Showing posts with label Naseer. Show all posts
Showing posts with label Naseer. Show all posts

Tuesday, March 29, 2016

ചിരിയില്‍ പാരമ്പര്യത്തിന്റെ കരുത്ത്‌

അടൂര്‍ ഭാസി മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു. ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാള്‍. ഒരു സുപ്രഭാതത്തില്‍ അഭിനയരംഗത്ത് വന്ന് കൊടിനാട്ടിയ കലാകാരനായിരുന്നില്ല അടൂര്‍ ഭാസിയെന്ന ഭാസ്‌കരന്‍ നായര്‍. നിരന്തരമായ പരിശീലനം അതിന്റെ പിന്നിലുണ്ടായിരുന്നു. ഹാസ്യാഭിനയത്തിന് ഒരു പുതിയ മാനം പകര്‍ന്നു നല്‍കാന്‍ ഭാസിക്ക് കഴിഞ്ഞു. അറുനൂറില്‍പ്പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 

പ്രശസ്തസാഹിത്യകാരനും, നാടക രചയിതാവും പത്രാധിപരുമൊക്കെയായിരുന്ന ഈ.വി.കൃഷ്ണപിള്ളയുടെ ആണ്‍മക്കളില്‍ നാലാമത്തേയാളായിരുന്നു ഭാസ്‌കരന്‍ നായര്‍. അമ്മയാണെങ്കില്‍ മലയാളത്തിലെ ആദ്യകാല നോവലിസ്റ്റും, അഭിനേതാവും, നാടകരചയിതാവുമായിരുന്ന സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയും. കലാപാരമ്പര്യംകൊണ്ട് സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് രംഗവേദിയിലേക്ക് കടന്നു വരാനും പ്രഗല്ഭനായ ഒരു അഭിനേതാവായിത്തീരാനും ഭാസിക്ക് അനായാസം കഴിയുകയും ചെയ്തു. 

തിരുവനന്തപുരത്ത് 1927-ല്‍ ആയിരുന്നു ഭാസി ജനിച്ചത്. സന്തോഷകരമായി കുടുംബ ജീവിതം നയിച്ചു വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഈ.വി.കൃഷ്ണപിള്ള അന്തരിച്ചത്. അതോടെ ജീവിത പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്ന മഹേശ്വരിയമ്മയും മക്കളും ഈ.വി.യുടെ കുടുംബസ്ഥലമായ അടൂരിലേക്ക് പോയി. ചെറിയ ക്ലാസ്സുകളിലൊക്കെ പഠിക്കാന്‍ ഭാസിയ്ക്ക് കഴിഞ്ഞത് അടൂരിലായിരുന്നു. ഇന്റര്‍മീഡിയേറ്റിന് പഠിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പിന്നീട് തിരുവനന്തപുരത്തേക്ക് വന്നത്. എം.ജി.കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്ന ഭാസി തിരുവനന്തപുരത്ത് കലാപ്രവര്‍ത്തനങ്ങളില്‍ വല്ലപ്പോഴുമൊക്കെ പങ്കുകൊള്ളുകയം ചെയ്തിരുന്നു.

കുട്ടിക്കാലത്തു തന്നെ സാഹിത്യ രചനയില്‍ മാത്രമല്ല നാടകരചനയിലും അത് രംഗത്തവതരിപ്പിക്കുന്നതിലും ഭാസി താല്പര്യം കാട്ടിയിരുന്നു. ഇതിനിടയില്‍ എം.ജി.കോളേജില്‍ രണ്ടുവര്‍ഷത്തെപഠനം കഴിഞ്ഞു ടെക്സ്റ്റയില്‍ ടെക്‌നോളജി പഠിക്കുവാന്‍ മധുരയിലേക്ക് പോയി. ആ വിഷയത്തില്‍ ഡിപ്ലോമ നേടിയെങ്കിലും ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങികൂടാന്‍ ആ സര്‍ഗ്ഗശേഷിയുള്ള കലാകാരന് കഴിഞ്ഞില്ല. വീണ്ടും തിരുവനന്തപുരത്ത് തന്റെ ആവേശമായ അഭിനയം പ്രകടമാക്കാന്‍ നശ്രമം തുടങ്ങി. അതില്‍ ഭാസി വിജയം കൈവരിക്കുകയും ചെയ്തു. 

മലയാള സിനിമാ രംഗം അക്കാലത്ത് പച്ചപിടിച്ച് വരാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപൂര്‍വ്വമായി ചിത്രങ്ങള്‍ പുറത്തുവന്ന് ജനങ്ങളെ വശീകരിച്ച് കൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്തെ മെരിലാന്റ് സ്റ്റുഡിയോയും, ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയും ഏതാനും ചിനത്രങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. മെരിലാന്റ് സ്റ്റുഡിയോയില്‍ വച്ച് പി.ആര്‍.എസ്.പിള്ളയും വിമല്‍കുമാറും ചേര്‍ന്ന് ഒരു ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചു. ഇതില്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ കഥയും തിരക്കഥയുമെഴുതി അഭിനയിച്ചു. 'തിരമാല' എന്ന ഈ ചിനത്രം നിര്‍മ്മിക്കപ്പെട്ടത് 1953 ലായിരുന്നു. ഈ ചിത്രത്തില്‍ വളരെ ചെറിയ ഒരു റോള്‍ അഭിനയിച്ചു കൊണ്ട് ഭാസി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചു. അന്ന് തിരമാലയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് പിന്നീട് പ്രശസ്തനായ രാമുകാര്യാട്ട് എന്ന സംവിധായകനായിരുന്നു. 

അതിനുശേഷം പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ നാടകങ്ങളില്‍ അഭിനയിച്ചും, മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഭാസി തിരുവനന്തപുരത്തു തന്നെ കഴിഞ്ഞു. തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്‍' എന്ന നാടകം സിനിമയാക്കാന്‍ രാമുകാര്യാട്ട് തീരുമാനിക്കുകയും, പ്രധാനവേഷങ്ങളില്‍ സത്യനെയും അംബികയെയുമൊക്കെ താരങ്ങളായി നിശ്ചയിക്കുകയും ചെയ്തു. ഭാസിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കാര്യാട്ട് ശ്രദ്ധിക്കപ്പെട്ട ഒരു റോള്‍ അതില്‍ നല്‍കി. അതോടെ ഭാസി അറിയപ്പെട്ട ഒരു നടനായിത്തീര്‍ന്നു. 

ഏതു വേഷവും തികഞ്ഞ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുവാന്‍ കഴിയുമായിരുന്ന ഭാസിക്ക് ജനനപ്രീതി കൂടുതല്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഹാസ്യത്തിന്റെ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു. മലയാള സിനിമയിലെ സംവിധായകര്‍ക്ക് ഒരു കുതിക്കുന്ന റബ്ബര്‍ പന്ത് പോലെയായിരുന്നു ഭാസി. വെണമെങ്കില്‍ ഏതളവിലും ആ അഭിനയചാതുരി ഉപയോഗപ്പെടുത്താം. ഒരു കാര്യം മാത്രം, ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വേണം അതളന്നെടുക്കാന്‍. കോമഡിയായാലും സ്വഭാവനടന്റെ വേഷമായാലും എല്ലാം ധാരാളിത്തത്തോടെ ആ സര്‍ഗ്ഗധനന്‍ അവതരിപ്പിച്ചെന്നിരിക്കും. അത്ര മാത്രം അടിത്തറ ആ അഭിനയമികവിനുണ്ടായിരുന്നു.

അഭിനയത്തില്‍ മാനത്രമല്ല പച്ചയായ ജീവിതനിരീക്ഷണത്തിലും ആ ഭാവന മികച്ച് നിന്നിരുന്നു. പല ചെറിയ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് സുഹൃദ് സദസില്‍ അവതരിപ്പിച്ച് മറ്റുള്ളവരെ രസിപ്പിക്കുന്നതിനുള്ള കഴിവും അപാരമായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതുമാണ്. പ്രശസ്തനായ പ്രാസംഗികനും കൗമുദിവാരികയുടെ പത്രാധിപരുമായിരുന്ന കെ.ബാലകൃഷ്ണന്‍ ദൂരയാത്രപോകുമ്പോള്‍ ഭാസിയേയും കൂടെ കൂട്ടുമായിരുന്നു. മനസ്സു തുറന്നു ചിരിക്കാന്‍ വേണ്ടിമാത്രം. ഈ.വി.കൃഷ്ണപിള്ളയുടെ ഈ മകന്‍ അന്നത്തെ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്നു.

ബൗദ്ധിക തലത്തിലുള്ള തമാശകള്‍ക്ക് ഭാസിയുടെ ആവനാഴിയില്‍ യാതൊരു ലോപവുമില്ലായിരുന്നു. ഷൂട്ടിംഗ് സെറ്റുകളില്‍ അത് മിക്കപ്പോഴും മുഴങ്ങിക്കേള്‍ക്കാം. അവരുടെ കൂട്ടത്തില്‍ തിക്കുറിശ്ശിയും ബഹദൂറും ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട. നിര്‍ദ്ദോഷമായ ഹാസ്യാവതരണമായിരിക്കും അതെന്ന് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം. സഹപ്രവര്‍ത്തകരെപ്പറ്റി കെട്ടുകഥകള്‍ സൃഷ്ടിക്കുവാന്‍ ഭാസിക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ആരും അത് വിശ്വസിച്ചുപോകും. 

മണ്ടന്മാരുടെ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ അടൂര്‍ഭാസിയെപ്പോലെ കഴിവ് പ്രകടമാക്കിയിട്ടുള്ള ഹാസ്യനടന്മാര്‍ അപൂര്‍വ്വമായിരുന്നു. ഭാസിയുടെ നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുള്ളത് ബഹദൂര്‍ എന്ന മറ്റൊരു ഹാസ്യ നടന് മാത്രമായിരുന്നു. മലയാളത്തിലെ ലാറല്‍ ആന്റ് ഹാര്‍ഡിമാരായി അവര്‍ അറിയപ്പെടുകയും ചെയ്തിരുന്നുവല്ലോ. അക്കാലഘട്ടത്തില്‍ പുറത്ത് വന്നിട്ടുള്ള ചിത്രങ്ങളില്‍ ഈ രണ്ടു പേരുടേയും സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായിരുന്നു. ഭാസി നായകനടനോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് മിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് കാണാം. 

പ്രേംനസീര്‍ ആയിരുന്നു നായകനടന്‍ എന്നതിന് സംശയവുമില്ല. രാഷ്ട്രീയ രംഗത്തും ഒന്ന് പയറ്റിനോക്കാന്‍ മടിച്ചില്ല അടൂര്‍ഭാസി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു കൗണ്‍സിലറാകുവാന്‍ വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയായും നിന്നിരുന്നു. അതില്‍ പരാജയം ഏറ്റുവാങ്ങിയ ഭാസി, രാഷ്ട്രീയ രംഗത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അവിടെ പണവും പ്രതാപവും നേടുന്നതിനുള്ള മറ്റൊരു വിശാലമായ രംഗം ഭാസിക്ക് വേണ്ടി തുറന്ന് കിടക്കുകയായിരുന്നു: അഭിനയം. അവിടെ ഹാസ്യാഭിനയത്തിന്റെ ഉന്നത പീഠത്തിലെത്താന്‍ അധികനാളൊന്നും വേണ്ടി വന്നില്ല ഭാസിക്ക്. ഭാസി അഭിനയിച്ച ചിത്രങ്ങളുടെ പേരുകള്‍ ഒന്നൊന്നായി എടുത്തുപറയാന്‍ തുനിഞ്ഞാല്‍ ഈ ലേഖനം വളരെ നീണ്ടുപോകും. എന്നാല്‍ എണ്ണപ്പെട്ട ചിത്രങ്ങളൂടെ പേരുകള്‍ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറ്റുരംഗങ്ങളിലുള്ള കഴിവിനെപ്പറ്റി പരാമര്‍ശിക്കാം. 

ഓടയില്‍ നിന്ന്, കാവ്യമേള, മുറപ്പെണ്ണ്, കാട്ടുതുളസി, സ്ഥാനാര്‍ത്ഥി സാറാമ്മ, ഇരുട്ടിന്റെ ആത്മാവ്, അച്ചാണി, നെല്ല്, മാന്യശ്രീ വിശ്വാമിത്രന്‍, നഗരമേ നന്ദി, ചിത്രമേള, ചട്ടക്കാരി, അന്വേഷിച്ചു കണ്ടെത്തിയില്ല. വിരുതന്‍ ശങ്കു, അഗ്‌നിപുത്രി, തുലാഭാരം, ലക്ഷപ്രഭു, മുച്ചീട്ടുകളിക്കാരന്റെ മകള്‍, നദി, മൂലധനം, വാഴ്‌വേമായം, പ്രിയ, ത്രിവേണി അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ഏതാനും ചിത്രങ്ങളിലെ അഭിനയമികവ് ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.

ഹാസ്യം മാത്രമല്ല ഏത് വേഷവും ആ രൂപത്തിന് ഇണങ്ങിച്ചേരുമെന്ന് വര്‍ഷങ്ങള്‍ കഴിയുന്തോറും തെളിയിക്കപ്പെട്ടുകൊണ്ടിരുന്നു. 'ചട്ടക്കാരി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1974-ലെ കേരള സര്‍ക്കാറിന്റെ നല്ല നടനെന്നുള്ള പുരസ്‌കാരം നേടിയത് ഭാസിയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മറ്റു രണ്ടു പുരസ്‌ക്കാരങ്ങള്‍ കൂടി ഭാസിയെത്തേടിയെത്തി. 1978-ലും 1979-ലും അവാര്‍ഡുകള്‍ നേടിയിരുന്നു.
ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുവാന്‍ നമ്മുടെ സംവിധായകര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. വെറും കോമഡിയന്‍ എന്നുള്ള നിലയില്‍ ഭാസിയെ തളച്ചിടുകയായിരുന്നു അവര്‍. 

അപൂര്‍വ്വം പ്രതിഭാശാലികളായ സംവിധായകര്‍ ആ നടനിലെ കഴിവുകള്‍ കണ്ടെത്തിയിരുന്നു എന്നതിന് തെളിവായിട്ട് ചൂണ്ടിക്കാട്ടാവുന്നത് ജോണ്‍ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍'. എന്ന ചിത്രമായിരുന്നു. 1978-ലെ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു.

വില്ലന്‍ വേഷങ്ങളില്‍ ഭാസി അഭിനയിച്ചു എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ മൂന്ന് ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസനേടിയെടുത്തു ഭാസി. 'കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യന്‍' എന്നീ ചിത്രങ്ങളിലാണ് വില്ലന്‍ കഥാപാനത്രമായി അഭിനയിച്ചത്. മാത്രമല്ല ഇരട്ട വേഷങ്ങളിലും അഭിനയമികവ് പ്രകടമാക്കിയ നടനായിരുന്നു അദ്ദേഹം. സാധാരണയായി നായക നടന്മാരാണ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കാറുള്ളത്. ഇവിടെ നായക നടനോടൊപ്പം പ്രാധാന്യം കല്പിച്ചിരുന്നു ഭാസിക്ക്. കൊട്ടാരം വില്ക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളില്‍ ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നതരത്തിലുള്ള അഭിനയചാതുരിയാണ് പ്രകടമാക്കിയിട്ടുള്ളത്.

ഭാസി അഭിനയിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1977-ല്‍ 'അച്ചാരം അമ്മിണിഓശാരം ഓമന', 'ആദ്യപാഠം' എന്നീ ചിത്രങ്ങളും, 1978-ല്‍ 'രഘുവംശം' എന്ന ചിത്രവുമായിരുന്നു അത്. അഭിനയ ജീവിതത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി ചിനത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഒരുമ്പെട്ടത് ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

ഒരേ രീതിയില്‍ത്തന്നെയുള്ള ഹാസ്യരംഗങ്ങള്‍ അവതരിപ്പിച്ച് മടുത്തപ്പോള്‍, ക്രിയാത്മകമായ മറ്റൊരു രംഗത്ത് പ്രവര്‍ത്തിച്ചു എന്നേ കരുതേണ്ടതുള്ളു. മുന്നും സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയായിരുന്നു 'അച്ചാരം അമ്മിണിഓശാരം ഓമന' എന്ന ചിത്രത്തിന്റെ നിര്‍മാതാവ്. നല്ലൊരു താരനിര തന്നെ ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഭാസിക്കും ബോബനും കഴിഞ്ഞു. ശാരംഗപാണിയാണ് ഇതിന്റെ കഥയും തിരക്കഥയും എഴുതിയത്. ഗാനങ്ങള്‍ പി.ഭാസ്‌കരനും സംഗീതം ജി.ദേവരാജനുമായിരുന്നു.

അഭിനയിക്കാനുള്ള തന്റെ റോളില്‍ ഒരു ഗാനം ആവശ്യമാണെന്ന് വന്നാല്‍, അത് ആലാപനം ചെയ്യാനും ഒരു ഗായകന്‍ കൂടിയായ ഭാസിക്ക് കഴിഞ്ഞിരുന്നു. ഒന്‍പതോളം ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത 'ആദ്യകിരണങ്ങളിലെ 'ആനച്ചാല്‍ ചന്ത...' എന്ന് തുടങ്ങുന്ന ഗാനം വളരെയധികം നേപ്രക്ഷകരെ രസിപ്പിക്കുകയും അഭിനയമികവ് കൊണ്ട് ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതുമാണ്.

'സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന ചിത്രത്തിലെ 'വോട്ടില്ല, വോട്ടില്ല.... കടുവാപ്പെട്ടിക്കോട്ടില്ല'- 'ലോട്ടറി ടിക്കറ്റ്' എന്ന ചിത്രത്തിലെ 'ഒരു രൂപാനോട്ടുകൊടുത്താല്‍... 'ആഭിജാത്യത്തി'ലെ 'തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളിവണ്ടി...' എന്നീ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഹാസ്യഗാനങ്ങള്‍ പാടുന്നതിന് യോജിച്ച ശബ്ദമായിരുന്നു ഈ നടനുണ്ടായിരുന്നത്. കാട്ടുകുരങ്ങ്, തെക്കന്‍ കാറ്റ് സാക്ഷി, ചക്രവാകം കണ്ണൂര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. സിനിമാരംഗത്തെ ഒരു ബഹുമുഖ പ്രതിഭ എന്ന് ഭാസിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഭാസിയുടെ അഭിനയശൈലി അനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ തുടര്‍ന്നാണ് നൂതന പ്രവണതകള്‍ ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടത്. മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു എന്നത് വിസ്മരിക്കാനാവില്ല.
ഒരു ജീവിതകാലം മുഴുവന്‍ നാടകാഭിനയരംഗത്തും സിനിമയിലും കഴിവുകള്‍ പ്രകടമാക്കി നിറഞ്ഞു നിന്ന ഭാസി 1990 മാര്‍ച്ച് മാസം 29-ാം തീയതി ഈ ലോകത്തോട് യാത്ര പറഞ്ഞു.

എന്‍.സി സേനന്‍

Monday, July 7, 2014

തമാശ കാണാപ്പാഠമാക്കുന്ന മമ്മൂട്ടി

പി.ഒ. മധുമോഹന്‍

തമാശക്കാരന്‍
മമ്മൂട്ടി തമാശയൊന്നും പറയാത്ത ആളാണെന്നാണല്ലോ പൊതുവേയുള്ള വെപ്പ്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ആകെ മൊത്തം ജീവിതത്തിനിടയില്‍ മമ്മുക്ക വിജയകരമായി രണ്ടു തമാശകള്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനി സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ശ്രീനിയോടു തന്നെയാണ്.

പരിഹാസത്തിന്റെ കൂരമ്പെയ്യുന്നതില്‍ വിദഗ്ധനായ ശ്രീനി ഒരു ദിവസം മറ്റെന്തോ സംസാരിക്കുന്ന കൂട്ടത്തില്‍ മമ്മൂട്ടിയോട് പറഞ്ഞുവത്രേ: 'മമ്മൂട്ടി, നമ്മളൊക്കെ അഭിനയരംഗത്ത് പിടിച്ചു നില്ക്കുന്നത് നിങ്ങളെപ്പോലെ ഗ്ലാമറിന്റെ പേരിലല്ലല്ലോ. കഴിവുള്ളതുകൊണ്ടല്ലേ?'
ഉടനെ വന്നുവത്രേ മമ്മൂട്ടിയുടെ മറുപടി: 'പിടിച്ചു നില്ക്കാന്‍ ഈ അഭിനയമെന്നൊക്കെ പറയുന്ന സാധനം വല്ലയിടത്തും കെട്ടിത്തൂക്കിയിട്ടിരിക്കുകയാണോ?' തമാശ നമ്പര്‍ വണ്‍!

അടുത്ത തമാശ പറഞ്ഞത് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെക്കുറിച്ചാണ്. ഡെന്നീസിന്റെ മകനെ കോപ്പിയടിച്ചതിനു പിടിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ഉടന്‍ വന്നുവത്രെ മമ്മൂട്ടിയുടെ കമന്റ്: 'അതെങ്ങനെയാ, കോപ്പിയടിക്കാതിരിക്കുന്നത്, ഡെന്നീസിന്റെയല്ലേ മോന്‍.'
ഇങ്ങനെ തമാശകളൊക്കെ പറഞ്ഞു തുടങ്ങിയ മമ്മൂട്ടി ഒരു ദിവസം ഭയങ്കര സന്തോഷത്തോടെ മുകേഷിനോട് പറഞ്ഞത്രേ: 'മുകേഷേ, തമാശ പറയാന്‍ നിനക്കു മാത്രമല്ല നമുക്കും പറ്റും കേട്ടോ. നീ പറഞ്ഞ ആ എം.ജി. സോമന്റെ സംഭവമില്ലേ, അത് ഞാന്‍ രാവിലെ എന്നെക്കാണാന്‍ വന്ന പാര്‍ട്ടിയോട് പറഞ്ഞു. രണ്ടെണ്ണോം ഗംഭീരമായിട്ട് ചിരിച്ചു മറിഞ്ഞു. ഇതൊക്കെ നമുക്കും പറ്റും ആശാനേ', മമ്മൂട്ടി നെഞ്ചു വിരിച്ചു.

'ആണോ, അപ്പം മറ്റേ ഗ്ലാസ്സിന്റെ അകത്തിങ്ങനെ മുഖം കാണുന്നത് പറഞ്ഞോ?', മുകേഷ് ചോദിച്ചു.
'ഓ അതു പറഞ്ഞില്ല.' മമ്മൂട്ടി.
'പിന്നെ ട്രെയിന്‍ മൂവ് ചെയ്യുന്നെന്ന് വിചാരിച്ചിട്ട് എഞ്ചിന്‍കൊണ്ടു 
ചെന്നിടിക്കുന്നത് പറഞ്ഞോ?' വീണ്ടും മുകേഷ്.
'ഇല്ല അതു വിട്ടുപോയി.'
'പിന്നെ ക്ലബ്ബ് മാറ്റാന്‍ വേണ്ടി പറഞ്ഞിട്ട് ഫിനിഷ് ചെയ്‌തോ?'
'ഓ അതു ഞാന്‍ മറന്നുപോയി' ചമ്മല്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് 
മമ്മൂട്ടി പറഞ്ഞു.
കഥയുടെ കാതലായ വശങ്ങളെല്ലാം വിട്ടു കളഞ്ഞാണ് മമ്മൂട്ടി കഥ പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് ചിരിക്കാതിരിക്കാന്‍ പറ്റുമോ? പറഞ്ഞത് മമ്മൂട്ടിയല്ലേ?
കഥയിലെ യഥാര്‍ഥ സംഭവമെന്തെന്ന് മനസ്സിലാക്കാന്‍ കഥ കേട്ടവര്‍ മുകേഷിന്റെ പിന്നാലെ നടക്കുകയായിരുന്നുവത്രേ!


കര്‍ത്താവിന്റെ നാമത്തില്‍
ഒരു സിദ്ദിഖ്-ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്.
കഥയ്ക്ക് യോജിച്ച ഒരു വീട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍. കിട്ടുന്ന വീടൊന്നും സംവിധായകര്‍ക്ക് പറ്റുന്നില്ല, പറ്റുന്ന വീടൊന്നും കിട്ടുന്നുമില്ല.
അങ്ങനെയിരിക്കെയാണ് നല്ലൊരു വീട് പ്രൊഡക്ഷന്‍ മാനേജര്‍ കണ്ടു
പിടിച്ചത്. എല്ലാംകൊണ്ടും അനുയോജ്യം, പക്ഷേ, ഒരേയൊരു കുഴപ്പം മാത്രം. ഉടമസ്ഥന്‍ ഷൂട്ടിങ്ങിന് വീട് വിട്ടുകൊടുക്കില്ല.
'ചോദിക്കുന്ന കാശ് കൊടുക്കാമെന്ന് പറ' സിദ്ദിഖ് പറഞ്ഞു.
'അയാള്‍ക്ക് കാശിനോട് ഒരാര്‍ത്തിയുമില്ല. അത്രയും വലിയ കോടീശ്വരനല്ലേ... മാത്രമല്ല, അഞ്ചു മക്കള്‍ അമേരിക്കയിലും.' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'എങ്കില്‍ സിനിമയില്‍ ചെറിയൊരു വേഷം കൊടുക്കാമെന്ന് പറ. അതില്‍ വീഴാത്തവരില്ല.' ലാലിന്റെ ഉപായം ഇതായിരുന്നു.
'സിനിമ എന്നു കേട്ടാലേ അയാള്‍ക്ക് കലിപ്പാണ്. ഇതുവരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലത്രേ.'
ആ വഴിയും അടഞ്ഞു. ഇനിയെന്ത് വഴി?
'എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ കാണും. കള്ളു
കുടി, മറ്റ് വശപ്പിശകുകള്‍ അങ്ങനെയെന്തെങ്കിലും ഇയാള്‍ക്കുമുണ്ടോ?' ചോദ്യം കൊച്ചിന്‍ ഹനീഫയുടേതാണ്.
'നല്ല കാര്യമായി. 916 മാറ്റുള്ള സത്യകൃസ്ത്യാനിയാണയാള്‍. ബൈബിളും പള്ളിയും വിട്ടൊരു കളിയില്ല. കടുത്ത മതവിശ്വാസിയാണ് കക്ഷി. മതപരമായ കാര്യങ്ങള്‍ സംസാരിച്ച് മെരുക്കിയെടുത്താലേ കാര്യം നടക്കൂ...' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'അത്രേയുള്ളോ കാര്യം? എങ്കില്‍ ഞാനേറ്റു.' കൊച്ചിന്‍ ഹനീഫ ചാടിയെണീറ്റു.
'അങ്ങനെയാണെങ്കില്‍ ലാല്‍ പോട്ടെ. ഒന്നുമില്ലെങ്കിലും ഒരു കൃസ്ത്യാനിയാണല്ലോ'. സിദ്ദിഖ് നിര്‍ദേശിച്ചു.
'ഛേ, എന്നെ അത്രയും വിശ്വാസമില്ലേ? ഞാന്‍ വേറൊരു നമ്പര്‍ കണ്ടുവെച്ചിട്ടാ പറയുന്നത്, ചുമ്മാതല്ല.' കൊച്ചിന്‍ ഹനീഫയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ എല്ലാവരും കീഴടങ്ങി.
ഹനീഫയും സിദ്ദിഖും ലാലും ഉടന്‍ വീട്ടുടമസ്ഥനെ കാണാന്‍ പുറപ്പെട്ടു. മറ്റുള്ളവരെ കാറില്‍ ഇരുത്തി ഹനീഫ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ശരവേഗത്തില്‍ ഹനീഫ പുറത്തേക്ക് വന്ന് പറഞ്ഞു: 'അത് ശരിയാവൂല ആശാനേ, അയാള് പരമബോറനാ.'
അവസാന കൈയെന്ന നിലയ്ക്ക് ഒന്നു ശ്രമിച്ചുനോക്കാം എന്നു പറഞ്ഞുകൊണ്ട് സിദ്ദിഖും ലാലും വീട്ടുടമസ്ഥന്റെ മുന്നിലെത്തി. തങ്ങളുടെ അവസ്ഥ വിവരിച്ചു.
അപ്പോള്‍ വീട്ടുടമസ്ഥന്‍ അറിയിച്ചു:
'ഷൂട്ടിങ്ങിന് വീട് തന്നേക്കാമെന്ന് ഞാനേതാണ്ട് തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ദേ ആ തടിയന്‍ കയറിവന്നത്. വന്നപാടെ അയാള്‍ 
ചെയ്തതെന്തെന്നോ, ദേ ഈ പടത്തിനു മുന്നില്‍ നിന്ന് കുരിശുവരച്ചു.'
സിദ്ദിഖും ലാലും അയാള്‍ ചൂണ്ടിക്കാട്ടിയ പടത്തിലേക്കുനോക്കി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഒരു മുഴുനീള ചിത്രം! ടാഗോറിനെ യേശുക്രിസ്തുവായി ഹനീഫ തെറ്റിദ്ധരിച്ചതാണെന്ന് സിദ്ദിഖിനും ലാലിനും മനസ്സിലായി.
അവര്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് വീട്ടുടമസ്ഥന്‍ അറുത്തുമുറിച്ചു പറഞ്ഞു:
'ഇത്രയും കടുത്ത മതനിന്ദ കാണിച്ച നിങ്ങള്‍ക്ക് വീടുതരുന്ന പ്രശ്‌നമേയില്ല. നിങ്ങള്‍ക്ക് പോകാം...'

കുടികിടപ്പ്
മലയാളികള്‍ക്ക് മറക്കാനാവാത്തൊരു ദൃശ്യവിസ്മയമായിരുന്നു ഭരതന്റെ വൈശാലി.

ഷൂട്ടിങ്ങിനു മുന്‍പുതന്നെ ഓരോ ഫ്രെയിമുകളും വരച്ചുണ്ടാക്കി, കൃത്യമായ ഗൃഹപാഠത്തോടെയാണ് അദ്ദേഹം ആ സിനിമ പൂര്‍ത്തിയാക്കിയത്. മികച്ചൊരു ചിത്രകാരന്‍കൂടിയായ ഭരതന്റെ മാന്ത്രികസ്​പര്‍ശം അതിലങ്ങോളമിങ്ങോളം പതിഞ്ഞുകിടപ്പുണ്ട്.
ചിത്രത്തിന്റെ പ്രിവ്യു മദ്രാസില്‍ നടക്കുന്ന ദിവസം.

ഭരതന്റെ അടുത്ത സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരുമെല്ലാം പ്രിവ്യൂവിന് എത്തിയിരുന്നു. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ എല്ലാവരും ഭരതനെ മനസ്സുതുറന്ന് അഭിനന്ദിച്ചു. പാട്ടുകളും ഛായാഗ്രഹണവും സംവിധാനവുമെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. ഒരുപാട് അധ്വാനിച്ചുണ്ടാക്കിയ സിനിമ ഗംഭീരമായെന്ന് ഏകസ്വരത്തില്‍ അഭിപ്രായം വന്നപ്പോള്‍ സന്തോഷത്താല്‍ ഭരതന്റെ മനം നിറഞ്ഞു.

ഈ സമയത്താണ് സംവിധായകനും ഭരതന്റെ അടുത്ത സുഹൃത്തുമായ പവിത്രന്‍ അദ്ദേഹത്തിന്റെ അടുത്തേക്കു വരുന്നത്. പവിത്രന്റെ പരിഹാസത്തിന്റെ മൂര്‍ച്ച അനുഭവിക്കാത്ത സുഹൃത്തുക്കള്‍ ഇല്ലെന്നുതന്നെ പറയാം. പവിത്രന്‍ നിസ്സാരമട്ടില്‍ ചോദിച്ചു: 'ഭരതാ, ആ സന്ന്യാസിയുടെ പേരെന്തായിരുന്നു?'
'ഏതു സന്ന്യാസിയുടെ കാര്യമാ പവീ പറയുന്നത്?' ഭരതന്‍ മറുചോദ്യമെറിഞ്ഞു.
'എടാ, കാട്ടില്‍ അഞ്ചു സെന്റ് സ്ഥലം വളച്ചുകെട്ടി താമസിക്കുന്ന ആ സന്ന്യാസിയില്ലേ, അയാളുടെ പേരാ ഞാന്‍ ചോദിച്ചത്.'
പെട്ടെന്നുതന്നെ പവിത്രന്റെ ഉള്ളിലിരിപ്പ് ഭരതന് പിടികിട്ടി.
ഋശ്യശൃംഗന്റെ പിതാവായ വിഭാണ്ഡക മഹര്‍ഷിയുടെ ആശ്രമം കൊടുംകാട്ടിലാണ് സ്ഥിതിചെയ്യുന്നത്. ചിത്രത്തില്‍ ആശ്രമത്തിനു ചുറ്റുമായി ഒരു വേലി കെട്ടിയിരുന്നു. ദൃശ്യഭംഗിക്കായി കലാസംവിധായകന്‍ ചെയ്തതാണ്. നമ്മുടെ നാട്ടുകാരെപ്പോലെ മഹാമുനിമാര്‍ വേലികെട്ടുന്ന പതിവില്ലല്ലോ, അതും കൊടുംകാട്ടില്‍!
അക്കിടി മനസ്സിലായപ്പോള്‍ ഭരതന്‍ മൗനം പാലിച്ചു.
അപ്പോള്‍ വരുന്നു പവിത്രന്റെ അടുത്ത കമന്റ്:
'അപ്പോ, ഈ കുടികിടപ്പവകാശനിയമം അക്കാലത്തേ നടപ്പിലായിരുന്നു അല്ലേ?'
ഭരതന്‍ എന്തു പറയാന്‍!

അഭിനയം വരുന്ന വഴി
ഏതൊരു വ്യക്തിക്കും ചില മാനറിസങ്ങളും രീതികളുമൊക്കെ കാണും - ഇരിപ്പിലും നടപ്പിലും സംഭാഷണങ്ങളിലുമൊക്കെ. അഭിനേതാക്കള്‍ക്കും അതുണ്ട്. എത്ര മാറ്റാന്‍ ശ്രമിച്ചാലും അറിയാതെ അതു വന്നുപോകും.
ആദ്യകാലങ്ങളില്‍ മമ്മൂട്ടിക്കും ഇത്തരം ചില മാനറിസങ്ങള്‍ ഉണ്ടായിരുന്നു. പ്രണയരംഗങ്ങളിലും മറ്റും പാന്റിന്റെ കീശയില്‍ കൈയിടുക, വലതുകൈ ഒരു പ്രത്യേകരീതിയില്‍ ചലിപ്പിക്കുക തുടങ്ങിയ ചില സവിശേഷതകള്‍. പിന്നീട്, വളരെ ബോധപൂര്‍വം ശ്രമിച്ചാണ് അദ്ദേഹം അതു മാറ്റിയെടുത്തത്.

യശഃശരീരനായ പവിത്രന്‍ സംവിധാനംചെയ്ത ഉത്തരം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം. മഹാരാജാസ് കോളേജില്‍ സഹപാഠികളായിരുന്ന കാലം മുതലേ മമ്മൂട്ടിയും പവിത്രനും വളരെ തുറന്ന ബന്ധമാണുള്ളത്.
മമ്മൂട്ടിയും പാര്‍വതിയും നടന്നുവരുന്ന രംഗമാണ് എടുക്കുന്നത്.
പതിവുപോലെ മമ്മൂട്ടി പാന്റിന്റെ പോക്കറ്റില്‍ അറിയാതെ കൈയിട്ടു. പവിത്രന്‍ കൈയെടുക്കാന്‍ വിളിച്ചുപറഞ്ഞു.
'ഇത് റിഹേഴ്‌സലല്ലേ, ടേക്കില്‍ ശരിയാക്കാം', മമ്മൂട്ടി പറഞ്ഞു. അടുത്തത് ടേക്ക്. ഇരുവരും വീണ്ടും നടന്നുവരുന്നു. അറിയാതെ, മമ്മൂട്ടിയുടെ കൈ വീണ്ടും പോക്കറ്റിലെത്തി. സംവിധായകന്‍ കട്ട് പറഞ്ഞു. വീണ്ടും ടേക്ക്.
ഇത്തവണയും സ്ഥിതി തഥൈവ.
പവിത്രന് കുറച്ച് ദേഷ്യം വന്നു: 'എന്താ, മമ്മൂട്ടി ഇക്കാണിക്കുന്നത്?'
സൗഹൃദത്തിന്റെ സ്വാതന്ത്ര്യമെടുത്ത് ഹൃദ്യമായൊരു ചിരിയോടെ മമ്മൂട്ടി പറഞ്ഞു: 'പവീ, ഇതെന്റെയൊരു സ്റ്റൈലാ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അഭിനയം വരൂല്ല.'
വാക്കുകള്‍ക്ക് പിശുക്കില്ലാത്ത പവിത്രന്‍ ഉടന്‍ തിരിച്ചടിച്ചു: 'ഓഹോ, അങ്ങനെയാണല്ലേ? അപ്പോ വടക്കന്‍വീരഗാഥയില്‍ അഭിനയം വരാന്‍ താന്‍ ഏത് കോണോത്തിലാ കൈയിട്ടത്?'
മമ്മൂട്ടിക്കുപോലും ചിരിയടക്കാനായില്ല.

ദീനാനുകമ്പ
ചെയ്തതില്‍ ഏറെയും വില്ലന്‍ വേഷങ്ങളാണെങ്കിലും മനസ്സിലെന്നും നന്മയും മനുഷ്യത്വവും കാത്തുസൂക്ഷിച്ച കലാകാരനായിരുന്നു കെ.പി. ഉമ്മര്‍. ആ വലിയ മനസ്സിന്റെ ശുദ്ധഗതി ചില അബദ്ധങ്ങളിലേക്കും അദ്ദേഹത്തെ എത്തിച്ചിട്ടുണ്ട്. പഴയ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞു ചിരിക്കാറുള്ള അത്തരം കഥകളിലൊന്നിങ്ങനെ:
സംഭവം നടക്കുന്നത് പത്തു മുപ്പത് വര്‍ഷം മുന്‍പാണ്. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ കുറവായതിനാല്‍ താരങ്ങള്‍ അന്ന് ഗഗനചാരികളാണ്. മണ്ണില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് അവരെ വെള്ളിത്തിരയില്‍ മാത്രമേ കാണാനാവൂ.
അന്നൊരിക്കല്‍ കോഴിക്കോട്ട് ഒരു ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന് കെ.പി. ഉമ്മര്‍ വന്നു. രണ്ടു ദിവസത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് ഉമ്മറും സംഘവും മദ്രാസിലേക്ക് ട്രെയിനില്‍ തിരിച്ചുപോവുകയാണ്. അപ്പോഴാണ് ഒരു ഭിക്ഷക്കാരി ഈ കമ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നത്. ഉമ്മറുമായുള്ള സംഭാഷണത്തിനിടയില്‍ ശല്യമായി വന്നുകയറിയ യാചകിയോടുള്ള അനിഷ്ടത്താല്‍ നിര്‍മാതാവ് ഒരു പത്തുപൈസത്തുട്ടെടുത്ത് അവരുടെ പാത്രത്തില്‍ ഇട്ടു.
ഇതു കണ്ടപ്പോള്‍ ദുര്‍ബലമനസ്‌കനായ ഉമ്മറിന്റെ ഹൃദയം തകര്‍ന്നു.
'ഛേ, വെറും പത്തു പൈസയോ! എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ആ സ്ത്രീ തെണ്ടാന്‍ നില്ക്കുമോ? ഒരു കാര്യം മനസ്സിലാക്കണം, ഒരാള്‍ക്ക് ഒരുപകാരം ചെയ്താല്‍ അയാളെന്നും നമ്മളെ ഓര്‍ക്കും.'
ഇതിനിടയില്‍ യാചകി അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങിയിരുന്നു. പക്ഷേ, ഉമ്മര്‍ പ്രഭാഷണം തുടര്‍ന്നു:
'നമ്മള്‍ ഒരാള്‍ക്ക് ഒരു സഹായം ചെയ്യുമ്പോള്‍ അയാള്‍ മനസ്സ് നിറഞ്ഞ് ദൈവത്തോട് പ്രാര്‍ഥിക്കും. അതിന്റെ ഗുണം നമുക്കെന്നെങ്കിലും കിട്ടാതിരിക്കില്ല.'
ഉമ്മര്‍ ഒരാളെ വിട്ട് യാചകിയെ വിളിപ്പിച്ചു. പേഴ്‌സ് തുറന്ന് അഞ്ചുരൂപ നോട്ടെടുത്ത് അവര്‍ക്ക് കൊടുത്തു. (അന്നത്തെ അഞ്ചുരൂപ = ഇന്നത്തെ അഞ്ഞൂറു രൂപ)
അഞ്ചു രൂപ നോട്ട് കണ്ടപ്പോള്‍ തള്ളയ്ക്ക് അദ്ഭുതം; ജീവിതത്തില്‍ ഇതു
വരെ അങ്ങനെയൊന്ന് അവര്‍ കണ്ടിട്ടില്ലല്ലോ.
ആ സ്ത്രീയുടെ അമ്പരപ്പു കണ്ടപ്പോള്‍ ഉമ്മറിനും സന്തോഷമായി.
'എനിക്കുവേണ്ടി പ്രാര്‍ഥിക്കുമോ?'ഉമ്മര്‍ ചോദിച്ചു.
'പിന്നെന്താ, ഇത്രയും നല്ലൊരു മനുഷ്യനുവേണ്ടി പ്രാര്‍ഥിക്കാതിരിക്കുമോ?' തള്ളയുടെ സന്തോഷം അണപൊട്ടി.
നിറകണ്ണുകളോടെ നില്ക്കുന്ന തള്ളയോട് ഉമ്മര്‍ ചോദിച്ചു:
'ഞാനാണ് ഇത് തന്നതെന്ന് വീട്ടില്‍ച്ചെന്ന് പറയുമോ?'
'പിന്നെന്താ സാറേ, ഞാനത് പറയാതിരിക്കുമോ? മാത്രമല്ല, ഞങ്ങളെല്ലാം സാറിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും.' തള്ളയുടെ വാക്കുകളില്‍ അഞ്ചു രൂപ നോട്ടിന്റെ ആത്മാര്‍ഥത തിളങ്ങി.
'കണ്ടില്ലേ അവരുടെ സ്‌നേഹം' എന്ന മട്ടില്‍ ഉമ്മര്‍ സഹപ്രവര്‍ത്തകരെ ഒന്നു നോക്കി. അദ്ദേഹത്തിന്റെ വിശാലമനസ്‌കതയില്‍ അവര്‍ക്കും മതിപ്പ്!
താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കാനെന്നവണ്ണം ഉമ്മര്‍ തള്ളയോട് ചോദിച്ചു: 'ഈ അഞ്ചുരൂപ ആരാ തന്നതെന്നറിയ്യ്യോ?'
തള്ള നാണം കുണുങ്ങിക്കൊണ്ട് പറഞ്ഞു: 'അതുപിന്നെ എനിക്കറിയില്ലേ... വല്യ സിനിമാനടനല്ലേ...'
അഭിമാനവിജൃംഭിതനായി ഉമ്മര്‍ ചോദിച്ചു: 'എന്നാല്‍ എന്റെ പേരൊന്ന് പറഞ്ഞേ...'
'പ്രേംനസീര്‍...' തള്ളയ്ക്ക് സംശയമുണ്ടായിരുന്നില്ല.
ഉമ്മര്‍ പിന്നെ ഒരക്ഷരം മിണ്ടിയില്ലത്രേ. പിറ്റേന്ന് വെളുപ്പിന് മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറക്കച്ചടവോടെ വണ്ടിയിറങ്ങുമ്പോള്‍ ഉമ്മര്‍ ഇങ്ങനെ പിറുപിറുത്തുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്: 'അഞ്ചു രൂപ കൊടുത്തത് ഞാന്‍. പ്രാര്‍ഥന പ്രേംനസീറിനു വേണ്ടിയും...'

(ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗമാണിത്.)