Showing posts with label kids. Show all posts
Showing posts with label kids. Show all posts

Monday, December 13, 2010

ഈ മാതാപിതാക്കളെന്താ ഇങ്ങനെ ??

Parenting
[ മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌.] ]]]] ]] ]] ]

അന്നത്തെ വെയിലിന്‌ ചൂടുണ്ടായിരുന്നില്ല. എന്റെ മേലുദ്യോഗസ്ഥ മുഖവുരയൊന്നും കൂടാതെയാണ്‌ ആ സഹായം തേടിയത്‌

``എന്റെ മൊബൈലില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മെസ്സേജസ്‌ വരുന്നു. ആളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?''

സൈബര്‍ സെല്ലില്‍ എനിക്കൊരു മിത്രവുമുണ്ട്‌. അയാളുടെ തുണ തേടാം. എന്നാലും കാള പെറ്റെന്ന്‌ കേട്ട മാത്രയില്‍ കയറെടുക്കരുതല്ലോ.

``മാഡം അയാളെ തിരിച്ചെങ്ങാനും വിളിച്ചിട്ടുണ്ടോ?'' ഞാന്‍ ആരാഞ്ഞു.
``ഏയ്‌... ഇല്ല, ഇങ്ങനെ വൃത്തികെട്ട കാര്യങ്ങളൊക്കെ തട്ടിവിടുന്നവന്മാരെ എന്തിന്‌ വിളിക്കണം?''. ആ ഉദ്യോഗസ്ഥയുടെ മുഖത്ത്‌ കനല്‍ കത്തുന്നുണ്ടായിരുന്നു. അപ്പോഴും വെയിലിന്‌ ജ്വരലക്ഷണമില്ലായിരുന്നു.

Parenting
``മാഡം, ആ ഫോണ്‍ ഇങ്ങു തന്നേ, ഞാനൊന്ന്‌ വിളിച്ചു നോക്കാം. ആദ്യമൊന്ന്‌ വിരട്ടിനോക്കാം''

ഞാന്‍ ഫോണെടുത്തു നമ്പര്‍ ഡയല്‍ ചെയ്‌തു. റിംഗ്‌ ചെയ്യുന്നുണ്ട്‌. എന്റെ ആകാംക്ഷ നുരച്ചുപൊന്തി. ആരായിരിക്കും അവന്‍?

ഫോണ്‍ കണക്‌ടഡ്‌ ആയി. തെല്ലിടനേരം മൂകത. പെട്ടെന്നൊരു ശബ്‌ദം. ഞാന്‍ ശരിക്കും അന്ധാളിച്ചു. ഒരു നാരീ ശബ്‌ദം!
``ഹലോ!''
ലോലമായ, ഹൃദ്യമായ നാദം. എനിക്ക്‌ നമ്പര്‍ തെറ്റിയോ?
``ഹലോ, നിങ്ങള്‍ ആരാണ്‌? എന്റെ മൊബൈലില്‍ സ്ഥിരമായി മെസ്സേജുകള്‍ അയയ്‌ക്കുന്നു.''
മറുപടി ഝടുതിയിലെത്തി ``ഇത്‌ മീരയുടെ ഫോണല്ലേ? ഞാന്‍ സ്വപ്‌നയാണ്‌.... ''

ആ പെണ്‍കുട്ടി പിന്നെന്തൊക്കെയോ പറഞ്ഞു. ഞാനൊന്നും കേട്ടില്ല. എന്റെ ചിത്തം എന്നോട്‌ മന്ത്രിച്ചത്‌ ഞാനുച്ചത്തില്‍ ചോദിച്ചു. ``മാഡം, മാഡത്തിന്റെ മോളുടെ പേരെന്താണ്‌? മീരയെന്നാണോ?''
``അതെ, എന്താ?''
``പേടിക്കണ്ട... ഇത്‌ ഏതോ കൂട്ടുകാരി അയച്ച മെസ്സേജാണ്‌.'' ആ നിമിഷം വെയിലിന്‌ ചൂടുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ തിരികെ ഏല്‍പിച്ചു.

ആ അമ്മയുടെ മുഖം അപമാനത്താല്‍ കുനിയുന്നത്‌ ഞാന്‍ കണ്ടു. ഈ കുട്ടികള്‍ ഇത്തരം മെസ്സേജുകളാണോ അയച്ചു കളിക്കുന്നതെന്ന്‌ അവര്‍ ചോദിക്കുന്നത്‌ കേട്ടു.

ഇന്ന്‌ മുതിര്‍ന്നവര്‍ പലപ്പോഴും ഇത്തരത്തില്‍ ചോദ്യമെറിയാറുണ്ട്‌.
ഈ കുട്ടികളെന്താ ഇങ്ങനെ?
ഞാനൊന്ന്‌ തിരിച്ചു ചോദിക്കട്ടെ... ഈ മാതാപിതാക്കളെന്താ ഇങ്ങനെ?
നെറ്റി ചുളിക്കരുത്‌. കാര്യമുണ്ട്‌.

എന്റെ സഹപാഠിയായിരുന്ന സുരേന്ദ്രന്‍ ഒരു ബാര്‍ അറ്റാച്ച്‌ഡ്‌ ഹോട്ടലിലെ മാനേജരാണിന്ന്‌. നഗരത്തിലെ ഈ ബാറിന്‌ സമീപത്തുള്ള ആശുപത്രിയില്‍ അച്ഛനെ ശസ്‌ത്രക്രിയയ്‌ക്ക്‌ പ്രവേശിപ്പിച്ചപ്പോള്‍ വീട്ടിലെ ഏകസന്താനമായ എന്നെ സഹായിക്കുവാന്‍ സുരേന്ദ്രന്‍ ഓടിയെത്തുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞാന്‍ ഹോട്ടലിലെത്തി. സുരേന്ദ്രന്‍ രാത്രിയില്‍ അച്ഛനോടൊപ്പം കൂട്ടിരിക്കുമോയെന്നറിയുവാന്‍. എനിക്ക്‌ വീട്ടിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. റിസപ്‌ഷനില്‍ നിന്ന്‌ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ ബാറിനകത്തെത്തി. അന്നത്തെ കണക്കെല്ലാം നോക്കുന്ന തിരക്കിലായിരുന്നു സുരേന്ദ്രന്‍. ഞാന്‍ ബാറിനകം കണ്ണുകളാല്‍ ഒപ്പിയെടുത്തു.
Parenting

ഒരു ദൃശ്യം!
രണ്ടുപേര്‍ കുമിളകള്‍ ഇമവെട്ടുന്ന ഗ്ലാസ്സുകള്‍ക്ക്‌ മുമ്പില്‍. അവര്‍ക്കരികില്‍ ഒരു ആണ്‍കുട്ടി. അഞ്ചോ, ആറോ വയസ്സു കാണും. സുഹൃത്തുക്കളിലൊരാള്‍ ഇടയ്‌ക്കിടെ നിലക്കടല നിറച്ച പ്ലേറ്റിലെ കരണ്ടിയെടുത്ത്‌ അല്‍പം മദ്യം അതിലേക്കൊഴിച്ച്‌ ആ കുട്ടിക്ക്‌ നുണയാനായി നല്‍കുന്നു. ഞാന്‍ സുരേന്ദ്രനോട്‌ ഈ സംഭവത്തേപ്പറ്റി സൂചിപ്പിച്ചു.
" അയാളുടെ അച്ഛന്‍ ആശുപത്രിയിലാണ്‌. ചില ദിവസങ്ങളില്‍ ബാറില്‍ വരും. അപ്പോഴെല്ലാം ഈ മോനും കാണും.''

വളര്‍ത്തലിന്റെ ന്യൂനതകളാണ്‌ മൂല്യത്തകര്‍ച്ചയുടെ കാരണം. നമ്മുടെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതിനു ശേഷം പ്രതിരോധത്തിന്‌ മുതിര്‍ന്നിട്ട്‌ കാര്യമില്ല. മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌. കമ്പ്യൂട്ടര്‍ മകന്റെ പഠനമുറിയില്‍ സൂക്ഷിക്കാതെ എല്ലാവരും കാണ്‍കെ സ്വീകരണമുറിയിലാണ്‌ വച്ചിരിക്കുന്നതെന്ന്‌ പറഞ്ഞ ഒരു പിതാവിനോട്‌ എനിക്ക്‌ ആദരവ്‌ തോന്നി.

പ്ലസ്‌ടു കഴിഞ്ഞ മകന്‌ ബൈക്ക്‌ വാങ്ങിക്കൊടുത്ത്‌ അവനെ വേഗതയുടെ തോഴനാക്കി മാറ്റുന്നതെന്തിന്‌? മകളുടെ കൈവശം പോക്കറ്റ്‌ മണി കൊടുത്തയച്ച്‌ അവളെ റെസ്റ്റോറന്റില്‍ സഖിമാരോടൊപ്പം പോകാന്‍ പ്രേരിപ്പിക്കുന്നതെന്തിന്‌?

മക്കളുടെ പാതകളില്‍ മാതാപിതാക്കള്‍ വഴുതലുണ്ടാക്കരുത്‌. ഇതൊരു അപ്രിയസത്യമായിരിക്കാം.
മൊബൈലില്ലാത്ത മക്കള്‍ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മ്മയെ ഉള്ളില്‍ ലാളിക്കട്ടെ. `ഐ മിസ്‌ യു' സന്ദേശങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത്‌ നമ്മുടെ മക്കളുടെ ചങ്ങാത്തം പറന്നുയരട്ടെ.

മൊബൈലും, ചാറ്റിംഗും ഒന്നുമില്ലാതിരുന്ന കാലത്താണല്ലോ റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌ എന്ന കവിയും ലൂയി അണ്ടര്‍മിയര്‍ എന്ന മിത്രവും തമ്മിലുള്ള അടുപ്പം അന്‍പത്‌ വര്‍ഷത്തിലേറെ പരന്നൊഴുകിയത്‌.

നമ്മുടെ മക്കള്‍ക്ക്‌ നല്ലതുമാത്രം നല്‍കാം... നല്ലതുമാത്രം.

By:ആന്റോ.എം

Wednesday, October 20, 2010

അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്....

Out of range
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു.
ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
അവര്‍ കാണാമറയത്തേക്ക്

ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.

ചതിയുടെ റിങ്‌ടോണുകള്‍!

മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!

വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.

സൈലന്റ് മോഡ്!

Silent mode
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.

ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.

എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്

സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.

കടപ്പാട് : Madhyamam

Friday, September 10, 2010

മോബൈല്‍ ഫോണ്‍ കൊണ്ടുള്ള ഗുലുമാലുകള്‍


തീവണ്ടി ടോയിലറ്റിലെ മൊബൈല്‍ നമ്പരുകള്‍ 

ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു.

അങ്ങനെ പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വല വെട്ടിച്ച് ഓടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ പിടിയിലായത്. ഒട്ടുമിക്ക സ്ത്രീകളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം. 

എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ 'വിളിക്കാര്‍ക്ക്' കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. "ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?" എന്ന് അവരോട് ചോദിച്ചാല്‍; "അതൊക്കെ കിട്ടി" എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക.

മറ്റൊരു സംഭവം കേള്‍ക്കുക.

നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് 'അജ്ഞാതന്‍' വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊന്നും 'അജ്ഞാതന്‍ 'തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം'അജ്ഞാതന്റെ' ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ 'അജ്ഞാതന്‍' ഒന്നു പരുങ്ങി."നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?" എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ "അവളെനിക്ക് തന്നതാണ് " എന്ന് 'അജ്ഞാതന്‍' മറുപിടി നല്‍കി.

'അജ്ഞാതന്റെ' ശബ്ദം എവിടെയോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ 'അജ്ഞാത' ശബ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ' ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് 'അജ്ഞാതന്റെ' വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്'അജ്ഞാതന്‍' തന്റെ 'ഇരകളെ' കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ 'അജ്ഞാതന്‍' ഏതായാലും ദൃശ്യനായി.


ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്. 

അതെല്ലാം 'ബിസിനസ്സ് പ്രൊമോഷന്‍'പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ 'ബിസിനസ്സ് പ്രൊമോഷന്‍' ഇങ്ങനെ. "നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)". എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണ!!!!! 

പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. ഇതില്‍ പലതും 'ബിസിനസ്സ് പ്രൊമോഷന്‍' പരസ്യങ്ങളുടെ ഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്ന നമ്പരുകള്‍ തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടെയോ അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം'ബിസ്‌നസ്സ് പ്രൊമോഷനു'വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].

സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുതന്മാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഫോണ്‍ നമ്പരുകള്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ 'കടുവ'യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ 'കടുവകള്‍'പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ 'കിടുവ'കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.

എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍, മൊബൈല്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുക്തിയ്ക്ക് നിരക്കുന്നതിനപ്പുറത്തേക്കുള്ള 'വാഗ്ദാനങ്ങള്‍' ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്. 

ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ്.

ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു 'വാക്കാണ്' 'മൊബൈല്‍ പെണ്‍‌വാണിഭം'!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ 'എരിഞ്ഞടങ്ങാന്‍' വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.

ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍ പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ 'കരിങ്കണ്ണുകള്‍' തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്.

ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ് ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രീ സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൗജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമായി വേണമെങ്കില്‍ 'മൊബൈല്‍ ചാറ്റിംങ്ങിനെ' ചൂണ്ടിക്കാണിക്കാം.

തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍ എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍, മോഷണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്, മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍... 

കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ? ഇല്ല എന്നു തന്നെ ആയിരിക്കും ഉത്തരം.....


കുട്ടി പരിധിക്ക് പുറത്താണ്


മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കും. മിയ്ക്ക കുട്ടികളും ഇന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഒക്കെ ഉള്ള ഫോണുകള്‍.

ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്. 

Mobile Phones
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു 'മുഖം' ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് 'മാഫിയ' അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു.

സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് 'എസ്‌കോര്‍ട്ട്' പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്. 

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ 'എസ്‌കോര്‍ട്ട് ' പോകല്‍. മണല്‍ ലോറിക്ക് 'എസ്‌കോര്‍ട്ട് 'പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് 'എസ്‌കോര്‍ട്ട് ' നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ 'എസ്‌കോര്‍ട്ട് ' പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും 'എസ്‌കോര്‍ട്ട് ' പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍?

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് രൂപ പതിനയ്യായിരമാണ് ചെലവ്). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയിക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സീരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറുകയുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാനും പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും 'കുന്ത്രാണ്ടം' ചെവിയ്ക്കകത്ത് തന്നെ.

ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . "ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?" "നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...". എങ്ങനെയുണ്ട് കൊച്ച് ? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ..." മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ...". എങ്ങനെയുണ്ട് അമ്മ ?? 

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം.


ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ..." നിന്റെ ഓഫര്‍ ഏതാ?...". ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ? 

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്ടിയ്ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിന്റെ പങ്ക് ചെറുതല്ലെന്ന് കാണാം.

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത് - കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ (പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു.

പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രീകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും 'കൂട്ടുകാരും' ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി. "ഞാന്‍ പോയി തൂങ്ങിച്ചാവും". ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ??? 

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്.

അമ്മയുടെ എ.ടി.എം. കാര്‍ഡ് ഉപയെഗിച്ച് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയ മൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു. 

നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം 'അഡികറ്റ്' ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു. 

ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിതെറ്റിയ്ക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസിനസ് നടത്തുന്നവര്‍ക്ക് എങ്ങനേയും തങ്ങളുടെ ബിസിനസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍ ‍'അഡികറ്റ്' ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് ഇനി ഒരിയ്ക്കലെഴുതാം. 

By: Shibu Mathew

Sunday, July 18, 2010

ഇന്റര്‍നെറ്റ് അടിമത്തം അപകടം

Internet Addiction


ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം തന്നെ, ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. യുവതലമുറയില്‍ 'ഇന്റര്‍നെറ്റ് അടിമത്തം' ഒരു പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് കുറച്ചുനാളായി നാം കാണുന്നത്.

ഇന്റര്‍നെറ്റ് അഡിക്ഷന്‍
ജോലിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹികജീവിതത്തെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് 'ഇന്റര്‍നെറ്റ് അഡിക്ഷന്‍'. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

' ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുക.

' നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായി ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുക.

' ദോഷകരമാണെന്നറിഞ്ഞിട്ടും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.

' മറ്റെന്ത് പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുക.

' ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം ദിനംപ്രതി വര്‍ധിച്ചുവരിക.

' നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ അമിതദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുക.

' പത്രംവായന, ടി.വി. കാണല്‍, സംഗീതം തുടങ്ങി മറ്റ് വിനോദങ്ങളിലൊന്നും തീരെ താത്പര്യമില്ലാത്ത അവസ്ഥ.

ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ നെറ്റിന്റെ സഹായത്തോടെ ലൈംഗിക ചിത്രങ്ങള്‍ കാണുക, ചൂതാട്ടം, ചാറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍സമയം ചെലവിടുന്നത്. ഈ ശീലം കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരക്കാര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാനും പഠനം മോശമായി ഭാവിജീവിതം നശിപ്പിക്കാനും സാധ്യതയേറെയാണ്. 'സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്' സൈറ്റുകളിലൂടെ പ്രായത്തിനനുസൃതമല്ലാത്ത ബന്ധങ്ങള്‍ വളരുന്നതും കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.

കാരണങ്ങള്‍
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും പലപ്പോഴും കാരണമാണെന്ന് പറയാറുണ്ടെങ്കിലും ചില പ്രത്യേക വ്യക്തിത്വ സവിശേഷതകളുള്ളവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടുതലാണ്. ജന്മനാ ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികള്‍ കൗമാരമെത്തുമ്പോള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ചടഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അമിതമായ പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഈ ശീലത്തിന് അടിമകളായേക്കാം. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക് ആശയവിനിമയശേഷി, സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ കുറവാണ്.

പൊതുവെ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങള്‍ അധികമില്ലാത്ത കുട്ടികളും വേഗം ഇന്റര്‍നെറ്റിന് അടിമകളായേക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, അമിതസ്വാതന്ത്ര്യമുള്ള ഗൃഹാന്തരീക്ഷം, ആവശ്യങ്ങള്‍എല്ലാം സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളര്‍ത്താന്‍ കാരണമായേക്കാം. കൗമാരപ്രായക്കാര്‍ ഇന്റര്‍നെറ്റിനെ ഒരു 'സുഹൃത്തായി' കണ്ട് സമയം ചെലവഴിക്കാന്‍ തുടങ്ങുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ മനശ്ശാസ്ത്രം.ഇന്റര്‍നെറ്റ് അടിമകളുടെ മസ്തിഷ്‌കത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരുടേതിന് സമാനമായ ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തിലെ 'ഡോപ്പമിന്‍' എന്ന രാസപദാര്‍ഥത്തിന്റെ അളവിലുള്ള വ്യതിയാനം, മസ്തിഷ്‌കത്തിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ചക്കുറവ് എന്നിവ അവയില്‍ ചിലതാണ്.

പ്രത്യാഘാതങ്ങള്‍
പഠനത്തില്‍ പിന്നോക്കാവസ്ഥ, സാമൂഹികജീവിതത്തിലും കുടുംബജീവിതത്തിലുമുള്ള തകരാറുകള്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ജോലിയിലെ പരാജയം, മാനസിക രോഗങ്ങള്‍ തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് അടിമകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാഴ്ചക്കുറവ്, വിട്ടുമാറാത്ത തലവേദന, ശാരീരിക വേദനകള്‍, ക്ഷീണം തുടങ്ങി ദുര്‍മേദസ്സ്, ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

മണിക്കൂറുകളോളം നീണ്ട 'ഓണ്‍ലൈന്‍ ഗെയിം' കളിച്ച ഒരു ഇരുപത്തെട്ടുകാരന്‍ ഗെയിമിന്റെ ഒടുവില്‍ മരണമടഞ്ഞ വാര്‍ത്ത 2005-ല്‍ ബി.ബി.സി. ന്യൂസ് പുറത്തുവിട്ടിരുന്നു! വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, അക്രമസ്വഭാവം തുടങ്ങിയ മാനസിക അസ്വാസ്്ഥ്യങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്.

പരിഹാരം
കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് പ്രധാന മാര്‍ഗം. കമ്പ്യൂട്ടര്‍, കുട്ടിയുടെ സ്വകാര്യ മുറിയില്‍ വെക്കാതെ ഹാളില്‍ത്തന്നെ വെക്കുക, അശ്ലീല സൈറ്റുകളും മറ്റും ബ്ലോക്ക് ചെയ്യുക, മാതാപിതാക്കള്‍ ഉള്ള സമയത്തുമാത്രം ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കുക എന്നതും സഹായകമാണ്. അന്തര്‍മുഖരായ കുട്ടികളെ ആശയവിനിമയശേഷി മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതും പ്രയോജനകരമാണ്.

'ഇന്റര്‍നെറ്റ് അടിമത്തം' ബാധിച്ചുകഴിഞ്ഞവരെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ കൊണ്ട് അതില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കും. ചിന്താഗതികളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനുള്ള കൗണ്‍സിലിങ്, ജീവിതശൈലി ക്രമീകരണം, റിലാകേ്‌സഷന്‍ വ്യായാമങ്ങള്‍, യോഗ, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ് എന്നിവ ചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. അനുബന്ധമായി വിഷാദരോഗം, ഉത്കണ്ഠാരോഗം, അമിതവികൃതി എന്നിവ ഉള്ളവര്‍ക്ക് ഔഷധചികിത്സയും വേണ്ടിവന്നേക്കാം.

കൗമാരപ്രായക്കാരില്‍ ജീവിതനൈപുണ്യങ്ങള്‍ വികസിപ്പിക്കാനായി 'ലൈഫ് സ്‌കില്‍സ് ട്രെയിനിങ്' പോലെയുള്ള വ്യക്തിത്വ വികസന പരിശീലനങ്ങള്‍ നല്‍കുന്നത് ഇന്റര്‍നെറ്റ് അടിമത്തത്തിന് കാരണമാകുന്ന പല അടിസ്ഥാന വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. മദ്യത്തിന്റെ ദുരുപയോഗം പ്രധാന ആരോഗ്യപ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍, ഇന്റര്‍നെറ്റ് അടിമത്തം ഒരു പ്രശ്‌നമാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ നാം ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.


Source: Mathrubhumi

Wednesday, January 20, 2010

മിസ്ഡ് കോള്‍ "അലര്‍ട്ട്"

Missed Call
അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ''സാറൊന്നുപദേശിക്കണം'' എന്ന അഭ്യര്‍ഥനയോടെയാണ് പിതാവ് അവളെ എന്റെ പക്കല്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്തുള്ള ഒരു ബിസിനസ്സുകാരനുമായി അവള്‍ കടുത്ത പ്രണയത്തിലാണ്. മൊബൈലില്‍ വന്ന ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ അടുപ്പമാണ്. വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകി.

ഒരുമാസത്തെ പരിചയം കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍ അടുത്തുകഴിഞ്ഞിരിക്കുന്നു.
ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന് തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.

മുറി അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള്‍ മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി. പിറ്റേദിവസം സ്‌കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള്‍ ഹിസ്റ്റീരിക് ആയി മാറി.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള വികാരപ്രകടനങ്ങള്‍ക്ക് സമാനമായിരുന്നു അവളുടെ ഭാവമെന്ന് ആ പിതാവ് ഓര്‍മിക്കുന്നു. രണ്ടുദിവസം കൊണ്ട് അത് മാറി.

വീട്ടുകാരും ബന്ധുക്കളും ഉപദേശിച്ചപ്പോള്‍ അവള്‍ നല്ല കുട്ടിയാകാമെന്ന് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി അവളെ ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, വൈകാതെ സ്‌കൂളില്‍ ബാത്ത്‌റൂമിലിരുന്ന് സ്ഥിരം മൊബൈലില്‍ സംസാരിച്ച അവളെ അധ്യാപികമാര്‍ പിടികൂടി. വീട്ടില്‍ മൊബൈല്‍ പിടിച്ചെടുത്തപ്പോള്‍ കാമുകന്‍ പുതിയൊരു സെറ്റ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒരു കൂട്ടുകാരിയാണ് മൊബൈല്‍ സൂക്ഷിച്ചിരുന്നത്. രാവിലെ സ്‌കൂളിലെത്തുമ്പോള്‍ അവള്‍ക്ക് കൈമാറും.

''ഇവള്‍ ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല, ഇതിനുതാഴെ ഒരു പെണ്‍കൊച്ചുകൂടിയുണ്ട്. നന്നായി സ്‌നേഹിച്ചും വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുമാണ് വളര്‍ത്തിയത്. ഒടുക്കം ഇങ്ങനെയായി....'' പിതാവ് കരയാന്‍ തുടങ്ങി. ഞാന്‍ അവളെ വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു. അവള്‍ പറഞ്ഞു: ''അങ്കിള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. ബിജുവേട്ടനെ മറക്കണമെന്നുമാത്രം പറയരുത്.''

പതിനെട്ട് വയസ്സ് തികയുന്ന ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അവന്‍ പറഞ്ഞിട്ടുണ്ട്: ''നീ പഠിക്കുകയൊന്നും വേണ്ട, പഠിച്ച് ജോലി മേടിച്ച് ശമ്പളം കൊണ്ടുവന്ന് കഴിയേണ്ട ഗതികേടൊന്നും എന്റെ വീട്ടിലില്ല....'' അതുകൊണ്ടുതന്നെ ഏറെ വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായ അവള്‍ ഇപ്പോള്‍ കാര്യമായി ഒന്നും പഠിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങും ഉപേക്ഷിച്ചു.

മൊബൈല്‍ ഫോണ്‍ നല്‍കുന്ന സ്വകാര്യതയും മുഖമില്ലാതെ സംസാരിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തില്‍ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നും മദ്യവും പോലെ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും അഡിക്ട് ആയ ഒരു സമൂഹം അതിവേഗം വളര്‍ന്നുവരുന്നുണ്ട്.

ഇതില്‍ കൗമാരക്കാരോ യുവതീയുവാക്കളോ മാത്രമല്ല മധ്യവയസ്‌കരും വാര്‍ധക്യം പ്രാപിച്ചവരുമൊക്കെ പെടുന്നുണ്ട്.
എന്നാല്‍, കൗമാരക്കാരിലാണ് ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് മൂലം ഇവര്‍ മൊബൈലിനെ വിശ്വസിക്കുന്നു. അതില്‍ പരിചയപ്പെടുന്നവര്‍ പറയുന്നതെല്ലാം സത്യമെന്ന് കരുതുന്നു. പ്രണയഭാവങ്ങള്‍ മനസ്സില്‍ പിടിമുറുക്കുന്ന പ്രായമായതിനാല്‍ അവര്‍ അതിവേഗം വഞ്ചിക്കപ്പെടുന്നു. സിനിമയും ദൃശ്യമാധ്യമങ്ങളും പകരുന്ന സങ്കല്പ ലോകത്തിലിരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടും.
Missed Call
മുതിര്‍ന്നവര്‍ക്ക് മൊബൈല്‍ സല്ലാപം ഒരു നേരംപോക്കായിരിക്കും. ഇരുകൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്. അത് ചിലപ്പോള്‍ വളര്‍ന്ന് വഴിവിട്ട ബന്ധങ്ങളില്‍ എത്തിപ്പെടാം. രണ്ടുകൂട്ടര്‍ക്കും പരാതിയില്ലാത്തിടത്തോളം കാലം അത് തുടര്‍ന്നു പോകും. പരസ്​പരം കലഹിക്കുമ്പോഴോ മൂന്നാമതൊരാള്‍ ഇതറിയുമ്പോഴോ അതൊരു പ്രശ്‌നമായെന്നുവരാം.

മറ്റുചിലപ്പോള്‍ മൊബൈലില്‍ പരിചയപ്പെടുന്നവര്‍ പിന്നീട് എവിടെയെങ്കിലും സംഗമിക്കുമ്പോള്‍ മൊബൈലില്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും ഈ രംഗങ്ങള്‍ പകര്‍ത്തപ്പെടുന്നു. പുരുഷനാകും ഇതിന് മുന്‍കൈയെടുക്കുക. മൊബൈലില്‍ പകര്‍ത്തിയത് പിന്നീട് സുഹൃത്തുകള്‍ വഴി ലോകമെമ്പാടും പകര്‍ന്നുകൊടുക്കുമ്പോഴാണ് ചതി പറ്റിയത് പെണ്‍കുട്ടി തിരിച്ചറിയുക. എന്നാല്‍, ഇതെല്ലാം സ്വന്തം കൈയിലിരിപ്പിന്റെ പ്രതിഫലമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താം.

കൗമാരക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യപ്പെടുന്നു. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാത്ത കുട്ടികളാണെങ്കില്‍ പെട്ടെന്ന് ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാം. ഇനി സ്‌നേഹിക്കുന്ന മാതാപിതാക്കളാണെങ്കിലും പ്രായത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി മക്കളെ ശ്രദ്ധിച്ചേതീരൂ.

പരസ്​പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കൗമാരത്തിലെ ആകര്‍ഷണമല്ല യഥാര്‍ഥ പ്രണയമെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം, അവരെ കാര്യമായി ശ്രദ്ധിക്കുവാന്‍ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെ? കമ്പ്യൂട്ടറില്‍ അവര്‍ പരതുന്ന സൈറ്റുകള്‍ ഏതൊക്കെ? എല്ലാറ്റിലുമുപരി മക്കളുടെ അധ്യാപകരുമായി അടുത്ത ബന്ധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ഏന്തെങ്കിലും സൂചിപ്പിക്കുമ്പോള്‍ ''ഹേയ്... എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല'' എന്നു പറഞ്ഞ് അവരെ കൊച്ചാക്കാന്‍ നോക്കാതെ അവര്‍ പറയുന്ന കാര്യത്തില്‍ ശ്രദ്ധവെക്കാന്‍ ശ്രമിക്കുക. ലാളിക്കുന്നതിനൊപ്പം ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കൂടി വിനിയോഗിക്കുക. അതൊരിക്കലും നശിപ്പിക്കുന്ന രീതിയിലാകരുതെന്നു മാത്രം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം കൗമാരക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക. മാതാപിതാക്കളുടെ പേരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്താല്‍ വിളിയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും. കാമുകന്‍ നല്‍കിയ സിംകാര്‍ഡ് മാറ്റിയിട്ട് മാതാപിതാക്കളെ കബളിപ്പിച്ച കുട്ടികളുണ്ട് എങ്കിലും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ് തന്നെ ഇവര്‍ക്ക് നേര്‍വഴി നടക്കാന്‍ പ്രചോദനമേകും.

ഇനി ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം: ഒരു വിധത്തിലും വഴങ്ങാത്ത പെണ്‍കുട്ടിയുടെ കാമുകനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആളെ കണ്ടെത്തി.

കോവളത്ത് ഒരു ഹോട്ടലില്‍ കാര്‍ഡ്രൈവറായി ജോലിനോക്കുന്ന 'കാമുകന് ' വയസ്സ് 36. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മിസ്ഡ് കോള്‍ ചൂണ്ടയിട്ടതാണ്. കൊത്തിയത് പാവം പെണ്‍കുട്ടിയും. ലാത്തികൊണ്ടുള്ള കുത്ത് കിട്ടിയപ്പോള്‍ അയാള്‍ കൈകൂപ്പി പറഞ്ഞു; വെറുതെ ടൈംപാസ്സിനായിരുന്നു തന്റെ പ്രേമമെന്ന്.

എന്തായാലും പെണ്‍കുട്ടിയെയും ഈ രംഗത്തിന് സാക്ഷിയാകാന്‍ കൊണ്ടുപോയിരുന്നു. അല്ലെങ്കില്‍, കാമുകന്‍ വ്യാജനായിരുന്നുവെന്ന് ഒരിക്കലും അവള്‍ വിശ്വസിക്കില്ല. അവളുടെ അച്ഛനും സഹായികളുമൊക്കെ വഞ്ചകരാണെന്നും അവള്‍ പറഞ്ഞേനെ. അവളുടെ കുഴപ്പമല്ലിത്. അവളുടെ പ്രായത്തിന്റെയും നമ്മുടെ കാലത്തിന്റെയും കുഴപ്പമാണ്.

By: ജിജോ സിറിയക്
Courtesy - Mathrubhumi

Thursday, April 2, 2009

Mobile Cam….Girls pls stay away.............

All frends & family….pls read carefully ….



.... ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാം കൈക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂ.

ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്.

പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.

വിറ്റഴിയുന്നത് ക്യാമറ മൊബൈല്‍ ഫോണുകള്‍

ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്‍ ഫോണുകളാണ്. ‘ഫോണ്‍ ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത്? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക.

ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ ‘രഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു.

തങ്ങളുടെ കൂട്ടുകാരികളയോ, ടീച്ചര്‍മാരയോ, കാമുകിയോ, അയല്‍‌വക്കത്തുള്ളവരയോ ഇരകളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.

ഇന്റര്‍നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൊബൈലില്‍ എടുത്തിട്ടുള്ള ‘ഹോട്ടു’കളാണ്. ഈ ‘ഹോട്ടു’കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ?

ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ 'ഹോട്ട്'. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ ‘ഹോട്ടി’ന്റെ ഉറവിടം പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; "ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, സഞ്ചരിക്കുമ്പോള്‍ ആയിരം, ഏല്‍ക്കുമ്പോള്‍ പതിനായിരം". ഇത്തരം ‘ഹോട്ടു’കളുടെ ഭീകരതയും ഇതു തന്നെയാണ് .


[ഇന്റര്‍നെറ്റ് വഴിയുള്ള - മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള - കുറ്റ കൃത്യ ങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട് എന്നത് ഈ അവസരത്തില്‍ ഓര്‍മ്മിയ്ക്കുക.]

കേരളത്തില്‍ ആദ്യമായി ഒരു ‘ഹോട്ട്’ പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ്. എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയ ‘ബുദ്ധിയില്‍’ നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ ‘സാധ്യത’ മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു.

വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണം ഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ ‘ക്യാമറ ദുരന്തം’.

ഇത് ബ്ലൂടൂത്ത് യുഗം

‘ഫോട്ടോ സ്റ്റാറ്റ്‘ യുഗത്തില്‍ നിന്ന് നമ്മള്‍ ‘ബ്ലൂടൂത്ത്‘ യുഗത്തില്‍ എത്തിനില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന ‘ഹോട്ടു’കളുടെ സൃഷ്ടികര്‍ത്താക്കള്‍ 'ഇര'കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ ‘രഹസ്യ’ങ്ങള്‍ ‘പരസ്യ‘മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്.

പ്രചരിക്കുന്ന ‘ഹോട്ടു’കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം ‘ഹോട്ടു’കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???

ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.

 പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ ‘ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം’ എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.

 കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെ അവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് ‘ഉപയോഗിക്കുക’യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നിടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും” എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന ‘മൊബൈല്‍ ഷൂട്ടിംങ്ങിന്റെ’ അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന ‘ഹോട്ടു’കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ? എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രീക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ ‘പുരോഗമനവാദികള്‍ക്ക്’ നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ ‘ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല’ എന്നതു തന്നെ.

തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.

കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ-മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ ‘അവതാരത്തെ‘ കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം.വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെ മദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലും മെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.

Mobile Cam….Girls pls stay away

സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്കടുത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാനായി ചെലവാക്കാറുണ്ടെന്നും, അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ?

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍ / സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍എത്തുന്നത്.

വിവേകപൂര്‍ണ്ണമായ നീക്കത്തിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപെടാം.

ഒരു റിസോര്‍ട്ടില്‍ അവിധിക്കാലം ചിലവഴിക്കാനെത്തിയ പെണ്‍കുട്ടി. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ താമസിക്കുന്ന മുറിയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന ആള്‍ അവളെ കാണാന്‍ എത്തി. അവള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടന്നും നാളെ തന്റെമുറിയില്‍ എത്തിയില്ലങ്കില്‍ അത് മറ്റുള്ളവരെ കാണിക്കും എന്നുമായിരുന്നു ഭീക്ഷണി. അവള്‍ ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. പിറ്റേന്ന് പെണ്‍കുട്ടിയോടൊപ്പം പോലീസും തന്റെ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ അയാള്‍ പ്രതിഷേധിച്ചു എങ്കിലും മൊബൈല്‍ ഫോണ്‍ പോലീസ് തെളിവായി കണ്ടെടുത്ത് അയാളെ അറസ്റ്റ് ചെയ്തു.

തങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാരെങ്കിലും ഫോട്ടൊ എടുക്കുകയാണങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നമ്മുടെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നമ്മുടെ എല്ലാ ജില്ലകളിലും പോലിസിന്റെ വുമണ്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്തുതന്നെയാണങ്കിലും നിങ്ങള്‍ക്ക് അവിടെ പരാതി നല്‍കാം. (വുമണ്‍സെല്ലില്‍ മാത്രമല്ല ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം).

കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍:-



കൊല്ലം Women Cell 0474 2742376
പത്തനംതിട്ട Women Cell 0468 2222927
കോട്ടയം Women Cell 0481 2302977
കൊച്ചിസിറ്റി Vanitha PS 0484 2394250
പാലക്കാട് Women’s Unit 0491 2522340
Anti harassment cell for women : 9947000100

ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക:-


The Railway Help Numbers of Kerala Police are: 9846 200 100

കേരളത്തിലെ പൊസീസ് സഹായ നമ്പരുകള്‍, വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകലുടെ നമ്പരുകള്‍:-

1. Thiruvananthapuram City: 100 / 0471-2331843
2. Thiruvananthapuram Rural: 100/0471-2316995
3. Kollam: 100/0474-2746000
4. Pathanamthitta: 100/0468-2222226
5. Alappuzha: 100/0477-2251166
6. Kottayam: 100/0481-5550400
7. Idukki: 100/04862-221100
8. Ernakulam City: 100/0484-2359200
9. Ernakulam Rural: 100/0484-2621100
10. Thrissur: 100/0487-2424193
11. Palakkad: 100/0491-2522340
12. Malappuram: 100/0483-2734966
13. Kozhikode City: 100/0495-2721831
14. Kozhikode Rural 100/0496-2523091
15. Wayanad: 100/04936-205808
16. Kannur: 100/0497-2763337
17. Kasargod: 100/04994-222960
The Helpline Numbers of Kerala Police are:
0471-3243000 0471-3244000 0471-3245000
The Highway Help Numbers of Kerala Police are: 9846 100 100

 സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം :
HTCEC യുടെ ഫോണ്‍ നമ്പര്‍

0471 - 2722768,
0471 - 2721547 extension 1274
email : mailto:hitechcell@keralapolice.gov.in


നമ്മുടെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച കാര്യം എത്രപേര്‍ക്കറിയാം.. +2 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുമ്പോള്‍ ചിന്തിക്കുക. അവരെന്തിനു വേണ്ടിയായിരിക്കും ആ ഫോണുകള്‍ ഉപയോഗിക്കുക!!!!!!