നമ്പര്‍ മാറ്റാനുള്ള നമ്പരുകള്‍ ഇനി ചിലവാകില്ല. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഒരു സേവനദാതാവില്‍ നിന്നു മറ്റൊന്നിലേക്കു മാറുമ്പോള്‍ ഇന്നു മുതല്‍ നിങ്ങള്‍ക്കു നമ്പര്‍ നിലനിര്‍ത്താം. ടെലികോം രംഗത്തെ നാഴികക്കല്ലായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) രാജ്യത്ത് നിലവില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ സ്വാതന്ത്ര്യം പ്രഘോഷിക്കുകയാണ്, നമ്പരുകളുടെ സൗന്ദര്യം ദേശസാല്‍ക്കരിക്കപ്പെടുകയാണ്. ഒരു നമ്പരുകളും ഇനി സേവനദാതാക്കളുടെ കുത്തകയല്ല. എംഎന്‍പി നിലവില്‍ വരുന്നതോടെ മൊബൈല്‍ നമ്പര്‍ നോക്കി അത് ഏത് സേവനദാതാവിന്റേതാണെന്നു പറയാന്‍ സാധിക്കാതെ വരും. ഒപ്പം ഒരേ സേവനദാതാവിനു കീഴിലുള്ള നമ്പരുകള്‍ക്കുള്ള ഓഫറുകളുടെ പ്രസക്തിയും കുറയും. നമ്പര്‍ മാത്രമേ മാറൂ, നമ്പരിനോടൊപ്പമുള്ള ഓഫറുകളും പ്ലാനുകളും മാറില്ല എന്നു ചുരുക്കം.
കണക്ഷന്‍ മാറുമ്പോള്‍ പഴയ നമ്പരും കൂടെക്കൊണ്ടുപോകാം എന്നതിനപ്പുറത്താണ് സത്യത്തില്‍ എംഎന്‍പിയുടെ സാധ്യതകള്‍. മറ്റു കമ്പനികള്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലേക്ക് മാറണമെന്ന് ആഗ്രഹമുള്ളവര്‍ വേണ്ടെന്നു വയ്ക്കുന്നത് ഏറെ നാളായി ഉപയോഗിക്കുന്ന നമ്പര്‍ മാറേണ്ടി വരുമല്ലോ എന്നോര്‍്ത്തു മാത്രമാവും. ബാങ്കുകളിലടക്കം ഫോണുമായി ബന്ധപ്പിച്ചിട്ടുള്ള സേവനങ്ങള്‍ക്കും അനേകം ആളുകള്‍ക്കും നല്‍കിയിട്ടുള്ള നമ്പര്‍ മാറ്റുക എന്ന റിസ്‌ക് ആണ് എന്‍എന്‍പിയുടെ വരവോടെ ഇല്ലാതാകുന്നത്. സേവനദാതാക്കളെ സംബന്ധിച്ചിടത്തോളം ഉപയോക്താക്കള്‍ 100 ശതമാനം സ്വതന്ത്രരാകുന്നതോടെ ആരും എങ്ങോട്ടു വേണമെങ്കിലും പോകാം എന്ന ആശങ്ക ഓരോരുത്തരെയും കൂടെ നിര്‍ത്താന്‍ കൂടുതല്‍ മെച്ചപ്പെട്ട ഓഫറുകള്‍ അടിക്കടി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായിത്തീരും.
എംഎന്‍പി ദേശീയതലത്തില്‍ നിലവില്‍ വരുന്നത് ഇന്നാണെങ്കിലും ഹരിയാനയില്‍ നവംബര്‍ 25 മുതല്‍ പ്രചാരത്തിലുണ്ട്. കണക്കുകള്‍ പ്രകാരം നാളിതുവരെ ഹരിയാനയില്‍ ഒരു ലക്ഷത്തോളം ആളുകളാണ് നമ്പര്‍ സ്വാതന്ത്ര്യം ഉപയോഗിച്ചത്. രാജ്യത്ത് നേരത്തെ നടത്തിയ പഠനം അനുസരിച്ച് 25 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും നമ്പര്‍ നിലനിര്‍ത്തി കണക്ഷന്‍ മാറാനാഗ്രഹിക്കുന്നവരാണെന്നു കണ്ടെത്തിയിരുന്നു. ദേശീയതലത്തില്‍ എംഎന്‍പി നിലവില്‍ വരുന്നത് മുഖ്യസേവനദാതാക്കളെല്ലാം നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ നമ്പരുമായി ഞങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്കു വരൂ എന്നാഹ്വാനം ചെയ്യുന്ന ആകര്‍ഷകമായ പരസ്യങ്ങളും ടോള്‍ ഫ്രീ നമ്പരുകളുമായി പ്രധാന കമ്പനികളൊക്കെ ഒരാഴ്ച മുമ്പേ രംഗത്തെത്തി കഴിഞ്ഞു. ആളെ ഇങ്ങോട്ടു പിടിക്കാമെന്ന മോഹത്തിനപ്പുറം എത്ര ഉപയോക്താക്കള്‍ നമ്പരുമായി സ്ഥലം വിടും എന്ന ആശങ്ക തന്നെയാണ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നത്. അങ്ങനെ പോകാനാഗ്രഹിക്കുന്നവരെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ മിക്ക കമ്പനികളും പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വന്‍തുക ബില്ലടയ്ക്കുന്ന, വിശ്വസ്തരും പ്രമുഖരുമായ ഉപയോക്താക്കള്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കു ശ്രമിച്ചാല്‍ ബില്‍ തുക കുറച്ചു നല്‍കിയും, വ്യക്തിഗത ഓഫറുകള്‍ നല്‍കിപ്പോലും അത്തരക്കാരെ കൂടെ നിര്‍ത്താനും കമ്പനികള്‍ ശ്രമിക്കുന്നുണ്ടത്രേ.
ഒരു സേവനദാതാവിനോടുള്ള പൊതുവായ ഇഷ്ടമോ അനിഷ്ടമോ എംഎന്‍പിയില്‍ വേഗം പ്രകടമാകും. പ്രതീക്ഷിക്കുന്ന ഓഫര്‍ ഉണ്ടായില്ലെങ്കില്‍, ഒരു പ്ലാന്‍ ഇഷ്ടമായില്ലെങ്കില്‍, ഉപയോക്താക്കള്‍ കണക്ഷന്‍ മാറ്റത്തിനു ശ്രമിച്ചെന്നിരിക്കും. എത്ര മികച്ച ഓഫര്‍ നല്‍കിയാലും വെറുതെ നെറ്റ്‌വര്‍ക്ക് മാറാനുള്ള പ്രവണതയുമുണ്ട്. അത് കൂടി ഇല്ലാതാക്കണമെങ്കില്‍ ഓഫറുകള്‍ ആകര്‍ഷകമായേ മതിയാവൂ. കമ്പനികള്‍ തമ്മില്‍ ഉപയോക്താവിനെ സന്തോഷിപ്പിക്കാന്‍ മല്‍സരിക്കേണ്ടി വരും. പരസ്യകോളുകളടക്കമുള്ള ശല്യങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി അച്ചടക്കമുള്ള സേവനദാതാവായിരുന്നില്ലെങ്കില്‍ ഉപയോക്താവിന് പാട്ടിനു പോകും എന്നു ചുരുക്കം.
കാമുകിയെ മാറുന്ന പോലെ ഈസിസായി നമ്പര്‍ മാറാന്‍ പറ്റില്ല. കുറഞ്ഞത് മൂന്നു മാസമെങ്കിലും ഒരേ നെറ്റ്‌വര്‍ക്കില്‍ നില്‍ക്കാതെ മറ്റൊന്നിലേക്കു മാറാനാവില്ല. ഇതിന് ചെലവ് വെറും 19 രൂപ മാത്രം. എന്നാല്‍ പുതിയ കണക്ഷന്‍ സിംകാര്‍ഡ്, റീചാര്‍ജ്, ടോപ് അപ് ഒക്കെയായി ഏകദേശം 100 രൂപയോളം ചെലവാകും. ആക്ടിവേഷന് നാലു ദിവസം വരെ വേണ്ടിവരും. പ്രീപെയ്ഡ് കണക്ഷനില്‍ പോര്‍ട്ടിംഗ് സമയത്തുള്ള ബാലന്‍സ് ടോക്‌ടൈം നഷ്ടമാകും.ഒരു ടെലികോം സര്‍ക്കിളിനുള്ളില്‍ മാത്രമേ പോര്‍ട്ടിംഗ് നടത്താന്‍ കഴിയൂ.പോസ്റ്റ് പെയ്ഡ് കണക്ഷനില്‍ ബില്‍ കുടിശിക ഉണ്ടെങ്കില്‍ പോര്‍ട്ടിംഗ് അനുവദിക്കില്ല.
കടപ്പാട് : Berly Thomas
No comments:
Post a Comment