്യുന്നതാണ് ഇത് മാറാനുളള ഉത്തമമാര്‍ഗം. തലയിലും നെറ്റിയിലും ചില പ്രത്യേക പ്രഷര്‍പോയന്റുകളുണ്ട്. ഇവയില്‍ മൃദുവായി മസാജ് ചെയ്യുന്നത് പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കും. തലവേദനയില്‍ നിന്ന് മോചനം നല്‍കുന്നതിന് മാത്രമല്ലാ, മുടി വളരുന്നതിനും ഈ മസാജ് സഹായിക്കും.

മദ്യപാനം കാരണം തലവേദന വരുന്നവരുണ്ട്. മദ്യം ശരീരത്തിലെ ജലാംശം വലിച്ചടുക്കുകയാണ് ചെയ്യുന്നത്. ഇതു മാറാനായി ധാരാളം വെളളം കുടിക്കുക. ചെറുചൂടുള്ള നാരങ്ങാവെളളത്തില്‍ ഉപ്പും പഞ്ചസാരയും തുല്യഅളവില്‍ ചേര്‍ത്ത് കുടിക്കുന്നത് ഇത്തരം തലവേദനക്ക് നല്ലതാണ്.

Thanks Saritha

Monday, December 13, 2010

ഈ മാതാപിതാക്കളെന്താ ഇങ്ങനെ ??

Parenting
[ മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌.] ]]]] ]] ]] ]

അന്നത്തെ വെയിലിന്‌ ചൂടുണ്ടായിരുന്നില്ല. എന്റെ മേലുദ്യോഗസ്ഥ മുഖവുരയൊന്നും കൂടാതെയാണ്‌ ആ സഹായം തേടിയത്‌

``എന്റെ മൊബൈലില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മെസ്സേജസ്‌ വരുന്നു. ആളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?''

സൈബര്‍ സെല്ലില്‍ എനിക്കൊരു മിത്രവുമുണ്ട്‌. അയാളുടെ തുണ തേടാം. എന്നാലും കാള പെറ്റെന്ന്‌ കേട്ട മാത്രയില്‍ കയറെടുക്കരുതല്ലോ.

``മാഡം അയാളെ തിരിച്ചെങ്ങാനും വിളിച്ചിട്ടുണ്ടോ?'' ഞാന്‍ ആരാഞ്ഞു.
``ഏയ്‌... ഇല്ല, ഇങ്ങനെ വൃത്തികെട്ട കാര്യങ്ങളൊക്കെ തട്ടിവിടുന്നവന്മാരെ എന്തിന്‌ വിളിക്കണം?''. ആ ഉദ്യോഗസ്ഥയുടെ മുഖത്ത്‌ കനല്‍ കത്തുന്നുണ്ടായിരുന്നു. അപ്പോഴും വെയിലിന്‌ ജ്വരലക്ഷണമില്ലായിരുന്നു.

Parenting
``മാഡം, ആ ഫോണ്‍ ഇങ്ങു തന്നേ, ഞാനൊന്ന്‌ വിളിച്ചു നോക്കാം. ആദ്യമൊന്ന്‌ വിരട്ടിനോക്കാം''

ഞാന്‍ ഫോണെടുത്തു നമ്പര്‍ ഡയല്‍ ചെയ്‌തു. റിംഗ്‌ ചെയ്യുന്നുണ്ട്‌. എന്റെ ആകാംക്ഷ നുരച്ചുപൊന്തി. ആരായിരിക്കും അവന്‍?

ഫോണ്‍ കണക്‌ടഡ്‌ ആയി. തെല്ലിടനേരം മൂകത. പെട്ടെന്നൊരു ശബ്‌ദം. ഞാന്‍ ശരിക്കും അന്ധാളിച്ചു. ഒരു നാരീ ശബ്‌ദം!
``ഹലോ!''
ലോലമായ, ഹൃദ്യമായ നാദം. എനിക്ക്‌ നമ്പര്‍ തെറ്റിയോ?
``ഹലോ, നിങ്ങള്‍ ആരാണ്‌? എന്റെ മൊബൈലില്‍ സ്ഥിരമായി മെസ്സേജുകള്‍ അയയ്‌ക്കുന്നു.''
മറുപടി ഝടുതിയിലെത്തി ``ഇത്‌ മീരയുടെ ഫോണല്ലേ? ഞാന്‍ സ്വപ്‌നയാണ്‌.... ''

ആ പെണ്‍കുട്ടി പിന്നെന്തൊക്കെയോ പറഞ്ഞു. ഞാനൊന്നും കേട്ടില്ല. എന്റെ ചിത്തം എന്നോട്‌ മന്ത്രിച്ചത്‌ ഞാനുച്ചത്തില്‍ ചോദിച്ചു. ``മാഡം, മാഡത്തിന്റെ മോളുടെ പേരെന്താണ്‌? മീരയെന്നാണോ?''
``അതെ, എന്താ?''
``പേടിക്കണ്ട... ഇത്‌ ഏതോ കൂട്ടുകാരി അയച്ച മെസ്സേജാണ്‌.'' ആ നിമിഷം വെയിലിന്‌ ചൂടുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ തിരികെ ഏല്‍പിച്ചു.

ആ അമ്മയുടെ മുഖം അപമാനത്താല്‍ കുനിയുന്നത്‌ ഞാന്‍ കണ്ടു. ഈ കുട്ടികള്‍ ഇത്തരം മെസ്സേജുകളാണോ അയച്ചു കളിക്കുന്നതെന്ന്‌ അവര്‍ ചോദിക്കുന്നത്‌ കേട്ടു.

ഇന്ന്‌ മുതിര്‍ന്നവര്‍ പലപ്പോഴും ഇത്തരത്തില്‍ ചോദ്യമെറിയാറുണ്ട്‌.
ഈ കുട്ടികളെന്താ ഇങ്ങനെ?
ഞാനൊന്ന്‌ തിരിച്ചു ചോദിക്കട്ടെ... ഈ മാതാപിതാക്കളെന്താ ഇങ്ങനെ?
നെറ്റി ചുളിക്കരുത്‌. കാര്യമുണ്ട്‌.

എന്റെ സഹപാഠിയായിരുന്ന സുരേന്ദ്രന്‍ ഒരു ബാര്‍ അറ്റാച്ച്‌ഡ്‌ ഹോട്ടലിലെ മാനേജരാണിന്ന്‌. നഗരത്തിലെ ഈ ബാറിന്‌ സമീപത്തുള്ള ആശുപത്രിയില്‍ അച്ഛനെ ശസ്‌ത്രക്രിയയ്‌ക്ക്‌ പ്രവേശിപ്പിച്ചപ്പോള്‍ വീട്ടിലെ ഏകസന്താനമായ എന്നെ സഹായിക്കുവാന്‍ സുരേന്ദ്രന്‍ ഓടിയെത്തുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞാന്‍ ഹോട്ടലിലെത്തി. സുരേന്ദ്രന്‍ രാത്രിയില്‍ അച്ഛനോടൊപ്പം കൂട്ടിരിക്കുമോയെന്നറിയുവാന്‍. എനിക്ക്‌ വീട്ടിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. റിസപ്‌ഷനില്‍ നിന്ന്‌ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ ബാറിനകത്തെത്തി. അന്നത്തെ കണക്കെല്ലാം നോക്കുന്ന തിരക്കിലായിരുന്നു സുരേന്ദ്രന്‍. ഞാന്‍ ബാറിനകം കണ്ണുകളാല്‍ ഒപ്പിയെടുത്തു.
Parenting

ഒരു ദൃശ്യം!
രണ്ടുപേര്‍ കുമിളകള്‍ ഇമവെട്ടുന്ന ഗ്ലാസ്സുകള്‍ക്ക്‌ മുമ്പില്‍. അവര്‍ക്കരികില്‍ ഒരു ആണ്‍കുട്ടി. അഞ്ചോ, ആറോ വയസ്സു കാണും. സുഹൃത്തുക്കളിലൊരാള്‍ ഇടയ്‌ക്കിടെ നിലക്കടല നിറച്ച പ്ലേറ്റിലെ കരണ്ടിയെടുത്ത്‌ അല്‍പം മദ്യം അതിലേക്കൊഴിച്ച്‌ ആ കുട്ടിക്ക്‌ നുണയാനായി നല്‍കുന്നു. ഞാന്‍ സുരേന്ദ്രനോട്‌ ഈ സംഭവത്തേപ്പറ്റി സൂചിപ്പിച്ചു.
" അയാളുടെ അച്ഛന്‍ ആശുപത്രിയിലാണ്‌. ചില ദിവസങ്ങളില്‍ ബാറില്‍ വരും. അപ്പോഴെല്ലാം ഈ മോനും കാണും.''

വളര്‍ത്തലിന്റെ ന്യൂനതകളാണ്‌ മൂല്യത്തകര്‍ച്ചയുടെ കാരണം. നമ്മുടെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതിനു ശേഷം പ്രതിരോധത്തിന്‌ മുതിര്‍ന്നിട്ട്‌ കാര്യമില്ല. മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌. കമ്പ്യൂട്ടര്‍ മകന്റെ പഠനമുറിയില്‍ സൂക്ഷിക്കാതെ എല്ലാവരും കാണ്‍കെ സ്വീകരണമുറിയിലാണ്‌ വച്ചിരിക്കുന്നതെന്ന്‌ പറഞ്ഞ ഒരു പിതാവിനോട്‌ എനിക്ക്‌ ആദരവ്‌ തോന്നി.

പ്ലസ്‌ടു കഴിഞ്ഞ മകന്‌ ബൈക്ക്‌ വാങ്ങിക്കൊടുത്ത്‌ അവനെ വേഗതയുടെ തോഴനാക്കി മാറ്റുന്നതെന്തിന്‌? മകളുടെ കൈവശം പോക്കറ്റ്‌ മണി കൊടുത്തയച്ച്‌ അവളെ റെസ്റ്റോറന്റില്‍ സഖിമാരോടൊപ്പം പോകാന്‍ പ്രേരിപ്പിക്കുന്നതെന്തിന്‌?

മക്കളുടെ പാതകളില്‍ മാതാപിതാക്കള്‍ വഴുതലുണ്ടാക്കരുത്‌. ഇതൊരു അപ്രിയസത്യമായിരിക്കാം.
മൊബൈലില്ലാത്ത മക്കള്‍ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മ്മയെ ഉള്ളില്‍ ലാളിക്കട്ടെ. `ഐ മിസ്‌ യു' സന്ദേശങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത്‌ നമ്മുടെ മക്കളുടെ ചങ്ങാത്തം പറന്നുയരട്ടെ.

മൊബൈലും, ചാറ്റിംഗും ഒന്നുമില്ലാതിരുന്ന കാലത്താണല്ലോ റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌ എന്ന കവിയും ലൂയി അണ്ടര്‍മിയര്‍ എന്ന മിത്രവും തമ്മിലുള്ള അടുപ്പം അന്‍പത്‌ വര്‍ഷത്തിലേറെ പരന്നൊഴുകിയത്‌.

നമ്മുടെ മക്കള്‍ക്ക്‌ നല്ലതുമാത്രം നല്‍കാം... നല്ലതുമാത്രം.

By:ആന്റോ.എം

Monday, August 9, 2010

കല്യാണ തലേന്ന് സംഭവിക്കുന്നത്.......


Wedding Day
പണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര.


ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.

മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.

മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.

ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!


By: Rafi

Monday, July 26, 2010

മാറുന്ന മലയാളിയുടെ ശീലങ്ങള്‍


Malayalee
മലയാളിക്ക്‌ സുന്ദരമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്‌.മഹത്തായ ഒരു പാരമ്പര്യമുണ്ട്.ധന്യമായ ഒരു ചരിത്രമുണ്ട്.മലയാളിയെ ആള്‍കൂട്ടത്തില്‍ ശ്രദ്ധേയമാക്കുന്നതും അതാണ്‌.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഭൂമികയില്‍ നിന്നാണ് മലയാളിയുടെ സൃഷ്ട്ടിപ്പ്.ആധിപത്യ ശക്തികള്‍ക്ക്‌ ഏറെ ഇഷ്ട്ടപ്പെട്ട ഇടം മലയാളക്കരയാണന്നത് ഇവിടെ ഉണ്ടായിരുന്ന നന്മയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്.മലയാളിയുടെ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മലയാളി ശൂന്യമാണ്.നടത്തവും ഇരുത്തവും ചിന്തയും സംസാരവും മലയാളിയെ മാറ്റി നിര്‍ത്തുന്നു.പുതിയ ലോകത്തിലെ മാറ്റങ്ങളെ മലയാളിക്ക്‌ എങ്ങനെ നേരിടാനാകും,മാറ്റങ്ങള്‍ക്കൊപ്പം പോകണോ? അതോ മലയാളിത്തത്തിനൊപ്പമൊ?മാറ്റങ്ങളുടെ യന്ത്രങ്ങളില്‍ ചതഞ്ഞരഞ്ഞ മലയാളി എവിടെ നില്‍ക്കുന്നു?പഠനം കൂടുതല്‍ ചിന്തകള്‍ക്ക്‌ വകനല്‍കുന്നു. 



ശീലങ്ങളിലൂടെ മലയാളി വ്യത്യസ്തമാകുന്നത്

മലയാളി പ്രകൃതിയാണ്.അഥവാ പ്രകൃതിയുമായി വല്ലാതെ ഇണങ്ങി ജീവിക്കുന്നവനാണ്.പണ്ട് മരങ്ങള്‍ ഉണങ്ങുമ്പോള്‍ വാവിട്ടു കരയുന്ന മലയാളികള്‍ ഉണ്ടായിരുന്നെത്രേ.നെല്ലും വയലും ശരീരത്തിന്റെ ഭാഗമായിരുന്നു.പുഴയും കുളങ്ങളും മലയാളത്തിന്റെ ഭാവനാ ലോകത്തിനു നിറച്ചാര്‍ത്ത് പകര്‍ന്നിരുന്നു.നാടന്‍പാട്ടുകള്‍ സംവദിച്ചിരുന്നത് മനുഷ്യരോടായിരുന്നില്ല.പ്രകൃതിയോടായിരുന്നു.ഉദിക്കുന്ന സൂര്യനെയും അസ്തമിക്കുന്ന സൂര്യനെയും കണ്‍ നിറയെ കണ്ടു സന്തോഷിച്ച്ച മലയാളി ഉണ്ടായിരുന്നു. പ്രഭ ചൊരിയുന്ന ചന്ദ്രനെ നോക്കി പട്ടു പാടുന്നവനായിരുന്നു മലയാളി.

ഗ്രാമീണത മലയാളിയുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. മലയാളി ഒറ്റയാനായിരുന്നില്ല.ഓരോ മലയാളിയും എല്ലാ മലയാളിയുടെയും ഭാഗമായിരുന്നു.കരുണയും സ്നേഹവും ഐക്യവും ആര്‍ദ്രതയും ഇല്ലാത്ത ലോകം മലയാളിക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളി വിശ്വാസിയായിരുന്നു.വിശ്വാസങ്ങളെ ബഹുമാനിക്കുന്നവനായിരുന്നു.മതങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ ഇല്ലായിരുന്നു.ചിന്തയിലും സംസാരത്തിലും പെരുമാറ്റത്തിലും മലയാളിത്തം മുറ്റിനിന്നിരുന്നു.ഭക്ഷണത്തിനും ഉറക്കത്തിനു പോലും മലയാളിക്ക്‌ താളമുണ്ടായിരുന്നു.ഇതായിരുന്നു ലോകത്ത്‌ എവിടെയായാലും മലയാളിയെ മലയാളിയാക്കിയിരുന്നത്.

മാറ്റങ്ങള്‍

കുറഞ്ഞ കാലയളവ് കൊണ്ട് മലയാളി തെല്ലൊന്നുമല്ല മാറിയത്‌.മലയാളിക്ക്‌ കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കനാകുന്നില്ല.രണ്ടു വര്‍ഷത്തിനു മുമ്പുള്ള കേരളമല്‍ രണ്ടു വര്‍ഷത്തിനു ശേഷം. മാറ്റം ചെറുതൊന്നുമല്ല .മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങള്‍ .ഭക്ഷണത്തില്‍,വസ്ത്രധാരണത്തില്‍,സംസാരത്തില്‍ സ്വഭാവത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നു.മലയാളിയുടെ പുരയിടങ്ങളില്‍ പറമ്പുകളില്‍ ഇപ്പോള്‍ കപ്പയും കൊള്ളിക്കിഴങ്ങുമില്ല.പപ്പായയും പുളിമാരവുമില്ല.കഴിക്കുന്നത് മിക്കപ്പോഴും 'റെഡിമെയിഡ്' ഭക്ഷണങ്ങളാണ് .ടി വി യിലും പത്രങ്ങളിലും വരുന്ന ഭക്ഷണ പരസ്യങ്ങള്‍ തേടി മലയാളി അലയുന്നു. ടി 'ഷോ' കള്‍ കണ്ടു വസ്ത്രം അന്വേഷിക്കുന്നു.അയല്‍വാസിയോടും കൂട്ടുകാരോടും എന്തിനു പറയണം കുടുംബത്തോട് പോലും സംസാരിക്കാന്‍ മലയാളിക്ക്‌ നേരം കിട്ടുന്നില്ല.സ്നേഹവും സഹകരണവും എന്തെന്നറിയാത്ത വലിയ നഗരങ്ങളിലെ 'യന്ത്ര' മനുഷ്യരെ പോലെ അഹങ്കാരത്തിന്റെ മൂര്‍ത്തി രൂപമായി മാറുന്നു.യാത്രകളിലും ആഘോഷങ്ങളിലും നമ്മള്‍ പടിഞ്ഞാറുകാരെ പിന്തുടരുന്നു.

മലയാളി വിദ്യാസമ്പന്നന്‍

ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക്‌ മമ്മിയും ഡാടിയുമാണ്‌ ,അവര്‍ക്ക്‌ അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ ഫ്രണ്ടും.അവര്‍ക്ക്‌ ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ്‌ ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക്‌ അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ്‌ ശരാശരി മലയാളി വിദ്യാര്‍ഥി. എന്നാലും സര്‍വ സമ്പനാനാണ് മലയാളി.

കൂട് വിട്ടിറങ്ങിയ മലയാളികള്‍

മലയാളിയില്ലത്ത അന്യ രാജ്യങ്ങളില്ല .ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെതാണ്.അമേരിക്കയിലും ബ്രിട്ടനിലും,അയര്‍ലണ്ടിലും,ആസ്ട്രേലിയയിലും ഈജിപ്തിലും ഒത്തിരി മലയാളികളുണ്ട്.അവര്‍ ഇതര ശീലങ്ങള്‍ പഠിച്ചു മറ്റു മലയാളികളിലേക്ക് കൂടി സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.ആവശ്യത്തിലധികം പണം നേടുന്നവനാണ് കൂട് വിട്ട മലയാളി.അത്യാര്‍ത്തിയുടെ പര്യായമായി മാറിയിട്ടുണ്ട് .അവരുടെ മങ്കമാര്‍ സ്വതന്ത്രരാണ്.അവര്‍ അവരുടെ ലോകത്ത്‌ സ്വച്ഛന്തം വിഹരിക്കുന്നു.ചിലപ്പോള്‍ അവര്‍ മതില്‍ ചാടുന്നു.നിരാശരാകാതെ കൂട് വിട്ട മലയാളികള്‍ 'താല്‍കാലിക' ഭാര്യമാരെ തേടുന്നു.വലിയ ഷോപ്പിംഗ്‌ മാളുകള്‍ മലയാളി മങ്കമാരെ മാടി വിളിക്കുന്നു.കൂട് വിട്ട മലയാളികള്‍ പുതിയ ജീവിത രീതി പഠിക്കുന്നു.വലിയ വീടുകളും വാഹനങ്ങളും അവിഭാജ്യ ഘടകങ്ങളായി മാറി.മാറ്റങ്ങളെ വലിയ പെട്ടികളിലാക്കി വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ വഴിയും അവര്‍ കൊണ്ട് വരുന്നു.

ശീലങ്ങള്‍ മാറുന്നു

പണ്ടുള്ള മലയാളിയെ കുറിച്ചു ഇന്നത്തെ മലയാളിക്ക്‌ ചിന്തിക്കാന്‍ വയ്യ.യാഥാസ്ഥികര്‍,പൌരാണികര്‍..! ഇപ്പോള്‍ ശീലങ്ങള്‍ 'മിക്സെഡ്' ആയി മാറി.നല്ലത് ,ചീത്ത എന്നീ സംഞ്ഞകള്‍ ഇല്ല. അതൊക്കെ ഓരോ സമൂഹം ഉണ്ടാക്കുനതാണ്; എത്നോ സെന്ട്രിക് ആയ ഒരു വീക്ഷണം വേണമെന്ന് പുതു മലയാളി പറയുന്നു.അഥവാ ശീലങ്ങള്‍ ചുറ്റുപാടിനെ നോക്കി നിശ്ചയിക്കണം .ഇവിടെ അമേരിക്കയുടെ ദുശീലങ്ങള്‍ നല്ല ശീലങ്ങളായി മാറുന്നു.

മലയാളി ഓടുന്നവനല്ല കുതിക്കുന്നവനാണ്.ഇത് വിവര സാങ്കേതിക വിദ്യയുടെ കാലമാണ്.വിവര വിപ്ലവത്തിന്റെ കാലമാണ്.ലോക മാറ്റം എന്നാല്‍ ആഗോളീകരണം ,ഇവിടെ ഉപഭോഗം പ്രധാന കാര്യമാണ്.ഉപഭോഗ സംസ്കാരമാണ് മലയാളിയുടെത്.അഥവാ ഉപയോഗിക്കുക,വലിച്ചെറിയുക.വികസനം എന്നാല്‍ കൂടുതല്‍ ഉല്‍പ്പാദനം ,കൂടുതല്‍ ഉപഭോഗം,കൂടുതല്‍ മാലിന്യം ,വികസനങ്ങള്‍ക്ക് മുമ്പില്‍ പാവപ്പെട്ടവനും പണക്കാരനും അയല്‍വാസിയും പ്രകൃതിയും എല്ലാം തുല്യമാണ്.

മാറുന്ന മലയാളികള്‍ ബാക്കി വെച്ചത്‌ 
പ്രസിദ്ധനായ മലയാള കവി എന്‍ വി കൃഷ്ണവാര്യര്‍ ചോദിച്ചു'മലയാളിക്ക്‌ ഇനി വല്ലതുമുണ്ടോ ബാക്കി' എന്ന് .നമുക്ക്‌ പറയാം ഇല്ല ;മലയാളി കേവലം പൂജ്യമാണെന്നു.

വാഹനമില്ലാതെ നടക്കാന്‍ കഴിയാത്ത മലയാളി നന്നേ ചെറുപ്പത്തിലേ ഒത്തിരി രോഗങ്ങളുടെ പിടിയിലാണ്.നാലില്‍ മൂന്നു മലയാളിക്കും പ്രമേഹമുണ്ട്.പ്രഷറും ഗ്യാസ്‌ ട്രബിലും മലയാളിയുടെ കൂടെ പിറപ്പാണ്. നടക്കനരിയാത്ത മലയാളിയെ ഡോക്ടര്‍മാര്‍ നടത്തം പഠിപ്പിക്കുന്നു.മണ്ണിലും ചരലിലും ഇറങ്ങാന്‍ പേടിയുള്ള മലയാളില്‍ മുള്മുനയുള്ള ചെരുപ്പ് നല്‍കുന്നു.

മറ്റുള്ളവനെക്കാളും എങ്ങനെ വലിയവനാകം എന്നാണ് ചെറുപ്പം മുതലേ മലയാളി അന്വേഷിക്കുന്നത്. ഏത് വിദ്യ ഒപ്പിച്ചും പിടിച്ചടക്കാനായി വെമ്പല്‍ കൊള്ളുന്നു.അത്യാര്‍ത്തിയുടെ ആള്‍ രൂപമായി മലയാളി മാറി.മാനസ്സികമായി മലയാളിക്ക്‌ ഒട്ടും സമാധാനമില്ല .കരിയറിസം തലക്ക്‌ പിടിച്ച വിദ്യാര്‍ഥികൂട്ടങ്ങളാണ് മലയാളിയുടെത്.ലോക സംസ്കാരത്തിനൊപ്പം നീങ്ങുമ്പോള്‍ മലയാളിക്ക്‌ ഒന്നും ബാക്കിയില്ലാതെ വരുന്നു.മാനസ്സിക രോഗികള്‍ കൂടുന്നു.ഓരോ കുടുംബത്തിനും കൌന്‍സിലര്മാര്‍ വേണ്ടി വരുന്നു.കമ്മ്യുനിട്ടി വെല്‍ഫയര്‍ എവിടെയും വേണ്ടി വരുന്നു.ഹ്രദയം തകര്‍ന്നു മലയാളികള്‍ മരിക്കുന്നു,മരിക്കാത്തവരെ മറ്റുള്ളവര്‍ കൊല്ലുന്നു.കൊന്നില്ലെന്കില്‍ ആത്മഹത്യ ചെയ്ത്‌ സ്വയം ഒടുങ്ങുന്നു.മലയാളിക്ക്‌ തന്‍റേതായ ഒരു സംസ്കാരം അന്യമായി. കാരണം മറ്റുള്ളവരുടെ സംസ്കാരം പുല്‍കി.പാരമ്പര്യവും പൈതൃകവും ഒട്ടും വിലയില്ലാത്ത ചരക്കുകളായി.പകരം മദ്യപാനവും വിഷമദ്യ ദുരന്തവും എയിഡ്സ് പോലുള്ള മഹാ മാരികളും മലയാളികളുടെ സ്വന്തമായി.ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ എല്ലാം നന്നായി നടക്കുന്നു.പുതിയ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തി കൂടുതല്‍ രോഗികളെ ഉല്‍പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.HIVയുടെ കാര്യത്തിലും മദ്യപാനത്തിന്റെ കാര്യത്തിലും മോശമല്ലാത്ത വളര്‍ച്ച നാം നേടി.

വൃദ്ധ സദനങളും ഡേ കെയര്‍ സെന്ററുകളും സംസ്കാരത്തിന്റെ ഭാഗമായി മാറി.ഗുരു ശിഷ്യ,മാതൃ-പിതൃ -മക്കള്‍ ബന്ധം പാടെ തകര്‍ന്നു.,അയല്‍ വാസികളെയും കുടുംബത്തെയും കണ്ടില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞില്ലെങ്കിലും ഇന്റര്‍നെറ്റ്‌ വഴി വിദൂര ബന്ധങ്ങളില്‍ മലയാളി ഇടം കണ്ടെത്തി.നാടന്‍ പാട്ടുകളും നാട്ടു കലകളും അന്യമായി.പലരം ഫാഷന്‍ ഷോ കളും സിനിമാറ്റിക്‌ ഡാന്‍സുകളും റിയാലിറ്റി ഷോ കളും ആടിത്തിമിര്‍ത്തു.ക്യാമ്പസുകള്‍ എരിവുള്ള ചര്‍ച്ചാ വേദികള്‍ക്ക്‌ പകരം ഡേ കളുടെ വേദികളായി മാറി,ഫ്രണ്ട്ഷിപ്‌ ഡേ ,വലെന്റൈന്‍സ്‌ ഡേ ...അനങനെ പോകുന്നു ഡേ കള്‍ .സിലബസ്സുകല്‍ക്കകത്ത് വിദ്യാര്‍ത്ഥി ഞെരിഞ്ഞമര്‍ന്നു.,വിവാഹത്തിനും ലൈംഗികതക്കും പുതിയ നിര്‍വചനം നല്‍കി.

കഥകളും കവിതകളും നോവലുകളും സിനിമകളും പൂത്തുലഞ്ഞ പുഴക്കരകളും പ്രകൃതിയും ചരിത്രങ്ങളായി മാറി.എല്ലാം വികസനത്തിന് സമര്‍പ്പിച്ചു.നിലയും പെരിയാറും പമ്പയും വഴിമാറി ,നല്പ്പത്തിനാല് നദികളും മാലിന്യ ഓടകളായി മാറി.മലയാളി അസുരന്റെ അത്യാര്തിക്ക് മുമ്പില്‍ എല്ലാം തകര്‍ന്നടിഞ്ഞു.

കുടി വെള്ളം പോലും സൂക്ഷിക്കനാകാത്ത ദ്ര്ബലനായി മലയാളി പരിണമിച്ചു.മോഹങ്ങളുടെ ഇരുമ്പു ദണ്ട്കള്‍ കൊട് കുന്നും മലയും ഇടിച്ചു നിരത്തി.ആര്‍ത്തിയുടെയും നിരാശയുടെയും ശക്കൂനകള്‍ കൊണ്ട് വയലേലകള്‍ നിറച്ചു.ദുരഭിമാനത്തിന്റെ പ്രതീകങ്ങളായി പാട് കൂറ്റന്‍ ബില്ടിങ്ങുകള്‍ പൊങ്ങി.അറിയും,ഉറിയും ഉപ്പും തേടി വണ്ടി കയറേണ്ട അവസ്ഥ.

മലയാളത്തിന്റെ രാഷ്ട്രീയ വേദികള്‍ വിലകുറഞ്ഞ ചര്‍ച്ചകളുടെ വേദികളായി.അസൂയയുടെയും പകപോക്കലിന്റെയും അന്കാരത്തിന്റെയും പടി മുട്ടങ്ങളായി രാഷ്ട്രീയാലയങ്ങള്‍ മാറി.അഴിമതിയുടെ കറപറ്റാത്ത നേതാക്കള്‍ ഇല്ലാതെ പോയി.മാദ്യമങ്ങള്‍ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു.രാഷ്ട്രീയ ചെളി ഏറിയാല്‍ പത്രങ്ങള്‍ മുഖ്യ ധര്‍മമായി ഏറ്റെടുത്തു.

ഇവിടെ ലോകം മലയാളിയെ തേടുന്നു,മദ്യമില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളിയെ,പാരസ്പര്യം നഷ്ട്ടപ്പെടാത്ത മലയാളിയെ.

മലയാളിയെ മലയാളിയാക്കിയ ശീലങ്ങള്‍ തിരിച്ചു വന്നെങ്കില്‍ മലയാളിയെ കാണാം..!!

By: Rafi

Wednesday, January 20, 2010

മിസ്ഡ് കോള്‍ "അലര്‍ട്ട്"

Missed Call
അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ''സാറൊന്നുപദേശിക്കണം'' എന്ന അഭ്യര്‍ഥനയോടെയാണ് പിതാവ് അവളെ എന്റെ പക്കല്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്തുള്ള ഒരു ബിസിനസ്സുകാരനുമായി അവള്‍ കടുത്ത പ്രണയത്തിലാണ്. മൊബൈലില്‍ വന്ന ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ അടുപ്പമാണ്. വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകി.

ഒരുമാസത്തെ പരിചയം കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍ അടുത്തുകഴിഞ്ഞിരിക്കുന്നു.
ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന് തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.

മുറി അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള്‍ മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി. പിറ്റേദിവസം സ്‌കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള്‍ ഹിസ്റ്റീരിക് ആയി മാറി.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള വികാരപ്രകടനങ്ങള്‍ക്ക് സമാനമായിരുന്നു അവളുടെ ഭാവമെന്ന് ആ പിതാവ് ഓര്‍മിക്കുന്നു. രണ്ടുദിവസം കൊണ്ട് അത് മാറി.

വീട്ടുകാരും ബന്ധുക്കളും ഉപദേശിച്ചപ്പോള്‍ അവള്‍ നല്ല കുട്ടിയാകാമെന്ന് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി അവളെ ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, വൈകാതെ സ്‌കൂളില്‍ ബാത്ത്‌റൂമിലിരുന്ന് സ്ഥിരം മൊബൈലില്‍ സംസാരിച്ച അവളെ അധ്യാപികമാര്‍ പിടികൂടി. വീട്ടില്‍ മൊബൈല്‍ പിടിച്ചെടുത്തപ്പോള്‍ കാമുകന്‍ പുതിയൊരു സെറ്റ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒരു കൂട്ടുകാരിയാണ് മൊബൈല്‍ സൂക്ഷിച്ചിരുന്നത്. രാവിലെ സ്‌കൂളിലെത്തുമ്പോള്‍ അവള്‍ക്ക് കൈമാറും.

''ഇവള്‍ ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല, ഇതിനുതാഴെ ഒരു പെണ്‍കൊച്ചുകൂടിയുണ്ട്. നന്നായി സ്‌നേഹിച്ചും വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുമാണ് വളര്‍ത്തിയത്. ഒടുക്കം ഇങ്ങനെയായി....'' പിതാവ് കരയാന്‍ തുടങ്ങി. ഞാന്‍ അവളെ വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു. അവള്‍ പറഞ്ഞു: ''അങ്കിള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. ബിജുവേട്ടനെ മറക്കണമെന്നുമാത്രം പറയരുത്.''

പതിനെട്ട് വയസ്സ് തികയുന്ന ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അവന്‍ പറഞ്ഞിട്ടുണ്ട്: ''നീ പഠിക്കുകയൊന്നും വേണ്ട, പഠിച്ച് ജോലി മേടിച്ച് ശമ്പളം കൊണ്ടുവന്ന് കഴിയേണ്ട ഗതികേടൊന്നും എന്റെ വീട്ടിലില്ല....'' അതുകൊണ്ടുതന്നെ ഏറെ വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായ അവള്‍ ഇപ്പോള്‍ കാര്യമായി ഒന്നും പഠിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങും ഉപേക്ഷിച്ചു.

മൊബൈല്‍ ഫോണ്‍ നല്‍കുന്ന സ്വകാര്യതയും മുഖമില്ലാതെ സംസാരിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തില്‍ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നും മദ്യവും പോലെ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും അഡിക്ട് ആയ ഒരു സമൂഹം അതിവേഗം വളര്‍ന്നുവരുന്നുണ്ട്.

ഇതില്‍ കൗമാരക്കാരോ യുവതീയുവാക്കളോ മാത്രമല്ല മധ്യവയസ്‌കരും വാര്‍ധക്യം പ്രാപിച്ചവരുമൊക്കെ പെടുന്നുണ്ട്.
എന്നാല്‍, കൗമാരക്കാരിലാണ് ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് മൂലം ഇവര്‍ മൊബൈലിനെ വിശ്വസിക്കുന്നു. അതില്‍ പരിചയപ്പെടുന്നവര്‍ പറയുന്നതെല്ലാം സത്യമെന്ന് കരുതുന്നു. പ്രണയഭാവങ്ങള്‍ മനസ്സില്‍ പിടിമുറുക്കുന്ന പ്രായമായതിനാല്‍ അവര്‍ അതിവേഗം വഞ്ചിക്കപ്പെടുന്നു. സിനിമയും ദൃശ്യമാധ്യമങ്ങളും പകരുന്ന സങ്കല്പ ലോകത്തിലിരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടും.
Missed Call
മുതിര്‍ന്നവര്‍ക്ക് മൊബൈല്‍ സല്ലാപം ഒരു നേരംപോക്കായിരിക്കും. ഇരുകൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്. അത് ചിലപ്പോള്‍ വളര്‍ന്ന് വഴിവിട്ട ബന്ധങ്ങളില്‍ എത്തിപ്പെടാം. രണ്ടുകൂട്ടര്‍ക്കും പരാതിയില്ലാത്തിടത്തോളം കാലം അത് തുടര്‍ന്നു പോകും. പരസ്​പരം കലഹിക്കുമ്പോഴോ മൂന്നാമതൊരാള്‍ ഇതറിയുമ്പോഴോ അതൊരു പ്രശ്‌നമായെന്നുവരാം.

മറ്റുചിലപ്പോള്‍ മൊബൈലില്‍ പരിചയപ്പെടുന്നവര്‍ പിന്നീട് എവിടെയെങ്കിലും സംഗമിക്കുമ്പോള്‍ മൊബൈലില്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും ഈ രംഗങ്ങള്‍ പകര്‍ത്തപ്പെടുന്നു. പുരുഷനാകും ഇതിന് മുന്‍കൈയെടുക്കുക. മൊബൈലില്‍ പകര്‍ത്തിയത് പിന്നീട് സുഹൃത്തുകള്‍ വഴി ലോകമെമ്പാടും പകര്‍ന്നുകൊടുക്കുമ്പോഴാണ് ചതി പറ്റിയത് പെണ്‍കുട്ടി തിരിച്ചറിയുക. എന്നാല്‍, ഇതെല്ലാം സ്വന്തം കൈയിലിരിപ്പിന്റെ പ്രതിഫലമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താം.

കൗമാരക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യപ്പെടുന്നു. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാത്ത കുട്ടികളാണെങ്കില്‍ പെട്ടെന്ന് ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാം. ഇനി സ്‌നേഹിക്കുന്ന മാതാപിതാക്കളാണെങ്കിലും പ്രായത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി മക്കളെ ശ്രദ്ധിച്ചേതീരൂ.

പരസ്​പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കൗമാരത്തിലെ ആകര്‍ഷണമല്ല യഥാര്‍ഥ പ്രണയമെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം, അവരെ കാര്യമായി ശ്രദ്ധിക്കുവാന്‍ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെ? കമ്പ്യൂട്ടറില്‍ അവര്‍ പരതുന്ന സൈറ്റുകള്‍ ഏതൊക്കെ? എല്ലാറ്റിലുമുപരി മക്കളുടെ അധ്യാപകരുമായി അടുത്ത ബന്ധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ഏന്തെങ്കിലും സൂചിപ്പിക്കുമ്പോള്‍ ''ഹേയ്... എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല'' എന്നു പറഞ്ഞ് അവരെ കൊച്ചാക്കാന്‍ നോക്കാതെ അവര്‍ പറയുന്ന കാര്യത്തില്‍ ശ്രദ്ധവെക്കാന്‍ ശ്രമിക്കുക. ലാളിക്കുന്നതിനൊപ്പം ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കൂടി വിനിയോഗിക്കുക. അതൊരിക്കലും നശിപ്പിക്കുന്ന രീതിയിലാകരുതെന്നു മാത്രം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം കൗമാരക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക. മാതാപിതാക്കളുടെ പേരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്താല്‍ വിളിയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും. കാമുകന്‍ നല്‍കിയ സിംകാര്‍ഡ് മാറ്റിയിട്ട് മാതാപിതാക്കളെ കബളിപ്പിച്ച കുട്ടികളുണ്ട് എങ്കിലും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ് തന്നെ ഇവര്‍ക്ക് നേര്‍വഴി നടക്കാന്‍ പ്രചോദനമേകും.

ഇനി ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം: ഒരു വിധത്തിലും വഴങ്ങാത്ത പെണ്‍കുട്ടിയുടെ കാമുകനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആളെ കണ്ടെത്തി.

കോവളത്ത് ഒരു ഹോട്ടലില്‍ കാര്‍ഡ്രൈവറായി ജോലിനോക്കുന്ന 'കാമുകന് ' വയസ്സ് 36. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മിസ്ഡ് കോള്‍ ചൂണ്ടയിട്ടതാണ്. കൊത്തിയത് പാവം പെണ്‍കുട്ടിയും. ലാത്തികൊണ്ടുള്ള കുത്ത് കിട്ടിയപ്പോള്‍ അയാള്‍ കൈകൂപ്പി പറഞ്ഞു; വെറുതെ ടൈംപാസ്സിനായിരുന്നു തന്റെ പ്രേമമെന്ന്.

എന്തായാലും പെണ്‍കുട്ടിയെയും ഈ രംഗത്തിന് സാക്ഷിയാകാന്‍ കൊണ്ടുപോയിരുന്നു. അല്ലെങ്കില്‍, കാമുകന്‍ വ്യാജനായിരുന്നുവെന്ന് ഒരിക്കലും അവള്‍ വിശ്വസിക്കില്ല. അവളുടെ അച്ഛനും സഹായികളുമൊക്കെ വഞ്ചകരാണെന്നും അവള്‍ പറഞ്ഞേനെ. അവളുടെ കുഴപ്പമല്ലിത്. അവളുടെ പ്രായത്തിന്റെയും നമ്മുടെ കാലത്തിന്റെയും കുഴപ്പമാണ്.

By: ജിജോ സിറിയക്
Courtesy - Mathrubhumi