Showing posts with label Wildlife Sanctuary. Show all posts
Showing posts with label Wildlife Sanctuary. Show all posts

Friday, July 17, 2015

വന്യജീവിതത്തിന്റെ വയനാടന്‍ കാഴ്ചകള്‍


ഹൃദയത്തില്‍ നിറയുന്ന ഓരോ യാത്രയും പ്രകൃതിയിലേക്കുള്ളതാണ്. പ്രകൃതിയിലേക്കുള്ള എല്ലാ യാത്രയും വനത്തിലേക്കാണ്. വനത്തിലേക്കുള്ള യാത്രകളെല്ലാം സ്വയമറിയാതെ തന്നെ പ്രാണന്റെ ഉറവ തേടുന്നതാണ്. വന്യജീവിതത്തിന്റെ വയനാടന്‍ സമൃദ്ധിയിലൂടെ യാത്ര ചെയ്യുമ്പോള്‍ മനസിലുണര്‍ന്നത് ഈ ചിന്തകളായിരുന്നു. പ്രകൃതിയുടെ ഹൃദയമാണ് വനം. ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം. ജീവജാലങ്ങളുടെ അതിജീവനത്തിന്റെ ചാക്രിക വഴികള്‍ പുനര്‍ജനി നൂഴുന്ന കാട്ടുപച്ചയുടെ പടര്‍പ്പുകള്‍. മഞ്ഞിന്റെ പുതപ്പ് വകഞ്ഞുമാറ്റാതെ തന്നെ ഉറക്കമുണരുന്ന ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പ്രകൃതി സ്‌നേഹികളുമടങ്ങിയ ഒരു ചെറു സംഘത്തോടൊപ്പം നടത്തിയ യാത്ര തിരിച്ചറിവുകളുടെ ഇത്തരം കാഴ്ചാനുഭവങ്ങളിലേക്കായിരുന്നു. കാട്ടിലൂടെ, കാട്ടുമൃഗങ്ങള്‍ക്കിടയിലൂടെ ക്യാമറയോടൊപ്പമുള്ള യാത്ര, ഓരോ ചുവട് വെയ്പിലും സാഹസികതയുടെ, കൌതുകത്തിന്റെ, വിസ്മയത്തിന്റെ ഏതെങ്കിലുമൊരനുഭവം പ്രതീക്ഷിച്ചു കൊണ്ടാവും...

പോരിനുവരാം..
....ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മം പോലെ വെളിച്ചത്തിന്റെ ഈ മായാജാലകം നമുക്ക് നിരുപാധികമായി തുറന്നുവെക്കാം. ഇറ്റീസ് എ വേരി സിംപിള്‍ ടൂള്‍! (ഫോട്ടോഗ്രാഫറെന്ന മലയാള സിനിമയില്‍ നിന്ന്) കാമറ: നിക്കോണ്‍ ഡി 200 ലെന്‍സ്: 80200 ഷട്ടര്‍ സ്​പീഡ്: 1/800 അപ്പറേച്ചര്‍: എഫ് 2.8 ക്ലിക്ക്! തുമ്പിക്കൈ ചുരുട്ടി ചെവികള്‍ വട്ടം പിടിച്ച് വാലു ചുഴറ്റി 'ചാര്‍ജ്ജായി' ഓടിയടുക്കുന്ന ഒറ്റയാന്റെ ക്രൌര്യമെഴുന്ന ഭാവം കാമറയില്‍. കണ്ണുചിമ്മുന്ന വേഗത്തില്‍ ഡിജിറ്റല്‍ കാമറയുടെ എല്‍.സി.ഡി സ്‌ക്രീനിലേക്ക് ഒരു തിരനോട്ടം. വീണ്ടും വ്യൂ ഫൈന്ററിലേക്ക്... ആദ്യ കുതിപ്പിന്റെ ക്ഷീണം തീര്‍ത്ത് അടുത്ത കുതിപ്പിനൊരുങ്ങുന്ന ഒറ്റയാന്‍ തൊട്ടു മുന്നില്‍. രണ്ട് ചുവട് മതി... ആ തുമ്പിക്കൈയൊന്നു വീശിയാല്‍, മുന്‍ കാലുകളിലൊന്ന് ഉയര്‍ത്തിയാല്‍, തീര്‍ന്നു കഥ! െ്രെടപ്പോഡിലുറപ്പിച്ച കാമറയെടുത്ത് വഴുതി മാറുന്നതിനിടയില്‍ രണ്ട് ക്ലിക്ക് കൂടി. ഒറ്റയാന്‍ ഉടലഴകിന്റെ തലയെടുപ്പ് മുഴുവന്‍ വീണ്ടും കാമറയില്‍. നെഞ്ചുപൊട്ടിക്കുമെന്ന് തോന്നിയ ഭീതിയെ അടക്കിപ്പിടിച്ച് ശ്വാസം വിടാതെ നില്‍ക്കുന്ന സഹയാത്രികര്‍ക്ക് നേരെ ആശ്വാസത്തിന്റെ കൈവീശി, പുഞ്ചിരി തൂകി, ഫോട്ടോ സെഷന്‍ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന ഫോട്ടോഗ്രാഫര്‍. വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലൂടെ അഞ്ചുനാള്‍ നീണ്ട യാത്രക്കിടയില്‍ ഇതുപോലെ സംഭ്രമജനകവും സാഹസികവുമായ എത്രയെത്ര രംഗങ്ങള്‍! ദുര്‍ഘടം പിടിച്ച കാട്ടുപാതയില്‍ മുടന്തി നീങ്ങുന്ന ജീപ്പിനെതിരെ പല തവണ കാട്ടാനകള്‍ കുതിച്ചെത്തി. നീണ്ടകാലത്തെ നേരടുപ്പം കൊണ്ടുണ്ടായ കാട്ടറിവുകള്‍ അപ്പോഴെല്ലാം പരിചയായി. കാട്ടുമൃഗങ്ങളില്‍ അപ്രതീക്ഷിത ആക്രമണസ്വഭാവം കൂടുതലുള്ള ആനകളില്‍ നിന്ന് സുരക്ഷിതമായ അകലത്തിന്റെ സൂത്രവാക്യം ലളിതമാണ്. വലിയ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്നതിനാല്‍ ആ സാധു ജീവിക്ക് ഒറ്റ കുതിപ്പില്‍ ഏറെ മുന്നോട്ടുപോകാനാവില്ല. കിതപ്പിന്റെ ആ ഇടവേളകളാണ് രക്ഷപ്പെടാനുള്ള പഴുതുകള്‍.

സീബ്രാലൈന്‍ കാണുന്നുണ്ടോ?
വിദൂരപാര്‍ശ്വ വീക്ഷണങ്ങള്‍ അസാധ്യമായതിനാല്‍ തൊട്ടുമുന്നിലുള്ള കാഴ്ചകളിലേ അതിന്റെ കണ്ണൂറയ്ക്കൂ. കാടിന്റെ നിറത്തോടിണങ്ങുന്ന പച്ചയും കാക്കിയും വസ്ത്രങ്ങളാണ് ധരിച്ചതെങ്കില്‍ കൂടുതല്‍ എളുപ്പമായി. അവയ്ക്ക് തരിമ്പും കണ്ണുപിടിക്കില്ല. ആനകളെ മാത്രമല്ല ഇതര മൃഗങ്ങളെയും കബളിപ്പിച്ച് കാട്ടുപച്ചയിലൊളിച്ചിരിക്കാന്‍ ഇത് സഹായകമാണ്. കാട്ടുമൃഗങ്ങള്‍ ജീവരക്ഷാര്‍ഥമല്ലാതെ ആക്രമിക്കാറില്ല. അപ്രതീക്ഷിത ആക്രമണവാസന കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന ആനയും കരടിയുമെല്ലാം തങ്ങള്‍ ആക്രമിക്കപ്പെടും എന്ന ഭീതിയിലേ ആക്രമണത്തിന് മുതിരൂ. അത്തരം തോന്നലുകള്‍ക്കിടനല്‍കുന്നതൊന്നും വനയാത്രികന്റെ ഭാഗത്ത് നിന്നുണ്ടാകരുത്. ഇത്തരം അറിവുകള്‍ക്ക് മേലുള്ള മനസുറപ്പ് വനാന്തര യാത്രയുടെ ഓരോ നിമിഷവും അല്ലലില്ലാതെ ആസ്വദിക്കാനാവശ്യമാണ്. ഒരിക്കല്‍ വലിയൊരു കടുവ മുന്നിലെത്തിയിട്ടും ഭയത്തിനടിപ്പെടാതെ അതിന്റെ ഭംഗി നുകരാനായത് അതുകൊണ്ടാണ്. തൊട്ടുമുന്നില്‍ കാട്ടുറോഡ് മുറിച്ചുകടന്ന അത് കാമറയ്ക്ക് മുഖം തരാതെ നിമിഷവേഗത്തില്‍ കാട്ടുപൊന്തയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശാലമായ പുല്‍മേടുകളിലേക്കും ജലാശയങ്ങളിലേക്കും ആനയും കാട്ടുപോത്തും കടുവയുമൊക്കെ കുട്ടമായും ഒറ്റയ്ക്കും ഇറങ്ങിവന്നു.

കാട്ടുവഴിയിലെ ശൗര്യം
പുലര്‍കാലങ്ങളില്‍ പുല്‍മേടുകളില്‍ മേയാനിറങ്ങുന്ന പുള്ളിമാനുകള്‍ മഞ്ഞിന്റെ നേര്‍ത്ത മറയ്ക്കപ്പുറം നിന്ന് ഓമനത്തമുള്ള നോട്ടങ്ങളെറിഞ്ഞു. മനുഷ്യ ചലനങ്ങളില്‍ അപകടം മണത്ത് കുറ്റിക്കാട്ടിലേക്ക് ആദ്യം ഓടിമറയുന്ന അവ ശത്രുനിഴലകന്നോ എന്നറിയാന്‍ തിരിച്ചുവന്ന് നോക്കി നില്‍ക്കുന്നത് പതിവാണ്. നിഷ്‌കളങ്കമായ ആ മണ്ടത്തമാണ് അവയെ ഹിംസ്ര ജീവികളുടെ ഇരയാക്കുന്നത്. ക്യാമറക്കണ്ണുകള്‍ക്കാവട്ടെ അത് മികച്ച കാഴ്ചാനുഭവങ്ങളുമാകുന്നു. പുല്‍മേടുകളുടെ ഇളംപച്ചയിലും മരക്കൂട്ടങ്ങളുടെയും കാട്ടുപൊന്തകളുടെയും കടുംപച്ചയിലുമലിഞ്ഞ് എണ്ണഛായാ ചിത്രത്തിന്റെ ചാരുതയോടെ ഇരുണ്ട വര്‍ണ്ണത്തില്‍ കാട്ടുപ്പോത്തുകളുടെ കൂട്ട നിരയേയൊ ഒറ്റയാനെയോ കാട്ടില്‍ പലയിടത്തും കണ്ടു.

കാനനഛായയില്‍
കാനന യാത്രയുടെ ഒരു വൈകുന്നേരം പോക്കുവെയിലിന്റെ നിറത്തില്‍ മുന്നില്‍ വന്ന് കുത്തിയിരുന്നത് ചെന്നായ. ഇഷ്ടം പോലെ പടം പിടിച്ചോളൂ എന്ന ഉദാരഭാവത്തില്‍ അത് ഏറെനേരം കാമറയിലേക്ക് നോക്കിയിരുന്നു. കാട്ടില്‍ ഇരുള്‍ വീണുതുടങ്ങിയപ്പോഴാണ് തൊട്ടകലെ ഒരു പുള്ളിപ്പുലിയെ കണ്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാടിന്റെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളുടെ ഉള്‍ക്കാട്ടില്‍ കാമറാക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ യാത്ര അവിസ്മരണീയാനുഭവങ്ങളുടെ വന്‍ ഡിജിറ്റല്‍ ഇമേജറിയാണ് സമ്മാനിച്ചത്. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ തുടര്‍ച്ചയായ ആറു തവണയുള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ എഴുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോടാണ് സംഘത്തെ നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി മല്‍സരജേതായ അജയന്‍ കൊട്ടാരക്കര, പ്രകൃതി സ്‌നേഹിയായ ട്രഷറി ഉദ്യോഗസ്ഥന്‍ ബഷീര്‍ പാലോട് എന്നിവരും സംഘത്തിലുള്‍പ്പെട്ടു.

പുള്ളിമാന്‍
വനം-വന്യജീവി വകുപ്പിലെ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപക്ക് വനവിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നുതരാന്‍ ഒപ്പം വന്നു. വലിപ്പം കൊണ്ട് രണ്ടാം സ്ഥാനത്താണെങ്കിലും മൃഗങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും വൈവിദ്ധ്യത്തിലും കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് 399.550 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വയനാട് വന്യജീവി സങ്കേതം. സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്ക് ഭേദിക്കാനാവാത്ത വിധം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പടരുന്ന ഈ ജൈവനൈരന്തര്യം നീലഗിരി ജൈവമേഖലയുടെ പ്രധാനഭാഗമാണ്.

സ്വാഗതമോതും പാതകള്‍
മുത്തങ്ങ റേഞ്ച് അതിര്‍ത്തി പങ്കുവെക്കുന്നത് തമിഴ്‌നാടിന്റെ മുതുമല, കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളോടാണ്. തോല്‍പ്പെട്ടി റേഞ്ച് കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുമായും. മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല സങ്കേതങ്ങള്‍ തമ്മില്‍ രാഷ്ട്രീയാതിര്‍വരമ്പിനുപരി 'നൂല്‍പ്പുഴ' വണ്ണത്തില്‍ പ്രകൃതിയുടെ തന്നെ വേര്‍തിരിവുമുണ്ട്. 'െ്രെട ജംഗ്ഷനെ'ന്ന് വനംവകുപ്പിന്റെ രേഖകളിലുള്ള ഈ ത്രിവേണി സംഗമത്തിന് നൂല്‍പ്പുഴയുടെ ഒരു കൈവഴിയാണ് അതിരിടുന്നത്. മഴക്കാടുകളുടെ പച്ചപ്പും കുളിരുമാണ് ഇവിടെ. സംസ്ഥാനങ്ങള്‍ തമ്മിലെ ഭാഷാദേശാതിര്‍വരമ്പുകള്‍ അറിയാത്ത വന്യമൃഗങ്ങള്‍ ഈ ജൈവമേഖയിലാകെ സൈ്വര്യവിഹാരം നടത്തുന്നു. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കേഴയും മ്ലാവും മാനും കുരങ്ങുമെല്ലാം അസംഖ്യമാണ്. കടുവയും പുലിയുമെല്ലാം ആശ്വാസ്യമായ എണ്ണത്തിലുണ്ട്. വംശനിലനില്‍പ് നേരിടുന്ന ആശങ്കകളില്‍ നിന്നകന്ന് ഈ മൃഗങ്ങള്‍ക്ക് സുരക്ഷിതവും സ്വഛന്ദവുമായ ജീവിതമാണിവിടെ. സഞ്ചാരികളെ സംബന്ധിച്ച് ഒരാഫ്രിക്കന്‍ വനാന്തര യാത്രാനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുക.


Text:Najim Kochukalungu,Photos:Sali Palod, Ajayan kottarakkara

Wednesday, April 24, 2013

ആറളത്തെ അറിഞ്ഞപ്പോള്‍


Aaralam, Kannur, Kerala
ആറളം വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിള്‍ ബസ്സില്‍ കണ്ട ബിന്‍സിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുന്‍പരിചയമുള്ള ഒരുപറ്റം ബ്ലോഗ്‌സൈബര്‍ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയര്‍ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മക്കള്‍സ് റെഡി തന്നെ !

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതല്‍ ഐ ഡ്രോപ്‌സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റില്‍ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈന്‍ഡാക്കാത്തതില്‍ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങള്‍ കൊണ്ട് തന്നെ.

പുഴകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരില്‍ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാല്‍ അത് ടിപ്പുസുല്‍ത്താന്‍ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാര്‍ ആക്രമണ കാലത്ത് കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളില്‍ കാണുന്നുണ്ട്. വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ഭരണത്തിന്‍ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിന്‍തുടര്‍ച്ചക്കാരായിരുന്ന കുറിച്യര്‍, പണിയര്‍, മലയര്‍ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.

Aaralam, Kannur, Keralaകണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ അകലെയുമായാണ് ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകള്‍, കുട്ടിതേവാങ്ക്, വേഴാമ്പല്‍ തുടങ്ങിയ ജീവികളുണ്ട്. 1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപീകരിക്കപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്നും 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തില്‍ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്‌റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രല്‍ സ്‌റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമപഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബര്‍-ജനവരി മാസങ്ങളില്‍ നടക്കുന്ന ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും
ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളില്‍ നിന്നും പുറപ്പെട്ട് വയനാടന്‍ കാടുകള്‍ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടില്‍ 40 മുതല്‍ 140 വരെ ആല്‍ബട്രോസ്സ് ശലഭങ്ങള്‍ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പില്‍ നിന്നും കിറുകൃത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളില്‍ പുറപ്പെട്ട് നെടുമ്പൊയില്‍ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റില്‍ നമ്പര്‍ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിന്‍ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോള്‍ ഫാമിലെത്തി. അവിടെ ജൂണ്‍ മാസത്തില്‍ പോയാല്‍ തെങ്ങ്, മാവ്, പേര, കുരുമുളക്ള്‍ കൊടികള്‍, സപ്പോട്ട തുടങ്ങി അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം നടീല്‍ വസ്തുക്കള്‍ വിലകൊടുത്ത് വാങ്ങാം. അതും കടന്ന് ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ വനംവകുപ്പ് ഓഫീസിലെത്തി.

അധികൃതരുടെ പെര്‍മിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോള്‍ ധാരാളം പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ അകത്തേക്ക് പോകാനാവാതെ നില്‍ക്കുന്നത് കണ്ടു. ഫോണില്‍ ബുക്ക് ചെയ്ത് ഫോര്‍വീല്‍ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്‌കിനും അധികൃതര്‍ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷന്‍മാരാണ് ഗൈഡുകളായി വര്‍ക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 15 രൂപയും. ഉച്ച ആയതിനാല്‍ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലര്‍ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോള്‍ കുളക്കടവിലേക്കെന്നോണം കുറെ പെണ്‍കിടാങ്ങള്‍ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പണ്‍ ബാത്തിന് എന്നു ഞങ്ങളില്‍ ചിലരുടെ അമ്മമനസ്സ്.

Aaralam, Kannur, Keralaപത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകള്‍ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകള്‍ കാണാമായിരുന്നു. അവിടെ ആദിവാസികള്‍ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ് ഫാം. അതില്‍ 1000 ഏക്കര്‍ ആദിവാസികള്‍ക്ക് വിട്ടുകൊടുത്തു. ഒരാള്‍ക്ക് ഒരേക്കര്‍ എന്ന കണക്കില്‍.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് 'കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..' എന്ന ബിന്‍സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും 'ഇതാ എന്നെ കണ്ടോളൂ ' എന്നു പറയാന്‍ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയില്‍ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയില്‍ നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ് ചീനിമരം.

വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. ഒരുപാടുയരത്തില്‍ വളരുന്നത് കൊണ്ട് ഒടിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച് രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പല്‍ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളില്‍ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങള്‍ക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെണ്‍കിടാവിനെപ്പോലെ ചില അരുവികള്‍.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാര്‍ട്‌സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നില്‍ പുട്ടുകുറ്റിയില്‍ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവര്‍ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണില്‍ നിറച്ച് യാത്ര തുടര്‍ന്നു. ഭ്രമരം പടത്തില്‍ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിച്ചു. ചിലയിടങ്ങളില്‍ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളില്‍ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുള്‍ റിസ്‌കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളില്‍ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങള്‍ക്കു മുന്നില്‍ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങള്‍ ! ചിലപ്പോള്‍ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകള്‍ വന്നെന്നുമിരിക്കും.

Aaralam, Kannur, Keralaയുഗങ്ങള്‍ക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങള്‍ കണ്ടപ്പോള്‍. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിര്‍മ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവര്‍ പോലും ഞങ്ങള്‍ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരില്‍ ചെങ്കുത്തായ കയത്തിന്റെ കരയില്‍ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കര്‍ണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തില്‍ നിന്നു താഴോട്ട് പതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം.

അതിന്റെ അരികിലൂടെ അടര്‍ന്ന കല്ലുകളില്‍ ചവിട്ടിയും വള്ളികളില്‍ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ''ഇറക്കം സുഖമാണ്. കയറ്റമാണ്.....' എന്ന അര്‍ദ്ധോക്തിയില്‍ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലര്‍ മടങ്ങുന്നു.

താഴെ പലചാലില്‍ ഒഴുകിയൊടുവില്‍ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍. കൈക്കുമ്പിളില്‍ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയില്‍ അള്ളിപ്പിടിച്ച് മീന്‍മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവില്‍ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകള്‍.

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകള്‍ പോരാതെ വടികളില്‍ താങ്ങിയും ആളുകള്‍ എനിക്കു പിറകെയുണ്ട്. വീണ്ടും തുടര്‍ന്ന റോഡ് യാത്ര എണ്‍പത് അടി ഉയരത്തിലുള്ള വാച്ച് ടവറില്‍ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാനാണ് കാട്ടിന്റെ നടുവില്‍ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. 'ഞങ്ങളിപ്പോള്‍ എയറിലാണ്'' കുമാരേട്ടന്‍ ആരോടോ ഫോണില്‍ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂര്‍ മല. ശരീരമാകെ മേഘമാലകള്‍ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകള്‍ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോള്‍ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോള്‍ കാലുകള്‍ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാര്‍ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തില്‍, ഭാവത്തില്‍, ചിന്തയില്‍ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങള്‍ തിരികെ ഇറങ്ങിയത് ഒരേ ചെമ്മണ്‍ നിറത്തിലായിരുന്നു. വണ്ടിയില്‍ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയില്‍ മഴത്തുള്ളികള്‍ ! ഇലച്ചാര്‍ത്തുകളില്‍ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ. 'ഞാനിവിടെ വീണ്ടും വരും' അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതില്‍ മന്ത്രിച്ചതു പോലെ..


Text: Sindhu K V